Tuesday, July 14, 2009

വിജയ്‌ മോന്‍ സുന്ദരനായിരുന്നു

ന്ന് ഞാന്‍ തീരെ കുഞ്ഞായിരുന്നു ട്ടോ.. ഒന്നിലോ രണ്ടിലോ പഠിക്കുന്ന പ്രായവാ..... മൂത്ത മാമന്‍ അന്ന് ആദ്യമായി സ്കൂട്ടര്‍ എന്ന അത്ഭുത വസ്തു വീട്ടിലേക്കു കൊണ്ട് വന്ന ദിവസം. നല്ല ആപ്പിള്‍ പോലെ ചുവന്ന നിറമുള്ള ഒരു സുന്ദരന്‍ വിജയ്‌ സൂപ്പര്‍!! പേര് പോലെ തന്നെ ആളും സൂപ്പര്‍!!! തറവാട്ടില്‍ അന്ന് എന്തായിരുന്നു ഒരാഘോഷം.. എല്ലാവരും മുറ്റത്ത്‌ ഇറങ്ങി നിന്ന് അവനെ വരവേറ്റു.താക്കോല്‍ എരുവ അമ്പലത്തില്‍ കൊണ്ട് പോയി പൂജിച്ചു, ശുഭ മുഹൂര്‍ത്തം നോക്കി തേങ്ങയടിച്ചു ഫോര്‍മല്‍ ആയി 'വിജയ്‌ മോന്‍' സര്‍വീസില്‍ ജോയിന്‍ ചെയ്തു.

സൈക്കിളിനു അപ്പുറത്തേക്ക് ഒരു ഇരുചക്ര വാഹനം അപൂര്‍വമായി മാത്രം കണ്ടിരുന്ന ആ കാലത്ത്, വീട്ടിലും നാട്ടിലും 'വിജയ്‌ മോന്‍' ഒരു താരമായി മാറി...അവന്റെ 'ടര്‍ര്‍ര്‍.... ' ശബ്ദം നാട്ടുകാര്‍ക്ക് അസൂയയും വീട്ടുകാര്‍ക്ക് അഭിമാനവും ആയിരുന്നു. റോഡിലൂടെ പോവുന്ന കുട്ടികള്‍ ഗേറ്റിലൂടെ എത്തിനോക്കുന്നത് കാണുമ്പോ ഞാന്‍ ഓടി ചെന്ന് സീറ്റില്‍ കയറി ഹാന്‍ഡില്‍ പിടിച്ചു ഗമയില്‍ ഇരിക്കും.... "സ്കൂട്ടറിന്റെ മുകളില്‍ ഏതാ ഒരു കുട്ടി കുരങ്ങന്‍ ഇരിക്കണേ" .. എന്ന് ഒരീസം ഒരു വികൃതി വിളിച്ചു ചോദിക്കുന്നത് വരെ പതിവ് തുടര്‍ന്നു.


തറവാട്ടില്‍ അന്നെന്റെ രാജ വാഴ്ച കാലം ആയിരുന്നേ.. അമ്മയുടെ തറവാട്ടിലെ ഒരേയൊരു കുട്ടി സമയത്ത് ഞാന്‍ ആണ്....അത് കൊണ്ട് തന്നെ കൊന്ജിക്കാനും കളിപ്പിക്കാനും ഒക്കെ എല്ലാവരും ക്യൂ നിക്കണെ സമയാ... . സ്വാഭാവികമായി സ്കൂട്ടറില്‍ ഇടയ്ക്കിടയ്ക്ക് ഒരു കറക്കം എന്‍റെ അവകാശം ആയി മാറി. മാമന്‍ സ്ഥലത്തില്ലാത്ത ദിവസങ്ങളില്‍ സീറ്റില്‍ കയറിയിരുന്നു ഹാന്‍ഡില്‍ അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചു ഇടയ്ക്ക് ഞാന്‍ സ്റ്റാന്‍ഡില്‍ ഇരിക്കുന്ന സ്കൂട്ടറില്‍ ഒറ്റയ്ക്കും സവാരി നടത്താറുണ്ട്‌..വൈകിട്ട് സ്കൂള്‍ വാന്‍ ഗേറ്റില്‍ വന്നു നിര്‍ത്തിയാല്‍ ഇറങ്ങി നേരെ ഒരു ഓട്ടം ആണ് ഷെഡ്ഡില്‍ ഇരിക്കണ ഫ്രണ്ട് ഇനെ കാണാന്‍. അവനെ സാധാരണ കുളിപ്പിക്കുന്ന ഞായറാഴ്ച ദിവസം എന്‍റെയും കുളി കിണറ്റുകരയിലേക്ക്‌ ഷിഫ്റ്റ്‌ ചെയ്തു. എന്തിനേറെ പറയുന്നു വിജയ്‌ മോനും ഞാനും ഉറ്റ ചങ്ങാതിമാരായി മാറി.

മാമന് ഞങ്ങടെ ചങ്ങാത്തം അത്രക്കങ്ങട് ഇഷ്ടം ആയിരുന്നില്യട്ടോ. പക്ഷെ എന്നെ വഴക്ക് പറയുകയോ തല്ലുകയോ ചെയ്‌താല്‍ കരഞ്ഞു കൂവി എല്ലാവരെയും അറിയിച്ചു അതൊരു അന്താരാഷ്ട പ്രശ്നം ആക്കി എടുക്കും എന്ന് അറിയാവുന്നതിനാല്‍,
."മോനെ നീ സ്കൂട്ടറില്‍ നിന്ന് ഇറങ്ങി മുറ്റത്ത്‌ പോയി കളിക്ക് കുട്ടാ....നല്ല കുട്ടിയല്ലേ.."
എന്ന് ഡിപ്ലോമാടിക് ആയി പറയുകയേ ചെയ്യൂ. പക്ഷെ ഞാന്‍ ആരാ മോന്‍...പാലസ്തീന്റെ സന്ധി സംഭാഷണങളോട് 'കല്ലി വല്ലി' എന്ന് പറയുന്ന ഇസ്രയേലിനെ പോലെ മാമന്റെ ഡിപ്ലോമസിക്ക് ഞാന്‍ പുല്ലു വില കൊടുക്കില്യ . .

അങ്ങനെയിരിക്കെ എന്തോ കാര്യം കൊണ്ട് ഒരീസം സ്കൂള്‍ നേരത്തെ വിട്ടു. വീട്ടിലെത്തിയ ഞാന്‍ നേരെ പടിഞ്ഞാറെ ഷെഡ്ഡിലെക്കു പാഞ്ഞു. സ്കൂട്ടര്‍ അവിടെ ഇല്ല!!. നേരെ അടുക്കള മുറ്റത്തേക്ക്‌ ഓടി.. അവിടേം ഇല്യ. കിണറ്റുകരയിലേക്ക്‌ ഓടി.. യുറേക്കാ....!! അതാ ഇരിക്കുന്നു.. കുളിച്ചു സുന്ദരകുട്ടപ്പനായി നമ്മുടെ കഥാനായകന്‍. വെള്ളം തോര്‍ന്നിട്ടില്ല...കഴുകി വെച്ചിട്ട് മാമന്‍ എവിടേക്കോ പോയതേ ഉള്ളു.
"മിസ്സ്‌ യു ഡാ..." എന്ന് പറഞ്ഞു കൊണ്ട് സീറ്റിലേക്ക് ചാടി കയറി.
വെള്ളം വീണു കുതിര്‍ന്നുകിടന്ന കിണറ്റുകരയിലെ മണ്ണ് ചതിച്ചു. എന്റെ ചാട്ടത്തിന്റെ ആയത്തില്‍ സ്റ്റാന്ട് ഇളകി. സ്കൂട്ടറും ഞാനും ഏതോ പഴയ സിനിമയിലെ ജയനും സീമയും പോലെ, കെട്ടിപിടിച്ചു കൊണ്ട് അതാ കിടക്കുന്നു...നിലത്ത്!!! പക്ഷെ ഒരു വ്യത്യാസം മാത്രം. ഇത്തവണ സ്കൂട്ടര്‍ ആയിരുന്നു മുകളില്‍.

വലിയ വായില്‍ കാറി കൂവി കരഞ്ഞെങ്കിലും ഒരു ടോമ്മിയും( വീട്ടിലെ പട്ടി ) കേള്‍ക്കുന്നില്ല. സ്കൂട്ടറിനു അടിയില്‍ കാലു കുരുങ്ങിയതിനാല്‍ എണീക്കാന്‍ കഴിയണില്യ. എവിടെ ഒക്കെയോ നോവുന്നു. കരഞ്ഞു കൊണ്ട് കാലു വലിച്ചെടുക്കാന്‍ ശ്രമിച്ചു...നോ രക്ഷ. നൌ വാട്ട്‌ ടു ഡൂ? പാവം കണ്ണന്‍.

ഭാഗ്യത്തിന് അപ്പോഴേക്കും അമ്മൂമ്മയും മാമനും എവിടെ നിന്നോ ഓടി എത്തി. മാമന്‍ സ്കൂട്ടര്‍ പിടിച്ചുയര്‍ത്തി. അമ്മൂമ്മ എന്നെ പിടിചെഴുനെല്പിച്ചു. എവിടെയൊക്കെയോ നല്ല വേദന.കൈമുട്ടിലെ കുറെയേറെ തൊലി..റ്റാ..റ്റാ പറഞ്ഞു പോയിരിക്കുന്നു.പക്ഷെ നോവും നീറ്റലും ഒക്കെ സഹിക്കാം. എന്‍റെ ചങ്ക് തകര്‍ന്നു പോയത് മറ്റൊരു കാഴ്ച കണ്ടിട്ടായിരുന്നു. 'നിനക്കെന്തെങ്കിലും പറ്റിയോ മോനെ?' എന്നൊരു വാക്ക് പോലും ചോദിക്കാതെ മാമന്‍ അതാ സ്കൂട്ടറിന്റെ ചുറ്റും നടന്നു നോക്കുന്നു. പറ്റിയ മണ്ണൊക്കെ തൂത്ത് കളയുന്നു.വീണ്ടും കുളിപ്പിക്കുന്നു. ഈ സ്കൂട്ടര്‍ ആണോ അപ്പൊ ഇവിടുത്തെ കുഞ്ഞ്. എന്നെ ആര്‍ക്കും വേണ്ടേ . ഇന്നലെ കേറി വന്ന സ്കൂട്ടറിനെ കണ്ടപ്പോ അഞ്ച് ആറ് വര്‍ഷമായി... മാമാ.... ന്നു വിളിച്ചു പിറകെ നടന്ന എന്നെ മറന്നു.. ദുഷ്ടന്‍!!! സങ്കടം സഹിക്കാന്‍ കഴിയാതെ ഞാന്‍ പൊട്ടികരഞ്ഞു.

എന്തായാലും ഈ സംഭവത്തിനു ശേഷം വിജയ്‌ മോനോട് സ്നേഹം കൂടാതെ അല്പം പേടിയും ബഹുമാനവും ഒക്കെ വന്നുട്ടോ... ഒന്നുല്ലേ എന്നെക്കാള്‍ നാല് അഞ്ചു ഇരട്ടി ഭാരം അവനില്ലേ.. അതിന്‍റെ ബഹുമാനം കൊടുക്കണ്ടേ...എന്തിനാ വെറുതെ...കാലു മെനക്കെടുത്തുന്നെ. അല്ലെ ?

Saturday, July 4, 2009

ഒരു ഒന്നൊന്നര സ്കൈ ഡൈവിങ്

റവാട്ടിലെ ഓണക്കാലം ആലോചിക്കുമ്പോ ആദ്യം തന്നെ മനസ്സിലേക്ക് ആടി ഓടി വരുന്ന ഒന്നാണ് തെക്കേ തൊടിയിലെ വല്യ പുളിമരവും അതില്‍ കെട്ടുന്ന ഊഞ്ഞാലും. എത്ര നന്ദി പറഞ്ഞാലാ മതിയാവുക രണ്ടാളോടും? . വിമാനത്തില്‍ കയറുന്നതിനും എത്രയോ മുന്‍പ് എന്നെ പറക്കാന്‍ പഠിപ്പിച്ചതിന്ടെ കടപ്പാട് തീര്‍ത്താല്‍ തീരില്യ ..!

വിശാലമായ തെക്കേ തൊടിയില്‍ തല ഉയര്‍ത്തി അഹങ്കാരത്തോടെ നിക്കണ പുളി മരത്തിനു എന്നെക്കാള്‍ പ്രായമുണ്ട്. പണ്ടൊക്കെ സ്കൂളിന്നു വന്നാല്‍ ഞാനും ചേച്ചിയും നേരെ ഓടും അതിന്‍റെ ചോട്ടില്‍ പുളി പെറുക്കാന്‍ . എന്തൊരു ഉയരവാ... ചുമ്മാതല്ല ഇത്ര ജാഡ. ചുറ്റും ഉള്ള പറങ്കിമാവും , ചെമ്പകവും, ആഞ്ഞിലിയും ഒക്കെ എത്ര അസൂയപെടുന്നുണ്ടാവും എന്ന് ഓര്‍ത്തിട്ടുണ്ട് അന്നൊക്കെ. പുളിയുടെ തെക്ക് വശത്ത് വിശാലമായ കുളം ആണ്. പറമ്പിലെ കപ്പയ്ക്കും കാച്ചിലിനും ചേമ്പിനും ഒക്കെ സമയാ സമയം വെള്ളം എത്തിക്കാന്‍ വേണ്ടി ഉള്ള ജലസേചനപദ്ധതിയുടെ ഒന്നാം ഘട്ടം ആണ് അത്. കിഴക്ക് ഭാഗത്ത് വിശാലമായ ചിറ.എപ്പോഴും ഒരടി എങ്കിലും വെള്ളം കെട്ടി കിടക്കുന്ന അവിടെയും നിറയെ വെട്ടു ചേമ്പ് ഒക്കെ നട്ടിടുണ്ടാവും.

അത്തം പിറന്നാല്‍ അന്ന് തന്നെ അമ്മൂമ്മ വടക്കേതിലെ ശങ്കരേട്ടനെ വരുത്തി നല്ല നീളത്തിലും വീതിയിലും ഒരു ഊഞ്ഞാല്‍ അങ്ങട് കെട്ടിയ്ക്കും നമ്മുടെ പുളിമരത്തിന്റെ തെക്കേ കൊമ്പില്‍. ഓണപരീക്ഷ കഴിഞ്ഞാല്‍ പിന്നെ ഞങ്ങളെ പിടിച്ചാല്‍ കിട്ടില്യെ...! രാവിലെ എന്തേലും കഴിച്ചെന്നു വരുത്തും .. പിന്നെ ഒറ്റ ഓട്ടം ആണ് പുളിയുടെ ചോട്ടിലേക്ക് . അയല്‍പക്കത്തെ കുട്ടികള്‍ ഒക്കെ കൂടെ ഒരു വാനരപട എപ്പോഴും പ്രെസന്റ് ആയിരിക്കും അവിടെ. ഒരു മൂലയ്ക്ക് പെണ്കുട്ട്യോള് കഞ്ഞീം കറിയും വെക്കണുണ്ടാവും . ഇടയ്ക്ക് കുളത്തില്‍ തലപോക്കുന്ന നീര്‍ക്കോലികളുടെ തലമണ്ടയ്ക്ക് തന്നെ മണ്‍കട്ട എറിഞ്ഞു കൊള്ളിക്കുന്നതിലാണ് ചില പൊടിക്കുപ്പികളുടെ സന്തോഷം. ദ്രോഹികള്‍ ...അവന്മാരെയൊക്കെ മേനക ഗാന്ധി കണ്ടിരുന്നെങ്കില്‍ തെരണ്ടി വാല് കൊണ്ട് അടിച്ചേനെ.

പ്രധാന കലാപരിപാടി ഊഞ്ഞാലാട്ടം തന്നെ ആണ്. ഊഞ്ഞാല് ടേണ്‍ വെച്ചാണ് ആടുക. ഒരാള്‍ക്ക്‌ 20 ആട്ടം എന്നാണു കണക്ക് . നിന്നും ഇരുന്നും കിടന്നും തല കുത്തിയും ഒക്കെ പല പോസില്‍ ആണ് ആട്ടം. രമ്യ ചേച്ചിയും (എന്‍റെ അപ്പച്ചിയുടെ മോള്‍) സന്ധ്യെച്ചിയും (അയലത്തെ ചേച്ചി) ഒക്കെ ചില്ലാട്ടം പറന്നു പോയി പുളിയില കടിച്ചെടുത്തു കൊണ്ട് വരുന്നത് കാണുമ്പോ എനിക്കാകെ ദേഷ്യം ആണ്. 'കിട്ടാത്ത പുളിയില പുളിയ്ക്കും' എന്നാണല്ലോ പറയാറ്‌.
സംഗതി ഞാന്‍ ഒരു ആണ്‍കുട്ടി ആണേലും കുഞ്ഞല്ലേ. അങ്ങനെ റിസ്ക്‌ എടുത്തു ആടാന്‍ ആരും സമ്മതിയ്ക്കില്ല. എന്നെ കേറ്റി ഇരുത്തി മെല്ലെ ആട്ടി തരും. ഇടയ്ക്കു പിണങ്ങി നോക്കിയാലും ഒരു കാര്യോമില്ല . "നിന്റെ അമ്മേടെ കയ്യിന്നു വഴക്ക് എനിക്കാ കിട്ടുക. ഇത്രേം ആടിയാല്‍ മതി ..അല്ലെങ്കില്‍ ഇപ്പൊ മാമിയോടു പറഞ്ഞു കൊടുക്കുവേ " ചേച്ചിടെ ഭീഷണിക്ക് വഴങ്ങി ഒരു ത്രില്ലും ഇല്ലാതെ ആടിതീര്‍ക്കും പാവം ഞാന്‍ :( .

എന്റെ പ്രായം ഉള്ള മറ്റു പിള്ളേര്‍ക്ക് ഒന്നും ഒരു നിയന്ത്രണവും ഇല്ല. തോന്നുന്നത് പോലെ ആടാം..നടുവും തല്ലി വീഴാം..എന്നിട്ട് തടവിക്കൊണ്ട് മാറി എവിടെങ്കിലും അടങ്ങി ഇരിക്കാം. എനിക്ക് മാത്രം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് പൌരാവകാശ ലംഖനം അല്ലെ ?..... അല്ലെ ?? ചുണയുണ്ടെങ്കില്‍ പുളിയില കടിചെടുതോണ്ട് വാടാ... എന്നുള്ള വെല്ലുവിളികള്‍ പല തവണ ഉണ്ടായി. അപ്പോഴൊക്കെ ഞാന്‍ ചേച്ചിയെ ദയനീയമായി നോക്കും. അവളുടെ മുഖത്ത് കടന്നല് കുത്തിയ പോലെ നിഷേധ ഭാവം. ഇത്രയ്ക്ക് ജാഡ കാണിക്കാന്‍ ഇവളാര് ഝാന്സി റാണിയോ ? അതോ മംമ്ത ബാനര്‍ജിയോ ...? തിളച്ചു വരുന്ന ദേഷ്യം ഉള്ളിലൊതുക്കി ഞാന്‍ ദാനം കിട്ടുന്ന ചെറിയ ആട്ടം ആടി തീര്‍ക്കും.

അങ്ങനെ ഇരിക്കെ ഒരീസം തിരുവോണം കഴിഞ്ഞു ചേച്ചിയെ ചെറിയമ്മ അടൂരേക്ക് കൂട്ടികൊണ്ട് പോയി. അമ്മ എന്തോ ആവശ്യത്തിനു ഹരിപാട് പോയിരിക്കുന്നു. അഴിഞ്ഞാടാന്‍ പറ്റിയ അവസരം. ഞാന്‍ ഊഞ്ഞാലിന്റെ അടുത്തേയ്ക്ക് ഓടി. അവിടെ കുറെ കുട്ടികുരങ്ങന്മാര്‍ ഹാജരുണ്ട്. അക്കൂട്ടത്തില്‍ എന്നെ വെല്ലുവിളിച്ച പലരും ഉണ്ട്. ഇന്ന് എല്ലാ കണക്കും ഞാന്‍ തീര്‍ക്കും. ചന്തുവിനോടാണോ കളി....! ഞാന്‍ ആരാ മോന്‍...ഇന്ന് കാട്ടി കൊടുക്കാം എല്ലാത്തിനും..!!

രജനികാന്തിനെ പോലെ സ്റ്റൈലില്‍ .. സ്ലോ മോഷനില്‍ ഞാന്‍ ഊഞ്ഞാലില്‍ വലിഞ്ഞു കയറി. കുറച്ചു നേരം ഇരുന്നു ആടി ആയം കിട്ടിയപ്പോ മെല്ലെ എണീറ്റു. ഗിയര്‍ മെല്ലെ സെക്കന്റില്‍ നിന്ന് തേര്ഡിലേക്കും പിന്നെ ഫോര്‍ത്തിലെക്കും മാറ്റി . സംഗതി തരക്കേടില്ല. ഞാന്‍ താഴെ നില്‍ക്കുന്നവരെ ഒക്കെ ഒന്ന് പാളി നോക്കി. വായും പൊളിച്ചു നോക്കി നില്‍ക്കുന്നവരുടെ മുഖത്ത് ആകാംക്ഷ , ആരാധന ഒക്കെയുണ്ട്. ആട്ടത്തിന്റെ സ്പീഡ് കൂടി കൂടി വന്നു. ഇപ്പൊ പുളിയിലയുടെ തൊട്ടു അടുത്ത് വരെ ആടിയെത്തുന്നുണ്ട് . പക്ഷെ കടിച്ചെടുക്കാന്‍ ടൈമിംഗ് ശരിയാവണില്ല. ഇപ്പൊ കടിക്കും ഇപ്പൊ കടിക്കും എന്ന് തോന്നിപ്പിചെന്കിലും പുളിയില എനിക്ക് 'കടി തരാതെ' മാറി നിന്നു . എനിക്ക് നിരാശയായി.

ഈശ്വരാ എന്റെ അഭിമാനം ഇന്ന് കപ്പല് കയറുമോ. താഴെ നിന്ന് കളിയാക്കി കൂവി വിളിക്കണ മനോജിന്‍റെ തലയില്‍ ഒരു പുളിന്കൊമ്പ് ഒടിഞ്ഞു വീഴണേ ഭഗവാനെ ...!!. പുളിയില ഇല്ലാതെ താഴെ ഇറങ്ങിയാല്‍ ...പിന്നെ തല ഉയര്‍ത്തി നടന്നിട്ട് കാര്യമില്ല. എന്‍റെ പേര് ടോമ്മിക്ക് (വീട്ടിലെ പട്ടി ) ഇടുന്നതാവും പിന്നെ നല്ലത്.

ഭഗവാനെ ....കൃഷ്ണാ ...എനിക്ക് മാത്രം നീ എന്തിനാ ഇങ്ങനെ പണി തരുന്നെ. പൂജയ്ക്ക് വാങ്ങി വെക്കുന്ന കല്‍ക്കണ്ടം ഞാന്‍ കട്ടെടുത്തു തിന്നുമെന്കിലും അതിന്റെ മാസ്റ്റര്‍ ബ്രെയിന്‍ രമ്യ ചേച്ചിയല്ലേ? അവള്‍ക്കു കടിക്കാന്‍ കൊടുത്ത പുളിയില നീ എനിക്ക് മാത്രം എന്താ തരാതിരിക്കുന്നെ ?.... കൊമ്പ്രോമൈസ്.. ഇനി കല്‍ക്കണ്ടം എടുക്കില്ല ഇത് സത്യം സത്യം സത്യം...!!!
അവസാനമായി സര്‍വ്വ ശക്തിയും സംഭരിച്ച് ഒന്ന് കൂടെ ശ്രമിക്കാന്‍ തീരുമാനിച്ചു.
...കാവിലമ്മേ കാത്തോണേ...!!.
അതാ പുളിയില തൊട്ടു മുന്നില്‍...ഞാന്‍ മുന്നോട്ടു പരമാവധി ആഞ്ഞു..
....ഒരു നിമിഷം ഒന്നും മനസ്സിലായില്ല..
..ഭാരമില്ലാത്ത അവസ്ഥ.. നോക്കുമ്പോള്‍ പുളിമരവും ഊഞ്ഞാലും അകന്നകന്നു പോവുന്നു.
അതെ... ഞാന്‍ പറക്കുകയാണ്..!!!
അമ്പലത്തിലേക്കുള്ള ഇടവഴിക്കും ചെറി മരത്തിനും മുകളിലൂടെ കിഴക്കേ ചിറയിലേക്ക് ഒരു ക്രാഷ്‌ ലാന്ടിന്ഗ്.
....ഠിം......!!!
ആദ്യം നിലത്തു തൊട്ടതു മൂക്ക് ആണെന്ന് തോന്നുന്നു. ചേമ്പിന്‍ മൂട്ടിലെ ചെളിയില്‍ മൂക്കും കുത്തി വീണതാണെന്നു മനസ്സിലാക്കന്‍ ഏതാനം സെക്കന്റുകള്‍ വേണ്ടി വന്നു. കണ്ണില്‍ നല്ല പ്രകാശം. നേരം വെളുത്തത് പോലെ. ചുറ്റും ഉള്ള ഒന്നും മനസിലാവണില്ല. ആരൊക്കെയോ ഓടി വന്നു താങ്ങിയെടുത്ത് വരമ്പത്തു ഇരുത്തി. വായിലും മൂക്കിലും ഒക്കെ ചെളിയാണ്. മുഖം ബ്യൂട്ടി പാര്‍ലറില്‍ മാസ്ക് ഇടുന്നത് പോലെ. വെള്ളത്തില്‍ ലാന്‍ഡ്‌ ചെയ്തത് കൊണ്ട് മുറിവോ സാരമായ പരിക്കോ ഇല്ല.
ഒന്നും സംഭവിച്ചിട്ടില്ല എന്ന് മനസ്സിലായതോടെ ആകാംക്ഷ ചിരിക്കു വഴി മാറി. ചുറ്റും ഉയരുന്ന പൊട്ടിച്ചിരികള്‍ വകവയ്ക്കാതെ ഞാന്‍ കുളിമുറിയിലേക്ക് ഓടി.
എന്തായാലും അതോടെ ആ ഓണക്കാലത്ത് ഒറ്റയ്ക്ക് തെക്കേ തൊടിയിലെക്കുള്ള പ്രവേശനം പൂര്‍ണമായും നിരോധിക്കപെട്ടു കൊണ്ട് തറവാട്ടിലെ മെയിന്‍ ഡിവിഷന്‍ ബെഞ്ച്‌ ആയ ചിറ്റപ്പന്‍ ഉത്തരവിറക്കി.

പക്ഷെ പിന്നീട് ഒരിക്കലും പുളിയില കടിച്ചെടുക്കാന്‍ എന്നെ ആരും വെല്ലുവിളിച്ചിട്ടില്ല. അല്ലേലും പുളിയില കടിച്ചെടുക്കാന്‍ ഏതു പോലീസ് കാരനും കഴിയും. പറന്നു പോയി കൃത്യമായി ചേമ്പിന്‍ മൂട്ടില്‍ ലാന്‍ഡ്‌ ചെയ്യുന്നത് ചില്ലറ കാര്യമാണോ. ഇന്ന് വരെ ആ റെക്കോര്‍ഡ്‌ എന്‍റെ തറവാട്ടില്‍ പിറന്ന ഒരു ആണ്തരിയും പെണ്തരിയും മറി കടന്നിട്ടുമില്ല.....

തെങ്ങും വിളയിൽ മത്തായി

രാമപുരത്തിന്റെ വടക്കേ അതിരിൽ പുഞ്ചപ്പാടങ്ങളും , തെങ്ങിൻ തോപ്പുകളും അഴക് ചാർത്തുന്ന ഏവൂർ എന്ന കൊച്ചു ഗ്രാമം. അവിടെ സാമാന്യം തെറ്റില്ലാത്ത പി...