തൊടിയിലെ ചുവന്ന പൂവിട്ട ചെമ്പകം കിഴക്കോട്ടു ചാഞ്ഞു നിന്നത് കിഴക്കേ വീട്ടിലെ പാറുക്കുട്ടിക്ക് പൂ വേണോ എന്ന് ചോദിക്കാനായിരുന്നു. പൊതുവേ വരണ്ടു പെയ്യാതെ മടിച്ചു നിന്നിരുന്ന വൃശ്ചിക മേഘങ്ങള്‍ ഇന്നലെ പതിവില്ലാതെ പെയ്തിറങ്ങിയത് ഈറനണിഞ്ഞു നിന്നാല്‍ പാറൂന്റെ സൌന്ദര്യം പതിന്മടങ്ങാവും എന്ന് കാട്ടി തരാന്‍ വേണ്ടിയായിരുന്നു.
അങ്ങനെ പോക്കുവെയിലിനും, പുലരിമഞ്ഞിനും, കാറ്റിനും, കമുകിനും കാണുന്നതിനോക്കെയും അവളെ ചേര്‍ത്ത് അര്‍ഥങ്ങള്‍ കണ്ടു തുടങ്ങിയതോടെ ഒന്ന് മനസ്സിലായി... എനിക്ക് പാറുക്കുട്ടിയെ ഒത്തിരി ഇഷ്ടമാണെന്ന്.
കറ്റ കൊയ്തു കൂട്ടിയിട്ടിരിക്കുന്ന കിഴക്കെക്കാരുടെ പറമ്പിലൂടെ പാറുക്കുട്ടി ഓടി നടക്കുന്നത് വേലിക്ക് ഇപ്പുറത്ത് നിന്ന് എത്രയോ തവണ നോക്കി നിന്നിട്ടുണ്ട്. പോയി അവളെ ഇങ്ങട് കൂട്ടി കൊണ്ട് വന്നാലോ എന്ന് കരുതും. പക്ഷെ അതിനൊള്ള ധൈര്യം മാത്രം ഇതുവരെ ഉണ്ടായിട്ടില്ല. മന്ദാരത്തിന്റെ ചില്ലയില്‍ കൂട് കൂട്ടിയ മൂളക്കുരുവിയുടെ കൂട് നോക്കുന്നത് പോലെ, ചെമ്പോട്ടിയുടെ വേരില്‍ പിടിച്ചു വളരാന്‍ തുടങ്ങുന്ന പുതിയ ചിതല്‍ പുറ്റ് പൊടിയാതെ നോക്കുന്നത് പോലെ പാറു കുട്ടിയോടുള്ള ഇഷ്ടത്തെയും ഞാന്‍ കാത്തു കാത്തു വെച്ചു. ഇടയ്ക്കൊന്നു എടുത്തു നോക്കി തേച്ചു മിനുക്കി നിറം മങ്ങാതെ ആ ഇഷ്ടത്തെ വളര്‍ത്തി എടുത്തു.
ഒടുവിലോരീസം പാറുവിനേം അമ്മേം വിളിച്ചോണ്ട് പോവാന്‍ പത്തിയൂരുന്നു ആരോ വണ്ടീം ഒക്കെയായി എത്തിട്ടൊണ്ട് എന്നറിഞ്ഞപ്പോ ചങ്ക് പൊട്ടി പോവുന്ന പോലെ തോന്നി. പാറൂനെ കൊണ്ടോവാന്‍ സമ്മതിക്കല്ലേ എന്ന് അച്ചച്ചനോട് പറയുമ്പോ കണ്ണ് നിറഞ്ഞിരുന്നു. പക്ഷെ അച്ചാച്ചന്‍ ചിരിച്ചു, എന്‍റെ നെറ്റിയില്‍ തലോടി, ചേര്‍ത്ത് പിടിച്ചു, പിന്നെ എന്നേം കൊണ്ട് കിഴക്കേ വീട്ടിലേക്കു നടന്നു.
ചെന്നപ്പോഴേ കണ്ടു അവരടെ വീട്ടിനു മുന്നില്‍ വണ്ടി നിര്‍ത്തിയിട്ടിരിക്കുന്നു . റോഡിലും ഒന്ന് രണ്ടു പേര് നില്‍പ്പുണ്ട്. ആരുടേം മുഖത്തേക്ക് നോക്കാതെ തലകുനിച്ചു വാതില്‍ക്കലേക്ക് നടന്നു.
എന്താ ദേവേട്ടാ ..പതിവില്ലാതെ,
ആഹാ കണ്ണനും ഉണ്ടല്ലോ കൂടെ... മോനിന്നു സ്കൂളില്ലാരുന്നോടാ ...
കിഴക്കേലെ സരോജേടത്തി ഞങ്ങളെ കണ്ടു ചിരിച്ചോണ്ട് മുറ്റത്തേക്കിറങ്ങി വന്നു...
ലക്ഷ്മീം പാറൂം ഇന്ന് പോവ്വാല്ലേ?
ഉവ്വ്... അവരെ കൊണ്ടോവാനാ ദെ വണ്ടി വന്നേക്കണേ.... പത്തിയൂര്‍ക്കാ...!
അച്ചാച്ചന്റെ ചോദ്യത്തിന് സരോജെടത്തിയുടെ അലസമായ മറുപടി കേട്ടപ്പോ എനിക്കവരോട് വല്ലാണ്ടെ ദേഷ്യം തോന്നി.
നല്ല മിടു മിടുക്കി കുട്ട്യാ ... മോന് അവള് പോവുന്ന കാര്യം അറിഞ്ഞപ്പോ വല്യ വെഷമം. അവനെ ഒന്നുടെ കാണിക്കാം ന്നു കരുതി കൊണ്ടോന്നതാ... അച്ചച്ചന്‍ ചിരിച്ചു.
അതിനെന്താ .. കാണാലോ...വാ മോനെ...
എത്ര കിട്ടീ..?? അച്ചച്ചന്‍ റോഡില്‍ കിടന്ന വണ്ടിയിലേക്ക് നോക്കി ഏടത്തിയോടായി ചോദിച്ചു...
പന്ത്രണ്ടു അഞ്ഞൂറ് ..!
സരോജെടത്തി എന്‍റെ കയ്യില്‍ പിടിച്ചു കൊണ്ട് വടക്കേപുറത്തുള്ള തൊഴുത്തിലേക്ക് നടന്നു.

