Wednesday, August 12, 2009

കാരിയും കൊന്ജും പിന്നെ ഞാനും

                                                        ഇടവപ്പാതി തുടങ്ങി കഴിഞ്ഞാല്‍ പിന്നെ രസമാണ്... തോടുകളും കുളങ്ങളും പാടവും ഒക്കെ നിറഞ്ഞു കവിയും. എവിടെ നോക്കിയാലും വെള്ളം നിറഞ്ഞു ഒഴുകുന്ന കാഴ്ച. എന്നെ പോലെ ഉള്ള പിച്ച വച്ച് തുടങ്ങുന്ന ജൂനിയർ  മീന്‍പിടിത്തക്കാര്‍ക്ക് അപ്പൊ ചാകരയാണ്...മറ്റുള്ള മാസങ്ങളിൽ തപസ്സു നിന്നാലും കിട്ടാത്ത കരട്ടിയും വരാലും  കൊന്ജും ഒക്കെ നിഷ്പ്രയാസം പിടിച്ചു അര്‍മാദിക്കാം.  ഈര്‍ക്കിലില്‍ കൊരുത്ത മീനുമായി നാലാള് കാണെ നാട്ടിടവഴിയിലൂടെ  പോവുന്നതൊരു ജാടയാണല്ലോ.                

ഇത് ചാങ്ങയിലെ കുട്ടിയല്ലേ.. ഇവൻ ഇത്രേം മീന്‍ പിടിച്ചോ...തരക്കേടില്ല ..എന്നൊക്കെ ആരേലും പറയുന്നത് കേൾക്കുന്നത് ..സിവില്‍ സര്‍വീസ് പരീക്ഷ ജയിച്ച സന്തോഷം..  


        പക്ഷെ ഈ ചൂണ്ടയിടാനൊക്കെ  നല്ല ക്ഷമ വേണ്ട പണിയാണ് ? ആദ്യം മണ്ണിരയെ പിടിക്കണം, പിന്നതിനെ ചൂണ്ടയില്‍ കൊരുക്കണം, അതും പിടിച്ചു തോട്ടുവക്കത്തെ കൈതക്കാട്ടില്‍ പോയി ഉറുമ്പ് കടിയും കൊണ്ട് നില്‍ക്കണം. ആകെ മെനക്കേട്. അത് കൊണ്ട് തന്നെ എളുപ്പത്തില്‍ കാര്യം നടക്കുന്ന മറ്റൊരു തരം  മീന്‍പിടിത്തം ആയിരുന്നു എന്റെ ഫേവറിറ്റ്‌ .  സാക്ഷാല്‍  ശ്രീമാൻ ' ഒറ്റാല്‍ '!!  


ഒറ്റാല്‍ എന്താണെന്നു അറിയാത്തവര്‍ക്കായി സംഭവം ഒന്ന് ചുരുക്കി പറയാം . മണ്ടവശം വട്ടത്തിൽ വെട്ടി കളഞ്ഞ ഒരു കോണിന്ടെ ഷേപ്പ് ആണ് സംഭവം.ജോമെട്രി ഒക്കെ കറക്ട് ആയിരിക്കണം . ചൂരലോ ഈര്‍ക്കിലോ ഒക്കെ കൊണ്ടാവും  സാദാരണ ഉണ്ടാക്കുക.  ആഴം കുറഞ്ഞ നീര്‍ച്ചാലില്‍ ഒക്കെ പോയി പമ്മി പമ്മി നില്‍ക്കണം. മീനിനെ സ്പോട്ട് ചെയ്തു കഴിഞ്ഞാല്‍ പിന്നെ വണ്‍.. ടൂ... ത്രീ.. ഒറ്റ കമിഴ്ത്ത്..ഠിം..! . പിന്നെ യുറേക്കാ എന്ന് പറഞ്ഞു  മുകളിലൂടെ കയ്യിട്ടു അകത്തു കുടുങ്ങിയ പാവം മീനിനെ പിടിച്ചു കൂടെ കരുതിയിരിക്കുന്ന കലത്തിൽ  ഇടാം .. അങ്ങനെ ഒരു റൌണ്ട് കറങ്ങി വരുമ്പോ തരക്കേടില്ലാത്ത കളക്ഷന്‍ കിട്ടിയിട്ടുണ്ടാവും.      കാവിനു പടിഞ്ഞാറെ വയലില്‍ ഒറ്റാല്‍ വെച്ച് കാലന്‍ കൊഞ്ചിനെ  പിടിക്കുന്നതില്‍  സ്പെഷ്യലിസ്റ്റുകള്‍  ആയിരുന്നു ഞാനും ചേട്ടനും. വയലില്‍ പല സ്ഥലത്തായി കറങ്ങി നടക്കുന്ന കൊഞ്ചുകളെ  ട്യൂൺ ചെയ്ത്  സ്പോട്ടിലേക്ക്‌ ആകര്‍ഷിക്കാനായി ഒരു ചെറിയ വശീകരണ വിദ്യ കൂടെ ഞങ്ങള്‍ പ്രയോഗിക്കാറുണ്ട്. വീട്ടില്‍ പശുവിനു കൊടുക്കാന്‍ വാങ്ങി വെച്ചിരിക്കുന്ന തേങ്ങാ പിണ്ണാക്ക്  അടിച്ചു മാറ്റി പാടത്തിന്റെ ഏതെങ്കിലും കോണില്‍ ഒക്കെ വൈകിട്ട് തന്നെ  വിതറും. പിണ്ണാക്കിന്റ്റെ മണം  കൊഞ്ചുകൾക്ക്   ഒരു വീക്നെസ് ആണ്.  കെ എഫ് സി കണ്ട സിറ്റി പിള്ളേരെ പോലെ ചിണുങ്ങി കൊണ്ട് മണം  പിടിച്ചു പാവം കൊന്ജുകള്‍ അവിടെയൊക്കെ ചുറ്റി തിരിയാന്‍ തുടങ്ങും. പാതി പണി കൊഞ്ചു ചെയ്യുന്നതോടെ ക്യാച്ചിങ്ങ് എന്ന ബാക്കി  പണി എളുപ്പം ആവും.


 അങ്ങനെ വിജയകരമായ ഒരുപാട് കൊന്ജു പിടിത്ത  ഏപ്പിസോഡുകള്‍ പകര്‍ന്നു തന്ന ആത്മ വിശ്വാസവുമായി     അന്നും ഞങ്ങള്‍ പതിവ് പരിപാടിക്ക് ഇറങ്ങി. രാത്രിയില്‍ ടോര്‍ച്ചിന്റെ വെട്ടത്തില്‍ കൊഞ്ചിന്റെ  കണ്ണ് സീറോ വോള്‍ട്ട്  ബള്‍ബ്‌ പോലെ തിളങ്ങും. അത് നോക്കി പോയാല്‍ സംഭവം എളുപ്പമാണ്. നേരത്തെ തേങ്ങാ പിണ്ണാക്ക്  ഇട്ടു സെറ്റപ്പ് ചെയ്ത സ്ഥലങ്ങളിലൂടെ ടോര്‍ച്ചും  മിന്നിച്ചു കൊണ്ട്  ഞങ്ങള്‍  നടന്നു. 

വയലില്‍ കാല്‍ പാദം  നനയുവാനുള്ള ആഴത്തിലെ വെള്ളം ഉള്ളു. മൂന്നു നാല് ചെറിയ മുട്ടി കൊഞ്ചിനെ  പിടിച്ചു അന്നത്തെ ഹരിശ്രീ കുറിച്ച ശേഷം ഞങ്ങൾ   കൂടുതല്‍ ഒഴുക്കുള്ള സ്ഥലത്തേക്ക് നീങ്ങി  

അതാ ഇരിക്കുന്നു ഒരു ജമ്പോ കൊന്ജ് !

ഒറ്റ നോട്ടത്തില്‍ തന്നെ ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും ശരിക്കങ്ങടു ബോധിച്ചു. കണ്ടാലെ അറിയാം ലവന്‍ ജിം ആണ്. നല്ല ബോഡി, വല്യ കാലൊക്കെ. എന്ത് വന്നാലും മിസ്സ്‌ ചെയ്യാന്‍ പാടില്ല. ടോര്‍ച്ച്‌ ഏട്ടന്‍റെ  കയ്യില്‍ കൊടുത്തു ഞാന്‍  ഒറ്റാലുമായി  അടിവെച്ച് അടിവെച്ച് മുന്നോട്ടു നീങ്ങി . 

ഇപ്പ പൊസിഷന്‍  കറക്റ്റ് ആണ്. 

സ്വാമിയെ ശരണമയ്യപ്പാ......!

ഠിം......ഒറ്റാല്‍ താഴ്ത്തി !

ഞാന്‍ ആരാ മോന്‍.... കിട്ടി.... അവന്‍ അകത്തു കുടുങ്ങിയിട്ടുണ്ട്...!
അകത്തു വെള്ളം തെറിപ്പിക്കുന്ന ഒച്ച കേൾക്കാം ..

ഏട്ടനെ ഗമയില്‍ നോക്കി കൊണ്ട് കൈ അകത്തേക്ക് കടത്തി...

ജമ്പോ, കളരിയാണെന്നു തോന്നുന്നു.... നല്ല മെയ്യ്‌ വഴക്കം.. ഒഴിഞ്ഞു മാറിക്കളിക്കുന്നു... 

ഒന്ന് കൂടെ കാര്യായിട്ട് പരതി . ..വാ മോനെ ദിനേശാ...

ഒരു നിമിഷം....!!!  

മിന്നൽ പോലെ എന്തോ ഒന്ന് കണ്ട പോലെ..

കണ്ണില്‍ പൊന്നീച്ച പറക്കുന്നു !

ഒന്നും ഓര്‍മ്മയില്ല...!!  

കയ്യിലൂടെ തല വരെ എത്തുന്ന ഒരു ഷോക്ക്‌....കയ്യില്‍ സൂചി കുത്തി കയറ്റിയ ..വേദന... 

കൈ വലിച്ചെടുത്തപ്പോള്‍ ചോര പൊടിക്കുന്നു...എന്തോ കാര്യമായിട്ട്  കടിച്ചിട്ടുണ്ട്.

മനസ്സില്‍ എട്ടടി മൂര്‍ഖനും,അണലിയും മുതല്‍  പേരറിയാത്ത പല അനോണിമസ്  പാമ്പുകളെയും  ഓര്‍മ്മ വന്നു.
ഡിസ്കവറി ചാനലിലെ ഓരോ പാമ്പു സീനുകളും മനസ്സിൽ റീപ്ലേ ചെയ്തു.

  ഈശ്വരാ ഞാന്‍ ഇപ്പൊ മരിക്കാന്‍ പോകുവാണോ ..എന്തൊക്കെ ആഗ്രഹങ്ങള്‍ ബാക്കി കിടക്കുന്നു.  
ഇപ്പോഴേ എന്നെ തിരിച്ചു വിളിക്കല്ലേ...പ്ലീസ്

 ഡിയര്‍ ഗോഡ് ..ഡോണ്ട് ഡൂ  ദിസ്‌ ടൂ മി !!

 ആകെ ദേഹം തളരുന്നത് പോലെ തോന്നി, വരമ്പത്തേക്കു കയറി കണ്ണടച്ച് കാലന്റെ   പോത്തിന്റെ   കരച്ചിലിന് ചെവിയോര്‍ത്തു കിടന്നു.  

തൊട്ടു വക്കത്തുള്ള പണിക്കത്തിയുടെ വീട്ടിലെ പശു ഡിന്നർ കാടി കിട്ടാൻ താമസിച്ചതിനു പരിഭവിച്ചു ഒന്ന് അമറിയതും അതെ ടൈമിൽ തന്നെ..

എല്ലാം തികഞ്ഞു.. പോത്ത് എത്തിയിട്ടുണ്ട്. ഇനി കയറെടുക്കേണ്ട താമസം മാത്രം...ഞാൻ വെയിറ്റ് ചെയ്തു 

എന്റെ ഭാവമാറ്റവും ചോരയും ഒക്കെ കണ്ടു ആകെ പേടിച്ചെങ്കിലും ബാക്കി ഉള്ള ഇത്തിരി ധൈര്യം സംഭരിച്ച് ഏട്ടന്‍ ഒറ്റാലിനകത്തെയ്ക്കു ടോര്‍ച്ച്‌ അടിച്ചു. 

അതാ  കിടക്കുന്നു... കറുത്ത് തടിച്ച  ഒരുത്തന്‍ ....വില്ലന്‍!....ഒരു മുഴുത്ത  കാരി..!

ദ്രോഹി...! ജമ്പൊയ്ക്കു വെച്ച വലയില്‍ ബോണസ് പോയിന്‍റ്  പോലെ അവന്‍ വന്നു കേറിയത്‌ ജാഡ കാണിച്ചു കൊണ്ട് നിന്ന ഞാന്‍ അറിഞ്ഞിരുന്നില്ല 

 ..അവന്‍റെയും എന്‍റെയും ബെസ്റ്റ് ടൈം... !  


                 എന്തായാലും ചേര കടിച്ചതല്ല കാരി കുത്തിയതാണ് എന്ന് മനസ്സിലായതോടെ കളഞ്ഞു പോയ ധൈര്യം ഒക്കെ തിരികെ വന്നു. മംഗലശ്ശേരി കാര്‍ത്തികേയനെ പോലെ പ്രതികാരം ചെയ്യാന്‍  ബാക്കിയുള്ള രക്തം തിളച്ചു. 
പക്ഷെ, ഇനിയൊരു പരീക്ഷണത്തിന് വയ്യാത്ത വിധം കൈ നീര് വെച്ചത് കൊണ്ട് ചേട്ടനെ കൊണ്ട് വില്ലനെ പിടികൂടി ഇടിച്ചു ഇഞ്ച   പരുവമാക്കി രാത്രിയില്‍  കപ്പയുടെ കൂടെ വിളമ്പിയിട്ടേ  അന്ന് പിന്നെ ഉറങ്ങിയുള്ളൂ.   ഈ സംഭവത്തിനു  ശേഷം കൊന്ജു പിടിത്തത്തില്‍ എന്‍റെ ആവേശം അല്പം കുറഞ്ഞെങ്കിലും...പൂര്‍ണമായും ആ കല ഉപേക്ഷിക്കുവാന്‍ മനസ്സ് വന്നില്ല. ആദ്യത്തെ പ്രതികാരത്തിന്റെ ശക്തി കൊണ്ടാവാം, പിന്നെ ഒരു കാരിക്കുഞ്ഞും ഞാന്‍ കൊഞ്ചിന്  വെച്ച ഒറ്റാലില്‍ വന്നു ചാടിയിട്ടുമില്ല.      

Saturday, August 1, 2009

ശകുന്തളയുടെ കവര്‍ ഡ്രൈവ്

ത്തവണ വീണതും അബദ്ധം പറ്റിയതും ഒന്നും കണ്ണന് അല്ലാട്ടോ. എന്‍റെ ഒരു കൂട്ടുകാരിയുണ്ടേ..ഒരു തിരോന്തോരംകാരി. മണ്ടത്തരത്തിന് കയ്യും കാലും വെച്ചിട്ട് ഒരു പേരും ഇട്ടു. .. 'സ്വാതി'.
പഠിക്കുന്ന കാര്യത്തില്‍ ആള് പുലി ആയിരുന്നെങ്കിലും പരീക്ഷ പേപ്പറില്‍ അഭ്യാസങ്ങള്‍ കാണിക്കുന്നതില്‍ കയ്യും കണക്കുമില്ല . ഉത്തരം ശരിയാണോ എന്ന് നോക്കിയാല്‍ അല്ല.. അല്ലെ എന്ന് ചോദിച്ചാല്‍ ആണ്. ഒന്നും പൂര്‍ണ്ണമായി ഉണ്ടാവില്യ എങ്കിലും എന്തെങ്കിലും ഒക്കെ കാണുകയും ചെയ്യും. ഇങ്ങനെ കള്ളത്തരങ്ങള്‍ പതിവാക്കിയപ്പോള്‍ ക്ലാസ്സ്‌ ടീച്ചര്‍ കാതറീന്‍, സ്വാതിക്ക് ഫ്രീ ആയി ഒരു ചെല്ലപേര് കൊടുത്തു ..."അര തട്ടിപ്പ് , മുക്കാല്‍ വെട്ടിപ്പ്".

ഒരു ഗാന്ധി ജയന്തിക്കു ആണെന്ന് തോന്നുന്നു , കാത്തി ടീച്ചര്‍ടെ വക ഒരു സൂപ്പര്‍ പാര നമ്മുടെ കഥാനായികയ്ക്ക് കിട്ടിയത്. സ്കൂളില്‍ പ്രസംഗ മത്സരം നടക്കുന്ന വേദിയുടെ സൈഡില്‍ കറങ്ങി നടന്ന സ്വാതിയുടെ നെഞ്ചില്‍ ഇടിത്തീ വെട്ടിച്ച് കൊണ്ട് മൈക്കിലൂടെ അനൌണ്സ്മെന്‍്റ്റ് ..
"പ്രസംഗ മത്സരത്തില്‍ അടുത്തതായി പങ്കെടുക്കാന്‍ എത്തുന്നത് ....സ്വാതി മേനോന്‍ , ക്ലാസ്സ്‌ ഐയിറ്റ്‌ എ..".
തന്‍റെ ശിഷ്യയെ പറ്റി അപാര ആത്മവിശ്വാസം ഉള്ളതിനാല്‍ ആരോടും ചോദിയ്ക്കാതെ തന്നെ കാത്തി ടീച്ചര്‍ പ്രസംഗത്തിന് പേര് ചേര്‍ത്തിരുന്നു. അനൌണ്സ്മെന്റ്റിന്റ്റെ ഷോക്കില്‍ , സ്ടാച്യു ജന്ക്ഷനിലെ ദിവാന്‍ പ്രതിമ പോലെ നിന്ന സ്വാതിയെ, കൂട്ടുകാര്‍ ഉന്തി തള്ളി സ്റ്റേജില്‍ കയറ്റി വിട്ടു. പ്രസംഗത്തിന് വിഷയം...ഗാന്ധിജി.
'ഗാന്ധി ഈസ്‌ ദി ഫാദര്‍ ഓഫ് ദിനേശന്‍' ..എന്നെങ്കിലും പറയും എന്ന് കരുതി കാത്തിരുന്ന ഉറ്റ സുഹൃത്ത്‌ മായയെ പോലും നിരാശപ്പെടുത്തി കൊണ്ട് സ്വാതി മൈക്കിലൂടെ പറഞ്ഞത് മൂന്നേ മൂന്നു വാക്ക്.
....നമസ്ക്കാരം..!!
.....ഗാന്ധിജി..!!
....പോര്‍ബന്ദര്‍......!!!
ഒടുവില്‍ സ്റ്റേജില്‍ നിന്ന് കാത്തി ടീച്ചര്‍, മൈക്കോട് കൂടി ചുമന്നു മാറ്റുമ്പോഴും സ്വാതിയുടെ മനസ്സില്‍ ഒരേയൊരു സംശയം മാത്രമായിരുന്നു... ' സത്യത്തില്‍ ഗാന്ധിജിയുടെ ആരായിരുന്നു പോര്‍ബന്ദര്‍ ?'

അന്ന് കൈവിട്ട അഭിമാനം തിരിച്ചു പിടിക്കാനുള്ള അവസരം സ്വാതിയെ തേടിയെത്തിയത് അടുത്ത വര്‍ഷം റിപബ്ലിക്‌ ദിനത്തോട് അനുബന്ധിച്ചാണ്. റിപബ്ലിക്‌ ദിന പരേഡില്‍ ശകുന്തളയായി വേഷമിടാനുള്ള സൂപ്പര്‍ ലോട്ടോ സ്വാതിയെ തേടിയെത്തി. അടുത്ത കൂട്ടുകാരികള്‍ ഒക്കെ മദര്‍ തെരേസയും, മാഡം മേരി ക്യുറിയും പോലെ ഗ്ലാമറില്ലാത്ത വേഷത്തില്‍ നില്‍ക്കുമ്പോള്‍ തലയില്‍ മുല്ലപൂവും, കഴുത്തില്‍ കാശു മാലയും കയ്യില്‍ പ്ലാസ്റ്റിക്‌ കുടവും ഒക്കെയായി ഫുള്‍ സെറ്റപ്പില്‍, റോഡ്‌ സൈഡില്‍ നില്‍ക്കുന്ന ലോക്കല്‍ ദുഷ്യന്തന്മാരുടെ മുന്നില്‍, വിലസാന്‍ പറ്റിയ ഗോള്‍ഡന്‍ ചാന്‍സ് . അത് കൊണ്ട് തന്നെ സംഭവം ആര്‍ഭാടം ആക്കാന്‍ കഥാനായിക ഒരുമ്പെട്ടു ഇറങ്ങി .

പരേഡ്‌ തുടങ്ങുന്ന സ്കൂളില്‍ നിന്ന് രണ്ടു മൂന്നു കിലോമീറ്റര്‍ അകലെ ഉള്ള കൂട്ടുകാരിയുടെ വീട്ടിലാണ് ശകുന്തളയുടെ മേക്കപ്പ്‌ റൂം. അതിരാവിലെ തുടങ്ങിയ ഒരുക്കം പരേഡ്‌ തുടങ്ങേണ്ട സമയം അടുത്തിട്ടും പാതി വഴി പോലും എത്തിയിട്ടില്ല . ഗാന്ധിജി റെഡി, ടീച്ചര്‍ മാര്‍ റെഡി, ബാന്‍ഡ്‌ റെഡി... പക്ഷെ ശകുന്തള ഇപ്പോഴും എവേ സ്റ്റാറ്റസ് ഇട്ടു ഒരുക്കത്തിലാണ്. ഒടുവില്‍ തൃശൂര്‍ കാരി കാത്തി ടീച്ചറിന്റെ വായില്‍ നിന്ന് ഫോണില്‍ കൊടുങ്ങല്ലൂര്‍ ഭാഷ വന്നു തുടങ്ങിയതോടെ മനസ്സില്ലാമനസ്സോടെ മേക്കപ്പ്‌ അവസാനിപ്പിച്ചു ശകുന്തള കാറില്‍ കയറി .

സ്കൂളിന്റെ ഗേറ്റില്‍ കാര്‍ എത്തിയപ്പോഴേക്കും പരേഡ്‌ സ്കൂള്‍ മുറ്റത്ത്‌ നിന്ന് നീങ്ങി തുടങ്ങിയിരുന്നു .ദേശീയ പതാക പിടിച്ചു കൊണ്ട് ഏറ്റവും മുന്നിലുള്ള സ്കൂള്‍ ലീഡര്‍ ആനീ ഫിലിപ്പ് സ്കൂള്‍ ഗേറ്റിനു പുറത്തേക്കു കടക്കുന്നു. ദുഷ്യന്തനെ പ്രതീക്ഷിച്ചു കൊണ്ട് കാറിന്റെ ഡോര്‍ വലിച്ചു തുറന്നു ചാടി ഇറങ്ങിയ ശകുന്തള കണ്ടത് ദുര്‍വാസാവിനെ പോലെ നില്‍ക്കുന്ന കാത്തി ടീച്ചറെ.വീണ്ടും ഒരു ഭരണി പാട്ടിനു ഇട കൊടുക്കാതെ , യൂറിന്‍ പരിശോധിക്കുന്ന ലാബ് ടെക്നീഷ്യനെ പോലെ ടെസ്റ്റ്‌ ട്യുബും പിടിച്ചു നിന്നിരുന്ന മേരി ക്യൂറിയുടെ പിറകില്‍, തന്‍റെ പൊസിഷനില്‍ കയറി അറ്റെന്ഷനില്‍ നിന്നു കണ്ണടച്ച് ശ്വാസം നേരെ വിട്ടു . പക്ഷെ ശകുന്തള വന്നിട്ടും പരേഡ്‌ തുടങ്ങുന്നില്ല. മിനിട്ടുകള്‍ കടന്നു പൊയ്കൊണ്ടിരിക്കുന്നു. എല്ലാവരും മുഖത്തോട് മുഖം നോക്കി. കാത്തി ടീച്ചറിന്റെ മുഖത്ത് ..പട്ടി റൊട്ടി കടിച്ച ഭാവം... എന്താണാവോ കാര്യം ?

അല്‍പ സമയത്തിന് ശേഷം അതാ ടോയിലെറ്റിന്റെ ഭാഗത്ത് നിന്നു ഒരു ആള്‍ക്കൂട്ടം. രണ്ടു ടീച്ചര്‍ മാരുടെ അകമ്പടിയോടെ നനഞ്ഞു കുളിച്ചു, കരഞ്ഞു കൊണ്ട് നടന്നു വരുന്നു സ്കൂള്‍ ലീഡര്‍..ആനമ്മ !!
ജാഥയുടെ മുന്നില്‍ കൊടിയും പിടിച്ചു നിന്ന ഇവളെങ്ങനെ ഈ കോലത്തില്‍?
സത്യത്തില്‍ എന്താണ് സംഭവിച്ചത് എന്ന് മറ്റു പലരെയും പോലെ പാവം സ്വാതിയ്ക്കും മനസ്സിലായത്‌ അടുത്ത ദിവസം പൂച്ച എന്ന് വട്ടപ്പേരുളള കാത്തി ടീച്ചര്‍ പുലിയെ പോലെ തന്‍റെ നേരെ പാഞ്ഞു വരുന്നത് കണ്ടപ്പോള്‍ മാത്രമായിരുന്നു.

സംഭവം ഇനിയും മനസ്സിലായില്യെ ?

കാര്‍ നിര്‍ത്തിയപ്പോള്‍ നമ്മുടെ ശകുന്തള ധൃതിയില്‍ ഡോര്‍ വലിച്ചു തുറന്നത്, സ്ലാബ്‌ ഇളക്കി ഇട്ടിരുന്ന ഓടയിലേക്കു വാതില്‍ക്കല്‍ നിന്ന ലീഡര്‍ ആനി കൊച്ചിനെ കവര്‍ ഡ്രൈവ് ചെയ്തു കൊണ്ട് ആയിരുന്നു !!

പാവം ശകുന്തള...ഒന്നും മനപൂര്‍വ്വം ആയിരുന്നില്ലല്ലോ !!

തെങ്ങും വിളയിൽ മത്തായി

രാമപുരത്തിന്റെ വടക്കേ അതിരിൽ പുഞ്ചപ്പാടങ്ങളും , തെങ്ങിൻ തോപ്പുകളും അഴക് ചാർത്തുന്ന ഏവൂർ എന്ന കൊച്ചു ഗ്രാമം. അവിടെ സാമാന്യം തെറ്റില്ലാത്ത പി...