ജനിച്ചു വളര്‍ന്ന നാട്ടിലെ ഓരോ മണല്തരിക്കും സുപരിചിതനാവുക എന്ന അസുലഭ ഭാഗ്യം ലഭിച്ച അപൂര്‍വ്വം ചിലരില്‍ ഒരാളായിരുന്നു തയ്യില്‍ കിഴക്കതില്‍ രാമേട്ടന്. മുതുകുളത്ത് രാമേട്ടനെ അടുത്തറിയാന്‍ കഴിഞ്ഞിട്ടില്ലാത്ത ഹതഭാഗ്യവാന്മാര് കുറെ ഒക്കെ ഉണ്ടെങ്കിലും രാമേട്ടന്റെ ഒരു ഫ്രഞ്ച് കിസ്സ് എങ്കിലും കിട്ടാത്ത പൊതുവഴികളും ഒരു ഹഗ് എങ്കിലും കിട്ടാത്ത മൈല്‍ കുറ്റികളും മുതുകുളത്ത് ചുരുക്കം. എന്നും അന്തിക്ക് തണ്ണിയടിച്ചു പാമ്പായി കോണ്‍ തെറ്റി വരുന്ന രാമേട്ടന് കളി പറയാനും, ചിരിക്കാനും, തല്ലു കൂടാനും ഒടുവില്‍ ഉറങ്ങുമ്പോള്‍ കൂട്ട് കിടക്കാനും വരെ ഭാര്യ മാധവി ചെച്ച്ചിയെക്കാള്‍ കൂട്ടായിരുന്നത് മുതുകുളത്തെ ടെലിഫോണ്‍ പോസ്റ്റുകളും , കലുങ്കുകളും പഞ്ചായത്ത് പൈപ്പുകളും ആയിരുന്നു.

രാമേട്ടന് കോണോടു കോണ്‍ നടന്നു വീതി അളന്നിട്ടില്ലാത്ത ഇടവഴികളും അന്തിയുറങ്ങിയിട്ടില്ലാത്ത കലുങ്കുകളും മുതുകുളം പഞ്ചായത്തില്‍ വളരെ ചുരുക്കം. സൂര്യ ഭാഗവാനുമായുള്ള രഹസ്യ എഗ്രിമെന്റ് കൊണ്ടോ എന്തോ പുള്ളി ഡ്യൂട്ടി കഴിഞ്ഞു പോയാല്‍ മാത്രമേ രാമേട്ടന് കുടിക്കൂ. പകല്‍ സമയം സൌമ്യനും പരോപകാരിയും നല്ലൊരു പാട്ടുകാരനും കൂടി ആയിരുന്നു എങ്കിലും സന്ധ്യ കഴിഞ്ഞാല്‍ ആളുടെ ഭാവം മാറും.
'ഫുള്‍ ഉടാ കര് പിയോ ' എന്ന ആശയത്തില്‍ വിശ്വസിക്കുന്നതിനാല്‍, തല ഉയര്‍ത്തി പിടിച്ചു നിന്ന നില്പ്പില് ഒരു കുപ്പി കള്ള് കേറ്റി ഷാപ്പിലെ ഈവനിംഗ് പ്രോഗ്രാമ്മിനു മുടങ്ങാതെ തേങ്ങയടിക്കുന്ന രാമേട്ടനെ 'കുടിയന്മാരുടെ അമീര്ഖാന്' എന്ന് അസൂയക്കാര് വിളിക്കാറുണ്ട്. അങ്ങനെ മുതുകുളം പഞ്ചായത്തിന്റെ കണ്ണിലുണ്ണിയും ആസ്ഥാന കുടിയനുമൊക്കെ ആയിരുന്നു രാമേട്ടന്.
ജന്മം കൊണ്ട് കുടിയനാണെങ്കിലും കര്‍മ്മം കൊണ്ട് രമേട്ടനൊരു തയ്യല്‍ക്കാരനായിരുന്നു. കുറഞ്ഞ ചിലവില്‍ കയ്യ് വെട്ടുക കാലു വെട്ടുക, ഷര്‍ട്ടിനു ബട്ടന്‍സ് പിടിപ്പിക്കുക തുടങ്ങിയ കൊട്ടേഷന്‍ വര്‍ക്കുകള്‍ ഭംഗിയായി പറഞ്ഞ സമയത്ത് തീര്‍ക്കുന്നതില്‍ രാമേട്ടനെ കഴിഞ്ഞേ പഞ്ചായത്തില്‍ വേറെ തയ്യല്കാര് ഉണ്ടായിരുന്നുള്ളൂ. പക്ഷെ ഒറ്റ കുഴപ്പമേ ഉള്ളു. പണി തീര്‍ന്നു ടെലിവറിക്ക് കൊണ്ട് പോവുന്ന ഷര്‍ട്ടും പാന്റുമൊക്കെ പിറ്റേ ദിവസം വഴിയരികിലെ ഏതെങ്കിലും കലുങ്കിലോ , ചിലപ്പോ പണയ ഉരുപ്പടിയായി ഷാപ്പിലോ ഒക്കെയാവും കണ്ടെത്തുക. ആ വകയില്‍ ഭരണി പാട്ടും, ചിലപ്പോഴൊക്കെ കുനിച്ചു നിര്‍ത്തി നടുവിന് നല്ല കുത്തിയോട്ടവും വഴിപാടായി നടത്തിയിട്ടുണ്ട് നാട്ടുകാര്‍ പലരും പലവട്ടം. എങ്കിലും രാമേട്ടനും നാട്ടുകാരും ഈ കലാപരിപാടികള്‍ ഇന്നും ആവര്‍ത്തിച്ചു കൊണ്ടേ ഇരിക്കുന്നു എന്നല്ലാതെ പ്രത്യേകിച്ചൊരു മാറ്റവും ഉണ്ടായിട്ടില്ല.
പണ്ടൊക്കെ പാമ്പായി കഴിഞ്ഞാല്‍ വഴിയെ പോവുന്ന പാവങ്ങളുടെ മേല്‍ കുതിര കയറുന്ന സ്വഭാവം രമേട്ടനുണ്ടായിരുന്നു. അങ്ങനെ ഒരിക്കല്‍ ഫുള്‍ ഫോമില്‍ നില്‍ക്കെ, വഴിയെ പോയ പട്ടാളം സുധാകരെട്ടനോട്, അദേഹത്തിന്റെ പിതാവ് ആരാണെന്നു സംശയം ചോദിക്കുകയും പട്ടാളത്തിന്റെ ശക്തവും വ്യക്തവുമായ മറുപടി താങ്ങാനാവാതെ മൂന്നു ദിവസം അത്യാവശ്യ കാര്യങ്ങള്‍ക്കായി ട്യുബ് ഇടേണ്ടി വരികയും ചെയ്തു. അതിനു ശേഷം പാമ്പായി വഴിയെ പോവുമ്പോള്‍ കുഞ്ഞു പിള്ളേര് റോഡിലൂടെ പോയാല്‍ വരെ മുണ്ടിന്റെ മടക്കഴിച്ചിട്ട് വിനയത്തോടെ തൊഴുന്നത് രമേട്ടനൊരു ശീലമായി. അല്ലെങ്കിലും അനുഭവങ്ങളില്‍ നിന്നും പാഠം പഠിക്കുന്നവരാണല്ലോ മഹാന്മാര്. പക്ഷെ മനുഷ്യരോടുള്ള ഈ ബഹുമാനം മറ്റൊന്നിനോടും പുള്ളി കാട്ടിയിരുന്നില്ല. കല്ലുമൂട്ടില്‍ കിഴക്കുള്ള വലിയ തത്ത ചുണ്ടന് മാവും , അയലത്തെ കാര്‍ത്യായനി ചേച്ചിടെ സിന്ധി പശുവുമൊക്കെ രാമേട്ടന്റെ കയ്യില്‍ നിന്ന് തന്തക്കു വിളി കേട്ടതിനു കയ്യും കണക്കുമില്ല. എങ്കിലും രമേട്ടനോടുള്ള പേടി കൊണ്ടോ എന്തോ അവയൊന്നും തിരികെ ഒരക്ഷരം പറയാന്‍ ഇത് വരെ ധൈര്യം കാട്ടിയിട്ടില്ല. അങ്ങനെ പണി എടുത്തും , പാമ്പായി വാള് വെച്ച് ഷാപ്പിലെ ദിവാകരേട്ടന് ഡെയിലി പണി കൊടുത്തും രാമേട്ടന് മുതുകുളത് അടിച്ചു പൊളിച്ചു കഴിഞ്ഞു കൂടുന്ന കാലം.
അന്ന് പാണ്ഡവര്‍ കാവിലെ കൂട്ടം കൊട്ടായിരുന്നു.
കാലം തെറ്റി വന്ന മഴയില്‍ കുതിര്‍ന്നു ഉത്സവത്തിന്റെ പകിട്ട് കുറഞ്ഞെങ്കിലും രണ്ടു കുപ്പി അന്തി കൂടുതല്‍ കുടിക്കാന്‍ കാരണം നോക്കി നടക്കുന്ന രാമേട്ടന് മഴയൊന്നും ഒരു വിഷയമേ ആയിരുന്നില്ല. പോരാത്തതിന് ഉത്സവതോടന്ബന്ധിച്ചു ഷാപ്പില് അന്ന് കപ്പയ്ക്ക് കൂട്ടായി സ്പെഷ്യല്‍ നീറു മീന്‍ കറിയും ഉണ്ടായിരുന്നു. ഷാപ്പ് അടക്കേണ്ട സമയമായിട്ടും ഒരു കയ്യില്‍ കുപ്പിയും മറ്റേ കയ്യില്‍ കപ്പയും പിടിച്ചു ഫുള്‍ ഫോമില്‍ ഓട്ടന്‍ തുള്ളല്‍ നടത്തി കൊണ്ടിരുന്ന രാമേട്ടനെ ദിവാകരെട്ടനും ഭാര്യ രമണിയും കൂടി ഒടുവില്‍ കത്തി കാട്ടി കൊന്നു കളയും എന്ന് പേടിപ്പിച്ചാണ് അന്ന് വീട്ടിലേക്കു പറഞ്ഞു വിട്ടത്.
ഷാപ്പില് നിന്ന് ടാറിട്ട റോഡിലേക്ക് പാടത്തിനു നടുക്ക് കൂടെ അര കിലോമീറ്റര്‍ വരുന്ന ഒരു ഒറ്റയടി പാതയുണ്ട്. അവിടെ നിന്ന് ഒന്ന് കൂവിയാല്‍ പോലും ഒരു കുഞ്ഞും കേള്‍ക്കില്ല. ഏഴെട്ടു വര്‍ഷം മുന്‍പ് ഒരു രാഷ്ട്രീയ സംഘട്ടനത്തില്‍ രണ്ടു പാര്‍ട്ടി പ്രവര്‍ത്തകരെ അവിടെ വെച്ച് വെട്ടി കൊന്നിട്ടുണ്ട്. അതൊക്കെ കൊണ്ട് തന്നെ രാത്രിയായാല്‍ ഒറ്റയ്ക്ക് ആരും അതിലെ പോവുക പതിവില്ല. പക്ഷെ വീട്ടുകാരേക്കാള്‍ ഏറെ പൊതുവഴികളെയും , പോസ്റ്റുകളെയും സ്നേഹിച്ചിരുന്ന രാമേട്ടന് അതൊന്നും ഒരു പ്രശ്നമേ ആയിരുന്നില്ല.

ഭരണി പാട്ടും പാടി രാമേട്ടന് പാതി വഴി എത്തി കാണും. കനത്ത മഴയില്‍ വഴിയില്‍ പത്തടിയോളം വീതിയില്‍ മട വീണിരിക്കുന്നു. വെള്ളം ശക്തമായി ഒഴുകുന്നുണ്ട്. സാധാരണ രീതിയില്‍ അഞ്ചു വയസ്സുള്ള കുട്ടിക്ക് വരെ നടന്നു പോകാവുന്നത്ര ഒഴുക്കെ ഉള്ളുവെങ്കിലും സിനീമാറ്റിക് ഡാന്‍സിനു സ്റ്റെപ്പ് ഇടുന്ന പോലെ ആടി കൊണ്ടിരുന്ന തന്റെ കാലുകളെ രാമേട്ടന് അത്ര വിശ്വാസം പോരായിരുന്നു. വെള്ളം മുറിച്ചു കടക്കാന്‍ തുടങ്ങിയാല്‍ ഒരുപക്ഷെ അക്കരെ എത്തുന്നതിനു പകരം ഒഴുകി അറബി കടലില്‍ എത്തിയാലോ എന്ന ചിന്തയില്‍ മുന്നോട്ടു പോവുന്നത് ഒരു വന്‍ റിസ്ക് ആയി രാമേട്ടന് തോന്നി. പക്ഷെ തിരികെ ഷാപ്പിലേക്ക് പോയാല്‍ ദിവാകരേട്ടന്റെ ഇറച്ചി വെട്ടുന്ന കത്തിക്ക് അതൊരു പണിയാവുമല്ലോ എന്ന ചിന്ത കൂടി ആയതോടെ ആകെ കണ്ഫ്യുഷനിലായി. അവിടെ തന്നെ കിടക്കാം എന്ന് വെച്ചാല്‍ പാര്ട്ടികാരുടെ പ്രേതം ചിലപ്പോ പിരിവിനു ഇറങ്ങിയാലോ. കൂട്ടിനാണെങ്കില്‍ ഒരു ടെലിഫോണ്‍ പോസ്റ്റ് പോലുമില്ല താനും. ഒടുവില്‍ രണ്ടും കല്പ്പിച്ചു റിസ്ക് എടുക്കാന്‍ തന്നെ രാമേട്ടന് തീരുമാനിച്ചു. എന്ത് വന്നാലും മുന്നോട്ടു തന്നെ.
മുണ്ട് മടക്കി കുത്തി, തോര്‍ത്ത് തലയില്‍ കെട്ടി, ചെരുപ്പൂരി കയ്യില്‍ പിടിച്ചു രാമപുരത്തമ്മയെ മനസ്സില്‍ ധ്യാനിച്ച് രാമേട്ടന് വെള്ളത്തിലേക്കിറങ്ങി. അകത്തെ വെള്ളത്തിന്റെ ശക്തിയും പുറത്തെ വെള്ളത്തിന്റെ ഒഴുക്കും കൂടിയായപ്പോള്‍ ഐസ് മലയില്‍ ഇടിച്ച ടൈറ്റാനിക് പോലെ രാമേട്ടന് ആടി ഉലഞ്ഞു. മുക്കാല്‍ ദൂരം എത്തി കാണും. പെട്ടെന്ന് എന്തോ കാലില്‍ ചുറ്റി പിടിച്ചു. കടിക്കുവാണോ എന്തോ...നോവുന്നുണ്ട്. ഒഴുക്കിനൊപ്പം പിടിച്ചു വലിക്കുന്നത് പോലെ ഒരു തോന്നല്‍.
ഒരു നിമിഷം കൊണ്ട് കള്ളിന്റെ കിക്കിറങ്ങി. പഞ്ചായത്തിലെ കഥകളില്‍ കറങ്ങി നടക്കുന്ന ലോക്കല്‍ പ്രേതങ്ങളും പ്രതേകിച്ചു ആ പാടത്ത് തന്നെ സ്ഥിര താമസമാക്കിയ പാര്‍ട്ടി പ്രേതങ്ങളുമൊക്കെ ഒരു നിമിഷം രാമേട്ടന്റെ ഓര്‍മ്മയില്‍ നിന്ന് ചിരിച്ചു കാട്ടി. കാലില്‍ പിടിച്ചു വലിക്കുന്ന സ്ഥിതിക്ക് പാര്‍ട്ടി പ്രേതങ്ങള്‍ തന്നെ ആവും. പോരാത്തേന് രമേട്ടനാണേ മറ്റേ പാര്‍ട്ടിയും.
ന്റമ്മേ!!!..........എന്നെ കൊല്ലാന്‍ പോണേ..... എന്ന് പാടം കിടുങ്ങിയ ഒരലര്‍ച്ച..
രാമേട്ടന്...ഡിം..!
വാഴ വെട്ടിയിട്ട പോലെ പാട വരമ്പത്ത്... ക്രാഷ് ലാന്ടിംഗ്...തീര്‍ന്നു .
നേരം വെളുത്തിട്ടും രാമേട്ടന് വീട്ടില്‍ എത്താതതിനാല്‍ പരിഭ്രമിച്ചിരിക്കുന്ന മാധവിചെച്ചിയോടു രാമേട്ടന് മരിച്ചു എന്ന് പറഞ്ഞത് തയ്യിലെ രാജേഷാണ്. കേട്ട പാതി കുട്ട്യോളെയും പിടിച്ചു വലിച്ചു അലറി കൂവിക്കൊണ്ട് പാടത്തെക്കൊടിയ മാധവിചെചിയും , കൂടെ ഓടിയ അയല്കാരും കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു.
പാട വരമ്പത്ത് ബോധം കെട്ടുറങ്ങുന്ന രാമേട്ടന്. രാത്രിയില്‍ പരാക്രമത്തിനിടയില്‍ പകുതി അഴിഞ്ഞു പോയ കൈലി മുണ്ട്. വഴക്കിട്ടു പിണങ്ങി കിടക്കുന്ന കെട്ട്യോളെ പോലെ രണ്ടടി ദൂരെ മാറി കിടക്കുന്ന അഞ്ചു ബാറ്റെറിയുടെ ടോര്‍ച്ച്. തലയ്ക്കല്‍ കത്തിച്ചു വെച്ച് ഉരുകി തീരാറായ മെഴുകുതിരി. കാലില്‍ കുരുങ്ങി കിടക്കുന്ന ഉണങ്ങിയ കൈതച്ചെടി. തലേന്നത്തെ ഒഴുക്കില്‍ എവിടെ നിന്നോ ഒഴുകി വന്നു രാമേട്ടന്റെ കാലില്‍ ചുറ്റി പിടിച്ചത് .
ആസ് യൂഷ്വല്‍, സംഭവം വെറും ബോധം കെടലാണെന്നു മനസ്സിലായതോടെ അടുപ്പില്‍ പുഴുങ്ങാന്‍ ഇട്ട കപ്പയുടെ ഓര്‍മ്മ മാധവിചെയിയുടെ മനസ്സില്‍ ഓടിയെത്തി. തന്റെ കരച്ചില് വേസ്റ്റ് ആയെന്നറിഞ്ഞത്തിന്റെ ഫ്രസ്ട്രെഷനില്‍ പിറുപിറുത്തു കൊണ്ട് വന്നതിനേക്കാള്‍ സ്പീഡില്‍ പുള്ളിക്കാരി വീട്ടിലേക്കു മടങ്ങി. രാവിലെ വഴിയെ പോയെ തല തെറിച്ച പിള്ളേര് ആരോ ഒപ്പിച്ച പണി . തലയ്ക്കല്‍ കത്തി ഇരുന്ന മെഴുകുതിരി കണ്ടു തെറ്റി ധരിച്ചു പോയതാണെങ്കിലും രാജേഷിനെ തെറി വിളിച്ചു അപ്പോള്‍ തന്നെ കണക്കു തീര്‍ക്കുന്നതില്‍ പക്ഷെ മാധവിചെയി തെല്ലും മടി കാട്ടിയില്ല. (അവനതു വേണം, പാവത്തിനെ വെറുതെ ആശിപ്പിച്ചു കളഞ്ഞതല്ലേ. )
മെഴുകു തിരി കത്തിച്ച മഹാന് ആരാണെന്നു ഇന്നും അറിയില്ലെങ്കിലും അന്തിയടിച്ചു പാമ്പായി കഴിഞ്ഞുള്ള ഡെയിലി ഭരണി പാട്ടിലും തന്തക്കു വിളിയിലും ആ അനോണിയെ കൂടെ ഉള്‍പ്പെടുത്താന്‍ പിന്നീട് ഇന്ന് വരെ ഒരു ദിവസവും രാമേട്ടന് മറന്നിട്ടില്ല. എന്തായാലും അതിനു ശേഷം രമേട്ടനൊരു പുതിയ പേര് കൂടി നാട്ടുകാര്‍ സമ്മാനിച്ചു.
പരേതന് രാമേട്ടന് !
ചിത്രം വരച്ചത്: കുക്കു