Monday, December 21, 2009

അയലേ....ഐ ലവ് യൂ

തലക്കെട്ട്‌ വായിച്ചു 'ഒരു മീനിനെ പോലും വെറുതെ വിടാത്തവന്‍' , എന്ന് വിശേഷിപ്പിക്കാന്‍ വരട്ടെ ട്ടോ...ഇത് സംഭവം വേറെയാ.
അന്ന് ഞാന്‍ ആറാം ക്ലാസ്സില്‍ പഠിക്കുന്നു. സ്കൂളില്‍ പോയി മായ ടീച്ചറിന്റെ പേടിപ്പിക്കലും വീട്ടില്‍ വന്നു ട്യുഷന്‍ എന്ന പേരില്‍ അമ്മയുടെ പീഡിപ്പിക്കലും ഒക്കെയായി ആകെ സഹികെട്ട് ജീവിക്കുന്ന കാലം. അക്കാലത്താണ് എനിക്ക് അല്ബുമിന്റെ അസുഖം പിടിപെട്ടത്‌. ഒരു മാസം സ്കൂളില്‍ വിടെണ്ടാ എന്ന ഡോക്ടറിന്റെ വാക്കുകള്‍ കാതില്‍ അമൃത മഴ പോലെ ആണ് വീണതെങ്കിലും കൂട്ടത്തില്‍ ആ ദ്രോഹി (സോറി ട്ടോ ,,,ദേഷ്യം കൊണ്ട് പറഞ്ഞതാ) ഒന്ന് രണ്ടു പാരകള്‍ കൂടെ വെയ്ക്കാന്‍ മറന്നില്ല.

പാര 1: ഓടുകയോ ചാടുകയോ കളിക്കുകയോ ചെയ്യാന്‍ പാടില്ല..കമ്പ്ലീറ്റ്‌ റസ്റ്റ്‌ വേണം..
പാര 2:രണ്ടു മാസം ഉപ്പു എണ്ണ, മീന്‍, ഇറച്ചി, മുട്ട എന്നിവ കഴിക്കാന്‍ പാടില്ല.
ഠിം...
ഇനി എന്നാത്തിനാ വീട്ടിലിരിക്കുന്നെ.
സ്കൂളിലായിരുന്നെകില്‍ ആരടെ എങ്കിലും പാത്രത്തില്‍ നിന്ന് കൈ ഇട്ടു വാരി എങ്കിലും വായ്ക്ക് രുചിയുള്ള എന്തേലും കഴിക്കാമായിരുന്നു. ഇതിപ്പോ ഒക്കെ പോയില്ലേ. പിന്നെയുള്ള രണ്ടു മാസക്കാലം ശരിക്കും പീഡനങ്ങളുടെതായിരുന്നു .
ഉപ്പില്ലാത്ത കഞ്ഞി, ഉപ്പില്ലാത്ത ചമ്മന്തി, ഉപ്പില്ലാത്ത കാരറ്റ്‌ തോരന്‍, ചുട്ട പപ്പടം ....കൂട്ടിനു....കീഴാര്‍നെല്ലി അരച്ച് കാച്ചിയ പാലും...ഇങ്ങനെ ഒക്കെ ആയി എന്‍റെ ഡെയിലി മെനു.

ബൂസ്റ്റ്‌ കുപ്പിയില്‍ ഇരുന്നു നെല്ലിക്ക അച്ചാറും, മാങ്ങ അച്ചാറും...ഒക്കെ എന്നെ "വാടാ മോനെ കുട്ടാ..." എന്ന് മാടി മാടി വിളിച്ചെങ്കിലും അതിനു മറുപടി കൊടുക്കാന്‍ ബ്ലാക്ക്‌ ക്യാറ്റ്‌ സെക്യൂരിറ്റി പോലെ പിറകെ കൂടിയ ചേച്ചി എന്ന താടക സമ്മതിച്ചില്ല. വൈകാതെ തന്നെ മിക്സ്ച്ചറും , ബിസ്കറ്റും ഒക്കെ ഇട്ടു വെക്കുന്ന പ്ലാസ്റ്റിക്‌ ടിന്നുകള്‍ എന്റെ കയ്യെത്താത്ത തട്ടിന്റെ മുകളിലേക്ക് ചേക്കേറി. അയല പോരിച്ചതിന്ടെം , കോഴി വറുത്തതിന്ടെയും ഒക്കെ മണം അന്നൊക്കെ എനിക്ക് 'ബ്രൂട്ട്' പെര്‍ഫ്യൂമിനേക്കാള്‍ പ്രിയപ്പെട്ടതായിരുന്നു. പക്ഷെ എന്ത് ചെയ്യാന്‍. കൈ അകലത്തില്‍ അവയൊക്കെ തീന്മേശയിലൂടെ ഓടി നടക്കുന്നത് മാത്രം കണ്ടിരിക്കേണ്ടി വരുന്ന ഒരു പതിനൊന്നു വയസ്സുകാരന്റെ വേദന...ശ്ശൊ..പാവം കണ്ണന്‍ :(

വൈകാതെ ക്യാരറ്റ്‌ തോരനും, ഉപ്പ്‌ ലെസ്സ് കഞ്ഞിയും കാണുന്നത് തന്നെ കാള ചോപ്പ് തുണി കാണുന്നത് പോലെയായി. ആഹാരത്തിനോടുള്ള ശുഷ്കാന്തി തീരെ അങ്ങട് കുറഞ്ഞതോടെ ക്ഷീണിച്ചു തലകറങ്ങി വീഴുകയും അതിന്റെ ഫലമായി ആശുപത്രിയിലേക്ക് പ്രൊമോഷന്‍ കിട്ടുകയും വരെ ചെയ്തു അന്നോരീസം. പക്ഷെ ഒന്നല്ല , രണ്ടല്ല.. മൂന്നു കുപ്പി ഗ്ലുകോസ് എന്‍റെ കുഞ്ഞു ഞരമ്പുകളിലൂടെ അന്ന് ഒറ്റ ട്രിപ്പിനു മാലതി സിസ്റ്റര്‍ കയറ്റിയതോടെ....മടിച്ചു മടിച്ചാണെങ്കിലും ഉപ്പില്ലാത്ത കഞ്ഞിയോടു ഞാന്‍ വീണ്ടും സ്നേഹം അഭിനയിച്ചു തുടങ്ങി.

ഒടുവില്‍ കഷ്ട്ടപെട്ടു പണ്ടാരടങ്ങിയ രണ്ടു മാസങ്ങള്‍ക്ക് ശേഷം "എല്ലാം പഴയത് പോലെ കഴിക്കാം, പക്ഷെ ഓവര്‍ ആക്കല്ലെ..", എന്ന വാണിങോടെ വിത്ത്‌ ഹെല്‍ഡ് ആയിരുന്ന എന്‍റെ റേഷന്‍ കാര്‍ഡ് ഡോക്ടര്‍ തിരികെ തന്നു. ജീവിതത്തില്‍ ഏറ്റവും സന്തോഷവും , ആവേശവും തോന്നിയ നിമിഷങ്ങളില്‍ ഒന്ന്. വീട്ടിലെത്തിയതും അടുക്കളയിലേക്കു നൂറേ നൂറ്റിപത്തില്‍ വിട്ട ഓട്ടം അവസാനിച്ചത്‌ രണ്ടു മാസമായി കൈ കൊണ്ട് തൊടാന്‍ അനുവാദം കിട്ടാതിരുന്ന കണ്ണി മാങ്ങ കുപ്പിയെ കെട്ടിപിടിച്ചു 'മിസ്സ്‌ യു ഡാ' എന്ന് പറഞ്ഞു അതിലുണ്ടായിരുന്നതില്‍ ഏറ്റവും വലിയ മാങ്ങ തന്നെ എടുത്തു വായിലിട്ടു കൊണ്ടായിരുന്നു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു . നിമിഷങ്ങള്‍ക്കകം തെരുവ് നായ്ക്കള്‍ കൂട്ടമായി ആക്രമിച്ച മുനിസിപ്പാലിറ്റി വേസ്റ്റ് ബോക്സ്‌ പോലെ ആയി അടുക്കള.

ആക്രാന്തം അല്‍പ്പം ഒന്നടങ്ങിയപ്പോഴാണ് കിഴക്ക് നിന്നും അടുത്ത് വരുന്ന മീന്കാരന്റെ സൈക്കിള്‍ ബെല്‍ കേട്ടത്. അതോടെ അല്‍പ്പം ഒന്നടങ്ങിയ ആവേശം വീണ്ടും ഫോര്‍ത്ത് ഗിയറിലായി.
എവിടെ നിന്നോ തപ്പി എടുത്ത പത്ത് രൂപയുമായി റോഡിലേക്ക് ഓടുമ്പോള്‍ സ്ലോ മോഷനില്‍ മീന്‍ കൊട്ട വെച്ച സൈക്കിളും ചവിട്ടി വരുന്ന സാമുവല്‍ അച്ചായന് , എന്‍റെ കണ്ണില്‍ ഷോലെയിലെ അമിതാബ് ബച്ചന്റെ രൂപമായിരുന്നു.
അച്ചായന്‍ അടുത്തെത്തി.
വടിവൊത്ത ശരീരം...
വലിയ കണ്ണുകള്‍..
നീണ്ടു പരന്ന വാല്‍..
ശ്ശൊ... അയലക്കൊക്കെ മുടിഞ്ഞ ഗ്ലാമര്‍ തന്നെ.
പത്ത് രൂപയ്ക്ക് അയലയും വാങ്ങി തിരികെ അടുക്കളയിലേക്കു പാഞ്ഞു .അമ്മയുടെ കൂടെ കുത്തി ഇരുന്നു അയല വെട്ടി കഴുകി അടുപ്പില്‍ കയറ്റി . കറി ചട്ടിക്കു കാവലിരിക്കുന്ന എന്‍റെ ആക്രാന്തം കണ്ടു ഞാന്‍ അടുപ്പിലെങ്ങാനം വീണു പോവുമോ എന്ന് പേടിച്ചിട്ടാവും പാവം അമ്മ എന്‍റെ തോളില്‍ നിന്ന് കൈ എടുത്തത്തെ ഇല്ല.
രണ്ടു കൊല്ലം കൂടി സൌദിയില്‍ നിന്നും ഗള്‍ഫ് എയര്‍ വിമാനത്തില്‍ വന്നിറങ്ങുന്ന ദാസേട്ടനെ കാത്തു അറൈവല്‍ ഗേറ്റില്‍ നില്‍ക്കുന്ന മീന ചെചിയൊക്കെ എന്‍റെ കാത്തിരിപ്പിന് മുന്നില്‍ എത്ര ഭേദം.
അങ്ങനെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ചൂടാറാത്ത അയലക്കറി കപ്പയോടൊപ്പം ഡൈനിങ്ങ്‌ ടേബിളില്‍ രാജകീയമായി സ്ഥാനം പിടിച്ചു. പക്ഷെ അഞ്ചു മിനിട്ട് തികച്ചു ആ ഇരുപ്പിരിക്കാന്‍ പാവത്തിന് യോഗമുണ്ടായിരുന്നില്ല. അതിനു മുന്‍പ് തന്നെ അയലപാത്രം കൊയ്ത്തു കഴിഞ്ഞ മുന്ടക പാടം പോലെ ആയിരുന്നു.

കാര്യം എന്തൊക്കെ ആയാലും അന്ന് കഴിച്ച അയലക്കറി. .സത്യായിട്ടും ജീവിതത്തില്‍ അത്രേം സ്വാദ് അതിനു മുന്‍പോ പിന്‍പോ ഒന്നിനും തോന്നിയിട്ടില്യ. പക്ഷെ ഒറ്റ ഇരുപ്പിന് രണ്ടു അയല തീര്‍ത്ത എന്‍റെ കഴിപ്പിന്റെ ഭംഗി കൊണ്ടാവാം...ആ വീട്ടിലെ ആരും, എന്തിനു ടോമ്മി (വീട്ടിലെ പട്ടി) പോലും പിന്നെ കുറെ നാളത്തെക്ക് അയല കണ്ടാല്‍ തിരിഞ്ഞു നോക്കില്യായിരുന്നു .

80 comments:

കണ്ണനുണ്ണി said...

ജീവിതത്തില്‍ ഒരിക്കലെങ്കിലും കുറെ നാള്‍ ഉപ്പില്ലാതെ ഭക്ഷണം കഴിക്കേണ്ടി വന്നിട്ടുള്ളവര്‍ക്ക് മനസിലാക്കും...ഇതിന്റെ വിഷമം.. പിന്നീടു കിട്ടുന്ന ഉപ്പു ചേര്‍ന്ന സ്വാദുള്ള ഭക്ഷണത്തിന്റെ മറക്കാനാവാത്ത രുചി ഒക്കെ..:)


ബൂലോകത്തെ എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ ക്രിസ്ത്മസ് പുതുവത്സര ആശംസകള്‍

ഭായി said...

ഹ ഹ ഹാ...കറിവെച്ചുകൊണ്ടിരുന്ന അയില ചട്ടിയിയിലെങാനും ആക്രാന്തം മൂത്ത് എടുത്ത് ചാടിയിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ!:-)

ചെറുപ്പത്തില്‍ ഭക്ഷണത്തിന്റെ രുചി അറിയണമെങ്കില്‍ ഇങിനുള്ള അസുഖം വരണം...

പോസ്റ്റ് നന്നായിട്ടുണ്ട് കണ്ണാ.നല്ല പ്രയോഗങള്‍ :-)

ഭായി said...

എചൂസ്‘മീന്‍’, ആശംസകള്‍ തിരിച്ചടിക്കാന്‍ വിട്ടുപോയി..

ക്രിസ്ത്മസ് പുതുവത്സര ആശംസകള്‍! നന്ട്രി!
:-)

Anonymous said...

അയല കറി പാര്‍സല്‍ അയക്കട്ടെ ??

പ്രയാണ്‍ said...

ഞാനവിടുണ്ടായിരുന്നെങ്കില്‍ ആചുട്ട പപ്പടം കൂടി മെനൂന്ന് ഒഴിവാക്കിയേനെ...........:)
നാട്ടീല്‍ പോണില്ലെ കൃസ്ത്മസ്സിന്....

ചേച്ചിപ്പെണ്ണ്‍ said...

നല്ല പോസ്റ്റ്‌ കണ്ണന്‍ ഉണ്ണീ ....
ഇപ്പളും അയലക്കൊതിയന്‍ തന്നെയാണോ ?
പിന്നെ എന്റെ ക്രിസ്മസ് ന്യൂ ഇയര്‍ ആശംസകള്‍
എന്റെ പോസ്റ്റ്‌ നോക്കാന്‍ നീ വന്നില്ലല്ലോ ?

kichu... said...

kalakki machoooooo..........

ayila view

siva // ശിവ said...

:) രാവിലെ കണ്ണനുണ്ണിയുടെ അയലപുരാണം വായിച്ച് ചിരിച്ചോണ്ടിരിക്കുവാ. ജോലിയൊന്നും നടന്നില്ല.

അരുണ്‍ കരിമുട്ടം said...

കറി ചട്ടിക്കു കാവലിരിക്കുന്ന എന്‍റെ ആക്രാന്തം കണ്ടു ഞാന്‍ അടുപ്പിലെങ്ങാനം വീണു പോവുമോ എന്ന് പേടിച്ചിട്ടാവും പാവം അമ്മ എന്‍റെ തോളില്‍ നിന്ന് കൈ എടുത്തത്തെ ഇല്ല

ഹ..ഹ..ഹ
കൊതിയുടെ ഒരു അളവ് മനസിലായി
:)

ക്രിസ്മസ് ന്യൂ ഇയര്‍ ആശംസകള്‍!!

വാഴക്കോടന്‍ ‍// vazhakodan said...

ഹ..ഹ..ഹ അയലക്കൊതിയന്‍!:)

ക്രിസ്മസ് ന്യൂ ഇയര്‍ ആശംസകള്‍!

the man to walk with said...

post isthaayi..
puthiya varshavum christmasum ayala curryum ruchikaramaavatte ennashamsikkunnu

വശംവദൻ said...

"കറി ചട്ടിക്കു കാവലിരിക്കുന്ന എന്‍റെ ആക്രാന്തം കണ്ടു ഞാന്‍ അടുപ്പിലെങ്ങാനം വീണു പോവുമോ എന്ന് പേടിച്ചിട്ടാവും പാവം അമ്മ എന്‍റെ തോളില്‍ നിന്ന് കൈ എടുത്തതെ ഇല്ല"

:)

ഉപാസന || Upasana said...

രണ്ട് അയലയോ!!
എന്താകാന്‍ അതുകൊണ്ട്
:-)

Shine Kurian said...

എഴുത്തിലെ നിഷ്ക്കളങ്കത തന്നെയാണ് കണ്ണനുണ്ണിയുടെ ശക്തി..

പുതുവത്സരാശംസകള്‍!

Typist | എഴുത്തുകാരി said...

ഉപ്പില്ലാതെ ഭക്ഷണം കഴിക്കേണ്ടി വരുന്നതിത്തിരി കഷ്ടം തന്നെയാണേയ്.

ആശംസകള്‍.

Sukanya said...

പാവം കണ്ണനുണ്ണി, ഞാനും അനുഭവിചിട്ടുണ്ടേ ഉപ്പില്ലാത്ത ഇഡലി, ഇത്യാദികള്‍. അതൊക്കെ ഓര്‍ത്തുകൊണ്ട്‌ പറഞ്ഞതാ. കൊതിയുടെ കൊടുമുടി കയറി അല്ലെ?

ചേച്ചിപ്പെണ്ണ്‍ said...

കണ്ണാ ,സോറി , എന്ത് പറയാനാ ഈ യിടെ ആയിട്ട് ഭയങ്കര മറവി ശക്തിയാ ...

മത്താപ്പ് said...

സ്കൂളിലായിരുന്നെകില്‍ ആരടെ എങ്കിലും പാത്രത്തില്‍ നിന്ന് കൈ ഇട്ടു വാരി എങ്കിലും വായ്ക്ക് രുചിയുള്ള എന്തേലും കഴിക്കാമായിരുന്നു


അപ്പൊ ഈ പണി തൊടങ്ങീട്ട് കൊറേ കാലായി ല്ല്യേ......

ക്രിസ്തുമസ്, നവവത്സര ആശംസകൾ.....

മത്താപ്പ് said...

അല്ലാ ഈ കാവിലാരും തേങ്ങ അടിക്കാറില്ല്യേ?????

ശ്രീ said...

അല്ല, ടോമി തിരിഞ്ഞു നോക്കണമെങ്കില്‍ കറിപ്പാത്രത്തില്‍ ആശാന് മണക്കാനെങ്കിലും എന്തേലും ബാക്കി വേണമായിരുന്നു. ഇത് കൊയ്തു കഴിഞ്ഞ പാടത്ത് ആ പാവത്തിന് എന്തു ചെയ്യാന്‍?

ഭായി said...

മത്താപ്പേ..തേങായും കൊണ്ടാ ഞാന്‍ വന്നത്, പക്ഷെ പോസ്റ്റ് വായിച്ചപ്പോള്‍ തേങയടിക്കാന്‍ തോന്നിയില്ലാ..
അയിലക്കറിയൊടുള്ള ആക്രാന്തം കാരണം അത് കണ്ണനുണ്ണിക്ക് കൊറിയറില്‍ അയച്ചിട്ടുണ്ട്!
അരച്ച് അയിലക്കറി വെച്ച് ആക്രാന്തം തീരുന്നതുവരെ കഴിക്കട്ടെന്ന് കരുതി :-)

സന്തോഷ്‌ പല്ലശ്ശന said...

കൊള്ളാം അനിയാ നന്നായി...

നീയാളൊരു കാര്‍ട്ടൂണ്‍ കഥാപാത്രം തന്നെ...
ഒരു ബാലരമയൊ ഉണ്ണിക്കുട്ടനൊക്കെ വായിച്ച ഒരു ഇദ്‌...കിട്ടുന്നുണ്ട്‌.

കണ്ണിമാങ്ങ കുപ്പി പിടിച്ചു നില്‍ക്കുന്നതും മീന്‍ ചട്ടിക്കരികെ വായില്‍ കപ്പലോടിച്ചു കൊണ്ടു നില്‍ക്കുന്നതുമൊക്കെ രസായി വാഗ്മയങ്ങള്‍ കൊണ്ട്‌ വരച്ചിട്ടുണ്ട്‌.

വായിച്ചെടത്തോളം ഒരു കാര്യം ഉറപ്പായി...ആ കുട്ടിപ്പിശാച്‌ നിന്‍റെ ഉള്ളില്‍ ഇപ്പോഴും ഒളിമങ്ങാതെ ഇരിപ്പുണ്ട്‌ അതോണ്ടാണ്‌ ഇപ്പോഴും ഇങ്ങിനെ കൊച്ചുകുട്ടികളുടെ സുന്ദരമായ ഭാഷയില്‍ എഴുതാന്‍ കഴിയുന്നത്‌...
അതോണ്ട്‌ നിന്‍റെ ഉള്ളിലെ കുട്ടിച്ചാത്തന്‌ (കാന്താരിക്ക്‌) ദാ ഒരു മധുരമിട്ടായി...
ഉള്ളില്‍ കുട്ടിത്തം വിടാതെ കാക്കുന്നത്‌ ഒരു കഴിവാണ്‌...

kichu / കിച്ചു said...

കണ്ണനുണ്ണീ കലക്കി.

എതായാലുമിനി അയല കറി വെയ്ക്കുമ്പോള്‍ കണ്ണനുണ്ണിയെ ഓര്‍മ വരും പലര്‍ക്കും ഹി ഹി

Anonymous said...

അമ്മയുടെ കൂടെ കുത്തി ഇരുന്നു അയല വെട്ടി കഴുകി അടുപ്പില്‍ കയറ്റി . കറി ചട്ടിക്കു കാവലിരിക്കുന്ന എന്‍റെ ആക്രാന്തം കണ്ടു ഞാന്‍ അടുപ്പിലെങ്ങാനം വീണു പോവുമോ എന്ന് പേടിച്ചിട്ടാവും പാവം അമ്മ എന്‍റെ തോളില്‍ നിന്ന് കൈ എടുത്തത്തെ ഇല്ല.''''''അമ്മമാരൊക്കെ അങ്ങനെയാ.തീയിലും അടുപ്പിലും വീഴാതെ തോളത്തു കൈപിടിക്കും.

മുരളി I Murali Mudra said...

ശ്ശൊ... അയലക്കൊക്കെ മുടിഞ്ഞ ഗ്ലാമര്‍ തന്നെ....
:)
മിക്കവരും ജീവിതത്തില്‍ ഒരിക്കലെങ്കിലും ഏതാണ്ടിത് പോലത്തെ അവസ്ഥകളിലൂടെ കടന്നു പോയിട്ടുണ്ടാവും അതു കൊണ്ട് തന്നെ ഈ പോസ്റ്റ്‌ ഏറെ ഹൃദ്യമാവുന്നു..

SAJAN S said...

ഹഹ... ഇനി അയലക്കറി കഴിക്കുമ്പോള്‍ കണ്ണനുണ്ണിയെ ധ്യാനിച് കഴിച്ചോളാം
ക്രിസ്തുമസ്-പുതുവത്സര ആശംസകള്‍

Anil cheleri kumaran said...

മനോഹരമായി എഴുതി..ഐ ലവ് ടൂ അയല..

ramanika said...

അയല പുരാണം കലക്കി!

Nandan said...

ഈ അയല എന്ന് പറയുന്നത് ഒരുപാട് മലയാളികളുടെ വീക്നെസ് ആണ് . അല്ലെ

കണ്ണനുണ്ണി said...

ഭായ്: നന്ദി... ഇവിടെ അടിക്കണ്ടേ തേങ്ങാ കൊരിയെരില്‍ അയച്ചതിനും ഒരു നന്ദി ട്ടോ...ഹിഹി
നെഹെ: എങ്കില്‍ പിന്നെ കൊഞ്ച് അച്ചാറും, ചാമ്പക്ക ഉപ്പിലിട്ടതും കൂടെ കൊടുത്തു വിടുന്നെ...അമ്മയോട് പറഞ്ഞു ഉണ്ടാക്കിയാ മതിന്നെ. :)
പ്രയാന്‍ ചേച്ചി: ഗ്ര്ര്ര്ര്‍ അടി അടി.. ആകെ അതില്‍ എനിക്കിഷ്ടം ചുട്ട പപ്പടം ആരുന്നു.. അതിനു ഒരു പൊടിക്ക് ഉപ്പുണ്ടല്ലോ.
ചേച്ചി പെണ്ണ്: ചേച്ചി ഞാന്‍ ഒത്തിരി മീന്‍ കഴിക്കണേ കൂട്ടത്തില്‍ അല്ലാ..അന്ന് ആ സാഹചര്യത്തില്‍ അങ്ങനെ കൊതി പിടിച്ചു പോയതാന്നെ..
കിച്ചുവേ: നന്ദി ട്ടോ
ശിവ: ഹിഹി ഞാന്‍ ജോലി ഇന്ടക്കുവോ.. ശോ എന്നെ കൊണ്ട് തോറ്റു
അരുണ്‍: ഹിഹി മനസ്സിലായല്ലോ.. ഞാന്‍ കല്യാണത്തിന് വരുന്നുണ്ട്.. ഓര്മ വെച്ചോ :)
വാഴക്കോടാ: അങ്ങനേം പറയാം..
ദി മാന്‍ ടോ വാക്ക് വിത്ത്‌ : നന്ദി മാഷെ.. തിരിച്ചും ആശംസികുന്നുട്ടോ
വശംവഥന്‍: നന്ദി മാഷെ

കണ്ണനുണ്ണി said...

ഉപാസന: ഹഹ അന്ന് ഞാന്‍ കുഞ്ഞല്ലേ.. രണ്ടൊക്കെ മതിയാരുന്നു ന്നെ
ഷൈന്‍ : നന്ദി ഈ അഭിപ്രായത്തിനു .. ഇഷ്ടാവുന്നുണ്ട് എന്ന് വിശ്വസിക്കട്ടെ...
എഴുത്തുകാരി ചേച്ചി : അതെന്നെ.. ശ്ശൊ ഓര്‍ക്കാന്‍ കൂടെ വയ്യ
സുകന്യ ചേച്ചി : അത് കറക്റ്റ് പ്രയോഗം ആണ് ട്ടോ... കൊതിയുടെ കൊടുമുടി കയറി....
മത്താപ്പ് : ഹേ ഒരുപാടു കാലം ആയില്ല .. പത്തു ഇരുപത്തഞ്ചു കൊല്ലം ഒക്കെ ആയിട്ടുണ്ടാ വും അത്രേള്ളു..
ശ്രീ: ഹഹ അതെ അതെ.. മുള്ള് പോലും ബാകി വന്നോ എന്ന് എനിക്കിപ്പോ സംശയോണ്ട്... ഓര്‍മ്മ ഇല്യ
സന്തോഷേട്ടാ: ആ നാരങ്ങ മിട്ടായി ഞാന്‍ ദെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു.
ഇങ്ങനെ ആത്മാര്‍ഥമായി സ്നേഹിക്കുന്ന ഒരുപാട് പേര്‍ ഇവിടെ ഉള്ളത് തന്നെയാണ് ഇവിടെ തുടരുവാന്‍ എന്നെ എന്നും പ്രേരിപ്പിക്കുന്നതും...
.

കണ്ണനുണ്ണി said...

കിച്ചു: ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം ഉണ്ട് ട്ടോ... ഹഹ അയല കറി കാണുമ്പോ ഓര്‍ക്കണേ..

>> "അമ്മമാരൊക്കെ അങ്ങനെയാ.തീയിലും അടുപ്പിലും വീഴാതെ തോളത്തു കൈപിടിക്കും"

ജ്യോതിയമ്മേ: ഒരിക്കലും തീയിലോ അടുപ്പിലോ വീഴില്യ എന്ന് ഉറപ്പിച്ചു വിശ്വസിക്കൂട്ടോ...
അത് പോലെ തോളത്തു പിടിക്കണ ഒരമ്മ എന്റെ വീട്ടില്‍ ഇപ്പോഴും കാത്തിരിപ്പുണ്ട്‌. :)


മുരളി ചേട്ടാ: പോസ്റ്റ്‌ ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം. ശരിയാ എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടാവും ഒരിക്കലെങ്കിലും ഇങ്ങനെ ഒക്കെ..
സാജന്‍: എന്നാ പിന്നെ അങ്ങനെ ആവട്ടെ
രമണിക: നന്ദി മാഷെ
നന്ദന്‍: അതെ അതെ.. അയലയില്ലാതെ എന്ത് മലയാളി

ചാണക്യന്‍ said...

“പിന്നെ എല്ലാം പെട്ടെന്നായിരുന്നു . നിമിഷങ്ങള്‍ക്കകം തെരുവ് നായ്ക്കള്‍ കൂട്ടമായി ആക്രമിച്ച മുനിസിപ്പാലിറ്റി വേസ്റ്റ് ബോക്സ്‌ പോലെ ആയി അടുക്കള.“
ഹിഹിഹിഹിഹിഹിഹിഹി....എഴുത്തിഷ്ടായി ഇഷ്ടാ..:):):)


ക്രിസ്മസ് പുതുവത്സരാശംസകൾ....

അനില്‍@ബ്ലോഗ് // anil said...

കൊള്ളാം, അയല വ്യൂ.
:)

ദീപു said...

നന്നായിട്ട്ണ്ട്‌...

ഹാഫ് കള്ളന്‍||Halfkallan said...

കൊള്ളാം ... ആശംസകള്‍ ..

രാജീവ്‌ .എ . കുറുപ്പ് said...

രണ്ടു മാസമായി കൈ കൊണ്ട് തൊടാന്‍ അനുവാദം കിട്ടാതിരുന്ന കണ്ണി മാങ്ങ കുപ്പിയെ കെട്ടിപിടിച്ചു 'മിസ്സ്‌ യു ഡാ' എന്ന് പറഞ്ഞു അതിലുണ്ടായിരുന്നതില്‍ ഏറ്റവും വലിയ മാങ്ങ തന്നെ എടുത്തു വായിലിട്ടു കൊണ്ടായിരുന്നു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു . നിമിഷങ്ങള്‍ക്കകം തെരുവ് നായ്ക്കള്‍ കൂട്ടമായി ആക്രമിച്ച മുനിസിപ്പാലിറ്റി വേസ്റ്റ് ബോക്സ്‌ പോലെ ആയി അടുക്കള.


ഹ ഹഹഹ് ചിരിച്ചു മറിഞ്ഞു ഇഷ്ടാ, സുന്ദരമായ ഭാഷ പ്രയോഗം തന്നെ, അയില പൊരിച്ചതുണ്ട് വേണാ,
(ഇന്നു അയിലകൂട്ടി ചോറുണ്ടിട്ട് തന്നെ ബാക്കി കാര്യം, ഈ പോസ്റ്റ്‌ വായിച്ചു വായില്‍ വെള്ളം വന്നെടെ, അല്ലാതെ കൊതി കൊണ്ടല്ലേ)

അഭി said...

അടിപൊളി അണ്‌ട്ടോ, രണ്ടു മാസത്തോളം സാള്‍ട്ട് ലെസ്സ് കഞ്ഞിയും മറ്റും എന്നെ കൊണ്ടും കഴിപ്പിചിട്ടുള്ളതിനാല്‍ കണ്ണന്റെ ആക്രാന്തത്തില്‍ അത്ഭുതം ഒന്നും ഇല്ല .
എന്നാലും ഈ ആയിലക്കൊക്കെ ഇത്ര ഗ്ലാമര്‍ ഉണ്ടോ ?

വടിവൊത്ത ശരീരം... വലിയ കണ്ണുകള്‍.. നീണ്ടു പരന്ന വാല്‍..ശ്ശൊ... അയലക്കൊക്കെ മുടിഞ്ഞ ഗ്ലാമര്‍ തന്നെ

രഘുനാഥന്‍ said...

ഹ ഹ കണ്ണാ തലക്കെട്ട്‌ കണ്ടു ഞാനങ്ങു തെറ്റിദ്ധരിച്ചു പോയി..മുഴുവന്‍ വായിച്ചപ്പോഴല്ലേ ഗുട്ടന്‍സ് പിടി കിട്ടിയത്..

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

പയലേ.. ഐ ലവ്യു ഡാ...
അടിപൊളി സ്ങ്കടം പറച്ചില്‍... ഇഷ്ടായീ...
ആ കണ്ണിമാങ്ങാ...
ശ്ശൊ സംഭവം തന്നെ...
ഇന്നുപോയൊരു കണ്ണിമാങ്ങാ അച്ചാറുമേടിക്കണം.

me honey said...

:)

Unknown said...

കരിവയ്ക്കുന്നത് വിവരിച്ചപ്പോള്‍ കൊതിയായി.

me honey said...

some people are like u..we expell them ... but later we find them in our heart

ജോ l JOE said...

കണ്ണനുണ്ണീ കലക്കി.

എതായാലുമിനി അയല കറി വെയ്ക്കുമ്പോള്‍ കണ്ണനുണ്ണിയെ ഓര്‍മ വരും പലര്‍ക്കും.

mello said...

jennyee ee chathi venamayirunno...ayalameen thinnitte ini vere karyam ullu...paavam ammuse nu innu paniyakum:(

വര്‍ണ്ണതുമ്പി said...

അത് കൊള്ളാം ..ഈ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് ..സത്യായിട്ടും അതൊരു പീഡനം തന്നെയാ..
ഉപ്പിന്‍റെ വില ശരിക്കും അറിഞ്ഞു

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said...

enikkum undayirunnu uppum mulakum illatha oru chicken pox kalaghatam..

ആര്‍ദ്ര ആസാദ് / Ardra Azad said...

ഒരു വൈറല്‍ പനിയുടെ ആലസ്യത്തിലാണ് ഞാനിപ്പോള്‍,ഭാര്യകൊണ്ടുവെച്ച കഞ്ഞിയും തൊരനും കഴിച്ചാണ് പോസ്റ്റ് വായിച്ചത്. ഇപ്പൊഴൊരാശ്വാസം തോന്നുന്നു. നാളെ അലെങ്കില്‍ മറ്റന്നാള്‍ അയല വാങ്ങിക്കണം, വറുത്തടിക്കുമ്പോ കണ്ണനുണ്ണിയെ ഓര്‍ക്കും കേട്ടോ....

വേണു venu said...

എഴുത്തിലെ നിഷ്ക്കളങ്കത, എന്നെ കൊണ്ടെഴുതിച്ചു പോകുന്നു കണ്ണനുണ്ണീ,
ഇവിടെ ഞങ്ങള്‍ക്ക് കടല്‍ മീന്‍ കിട്ടുന്ന സുദിനങ്ങള്‍ തണുപ്പിന്‍റെ മാസങ്ങള്‍ മാത്രം. ഇന്ന് വീട്ടിലെ ഫോണിലെ പ്രധാന അറിയിപ്പ്,അറിഞ്ഞു .മാര്‍ക്കറ്റില്‍ അയ്യല വന്നിട്ടുണ്ട്.പോകണം. ഓര്‍മ്മകളേ...:)

സ്വതന്ത്രന്‍ said...

നിമിഷങ്ങള്‍ക്കകം തെരുവ് നായ്ക്കള്‍ കൂട്ടമായി ആക്രമിച്ച മുനിസിപ്പാലിറ്റി വേസ്റ്റ് ബോക്സ്‌ പോലെ ആയി അടുക്കള.

സമ്മതിച്ചിരിക്കുന്നു എങ്ങനെ കിട്ടുന്നു
ഈ ഉപമകള്‍ ......
നന്നായിട്ടുണ്ട് ........

ദിയ കണ്ണന്‍ said...

hehe.. :) very nice

Jenshia said...

കൈ അകലത്തില്‍ അവയൊക്കെ തീന്മേശയിലൂടെ ഓടി നടക്കുന്നത് മാത്രം കണ്ടിരിക്കേണ്ടി വരുന്ന ഒരു പതിനൊന്നു വയസ്സുകാരന്റെ വേദന...ശ്ശൊ..പാവം കണ്ണന്‍ :(

ശ്ശൊ..പാവം തന്നെ :D

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:മുള്ളില്ലാത്ത അയല ആ നാട്ടുകാരൊക്കെ ആദ്യമായി കണ്ടു കാണും അല്ലേ? (അതും ബാക്കി വച്ചു കാണൂലല്ലോ?)

ക്രിസ്തുമസ് പുതുവത്സര ആശംസകള്‍

Ashly said...

കല്ലക്കി !!!!!!!!!!!!!

വാല്‍നക്ഷത്രം said...

"അയല...അതെന്താ? സോറി,വെജിറ്റേരിയനാ "
എന്നാവും മുന്‍പ് അയലയെ പറ്റി ഞാന്‍ പറയുക .
ഇപ്പോഴല്ലേ അറിഞ്ഞത് "വടിവൊത്ത ശരീരം... വലിയ കണ്ണുകള്‍..നീണ്ടു പരന്ന വാല്‍.." ഇത്ര ഗ്ലാമറസ് ആണ് അയല എന്ന്.

ഇനി അയല എന്ന് കേട്ടാല്‍ എന്റെ നാവില്‍ ആദ്യം വരുന്നതും "അയലെ, ഐ ലവ് യു " എന്നായിരിക്കും. നല്ല പോസ്റ്റ്‌..

Ashly said...
This comment has been removed by the author.
കണ്ണനുണ്ണി said...

ചാണക്യന്‍: മാഷെ ഇതിലെ വന്നതില്‍ സന്തോഷം ട്ടോ .. ആശംസകള്‍ തിരിച്ചും
അനില്‍ മാഷെ : നന്ദി
ദീപു: നന്ദി
ഹാഫ് കള്ളന്‍ : നന്ദി
കുറുപ്പേ: അയാള്‍ക്ക് കൂട്ട് ഓ സി ആര്‍ ഉണ്ടോ.. സത്യം പറ..
അഭി: സെയിം പിച്.. :)
രഘു മാഷെ : വേറെ ആര് തെറ്റി ധരിചില്ലേലും മാഷ്‌ ധരിക്കും ന്നു അറിയാരുന്നു. അതോണ്ടല്ലേ ആദ്യത്തെ വരി തന്നെ അതങ്ങ് ക്ലിയര്‍ ആക്കിയെ.. ഹിഹി
കു ക കു കെ (വിനയന്‍ ) : ഹിഹി വേഗം പോയി മേടിച്ചോ.. പക്ഷെ എന്നാലും വീട്ടില്‍ ഇന്ടക്കിയ അച്ചാറിന്റെ നാല് അയലത്ത് വരുലാട്ടോ
തെച്ചി കോടന്‍: ഹഹ അയല ക്കറിയാണോ...

കണ്ണനുണ്ണി said...

honey : thanks yaar :)
ജോ : അത് ആര്‍ക്കാന്നെ? സത്യം പറ
മെല്ലോ : എന്നാലും സ്വന്തായി കേറി ഒന്ടാക്കരുതുട്ടോ... അടി അടി ഗ്ര്ര്ര്ര്ര്ര്ര്ര്ര്‍
വര്‍ണ്ണ തുമ്പി : ഹഹ സെയിം പിച്ച്
കിഷോര്‍: എനികിത് വരെ ചികെന്‍ പോക്സ് വന്നിട്ടില്യ.. ഈശ്വരാ വരാതെ ഇരിക്കട്ടെ..
ആര്‍ദ്ര ആസാദ്: ഒര്താ മാത്രം പോരാ.. ഒരു അയല വറുത്തത് ബാന്ഗ്ലൂര്‍ക്ക് പാര്‍സല്‍ കൂടെ അയക്കുന്നെ :( പാവല്ലേ
വേണു മാഷെ : പഴയ ഓര്‍മ്മകള്‍ അല്‍പ്പം മടങ്ങി വരാന്‍ ഞാന്‍ ഒരു നിമിതമായത്തില്‍ സന്തോഷം

കണ്ണനുണ്ണി said...
This comment has been removed by the author.
കണ്ണനുണ്ണി said...

സ്വതന്ത്രന്‍: നന്ദി മാഷെ.. ഇതിലെ ആദ്യായിട്ട അല്ലെ .. സ്വാഗതം...
ദിയ :നന്ദി
ജെന്ശിയ: ശ്ശൊ അതെന്നെ.. പാവം
കുട്ടിച്ചാത്തന്‍: അങ്ങനെയല്ല ചാത്ത, മുള്ള് പോലും ബാക്കി വെക്കാതെ എങ്ങനെ അയല തിന്നാം എന്ന് നാട്ടുകാര് അധ്യായി കണ്ടു
ആഷ്ലി: നന്ദി
വാല്‍ നക്ഷത്രം: സത്യത്തില്‍ അയാള്‍ക്ക് അത്ഹ്ര ഗ്ലാമര്‍ ഒന്നും ഇല്യാന്നെ... സാഹചര്യത്തിന്റെ സമ്മര്‍ദത്തില്‍ അതൊക്കെ തോന്നി പോയതല്ലേ...

ആഗ്നേയ said...

haha..nice..happy christmas

എതിരന്‍ കതിരവന്‍ said...

കണ്ണനുണ്ണീ എന്തൊരു തെളിമയാ എഴുത്തിന്! എല്ലാ കഥകളിലും ചില ക്ലാസിക്ക് പ്രയോഗങ്ങളും!
ഞാനൊരു ഫാൻ ആ‍യി.

raadha said...

കണ്ണാ .... കുട്ടിക്കാലത്തെ ഭക്ഷണത്തോടുള്ള ആക്രാന്തം അടിപൊളിയായി. വല്ലാതെ രസിപ്പിച്ച പോസ്റ്റ്‌. ക്രിസ്മസ് പുതുവത്സരാശംസകള്‍..!!

താരകൻ said...

ശ്ശൊ... അയലക്കൊക്കെ മുടിഞ്ഞ ഗ്ലാമര്‍ തന്നെ.കൊള്ളാം ..ഇഷ്ടമായി

വിനുവേട്ടന്‍ said...

നല്ല മത്തിക്കറി കൂട്ടി ശാപ്പാടൊക്കെ അടിച്ചിട്ടിരിക്കുമ്പോഴാ കണ്ണാ ഇത്‌ വായിക്കുന്നത്‌... ചിരിപ്പിച്ചു കളഞ്ഞു.... എന്നാലും നല്ല നെയ്യുള്ള മത്തിക്കറിയുടെ അത്ര വരുമോ അയലക്കറി?...

വീകെ said...

അതു ശരി...
അപ്പൊ ഈ അയലപ്രാന്തൻ ഞാൻ മാത്രാമല്ലാല്ലെ...?!

ആശംസകൾ...

jayanEvoor said...

ഞാനും അനുഭവിച്ചതാ ഇതുപോലൊരു കാലം !
അതും മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍....
സ്വന്ത കുഞ്ഞമ്മയുടെ കല്യാണത്തിനു സദ്യ നേരെ ഉണ്ണാന്‍ പോലും പറ്റീല...
പായസം വിളമ്പാന്‍ നേരം അച്ഛന്‍ എണീപ്പിച്ച്ചോണ്ട് പോയി!
(അത് വിശദമായി ഒന്നെഴുതാം, പിന്നെ!)

ക്രിസ്മസ് നവവത്സരാശംസകള്‍!

dhooma kethu said...

റാഡിയമ കണ്ടു പിടിച്ച മാഡംകുരി ഒരികല്‍ പ്രേമ നൈരാസ്യത്തില്‍ പിടയുമ്പോള്‍ വിലപിച്ചു എന്ന് കേട്ടിട്ടുണ്ട് " എത്ര ചെറുതാണ് എന്റെ മോഹങ്ങള്‍ " എന്ന്. അത് പോലെ എനിക്കും ഉണ്ട് ഒരു ചെറിയ മോഹം ; ഈ കണ്ണന്‍ പുനെര്‍ജെനികുംപോള്‍ ഒരു അയല ആവണം എന്ന്.
എന്നിട്ട് വേണം എലികുഞ്ഞിന്റെ പ്രാണ വേദനയില്‍ ആഹ്ലാദം കൊള്ളുന്ന മാര്‍ജാര മാന്യനെ പോലെ എനിക്ക് ചൂണ്ടയല്‍ കുടുങ്ങിയ അയല കുഞ്ഞിനെ കൊണ്ട് ' ആട് രാമാ , ചാടു രാമാ ' എന്നൊകെ പറഞ്ഞു അല്ലറ ചില്ലറ യോഗ അഭ്യാസങ്ങള്‍ പഠിപികുവാന്‍.

തെറി ധരിക്കല്ലേ , കണ്ണന്‍ നന്നായി വരുവാന്‍ ഉള്ള ആഗ്രഹം കൊണ്ടാണ്.
മനോഹരം ആയിരിക്കുന്ന കണ്ണന്‍, ഭാവതീവ്രത വാടാതെ ,നര്‍മ ഭംഗിക്ക് കോട്ടം വരാതെ ശുദ്ധ ലളിത മലയാളത്തില്‍ രൂപ കല്പന ചെയ്ത ഒരു അനുഭവം നര്‍മത്തിന്റെ കണ്ണാടിയിലൂടെ കാണുവാന്‍ നല്ല രേസം.

പിന്നെ ഈ ആല്‍ബുമിന്‍ ന്റെ രോഗം? അത് മനസിലായില്ല;അതിന്റെ ചികിത്സ രീതി ഒട്ടും മനസിലായില്ല

മഴവില്ല് said...

kannaaaaa ayilapuranam kalakki ......... pandee oru teettapriyananu lleeeeee ........... heehe nee illatha jeevitham uppillatha kanji pole ennu kettitte ullu ippo manssilayi

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ente kannnaaaaaaaaaaaaaaaa....... bakki comment njan malayalam phont il idam. 70 njan thiakakkam ennu vachu........bakki malayalathil varum ente kannaneeeee...AYALA super

രാധിക said...

ഇങ്ങനെ മീന്‍ കഴിക്കാനുള്ള ഒരാര്‍ത്തി എനിക്കുമുണ്ടാവാറുണ്ട്. മണ്ഡലക്കാലവും ,കര്‍ക്കിടമാസവുമൊക്കെ കഴിഞ്ഞു വീട്ടിലു മീന്‍ വാങ്ങുമ്പൊല്‍ ഇന്നേവരെ മീന്‍ കണ്ടിട്ടില്ലാത്ത പോലെ കഴിക്കാറുണ്ട്,കണ്ണനുണ്ണിയുടെ അവസ്ഥ എന്തായിരുന്നു എന്നു ശെരിക്കും മനസ്സിലാവുന്നുണ്ട്.

വരവൂരാൻ said...

സ്നേഹപൂർവ്വം... നന്മകളുടെ ഒരു പുതുവൽസരം നേരുന്നു..പോസ്റ്റ്‌ നന്നായി

ഷൈജൻ കാക്കര said...

"രണ്ടു കൊല്ലം കൂടി സൌദിയില്‍ നിന്നും ഗള്‍ഫ് എയര്‍ വിമാനത്തില്‍ വന്നിറങ്ങുന്ന ദാസേട്ടനെ കാത്തു അറൈവല്‍ ഗേറ്റില്‍ നില്‍ക്കുന്ന മീന ചെചിയൊക്കെ എന്‍റെ കാത്തിരിപ്പിന് മുന്നില്‍ എത്ര ഭേദം."


എയർ ഇന്ത്യയായിരുന്നുവേങ്ങിൽ മീന ചേച്ചി.....

ഉഷശ്രീ (കിലുക്കാംപെട്ടി) said...

2010 വന്നേ
http://kilukkampetty.blogspot.com

kanna Happy new year
ID ariyillayirunnu atha ivide vannu parayunne

vinus said...

ഹൊ ആ മീൻ സ്വർഗ്ഗത്തിൽ പൊയി കാണും .ആ‍ദ്യമേ പറഞ്ഞു എന്നാലും ചൊദിക്കുവാ ആ മീനിന്റ് മുള്ളിനെ എങ്കിലും വെറുതെ വിട്ടൊ?..കണ്ണനൂണ്ണി എഴുത്ത് ശെരിക്കും കലക്കൻ

ജയരാജ്‌മുരുക്കുംപുഴ said...

bestwishes

Umesh Pilicode said...

കൊള്ളാം

Rare Rose said...

പണ്ടു കുഞ്ഞു നാളില്‍ ചിക്കന്‍ പോക്സ് പിടിച്ചപ്പോള്‍ ഇതു പോലെ ഉപ്പും മുളകും തുടങ്ങി യാതൊരു വികാരവുമില്ലാത്ത വേവിച്ച എന്തൊക്കെയോ പച്ചക്കറി കഷ്ണങ്ങള്‍ കുറെ നാളത്തേക്ക് കഴിച്ചു ലോകത്തെ സകല കൂട്ടാന്‍ വര്‍ഗ്ഗങ്ങളോടും അതിഭീകര കൊതി തോന്നിയതും, സങ്കടം വന്നതുമൊക്കെയോര്‍മ്മ വന്നു ഇതു വായിച്ചപ്പോള്‍..:)

കുഞ്ഞു കുഞ്ഞു നിഷ്കളങ്ക ഓര്‍മ്മകള്‍ രസായി എഴുതിയിരിക്കുന്നു.കറിച്ചട്ടിക്കടുത്തുള്ള ആ കാവലിരിപ്പൊക്കെ ശരിക്കും ചിരിപ്പിച്ചു..:)

ഉല്ലാസ് said...

ഞാന്‍ ഇപ്പോള്‍ കര്‍ക്കിടകം, വൃശ്ചികം മാസങ്ങളില്‍ നൊമ്പ്‌ നൊക്കാറുണ്ട്‌. (പൂര്‍ണമായും വെജ്‌ - ബാക്കിയുള്ള കാലത്തെ പാപങ്ങള്‍ അങ്ങനെ തീരട്ടെ!). പക്ഷെ മാസം കഴിയുന്നതിന്റെ പിറ്റേന്നുള്ള ആക്രാന്തം ഇതു വയിച്ചപ്പോള്‍ ഓര്‍ത്തുപോയി.:-)

Shinoj said...

ഹ ഹ ഹാ ! കണ്ണി മാങ്ങ കുപ്പിയെ കെട്ടിപിടിച്ചു 'മിസ്സ്‌ യു ഡാ' !! എനിക്കിഷ്ടപെട്ടു !

തെങ്ങും വിളയിൽ മത്തായി

രാമപുരത്തിന്റെ വടക്കേ അതിരിൽ പുഞ്ചപ്പാടങ്ങളും , തെങ്ങിൻ തോപ്പുകളും അഴക് ചാർത്തുന്ന ഏവൂർ എന്ന കൊച്ചു ഗ്രാമം. അവിടെ സാമാന്യം തെറ്റില്ലാത്ത പി...