Thursday, October 8, 2009

കര്‍ത്താവിന്റെ പേരില്‍ ഒരു കുരിശ്

ല്ലാവരും ഒരുപാട് കണ്ടു പരിചയിച്ച ഒരു തരം മെയില്‍ ഉണ്ട്. തലക്കെട്ട്‌ ഇങ്ങനെ ആവും..
ഒടുക്കത്തെ അത്ഭുതം - ഒന്ന് കണ്ടു നോക്കൂ !!
ആകാംക്ഷ അടക്കാനാവാതെ അത് തുറന്നു നോക്കിയാല്‍...ദെ കിട്ടി നല്ല ഒന്നാംതരം പാര . ആദ്യമേ തന്നെ ഗണേശ ഭാഗവാന്ടെയൊ , ശ്രീരാമ ചന്ദ്രന്റെയോ , വിശുദ്ധ കന്യാമറിയത്തിന്ടെയൊ ഒക്കെ വാള്‍പേപ്പര്‍ സൈസ് ഒരു ചിത്രം. താഴെ ഒരു വമ്പന്‍ അടിക്കുറുപ്പും.

' നിങ്ങളിപ്പോ കണ്ടത് ഒരു സാധാരണ പടം അല്ല. ഇത് കണ്ടപ്പോ പാപ്പനം കോട്ടെ പത്രോസ് ചേട്ടന്‍ പത്തു പേര്‍ക്ക് അയച്ചു കൊടുത്തു. പുള്ളിടെ പശു പിറ്റേ ദിവസം പത്തു പെറ്റു. പാലക്കാട്ടെ പോന്നമ്മിണി പടം കണ്ടപ്പോ പൊട്ടിച്ചിരിച്ചു. പതിനൊന്നിന്ടെ അന്ന് പാവത്തിനെ പാമ്പ് കടിച്ചു. അത് കൊണ്ട് വേഗം ഇത് പറ്റുന്നത്രയും പേര്‍ക്ക് അയച്ചു കൊടുക്കുക . പത്തു പേര്‍ക്ക് അയച്ചു കൊടുത്താല്‍ പത്ത് കിലോ അനുഗ്രഹം പാര്‍സലായി കിട്ടും. അയച്ചു കൊടുക്കാതെ ഡിലീറ്റ് ചെയ്‌താല്‍ പണി കിട്ടും..പണ്ടാരടങ്ങും....പത്തു തരം'

ഇങ്ങനെ ഒക്കെ ആവും ഉള്ളടക്കം. അത് കാണുന്നതോടെ മെയില്‍ തുറന്ന ആളുടെ മുഖത്തെ പുഞ്ചിരി ഇഞ്ചി തിന്ന കുരങ്ങിന്റെ പോലെ ആവും. ഈ പറഞ്ഞതൊക്കെ സത്യമാണോ എന്ന് വിളിച്ചു ചോദിയ്ക്കാന്‍ പത്രോസ് ചെട്ടന്ടെയൊ പൊന്നമ്മിണിയുടെയൊ ഫോണ്‍ നമ്പറും ഇമെയില്‍ ഐഡിയും ഒന്നും ഫോര്‍വേഡ് മെയിലില്‍ ഉണ്ടാവില്ലല്ലോ. എന്തായാലും റിസ്ക്‌ എടുക്കണ്ട എന്ന് കരുതി ഗ്രൂപ്പ്‌ മെയില്‍ ഓപ്ഷന്‍ വഴി തന്‍റെ എല്ലാ കൂട്ടുകാര്‍ക്കും ഈ പാര അങ്ങ് ഫോര്‍വേഡ് ചെയ്യും. ചിലരൊക്കെ അടുത്ത ദിവസം അനുഗ്രഹം കൊറിയറില്‍ വരുന്നത് കാത്തു ഇരിക്കാറും ഉണ്ടത്രേ.

ലക്ഷക്കണക്കിന്‌ മെയിലുകള്‍ ഇങ്ങനെ കറങ്ങി നടക്കുന്നുണ്ട് നമ്മുടെ ഒക്കെ മെയില്‍ ബോക്സുകളിലൂടെ. നിങ്ങളില്‍ മിക്കവര്‍ക്കും ഇതു കിട്ടിയിട്ടുണ്ടാവും.കുറെ പേരെങ്കിലും ഇത് ഫോര്‍വേഡ് ചെയ്തു കൊടുത്തിട്ടും ഉണ്ടാവും.
എനിക്കറിയാന്‍ പാടില്ലാഞ്ഞിട്ടു ചോദിക്കുവാ..
ഇത് ഫോര്‍വേഡ് ചെയ്യാന്‍ മെനക്കെടുന്നവര്‍ക്ക് ഒക്കെ എന്തിന്‍റെ കേടാ?
ഇത് ഫോര്‍വേഡ് ചെയ്തു കൂട്ടുകാരന് അയക്കുമ്പോള്‍ അവന്‍ ഇത് തുറന്നു നോക്കി സന്തോഷിക്കും എന്ന് കരുതുന്നുണ്ടോ ?
'ശ്ശൊ, ലവന്‍ പണി തന്നല്ലോ...' എന്ന് തന്നെ ആവും മിക്കവരും ചിന്തിച്ചിട്ടുണ്ടാവുക. പിന്നെ പാമ്പ് കടിക്കും, ലോറി ഇടിക്കും എന്നൊക്കെ പേടിച്ചു തനിക്കു വന്ന പാര ബാക്കി ഉള്ളവര്‍ക്ക് കൂടെ പാസ്സ്‌ ചെയ്യും.

ശരിക്കും ഇങ്ങനെ ആളുകളെ പേടിപ്പിച്ചും ടെന്‍ഷന്‍ അടിപ്പിച്ചും സ്വന്തം പ്രശസ്തി വര്‍ധിപ്പിക്കേണ്ട ഗതികേട് ഉണ്ണിയേശുവിനും കൊട്ടാരക്കര ഗണപതിക്കും ഒക്കെ ഉണ്ടോ ?

ദിവസവും ഇത്തരം നാലഞ്ചു മെയില്‍ എങ്കിലും കിട്ടാറുണ്ട്‌. ആദ്യമൊക്കെ ഇത്തരം മെയില്‍ അയക്കുന്നവര്‍ക്ക് ' കൂട്ടുകാരാ എനിക്കിത്തിരി അനുഗ്രഹം കുറച്ചു മതി, താന്‍ ആദ്യം നന്നാവൂ..' എന്നൊക്കെ പറഞ്ഞു മറുപടി അയക്കുമായിരുന്നു. പിന്നെ മനസ്സിലായി അത് കടലില്‍ കായം കലക്കുന്നത് പോലെ ആണെന്ന് , അതോടെ മറുപടി അയയ്ക്കുന്ന പരിപാടി നിര്‍ത്തി . ഇത്തരം മെയില്‍ സ്ഥിരമായി ഫോര്‍വേഡ് ചെയ്യുന്ന ഒരു ഇന്റര്‍നെറ്റ്‌ സുഹൃത്ത്‌ എനിക്കുന്ടായിരുന്നു. നാലഞ്ചു മെയില്‍ എങ്കിലും സ്ഥിരം ഫോര്‍വേഡ് ചെയ്യും. ഇതില്‍ നിന്ന് കിട്ടുന്ന അനുഗ്രഹം കഞ്ഞിയുടെ കൂടെ കറി വച്ച് കഴിച്ചാണോ അവന്‍ ജീവിക്കുന്നത് എന്ന് വരെ തോന്നിയിട്ടുണ്ട്. അവസാനം അവനെ സ്പാം ഫില്‍റ്ററില്‍ ഇട്ടതോടെ സമാധാനം. പക്ഷെ എത്ര പേരെ ഇങ്ങനെ സ്പാം ഫില്‍റ്ററില്‍ ഇടാന്‍ പറ്റും?

പ്രിയപ്പെട്ട കൂട്ടുകാരെ, നിങ്ങള്‍ ഇങ്ങനെ വരുന്ന വ്യാജ മെയിലുകള്‍ ഫോര്‍വേഡ് ചെയ്യുന്ന കൂട്ടത്തില്‍ ആണെങ്കില്‍, 'എന്റെ അഭിപ്രായത്തില്‍' നിങ്ങള്‍ കാണിക്കുന്നത്, ശുദ്ധ മണ്ടത്തരം തന്നെ ആണ്. നിങ്ങളുടെ ഈശ്വര വിശ്വാസത്തെയും, ഭയത്തെയും, ആകാംക്ഷയെയും ഒക്കെ മുതലെടുക്കുക മാത്രമാണ് ഇത്തരം മെയിലുകള്‍ പടച്ചു വിടുന്നവരുടെ ഉദേശം.

മെയില്‍ ഫോര്‍വേഡ് ചെയ്യാത്തതിന്റെ പേരില്‍ പിണങ്ങാനും മാത്രം സില്ലി ആണ് അയ്യപ്പനും, കന്യാമറിയവും എന്നൊക്കെ വിശ്വസിക്കുന്നത് തന്നെ അവരോടൊക്കെ ഉള്ള അനാദരവ് അല്ലെ? .

വിശ്വാസം തീര്‍ച്ചയായും മനുഷ്യനെ നേര്‍വഴി നടക്കുവാന്‍ സഹായിക്കും. ഞാനും ഗുരുവായൂരപ്പന്റെയും , അയ്യപ്പ സ്വാമിയുടെയും ഒക്കെ ഒരു സിന്‍സിയര്‍ ഫാന്‍ ആണ്. പക്ഷെ ദയവു ചെയ്തു ഇത്തരം വ്യാജ മെയിലുകള്‍ പടര്‍ത്തുന്ന അന്ധ വിശ്വാസത്തെ പ്രോത്സാഹിപ്പിക്കാതെ ഇരിക്കു. കഴിയുമെങ്കില്‍ അതിനെതിരെ പ്രതികരിക്കൂ .
--
ഇനി ഇങ്ങനെ ഒക്കെ എഴുതി എന്ന് കരുതി ആര്‍ക്കെങ്കിലും ദേഷ്യം വന്നു എനിക്കൊരു കൊട്ടേഷന്‍ തരണം എന്ന് തോന്നുന്നു എങ്കില്‍ അതും ആവാം. പക്ഷെ ദയവു ചെയ്തു അനുഗ്രഹം' മാത്രം ഫോര്‍വേഡ് ചെയ്യല്ലേ.. പ്ലീസ്..
സസ്നേഹം,
കണ്ണനുണ്ണി
(ഒപ്പ് )

79 comments:

കണ്ണനുണ്ണി said...

ആരെയും നോവിക്കണം എന്ന് കരുതിയിട്ടില്ല. മനസ്സില്‍ തോന്നിയത് എഴുതി എന്നെ ഉള്ളു ട്ടോ. ആര്‍ക്കെങ്കിലും വിഷമം ഉണ്ടായി എങ്കില്‍ ക്ഷമ ചോദിക്കുന്നു.

പിന്നെ കൊട്ടേഷന്‍ തരണം എന്ന് സീരിയസ് ആയി ആര്‍ക്കെങ്കിലും തോന്നിയാല്‍ ഗുണ്ടകളെ വിടുമ്പോ നമ്മുടെ കുറുപ്പിന്റെ പേര് പറഞ്ഞേരെ ട്ടോ. പുള്ളികാരനാ കൊട്ടേഷന്‍ വാങ്ങി ശീലം :-)

Anonymous said...

കലക്കി കണ്ണാ..സ്കൂളില്‍ പഠിക്കുമ്പോള്‍ പോസ്റ്റ് കാര്‍ഡ്‌ വാങ്ങി എത്ര പേര്ക്ക് അയച്ചിരിക്കുന്നു..അല്ലങ്കില്‍ അപകട മരണം ഉണ്ടായാലോ..പാമ്പ് കൊതിയാലോ..പരീക്ഷയില്‍ തോറ്റാലോ..ആരെയൊക്കെയോ ശപിച്ചു കൊണ്ടു ..ഞാനും.പിന്നീട് മുതിര്‍ന്നപ്പോള്‍ മനസ്സിലായി ഇതു ഒരുമാതിരി സാഡിസം ആണന്നു.അതോടെ നിര്‍ത്തി.ഇപോഴും കാണാറുണ്ട് ഇത്തരം ഭീഷണികള്‍ മാതാവിന്റെ പേരിലും,സെന്റ്‌ ജോര്‍ജ് ന്റെ പേരിലും ഒക്കെ..വലിച്ചു കീറി എറിയാറുണ്ട്.

VEERU said...

ലവന്റെയൊക്കെ ചന്തിയിൽ പച്ച ഈർക്കിലി കൊണ്ട് നാലെണ്ണം കൊടുക്കുകയാ വേണ്ടത് !!

Anonymous said...

കലക്കി കണ്ണനുണ്ണീ...വന്‍ മഹാത്ഭുതങ്ങള്‍ സംഭവിക്കാന്‍ കാത്തിരുന്ന ഒരു കാലത്ത്‌, ഞാനും രണ്ട്‌ മൂന്ന് തവണ ഫോര്‍വേര്‍ഡ്‌ ചെയിതു കൊച്ചേ... ഒന്നും സംഭവിച്ചില്ലന്നേ.. അതോടെ ആ പണി നിര്‍ത്തി...അതന്നെ.... ഇങ്ങനെ ആളുകളെ പേടിപ്പിച്ചും ടെന്‍ഷന്‍ അടിപ്പിച്ചും സ്വന്തം പ്രശസ്തി വര്‍ധിപ്പിക്കേണ്ട ഗതികേട് ഉണ്ണിയേശുവിനും കൊട്ടാരക്കര ഗണപതിക്കും ഒക്കെ ഉണ്ടോ ? he he he...

:D

സന്തോഷ്‌ പല്ലശ്ശന said...

ഈ പോസ്റ്റിനു കമന്‍റിട്ടതിന്‌ തിരുപ്പതി വെങ്കിടചലപതി കോപിക്കുമോ എന്നാ എന്‍റെ പേടി.... കണ്ണാ എന്നെ പാമ്പുകടിച്ചില്ലെങ്കില്‍ പണ്ടാരം അടങ്ങീലെങ്കില്‍ അടുത്ത പോസ്റ്റില്‍ കാണാം ...

ശ്രീ said...

അതെ, ശരിയാണ്. മെയില്‍ ഫോര്‍വേഡ് ചെയ്യാത്തതിന്റെ പേരില്‍ പിണങ്ങാനും മാത്രം സില്ലി ആണ് അയ്യപ്പനും, കന്യാമറിയവും എന്നൊക്കെ വിശ്വസിക്കുന്നത് തന്നെ മണ്ടത്തരമാണ്.

ഞാന്‍ ഇപ്പോള്‍ ഇത്തരം മെയിലുകള്‍ കണ്ടാല്‍ ഉടനേ ഡിലീറ്റ് ചെയ്തേക്കുകയാണ് പതിവ്.

ramanika said...

ഏകദേശം ഇതേ ലൈനിലുള്ള ഒരു പോസ്റ്റ്‌ ഞാനും ചെയ്തിട്ടുണ്ട് (http://ramaniga.blogspot.com/2009/10/because-of-your-kindness.html)പോസ്റ്റ്‌ ഉഗ്രന്‍!

അപ്പൂട്ടന്‍ said...

കണ്ണനുണ്ണി,
പണ്ടിത്‌ പോസ്റ്റ്കാർഡ്‌ ആയിരുന്നു. ഇപ്പോൾ മെയിലും എസ്‌എംഎസും ഒക്കെയായി. മണ്ടത്തരത്തിനും ടെക്നൊളജി ഉപയോഗിച്ച്‌ മുന്നേറണമല്ലൊ.

ഇതിലൊരു റിസ്ക്‌ കൂടിയുണ്ട്‌, പലരും അറിയുന്നില്ല. കുറച്ചുകാലം മുൻപ്‌ എവിടെയോ കണ്ടതാണ്‌, എത്രമാത്രം ശരിയാണെന്നറിയില്ല.

ഇത്‌ ഫോർവേർഡ്‌ ചെയ്യുമ്പോൾ ചിലപ്പോൾ നിങ്ങൾ ഫോർവേർഡ്‌ ചെയ്യുന്നത്‌ ഒരു എംബഡഡ്‌ മെസ്സേജ്‌ ആവാനും സാധ്യതയുണ്ട്‌. ചിത്രങ്ങളിൽ മെസ്സേജ്‌ എംബഡ്‌ ചെയ്യുന്നത്‌ ഒരു പുതിയ ടെക്നോളജി അല്ലെന്നാണ്‌ എന്റെ അറിവ്‌. ചില തീവ്രവാദികളും ഈ ടെക്നിക്‌ ഉപയോഗിച്ചേക്കാം. ആളുകൾ ഫോർവേർഡ്‌ ചെയ്ത്‌ ചെയ്ത്‌ അവസാനം ഒരെണ്ണമെങ്കിലും ആവശ്യക്കാരന്‌ കിട്ടിയാൽ പ്ലാൻ സക്സസ്‌. ഒരുപക്ഷെ ഒരു ബോംബ്‌ ബ്ലാസ്റ്റിനുള്ള പ്ലാൻ ആയിരിക്കാം നിങ്ങൾ അയയ്ക്കുന്നത്‌, ആർക്കറിയാം.

മെയിലും ചിത്രവും അതിനാവശ്യമായ ടെക്നോളജിയും ഒക്കെ മനുഷ്യനിർമ്മിതമല്ലെ.
ഇനി അഥവാ ഇപ്പറഞ്ഞ 'ദൈവങ്ങൾ' എവനിട്ട്‌ കുറച്ച്‌ ഭാഗ്യം പരീക്ഷിക്കാൻ തീരുമാനിച്ചാലും (അല്ല, കുറച്ച്‌ സെൽഫ്‌-മാർക്കറ്റിങ്ങിന്‌ ശ്രമിച്ചാലും) വെറുമൊരു പടത്തിന്മേൽ ദിവ്യശക്തി സൂപ്പറിംപോസ്‌ ചെയ്യാന്മാത്രം വിവരക്കേട്‌ കാണിക്കില്ല, കാരണം ഇത്രയെളുപ്പം അതു സാധിക്കുമെങ്കിൽ മനുഷ്യൻ പിന്നെ ആരായി?

രഞ്ജിത് വിശ്വം I ranji said...

കണ്ണന്സ് ഈ ലൈന്‍ കൊള്ളാം. കഴിഞ്ഞ ദിവസം പെട്രോള്‍ പമ്പിനെക്കുറിച്ച് എഴുതിയതും വായിച്ചിരുന്നു. നന്നായിട്ടുണ്ട് ആഗോള പ്രശ്നങ്ങള്‍ ഒന്നുമല്ലെങ്കിലും സാധാരണക്കാരെ ബാധിക്കുന്ന പ്രശ്നങ്ങളാണിതൊക്കെ.
ഇക്കാര്യത്തില്‍ ഞാനും ഭാഗ്യവാനാണ്. ദിവസവും രണ്ട് മൂന്ന് മെയിലെങ്കിലും ദൈവങ്ങളുടെ പേരില്‍ എനിക്കും വരാറുണ്ട്. മെയി ഫോര്‍വേഡ് ചെയ്യുന്നത് കൊണ്ട് അനുഗ്രഹം ചൊരിയുന്ന ദൈവങ്ങളെ പുരാണങ്ങളിലൊന്നും എന്റെ അറിവില്‍ കണ്ടു കിട്ടാത്തതിനാല്‍ ആ പരിപാടി പ്രോല്സാഹിപ്പിക്കാറില്ല. വീട്ടില്‍ ഇത്തരം മയിലുകളെ ഭയഭക്തി ബഹുമാനതോടെ പൂവിട്ട് പൂജിക്കുന്ന സ്വന്തം പൊണ്ടാട്ടിയെ ഇന്നലെയും വഴക്കു പറഞ്ഞതേ ഉള്ളൂ. ഇന്നു രാവിലെ നോക്കിയപ്പോള്‍ കണ്ണന്സിന്റെ പോസ്റ്റ്.. തുടരുമല്ലോ...

സജി said...

പാലക്കാട്ടെ പോന്നമ്മിണി പടം കണ്ടപ്പോ പൊട്ടിച്ചിരിച്ചു. പതിനൊന്നിന്ടെ അന്ന് പാവത്തിനെ പാമ്പ് കടിച്ചു.

ഹാ...ഹാ..
കലക്കി...

പ്രയാണ്‍ said...

പണ്ട് കാറ്ഡൊ ലെറ്ററൊ ആയിരുന്നു......ഇപ്പൊ ഒരു ഡെലീറ്റില്‍ കാര്യം കഴിയില്ലെ കണ്ണനുണ്ണീ......

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

പത്തു പേര്‍ക്ക് അയച്ചു കൊടുത്താല്‍ പത്ത് കിലോ അനുഗ്രഹം പാര്‍സലായി കിട്ടും. അയച്ചു കൊടുക്കാതെ ഡിലീറ്റ് ചെയ്‌താല്‍ പണി കിട്ടും..പണ്ടാരടങ്ങും....പത്തു തരം'

ഹ ഹഹ ഹഹ
അനുയോജ്യമായ പോസ്റ്റ്‌, ഇത് ഒരു ആവശ്യമായിരുന്നു. ഈ കമന്റ്‌ എഴുതുമ്പോള്‍ വന്നു ഒരെണ്ണം ധനലക്ഷ്മിയുടെ പേരില്‍ , ഞാന്‍ പിന്നെ ഡിലീറ്റ് ചെയ്യാറില്ല, അനുഗ്രഹം എന്നാ ഫോള്‍ഡര്‍ ഉണ്ടാക്കി അതിലേക്കു തട്ടും, ആര്ക്കും പരിഭവം ഇല്ലല്ലോ. അയ്യപ്പനും ഹാപ്പി യേശുവും ഹാപ്പി.
ഇതിന്റെ പേരില്‍ നിനക്ക് ആരേലും കൊട്ടേഷന്‍ എനിക്ക് തന്നാല്‍ തരുന്നവന് ഞാന്‍ മറിച്ച് കൊട്ടേഷന്‍ കൊടുക്കാം, കള്ളിയങ്കാട്ടു സരസ്വതി സത്യം.

ദീപു said...

അത് നന്നായി..

കുറ്റക്കാരന്‍ said...

ആദ്യ കാലങ്ങളില്‍ ഞാനും ഇതെപോലുള്ള മെയില്‍ ഫോര്‍വെഡ് ചെയ്യത് അനുഗ്രഹത്തിനായ് കത്തിരുന്നിട്ടുണ്ട് .
അനുഗ്രഹം ഒന്നു കിട്ടിയില്ല മറിച്ച് അതെ മെയിലുകള്‍ തന്നെ ഇരട്ടിയായി ഇന്‍ബോക്സസില്‍ കിട്ടിതുടങ്ങിയപ്പോല്‍ ഇത്തരം മെയില്‍ ഫൊര്‍വെഡിങ്ങ്സ് നിറുത്തി...

കുമാരന്‍ | kumaran said...

കാലിക പ്രസക്തിയുള്ള പോസ്റ്റ്. നന്നായിട്ടുണ്ട്.

Anonymous said...

നന്നായി

Sukanya said...

എനിക്കും കിട്ടാറുണ്ട് ഈ മാതിരി മെയില്‍. "ഇതില്‍ നിന്ന് കിട്ടുന്ന അനുഗ്രഹം കഞ്ഞിയുടെ കൂടെ കറി വച്ച് കഴിച്ചാണോ അവന്‍ ജീവിക്കുന്നത് ". പക്ഷെ അനുഗ്രഹം, കിട്ടിയിട്ടുണ്ട്. മെയില്‍ ഫോര്‍വേഡ് ചെയ്തിട്ടല്ലട്ടോ. :) നല്ല നര്‍മത്തോടെ എഴുതി. കുറച്ച് ആശ്വാസം ആയി. ഇനി പേടിയില്ല ഇത്തരം മെയില്‍ കിട്ടിയാല്‍.

ഭായി said...
This comment has been removed by the author.
ഭായി said...

ഇങ്നെയുള്ള മിസൈലുകള്‍ എന്റെ നേരേയും വിടാറുണ്ട്..
ഞാനാരാ മോന്‍...ഇതുപോലുള്ള മിസൈലുകള്‍ കാണുബോള്‍ തന്നെ
ഒരു പാട്ട്രിയോട്ട് വെച്ച് മിസൈല്‍ വന്ന സ്തലത്തേക്കു തിരിച്ചങുവിടും..
എങിനെയുണ്ട് എന്റ പുത്തി..

കണ്ണാ...സംഗതി കലക്കി.. 10/6

നിസ്സഹായന്‍ said...

എതായാലും യുക്തിവാദികള്‍ക്കും നിരീശ്വരവാദികള്‍ക്കും ഇത്തരം മെയിലുകള്‍ വന്നാല്‍ അവര്‍ മൈന്‍ഡ് ചെയ്യില്ല. ഇത്തരം കൂടിയ അന്ധവിശ്വാസമായാലും, കുറഞ്ഞ അന്ധവിശ്വാസമായാലും ബാധിക്കുന്നത് വിശ്വാസികളെ തന്നെ! പാവം വിശ്വാസികള്‍ അവര്‍ എന്തെല്ലാം അബദ്ധങ്ങളും കഷ്ടപ്പാടുകളും സഹിക്കാന്‍ ബധ്യസ്ഥരാണ് ! അടിസ്ഥാ‍ന രഹിതങ്ങളായ ഭയവും ഉത്ക്കണ്ഠയും വേവലാതിയുമെല്ലം അവരവരുടെ ദൈവങ്ങള്‍ അവര്‍ക്കായി കരുതിയിരിക്കുന്നു. ആസ്വദിക്കുക !!!!!

jayanEvoor said...

ശരിക്കും ഇങ്ങനെ ആളുകളെ പേടിപ്പിച്ചും ടെന്‍ഷന്‍ അടിപ്പിച്ചും സ്വന്തം പ്രശസ്തി വര്‍ധിപ്പിക്കേണ്ട ഗതികേട് ഉണ്ണിയേശുവിനും കൊട്ടാരക്കര ഗണപതിക്കും ഒക്കെ ഉണ്ടോ ?
.
.
.
വളരെ വളരെ ഇഷ്ടപ്പെട്ടു....

കണ്ണനുണ്ണി എഴുതിയ അതേ വരികള്‍ ഒരു എം.ഡി. ബിരുദധാരിയായ ഡോക്ടര്‍ക്കു ഞാന്‍ അയച്ചു കൊടുക്കേണ്ടി വന്നു ഒരിക്കല്‍, ശല്യം നിര്‍ത്താന്‍!

വിവരദോഷികള്‍ക്കു വിദ്യാഭ്യാസമുണ്ടായിട്ടും കാര്യമില്ല!

കണ്ണനുണ്ണി said...

നേഹേ : നന്നായി ട്ടോ
വീരു : ഹിഹി അതെ
ടിന്റുകൊച്ചെ : വൈകി ആണേലും തിരിച്ചു അറിഞ്ഞുലോ അത് മതിന്നെ
സന്തോഷേട്ടാ: ഉവ്വ പാമ്പായി ആരെയും പോയി കടിക്കാതെ ഇരുന്ന മതി :)
ശ്രീ: ഞാനും അതെ
രമണിക : പോസ്റ്റ്‌ നോക്കെട്ടെട്ടോ
അപ്പൂട്ടന്‍ : ഞാനും എവിടെയോ കേട്ടിടുണ്ട് അങ്ങനെ.
രഞ്ജിത്ത് : അതെ, സ്ഥിരം ലൈന്‍ ഇടയ്ക്കൊന്നു മാറ്റി പിടിച്ചു നോക്കിയതാ...ഇഷ്ടായി എന്ന് അറിയുമ്പോ സന്തോഷം ഉണ്ട്. അതെ നമുക്ക് ചുറ്റും നടക്കുന്ന സാദാരനക്കാരന്റെ പ്രശ്നങ്ങള്‍ തന്നെ ഇതൊക്കെ

കണ്ണനുണ്ണി said...

സജി : നന്ദി :)
പ്രയാന്‍ ജി : കിട്ടുന്ന ആള്‍ക്ക് ഒരു ടെലെടില്‍ കഴിയും പക്ഷെ.. അയക്കുന്ന ആള്‍ക്ക് നിര്‍ത്താന്‍ ഒരു പ്രേരണ ആയാലോ..അതാ കരുതിയെ :)
കുറുപ്പേ: വന്ന കൊട്ടേഷന്‍ വൈകിട്ട് അങ്ങോട്ട്‌ മറിച്ച് വിട്ടേക്കാം ട്ടോ ..റെഡി ആയി ഇരുന്നോ
ദീപു,കാന്താരി : നന്ദി :)
കുറ്റക്കാരന്‍: ഒരു അനുഭവം ഉണ്ടാവുന്നത് നല്ലതാ..ഹഹ :)
കുമാരേട്ടാ : കാലികമല്ല... കാലാ കാലങ്ങളായി പ്രസക്തമായ്‌ ഒരു വിഷയമാ ഇത് . ഇന്ന് ഇമെയില്‍ എങ്കില്‍ ഇന്നലെ പോസ്റ്റ്‌ കാര്‍ഡ്‌ ആയിരുന്നു.

കണ്ണനുണ്ണി said...

സുകന്യ: ദൈവഭയം തീര്‍ച്ചയായും വേണം. ഈശ്വരന്റെ അനുഗ്രഹം അര്തിച്ചവര്‍ക്ക് ലഭിക്യ തന്നെ ചെയ്യും. പക്ഷെ അതിനു മെയില്‍ ഫോര്‍വേഡ് ചെയ്യേണ്ട കാര്യം ഇല്യാലോ ല്ലേ
ഭായി:ഭായി അല്ലേലും ആള് പുലിയല്ലേ .. പണ്ടേ...ഹഹ
നിസ്സഹായന്‍ : "അടിസ്ഥാ‍ന രഹിതങ്ങളായ ഭയവും ഉത്ക്കണ്ഠയും വേവലാതിയുമെല്ലം അവരവരുടെ ദൈവങ്ങള്‍ അവര്‍ക്കായി കരുതിയിരിക്കുന്നു."
- ഈ വാചകം എനിക്കിഷ്ടായി
ജയന്‍ മാഷെ : അതെ വിദ്യഭ്യാസവും ഉയര്‍ന്ന ഉദ്യോഗവും ഉള്ളവര്‍ക്ക് തന്നെ ആണെന്ന് തോനുന്നു അന്ധ വിശ്വാസം കൂടുതല്‍

Jenshia said...

കണ്ണനുണ്ണി....അഭിനവ സഞ്ജയന്‍... :)

Jenshia said...

mail മാത്രല്ല കുറെ scrap-ഉം വരാറില്ലേ ഇതേ പോലെ...

Nandan said...
This comment has been removed by the author.
Nandan said...

കാലത്തിനൊത്ത് കോലവും മാറണ്ടേ. സ്കൂളില്‍ പഠിയ്ക്കുന്ന കാലത്ത് പോസ്റ്റ്‌ കാര്‍ഡും കടലാസ് കഷ്ണവും ആയിരുന്നു. ഇന്ന് ഇമെയില്‍ എങ്കില്‍ നാളെ അത് മറ്റെന്തെങ്കിലും ആവും. ഇതിനൊന്നും അവസാനമില്ല

അഭി said...

നന്നായിരിക്കുന്നു . പലപ്പോഴും ഇത്തരത്തില്‍ മെയിലുകള്‍ അയക്കുനവരെ മനസ്സില്‍ ശപിച്ചുകൊണ്ടയിരിക്കും ഡിലീറ്റ് ചെയ്യുനത് .

ഉഗാണ്ട രണ്ടാമന്‍ said...

ഒപ്പ്...

ഉറുമ്പ്‌ /ANT said...

കണ്ണനുണ്ണി. എനിക്കും കിട്ടി ഇതുപോലൊരെണ്ണം. സന്തോഷപൂർവ്വം എന്റെ ആ പൂർവ്വ സുഹൃത്തിനെ ഞാൻ “സ്പാം” ആക്കി മാറ്റി.

നന്നായി പറഞ്ഞു.

ഹാഫ് കള്ളന്‍ said...

സലിം കുമാര് ഒരു പടത്തില്‍ പറയാനാ പോലെ ..
ഇനി അഥവാ ബിരിയാണി കൊടുക്കനോന്ടെന്കിലോ ... ആ ഒരു ലൈന്‍ ആരിക്കും ..

പോസ്റ്റ്‌ നന്നായി :)

മീര അനിരുദ്ധൻ said...

എനിക്കും കിട്ടിയിട്ടുണ്ട് ഇതു പോലുള്ള മെയിലുകൾ.ആദ്യമൊക്കെ ഞാൻ ഇത് പലർക്കും അയക്കുമായിരുന്നു.ഇപ്പോൾ കിട്ടുന്നത് അങ്ങനെ തന്നെ ഡിലീറ്റും.നല്ല പോസ്റ്റ് കണ്ണനുണ്ണി

Anonymous said...

ഈ പോസ്റ്റിനു കമന്റെ ചെയ്യാതെ പൊയിട്ട് എന്റെ അയലുപക്കത്തുള്ള സുജീഷ് ലേഡീസ് ഹോസ്റ്റലിന്റെ മുന്നില്‍ വെച്ച് ബൈക്കീന്ന്‌ ഉരുണ്ടു വീണു.. ഇതു എഴുതി വായിച്ചുനോകീയിട്ട് ആദ്യത്തെ കമന്റിട്ട കണ്ണനുണ്ണിക്ക് കൊറെ നാളു കൂടി മറ്റവളുടെ മിസ്സ്കോളു കിട്ടി..

വേദ വ്യാസന്‍ said...

ഒന്നു വെയിറ്റ് ചെയ്യണേ, ഞാനിപ്പോ ഒന്നയച്ചുതരാമേ :) ഹെ ഹെ :)

ഉപ്പായി || Uppayi said...

This year, average spam volumes have increased about 1.2 percent each day.
http://bits.blogs.nytimes.com/2009/03/31/spam-back-to-94-of-all-e-mail/

ee pani alle naattukaaru irunnu pinnengana..??

വിദൂഷകന്‍ said...

പ്രിയ കണ്ണനുണ്ണീ,
സ്കൂള്‍ പഠനകാലത്ത് തിരിച്ചുപോയി..
അന്ന് ഇത്തരത്തിലുള്ള ധാരാളം നോട്ടീസുകള്‍ പ്രചരിച്ചിരുന്നു..
കീറിപ്പോയാല്‍.....
100,500,1000 കോപ്പിയെടുത്ത് പ്രചരിപ്പിക്കുക എന്നാണ് ആഹ്വാനം...

നമ്മുടെ കൈയില്‍ കിട്ടിയത് മറ്റൊരുത്തനെ അടിച്ചേല്‍പ്പിക്കാന്‍ എന്തൊക്കെ തന്ത്രങ്ങള്‍...
കൊറേയെണ്ണം ധൈര്യം ഭാവിച്ച് കീറിക്കളഞ്ഞതും ഓര്‍ക്കുന്നു...
ഒരു തവണ കാര്‍ബണ്‍ വച്ച് കൊറേ കോപ്പി എഴുതി കൈമാറിയിട്ടുണ്ട്...നേരിട്ട് വാങ്ങാത്തതിനാല്‍ ബാഗില്‍ വയ്ക്കുക എന്നതായിരുന്നു രീതി...
പാവം പുസ്തകമെടുക്കുമ്പോഴാണ്...
ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ചിരിവരുന്നു...

നന്ദി.. കൃഷ്ണനുണ്ണീ...

Rani said...

കണ്ണാ ആ mail id ഒന്ന് തരണേ കുറച്ചു മെയില്‍ലുകള്‍ ഫോര്‍വേഡ് ചെയ്യാന്‍ ഉണ്ടായിരുന്നു :)
എനിക്കും ദിവസവും ഈ ടൈപ്പ് ഒരു മെയില്‍ എങ്കിലും കിട്ടാറുണ്ട്‌ .. മറിയവും ഗണപതി യും മറ്റും ആണെങ്കില്‍ പോകട്ടെ എന്ന് വിചാരിക്കാം എന്നാല്‍ കേട്ടിട്ടു പോലും ഇല്ലാത്ത ചൈനീസ്‌ മന്ത്രവാധികളുടെയും ( അയ്യോ) ഭീകര ജീവികളുടെയും മറ്റും പേര് വെച്ച് വരും ..കണ്ടാല്‍ തന്നെ പേടിയാകും അതാണ് സഹിക്കാന്‍ പറ്റാത്തത് ...

രഘുനാഥന്‍ said...

ഉണ്ണീ റൊമ്പ താങ്ക്സ്....ഇതുപോലെ ഒരു മെയില്‍ കണ്ട് പേടിച്ച്, അന്തംവിട്ടു പണ്ടാരമടങ്ങി ഇരിക്കുമ്പോഴാ ഈ പോസ്റ്റ്‌ ..ഇനിയിപ്പം ഉണ്ണിയേശു അല്പം കോപിച്ചാലും വേണ്ടില്ല ഇത് കണ്ണനുണ്ണിക്ക് തന്നെ ഫോര്‍വേഡ്‌ ചെയ്തേക്കാം.....!!!!ഹിഹി

ഭൂതകുളത്താന്‍ ..... said...

"ശരിക്കും ഇങ്ങനെ ആളുകളെ പേടിപ്പിച്ചും ടെന്‍ഷന്‍ അടിപ്പിച്ചും സ്വന്തം പ്രശസ്തി വര്‍ധിപ്പിക്കേണ്ട ഗതികേട് ഉണ്ണിയേശുവിനും കൊട്ടാരക്കര ഗണപതിക്കും ഒക്കെ ഉണ്ടോ ?"കണ്ണനുണ്ണിയേ....കസറി ...ട്ടോ ...ഈ വക മെയിലില്‍ ഒന്നും "ഭൂതം പിടിക്കും " എന്ന് എഴുതിയിട്ടില്ലല്ലോ ....എന്നാല്‍ ഞാന്‍ രക്ഷപെട്ടു ...ഗുരുവായൂരിനും ....കൊട്ടരക്കരക്കും ...ആരോ പാര കൊടുത്തതാ...സുവര്‍ ....

അനിത / ANITHA said...

Enikkum varaarundu ithu pole... enthaayaalum nalla avatharanam.

thabarakrahman said...

ഉണ്ണി കൊള്ളാം, അന്ധവിശ്വാസികളുടെ മണ്ടക്കിട്ടുതന്നെ കൊടുത്തുവല്ലോ നന്നായി.
വേറൊന്ന് കേള്‍ക്കണോ, പണ്ടെനിക്കൊരു നോട്ടീസ്‌ കിട്ടി, സൌദിയില്‍,ആരോ ഒരാള്‍
പ്രവാചകനെ സ്വപ്നം കണ്ടത്രെ. ആ സ്വപ്നത്തെക്കുറിച്ച് അതില്‍ ഒരു മുഴുനീള ഉപന്യാസം.
ഞാന്‍ അത് വായിച്ചു മണ്ട കറങ്ങിയ മാതിരി ആയന്നു പറഞ്ഞാല്‍ മതിയല്ലോ.
ഞാന്‍ വീട്ടുകാര്‍ കാണുന്നതിനു മുന്പേ നൂറു കഷണങ്ങളായി വലിച്ചു കീറി.
പിന്നെ ഞമ്മന്റെ ആള്‍ക്കാരെ ക്കുറിച്ച് പ്രത്യേകം പറയണ്ടല്ലോ. കാള പെറ്റന്ന് കേട്ടാല്‍
കയറെടുക്കുന്ന കൂട്ടരാ. നിന്നുപെഴക്കുന്ന കാര്യം എനിക്ക് മാത്രമല്ലേ അറിയൂ എന്റെ ഉണ്ണീ.
മലയാളികള്‍ ഈയിടെയായി മഹാ ബോറന്മാരായി മാറുന്നുണ്ടോ എന്നൊരു സംശയം.
ഈ അന്ധവിശ്വാസങ്ങളുടെ ഓരോരോ രൂപഭാവങ്ങളെ.
ആ പിന്നെ, സത്രം സ്കൂളിലെ പ്രാവുകളുടെ രണ്ടാം ഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട്.

സ്നേഹപൂര്‍വം
താബു.
http://thabarakrahman.blogspot.com/

thabarakrahman said...

ഉണ്ണി കൊള്ളാം, അന്ധവിശ്വാസികളുടെ മണ്ടക്കിട്ടുതന്നെ കൊടുത്തുവല്ലോ നന്നായി.
വേറൊന്ന് കേള്‍ക്കണോ, പണ്ടെനിക്കൊരു നോട്ടീസ്‌ കിട്ടി, സൌദിയില്‍,ആരോ ഒരാള്‍
പ്രവാചകനെ സ്വപ്നം കണ്ടത്രെ. ആ സ്വപ്നത്തെക്കുറിച്ച് അതില്‍ ഒരു മുഴുനീള ഉപന്യാസം.
ഞാന്‍ അത് വായിച്ചു മണ്ട കറങ്ങിയ മാതിരി ആയന്നു പറഞ്ഞാല്‍ മതിയല്ലോ.
ഞാന്‍ വീട്ടുകാര്‍ കാണുന്നതിനു മുന്പേ നൂറു കഷണങ്ങളായി വലിച്ചു കീറി.
പിന്നെ ഞമ്മന്റെ ആള്‍ക്കാരെ ക്കുറിച്ച് പ്രത്യേകം പറയണ്ടല്ലോ. കാള പെറ്റന്ന് കേട്ടാല്‍
കയറെടുക്കുന്ന കൂട്ടരാ. നിന്നുപെഴക്കുന്ന കാര്യം എനിക്ക് മാത്രമല്ലേ അറിയൂ എന്റെ ഉണ്ണീ.
മലയാളികള്‍ ഈയിടെയായി മഹാ ബോറന്മാരായി മാറുന്നുണ്ടോ എന്നൊരു സംശയം.
ഈ അന്ധവിശ്വാസങ്ങളുടെ ഓരോരോ രൂപഭാവങ്ങളെ.
ആ പിന്നെ, സത്രം സ്കൂളിലെ പ്രാവുകളുടെ രണ്ടാം ഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട്.

സ്നേഹപൂര്‍വം
താബു.
http://thabarakrahman.blogspot.com/

ശേഇഖ് ജാസിം ബിന്‍ ജവാഹിര്‍ said...
This comment has been removed by the author.
ശേഇഖ് ജാസിം ബിന്‍ ജവാഹിര്‍ said...

കൊട്ടേഷന് pakaram oru kotta ashamsakal !!!

Areekkodan | അരീക്കോടന്‍ said...

പത്തു പേര്‍ക്ക് അയച്ചു കൊടുത്താല്‍ പത്ത് കിലോ അനുഗ്രഹം പാര്‍സലായി കിട്ടും. അയച്ചു കൊടുക്കാതെ ഡിലീറ്റ് ചെയ്‌താല്‍ പണി കിട്ടും..പണ്ടാരടങ്ങും....പത്തു തരം'

ഹ ഹ ഹ ഹ ഹ

abhi said...

ആദ്യമാദ്യം ഞാനും fwd ചെയ്യുമായിരുന്നു... പിന്നെ delete ബട്ടണ്‍ മതിയെന്ന് മനസ്സിലാക്കി...
അവതരണം നന്നായിട്ടുണ്ട് :)

Mahesh Cheruthana/മഹി said...

കണ്ണനുണ്ണി ,
തികച്ചും കാലികമായ പ്രമേയം വളരെ ഇഷ്ടപ്പെട്ടു.!

നര്‍മ്മത്തിന്റെ അകമ്പടിയും !

രാധിക said...

ഇതു പോലെ എനിക്കും കിട്ടാറുണ്ടു മെയിലുകള്‍.അപ്പൊ ഡിലീറ്റ് ചെയ്യാറ പതിവ്.എഴുതിയതു നന്നായിട്ടുന്ടു ട്ടൊ.

വിജയലക്ഷ്മി said...

monte postu nannaayirikkunnu...
ithupole othhiri mailukal enikkum kittaarundu..kaanumpol thanne pediyaa.athil paranjaprakaram cheythillenkil valla dhoshavum varumoyenn pedi.

വശംവദൻ said...

എഴുത്ത് നന്നായി. ആശംസകൾ

CyclopZ said...

ഇങ്ങനെ ഒക്കെ ആവും ഉള്ളടക്കം. അത് കാണുന്നതോടെ മെയില്‍ തുറന്ന ആളുടെ മുഖത്തെ പുഞ്ചിരി ഇഞ്ചി തിന്ന kannane പോലെ ആവും.
athenikku istaiii

മാണിക്യം said...

ഇതിന്റെ ചുറ്റും കൂടി പോയതല്ലതെ അമ്മച്ചിയാണെ കമന്റ് ഇട്ട് കോപം വരുത്തണ്ടാന്ന് കരുതിയതാ എന്റെ ഫൊര്വേഡ് മെയിലില്‍ 88
എണ്ണം കിടപ്പുണ്ട് ഒരാളെ തപ്പി ഞാന്‍ നടക്കുവാരുന്നു
ഉടനെ തന്നെ തട്ടീയേക്കാം..
അല്ലേല്‍ ഐഡിയ!! അതിവിടെ കമന്റ് ആക്കിയിടട്ടെ!

കണ്ണനുണ്ണി said...

ജെന്ശിയ : നന്ദി
നന്ദന്‍: വളരെ ശരി തന്നെ
അഭി: അതെ
ഉഗാണ്ട രണ്ടാമന്‍: നന്ദി
ഉറുമ്പ്: ഹഹ ഞാനും അതാ ചെയ്യുന്നേ ...ഇപ്പൊ
ഹാഫ് കള്ളന്‍ : ഹഹ
മീര : നന്ദി
വിനു : തന്നെ തന്നെ
വ്യാസാ: ഗ്ര്ര്ര്‍
ഉപ്പായി: ലിങ്ക് കയറി നോക്കട്ടെ ട്ടോ

കണ്ണനുണ്ണി said...

വിദൂഷകന്‍: അതെന്നെ... ഇതും ഒരു തരം ബ്രാണ്ടിംഗ് തന്നെ
റാണി: ഹിഹി :)
രഘു മാഷെ: ഇടി..പട്ടാളക്കാരനാണ് എന്നൊന്നും നോക്കില്യാട്ടോ...ഹിഹി
ഭൂതകുളത്താന്‍: ഹിഹി മാഷേ
അനിത : നന്ദി
റഹ്മാന്‍ മാഷെ : ആഹ അതെയോ...
പോസ്റ്റ്‌ നോക്കാമേ..ഞാന്‍ രണ്ടു മൂന്നു ദിവസം സ്ഥലത്ത് ഇല്യാരുന്നു
ഷെയ്ഖ് ജാസിം ബിന്‍: ഹഹ ആശംസകള്‍ക്ക് നന്ദി
അരീക്കോടന്‍ മാഷെ : :)

കണ്ണനുണ്ണി said...

അഭി:നന്ദി
മഹേഷ്‌: നന്ദി
രാധിക:നന്ദി
വശംവദന്‍: നന്ദി
വിജയലക്ഷ്മി ചേച്ചി : നന്ദി ട്ടോ... പേടി എന്തിനാ ...വരാനുള്ളത്‌ വന്നു തന്നെ ആകണം
bandhare: എന്നെ കൊണ്ട് വെര്‍തെ ഒന്നും പറയിക്കണ്ട....ഒരു പോസ്റ്റ്‌ പെണ്ടിംഗ് ഉണ്ട്... ഓര്‍മയുണ്ടല്ലോ ല്ലേ.. :)
മാണിക്യം ചേച്ചിയേ : ഡോണ്ട് ടൂ ഡോണ്ട് ടൂ

mello said...

jennyee ee post vaayichittu ini njan jennykku inganathe mail ayakkillyannu vicharikkanda..aadyam jennykku thanne ayakkum..enikku pambukadichu chakan onnum vayyee...hehehee..athu kidilam bandaree "inji thinna kannane pole" jennyee vachu thamasippikkanda bandar nde post vegam ittekku..allenkil bandar nde vaal iniyum pongum

വയനാടന്‍ said...

പൂഹൂ‍ൂയ്‌
കിടിലം കണ്ണനുണ്ണീ:):)

Murali Nair I മുരളി നായര്‍ said...

തികച്ചും സത്യം...

raadha said...

കണ്ണാ..എനിക്കും ഇത് പോലെ വരുന്ന മെയിലുകള്‍ ഞാന്‍ ഡിലീറ്റ് ചെയ്യാറുണ്ട്. പക്ഷെ അപ്പോഴൊക്കെ ചെറിയ ഒരു പേടി തോന്നിയിരുന്നു. ഇപ്പൊ അത് പൂര്‍ണമായും മാറി. അപ്പൊ ഇതൊക്കെ അയക്കുന്ന ലവന്മാരുടെ ഉദ്ദേശം എന്താണ്? അത് മാത്രം ഇത് വരെ മനസ്സിലായില്ല!!! കണ്ണന് ഒത്തിരി നന്ദി ട്ടോ..ഈ പോസ്റ്റ്‌ ഇട്ടതിനു..

പാര്‍ത്ഥന്‍ said...

ഇമ്മാതിരി മെയിലുകളും sms ഉം ഇടക്കിടെ വരാറുണ്ട്. ഉടൻ തന്നെ ഡിലറ്റു ചെയ്യുകയാണ് ഏറ്റവും നല്ല രീതി. ഇതെല്ലാം ടെലഫോൺ കമ്പനിക്കാരുടെ പരിപാടിയാണെന്നു മനസ്സിലാക്കാൻ ഐ.എ.എസ്സ്. ഒന്നും വേണ്ട. കുന്ദംകുളം തന്നെ ധാരാളം.

ചേച്ചിപ്പെണ്ണ് said...

ദൈവങ്ങള്‍ടെ പേരിലാണ്‌ ഇപ്പൊ ഏറ്റോം കൂടുതല്‍ തട്ടിപ്പ് നടക്കണത്‌
ദാ , ഇങ്ങട്‌ പോരെ .എല്ലാ പ്രശ്നോം മാറ്റിത്തരാം , സ്വര്ഗത്തിലൊട്ട് ടിക്കറ്റ്‌ റെഡി ആക്കാം
എന്ന മട്ടിലല്ലേ വിശ്വാസികള്‍ (?)
സ്വര്‍ഗ്ഗവും ദൈവവും ചിലരുടെ മാത്രം പ്രൈവറ്റ് property
അതിനോടൊപ്പം ഇങ്ങനെയും അല്ലെ ?

Typist | എഴുത്തുകാരി said...

എനിക്കെന്തോ ഭാഗ്യം കൊണ്ട് ഇതുവരെ ഇത്തരം മെയിലുകള്‍ കിട്ടിയിട്ടില്ല. പണ്ടൊക്കെ കത്തായിരുന്നു.

ഗീത said...

എന്തായാലും സമാധാനമായി. കണ്ണനുണ്ണി പറഞ്ഞല്ലോ. ഇനിയിപ്പോ ഫോര്‍വേര്‍ഡ് ചെയ്യാതെ ധൈര്യമായി ഇരിക്കാം.

ഇതിപ്പോള്‍ ഇ-മെയിലിലും, മൊബൈലിലും ഒക്കെയല്ലേ. പണ്ട് സര്‍ഫസ് മെയിലായി വരുമായിരുന്നു. ഞാന്‍ കോളേജില്‍ പഠിച്ചിരുന്ന കാലത്ത് ഇങ്ങനൊരു കത്തു വന്നപ്പോള്‍ എത്ര പേടിച്ചിട്ടുണ്ടെന്നോ. 20 പേര്‍ക്ക് ആ കത്തിന്റെ കോപ്പി എടുത്ത് അയയ്ക്കണം പോല്‍. അത്രേം ഇന്‍ലന്‍‌ഡ് വാങ്ങിക്കണമെങ്കില്‍ കാശെത്രവേണം. വീട്ടില്‍ പറയാന്‍ പേടി. പിന്നെ ഒരു മാര്‍ഗ്ഗം കണ്ടുപിടിച്ചു. ഹോസ്റ്റലിന്റെ ലെറ്റര്‍ ബോര്‍ഡില്‍ ആ കത്ത് എല്ലാവരും വായിക്കാന്‍ പാകത്തില്‍ തുറന്നു വച്ചു. 20 പേര്‍ വായിക്കണമെന്നല്ലേയുള്ളൂ. ഇതിപ്പോള്‍ 20ല്‍ കൂടുതല്‍ പേര്‍ വായിച്ചു കാണും. :)

OAB/ഒഎബി said...

ചെറുപ്പത്തില്‍ ഇത് പോലുള്ള നോട്ടീസ് കിട്ടുമായിരുന്നു. ഉടനെ കൂട്ടുകാര്‍ കാണെ അതില്‍ മൂത്രമൊഴിക്കുകയൊ കാറി തുപ്പുകയൊ ചെയ്യും. അത് കൊണ്ടായിരിക്കാം ഞാന്‍ ഭാഗ്യവാനായത്. എന്നാലിതു വരെ കമ്പൂട്ടറില്‍ അത് കണ്ടിട്ടില്ല. തുപ്പാനും മൂത്രമൊഴിക്കാനും പറ്റില്ല എന്നറിഞ്ഞത് കൊണ്ടായിരിക്കാം മൂപ്പരിന്നു വരെ എന്റെ സിസ്റ്റത്തില്‍ വരാത്തത്.

poor-me/പാവം-ഞാന്‍ said...

shall i forward this post to 75 people?

കണ്ണനുണ്ണി said...

ഹഹ എഴുപത്തന്ച്ചു പോരാ നൂറു തികയ്ക്കണം മാഷെ.. ഇന്നലെ സൌഭാഗ്യ ലോട്ടറി അടിക്കു

Anonymous said...

kollamallo!!!

വരവൂരാൻ said...

ഹ ഹ ഇതു സത്യം. ഇന്നും വന്നു ഓരെണ്ണം

കണ്ണനുണ്ണി said...

ജെന്നി: ബന്ധറിനൊരു പണി തീര്‍ത്തു നമുക്ക് കൊടുക്കാം ന്നെ
വയനാടന്‍: താങ്ക് യു മാഷെ
മുരളി നായര്‍: നന്ദി
രാധേച്ചി : നന്ദി
പാര്‍ത്ഥ : പണിയില്ലാത്ത ആരെങ്കിലും ഓഫീസ് ടൈമില്‍ ഇരുന്നു ഉണ്ടാക്കി വിടുന്നെ ആവും ന്നെ.. ബാക്കി ഉള്ലോര്‍ക്ക് പണി ആവാന്‍
ചേച്ചിപ്പെണ്ണ്: ശരിയാ
എഴുത്തുകാരി ചേച്ചിയെ: മെയില്‍ അഡ്രസ്‌ അപ്രഞ്ഞ ഇപ്പൊ തീര്‍ത്തു തരാം ആ വിഷമം
ഗീതേച്ചി : ഹിഹി ധൈര്യായി നിര്‍ത്ത്തിക്കൊലുന്നെ
oab: എഴുത്ത് കാരി ചേച്ചിയോട് പറഞ്ഞത് തന്നെ വീണ്ടും പറയുന്നു :)
അശ്വതി: നന്ദി
വരവൂരാന്‍: :)

നിഷാർ ആലാട്ട് said...

ഇപ്പോഴും ഇതിന്റ്റെ പിറകേ
നടക്കുന്നവരും ഉണ്ടിഷ്ടാ
എന്താ ചെയ്ക ല്ലെ?


:-)

Cm Shakeer(ഗ്രാമീണം) said...

ഈ ബ്ലോഗിന്റെ തീം പോലെ തന്നെ താങ്കളുടെ എഴുത്തുകളും മനോഹരമായിരിക്കുന്നു.
ദുര്‍ബ്ബല മനസ്ക്കരെ എളുപ്പം കീഴ്പ്പെടുത്തുന്ന
ഇത്തരം അന്ധവിശ്വാസങ്ങളില്‍ വിശ്വസിക്കാന്‍ യഥാര്‍ത്ഥ ദൈവവിശ്വാസികളെ കിട്ടില്ല എന്നതാണ് സത്യം. keep the good work ahead.

മണുക്കൂസ് said...

ലവന്റെയൊക്കെ ചന്തിയിൽ പച്ച ഈർക്കിലി കൊണ്ട് നാലെണ്ണം കൊടുക്കുകയാ വേണ്ടത് !!

right answer

Jenshia said...

Any time you see an E-Mail that says forward this on to '10' (or however many) of your friends, sign this petition, or you'll get bad luck, good luck, you'll see something funny on your screen after you send it, or whatever, it almost always has an E-Mail tracker program attached that tracks the cookies and E-Mails of those folks you forward to.

The host sender is getting a copy each time it gets forwarded and then is able to get lists of 'active' E-Mail addresses to use in SPAM E-Mails, or sell to other spammers. Even when you get emails that demand you send the email on if you're not ashamed of God .....that's E-mail tracking and they're playing on our conscience. These people don't care how they get your email addresses - just as long as they get them. Also, emails that talk about a missing child or a child with an incurable disease - "how would you feel if that was your child"....E- mail Tracking!!!

Ignore them and don't participate!


ഈ മെയിലുകളുടെ യഥാര്‍ത്ഥ വശം ഇങ്ങനെ ആകുന്നു...
നല്ല പോസ്റ്റ്‌ കണ്ണനുണ്ണി...

നരിക്കുന്നൻ said...

എനിക്കും കിട്ടിയിട്ടുണ്ട് ഇതിന്റെ പല മതങ്ങളുടെ വേർഷൻ. ആ മെയിൽ ഡെലീറ്റ് ചെയ്തിട്ട് ഇത് വരെ എനിക്കൊന്നും സംഭവിച്ചില്ല. ഇത്തരം ബാലിശമായ മെസ്സേജുകളെ അതിന്റെ ഗൌരവത്തോടെ പിന്തള്ളാൻ കഴിയണം. ഇതൊക്കെ പടച്ച് വിടുന്നവരുടെ മനസ്സിലെന്തായിരിക്കും. ഒരു യഥാർത്ഥ വിശ്വാസി ഇങ്ങനെ ആളെക്കൂട്ടാൻ മെസ്സേജുണ്ടാക്കുമെന്ന് തോന്നുന്നില്ല.

ഈ ലേഖനം അതിന്റെ അർഹമായ രീതിയിൽ തന്നെ എടുക്കുന്നു. നന്ദി.

കണ്ണനുണ്ണി said...

@ ജെന്ഷിയ : തീര്‍ച്ചയായും നല്ല വിവരങ്ങള്‍ ആണ് ട്ടോ. ഞാനും ഒന്ന് പരീക്ഷിച്ചു നോക്കെട്ടെ ട്രാക്കിങ് സ്ക്രിപ്റ്റ് വല്ലതും കണ്ടു എത്താമോ എന്ന്. വല്ലതും തടഞ്ഞാല്‍ നമുക്കൊരു ഫുള്‍ പോസ്റ്റ്‌ ആക്കം സംഭവം. കുറെ പേര്‍ക്ക് കൂടെ തെറ്റി ധാരണകള്‍ നീങ്ങും ...നന്ദി മാഷെ

Bitoose said...

hai everybody,

I am tintu-mon K.P, studying in LKG-B, Little flower convent High School, Koothara mukku P.O. Nadathara

I lost my 'rubber vecha pencil' (pencil with a rubber attached). The pencil costs Rs 2.75/-.

That 'undakkanni' (round eyed) Kalyani should have taken it. Chothikan chenna enne aval manthi pichi kadichu...

So, I have an agreement with ICICI bank, each time this Message is passed through E-mail, I will get 1 paisa each from ICICI Bank.

I don't know you, but if you have a good heart… Plz send this to at least 10 persons. and you will be blessed to get a new rubber.

send to 20 and you will get a used pencil,

50 perku ayachaal puthiya pencil kalanju kittum


Please don't neglect this. One person neglected this and his pencil got broken while writing.

Plz forward this, illengil amma vazhakku parayaum...

Tintu Mon

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

മറ്റൊരു പോസ്റ്റിലെ ലിങ്ക് വഴിയാണിവിടെ വന്നത്..

അനുഗ്രഹ ഫോർവേഡ് പോലെ തന്നെ മനുഷ്യനെ അസ്വസ്ഥനാക്കുന്നു അപകട /ഭീകര ദൃശ്യങ്ങളുടെ ഫോർവേഡുകളും .. ചിലപ്പോഴൊക്കെ ഞാനും ഇതയക്കുന്നവന്മാർക്ക് ഉപദേശ മെയിൽ അയക്കാറുണ്ട്.. എവടെ...:) ന ഫലം..:(


ഈ സൈറ്റുകൾ തുറക്കരുതെന്ന് ഉപദേശിച്ച് ആ സൈറ്റുകളുടെ പൂർണ്ണ വിലാസത്തോടെ ചിലവ...കഷ്ടം.. ഇവന്മാർക്കൊന്നുമൊരു പണിയുമില്ലേ കണ്ണാനുണ്ണീ

elizabeth said...

Even i have the same attitude..kannanunni..you have presented it well...