ഒഴുക്കാണ് ഈ നഗരത്തിന്റെ മുഖമുദ്ര. എന്തിനോ വേണ്ടി എവിടേക്കോ ഒക്കെ അതി വേഗത്തില്‍ ഒഴുകുന്ന സമൂഹം. മുഖവും ഔചിത്യവും ഇല്ലാത്ത ജന സമുദ്രം. പാതകളില്‍ നിറഞ്ഞു കവിയുന്ന വാഹനങ്ങളിലും കാല്‍നട യാത്രക്കാരിലും, വഴിവക്കിലെ കച്ചവടക്കാരിലും യാചകരുടെ മുഖങ്ങളിലും വരെ
അക്ഷമയുടെയും ധൃതിയുടെയും നിരാശയുടെയും ഒക്കെ മാറി മാറി വരുന്ന ഭാവങ്ങള്‍ മാത്രം.

ജീവിച്ചു എന്നതിലുപരി ജീവിക്കുന്നു എന്ന് വരുത്തി തീര്‍ക്കാനുള്ള വ്യഗ്രത. ദിനരാത്രങ്ങള്‍ മാത്രകള്‍ പോലെ വിടര്‍ന്നു കൊഴിയുമ്പോള്‍ അരനാഴിക നേരം അധികം ലാഭിക്കാനുള്ള നെട്ടോട്ടം. ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നു പോകുന്നത് കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ ആണെന്ന് തോന്നും. എന്റെ നാട്ടിലെയും ഈ നഗരത്തിലെയും ഘടികാരങ്ങള്‍ക്ക് വേഗം വ്യത്യസ്തം ആണെന്ന് പലപ്പോഴും തോന്നാറുണ്ട് . മൂന്നു നാല് ദിവസങ്ങള്‍ മാത്രം നീളുന്ന നാട്ടിലെ ഹ്രസ്വമായ അവധി ദിനങ്ങള്‍ സമ്മാനിക്കുനത് നനുത്ത ഒരുപാട് ഓര്‍മ്മകള്‍ ആണെങ്കില്‍ ബന്ഗ്ലുരിലെ രണ്ടു ഞായര്‍ ദിനങ്ങളുടെ ഇടയില്‍ ജീവിച്ചു എന്ന് തോനുന്ന നിമിഷങ്ങള്‍ പലപ്പോഴും വിരലില്‍ എണ്ണാവുന്നതു മാത്രം .
മനം മടുപ്പിക്കുന്ന ഈ ഗതി വേഗം കൊണ്ടോ നഗരത്തിന്റെ പ്രൌഡി ക്കും കൃത്രിമ സൌന്ദര്യത്തിനും ഉപരിയായി നാടിന്റെ ശാലീനതയെ സ്നേഹിക്കുന്നത് കൊണ്ടോ എന്തോ ഈ നഗര ദ്രിശ്യങ്ങളും മുഖങ്ങളും ഒരിക്കലും മനസ്സില്‍ തങ്ങി നില്‍ക്കാറില്ല. പക്ഷെ ഇതില്‍ നിന്നൊക്കെ വേറിട്ട് നില്ക്കുന്ന ഒരു അനുഭവവും ഈ നഗരം എനിക്കായി കരുതി വെച്ചിരുന്നു. ആഴത്തില്‍ സ്പര്‍ശിക്കുകയും ഒരുപാട് ചിന്തിപ്പിക്കുകയും ഒക്കെ ചെയ്ത വിലപ്പെട്ട ഒരു 'പാഠം ' .
ഓഫീസില്‍ നിന്നും വീട്ടിലേക്കു മടങ്ങും വഴി അലസമായ ഡ്രൈവിങ്ങിനിടയില്‍ എപ്പോഴോ വഴിയരികിലേക്ക് പാളി നോക്കിയപ്പോഴാണ് ഞാന്‍ ആ മനുഷ്യനെ ആദ്യമായി കണ്ടത്. പ്രോമിനേട് റോഡിനു അരികിലുള്ള 'കോള്‍സ് പാര്‍ക്കിന്റെ ' ഗേറ്റിനു മുന്പില് വൃദ്ധനായ ഒരാള്‍. യാചകന് എന്ന് വേഷവും
അടയാളങ്ങളും തോന്നിപ്പിക്കും എങ്കിലും അങ്ങനെ വിളിക്കുവാന്‍ എനിക്ക് കഴിയില്ല. ഒരിക്കലും ഒരാളുടെ മുന്നിലും അയാള്‍ കൈ നീട്ടുന്നത് ഞാന്‍ കണ്ടിട്ടില്ല. അക്ഷമയോ, നിരാശയോ ,ദീനതയോ ഒന്നും അയാളുടെ
മുഖത്തുണ്ടായിരുന്നില്ല. സംതൃപ്തമായ ജീവിതം നല്കുന്ന ശാന്ത ഭാവം പോലെ തോന്നി . ജനത്തിരക്കുള്ള ആ പാത വക്കില്‍ ചുറ്റുമുള്ള തിരക്കുകളില്‍ നിന്നും എല്ലാം അകന്നു ശാന്തനായി ഇരിക്കുന്ന ആ മനുഷ്യന് അന്നെന്നില്‍ അല്പം കൌതുകം ഉണര്‍ത്തി. തുടര്‍ന്നുള്ള ദിവസങ്ങളിലും അയാള്‍ അവിടെ തന്നെ ഉണ്ടായിരുന്നു. ആദ്യം മുഖത്ത് കണ്ട ആ ശാന്തത അയാളുടെ സ്ഥായിയായ ഭാവം ആണ് എന്നെനിക്കു മനസിലായി.അതോടെ കേവലം കൌതുകം ആകാംക്ഷയായി മാറി. അയാളെ അല്പം കൂടെ അടുത്ത് നിരീക്ഷിക്കണം എന്ന ആഗ്രഹം ശക്തമായി.
തിരക്കുകള്‍ ഒഴിഞ്ഞ ഒരു വെള്ളിയാഴ്ച അല്പം നേരത്തെ ഓഫീസ് വിട്ടു ഇറങ്ങിയപ്പോള്‍ ഉറപ്പിച്ചിരുന്നു അയാളെ ഇന്ന് അടുത്ത് കാണണം എന്ന്. അല്‍പ്പം അകലെയായി വാഹനം പാര്‍ക്കു ചെയ്തു ഇറങ്ങി നടപ്പാതയിലൂടെ മെല്ലെ നടക്കുമ്പോഴും ശ്രദ്ധ പാതയുടെ അങ്ങേയറ്റത്ത് ചുറ്റുമുള്ള ഒന്നിനെയും ശ്രദ്ധിക്കാതെ ഒരു ചിത്രവും കൈയില്‍ പിടിച്ചു തന്റെ തന്നെ ലോകത്തില്‍ മുഴുകി ഇരിക്കുന്ന ആ മനുഷ്യനിലായിരുന്നു. അടുത്തെത്തിയപ്പോള്‍ കണ്ടു , അയാളുടെ കയ്യില്‍ അരികുകള്‍ പൊട്ടി തുടങ്ങിയ ഒരു പഴയ ഫ്രെയിമില്‍ സായി ബാബയുടെ ഒരു ചില്ലിട്ട ചിത്രം.അടുത്തിരിക്കുന്ന കീറിയ സഞ്ചിയില്‍ രണ്ടു മൂന്നു നരച്ച വസ്ത്രങ്ങള്‍, അയാളുടെ ആകെ സമ്പാദ്യം. തൊട്ടടുത്ത് നിന്ന് ശ്രദ്ധിച്ചു നോക്കുന്ന എന്നെ അയാള്‍ കണ്ടതായി തോന്നിയില്ല. കീശയില്‍ നിന്നും ഒരു നൂറു രൂപ നോട്ടെടുത്ത് നീട്ടുമ്പോള്‍ എനിക്ക് സംശയമുണ്ടായിരുന്നു അയാളത് വാങ്ങുമോ എന്ന്. എങ്കിലും അത്രേയുമെങ്കിലും ചെയ്യാതെ അവിടം വിടാന്‍ എനിക്ക് കഴിയുമായിരുന്നില്ല. മുഖം ഉയര്‍ത്തി എന്നെയും എന്റെ കയ്യിലുള്ള നോട്ടിനെയും മാറി മാറി നോക്കിയ ശേഷം ചെറു ചിരിയോടെ അയാള്‍ കൈ നീട്ടി അത് വാങ്ങി സഞ്ചിയുടെ ഒരു അരികില്‍ ഉള്ള ചെറിയ കീശയിലേക്ക് വെച്ചു . വീണ്ടും മുഖം ഉയര്‍ത്തി തൊഴുതു, ചിരികുന്നുണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയാനാവാത്ത ഒരു ഭാവം മുഖത്തുണ്ടായിരുന്നു.
തിരിഞ്ഞു നടക്കുമ്പോള്‍ മനസ്സില്‍ സന്തോഷമോ സംതൃപ്തിയോ ഉത്തരം തേടുന്ന പുതിയ കുറെ ചോദ്യങ്ങളോ എന്തെല്ലാമോ ഉണ്ടായിരുന്നു. പലപ്പോഴും ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തിന്റെ ചില്ലില്‍ തട്ടി ഭിക്ഷ ചോദിക്കുന്ന യാചകരെ അവഗണിച്ച് മുഖം തിരിക്കാറുണ്ടായിരുന്ന എനിക്ക് എന്റെ തന്നെ പ്രവര്‍ത്തിയില്‍ അത്ഭുതം തോന്നി.
തിരികെ വന്നു യാത്ര തുടരുമ്പോഴും ഞാന്‍ ആ നിമിഷം അയാളുടെ മുഖത്തു മിന്നി മറഞ്ഞ ഭാവങ്ങളുടെ അര്‍ഥം തേടുകയായിരുന്നു. തീര്‍ച്ചയായും അത് യാചകര്‍ നാണയ തുട്ടുകള്‍ നീട്ടുന്ന യാത്രികര്‍ക്ക് പകരം നല്കുന്ന കൃത്രിമമായ ഒരു നന്ദി ആയിരുന്നില്ല. വളരെ ഏറെ സന്തോഷമോ , അതിശയമോ ഒന്നും ആ മുഖത്തു ഉണ്ടായിരുന്നില്ല. ഈ ലോകത്ത് ഒരു നിമിഷമെങ്കിലും തന്നോടു സ്നേഹത്തോടെ പെരുമാറിയ ഒരു സഹജീവിക്ക് നന്ദിയോടെ തിരികെ നല്കുന്ന ഒരു പുഞ്ചിരി, അത്രമാത്രം. പണമോ മറ്റെന്തെങ്കിലും വസ്തുക്കളോ ആ മനുഷ്യന് ആഗ്രഹിക്കുന്നതായി എനിക്ക് തോന്നിയില്ല. ജീവിതത്തില്‍ ഒന്നിനോടും പരാതിയില്ലാതെ , ലോകത്തോട് നന്ദി മാത്രം ഉള്ളത് പോലെ. സ്വന്തമായി ഒന്നും ഇല്ലെങ്കിലും അതീവ ശ്രദ്ധയോടെ അയാള്‍ കാത്തു സൂക്ഷിക്കുന്ന ആ സായി ബാബ ചിത്രത്തിന് എന്റെ മനസ്സിലുള്ള അയ്യപ്പ സ്വാമിയുടെ ചിത്രത്തേക്കാള്‍ തിളക്കമുണ്ടെന്ന് തോന്നി. സംതൃപ്തമായ ഒരു ജീവിതം ലഭിക്കാനുള്ള മാര്‍ഗമാണ് ഭക്തി എങ്കില്‍ തീര്‍ച്ചയായും എന്നെക്കാള്‍ ഒരുപാട് അധികമായി അയാള്‍ക്ക് അത് ലഭിക്കുന്നുണ്ട്. അങ്ങനെ എങ്കില്‍ ആ സായി ബാബ ചിത്രത്തില്‍ അത്രേ ഏറെ ഈശ്വര ചൈതന്യം ഉണ്ടാവില്ലേ? ലോകത്തെ നോക്കി ഇത്ര മനോഹരമായി പുഞ്ചിരിക്കാന്‍ കഴിയുന്ന ആ മനുഷ്യന്റെതാണോ ഏറ്റവും മഹത്വമുള്ള സമ്പാദ്യം ?
വാക മരങ്ങള്‍ തണല്‍ വിരിക്കുന്ന ആ പാതവക്കില്‍ ഇപ്പോഴും ആ മനുഷ്യനെ കാണാറുണ്ട്, ഈ നഗരത്തിന്റെ മായകാഴ്ചകള്‍ക്ക് ഇടയില്‍ വ്യത്യസ്തമായ എന്തിന്റെ ഒക്കെയോ ഒരു നേര്‍കാഴ്ച പോലെ...
ചിത്രങ്ങള്‍ വരച്ചത്: കുക്കു