Tuesday, June 2, 2009

ശ്ശൊ, ഈ പണിക്കരേട്ടന്ടെ ഒരു കാര്യം

      പണിക്കരേട്ടനെ അറിയില്ലേ ?? നല്ല കഥയായി.....പണിക്കരേട്ടനെ ആരാ അറിയാത്തെ..... ചുക്കില്ലാത്ത കഷായം ഉണ്ടോ? ഇഞ്ചിക്കറിയില്ലാത്ത സദ്യ ഉണ്ടോ... ആനയില്ലാത്ത തൃശൂർ പൂരം ചിന്തിക്കാൻ കഴിയുമോ ? അത് പോലെ തന്നെ ഉള്ള ഒരു ഒഴിവാക്കാൻ ആവാത്ത ഇൻഗ്രീഡിയൻറ് ആണ് പണിക്കരേട്ടന്‍ ഞങ്ങൾ രാമപുരത്തുകാർക്ക്. രാമപുരത്തെ മൂന്നു കരയിലെയും കല്യാണവും അടിയന്തിരവും മുതല്‍ നാട്ടിലെ ഉത്സവം ആയാലും, പേരിടീല്‍ ആയാലും പണിക്കരേട്ടന്‍ ഇല്ലെങ്കില്‍...അങ്ങോട്ട് വെടിപ്പ് ആവില്ല .... ഇനി രാമപുരം ക്ഷേത്രത്തിലെ മീന ഭരണി ഉത്സവം ആണെങ്കിലോ...പണിക്കരേട്ടന്‍ സ്ഥലത്തില്ലെന്കില്‍ സാക്ഷാല്‍ ഭഗവതി തന്നെ ചിലപ്പോ പറഞ്ഞെന്നു വരും... "ഡിയർ പീപ്പിൾ, പണിക്കര് വന്നിട്ട് മതി കൊടി ഇറക്കം, ഇനിപ്പോ വന്നില്ലെങ്കിൽ .. ഇറക്കണ്ടാ എന്നങ്ങട്‌ വെക്കാം" അങ്ങനെ ... എന്‍റെ നാട്ടിലെ... നാല് ആള് കൂടുന്ന എന്ത് ചടങ്ങിനും ഒരു അവിഭാജ്യ ഘടകം ആയിരുന്നു പണിക്കരേട്ടന്‍.... പണിക്കരേട്ടന്റെ തലയെടുപ്പ് ഒന്ന് വേറെ ആണ് ..... പനമ്പട്ട ഒക്കെ തിന്നു തലയാട്ടി നിൽക്കുന്ന മങ്ങലാംകുന്നു ഗണപതിയെ പോലെ , വെറ്റില ഒക്കെ ചവച്ചു തലയാട്ടി, മെലിഞ്ഞു നീണ്ടു ഒരു ആറു ആറേകാലടി പൊക്കത്തില്‍ ആരോമൽ ചേകവരെ പോലെ പണിക്കരേട്ടന്‍ നില്‍ക്കുന്നത് കണ്ടാല്‍... സാക്ഷാല്‍ അമിതാബ് ബച്ചനും മകന്‍ കുട്ടി ബച്ചനും ഒന്നും പിന്നെ ഏഴയലത്തു വരില്ല . കയ്യോ കാലോ തട്ടി പണിക്കരെട്ടന് വല്ലതും സംഭവിച്ചാല്‍ പിന്നെ ആര് സമാധാനം പറയും. മീശ മാധവനില്‍ സലിം കുമാറ് പറയുന്നത് പോലെ "കണ്ടാല്‍ ഒരു ലുക്ക് ഇല്ലെങ്കിലു " ആള് ഒരു സഞ്ചരിക്കുന്ന വികിപീഡിയ തന്നെ ആണ്. ഇപ്പൊ തന്നെ ഇന്ത്യ ന്യൂക്ലിയര്‍ ബോംബ്‌ പരീക്ഷിച്ചു എന്ന് പറഞ്ഞു എന്ന് വയ്ക്കുക. ഉടനെ വരും മറുപടി... " എന്‍റെ കുട്ടീ .. ഇതൊന്നും അത്രേ വല്യ കാര്യം അല്ലെടോ .. ഇത്തിരി കൂവളത്തും കായും,നാരങ്ങ നീരും , തീപ്പെട്ടിടെ മരുന്നും ഇങ്ങു എടുത്തേ ..ഞാന്‍ ഉണ്ടാക്കി തരാം നല്ല ഒന്നാം തരാം ബോംബ്‌..., നമ്മളിതെത്ര കണ്ടതാ..പത്രത്തില്‍ പടം വരാന്‍ വേണ്ടി ശാസ്ത്രഞ്ജന്‍മാരുടെ ഓരോ നമ്പര് അല്ലെ ഈ ന്യൂക്ലിയര്‍ ബോംബ്‌ ഒക്കെ" ഈ ഇന്‍സ്റ്റന്റ് ഉത്തരങ്ങളാണ് പണിക്കരേട്ടനെ എന്‍റെ അമ്മൂമ്മ അടക്കം നാട്ടിലെ സ്ത്രീ ജനങ്ങളുടെ എല്ലാം മുന്നില്‍ സ്റ്റാര്‍ ആക്കിയത്. എല്ലാ മാസവും മകയിരത്തിന് തറവാട്ടു ക്ഷേത്രത്തില്‍ പൂജയുണ്ടാവും. തിരക്കഥ,സംവിധാനം പണിക്കരേട്ടന്‍ ആവും എന്ന് പറയേണ്ടതില്ലല്ലോ. പണിക്കരേട്ടന്റെ നാവില്‍ നിന്ന് വരുന്ന മൊഴി മുത്തുകള്‍ പെറുക്കിയെടുക്കുവാന്‍ കണ്ണും കാതും കൂര്‍പ്പിചിരിക്കുന്ന അമ്മൂമ്മ യെ കാണുമ്പൊള്‍, പണിക്കരേട്ടന്‍ പ്രധാന പ്രതിഷ്ഠയായി ഒരു അമ്പലം ഉണ്ടായിരുന്നു എങ്കില്‍ ഉറപ്പായും അമ്മൂമ്മ അവിടെ ആഴ്ചയില്‍ ഒരിക്കല്‍ എങ്കിലും..നെയ്യ്‌ വിളക്കും.. മുഴുക്കാപ്പും... വഴിപാടു നടത്തിയേനെ എന്ന് തോന്നിപോകും... സാക്ഷാൽ സൂര്യഭഗവാന്‍ ഉറക്കത്തില്‍ പണിക്കരെട്ടനോട് സംസാരിചിട്ടുണ്ടത്രേ.. എന്ന് മാത്രമല്ല പുള്ളി പണിക്കരേട്ടന് വിളിച്ചാൽ വിളിപ്പുറത്താണെന്നു വരെ അച്ചാമ്മ പറയാറുണ്ട് . സ്കൂളില്‍ പഠിച്ച വിവരം വെച്ച്, സൂര്യന്‍ ഒരു ഗ്രഹം ആണ് ...സണ്‍ ഈസ്‌ ദി സെന്റര്‍ ഓഫ് സോളാര്‍ സിസ്റ്റം എന്നൊക്കെ പറഞ്ഞു കഥ തടസപെടുത്താന്‍ ചെന്ന എന്നെ കയ്യിലിരുന്ന ചായക്കോപ്പ എടുത്തെറിഞ്ഞാണ് അച്ചാമ്മ ദേഷ്യം തീർത്തത്. ."അഹങ്കാരി..പണിക്കര് പറയുന്ന്നതിനു എതിര് പറയുന്നോ..സൂര്യന്‍ ആരാണന്നു നീയാണോ തീരുമാനിക്കുന്നത്‌..." അമ്മൂമ്മക്ക് ദേഷ്യം ഇരട്ടിക്കുകയാണ്‌. അമ്പരന്ന് കൊണ്ട് നിന്ന എന്നെ പണിക്കരേട്ടന്‍ സമാധാനിപ്പിച്ചു . " വിട്ടേര് ചേച്ചി .. അവന്‍ കുട്ടിയല്ലേ...പള്ളികൂടത്തില്‍ ചെല്ലുമ്പോള്‍ അവര് പറഞ്ഞു കൊടുക്കുന്ന ഓരോ മണ്ടത്തരങ്ങള്‍ ആവും .. അവന്റെ തെറ്റല്ല...തല്ലണ്ട... പാവം.. ". സ്കൂളില്‍ വിടുന്നത് നിര്‍ത്തി എന്നെ പണിക്കരെട്ടന്റെ അടുത്ത് ഗുരുകുല വിദ്യാഭ്യാസത്തിനു അയയ്ക്കുവാന്‍ അമ്മൂമ്മ അച്ഛനോട് ശുപാര്‍ശ ചെയ്യുമോ എന്ന് പേടിച്ചു അതോടെ ഞാന്‍ സൈലന്റ് ആയി. ഹരിപ്പാട്ടു നിന്ന് രാമപുരത്തിന് വരുന്ന വഴിയില്‍ ആണ് കുപ്രസിദ്ധമായ കാഞ്ഞൂര്‍ പാടം. ഏക്കറു കണക്കിന് നീളത്തിലും വീതിയിലും കിടക്കുന്ന പാടത്ത് നിന്ന് ഒന്ന് കൂവി വിളിച്ചാല്‍ പോലും ആരും കേള്‍ക്കില്ല . രാത്രിയില്‍ അതിലെ ആരും പോവാറില്ല. ഡ്രാക്കുളയും കുട്ടിച്ചാത്തനും ഒക്കെ രാത്രിയില്‍ ടെന്നീസ് ഡബിൾസ് കളിക്കുവാന്‍ ഇറങ്ങുന്ന സ്ഥലം ആണ് അത് എന്നാണ് അനുഭവസ്ഥരുടെ സാക്ഷൃം. പക്ഷെ പണിക്കരെട്ടനല്ലേ ആള്. ഹരിപ്പാട്ടു ആറാട്ട് കഴിഞ്ഞു അര്‍ദ്ധ രാത്രിയില്‍ എത്രയോ തവണ അതിലെ വന്നിരിക്കുന്നു. ഒരിക്കല്‍ ആറാട്ട് കഴിഞ്ഞു വരുന്ന വഴി പാടത്തിനു നടുക്കെത്തിയപ്പോള്‍ ദാ... നില്‍ക്കുന്നു....കള്ളിയങ്കാട്ടു നീലിയുടെ ഒരു കുഞ്ഞനിയത്തി. പാലപ്പൂവിന്റെ മണവും... കുന്തിരിക്കം പുകച്ചതും.. എല്ലാം ഉണ്ട്. ഒരു സാധാരണ മനുഷ്യന് ഈ സെറ്റ് അപ്പ്‌ ഒക്കെ കണ്ടാല്‍ തന്നെ ബോധം പോവും. പക്ഷെ പണിക്കരേട്ടന്‍ ആരാ മോന്‍.. ലുട്ടാപ്പിയുടെ കുന്തം പോലെ എപ്പോഴും കൂടെ കൊണ്ട് നടക്കുന്ന തന്റെ കാലന്‍കുട എടുത്തു ജൂനിയര്‍ നീലിയുടെ നേരെ ചൂണ്ടി.. "ഓം ഹ്രീം കുട്ടിച്ചാത്താ..കപ്പല് മയ്യതോം " .... ഠിം.....പാലായും ... പാലാരിവട്ടവും കടന്നു പാലക്കാട് എത്തിയിട്ട് ആണത്രേ അന്ന് ഏട്ടത്തിയമ്മ പിന്നെ ബ്രേക്ക്‌ ഇട്ടതു. പണിക്കരെട്ടനോട് കളിച്ചാല്‍ ഇങ്ങനെ ഇരിക്കും. തള്ളിന്റെ ശക്തി നീലി ഇനിയും മനസിലാക്കാൻ ഇരിക്കുന്നതെ ഉള്ളൂ. എന്‍റെ അറിവില്‍ പണിക്കരെട്ടന് ഡ്രൈവിംഗ് ലൈസെന്‍സ് ഉള്ള ഏക വാഹനം സൈക്കിള്‍ ആണ്. സന്തത സഹചാരിയായ കാലന്‍ കുടയെ പോലെ പണിക്കരെട്ടന്റെ എല്ലാ സാഹസങ്ങള്‍ക്കും മൂക സാക്ഷിയാണ് ആ സൈക്കിളും . ഒരിക്കല്‍ പണിക്കരേട്ടന്‍ പതിവ് പോലെ തന്റെ വീര ഗാഥകള്‍ അമ്മൂമ്മയോട് വര്‍ണിച്ചു കൊണ്ട് നില്‍ക്കുമ്പോള്‍ ആണ് ചിറ്റപ്പന്‍ ഹരിപ്പാട്ടു പോവാനായി തന്റെ ചേതക് സ്കൂട്ടര്‍ എടുത്തു കൊണ്ട് ഇറങ്ങിയത്‌. ഒന്ന് രണ്ടു തവണ കിക്ക് ചെയ്തു.. നോ രക്ഷ.. വലത്തോട്ട് ചരിച്ചു നിവര്‍ത്തി വീണ്ടും കിക്ക് ചെയ്തു...നോ രക്ഷ..ഇത്തിരി ഒന്ന് ഉരുട്ടി വീണ്ടും കിക്ക് ചെയ്തു. ഇന്ന് നീ പോവുന്നതൊന്നു കാണണം മോനെ ദിനേശാ എന്ന വാശിയിലാണ് സ്കൂട്ടര്‍. പണിക്കരേട്ടന്‍ ഇതൊക്കെ കണ്ടു വശത്തു ഒതുങ്ങി നില്‍ക്കുകയാണ്‌. മുഖത്ത് ചിറ്റപ്പനോട് ഉള്ള സഹതാപം... ഒടുവില്‍ ഇടപെടാന്‍ തന്നെ തീരുമാനിച്ചു... " രവി കുട്ടാ ...താന്‍ ആ ഡയനാമോ ഒന്ന് പിടിച്ചു തിരിച്ചു വയ്ക്ക് സ്റ്റാര്‍ട്ട്‌ ആവും... ." മയില്‍ വാഹനവുമായി ഉള്ള വര്‍ഷങ്ങളായുള്ള പരിചയത്തില്‍ നിന്നുള്ള അനുഭവത്തില്‍ പണിക്കരെട്ടന്റെ ഉപദേശം. ചിരി വന്നെങ്കിലും അത് പുറത്തു കാണിക്കാതെ ചിറ്റപ്പന്‍ ശ്രമം തുടര്‍ന്ന് കൊണ്ട് ഇരുന്നു. "എടൊ താന്‍ ആ ഡയനാമോ ഒന്ന് കൂടെ നോക്ക്.." പണിക്കരേട്ടന്‍ വിടാനുള്ള ഭാവം ഇല്ല. "അതൊക്കെ നോക്കി പണിക്കരേട്ടാ.. അതൊന്നും അല്ല പ്രശ്നം ".. ദേഷ്യം വന്നെങ്കിലും അത് പുറത്തു കാണിക്കാതെ ചിറ്റപ്പന്‍ ശ്രമം തുടര്‍ന്നു. "എങ്കില്‍ പിന്നെ താന്‍ ആ ചെയിന്‍ തെറ്റി കിടക്കുവാണോ എന്ന് നോക്ക്.. അത് തന്നെ ആവും കാരണം " പണിക്കരേട്ടന്‍ ചികിത്സ തുടരുകയാണ്. പണിക്കരേട്ടന്റെ മുഖത്തും സ്‌കൂട്ടറിന്റെ കിക്കറിലും ദയനീയമായി മാറി മാറി നോക്കി ഒരു നിമിഷം നിന്ന ശേഷം വീണ്ടും ചിറ്റപ്പന്‍ ശ്രമം തുടര്‍ന്നു. ഭാഗ്യം, പണിക്കരേട്ടന്റെ തള്ളിന്റെ ശക്തി കൊണ്ടോ ചിറ്റപ്പനോടുള്ള സോഫ്റ്റ് കോർണർ കൊണ്ടോ എന്തോ, സ്കൂട്ടര്‍ പണിമുടക്ക്‌ അവസാനിപ്പിച്ചു..സ്റ്റാര്‍ട്ട്‌ ആയി. "ആഹാ...പണിക്കരുടെ ചികിത്സ ഫലിച്ചല്ലൊ.... " അമ്മൂമ്മയ്ക്ക്‌ അതിശയം..ബഹുമാനം.. "ഇപ്പോഴത്തെ പിള്ളേര്‍ക്ക് ഒക്കെ ഇതിന്‍റെ മുകളില്‍ കയറി ഇരുന്നു പോവനല്ലാതെ ഒന്നും അറിയില്ലന്നെ..എന്തെങ്കിലും കുഴപ്പം വന്നാല്‍ നമ്മളൊക്കെ തന്നെ വേണം...എങ്കില്‍ ഞാനും ഇറങ്ങുവാണ് .. ചേച്ചീ .." ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ ഒന്നും സംഭവിക്കാത്തത് പോലെ തന്റെ സൈക്കിളില്‍ അടുത്ത സമ്മേളന സ്ഥലത്തേക്ക് നീങ്ങുന്ന പണിക്കരേട്ടനെ നോക്കി നില്‍ക്കുന്ന അമ്മൂമ്മയുടെ കണ്ണുകളില്‍ ആരാധന. പിന്നെയും പലപ്പോഴും സ്കൂട്ടര്‍ പണിമുടക്കുമ്പൊള്‍ ചിറ്റപ്പനോട് അമ്മൂമ്മ പറയുന്നത് ഞാന്‍ കേട്ടിടുണ്ട്... " രവീ ...ശരിയാവുന്നില്ലെങ്കില്‍ പണിക്കര് അവിടെ എവിടെ എങ്കിലും നില്‍പ്പുണ്ടോ എന്ന് നോക്ക്....അല്ലെങ്കില്‍ നീ ആ ഡയനാമോ ഒന്ന് പിടിച്ചു തിരിച്ചു വയ്ക്ക് ... സ്റ്റാര്‍ട്ട്‌ ആവും.. "        

59 comments:

കണ്ണനുണ്ണി said...

എന്‍റെ കുട്ടികാലത്തെ പറ്റിയുള്ള ഓര്‍മ്മകളിലെ നിറഞ്ഞ സാനിധ്യമാണ് പണിക്കരേട്ടന്‍. എല്ലാ തരത്തിലും ഒരു തനി നാട്ടിന്‍ പുറത്തു കാരന്‍.ഈ പോസ്റ്റ്‌ അദേഹത്തിന്.

ശ്രീ said...

ഹ ഹ. പണിയ്ക്കരെയും ഇഷ്ടപ്പെട്ടു...

പണിയ്ക്കര്‍ ആളൊരു ഒരു സകല കലാവല്ലഭന്‍ തന്നെ അല്ലേ? ഇത്തരം ആളുകള്‍ എല്ലായിടങ്ങളിലും കാണും അല്ലേ?

എഴുത്ത് കൊള്ളാം ട്ടോ

രാജീവ്‌ .എ . കുറുപ്പ് said...

(((((ഠേ))))

പ്രയാണ്‍ said...

എല്ലാടത്തും ഉണ്ടാവുമല്ലെ ഇങ്ങിനെയൊരു പണിക്കരു ചേട്ടന്‍...നാട്ടിലെ ആരെയൊക്കെയോ ഓര്‍ത്തുപോയി...:)

അരുണ്‍ കരിമുട്ടം said...

പണിക്കരേട്ടന്‍ പ്രധാന പ്രതിഷ്ടയായി ഒരു അമ്പലം ഉണ്ടായിരുന്നു എങ്കില്‍ ഉറപ്പായും അമ്മൂമ്മ അവിടെ ആഴ്ചയില്‍ ഒരിക്കല്‍ എങ്കിലും..നെയ്യ്‌ വിളക്കും.. മുഴുക്കാപ്പും... വഴിപാടു നടത്തിയേനെ എന്ന് തോന്നിപോകും..

ഹി..ഹി..
കണ്ണനുണ്ണി, ജ്ജ് നമ്മടെ നാട്ടുകാരനാ അല്ലേ?
ഹരിപ്പാടും കാഞ്ഞൂര്‍പാടവും രാമപുരവും..

ramanika said...

പണിക്കരെട്ടന്മാര്‍ നീണാള്‍ വാഴട്ടെ !

Anonymous said...

ഹ ഹ ഹ കലക്കീലോ.
എനിക്ക്‌ ആരെയൊക്കെയോ ഓർമ്മ വന്നു.എന്റെ നാട്ടിലും ഇണ്ട്‌ ഇതുപോലത്തെ ആളുകൾ..
"പണിക്കരേട്ടന്‍ നില്‍ക്കുന്നത് കണ്ടാല്‍... സാക്ഷാല്‍ അമിതാബ് ബച്ചനും മകന്‍ കുട്ടി ബച്ചനും ഒന്നും പിന്നെ ഏഴയലത്തു വരില്യ"
അത്‌ കലക്കി.:D

കണ്ണനുണ്ണി said...

ശ്രീ: പണിക്കരേട്ടന്‍ പുലിയല്ലേ
കുറുപ്പേ : തേങ്ങയ്ക്ക് നന്ദി ഇണ്ട്ടോ
പ്രയാന്‍ ജി: അതെ എല്ലാ നാട്ടിലും ഇണ്ടാവും പണിക്കരെട്ടന്റെ പാര്‍ട്ടി ക്കാര്‍
അരുണേ : ഇത്തിരി വള്ളുവനാടന്‍ ചുവ സംസാരത്തില്‍ ഉണ്ടെന്നെ ഉള്ളു..നമ്മള് അയല്‍ക്കാരാ ...ഞാന്‍ 2 + 12 കൊല്ലം പഠിച്ചത് കൃഷ്ണപുരം SN Central സ്കൂളിലാ... അറിയുമായിരിക്കും അല്ലെ .
ramaniga: അതെ .. ജയ് പണിക്കരേട്ടന്‍
മാളുക്കുട്ടി: അതെയോ..എന്നാ ഓര്‍മ്മ വരണ ആളെ പറ്റി അങ്ങട് എഴുതിയെ വേഗം.. ചിരിക്ക്യാലോ

കാസിം തങ്ങള്‍ said...

അപ്പോ ആ വഴി വന്നാല്‍ ഡ്രാക്കുളയുടെയും കുട്ടിച്ചാത്തന്റെയുമൊക്കെ ടെന്നീസ് കളി കാണാന്‍ പറ്റും ലേ കണ്ണനുണ്ണ്യേ.
നല്ല രസമുള്ള എഴുത്ത്.

Sukanya said...

ചിരിച്ചു, ഇതു വായിച്ച്. പോരെ? രസകരമായി വിവരിച്ചിരിക്കുന്നു.
പണിക്കര്‍ മാത്രമല്ല ചില "പണിക്ക്യത്ത്യാര്‍മാര്‍" ഉണ്ടേ ഇവ്വിധം.

Kasim Sayed said...

നല്ല ഒഴുക്കുള്ള ഭാഷ ...
ഭാവുകങ്ങള്‍ നേര്‍ന്നു കൊള്ളുന്നു ...

വശംവദൻ said...

പണിക്കരേട്ടൻ ആള് പുലി തന്നെ.

ആശംസകൾ

abhi said...

പണിക്കര്‍ ചരിതം കൊള്ളാം :)
നാട്ടിന്‍പുറത്ത് ജീവിക്കുന്നതിന്റെ ഗുണങ്ങളെ... കഥയും കഥാപാത്രങ്ങളെയും അന്വേഷിച്ചു നടക്കേണ്ട ആവശ്യമില്ല... അല്ലെ കണ്ണനുണ്ണി ?

ധൃഷ്ടദ്യുമ്നന്‍ said...

പണിക്കരേട്ടൻ ആളു കൊള്ളാലോ??
ഹി ഹി... :)

ശ്രീഇടമൺ said...

കൊള്ളാം നല്ല എഴുത്ത്...
:)
ആശംസകള്‍...*

Typist | എഴുത്തുകാരി said...

പണിക്കരു ചേട്ടന്‍ ആളൊരു പ്രസ്ഥാനം തന്നെയാണില്ലേ? എല്ലായിടത്തും ഉണ്ടാവും ഇതുപോലത്തെ പണിക്കരു ചേട്ടന്മാര്‍.

Sreejith said...

കൊള്ളാം .. കണ്ണനുണ്ണി .. നന്നായിരിക്കുന്നു ഭാവുകങ്ങള്‍

കണ്ണനുണ്ണി said...

കാസിം: ഹി ഹി പറ്റും എന്നാ കേട്ടറിവ്..ഒന്ന് പോയി നോക്കുന്നോ.. പക്ഷെ കൂടെ വരന്‍ എന്നെ കിട്ടില്യട്ടോ
സുകന്യ: അതെട്ടോ...ഇത് പോലെ ഒരുപാട് കഥാപാത്രങ്ങള്‍ ഉണ്ട്
സാക്,വശംവദൻ : നന്ദി
അഭി: ശരിയാണ്....നാടിന്പുറത്തു ജനത്തിരക്ക് കുരവനെലും ഉള്ളവരെ ഓരോരുത്തരെയും തമ്മില്‍ അറിയാം.
ധ്രിഷ്ടട്യുംനാ : ഹി ഹി ശരിയാണ്
ശ്രീ ഇടമണ്‍ ,ശ്രീജിത്ത്‌ : നന്ദി
എഴുത്തുകാരി ചേച്ചി : ആതെ, നാട്ടിന്‍പുറത്ത് ഇത് പോലെ ഒരുപാട് വ്യത്യസ്ത കഥാപാത്രങ്ങള്‍ ഉണ്ടാവും

Raman said...

Naadan characters recreate cheytha ee sangadi kalakki tta

Anil cheleri kumaran said...

ശ്ശോ.. അമ്മൂമ്മേടെ ഒരു കാര്യം.. അല്ല പണിക്കരേട്ടന്റെ..

കൊള്ളാം കേട്ടൊ. അടുത്തത് പോരട്ടെ.

Jayasree Lakshmy Kumar said...

ഹ ഹ. കൊള്ളാം. നല്ല പോസ്റ്റ് :)
[ഈ റ്റെമ്പ്ലേറ്റ് ശരിക്കും ഇഷ്ടമായീട്ടോ]

കുക്കു.. said...

പണിക്കര്‍ ഏട്ടന്‍ കൊള്ളാം...

ഇങ്ങനെ കഥാപാത്രങ്ങള്‍ എല്ലാം ....ഓരോന്നായി പോരട്ടെ...
മ്മള് വായിക്കാന്‍ റെഡി..

:)

VINAYA N.A said...

:) njanum vayichchootto........

Lathika subhash said...

ഈ പണിക്കരേട്ടന്റെ കാര്യമേ..........
കൊള്ളാം മോനേ....

siva // ശിവ said...

ആ പണിക്കരുടെ ഒരു കാര്യം....

Anand Sivadas said...

എന്റെ കുട്ടിക്കാലം ഗ്രാമതിലോന്നും ആയിരുന്നില്ല. പിന്നെ അവധിക്കാലത്ത്‌ ബന്ധുവീടുകള്‍ സന്ദര്‍ശിക്കാന്‍ പോകാറുണ്ടായിരുന്നു, കണ്ണന്‍ വര്‍ണ്ണിച്ചപോലെയുള്ള ഗ്രാമ പ്രദേശങ്ങളില്‍. അപ്പോള്‍ ഇതുപോലെയുള്ള കഥാപാത്രങ്ങളെ കണ്ടുമുട്ടാറുണ്ട്. "കുരിശ്" എന്ന് ഞങ്ങള്‍ വിളിക്കരുണ്ടായിരുന്ന ഉള്ളു പൊള്ളയായ പാവം നാട്ടിന്പുരതുകാര്‍. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ആവശ്യമില്ലാതെ ഇടിച്ചുകയറാന്‍ വെമ്പുന്ന തരം മനുഷ്യര്‍ എന്നതിലപ്പുറം എനിക്കവരെ മനസിലാക്കാന്‍ കഴിയുമായിരുന്നില്ല.

കണ്ണനുണ്ണി said...

രാമന്‍, ലക്ഷ്മി : നന്ദി
കുമാരന്‍: ഹി ഹി ...
കുക്കു, വിനയ, ശിവ, ലതി ചേച്ചി : നന്ദി ട്ടോ.. ഇനിയും ഇണ്ട് ഇത് പോലെ കുറെ കഥാപാത്രങ്ങള്‍
ആനന്ദ്‌: പക്ഷെ അവരുടെ ഒക്കെ ഉള്ളില്‍ നന്മ മാത്രമേ ഉള്ളു എന്നാ എനിക്ക് തോന്നിയിട്ടുള്ളത്

സന്തോഷ്‌ പല്ലശ്ശന said...

:):):):)

വാഴക്കോടന്‍ ‍// vazhakodan said...

പണിക്കരേട്ടാ....എല്ലാ നാട്ടിലും ഉണ്ടല്ലേ ഈവക പണിക്കര്‍! :)

ഹന്‍ല്ലലത്ത് Hanllalath said...

ഹെന്റമ്മോ...
സമ്മതിക്കണം... :):):)
ഹ ഹ ഹ ഹ ....

പാവത്താൻ said...

അല്ലാ ശരിക്കും ഈ കള്ളിയങ്കാട്ടു നീലിയുടെ വീടു ഹരിപ്പാട്ടാണോ?
പിന്നെ എന്റെ കമ്പ്യൂട്ടറിനു ചെറിയൊരു പ്രശ്നം. ആ പണിക്കരുചേട്ടനെയൊന്നു കൺസൾട്ട്‌ ചെയ്താലോ എന്നാലോചിക്കുകയാ.....അഡ്രസ്‌ ഒന്നു തരണേ

മുക്കുവന്‍ said...

നല്ല രസമുള്ള എഴുത്ത്.
ഗൊള്ളാം ഗഡീ...

0000 സം പൂജ്യന്‍ 0000 said...

Very Very nice style of writing (all posts)
Aashamsakal!!!

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

" ഡ്രാക്കുളയും കുട്ടിച്ചാത്തനും ഒക്കെ രാത്രിയില്‍ ടെന്നീസ് കളിക്കുവാന്‍ ഇറങ്ങുന്ന സ്ഥലം ആണ് അത് എന്നാണ് അനുഭവസ്ഥരുടെ സാക്ഷൃം "

പണീക്കര്‍ പണി കലക്കീട്ടാ... ഒരു നാട്ടിന്‍പുറം നന്‍മേം നിഷ്കളങ്കതേം കൂടെ കാണുന്നൂ... അപ്പൊ നുമ്മക്കു ഇനീം കാണാം ട്ടാ...

രഘുനാഥന്‍ said...

പണിക്കരേട്ടന്‍ കലക്കിയല്ലോ ഉണ്ണീ ....നല്ല വിവരണം..ആശംസകള്‍

രഘുനാഥന്‍ said...

ഉണ്ണീ ഇയ്യാളുടെ ബ്ലോഗ്‌ ഇതുവരെ വായിക്കാന്‍ പറ്റിയില്ലായിരുന്നു..രാമപുരം ഹരിപ്പടിനടുത്തല്ലേ... രാമപുരത്തെവിടെയാ വീട്...നല്ല എഴുത്ത് കേട്ടോ..

കണ്ണനുണ്ണി said...

വാഴകോടന്‍ ജി, ഹന്ല്ലലത്, സന്തോഷ്‌: :) നന്ദി
പാവത്താന്‍: ഹി ഹി നീലിടെ അമ്മാവനും ഫമില്യും ഹരിപാട് അടുത്താ താമസം.. പിന്നെ ലാസ്റ്റില്‍ ഞാന്‍ അറിഞ്ഞെ പണിക്കരേട്ടന്‍ repairing ഒക്കെ നിര്‍ത്തി എന്നാ.. പ്രായം ആയില്യെ..
മുക്കുവന്‍, കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍ , സം പൂജ്യന്‍ : നന്ദി , കാണാം ന്നല്ല കാണണം
രഘുനാഥന്‍ ജി: നന്ദി, അതെ എന്‍റെ വീട് രാമപുരത്തു ആണുട്ടോ... ക്ഷേത്രത്തിനു അടുത്താ. മാഷ്ടെ വീട് അതിനു അടുത്താണോ ?

Anonymous said...

panikkarettane ishtamayi...
nattimpurathe visheshangal kollalo...

തോമ്മ said...

പള്ളികൂടത്തില്‍ ചെല്ലുമ്പോള്‍ അവര് പറഞ്ഞു കൊടുക്കണേ ഓരോ മണ്ടത്തരങ്ങള്‍ ആവും .. അവന്‍റെ തെറ്റല്ല...തല്ലണ്ട... പാവം

hi hi

ദീപക് രാജ്|Deepak Raj said...

പോസ്റ്റും കൊള്ളാം ടെമ്പ്ലേറ്റും കൊള്ളാം.

രാജീവ്‌ .എ . കുറുപ്പ് said...

അല്ലെങ്കില്‍ നീ ആ ഡയനാമോ ഒന്ന് പിടിച്ചു തിരിച്ചു വയ്ക്ക് ... സ്റ്റാര്‍ട്ട്‌ ആവും ന്നെ... "

ബെസ്റ്റ് കണ്ണാ ബെസ്റ്റ്

സൂത്രന്‍..!! said...

ഇഷ്ടപ്പെട്ടു...

വേണു venu said...

പണിക്കരെ ഇഷ്ടമായി.
എന്താ ഒന്നൊന്നര പണിക്കറാ‍!
ഡ്രാക്കുളയും കുട്ടിച്ചാത്തനും ഒക്കെ രാത്രിയില്‍ ടെന്നീസ് കളിക്കുവാന്‍ ഇറങ്ങുന്ന സ്ഥലം ആണ് അത് . അവടമൊക്കെ ഫോ പുല്ലേ എന്ന് പറയുന്ന ചേട്ടന്‍.!

" വിട്ടേര് ചേച്ചി .. അവന്‍ കുട്ടിയല്ലേ...പള്ളികൂടത്തില്‍ ചെല്ലുമ്പോള്‍ അവര് പറഞ്ഞു കൊടുക്കണേ ഓരോ മണ്ടത്തരങ്ങള്‍ ആവും .” ഹാഹാ... ആ അമ്മൂമ്മയ്ക്കു 100 മാര്‍ക്ക്.
കണ്ണനുണ്ണി ശര്‍ക്കും അസ്വദിച്ചെടോ.
ഓടോ. പണിക്കരു ചേട്ടന്‍റെ പേരു് കൊടുക്കണമായിരുന്നു. പണിക്കേഴ്സിനെല്ലാവര്‍ക്കും അല്ലെങ്കിലൊരു വല്ലായ്മ.:)

Saritha said...

അല്ലെങ്കില്‍ നീ ആ ഡയനാമോ ഒന്ന് പിടിച്ചു തിരിച്ചു വയ്ക്ക് ... സ്റ്റാര്‍ട്ട്‌ ആവും ന്നെ... "

i liked it very much krishna

ആത്മ/പിയ said...

അതെ അതെ, ഈ പണിക്കരു ചേട്ടന്റെ ഒരു കാര്യം!
ആരും ശരിയല്ലെന്നേ!

കണ്ണനുണ്ണി said...

nalkanny, തോമ്മ, ദീപക്, കുറുപ്പേ ,സൂത്രന്‍ ,സരിത, ആത്മ: നന്ദി ട്ടോ
വേണു ചേട്ടാ : ഹി ഹി നമ്മടെ കഥ നായകന്റെ പേര് ഗോവിന്ദ പണിക്കര്‍ എന്നാണ് കേട്ടോ ..

raadha said...

നന്നായിട്ടുണ്ട് ട്ടോ പണിക്കരു പുരാണം. ഇനി ആര്‍ക്കെങ്ങിലും സ്കൂറെരോ കാറോ കേടായാല്‍ പണിക്കരു ചേട്ടന്റെ ഉപദേശം മനസ്സില്‍ വെച്ചാല്‍ നന്ന്!!
അതിരിക്കട്ടെ..അനിത ദേശായി യുടെ 'inheritance of loss' അത്രക്കങ്ങു ഇഷ്ടപ്പെടാന്‍ എന്താ കാരണം? എന്റെ ദൈവമേ എനിക്കത് വായിച്ചിട്ട് booker prize കൊടുക്കാനുള്ള വകുപ്പൊന്നും തോന്നിയില്ല. അതിനു മുന്‍പുള്ള 'God of small things,' പിന്നെ 'വൈറ്റ് ടൈഗര്‍' ഒക്കെ അത് അര്‍ഹിക്കുന്നതാണെന്ന് തോന്നി. എന്തോ എന്റെ അഭിപ്രായം പറഞ്ഞതാണ് ട്ടോ. മണ്ടത്തരം ആണെങ്ങില്‍ ക്ഷമിക്കുക.

കണ്ണനുണ്ണി said...

അതൊരു കഥ മാത്രം അല്ല എന്ന് തോന്നിയത് കൊണ്ടാണ് രാധ...നമുക്ക് അപരിചിതമായ ചുറ്റുപാടില്‍ ജീവിക്കണ . .ജീവിതം ഒരു വ്യത്യസ്തതയും ഇല്ലാതെ ജീവിച്ചു തീര്‍ക്കുന്ന കുറെ മനുഷ്യരുടെ കഥ...ആ കൃതിയുടെ പ്രത്യേകത അതിലെ സത്യസന്ധത ആണ്. എന്തോ എനിക്ക് ഒത്തിരി ഇഷ്ടായി ജമു ഭായിയേയും...സായിയെയും ഒക്കെ....

dhooma kethu said...

pandu pandu mathrubhoomi varikayile kadhakal vayichirunnu, pinne chila videsa ezhuthu karilum thalparyam undayi. punathil kunjabdullayum perumpadavam sreedharanum oke jeevitha anubhavangal kadanjedutha amruthu vaachaka roopthil , aathmavinte thengalukal ayi kadalasil pakarthiyathu vayichappol undaya anubhoothi, athinte oru anusmaranam, kannate blog vayichappol thonni.

kalaghatathinte mathilukalkum appuram midikunna hrudayangalude tharamga dyrghyam mariyittilla, enna dharana manasil kulirma pakarunnu. nireekshana chathuri, athine hrudya roopathil ulla avatharanam,chinthoddepakam aaya paschathala bhamgi,alithyathine saleenatha, ellam kondum, valare ishtayi kannanunni.

shajkumar said...

തനി നാടന്‍ പണിക്കറ്‍

സബിതാബാല said...

കാഞ്ഞൂര്‍ പാടത്തിന്റെ കഥകള്‍ അമ്മുമ്മ പറഞ്ഞ് തന്നിട്ടുണ്ട്...ആര്‍.കെ ജംഗ്ഷനും മറുതാമുക്കിനും ഒക്കെ ഓരോരോ കഥകള്‍ പറയാനുണ്ടല്ലോ?
അതെല്ലാം കേള്‍ക്കാന്‍ കാത്തിരിക്കുന്നു..എന്റെ നാട്ടില്‍ നിന്നും ഒരാള്‍ എന്റെ നാടിനെ കുറിച്ച് തനിമയൊട്ടും നഷ്ടപ്പെടാതെ....
ആശംസകള്‍...

Anonymous said...

ഇഷ്‌ട്ടപ്പെട്ടു.....:)

Laveen.V.Nair said...

തള്ളെ പണിക്കരേട്ടന്‍ ആള് പുലികള് തന്നെ കേട്ടാ...
വെറും പുലിയല്ല ഒരു സിംഗം...

jayanEvoor said...

കണ്ണനുണ്ണീ....

കഥ ഇഷ്ടപ്പെട്ടു.

രാമപുരം അമ്പലത്തിനു നൂറു മീറ്റര്‍ കിഴക്കാണ് എന്റ്റെ വീട്. പള്ളത്ത്. അറിയുമോ? ചിലപ്പോള്‍ എന്റെ അനിയന്മാരെ അറിഞ്ഞേക്കും!
കണ്ണനും കിണ്ണനും...
http://jayandamodaran.blogspot.com/2009/02/blog-post.html

ഈ ലിങ്ക് ഒന്നു വായിച്ചു നോക്കൂ!

Unknown said...

പണിക്കര്‍ ഒരു പ്രസ്ഥാനമാണല്ലോ. !! ഇപ്പോള്‍ നാട്ടിലെ ചിലരെ ഓര്‍മ്മ വരുന്നു
നന്നായി എഴുതി.

കണ്ണനുണ്ണി said...

ധ്രുവം ചേട്ടാ : എവിടെ വന്നതിനും വായിച്ചതിനും...നന്ദിയുണ്ട് ട്ടോ....ഇനിയും വരണം
ഷാജ്, പയ്യാ : നന്ദി
സബിത: ആഹ ഹരിപാദ്‌ ആണോ സ്വദേശം. ഒരു ഹരിപാടുകാരിയെ കൂടെ കണ്ടത് സന്തോഷം..ജയ് ഹരിപാട്..
ശാസ്തപ്പന്‍, തെചികോടന്‍: നന്ദി ട്ടോ... ഇനിയും വരണേ...
ജയന്‍ ഏവൂര്‍: എനിക്ക് ഏവൂര്‍ നല്ല പിടിത്തം ഇല്യ ട്ടോ...എങ്കിലും ഒരു നാട്ടുകാരനെ കൂടെ കണ്ടത്തില്‍ സന്തോഷം

T.A. RASHEED said...

aa dainamo onnu thirikkado kannanunni ...........nannaayittundu ketto madikkaathe iniyum ezhuthuka aashamsakal........

മാണിക്യം said...

ചില എവര്‍ ഗ്രീന്‍ ക്യാരക്‌റ്റേഴ്സ്
അവരുടെ ഓര്‍മ്മകള്‍ ഒരിക്കലും തുരുമ്പെടുക്കില്ലാ വാടിപ്പൊകുകയും ഇല്ലാ.
പണിക്കരേട്ടനെ എന്റെ മാറാപ്പിലേക്ക് കൂട്ടുന്നു പറ്റിയാല്‍ പുള്ളീയുടെ പേരില്‍ ഒരു കുരിശടി എങ്കിലും പണിയാം ഉഗ്രന്‍ പീസ്സ്

കണ്ണനുണ്ണി said...

റഷീദ്: നന്ദി ട്ടോ...ഇനിയും വരണേ
മാണിക്യം ചേച്ചി: സത്യാണ് ട്ടോ... ഇതുപോലെ കുറെ എവര്‍ ഗ്രീന്‍ കഥാപാത്രങ്ങള്‍ ഉണ്ട്...
പനിക്കരേട്ടന്‍, ഗൌരി അമ്മൂമ്മ, ചെല്ലമ്മച്ച്ചെച്ചി, കുട്ടപ്പന്‍ ചേട്ടന്‍....
ഇവരൊക്കെ എല്ലാ നാട്ടിലും ഉണ്ടാവും ...

തെങ്ങും വിളയിൽ മത്തായി

രാമപുരത്തിന്റെ വടക്കേ അതിരിൽ പുഞ്ചപ്പാടങ്ങളും , തെങ്ങിൻ തോപ്പുകളും അഴക് ചാർത്തുന്ന ഏവൂർ എന്ന കൊച്ചു ഗ്രാമം. അവിടെ സാമാന്യം തെറ്റില്ലാത്ത പി...