Tuesday, September 22, 2009

എന്നാലും..ന്‍റെ അഞ്ജലീ..

ഞ്ജലി, അവളെന്‍റെ കളിക്കൂട്ടുകാരി ആയിരുന്നു. ഞങ്ങള് തമ്മില്‍ മൂന്നു വയസ്സിന്റെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളു. ഞാന്‍ ആദ്യായി പിച്ച വെച്ച് തുടങ്ങിയ മുറ്റത്ത്‌ തന്ന്യാ അഞ്ജലിയും പിച്ച വെച്ചത്. അതൊക്കെ കൊണ്ട് തന്നെ എന്‍റെ ബാല്യകാല ഓര്‍മ്മകളിലെ നിറഞ്ഞ സാന്നിധ്യം ആയിരുന്നു അഞ്ജലി. അന്നൊക്കെ എപ്പോഴും അഞ്ജലി പെണ്ണിന്‍റെ കൂടെ പാടത്തും തൊടിയിലും ഓടി ചാടി നടക്കണെ ആയിരുന്നു എന്‍റെ പ്രധാന വിനോദം . എന്ത് കിട്ടിയാലും അവള്‍ക്കു കൂടെ കൊണ്ട് കൊടുത്തിട്ടേ കഴിക്കു. അതൊക്കെ കൊണ്ട് തന്നെ അഞ്ജലിക്കും എന്നെ ജീവനായിരുന്നു...
അന്ജലീ ...' ന്നു ഒന്ന് നീട്ടി വിളിച്ചാല്‍ മതി..
വാലും ആട്ടി..തലയും കുലുക്കി ..മറുപടി തരും..'ബ്രേ...'
ഞെട്ടിയോ.. ??
ഞെട്ടേണ്ട.. അഞ്ജലി നമ്മടെ അമ്മിണി പശു കടിഞ്ഞൂല്‍ പെറ്റു ഉണ്ടായ പൈക്കുട്ടിയാ ..!
അമ്മാമ്മേടെ പെറ്റ് ആയിരുന്നു അമ്മിണി പശു..അത് കൊണ്ട് തന്നെ...കുടുംബത്തിലെ ആദ്യത്തെ കുട്ടിയായ എനിക്ക് കിട്ടിയ അതെ പരിഗണന തന്നെ അമ്മിണിടെ മോള്‍ക്കും കിട്ടി..എങ്ങും കെട്ടി ഇടില്യ, എപ്പോഴും ഓടി ചാടി നടക്കാം, എന്ത് കുറുമ്പും കാണിക്കാം.
അങ്ങനെ ഓടിയും ചാടിയും ഡെയിലി ഞാന്‍ കൊണ്ട് കൊടുക്കുന്ന പഴത്തൊലി കഴിച്ചും ഒക്കെ അഞ്ജലി വളര്‍ന്നു വല്യ പെണ്ണായി. ഇനി കെട്ടാതെ വിട്ടാല്‍ ലവള് വേലി ചാടിയാലോ എന്ന് പേടിച്ചു ആവാം അമ്മമ്മ അഞ്ജലിയേം കെട്ടി ഇടാന്‍ തുടങ്ങി.
പക്ഷെ കയറു കഴുത്തില്‍ വീണതോടെ അവടെ കളിയും ചിരിയും എല്ലാം പോയി.. കളിക്കുടുക്ക വാങ്ങി കൊടുത്താലോ എന്ന് വരെ അത് കണ്ടു ഞാന്‍ സീരിയസ് ആയി ചിന്തിച്ചിരുന്നു അന്നൊക്കെ. എന്തായാലും അതോടെ തൊടി മുഴുവന്‍ ഓടി നടന്നുള്ള കളിക്ക് പകരം, അഞ്ജലിയെ കെട്ടുന്ന തെങ്ങിന്‍ മൂട്ടിലായി ഞങ്ങടെ കളി. ഇടയ്ക്കു ഒരു രസത്തിനു അഞ്ജലി പശുവിന്റെ പുറത്തു കയറി ,ശീമ കൊന്നയുടെ കമ്പും ഒക്കെ കയ്യില്‍ പിടിച്ചു തലയൊക്കെ മാക്സിമം ഉയര്‍ത്തി ഞാന്‍ ഒരിരുപ്പ് ഇരിക്കാറുണ്ട .
ശ്ശൊ, ഒന്ന് കാണണ്ടേ കാഴ്ച തന്നെയാ!
കാലന്‍ പോലും നാണിച്ചു പോത്തിന്റെ പുറത്തു നിന്ന് താനേ താഴെ ഇറങ്ങും '.. അത്ര സെറ്റപ്പാ..

കാലം പിന്നെയും കടന്നു പോയി.. ഞാന്‍ എല്‍ കെ ജി ക്ലാസിലേക്കും അവിടുന്ന് ഉന്നത പഠനത്തിനായി തൊട്ടു അടുത്ത വര്‍ഷം യു കെ ജി യിലേക്കും ചേക്കേറി. അഞ്ചു കിലോ ഉള്ള ബാഗും വാട്ടര്‍ബോട്ടിലും ചുമന്നു സ്കൂളില്‍ ചെന്ന് ലത ടീച്ചറിന്റെ അടിയും വാങ്ങി ഇരിക്കുന്ന അന്നൊക്കെ അഞ്ജലിയോടു എനിക്ക് കടുത്ത അസൂയ തോന്നീട്ടുണ്ട്..
എന്ത് സുഖവാ...എപ്പോഴും വീട്ടില്‍ നില്‍ക്കാം...തോന്നുന്ന സമയം വരെ ഉറങ്ങാം,ആരും ഒന്നും ചോദിക്കൂല...തോനുന്നിടതൊക്കെ അപ്പിയിടാം...ചാണകം വരെ അമ്മമ്മ എടുത്തു സൂക്ഷിച്ചു വയ്ക്കും.. മുടിഞ്ഞ ഭാഗ്യം തന്നെ..
എന്‍റെ കൃഷ്ണാ...അടുത്ത ജന്മത്തില്‍ എങ്കിലും നീ എന്നെ ഒരു പശുകുട്ടിയായി ജനിപ്പിക്കണേ.. ഇടങ്ങഴി പാലും ഒരു കൊട്ട ചാണകവും കൈക്കൂലി താരമേ...എന്ന് വരെ പ്രാര്‍ത്ഥിച്ചിട്ടുന്ട് .


അങ്ങനെ ഒരു പശുകുട്ടിയായില്ലെന്കിലും , പശുകുട്ടിയുടെ ഫ്രണ്ട് എങ്കിലും ആവാന്‍ കഴിഞ്ഞ സന്തോഷത്തില്‍ മതി മറന്നു നടക്കുന്ന കാലം.
അന്നൊരു ശനിയാഴ്ചയായിരുന്നു..സ്കൂളില്‍ പോവേണ്ട..മറ്റു പറയത്തക്ക പണികള്‍ ഒന്നും ഇല്ല. ഉച്ചയ്ക്ക് എന്നെ പിടിച്ചു കിടത്തി ഉറക്കാനുള്ള ശ്രമത്തിനിടയില്‍.. എന്‍റെ പാവം അമ്മ ഉറങ്ങി പോവുകേം ചെയ്തു. മിണ്ടാനും പറയാനും ആരും ഇല്യാതെ ആയതോടെ മെല്ലെ മുറ്റത്തേക്കിറങ്ങി. മുറ്റത്തെ വെള്ളരിമാവിന്റെ ചോട്ടില്‍ പാതി ഉറക്കത്തില്‍ അയവെട്ടി കൊണ്ട് മയങ്ങുന്നു നമ്മുടെ കഥാനായിക..മിസ്സ്‌ അഞ്ജലി.
അമ്പടി, അങ്ങനെ ഇപ്പൊ ചാച്ചണ്ട..വാ നമുക്ക് കളിക്കാം എന്നും പറഞ്ഞു ഓടി ചെന്ന് അതിന്‍റെ പുറത്തേയ്ക്ക് ചാടി കയറുന്നത് വരെ എല്ലാം ഞാന്‍ പ്രതീക്ഷിച്ചത് പോലെ ആയിരുന്നു. പക്ഷെ പിന്നെ എല്ലാം കൈ വിട്ടു പോയി...
ഉറക്കത്തില്‍ നിന്ന് ഞെട്ടി എണീറ്റപ്പോള്‍ ഒരു കുട്ടിച്ചാത്തന്‍ തന്റെ നേരെ ചാടി വീഴുന്നത് കണ്ടാവാം.. ചാടി എണീറ്റ പശുകിടാവ് ദേഹത്ത് ചെള്ള്‌ പോലെ പിടിച്ചിരുന്ന എന്നെ കുടഞ്ഞു താഴെ ഇട്ടു..
അപ്രതീക്ഷിതമായ ആക്രമണത്തില്‍ പതറിയെങ്കിലും ഞാന്‍ ദയനീയമായി പറഞ്ഞു നോക്കി...
അഞ്ജലി.. ഇത് ഞാനാ.. രാവിലെ കൂടി നിനക്ക് രണ്ടു പഴത്തൊലി ഒക്കെ കൊണ്ട് തന്നത് ഓര്‍മ്മയില്യെ..കൂള്‍ ഡൌണ്‍
എവിടെ..ആര് കേള്‍ക്കാന്‍..
തലങ്ങും വിലങ്ങും ഓടുന്ന പൈക്ടാവിന്റെ ചവിട്ടു മൂന്നു നാലെണ്ണം ദേഹത്ത് എവിടെ ഒക്കെയോ കിട്ടി.
ലവളിത്ര നന്ദി ഇല്ലാത്തവള്‍ ആണെന്ന് മനസ്സിലാക്കാത്തത്‌ എന്‍റെ തെറ്റ് .
ഇനിയും മിണ്ടാതിരുന്നാല്‍ നെഞ്ച് ഇന്ജ്ച ചതച്ചത് പോലെ ആവും എന്ന് മനസിലായതോടെ ഞാന്‍ വല്യ വായിലെ കാറി കൂവി..
എവിടെ നിന്നോ അമ്മമ്മ ഓടി വന്നു , അഞ്ജലിയെ കയറില്‍ പിടിച്ചു നിര്‍ത്തി. കയറില്‍ കുരുങ്ങി , ട്രാക്ടര്‍ കേറിയ പുന്ചപ്പാടം പോലെ കിടന്ന എന്നെ ഒരു വിധത്തില്‍ പിടിച്ചു എഴുനെല്‍പ്പിച്ചു കയ്യാലപ്പുറത്തു കൊണ്ട് ചെന്നിരുത്തി. നെഞ്ചത്ത് കാര്യമായി ഒരു ചവിട്ടു കിട്ടിയത് കൊണ്ടാവാം, ശ്വാസം എടുക്കാന്‍ അമ്മാമ്മേടെ റിപ്പയര്‍ പണികള്‍ കുറെ വേണ്ടി വന്നു.


വൈകിട്ട് മുറ്റത്ത്‌ അരമതിലില്‍ കിടത്തി അമ്മയുടെയും അമ്മാമ്മയുടെയും തിരുമ്മു ചികിത്സ. തിരുമ്മലിന്ടെ വേദനയില്‍ ഞരങ്ങുന്ന എന്നെ കണ്ടിട്ട് അമ്മയ്ക്ക് ദേഷ്യം സഹിക്കുന്നില്ല.
'പശുന്റെ ചവിട്ടും കൊണ്ട് കേറി കെടന്നു മോങ്ങുന്നോ...പോടാ ചെന്ന് രന്ടെണ്ണം കൂടെ മേടിച്ചോണ്ട് വാ...ദോ നിന്ന് നോക്കുന്നു നിന്റെ കുന്ജലി..'
ഞാന്‍ മെല്ലെ തല ഉയര്‍ത്തി നോക്കി.
എരുത്തിലില്‍ നിന്ന് ഒന്നും അറിയാത്തപോലെ പുല്ലു തിന്നുന്നു അഞ്ജലി പശു.ഇടയ്ക്ക് എന്നെ നോക്കുന്നുണ്ട്. മുഖത്ത് ഒരു പരിഹാസച്ചിരി ഉണ്ടോന്നു സംശയോണ്ട്..
'ന്നാലും..ന്റെ അഞ്ജലി..നീ എന്നോടിങ്ങനെ...'
എന്തായാലും അതിനു ശേഷം അഞ്ജലിയോടെന്നല്ല , ആ പ്രായത്തിലുള്ള ഒരു ക്ടാവിനോടും ഞാന്‍ കമ്പനി അടിക്കാന്‍ പോയിട്ടില്ല.. വെറുതെ എന്തിനാ.. അല്ലെ ?

Wednesday, September 9, 2009

ഓരോ അടി വരുന്ന വഴിയെ

സംഭവം പത്തു ഇരുപത്തൊന്നു കൊല്ലം മുന്‍പാണ് ട്ടോ. നാല് വയസ്സ് ഒണ്ടെന്നു തോന്ന്ന്നു അന്ന് എനിക്ക്. കുഞ്ഞായത് കൊണ്ട് ഒറ്റയ്ക്ക് വീടിന്റെ വേലിയ്ക്ക് പുറത്തേക്കു പോവാന്‍ അനുവാദം ഇല്ല. പുറത്തു പോയിട്ട് കാര്യമായി ഒന്നും ചെയ്യാന്‍ ഇല്യതോണ്ട് ഞാന്‍ ശ്രമിക്കാറും ഇല്യ. വേലിക്ക് അകത്തു ഞാന്‍ അങ്ങനെ രാജാവായി ആമോദത്തോടെ വസിക്കുന്ന കാലം. തീറ്റിയുടെ കാര്യത്തിലും അന്ന് ഒരു അങ്കം തന്നെ ആയിരുന്നു . നാല് നേരം മെയിന്‍ കോഴ്സ് കൂടാതെ, നിക്കറിന്ടെ പോക്കറ്റില്‍ എപ്പോഴും കപ്പലണ്ടിയോ....ഉപ്പേരിയോ ഒക്കെ ഉണ്ടാവും.... ഊണിലും ഉറക്കത്തിലും കളിയിലും എല്ലാം ഒരു കയ്യ്‌ ഇടയ്ക്ക് വലത്തേ പോക്കറ്റിലേക്കും അവിടുന്ന് വായിലേക്കും സഞ്ചരിച്ചു കൊണ്ടേ ഇരിക്കും.

ആയിടയ്ക്കാണ് പട്ടാളത്തില്‍ ജോലി ചെയ്യുന്ന കൊച്ചച്ചന്‍ നാട്ടില്‍ ലീവിനു ലാന്‍ഡ്‌ ചെയ്യുന്നത്. കളര്‍ വെടിയുണ്ട ഉള്ള തോക്കും, റിമോട്ട് കൊണ്ട് ഓടിക്കുന്ന കാറും ഒക്കെ മേടിച്ചു കൊണ്ട് തന്നത് കൊണ്ടാവാം.. എനിക്ക് ആളെ ആദ്യേ ശരിക്കങ്ങട് ഇഷ്ടായി... കൊച്ചച്ചന്റെ കൂടെ ആണ് ഞാന്‍ ആദ്യായി വീടിനു അല്പം അകലെ ഉള്ള ബഷീറിക്കയുടെ പീടികയില്‍ പോവുന്നത്. കൊച്ചച്ചനും ബഷീറിക്കയും ബാല്യകാല സുഹൃത്തുക്കളാണ്. ആ സ്നേഹം കൊണ്ട് എപ്പോ പീടികയില്‍ ചെന്നാലും ഇക്ക എനിക്ക് നാരങ്ങ മിട്ടായി ഗിഫ്റ്റ് ആയി തരാറുണ്ട്. വേണ്ട എന്ന് വിനയം കൊണ്ട് പറയുമെങ്കിലും.. പറഞ്ഞു തീരുന്നതിനു മുന്‍പ് തന്നെ മിട്ടായി വാങ്ങി വായില്‍ ഇടുകയാണ് പതിവ് എന്നതിനാല്‍ ബഷീറിക്കായ്ക്കു ഓഫര്‍ പിന്‍വലിക്കാന്‍ ഒരിക്കലും അവസരം കിട്ടാറില്ല .
ഓ കുഞ്ഞല്ലേ... അത്രയ്ക്കുള്ള വിനയം ഒക്കെ മതിന്നെ .. അല്ലെ?

അങ്ങനെ ഇരിക്കെയാണ് ഒരീസം അമ്മ ഹരിപ്പാട്‌ കാനറാ ബാങ്കില്‍ പോയി വന്നപ്പോ ഒരു പാക്കറ്റ് എള്ളുണ്ട വാങ്ങികൊണ്ട് വന്നത്. കിട്ടിയപാടെ ഒരെണ്ണം വായിലും രണ്ടു മൂന്നെണ്ണം പോക്കറ്റിലും ആക്കി ഞാന്‍ മുറ്റത്തേയ്ക്ക് ഓടി.. അവിടെ അര മതിലില്‍ കാറ്റ് കൊണ്ട് കിടക്കുന്നു കൊച്ചച്ചന്‍ ഹവില്‍ദാര്‍ മോഹനചന്ദ്രന്‍ . എള്ളുണ്ട കണ്ടു മൂപ്പര് കയ്യ്‌ നീട്ടി..
കാര്യൊക്കെ ശരിയാ ..എനിക്ക് തോക്ക് ഒക്കെ കൊണ്ട് തന്നു .. പക്ഷെ പട്ടാളക്കാര്‍ക്ക് ഇത്രെയ്ക്ക് എള്ളുണ്ട കൊതി പാടുണ്ടോ... ?
അതോണ്ട്...... , അതോണ്ട് മാത്രം.... ഞാന്‍ കൊടുത്തില്ല.. .
കൊച്ചച്ചന്‍ സെന്റി അടിച്ചു കാണിച്ചു...
കല്ലി വല്ലി.. കണ്ണനോടാ കളി.... ആ മൂന്നു എള്ളുണ്ടയും ഞാന്‍ അവിടെ നിന്ന് തന്നെ തിന്നു. ബാക്കി കവറില്‍ ഉള്ളത് കൊണ്ടോയി ഒളിപ്പിച്ചു വെക്കുകയും ചെയ്തു...ഇനിപ്പോ ആരും ചോദിക്കില്യാല്ലോ.

ഞാന്‍ നയം വ്യക്തമാക്കിയതോടെ ചിറ്റപ്പന്‍ ഒന്ന് മിണ്ടാതെ എഴുനേറ്റു ഷര്‍ട്ടും ഇട്ടു കൊണ്ട് പുറത്തേയ്ക്ക് പോയി..ഞാന്‍ ചേച്ചിയോടൊപ്പം കുട്ടിയും കോലും കളി പോസ്റ്റ്‌ ലഞ്ച് സെഷന്‍ ആരംഭിക്കുകയും ചെയ്തു .
പത്തു മിനിറ്റ് കഴിഞ്ഞില്ല , ദെ വരുന്നു പട്ടാളക്കാരന്‍. കയ്യില്‍ ഒരു പൊതി നിറയെ നാരങ്ങ മിട്ടായി.
ഡൈവിങ് ക്യാച്ചെടുത്ത കീപ്പറിനെ അനുമോദിക്കാന്‍ ഓടി ചെല്ലുന്ന ബൌളറെ പോലെ, കൈ രണ്ടും നിവര്‍ത്തി ഓടി ചെന്ന എന്നെ, തരിമ്പും മൈന്‍ഡ് ചെയ്യാതെ ചിറ്റപ്പന്‍ അരമതിലില്‍ കയറി ഇരുന്നു നാരങ്ങ മിട്ടായി ഓരോന്നായി എടുത്തു കഴിക്കാന്‍ തുടങ്ങി. എള്ളുണ്ട സംഭവത്തില്‍ പകരംവീട്ടുകയാണ് എന്ന് മനസ്സിലായെങ്കിലും, പൊതിക്കുള്ളില്‍ ഇരുന്നു നാരങ്ങ മിട്ടായി എന്നെ മാടി വിളിച്ചുകൊണ്ട് ഇരുന്നതിനാല്‍ ആത്മാഭിമാനം മാറ്റി വെച്ച്, സോറി പറഞ്ഞോണ്ട് ചെന്ന് കയ്യ്‌ നീട്ടി....
പക്ഷെ ദുഷ്ടന്‍ ഒരെണ്ണം പോലും തന്നില്ല...
മനസ്സില്‍ പ്രതികാരം ആളിക്കത്തി..ഇതങ്ങനെ വിട്ടു കൊടുത്താല്‍ പറ്റില്ല... !
രണ്ടു ചുവടു പിന്നിലേക്കു മാറി..!
വലതു കാല്‍ മുന്നോട്ടു വെച്ചു.!.
കാവിലമ്മയെ മനസ്സില്‍ ധ്യാനിച്ചു..!
പിന്നെ ഒരോട്ടം ആയിരുന്നു....അത് അവസാനിച്ചത്‌ ബഷീറിക്കയുടെ പീടികയിലും...
വൈകിട്ട് അച്ഛന്‍ കാശ് തരും എന്ന് പറഞ്ഞു ഒരു പൊതി നാരങ്ങ മിട്ടായി വാങ്ങി... ഒരെണ്ണം അപ്പൊ തന്നെ വായിലിട്ടു. പ്രതികാരം അല്പം തണുത്ത പോലെ. തിരികെ വീട്ടിലേക്കു നടക്കുമ്പോഴാണ് ഒറ്റയ്ക്കാണ് ഇത്രെയും ദൂരം വന്നതെന്ന് ഓര്‍മ്മിച്ചത്.. പക്ഷെ പേടിയൊന്നും തോന്നിയില്യ..
തിരികെ വീടിന്റെ വേലിക്കല്‍ എത്തിയപ്പോഴേ ഒരു പന്തികേട്‌ തോന്നി... എല്ലാവരും വാതില്‍ക്കല്‍ വന്നു നോക്കി നില്‍ക്കുന്നു...
അമ്മയുടെ മുഖം ഇഞ്ചി തിന്ന കുരങ്ങിനെ പോലെ...
പക്ഷെ കുറ്റം പറയാന്‍ ഒക്കില്ല..ഒറ്റ മോന്‍ റോഡിലിറങ്ങി ഓടി വല്ല വണ്ടിയുടെം അടിയില്‍ പെട്ട് തീര്‍ന്നിരുന്നെങ്കില്‍..!... ..പാവം പേടിച്ചു പോയി കാണും
എന്തായാലും സിറ്റുവേഷന്‍ ഒന്ന് തണുപ്പിക്കാന്‍ വേണ്ടി കൊച്ചച്ചന്‍ ഒഴികെ എല്ലാവര്ക്കും ഓരോ നാരങ്ങ മിട്ടായി ഓഫര്‍ ചെയ്തു എങ്കിലും ചേച്ചി ഒഴികെ ആരും അത് വാങ്ങിയില്ല..
വീടിനകത്തേയ്ക്ക് കടക്കാന്‍ പടിയില്‍ കാലെടുത്തു വെച്ചപ്പോ ആണ് പുറകില്‍ നിന്ന് പിടി വീണത്‌..
ആരാണെന്നു ആദ്യം മനസ്സിലായില്യ...
കൈ രണ്ടും കൂട്ടി പിടിച്ചു.. വായുവിലേക്ക് ഉയര്‍ത്തിയത്‌ മനസ്സിലായി..
പിന്നെ അറിയുന്നത്.. തുടയില്‍.. മിശ്രചാപ്പ് താളത്തില്‍ പതിയുന്ന പുളിങ്കമ്പിന്ടെ തലോടല്‍ ആണ്...
തകിട... തക..ധിമി...
ഒരു താളവട്ടം പൂര്‍ത്തിയാക്കി താഴെ നിര്‍ത്തിയപ്പോ ആണ് മനസ്സിലായത്‌....അച്ഛന്‍ ആണ്.

ഞാന്‍ എന്ത് തെറ്റാ ചെയ്തേ? ആദ്യം പോയി മിട്ടായി വാങ്ങിയതും എനിക്ക് തരാതെ ഇരുന്നതും കൊച്ചച്ചന്‍ അല്ലെ. പട്ടാളക്കാരന്‍ ആയോണ്ട് പേടിച്ചു അച്ഛന്‍ മൂപ്പരെ ഒന്നും ചെയ്തില്ല...
ഇടയ്ക്ക് ബഷീറിക്കയുടെ പീടികയില്‍ പോയി പടക്കവും നെയിം സ്ലിപ്പും വാങ്ങാറുണ്ട് ചേച്ചി... ആരും തല്ലുന്നത് കണ്ടിട്ടില്ല..
ഇപ്പൊ ദെ ഞാന്‍ വാങ്ങിക്കൊണ്ടു വന്ന മിട്ടായി എല്ലാവര്‍ക്കും കൊടുക്കുക വരെ ചെയ്തു.. എന്നിട്ടും ചന്തുവിന് തല്ലു മാത്രം ബാക്കി...
എന്‍റെ കണ്ണുകള്‍ നിറഞ്ഞു വന്നു....
എന്തിനാണാവോ ദൈവം ഈ അച്ചന്മാരെ സൃഷ്ടിച്ചേ...

ആരോടും ഒന്നും മിണ്ടാതെ തെക്കേ തൊടിയിലെ ചെമ്പോട്ടിയുടെ ചോട്ടില്‍ പോയിരുന്നു കരഞ്ഞു... സോപ്പിടാന്‍ വന്ന അമ്മയെയും അമ്മൂമ്മയെയും .. ചെമ്പോട്ടിക്ക എറിഞ്ഞു ഓടിച്ചു പ്രതിഷേധം അറിയിച്ചു. ഒടുവില്‍ സന്ധ്യ കഴിഞ്ഞാല്‍ ഒറ്റയ്ക്ക് പുറത്ത് ഇരിക്കാന്‍ അത്ര ധൈര്യം പോരത്തത് കൊണ്ട് ചേച്ചി കൊണ്ട് തന്ന കട്ടന്‍ കാപ്പി കുടിച്ചു,വൈകിട്ട് സമരം അവസാനിപ്പിക്കുംപോഴേക്കും ഞാന്‍ ഒന്ന് രണ്ടു കടുത്ത പ്രതിന്ജകള്‍ എടുത്തിരുന്നു...
1. തല്ലി കൊന്നാലും ഇനി റോഡിലിറങ്ങി ഓടാന്‍ കണ്ണനെ കിട്ടില്ല. (വെറുതെയെന്തിനാ അച്ഛന്റെ കയ്ക്ക് പണി ഉണ്ടാക്കുന്നേ)
2. ബഷീറിക്കയുടെ പീടിക അവിടെ ഉള്ളിടത്തോളം കാലം, വീട്ടില്‍ വരുന്ന പട്ടാളക്കാരെ എള്ളുണ്ട കാട്ടി പ്രകൊപിപ്പിക്കില്ല.

സംഭവം ഇങ്ങനെ ഒക്കെ ആണേലും.. രാത്രി... കിടക്കാന്‍ നേരം അച്ഛന്‍ വന്നു ഒരു വലിയ പൊതി നാരങ്ങ മിട്ടായി കൊണ്ട് തന്നു സോറി ഒക്കെ പറഞ്ഞു ഞങ്ങള് തമ്മിലുള്ള പെണക്കം മാറ്റിയാരുന്നുട്ടോ ..
പാവം അല്ലെ .. ഒന്നുല്ലേലും അച്ഛന്‍ അല്ലെ.. ഇത്രേം നാരങ്ങ മിട്ടായി ഒക്കെ കൊണ്ട് തന്നില്ലേ..
കൂട്ട് കൂടിയേക്കാം ന്നെ.. അല്ലെ ?

തെങ്ങും വിളയിൽ മത്തായി

രാമപുരത്തിന്റെ വടക്കേ അതിരിൽ പുഞ്ചപ്പാടങ്ങളും , തെങ്ങിൻ തോപ്പുകളും അഴക് ചാർത്തുന്ന ഏവൂർ എന്ന കൊച്ചു ഗ്രാമം. അവിടെ സാമാന്യം തെറ്റില്ലാത്ത പി...