Monday, August 16, 2010

മിനിക്കുട്ടീടെ പട്ടം, നൂല് പൊട്ടിയ സ്വപ്നം

ശ്രീധരേട്ടന്റെയും വീണേച്ചിയുടെയും ഒറ്റ മോളായിരുന്നു ഗോപികാ ശ്രീധര്‍ എന്ന മിനിക്കുട്ടി. എല്ലാവരോടും സ്നേഹോം ബഹുമാനോം ഒക്കെ കാട്ടി പെരുമാറുന്ന എല്ലാവരുടെയും ഒമാനയായിരുന്ന മിടുക്കി കുട്ടി. പി ഡബ്ലിയു ഡി എന്‍ജിനീയറായ ശ്രീധരേട്ടനും സാമാന്യം തിരക്കുള്ള ഒരു സര്‍ജന്‍ ആയ വീണേച്ചിയും ജോലിയുടെ ഭാഗമായി എറണാകുളത്താണ് താമസിക്കുന്നത്. മിനിക്കുട്ടിക്കു വെനലവധിക്കാലമായാല്‍ ഒന്ന് രണ്ടാഴ്ച നഗരത്തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞു ശ്രീധരേട്ടന്‍ കുടുംബസമേതം തറവാട്ടിലെത്തും. പിന്നെ മടങ്ങിപ്പോവും വരെ തറവാട്ടിലെന്നും ഉത്സവം തന്നെയാണ്. പാടത്തെ പണിക്കാരോടൊപ്പം കിളയ്ക്കാന്‍ കൂടുന്നത് മുതല്‍ ,പയ്യിനു പുല്ലരിയാനും, അപ്പുമോനോടൊപ്പം ഓലപന്തു കളിക്കാനും വരെ ശ്രീധരേട്ടന്‍ മുന്നിലുണ്ടാവും. നാട്ടിന്‍പുറത്തെ തണുത്ത ജീവിതവും, വെള്ളക്കെട്ടും , ചെളി മണവും ഒന്നുമത്ര ഇഷ്ടമല്ലെങ്കിലും ശ്രീധരേട്ടന്റെ ജനിച്ച മണ്ണിനോടുള്ള തീരാത്ത ഇഷ്ടം മനസ്സിലാക്കി ഒന്ന് രണ്ടാഴ്ച സ്വയം നിയന്ത്രിച്ചു ഗ്രാമത്തിന്റെ പരിമിതികളിലേക്ക്‌ വീണേച്ചിയും അങ്ങ് ഒതുങ്ങും.

മിനിക്കുട്ടിയും തറവാട്ടില്‍ എത്തിയാല്‍ പിന്നെ തനി നാട്ടിന്‍പുറത്ത്കാരി കുട്ടിയാ. അച്ചമ്മയോടൊപ്പം നാലര നാഴികയ്ക്ക് ഉണര്‍ന്നു കുളിച്ചു അമ്പലത്തില്‍ തിരി വയ്ക്കാന്‍ പോവും, വാസുവേട്ടന്‍ പയ്യിനെ പിഴിയുമ്പോ സംശയോം ചോദിച്ചു കൂടെ നില്‍ക്കും, കവിതയപ്പേടെ ഒപ്പം പാവാടയ്ക്കു തുന്നല് വയ്ക്കാന്‍ കൂടും. തുമ്പിയോടും തുമ്പയോടുമൊക്കെ കിന്നാരവും പറഞ്ഞു പറമ്പില്‍ കളിക്കാന്‍ വരുന്ന പിള്ളേരോടൊപ്പം രാവന്തി വരെ പറമ്പില്‍ തന്നെയാവും. മിക്കവാറും എല്ലാ ദിവസവും രാത്രി വീണേച്ചിടെ കയ്യിനു കണക്കിന് കിട്ടാറും ഉണ്ട് ഈ കുത്തിമറിയലിനു ഒക്കെ . എങ്കിലും ശ്രീധരേട്ടന്‍ എല്ലാത്തിനും മിനിക്കുട്ടിക്കു കൂട്ടായിരുന്നു. തന്‍റെ മകളും തന്നെപ്പോലെ നാടിന്റെ നന്മ കണ്ടറിഞ്ഞു വളരണം എന്ന് അച്ഛമ്മയോട്‌ ശ്രീധരേട്ടന്‍ ഇടയ്ക്ക് പറയാറുണ്ട്‌. തിരികെ നഗരത്തിലെത്തിയാല്‍ ഫ്ലാറ്റിലെ തന്റെ മുറിയില്‍ ഏതെങ്കിലും പുസ്തകമോ കളിപ്പാട്ടമോ വെച്ച് ഒതുങ്ങിക്കൂടുന്ന മിനിക്കുട്ടിയുടെ നാട്ടിലെത്തിയാല്‍ ഉള്ള മാറ്റം ശ്രീധരേട്ടന് ഒരു അത്ഭുതമായിരുന്നു. മോള്‍ക്ക്‌ ഒരു പതിനഞ്ചു വയസ്സാവുമ്പോഴേക്കു എല്ലാം നിര്‍ത്തി തറവാട്ടിന്റെ അടുത്ത് വന്നു ഒരു വീട് വയ്ക്കണം എന്ന് ശ്രീധരേട്ടന്‍ എപ്പോഴും പറയും. പക്ഷെ വീണേച്ചിയെ ശരിക്കറിയാവുന്നത് കൊണ്ട് അതൊന്നും ഒരിക്കലും നടക്കാന്‍ പോവുന്നില്ലെന്ന് തറവാട്ടില്‍ എല്ലാവര്‍ക്കും അറിയാം.

മിനിക്കുട്ടി തറവാട്ടില്‍ എത്തി എന്നറിഞ്ഞാല്‍ പിന്നെ അയലോക്കത്തുള്ള കുഞ്ഞു പിള്ളേരൊക്കെ തറവാട്ടു പറമ്പിനു ചുറ്റും അടുത്ത് കൂടും. വിശാലമായി കിടക്കുന്ന പറമ്പില്‍ കളിയ്ക്കാന്‍ അച്ഛമ്മ അവര്‍ക്ക് താല്‍ക്കാലിക അനുമതി നല്‍കുന്നത് തന്നെ മിനിക്കുട്ടി വരുമ്പോ മാത്രമായിരുന്നു. അമ്പലത്തിനു കിഴക്ക് വശത്തുള്ള പതിനാറു പറ പാടത്തിനക്കരെ താമസിക്കുന്ന കൂലിപ്പണിക്കാരന്‍ ചന്ദ്രന്‍റെ മോന്‍ വിഷ്ണുവും അവരില്‍ ഒരാളായിരുന്നു. അഞ്ചാം ക്ലാസ്സിലാണ് പഠിക്കുന്നതെങ്കിലും പ്രായത്തില്‍ കവിഞ്ഞ പക്വതയുള്ള കുട്ടി. അവന്‍ തന്നെയാണ് പരിസരത്തെ കുട്ടി പട്ടാളത്തിന്റെ നേതാവും.മിനിക്കുട്ടിയേം കളിക്കിടയില്‍ അപകടത്തിലൊന്നും ചാടാതെ അവന്‍ പ്രത്യേകം ശ്രദ്ധിക്കും. അത് കൊണ്ട് തന്നെ ശ്രീധരേട്ടനും അച്ഛമ്മയ്ക്കും ഒക്കെ അവനെ വല്യ കാര്യായിരുന്നു. പക്ഷെ ഒരീസം കളിക്കിടയില്‍ എങ്ങിനെയോ മറിഞ്ഞു വീണു കൈമുട്ട് പൊട്ടിയ മിനിക്കുട്ടിയെ താങ്ങിയെടുത്തു കൊണ്ട് വീട്ടുമുറ്റത്തെത്തിയ വിഷ്ണുവിനെ വീണേച്ചി കണക്കിന് തല്ലി. കൊച്ചിനെ എടുത്തതിനും, മറിച്ചിട്ടതിനും ഒക്കെ എണ്ണം പറഞ്ഞു തല്ലിയ വീണേച്ചിയെ ശ്രീധരേട്ടനാണ് ഓടി വന്നു പിടിച്ചു മാറ്റിയത്. വിങ്ങി കരഞ്ഞു കൊണ്ട് നിന്ന വിഷ്ണുവിനെ പിടിച്ചു നിര്‍ത്തി ആശ്വസിപ്പിക്കാന്‍ ശ്രീധരേട്ടന്‍ ശ്രമിച്ചെങ്കിലും അവന്‍ കരഞ്ഞു കൊണ്ട് ഓടിപ്പോയി. അതില്‍ പിന്നെ കുറെ ദിവസം വിഷ്ണു തറവാട്ടിലേക്ക് വന്നതേയില്ല. ഒടുവില്‍ ടൌണില്‍ നിന്നു വാങ്ങിയ പുതിയ ഉടുപ്പും ട്രൌസറും ഒക്കെയായി ശ്രീധരേട്ടന്‍ തന്നെ അവന്‍റെ വീട്ടില്‍ പോയി അവനെ സമാധാനിപ്പിച്ചു.കുട്ടികള് വിഷമം ഒക്കെ പെട്ടെന്ന് തന്നെ മറക്കുമല്ലോ. വിഷ്ണു വീണ്ടും തറവാട്ടില്‍ കളിയ്ക്കാന്‍ വരാന്‍ തുടങ്ങി. മിനിക്കുട്ടിയെ അവന്‍ കവുങ്ങിന്റെ പാളയില്‍ വെച്ച് പറമ്പ് മുഴുവന്‍ വലിച്ചോണ്ട് നടക്കും. കിഴക്കേ തൊടിയിലെ വല്യ ചെമ്പകത്തില്‍ നിന്ന് പൂ പറിച്ചു കൊടുക്കും. പറമ്പിനു അതിരിട്ടു നില്‍ക്കുന്ന കസ്തൂരി മാവില്‍ നിന്നു പൊഴിഞ്ഞു വീഴുന്ന പഴുത്ത മാമ്പഴം എടുത്തു വെച്ച് ആരും കാണാതെ കൊണ്ട് കൊടുക്കും..

വേനല് തുടങ്ങി കഴിഞ്ഞാല്‍ പിന്നെ പിള്ളേര്‍ക്കൊക്കെ ഹരം പട്ടം പറത്തലിലാണ്. വൈകുന്നേരമായാല്‍ മീനച്ചൂടില്‍ വരണ്ടുണങ്ങി കിടക്കുന്ന പതിനാറു പറ പാടത്ത് പിള്ളേരെല്ലാം പട്ടം പറത്താനിറങ്ങും. പക്ഷെ തറവാട്ടു വളപ്പിനു പുറത്തേക്കു പോവാന്‍ വീണേച്ചി അനുവദിക്കാത്തത് കൊണ്ട് വയലിലൂടെ പട്ടവുമായി പാറി നടക്കുന്ന കുട്ടികളെ, വേലിക്കല്‍ ചെന്ന് നിന്ന് കൊതിയോടെ നോക്കി നില്‍ക്കാനേ പാവം മിനിക്കുട്ടിക്ക് കഴിയാറുള്ളു. അത് കണ്ടു വിഷമം തോന്നിയിട്ടാവും ഒരു ദിവസം വിഷ്ണു വന്നത് കയ്യിലൊരു പട്ടവും കൊണ്ടായിരുന്നു. നീല നിറവും, ചോപ്പ് ഇരട്ട വാലുമുള്ള നല്ലൊരു പട്ടം. അത് കയ്യില്‍ കിട്ടിയ മിനിക്കുട്ടിക്കു സന്തോഷം അടക്കാനായില്ല. അമ്മയുടെ വിലക്കൊക്കെ മറന്നു അവളും പാടത്തേക്കോടി. അന്തി മയങ്ങിയ നേരത്ത്
പട്ടവുമായി വയലില്‍ നില്‍ക്കുന്ന മിനിക്കുട്ടിയെ കണ്ടു കൊണ്ടാണ് പുറത്തു പോയിരുന്ന വീണേച്ചിയും ശ്രീധരേട്ടനും മടങ്ങി വന്നത്. പുളിമരത്തിന്റെ കമ്പ് കൊണ്ട് വീണേച്ചിയുടെ കയ്യില്‍ നിന്നു മിനിക്കുട്ടിക്കു അന്ന് കണക്കിന് കിട്ടി. ശ്രീധരേട്ടന്‍ നിസ്സഹായനായി നോക്കി നിന്നു. അന്ന് മുതല്‍ പാവം മിനിക്കുട്ടിക്കു പറമ്പില്‍ കളിക്കാനുള്ള അനുവാദം കൂടി നഷ്ടപ്പെട്ടു. വീണേച്ചിയെ പേടിച്ചു കുട്ടികളാരും തന്നെ തറവാട്ടിലേക്ക് വരാതായി. എങ്കിലും അവധി കഴിഞ്ഞു തിരികെപ്പോവുന്ന അന്ന് വീണേച്ചി കാണാതെ മിനിക്കുട്ടിയെ കാണാന്‍ വിഷ്ണു വന്നിരുന്നു. അന്ന് കാലത്ത് വീണ നാലഞ്ചു കസ്തൂരി മാങ്ങയും അവന്‍റെ കയ്യിലുണ്ടായിരുന്നു. അടുത്ത വേനലവധിയാവുംപോഴേക്കും മിനിക്കുട്ടി വല്യ കുട്ടിയാവുമെന്നും, അപ്പൊ പട്ടം പറത്താന്‍ കൊണ്ട് പോവാമെന്നും അവന്‍ മിനിക്കുട്ടിക്കു വാക്ക് കൊടുത്തു.
പറന്നു നടക്കുന്ന പട്ടങ്ങളും, പഴുത്തു തുടുത്തു പൊഴിഞ്ഞു വീഴുന്ന കസ്തൂരി മാങ്ങകളും, കൂവളവും നന്ദ്യാര്‍വട്ടവും കണിയൊരുക്കുന്ന തറവാട്ടു തൊടിയുമൊക്കെയായി അടുത്ത വേനലവധിക്കാലം വേഗം മടങ്ങിയെത്തുമെന്ന പ്രതീക്ഷയോടെ മിനിക്കുട്ടി പഠനത്തിന്റെയും തിരക്കിന്റെയും ലോകത്തിലേക്ക്‌ മടങ്ങിപ്പോയി.

ഇടവപ്പാതിയും , ഓണക്കൊയ്തും, തുലാവര്‍ഷവും, മകരക്കുളിരും ഒക്കെ കടന്നു മറ്റൊരു വേനലവധി വീണ്ടും വന്നെത്തി. പ്രതീക്ഷയുടെയും സ്വപ്നങ്ങളുടെയും ചിറകിലേറി പതിവ് പോലെ മിനിക്കുട്ടിയും വീണ്ടും തറവാട്ടിലെത്തി. വീണേച്ചിക്ക് ഒരുപാട് ജോലിത്തിരക്ക് ആയതു കാരണം ഇത്തവണ കൂട്ടിനു ശ്രീധരേട്ടന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തറവാട്ടില്‍ എത്തിയ അന്ന് തന്നെ പറമ്പിനു ചുറ്റും കറങ്ങി നടന്നു മിനിക്കുട്ടി താന്‍ വന്ന വിവരം കൂട്ടുകാരെയൊക്കെ അറിയിക്കാന്‍ ശ്രമിച്ചെങ്കിലും അയലോക്കത്തെ കുട്ടികളെ ആരെയും എവിടെയും കണ്ടില്ല. രണ്ടു മൂന്നു ദിവസം കഴിഞ്ഞിട്ടും ആരെയും കാണാതെ വന്നത് കൊണ്ട് വൈകിട്ട് തൊടിയിലെ വേലിക്കരികിലെത്തി മിനിക്കുട്ടി പാടത്തേക്കു നോക്കി. അവിടെ നാലഞ്ചു കുട്ടികള്‍ പട്ടം പറത്തി കളിക്കുനുണ്ട്. എങ്കിലും പരിചയമുള്ള ആരെയും കണ്ടില്ല. നിരാശയോടെ തല കുമ്പിട്ടു വടക്കേ വരാന്തയില്‍ വന്നിരിക്കുന്ന മിനികുട്ടിയെ കണ്ടു കൊണ്ടാണ് ശ്രീധരേട്ടന്‍ കയറി വന്നത്. അടുത്ത് ചെന്ന് കാര്യം തിരക്കിയപ്പോഴാണ്‌ എന്നത്തേയും പോലെ കുട്ടികള്‍ ആരും വരുന്നില്ല എന്ന കാര്യം ശ്രീധരേട്ടനും ശ്രദ്ധിച്ചത്. മിനിക്കുട്ടിയുടെ കയ്യില്‍ പിടിച്ചു കൊണ്ട് ശ്രീധരേട്ടന്‍ പതിനാറു പറ പാടത്തേക്കു നടന്നു.

പാടത്തിനക്കരെയുള്ള വിഷ്ണുവിന്റെ വീട്ടില്‍ ആരും ഉണ്ടെന്നു തോന്നിയില്ല. പക്ഷെ അടുത്ത് ചെന്നപ്പോള്‍ കോലായില്‍ ഒരു തൂണില്‍ ചാരി ചന്ദ്രന്‍ ഇരിക്കുന്നത് കണ്ടു. ശ്രീധരേട്ടനും മിനിക്കുട്ടിയുമൊന്നും വരുന്നത് അയാള്‍ കണ്ടെന്നു തോന്നിയില്ല. അടുത്തെത്തി പേര് വിളിച്ചപ്പോള്‍ അയാള്‍ ഞെട്ടി പിടഞ്ഞെഴുനേറ്റു മിനിക്കുട്ടിയേം ശ്രീധരെട്ടനെയും മാറി മാറി നോക്കി. അടുത്ത നിമിഷം ഒരു കുട്ടിയെ പോലെ എങ്ങി എങ്ങി കരഞ്ഞു കൊണ്ട് തന്‍റെ കയ്യില്‍ പിടിക്കുന്ന ചന്ദ്രനെ കണ്ടു ശ്രീധരേട്ടന്‍ എന്ത് ചെയ്യണം എന്നറിയാതെ നിന്നു. പറമ്പിലെ ആഞ്ഞിലി മരത്തിനു ചോട്ടിലേക്ക് വിരല്‍ ചൂണ്ടി അയാള്‍ എന്തൊക്കെയോ പറയാന്‍ ശ്രമിച്ചെങ്കിലും കരച്ചിലില്‍ കുതിര്‍ന്ന വാക്കുകളൊന്നും വ്യക്തമായില്ല. എങ്കിലും 'ന്റെ മോന്‍ പോയി ശ്രീധരേട്ടാ...' എന്ന് മാത്രം വാക്കുകള്‍ക്കിടയില്‍ നിന്നു മിനിക്കുട്ടി വേര്‍തിരിച്ചെടുത്തു. അവള്‍ ആഞ്ഞിലിചോട്ടിലേക്ക് നടന്നു. അവിടെ പുല്ലും പടര്‍പ്പും പിടിക്കാതെ വൃത്തിയാക്കി ഇട്ടിരിക്കുന്ന കുറെ സ്ഥലത്ത് ഒരു വാഴക്കുട്ടിയും തൈത്തെങ്ങും വളര്‍ന്നു നില്‍ക്കുന്നുണ്ടായിരുന്നു.

കഴിഞ്ഞ തുലാവര്‍ഷക്കാലത്ത് പാടത്ത് പൊട്ടി വീണ കറന്റ് കമ്പിയില്‍ നിന്നു ഷോക്കടിച്ചു നാട്ടില്‍ ഒരു കുട്ടി മരിച്ച കാര്യം ആരോ പറഞ്ഞോ പത്രത്തില്‍ വായിച്ചോ അറിഞ്ഞ കാര്യം ശ്രീധരേട്ടന്റെ ഓര്‍മ്മയിലേക്ക് മടങ്ങി വന്നു. പക്ഷെ അത് തന്‍റെ മകളുടെ കളിക്കൂട്ടുകാരനായിരുന്നു എന്ന തിരിച്ചറിവിന്‍റെ നീറ്റലില്‍, വിങ്ങി കരയുന്ന ചന്ദ്രനെ ആശ്വസിപ്പിക്കാനാവാതെ, മിനിക്കുട്ടിയെ തന്നെ നോക്കി ശ്രീധരേട്ടന്‍ നിന്നു. ആഞ്ഞിലി മരത്തിന്റെ വേരിനിടയില്‍ നിറം പോയി കറുത്ത് തേഞ്ഞ ഒരു റബ്ബര്‍ പന്ത് കിടന്നത് മിനിക്കുട്ടി കണ്ടു. അവളതെടുത്തു, ഒരു നിമിഷം നോക്കി നിന്നു. പിന്നെ അത് കയ്യില്‍ ഇറുകെ പിടിച്ചു, ഒന്നും മിണ്ടാതെ ചന്ദ്രനേയും ശ്രീധരെട്ടനെയും കടന്നു വരമ്പത്തെയ്ക്കിറങ്ങി തിരികെ തറവാട്ടിലേക്ക് നടന്നു.

നീലയും ചോപ്പും പട്ടങ്ങളുമായി അപ്പോഴും കുറെ കുട്ടികള്‍ പാടത്ത് കളിക്കുന്നുണ്ടായിരുന്നു. അവരില്‍ ആരൊക്കെയോ മിനിക്കുട്ടിയെ വിളിക്കുനുണ്ടായിരുന്നു. പക്ഷെ പെയ്തു തുടങ്ങിയ കണ്ണീര്‍ മേഘങ്ങള്‍ കാഴ്ച മറച്ചിരുന്നത് കൊണ്ടാവാം മിനിക്കുട്ടി അതൊന്നും കാണുന്നുണ്ടായിരുന്നില്ല. സ്വപ്നങ്ങളുടെ നൂല് പൊട്ടിയ ആ മനസ്സ് ഒന്നും കേള്‍ക്കുന്നും അറിയുന്നും ഉണ്ടായിരുന്നില്ല.

43 comments:

കണ്ണനുണ്ണി said...

ഇതില്‍ മിനിക്കുട്ടി തികച്ചും ഒരു സാങ്കല്‍പ്പിക കഥാപാത്രം മാത്രമാണ്. പക്ഷെ വിഷ്ണു നീറുന്ന ഒരോര്‍മ്മയാണ്. പത്തു വര്‍ഷത്തിലേറെ പഴക്കമുള്ള നീറുന്ന ഒരോര്‍മ്മ..
അത് കൊണ്ട് തന്നെ ഇതിനെ കഥ എന്ന് പറഞ്ഞാല്‍ പൂര്‍ണ്ണമായി ശരിയാവില്ല. എഴുതുന്ന പതിവ് രീതിയില്‍ നിന്ന് അല്‍പ്പം ഒരു വിത്യാസം വരുത്തിയിട്ടുണ്ട്...
തെറ്റുണ്ടെങ്കില്‍ പറഞ്ഞു തരണേ ട്ടോ...

ഹാഫ് കള്ളന്‍||Halfkallan said...

നന്നായി എഴുതി ....
എന്തോ ഏതോ ഒരു നൊമ്പരം ഉണ്ടാവുമെന്ന് അറിയാമെങ്കിലും ..
to be frank .. felt really bad !
മനസ്സ് തരളിതമാവുമ്പോള്‍ പറ്റിയ ഭാഷ ഇംഗ്ലീഷ് ആണ് ;)

ramanika said...

വിഷ്ണു മനസ്സിനെ വല്ലാതെ നൊമ്പരപെടുത്തുന്നു
മിനിക്കുട്ടിയും വിഷ്ണും കുട്ടിക്കാലവും അന്നത്തെ പല കുട്ടുക്കാരേയും ഓര്‍മിപ്പിച്ചു
പോസ്റ്റ്‌ വളരെ ഇഷ്ട്ടമായി

the man to walk with said...

ormayude neettal pakarnnukitty...

ആളവന്‍താന്‍ said...
This comment has been removed by the author.
ആളവന്‍താന്‍ said...

വിഷയത്തില്‍ പുതുമ തോന്നിയില്ലെങ്കിലും, തീര്ച്ചയായും നല്ല എഴുത്ത് തന്നെ. വായിച്ചു വന്ന വഴിയില്‍ തന്നെ മനസ്സിലായി, ഇത് വെറും കഥയാകില്ല എന്ന്. ആശംസകള്‍.
പിന്നെ ഒരു ചിരിപ്പോസ്റ്റ്‌ ഇട്ടിരുന്നു. ദേ ഇവിടെ നോക്കി പറയു.

ശ്രീനാഥന്‍ said...

nice, lucid writing even though the plot is old, it's clear that vishu's memory still haunts you. my wishes!

Jishad Cronic said...

നന്നാ‍യിരിക്കുന്നു... വളരെ ഇഷ്ട്ടമായി

siya said...

കണ്ണാ, എനിക്ക് ഇത് വായിച്ച് തുടങ്ങിയപോള്‍ തന്നെ മനസ്സില്‍ ഒരു വേദന ആണ് തോന്നിയത് .അറിയില്ല..... ''നീറുന്ന ഒരോര്‍മ്മകള്‍ ''മനസ്സില്‍ നിന്നും പോകുമ്പോള്‍ ,ആ വേദനയുംകുറച്ച് കുറയും എന്ന് എനിക്ക് തോന്നും .. മിനിക്കുട്ടി എന്ന സാങ്കല്‍പ്പിക കഥാപാത്രം ത്തിന് മുന്‍പില്‍ നമ്മുടെ വേദനകളെ കുഴിച്ച് മൂടിയത് നന്നായി ...എഴുതിയ രീതിയും എല്ലാം കൊണ്ടും നല്ലതായി എന്നും പറയുന്നു .

ആഞ്ഞിലി മരത്തിന്റെ വേരിനിടയില്‍ നിറം പോയി കറുത്ത് തേഞ്ഞ ഒരു റബ്ബര്‍ പന്ത് കിടന്നത് മിനിക്കുട്ടി കണ്ടു. അവളതെടുത്തു, ഒരു നിമിഷം നോക്കി നിന്നു. പിന്നെ അത് കയ്യില്‍ ഇറുകെ പിടിച്ചു,..

Nandan said...

നീലയും ചോപ്പും പട്ടങ്ങളുമായി അപ്പോഴും കുറെ കുട്ടികള്‍ പാടത്ത് കളിക്കുന്നുണ്ടായിരുന്നു. അവരില്‍ ആരൊക്കെയോ മിനിക്കുട്ടിയെ വിളിക്കുനുണ്ടായിരുന്നു. പക്ഷെ പെയ്തു തുടങ്ങിയ കണ്ണീര്‍ മേഘങ്ങള്‍ കാഴ്ച മറച്ചിരുന്നത് കൊണ്ടാവാം മിനിക്കുട്ടി അതൊന്നും കാണുന്നുണ്ടായിരുന്നില്ല. സ്വപ്നങ്ങളുടെ നൂല് പൊട്ടിയ ആ മനസ്സ് ഒന്നും കേള്‍ക്കുന്നും അറിയുന്നും ഉണ്ടായിരുന്നില്ല.
.....

പട്ടേപ്പാടം റാംജി said...

വായിക്കുമ്പോള്‍ തന്നെ കഴിഞ്ഞ പോസ്റ്റുകളില്‍ നിന്ന് അല്പം വ്യത്യാസം സംഭവിച്ചിരിക്കുന്നു എന്ന് മനസ്സിലാകുന്നുണ്ട്. ഒരു ഓര്‍മ്മക്കുറിപ്പ്‌ പോലെ മനസ്സില്‍ നൊമ്പരം പടര്‍ത്തി. കവുങ്ങിന്റെ പാളയില്‍ ഇരുത്തി വലിച്ച് കൊണ്ട് പോകുന്ന കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ പറഞ്ഞത്‌ നന്നായിട്ടുണ്ട്.
എന്നാലും കഴിഞ്ഞ പോസ്റ്റുകളുടെ ഭംഗി എനിക്ക് തോന്നിയില്ല കണ്ണാ. എന്റെ തോന്നല്‍ മാത്രമാവും.
ആശംസകള്‍.

jayanEvoor said...

നൊമ്പരപ്പെടുത്തി.
ആ കാലവും ബന്ധങ്ങളും ഒക്കെ മനസ്സിൽ തിരതള്ളിയെത്തി.

Muralee Mukundan , ബിലാത്തിപട്ടണം said...

ഉണ്ണികളുടെ കഥ ചൊല്ലിയാടി ,നീറുന്ന ഒരു ഓർമ്മകുറിപ്പുമായി....
കണ്ണനുണ്ണി ഇത്തവണ എല്ലാവരുടേയും കണ്ണുനിറപ്പിച്ചു ...
കേട്ടോ

saju john said...

കണ്ണന് ഒരു ത്രെഡ് കിട്ടിയാല്‍ അത് മനോഹരമായി എഴുതാനുള്ള കഴിവുണ്ട്. അത് പലപ്പോഴും പ്രകടിപ്പിച്ചിട്ടുമുണ്ട്.

പക്ഷെ, ഒരു ത്രെഡ് കിട്ടിയാല്‍ അത് ആരും പറയാത്ത വിധത്തില്‍ മറ്റോരു തലത്തില്‍ ചിന്തിച്ച് എഴുതാന്‍ ശ്രമിക്കുക.

ഈ കഥതന്നെ വളര്‍ന്ന മിനിയുടെ കണ്ണിലൂടെ കാണാം.....വീണേച്ചിയുടെ കണ്ണിലൂടെ കാണാം. എന്തിന് മരിച്ച വിഷ്ണുവിന്റെ കണ്ണിലൂടെയും കാണാം

വിഷ്ണുവിന്റെ ഓര്‍മ്മ മനസ്സിലാവുന്നു.

എന്നിരുന്നാലും സീരിയസ് ആയി എഴുത്തിനെ കാണുക.

സ്നേഹത്തോടെ....... നട്ട്സ്

അനില്‍കുമാര്‍ . സി. പി. said...

നോവിച്ചു. ലളിതമായ വരികള്‍, ഗൃഹാതുരതയുടെ സ്പര്‍ശം; ഇഷ്ടമായി ഏറെ.

മഹേഷ്‌ വിജയന്‍ said...

പ്രിയ കണ്ണനുണ്ണി,

വളരെ നന്നായിരിക്കുന്നു..!
ഈ ശൈലി മാറ്റം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു..
സി.പി. പറഞ്ഞപോലെ ഗൃഹാതുരതയുടെ സ്പര്‍ശമുള്ള ലളിത സുന്ദരമായ വരികള്‍..
കിട്ടാതെ പോയ കുറെ നല്ല ബാല്യ കാല ചിന്തകളിലേക്ക് ഒരിക്കല്‍ കൂടി മനസ്സിനെ നയിക്കുവാന്‍ ഈ പോസ്റ്റിനു കഴിഞ്ഞു..
എങ്കിലും അവസാനം സങ്കടായി...!!

ആശംസകള്‍. അഭിനന്ദനങ്ങള്‍..!!

Kalavallabhan said...

കഥ പെട്ടെന്നവസാനിച്ചോയെന്നൊരു തോന്നൽ.
നന്നായിട്ടുണ്ട്.

Anonymous said...

ലളിതമായ വരികള്‍, ഗൃഹാതുരതയുടെ സ്പര്‍ശം..

വളരെ നന്നായിരിക്കുന്നു..!

Anil cheleri kumaran said...

ശൈലീ മാറ്റം നന്നായിട്ടുണ്ട്.

ഒഴാക്കന്‍. said...

ഇഷ്ട്ടായി

ചിതല്‍/chithal said...

പുതിയ ശൈലിയാണല്ലോ! കൊള്ളാം ട്ടൊ. ഇടക്കൊക്കെ പരീക്ഷിക്കാവുന്നതാണു്.

സന്തോഷ്‌ പല്ലശ്ശന said...

കണ്ണാ സന്തോഷമുണ്ട് ഇതു വായിക്കുമ്പോള്‍. ...
മറ്റൊരു മുട്ടത്തു വര്‍ക്കി...
ഒരു കാലത്ത് പെണ്ണുങ്ങളെ ആര്‍ത്തിയോടെ മലയാളം വായിക്കാന്‍ പ്രേരിപ്പിച്ച മുട്ടത്തു വര്‍ക്കിയെന്ന മഹാനായ എഴുത്തുകാരന്റെ ശൈലിയോട് അടുത്തു നില്‍ക്കുന്ന എഴുത്താണ് കണ്ണന്റേത്.
ഗൗരവമായ എഴുത്തിലേക്കും വായനയിലേക്കും പതുക്കെ പതുക്കെ മാറുക....
keep writing..

എറക്കാടൻ / Erakkadan said...

വത്യസ്തത അതില്‍ ഗ്രാമീണ ഭംഗിയും ...അതാണ്‌ കണ്ണന്റെ കഥയുടെ പ്രത്യേകത ..

മാണിക്യം said...

കണ്ണനുണ്ണി ..
മനസ്സില്‍ തട്ടും വിധം നന്നായി എഴുതിയ കഥ ... ഇലക്ട്രിക്ക് കമ്പി പൊട്ടി അതില്‍ നിന്ന് ഷോക്ക് അടിച്ചു മരിക്കുക ഇപ്പോള്‍ പല സംഭവങ്ങള്‍ ആയി ഇത്തരം മിടുക്കന്മാര്‍ ഒറ്റനിമിഷംകൊണ്ട് ഈ ലോകം വിട്ട് പോകുന്നത് തികച്ചും വേദനാജനകം. ..
മിനിക്കുട്ടിയുടെ അവധിക്കാലം മനോഹരമായി വിവരിച്ചു ഒപ്പം വീണേച്ചിഎന്ന അമ്മയും നന്നായി വരച്ചിട്ടു ...

അരുണ്‍ കരിമുട്ടം said...

മിനിക്കുട്ടി സാങ്കല്‍പ്പിക കഥാപാത്രമായി തോന്നുന്നേ ഇല്ല.ശരിക്കും ഒരു അനുഭവത്തില്‍ മിനിക്കുട്ടി കൂടി ഉള്‍പ്പെട്ടതു പോലെ, നന്നായിരിക്കുന്നു

Unknown said...

ഒരു കഥ ആണെന്ന് തോന്നിയില്ല, അവസാനം ലേബല്‍ കാണുന്നത് വരെ ...
ആദ്യത്തെ കമന്റ് വായിച്ചപ്പോള്‍ മനസിലായി മുഴുവനായും കഥ അല്ലെന്ന് . നല്ല അവതരണം

Manoraj said...

വിഷ്ണു ഒരു നീറ്റല്‍ തന്നെ കണ്ണാ . പക്ഷെ ഇത് കണ്ണന്‍ പറയാതെ ശ്രീധരേട്ടനെ കൊണ്ടോ മിനിക്കുട്ടിയെ കൊണ്ടോ പറയിക്കായിരുന്നില്ലേ.. കണ്ണനറിയാത്ത പലതും അവര്‍ക്ക് അറിയാമായിരുന്നിരിക്കും. കണ്ണന്റെ എഴുത്തുകളില്‍ ഗ്രാമത്തിന്റെ നൈര്‍മല്യം നന്നായുണ്ട്. അത് വളരെ ഹൃദ്യവുമാണ്..

ഓഫ് : തേങ്ങാ കച്ചവടക്കാരിയെ കണ്ടില്ല ഇവിടെ:)

കുഞ്ഞൂസ് (Kunjuss) said...

കണ്ണാ...
ഗൃഹാതുരതയുടെ സ്പര്‍ശമുള്ള, ലളിതസുന്ദരമായ കഥ നോവിക്കുന്നു.കണ്ണു നനയിക്കുന്നു. മിനിക്കുട്ടി ഒരു സാങ്കല്‍പ്പിക കഥാപാത്രമാണെന്ന് തോന്നുന്നതേയില്ല. അത്രയേറെ കഥയില്‍ ലയിച്ചിരിക്കുന്നു.കഥാകൃത്തിന്റെ മികവിന് പ്രത്യേക അഭിനന്ദനങ്ങള്‍!

കണ്ണനുണ്ണി said...

പ്രഫുല്‍: ആദ്യായി ഞാന്ന്‍ എഴുതിയ കഥയ്ക്ക്‌ വന്ന ആദ്യ കമന്റ് ആണ്.. നന്ദി ട്ടോ..
രമണിക, ദി മാന്‍ : നന്ദി
ആളവന്താന്‍,ശ്രീനാഥന്‍ : അതെ സബ്ജെക്റ്റില്‍ പുതുമയൊന്നും ഇല്ലെന്നും അറിയാം. വിത്യാസം എന്‍റെ എഴുത്തില്‍ മാത്രം
ജിഷാദ്, നന്ദന്‍ : നന്ദി
സിയാ : അതെ മിനികുട്ടി ഇല്ലാതെ പറ്റില്ല്യായിരുന്നു
രാംജി: അതെ എവിടെയൊക്കെയോ ഭംഗി കുറവുള്ളത് എനിക്ക് മനസ്സിലാവനുണ്ട് മാഷെ. ഹാസ്യത്തിന്റെ മേമ്പൊടി കുറയുന്നതാവം ഒരു കാരണം. അല്ലെങ്കില്‍ അങ്ങനെ എഴുതാന്‍ എനിക്ക് വശമില്ലാതതാവം.
ജയന്‍ ചേട്ടാ : നന്ദി
മുരളി ചേട്ടാ : നന്ദി

കണ്ണനുണ്ണി said...

നട്ടുസേ : എല്ലാ പോസ്റ്റിലും കണ്ണന്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഉണ്ടാവും. എല്ലാ കഥയും കണ്ണന്റെ കണ്ണിലും വാക്കുകളിലും കൂടെ. അങ്ങനെയാ ഇത് വരെ എഴുതി കൊണ്ടിരുന്നെ. ശരിയാ.. ഒരുപക്ഷെ അതാവും ഈ കഥയുടെ അഭംഗിയും. അത് പറഞ്ഞു തന്നതിന് വളരെ നന്ദി ട്ടോ.. ഈ പോസ്റ്റിനു കിട്ടിയ ഏറ്റവും വിലപെട്ട കമന്റ് നട്ടുസിന്റെ ആണെന്ന് തോനുന്നു.
അനില്‍ മാഷെ : നന്ദി
മഹേഷ്‌ : നന്ദി.. താങ്കള്‍ക്കു കിട്ടാതെ പോയ ആ ബാല്യം എനിക്ക് നഷ്ടപ്പെട്ട് പോയതാണ്. വിത്യാസം അത്രയേ ഉള്ളു.
കലാവല്ലഭന്‍ : നന്ദി മാഷെ
അഭിലാഷ്, തൊമ്മി , കുമാരേട്ടാ : നന്ദി
ചിതല്‍ : അതെ ഇടയ്ക്കൊക്കെ മാത്രം

കണ്ണനുണ്ണി said...

സന്തോഷേട്ടാ: പ്രോത്സാഹനത്തിനു നന്ദി, ഇടയ്ക്ക് ഇനിയും ഇതുപോലെ സീരിയസ് സബ്ജെക്ടുകള്‍ എഴുതാന്‍ ശ്രമിക്കാം. നന്നായില്ലെങ്കിലും, എഴുതാന്‍ പഠിക്കുമല്ലോ...
ഏറക്കാടന്‍ : നന്ദി
മാണിക്യം : ഈ കഥ വീനെചിയിളൂടെയോ , ശ്രീധരെട്ടനിലൂടെയോ വിവരിക്കെണ്ടാതായിരുന്നു.
അരുണ്‍ : നന്ദി
ഒറ്റയാന്‍ : നന്ദി മാഷെ
മനോ : അതെ നട്ടുസിന്റെ മുകളിലെ കമന്റ് കണ്ടില്ലേ..ശരിയാ നിങ്ങള് രണ്ടാളും ചൂണ്ടി കാട്ടിയത്.
ഓഫ്‌ : തെങ്ങയടിക്കാരിടെ ഇന്റര്‍നെറ്റ്‌ അടിച്ചു പോയോണ്ട് തല്‍ക്കാലത്തേക്ക് തേങ്ങ കച്ചോടം നിര്‍ത്തി വെചെക്കുവാ.. :)
കുഞ്ഞൂസ്: നന്ദി... എഴുതി കഴിഞ്ഞപ്പോ എനിക്കും മിനികുട്ടിയെ അങ്ങ് ഇഷ്ടപെട്ടാരുന്നു..

Ashly said...

മ്മം...പാവം.

Anonymous said...

old tea in a new cup! but loved the narrating style which gave the much said theme a fresh new look .but ddnt like the usual way of making the lady(veenechi) a villain!
and may vishnu's soul RIP!
and when u get time just take a view at the new post in blogulakam..there's a mention abt u. hope u wnt mind!

OAB/ഒഎബി said...

കഥയില്‍ പുതുമയില്ലെങ്കിലും കഥയെഴുത്തില്‍ കണ്ണനുണ്ണിയുടെ പുതുമ വിളിച്ചോതുന്നു.
അത് കൊണ്ട് തന്നെ വായനാസുഖം നഷ്ടപ്പേറ്റാന്‍ ഇടയാക്കിയില്ല.

റംസാന്‍, ഓണം ആശംസകളോടെ..

Pranavam Ravikumar said...

കൊള്ളാം ചേട്ടാ.... അഭിനന്ദനങ്ങള്‍.....

കൊച്ചുരവി

raadha said...

കഥ വായിച്ചു .പുതിയ ശൈലി മാറ്റം നന്നായി. കഥയിലെ തീം പഴയതാണെങ്കിലും പഴയ കാലങ്ങള്‍ എല്ലാര്ക്കും ഒന്നൂടെ ഓര്‍മ്മിക്കാന്‍ അവസരം തന്നു. കണ്ണന്റെ ലളിതമായ കഥ പറച്ചില്‍ നന്നായി...

asrus irumbuzhi said...

ഡിയര്‍ കണ്ണനുണ്ണി !
നല്ല അവതരണം...
മനോഹരം ,ഹൃദ്യം...
.
.
.
.അസ്രൂസ്‌
http://asrusworld.blogspot.com/

Echmukutty said...

കുറച്ചും കൂടി ശ്രമിച്ചാൽ എഴുത്ത് അതിഗംഭീരമായി വഴങ്ങും.
നല്ല കഥകൾ പോരട്ടെ.

കണ്ണനുണ്ണി said...

മൈത്രേയി ചേച്ചി... ഞാന്‍ കണ്ടിരുന്നു ആ പോസ്റ്റ്‌ ട്ടോ.. :)
ആശ്ലീ : :)
ഓ എ ബി : നന്ദി മാഷെ
രവികുമാര്‍ : നന്ദി
രാധേച്ചി: കൈക്ക് ഇഇപ്പോ എങ്ങനെ ഇണ്ട്
അസൃസ് : നന്ദി
എച്ച്മുകുട്ടി :: നന്ദി..ശ്രമിക്കാം ട്ടോ

കുക്കു.. said...

കണ്ണനുണ്ണി നന്നായിട്ടുണ്ട് എഴുതിയത്...

മാരാര്‍ said...

വിന്റെ , ഇഷ്ടായീ...എവ്ടെയോ ഒരു നീറ്റല്‍....പലരുടെ കുട്ടിക്കാലത്തും ഉണ്ടായിരുന്നിരിക്കാം ഇങ്ങനെ ചില നഷ്ടപ്പെടലുകളുടെ കഥകള്‍....നന്നായി എഴുതിയിട്ടുണ്ട്...സീരിയസ് ആയ കണ്ണനുണ്ണിയ്ക്ക് നല്ല രസോണ്ട് ട്ടോ......

മാരാര്‍ said...

വിന്റെ , ഇഷ്ടായീ...എവ്ടെയോ ഒരു നീറ്റല്‍....പലരുടെ കുട്ടിക്കാലത്തും ഉണ്ടായിരുന്നിരിക്കാം ഇങ്ങനെ ചില നഷ്ടപ്പെടലുകളുടെ കഥകള്‍....നന്നായി എഴുതിയിട്ടുണ്ട്...സീരിയസ് ആയ കണ്ണനുണ്ണിയ്ക്ക് നല്ല രസോണ്ട് ട്ടോ......

Shinoj said...

വളരെ നന്നായിരിക്കുന്നു..! ഇഷ്ട്ടായി

തെങ്ങും വിളയിൽ മത്തായി

രാമപുരത്തിന്റെ വടക്കേ അതിരിൽ പുഞ്ചപ്പാടങ്ങളും , തെങ്ങിൻ തോപ്പുകളും അഴക് ചാർത്തുന്ന ഏവൂർ എന്ന കൊച്ചു ഗ്രാമം. അവിടെ സാമാന്യം തെറ്റില്ലാത്ത പി...