Tuesday, May 12, 2009

വീണ്ടും ചില ഓഫീസ് കാര്യങ്ങള്‍

തൊരു സാങ്കല്പിക കഥ അല്ലാട്ടോ... ബന്ഗ്ലൂരിന്റെ ഹൃദയത്തില്‍ ( അങ്ങനെ ഒന്നു ഉണ്ടെങ്കില്‍ ) സ്ഥിതി ചെയ്യുന്ന എന്‍റെ ഓഫീസില്‍ നടന്ന (നടന്നു കൊണ്ടിരിക്കുന്ന) ഹൃദയ ഭേദകമായ സംഭവങ്ങളെ സേഫ്ടി പിന്‍ കുത്തി, ചേര്‍ത്ത് വെച്ചിരിക്കുന്നതാണ്. ഇതിലെ കഥാപാത്രങ്ങള്‍ക്ക് ആരോടെങ്കിലും സാദൃശ്യം തോന്നിയാല്‍ അത് യാദൃശ്ചികം അല്ല.. തികച്ചും മനപ്പൂര്‍വം തന്നെ ആണ്. ഇതിലെ നായകനായ ആ പാവം മലയാളി മറ്റാരും അല്ലാട്ടോ , നാട്ടുകാരും വീട്ടുകാരും കണ്ണന്‍ എന്ന് സ്നേഹത്തോടെയും ദേഷ്യത്തോടെയും ഒക്കെ വിളിക്കുന്ന ഈ ഞാന്‍ തന്നെ.
ഓഫീസില്‍ എന്‍റെ ഡിവിഷനില്‍ ഉള്ള ഏക മലയാളി ഞാനാണ്. തമ്ഴ്നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നും ഒക്കെയുള്ള ഒരുപാട് എഞ്ചിനീയര്‍ മാര്‍ക്ക് ഇടയില്‍ നമ്മുടെ നാടിന്‍റെ പതാക വഹിക്കാനും, മുന്നില്‍ നിന്ന് മുദ്രവാക്യം വിളിക്കാനും പിന്നില്‍ വന്നു നിന്ന് അത് ഏറ്റു വിളിക്കാനും ഒക്കെ ആകെ ഞാന്‍ മാത്രം.. 'കാന്താരി എന്തിനാ ഒത്തിരി' എന്ന് പറഞ്ഞു സ്വയം സമാധാനിക്കാന്‍ ശ്രമിക്കാറുണ്ട്‌. എങ്കിലും, കേരളം എന്ന് കേള്‍ക്കുമ്പോള്‍ തിളച്ചു വരുന്ന എന്‍റെ ചോര സംഘം ചേര്‍ന്ന് എന്‍റെ തമിഴ്‌ സുഹൃത്തുക്കള്‍ 'ഐസ് വെള്ളം' കോരി ഒഴിച്ച് തണുപ്പിക്കുമ്പോള്‍, ഐകമത്യം മഹാബലം എന്ന് പണ്ട് പറഞ്ഞു കേട്ടിട്ടുള്ളത് എത്ര ശരിയാണെന്ന് തോന്നും.
കേരളത്തെ പറ്റി രണ്ടു വാക്ക് പറയുവാന്‍ അരെങ്കിലും അബദ്ധത്തില്‍ എങ്ങാനും പറഞ്ഞു പോയാല്‍ .. ഹരിത കമ്പളം വിരിച്ച സസ്യ ശ്യാമള... എന്ന് തുടങ്ങി ...ദൈവത്തിനു എവിടെ എങ്കിലും സ്വന്തമായി ഒരു ഏക്കര്‍ ഭൂമി ഉണ്ടെങ്കില്‍ അത് ഇതാണ് .. ഇത് തന്നെയാണ് ...ഇത് മാത്രമാണ്.. എന്ന് പറഞ്ഞു തീര്‍ത്തു .. ' 'കേരനിരകളാടും..ഒരു ഹരിത ചാരു തീരം.. ' എന്ന് പാട്ടും പാടി മാത്രമേ മൈക് തിരികെ കൊടുക്കു. എന്‍റെ നാടിനോടുള്ള ഈ സ്നേഹം തന്നെ ആണ് അവര്‍ക്ക് തരം കിട്ടുമ്പോഴൊക്കെ എന്നെ ആക്രമിക്കുവാനുള്ള പ്രചോദനം ആയതെന്നു തോന്നുന്നു. ഒരിക്കല്‍ 'ഈഫല്‍ ടവര്‍' കാട്ടി എന്നോട് ആരോ ഇതെന്താണെന്നു ചോദിച്ചെന്നും ആലപ്പുഴയില്‍ ഉള്ള 'എയര്‍ടെല്‍ ' ഇന്‍റെ മൊബൈല്‍ ടവര്‍ ആണ് അത് എന്ന് ഞാന്‍ ഉറപ്പിച്ചു പറഞ്ഞു എന്നും ഒരു കഥ ഓഫീസില്‍ അങ്ങോളം ഇങ്ങോളം പ്രചരിക്കുന്നുണ്ട്. ടീവിയില്‍ എവിടെയെങ്കിലും തെങ്ങും പുഴയും ഒരുമിച്ചു കണ്ടാല്‍ അത് കുട്ടനാടാണ് എന്നും , ഒന്ന് രണ്ടു പനകള്‍ വരിയായി നില്കുന്നത് കണ്ടാല്‍ പാലക്കാടാണ് എന്നും ഒക്കെ ഇടയ്ക്ക് പറയുമെങ്കിലും.. ഈഫല്‍ ടവറിനെ കേരളത്തിലേക്ക് കൊണ്ട് വരുവാനുള്ള മണ്ടത്തരം ഉറക്കത്തില്‍ പോലും ഞാന്‍ കാണിക്കില്ല, സത്യം. ഓഫീസില്‍ മലയാളി ആയിപ്പോയി എന്ന ഒറ്റക്കാരണം കൊണ്ട് ഞാന്‍ സഹിക്കേണ്ടി വരുന്ന ക്രൂരമായ ആക്രമണത്തിന്റെ ഒരു ചെറിയ ചിത്രം നിങ്ങള്‍ക്കു ഇപ്പോള്‍ തന്നെ മനസ്സിലായി കാണും എന്ന് പ്രതീക്ഷിക്കുന്നു.
എന്‍റെ സുഹൃത്തുക്കള്‍ക്ക് ആകെ അറിയുന്ന രണ്ടു മലയാളികള്‍ ഒന്ന് ഞാനും പിന്നെ ഒന്ന് ഇന്ത്യന്‍ ക്രിക്കറ്റില്‍ കേരളത്തിന്‍റെ ആകെ പ്രതിനിധിയായ ശ്രീശാന്തും ആണ്. ഹ്രസ്വമായ തന്‍റെ അരങ്ങേറ്റ കാലത്ത് തന്നെ 'ശ്രീ' കാട്ടി കൂട്ടിയിട്ടുള്ള തകര്‍പ്പന്‍ 'പ്രകടനങ്ങള്‍' കാരണം അദ്ദേഹം ടീമില്‍ ഉണ്ടെങ്കില്‍ എന്‍റെ തമിഴ്‌ സുഹൃത്തുക്കള്‍ക്കൊപ്പം ക്രിക്കറ്റ്‌ മത്സരം കാണുവാന്‍ ഞാന്‍ ഇന്നും ധൈര്യപെടാറില്ല.വെറുതെ എന്തിനാ അടിക്കാനുള്ള വടി സ്വയം കൊണ്ട് കൊടുക്കുന്നത് . ദേഷ്യം വന്നാല്‍ ചെറിയ കാര്യത്തിന് പോലും ചൂടാവുന്ന എന്‍റെ ചെറിയ ദുശ്ശീലം കൂടെ അറിയാവുന്നതു കൊണ്ട്. . "മല്ലുസ് അപ്പൊ എല്ലാരും ഇങ്ങനെ തന്നെ ആണ് അല്ലെ.." എന്ന് തരം കിട്ടുമ്പോഴൊക്കെ പറയാറുള്ള പ്രിയ സുഹൃത്ത്‌ അജയ് ക്ക് , അവന്‍ എന്നെങ്കിലും ശബരി മലയില്‍ പോകുവാന്‍ വാളയാര്‍ ചെക്ക്‌ പോസ്റ്റ്‌ കടന്നു കാലെടുത്ത്‌ വച്ചാല്‍ കൊച്ചിയിലെ ലോക്കല്‍ ഗുണ്ടകളെ കൊണ്ട് ഒരു കൊട്ടേഷന്‍ കൊടുപ്പിക്കണം എന്ന് ഞാന്‍ തീരുമാനിച്ചു വെച്ചിട്ടുണ്ട്. ( കൊട്ടേഷന്‍ സ്പോണ്‍സര്‍ ചെയ്യാന്‍ താല്പര്യം ഉള്ളവര്‍ പറയണേട്ടോ... ).

T20 ക്രിക്കറ്റില്‍ പ്രത്യേകിച്ച് ഒരു ടീമിനോടും ഇഷ്ടമോ ഇഷ്ടക്കെടോ ഇല്ലാതിരുന്ന ഞാന്‍ ഇന്ന് 'ചെന്നൈ സൂപ്പര്‍ കിങ്ങ്സ്‌ ' തോല്‍ക്കുവാനായി ഗണപതിക്ക്‌ തെങ്ങയടിക്കുന്നുന്ടെന്കില്‍ അതിനു ഒരേയൊരു കാരണം എന്‍റെ പ്രിയപ്പെട്ട ഈ തമിഴ്‌ സുഹൃത്തുക്കളാണ്. സ്വന്തമായി ഒരു T20 ടീം ഇല്ലാത്ത സംസ്ഥാനത്ത് ജനിച്ചു പോയ എന്നെ സഹതാപത്തോടെ നോക്കുന്നതു കാണുമ്പൊള്‍ തറവാട് വിറ്റും ഒരു കുഞ്ഞു ടീം കേരളത്തിന്‌ ഉണ്ടാക്കണം എന്ന് പോലും തോന്നാറുണ്ട്. പിന്നെ തറവാട് വിറ്റാലും ടീം ജേഴ്സി വാങ്ങാന്‍ പോലും തികയില്ല എന്നറിയാവുന്നതു കൊണ്ട് അങ്ങനെ ഒരു സാഹസത്തിനു മുതിര്‍ന്നില്ല. കേരളത്തിന്‌ ഒരു T20 ടീം ഉണ്ടായിരുന്നെങ്കില്‍ അതിനു 'travancore thunders ' എന്ന് പേരിടുമായിരുന്നു എന്നും ശ്രീശാന്ത്‌ ക്യാപ്റ്റന്‍ ആകുമായിരുന്നു എന്നും ഉള്ള അജയ് ഉടെ റോക്കറ്റിനു ബൂസ്റ്റര്‍ ആയി .. അങ്ങനെ സംഭവിച്ചാല്‍ ഷാരൂഖ്‌ ഖാന്‍റെ കൊല്‍ക്കത്ത പോലെ ആ കേരള ടീമിനെ ഷക്കീല വാങ്ങിയേനെ എന്ന് ബാലാജിയുടെ ചാട്ടുളി കമന്റ്‌. കേരളത്തില്‍ ആണെങ്കില്‍ ഒരു ടീം അല്ലെ വാങ്ങു.. ഷക്കീല തമിഴ്‌ നാട്ടില്‍ ആയിരുന്നെങ്കില്‍ അവര്‍ അവിടെ മുഖ്യമന്ത്രി ആയേനെ എന്ന ടോര്‍പിടോ പറയാന്‍ മനസ്സില്‍ തോന്നിപ്പിച്ച ഗുരുവായൂരപ്പാ നന്ദി.. ആവേശത്തില്‍ എഴുനേറ്റു നിന്ന് എന്നെ ആക്രമിച്ചു കൊണ്ടിരുന്ന അജയും, ബാലാജിയും, ബാല്ക്കിയും ഒക്കെ ഒന്നും സംഭവിചിട്ടില്ലാത്തത് പോലെ മെല്ലെ കസേരയിലേക്ക് ഇരിക്കുന്നത് കണ്ടപ്പോള്‍.. രണ്ടു ദിവസം അവധി എടുത്തു ആ സന്തോഷം ആഘോഷിക്കാനാണ് തോന്നിയത്.

നമ്മുടെ ദേശീയ മൃഗമായ 'ടൈഗര്‍' മലയാളത്തില്‍ കടുവ എന്ന ഓമനപ്പേരില്‍ ആണ് അറിയപ്പെടുന്നത് എന്ന് പറഞ്ഞ എന്നെ ദേശീയ മൃഗത്തെ അപമാനിച്ചതിന് രാജ്യദ്രോഹിയായി പ്രഖ്യാപിക്കണം എന്ന് പ്രക്ഷോഭം വരെ ഉണ്ടാക്കി എന്‍റെ സുഹൃത്തുക്കള്‍ ഒരിക്കല്‍. തമിഴ്നാട്ടില്‍ കടുവയും പുലിയും ഒക്കെ പല തരം പുലികള്‍ മാത്രമായത് എന്‍റെ കുറ്റമാണോ? 'tamil tigers ' എന്ന് വെച്ചാല്‍ 'തമിഴ്പുലി' ആയതു കൊണ്ട് ടൈഗര്‍ ഇനെ ലോകത്തില്‍ എല്ലായിടത്തും പുലി എന്ന് മാത്രമേ വിളിക്കുവാന്‍ പാടുള്ളൂ എന്നുണ്ടോ ? സാക്ഷാല്‍ അയ്യപ്പ സ്വാമി ചെയ്തത് പോലെ കാട്ടില്‍ പോയി ഒരു 'മല്ലു കടുവ'യെ പിടിച്ചു കൊണ്ട് വന്നു അതിനെ കൊണ്ട് ഇവരുടെ മുന്നില്‍ "മൈ നേം ഈസ്‌ കടുവ......ജെയിംസ്‌ കടുവാ..." എന്ന് പറയിപ്പിക്കണം എന്ന് ആഗ്രഹിച്ചു പോയി. പക്ഷെ ആഗ്രഹം മാത്രം പോരല്ലോ അതിനു ധൈര്യം കൂടെ വേണ്ടേ.. എന്തായാലും 'വികിപീഡിയ' യുടെ സഹായത്തോടെ ടൈഗര്‍ ഇന് കടുവ എന്നൊരു മലയാളം പേരുണ്ടെന്ന് സ്ഥാപിച്ചെടുത്തു ഞാന്‍ എന്റെയും നാടിന്‍റെയും അഭിമാനം രക്ഷിച്ചു അന്ന്.
എല്ലാ വൃശ്ചികത്തിലും വ്രതം എടുത്തു മല കയറി ചെന്ന് അയ്യപ്പ സ്വാമിയോടും , ക്യൂ ഇല്‍ നിന്ന് ഒടുവില്‍ മുന്നിലെത്തുമ്പോള്‍ ഗുരുവായൂരപ്പനോടും അര നിമിഷത്ത്തിനിടയില്‍ പറയുന്ന ഒരുപാട് കാര്യങ്ങള്‍ക്കിടയില്‍ ആവശ്യപെടാറുള്ള ഒരു കാര്യം കൂടെ ഉണ്ട് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി .. ' എന്‍റെ അയ്യപ്പാ / ഗുരുവായൂരപ്പാ... പേരിനെങ്കിലും.... കേരളം എന്ന് കേള്‍ക്കുമ്പോ ചോര തിളയ്ക്കുന്ന ..ഒരു മലയാളിയെ കൂടെ എന്‍റെ ഓഫീസിലോട്ട് ഒന്നു പറഞ്ഞു വിടണേ...'. എന്തോ ഇത് വരെ അത് സംഭവിച്ചില്ല.,ഒരുപക്ഷെ ഇത് പോലെ എന്‍റെ തമിഴ്‌ സുഹൃത്തുക്കളും പ്രാര്ത്ഥിക്കുന്നു ഉണ്ടാവും ... 'ദൈവമേ...ഇത് പോലെ ഒന്നിനെ കൂടെ ഇങ്ങട് പറഞ്ഞു വിടരുതേ എന്ന്'...
.. 'പ്രാര്‍്ത്ഥിക്കുവാന്‍ എല്ലാവര്‍ക്കും ഓരോ കാരണം ഉണ്ടല്ലോ....

38 comments:

കണ്ണനുണ്ണി said...

വരണ്ട ഓഫീസ് ദിനങ്ങള്‍ക്കിടയിലെ രസകരമായ ചില സംഭവങ്ങള്‍ കോര്‍ത്തിണക്കി ചുമ്മാ ഒരു പോസ്റ്റ്‌.

ശ്രീ said...

ഹ ഹ. കൊള്ളാം. കുറച്ചു മല്ലു സുഹൃത്തുക്കളെ കൂടി അവിടെ കിട്ടട്ടെ എന്നാശംസിയ്ക്കുന്നു. :)

കാന്താരിക്കുട്ടി said...

ചുമ്മാ ഒരു പോസ്റ്റാണെങ്കിലും രസകരമായി അവതരിപ്പിച്ചൂട്ടോ.

Prayan said...

ബാംഗ്ലൂരില്‍ മലയാളികള്‍ക്ക് ക്ഷാമമൊ...! എന്റെ ബന്ധുക്കള്‍തന്നെ ഉണ്ടല്ലൊ ഒരമ്പതുപേര്‍....

കണ്ണനുണ്ണി said...

ഹ ഹ അങ്ങനെയല്ല പ്രയന് ജി , എന്‍റെ ഓഫീസില്‍ മലയാളികള്‍ക്ക് ക്ഷാമവാ.. ആകെ ഉള്ളത്‌ പാവം ഞാന്‍ മാത്രം :(

അരുണ്‍ കായംകുളം said...

അവതരണം കലക്കി

Sukanya said...

കണ്ണനുണ്ണി വീണ്ടും ചില ഓഫീസ് കാര്യങ്ങള്‍ വളരെ നന്നായി. പക്ഷെ കേരളീയന്റെ അവസ്ഥയില്‍ ദുഖമുണ്ട്‌. ഇവിടെ ഇരുന്നുകൊണ്ട്‌ എങ്ങനെ സഹായിക്കും? പുറകില്‍ മുഴുവന്‍ കേരളവും ഉണ്ടെന്നു കരുതി മുന്നോട്ടു പോകൂ.

പാവത്താൻ said...

രസകരമായ പോസ്റ്റ്‌.കേരളത്തിന്റെ അഭിമാന ഭാജനമായി ബാംഗളൂരിൽ നീണാൾ വാഴുക. പോസ്റ്റുകളിടുക....

Anonymous said...

ഒരു വേരിട ശൈലി .നന്നായിടുണ്ട് ,

Simi said...

Good Job..my congrass to you....cheers!!!

Rare Rose said...

ഹി..ഹി..കൊള്ളാട്ടോ ഓഫിസ് കാര്യങ്ങള്‍...പ്രാര്‍ഥന പോലെ സംഘബലം കൂട്ടാന്‍ ഒരു സംഘം മലയാളിമക്കള്‍ അങ്ങോട്ടേക്ക് ഓടിയെത്തട്ടെ..:)

ㄅυмα | സുമ said...

സൂപ്പര്‍ ടെമ്പ്ലേറ്റ് മാഷെ...എവിടന്നു പൊക്കി? ഇത് ഞാന്‍ ആദ്യമേ കണ്ടിരുന്നെങ്കില്‍... :P
ഇനി ആ html code ചെറുതായിട്ട് ഒന്ന് എഡിറ്റ്‌ ചെയ്തു navigation bar പുറത്തു കൊണ്ട് വരൂ...

കൊട്ടേഷന്‍ സ്പോന്‍സര്‍ ചെയ്യണന്ന് വിചാരിച്ചതാ...അപ്പളാണ്... CSK തോല്‍ക്കാന്‍ വേണ്ടി തേങ്ങ ഉടച്ചല്ലേ...
ദേ...വേണ്ടാ...ഗോപുമോന്‍ ക്യാപ്റ്റന്‍ ആയിട്ട് ക്രിക്കെറ്റ്‌ ടീം വേണല്ലെ...ഇത് ഒരു നടക്കു തീരൂലാ...
കഴിഞ്ഞു! ഇനി യാതൊരു കമ്പനിയും നമ്മള്‍ തമ്മിലില്ല...!

ഒറ്റ മലയാളി പോലും ഇനി അങ്ങോട്ട്‌ വരല്ലേ എന്‍റെ പട്ടാഴി മുത്തപ്പോ...

ശിവ said...

എന്നാ‍ലും ഈഫല്‍ ടവറിന്റെ കാര്യം വായിച്ച് വല്ലാതെ ചിരിച്ചുപോയി...

കണ്ണനുണ്ണി said...

ശ്രീ..., കാന്താരി കുട്ടീ., അരുണേ .. നന്ദിട്ടോ...
സുകന്യാ, ....മുന്നോട്ടു പോവാം ന്നെ.. അല്ലാണ്ടെന്തു ചെയ്യാനാ ഇപ്പൊ..
ഹി ഹി..പാവത്താനെ...ജയ് കേരള...
ഉണ്ണി..,.സിമീ..,..റോസ്..,..നന്ദി..
ശിവ.., ..ഇപ്പൊ.. .കേള്‍ക്കുമ്പോ ചിരി ആണേലും ...ലവന്മാര് ഈ ഈഫെല്‍ ടവര്‍ പറഞ്ഞു എന്നെ ടീസ് ചെയ്തെനു ഒരു കണക്കും ഇല്യട്ടോ...
സുമ...., ഗോപുമോനെ കൊണ്ട് ഒരു രക്ഷേം ഇല്യാന്നെ.. ഇപ്പൊ ദെ T20 ഇല്‍ ഹയ്ടെനും ബ്രാവോയും ഒക്കെ ശ്രീമോനെ ആകാശം കാണിക്കണേ കണ്ടിട്ട് സഹിക്കണില്ല ..എങ്ങനെ കളിച്ചു നടന്ന ചെക്കനാ ...

കെ.കെ.എസ് said...

ഓഫീസ് കാര്യങൾ രസിപ്പിക്കുന്നുണ്ട്.പിന്നെ,അതിസുന്ദരമായ ലേ ഔട്ട്.എന്റെ ബ്ലോഗും മോടിപിടിപ്പിക്കാനെന്താവഴിയെന്നാലോചിക്കുകയായിരുന്നു ഞാൻ

Shaivyam...being nostalgic said...

ഇങ്ങോട്ട് വരൂ, ദുബായില്‍ - ഇതൊരു കൊച്ചു കേരളമാണ്! 'ഭാരതമെന്നു കേട്ടാല്‍...കേരളമെന്നു കേട്ടാലോ..തിളയ്ക്കണം ചോര
നമുക്ക് ഞരമ്പുകളില്‍' എന്നല്ലേ കവി വചനം. എല്ലാം ശരിയാകും.
All the best

faayasam|ഫായസം said...

ആഹാ.. ഇതു കൊള്ളാമല്ലോ... വളരെ രസകരമായി എഴുതീട്ടുണ്ടല്ല മാഷേ... അടി പൊളി.. ഇനീം ഇതു പോലൊക്കെ ഓരോന്നായി പോരട്ടെ... :)

മാണിക്യം said...

ടെമ്പ്ലേറ്റ് അതിമനോഹരം!!

മലയാളിയേയും മൂര്‍ഖന്‍ പാമ്പിനേയും ഒന്നിച്ചു കണ്ടാല്‍ ആദ്യം മലയാളിയെ തല്ലണം കാരണം മൂര്‍ഖനേക്കാള്‍ വിഷം മലയാളിക്കാണെന്ന് പറഞ്ഞ എന്റെ ഒരു പ്രീയപ്പെട്ട ഉത്തരേന്ത്യന്‍ സുഹ്രുത്തിനേ ഈ അവസരത്തില്‍ ചുമ്മാ ഓര്‍ത്തു പോയി..

[സംഗതി നേരാ! അല്ലേ?]
പോസ്റ്റ് രസകരമായി അവതരിപ്പിച്ചു..

abhi said...

ഒരു ഡയറി കുറിപ്പ് വായിക്കുന്ന ഫീലിംഗ് ഉണ്ട് !
നല്ല എഴുത്ത് കേട്ടോ :)

Typist | എഴുത്തുകാരി said...

മലയാളികള്‍ക്കിത്ര ക്ഷാമമോ? കുറച്ചുപേരെ അങ്ങോട്ടയച്ചേക്കാം.

കണ്ണനുണ്ണി said...

അതെയോ കെ കെ എസ് ,
shayvam, ഇങ്ങനെ പോയാല്‍ ദുബായ്ക്ക് തന്നെ വരേണ്ടി വരും ട്ടോ...,
ഫയസ്‌ ജി , ഉറപ്പായിട്ടും ഓരോന്നായി,,,,വരുന്നുണ്ടുട്ടോ..
മാണിക്യം ചേച്ചി, നന്ദി, ഒരു കണക്കിന് ശരിയാണ്‌ട്ടോ ... മലയാളിയെ പേടിക്കണം...
അഭി, നന്ദി....ഡയറി പോലെ തന്നെ എഴുതണം എന്നാന്ട്ടോ ആഗ്രഹവും..
എഴുത്തുകാരി ചേച്ചി...വേഗം അയക്കണേ....

Patchikutty said...

ടെമ്പ്ലേറ്റ് സൂപ്പര്‍... പിന്നെ തീര്‍ച്ചയായും എഴുത്തും...പിന്നെ മലയാളി ഇല്ലാത്ത കൊണ്ട് ദൈവത്തെ സ്തുതിക്കാന്‍ എന്നോടിവിടെ എല്ലാരും പറയുന്നു...അതുതന്നെ കണ്ണനോട് ഞാനും പറയട്ടെ...കാരണം. ഇവിടെ ദുബൈയില്‍ ഓഫീസില്‍ ഒപ്പം മലയാളി ഇല്ലാത്ത വിരളം മലയാളികളില്‍ ഒരാളാണ് ഞാന്‍...ഈ പരാതിക്ക്‌ എല്ലാ ബന്ധുക്കളും, പരിചയക്കാരും ഒരേ സ്വരത്തില്‍ പറയുന്നത്" എന്റെ ഭാഗ്യം എന്നാ" കാരണം നമ്മള്‍ മലയാളികള്‍ക്ക്‌ തമ്മില്‍ തമ്മില്‍ നല്ല സ്നേഹം ആണെന്നത് തന്നെ അവരുടെ ഒക്കെ അനുഭവം തന്നെ... ശ്രീശാന്തിന്റെ കാര്യം കലക്കി. ഇവിടെ കുറെ കാലം ഏറനാകുളത് താമസിച്ചു എന്ന ഒറ്റ കാരണത്തിന് ഈ പാവം ഞാന്‍ ആ കൊച്ചന്‍ കാണിക്കുന്ന ഓരോ തല്ലുകൊള്ളിത്തരത്തിനും കോട്ടയം കാരനായ എന്റെ കെട്ടിയോന്റെ കളിയാക്ക് കേട്ട് ജീവിതം മടുത്ത അവസ്ഥയിലാ...പിന്നാ തമിഴന്‍ പറയുന്നതിനു പരാതി പറയുന്നേ... മിണ്ടരുത്‌... അറ്റുനോറ്റൊരുതന്‍ കയറിവന്നില്ല...കയ്യില്‍ ഒന്നുമില്ലേലും നല്ല കനത്തില്‍ അഹംഗാരം ഉണ്ടല്ലോ. നമ്മുടെ വിധി അനുഭവി...

കാളിന്ദി said...

ഒന്നു തിരുത്തി പറയണം. മലയാളി എന്നു കേട്ടാൽ ചോര തിളയ്ക്കണം. ഒന്നര കൊല്ലം എല്ലാത്തരത്തിലും ഓസിയിട്ട് പാര വയ്ക്കാൻ നടക്കുന്ന കൂട്ടുകാർ(മലയാളി) എനിക്കുണ്ട്.

ഛരത് said...

എടാ കണ്ണപ്പാ... സംഭവം അടിപൊളി, കേരളത്തിനകത്തു ആൽ‌പ്പുഴക്കാർൻ, തെക്കേ ഇൻഡ്യയിൽ മലയ്യാളി, വടക്കേ ഇൻഡ്യയിൽ തെക്കെ ഇൻഡ്യക്കാരൻ, മറു നാട്ടിൽ ഇൻഡ്യാക്കാരൻ...... എന്തൊക്കെ ചുമതലകളാ ഒരു പാവം മനുഷ്യനു വഹിക്കെണ്ടി വരിക...

Anand Sivadas said...

ഹാ ഹാ ഹാ...

വീണ്ടും അനുഭവിച്ചു സാദ്രിശ്യം തോന്നുന്ന IT കഥ...
കന്നി പ്രോജെച്ടില്‍ ഒരൊറ്റ "മല്ലു" പോലും ഇല്ലാതെ മാമാലനാടിനോടുള്ള സ്നേഹം earphones വച്ചു മലയാളം പാട്ടുകള്‍ കേട്ടും മലയാളം തമാശകള്‍ വായിച്ചും ഒറ്റയ്ക്ക് സന്തോഷിച്ചിരുന്ന നാളുകളില്‍ @least ഒരു മല്ലുവെങ്കിലും എന്റെ പ്രോജെച്ടിലും വരണേ എന്ന് എന്നും ആഗ്രഹിച്ചിരുന്നു. അങ്ങനെ കാത്തിരുന്നു കാത്തിരുന്നു രണ്ടെണ്ണം വന്നപ്പോളോ... വേണ്ടാ... അവരെങ്ങാനും കറങ്ങിത്തിരിഞ്ഞ്‌ ഇവിടെ എത്തിയാലുള്ള ഭീകരത ഓര്‍ത്തു ഒന്നും എഴുതുന്നില്ലാ...

ഇവിടെ എനിക്കുള്ള വട്ടപ്പേര് തന്നെ "coconut ഓയില്‍" എന്നാണ്...
recession കാരണം ഉള്ള പണി പോയാല്‍ എന്ത് സ്വയം തൊഴില്‍ കണ്ടെത്തും എന്ന് ടീമില്‍ ഒരു ചായകുടി നേരത്ത് ചര്‍ച്ച വന്നപ്പോള്‍ എല്ലാപേരും കണ്ടെത്തിയ തൊഴില്‍ "नारियलपानी का stall" (ഇളനീര്‍ പാര്‍ക്ക്‌ ) ആയിരുന്നു... :D


ടീമില്‍ കൂട്ടിനു മല്ലുസ് ഉള്ളവന് ഉള്ളതിന്റെ ദുഃഖം... ഇല്ലാത്തവന് ഇല്ലതതിന്റെം....
എല്ലാംഅനുഭവിക്കാതെ ഈ ITയില്‍ നിലനില്ക്കാന്‍ പറ്റുമോ?

Anonymous said...

“കണ്ണനുണ്ണി“ ജയ് ഹോ!!!!!!തമിഴ് പുലികളെ..അല്ല...പാണ്ടികളെ നിലയ്ക്കു നിര്‍ത്താന്‍ പോന്ന ടോര്‍പിഡോകള്‍ എന്നും മനസ്സില്‍ തോന്നാന്‍ ആശംസകള്‍...ഇനിയും ഇത് പോലുള്ള കിടിലന്‍ പോസ്റ്റുകള്‍ പോരട്ടെ...:)

poor-me/പാവം-ഞാന്‍ said...

ചെന്നാഗിതരാ? താവു ചെന്നഗി ബരിദിദ്ദരെ .ഇന്നും ബരിക്കള്‍സിരി...

സന്തോഷ്‌ പല്ലശ്ശന said...
This comment has been removed by the author.
സന്തോഷ്‌ പല്ലശ്ശന said...

നമ്മള്‍ ഇത്തിരി മുന്‍ശുണ്ടിക്കാരനാണ്‌ എന്നുള്ള്‌ വിവരം കലീഗ്സ്സിന്‌ പിടികിട്ടരുത്‌മുന്‍ശുണ്ടിക്കാരെ കളിയാക്കാന്‍ വലിയ ബുദ്ദിമുട്ടില്ല. ഞാന്‍ ഇവിടെ മുംബൈയില്‍ ആദ്യമൊക്കെ മറാട്ടികളുടെ ഒരുപാട്‌ കളിയാക്കലിന്‌ ഇരയായിട്ടുണ്ട്‌..ഇപ്പൊ മൈണ്റ്റ്‌ ചെയ്യാറില്ല. നമ്മളായിട്ട്‌ അവര്‍ക്കെന്തിനാ ഒരു ചാന്‍സ്‌ കൊടുക്കുന്നത്‌. പിന്നെ ബ്ളോഗ്ഗ്‌ സുപ്പര്‍ബ്‌. നേരത്തെ ഞാന്‍ രണ്ടു തവണ ഇവിടെ വന്നിരുന്നു കമണ്റ്റ്‌ എവിടെയാണ്‌ ഇടേണ്ടതെ എന്നറിയാതെ തിരിച്ചുപോയി.. സധാരണ പോസ്റ്റിണ്റ്റെ താഴെയാണ്‌ കാണുക പതിവ്‌...

കണ്ണനുണ്ണി said...

കാളിന്ദി: ഹഹ അങ്ങനെയും ഉണ്ടോ ...
പാവം ഞാന്‍ : നാവ് ചെന്നകിതിനി . നന്ദ്രി .... നീവു ചെന്നകിതെയ ?
ആനന്ദ്‌ : സേം പിച്ച്... ഹി ഹി
ചരതെ....സത്യാണ് ട്ടോ..എന്തൊക്കെ വേഷം കെട്ടണം..
പാച്ചി കുട്ടി : ഈ ഗോപുമോനെ കൊണ്ട് ഒരു രക്ഷേം ഇല്യ അല്ലെ...ഹ ഹ
ബ്ലോഗിങ്ങ് പയ്യന്‍ : നന്ദി ട്ടോ
സന്തോഷ്‌ : അതെയോ... നന്ദി ട്ടോ....

കുമാരന്‍ | kumaran said...

കണ്ണ‘നുണ്ണി’ ഒന്നുമല്ല, കണ്ണനണ്ണൻ‌ ആണു.
എമ്മാതിരി എഴുത്താണിഷ്ടാ..! ചിരിച്ച് ചിരിച്ച് ഒരു വകയായി.
ഇതാൺ ബ്ലോഗ്. അടിപൊളി. ഒരു മലയാളിയെ അങ്ങോട്ടയക്കുന്നുണ്ട്. മലയാളി പെൺകൊടി ആയാലോ?

Priya said...

തമിഴര്‍ പറയുന്ന ഒരു ചൊല്ലുണ്ട് "കൊലയാളിയെ നബിയാലും മലയാളിയെ നബക്കൂടാത്". ഞങളുടെ വീട്ടില്‍ paying guest ആയി തമിഴ്‌ doctors ഉണ്ടായിരുന്നു. അവര്‍ പറയാറുള്ളതാണ്. ഞാന്‍ അവരോടു പറയും നിങളുടെ നാട്ടില്‍ പകുതിയിലധികം ജനങ്ങള്‍ ജീവിക്കുന്നത് ഞങളുടെ നാട്ടുകാരുടെ കനിവുകൊണ്ടാണുന്നു.കേരളത്തില്‍ ഭിക്ഷക്കാരില്‍ 99% തമിഴരല്ലേ???

ശ്രീഇടമൺ said...

.. 'പ്രാര്‍്ത്ഥിക്കുവാന്‍ എല്ലാവര്‍ക്കും ഓരോ കാരണം ഉണ്ടല്ലോ....

ഹ ഹ ഹ...നല്ല തകര്‍പ്പന്‍ പോസ്റ്റ്..!!!
വായിച്ച് ചിരിച്ചു പോയി....!!!
:)

വീണ്ടും കാണാം
ആശംസകള്‍...*

sAk said...

നിന്റെ ചോരതിളപ്പു കൊള്ളം...
ഞാന്‍ ഉണ്ടെടോ നിന്റെ അരികിലെല്ലാം വല്ല ആവശ്യവും വന്നാല്‍ "ഒരു ചെറിയ" ചൂളമടിച്ചാല്‍ മതി നമ്മുക്കതങ്ങു ആഘോഷിക്കാം ...

അബ്‌കാരി said...

രസകരമായ പോസ്റ്റ്‌

Anonymous said...

ആഹാ,സുന്ദരൻ പോസ്റ്റ്‌ ട്ടോ.എഴുത്യേ രീതി വളരെ നനായി.ഇപ്പഴാ ഇത്‌ കണ്ടേ.:)

വക്കുടഞ്ഞ വാക്കുകൾ said...

എന്റെ കേരളം എത്ര സുന്ദരം...........

shahu said...

ഒരു തരതില്‍ ഭഗ്യവാന്‍....പാര പണിയില്ലല്ലൊ...അവനവന് സ്വ്സ്തമയി പണി എടുക്കമല്ലൊ...all the best..