Monday, August 30, 2010

പാറുക്കുട്ടി

തൊടിയിലെ ചുവന്ന പൂവിട്ട ചെമ്പകം കിഴക്കോട്ടു ചാഞ്ഞു നിന്നത് കിഴക്കേ വീട്ടിലെ പാറുക്കുട്ടിക്ക് പൂ വേണോ എന്ന് ചോദിക്കാനായിരുന്നു. പൊതുവേ വരണ്ടു പെയ്യാതെ മടിച്ചു നിന്നിരുന്ന വൃശ്ചിക മേഘങ്ങള്‍ ഇന്നലെ പതിവില്ലാതെ പെയ്തിറങ്ങിയത്‌ ഈറനണിഞ്ഞു നിന്നാല്‍ പാറുവിന്റെ  സൌന്ദര്യം പതിന്മടങ്ങാവും എന്ന് കാട്ടി തരാന്‍ വേണ്ടിയായിരുന്നു.

അങ്ങനെ പോക്കുവെയിലിനും, പുലരിമഞ്ഞിനും, കാറ്റിനും, കമുകിനും കാണുന്നതിനൊക്കെയും  അവളെ ചേര്‍ത്ത് അർഥങ്ങൾ  കണ്ടു തുടങ്ങിയതോടെ ഒന്ന് മനസ്സിലായി... എനിക്ക് പാറുക്കുട്ടിയെ ഒത്തിരി ഇഷ്ടമാണെന്ന്.



കറ്റ കൊയ്തു കൂട്ടിയിട്ടിരിക്കുന്ന കിഴക്കെക്കാരുടെ പറമ്പിലൂടെ പാറുക്കുട്ടി ഓടി നടക്കുന്നത് വേലിക്ക് ഇപ്പുറത്ത് നിന്ന് എത്രയോ തവണ നോക്കി നിന്നിട്ടുണ്ട്. പോയി ഇങ്ങു  കൂട്ടി കൊണ്ട് വന്നാലോ എന്ന് കരുതും. പക്ഷെ അതിനൊള്ള ധൈര്യം മാത്രം ഇതുവരെ ഉണ്ടായിട്ടില്ല. മന്ദാരത്തിന്റെ ചില്ലയില്‍ കൂട് കൂട്ടിയ മൂളക്കുരുവിയുടെ കൂട് നോക്കുന്നത് പോലെ, ചെമ്പോട്ടിയുടെ വേരില്‍ പിടിച്ചു വളരാന്‍ തുടങ്ങുന്ന പുതിയ ചിതല്‍ പുറ്റ് പൊടിയാതെ നോക്കുന്നത് പോലെ പാറുക്കുട്ടിയോടുള്ള  ഇഷ്ടത്തെയും ഞാന്‍ കാത്തു കാത്തു വെച്ചു. ഇടയ്ക്കൊന്നു എടുത്തു നോക്കി തേച്ചു മിനുക്കി നിറം മങ്ങാതെ ആ ഇഷ്ടത്തെ വളര്‍ത്തി എടുത്തു.



ഒടുവിൽ ഒരു ദിവസം  പാറുവിനേം അമ്മയെയും  വിളിച്ചു കൊണ്ട്  പോവാന്‍ പത്തിയൂര് നിന്നും  ആരോ വണ്ടീംവണ്ടിയും ഒക്കെയായി എത്തിയിട്ടുണ്ട്  എന്നറിഞ്ഞപ്പോ ചങ്ക് പൊട്ടി പോവുന്ന പോലെ തോന്നി. പാറൂനെ കൊണ്ട് പോവാൻ  സമ്മതിക്കല്ലേ എന്ന് അച്ചച്ചനോട് പറയുമ്പോ കണ്ണ് നിറഞ്ഞിരുന്നു. പക്ഷെ അച്ഛച്ചൻ  ചിരിച്ചു, എന്‍റെ നെറ്റിയില്‍ തലോടി, ചേര്‍ത്ത് പിടിച്ചു, പിന്നെ എന്നെയും  കൊണ്ട് കിഴക്കേ വീട്ടിലേക്കു നടന്നു.


ചെന്നപ്പോൾ തന്നെ  കണ്ടു വീടിന്  മുന്നില്‍ വണ്ടി നിര്‍ത്തിയിട്ടിരിക്കുന്നു . റോഡിലും ഒന്ന് രണ്ടു പേര് നിൽക്കുന്നു . ആരുടേയും  മുഖത്തേക്ക് നോക്കാതെ തലകുനിച്ചു വാതില്‍ക്കലേക്ക് നടന്നു.


എന്താ ദേവേട്ടാ ..പതിവില്ലാതെ,

ആഹാ കണ്ണനും ഉണ്ടല്ലോ കൂടെ... മോനിന്നു സ്കൂളില്ലാരുന്നോടാ ...


കിഴക്കേലെ ശാരദേടത്തി ഞങ്ങളെ കണ്ടു ചിരിച്ചു കൊണ്ട്  മുറ്റത്തേക്കിറങ്ങി വന്നു...



ലക്ഷ്മീം പാറൂം ഇന്ന് പോവാണ്  അല്ലെ ?

ഉവ്വ്... അവരെ കൊണ്ട് പോവാനാ  ദെ വണ്ടി.... പത്തിയൂര്‍ക്കാ...!



അച്ചാച്ചന്റെ ചോദ്യത്തിന് ശാരദേടത്തിയുടെ  അലസമായ മറുപടി കേട്ടപ്പോ എനിക്കവരോട് വല്ലാതെ  ദേഷ്യം തോന്നി.

നല്ല മിടു മിടുക്കി കുട്ടിയാ  ... ഇവന്  അവള് പോവുന്ന കാര്യം അറിഞ്ഞപ്പോ വല്യ വിഷമം. അവനെ ഒന്ന് കൂടെ  കാണിക്കാം എന്ന്  കരുതി കൊണ്ട് വന്നതാ ... അച്ചച്ചന്‍ ചിരിച്ചു.


അതിനെന്താ .. കാണാലോ...വാ മോനെ...


എത്ര കിട്ടീ..?? അച്ചച്ചന്‍ റോഡില്‍ കിടന്ന വണ്ടിയിലേക്ക് നോക്കി ഏടത്തിയോടായി ചോദിച്ചു...

പന്ത്രണ്ടു അഞ്ഞൂറ് ..!


ശാരദേടത്തി  എന്‍റെ കയ്യില്‍ പിടിച്ചു കൊണ്ട് വടക്കേപുറത്തുള്ള തൊഴുത്തിലേക്ക്‌ നടന്നു.

Monday, August 16, 2010

മിനിക്കുട്ടീടെ പട്ടം, നൂല് പൊട്ടിയ സ്വപ്നം

ശ്രീധരേട്ടന്റെയും വീണേച്ചിയുടെയും ഒറ്റ മോളായിരുന്നു ഗോപികാ ശ്രീധര്‍ എന്ന മിനിക്കുട്ടി. എല്ലാവരോടും സ്നേഹോം ബഹുമാനോം ഒക്കെ കാട്ടി പെരുമാറുന്ന എല്ലാവരുടെയും ഒമാനയായിരുന്ന മിടുക്കി കുട്ടി. പി ഡബ്ലിയു ഡി എന്‍ജിനീയറായ ശ്രീധരേട്ടനും സാമാന്യം തിരക്കുള്ള ഒരു സര്‍ജന്‍ ആയ വീണേച്ചിയും ജോലിയുടെ ഭാഗമായി എറണാകുളത്താണ് താമസിക്കുന്നത്. മിനിക്കുട്ടിക്കു വെനലവധിക്കാലമായാല്‍ ഒന്ന് രണ്ടാഴ്ച നഗരത്തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞു ശ്രീധരേട്ടന്‍ കുടുംബസമേതം തറവാട്ടിലെത്തും. പിന്നെ മടങ്ങിപ്പോവും വരെ തറവാട്ടിലെന്നും ഉത്സവം തന്നെയാണ്. പാടത്തെ പണിക്കാരോടൊപ്പം കിളയ്ക്കാന്‍ കൂടുന്നത് മുതല്‍ ,പയ്യിനു പുല്ലരിയാനും, അപ്പുമോനോടൊപ്പം ഓലപന്തു കളിക്കാനും വരെ ശ്രീധരേട്ടന്‍ മുന്നിലുണ്ടാവും. നാട്ടിന്‍പുറത്തെ തണുത്ത ജീവിതവും, വെള്ളക്കെട്ടും , ചെളി മണവും ഒന്നുമത്ര ഇഷ്ടമല്ലെങ്കിലും ശ്രീധരേട്ടന്റെ ജനിച്ച മണ്ണിനോടുള്ള തീരാത്ത ഇഷ്ടം മനസ്സിലാക്കി ഒന്ന് രണ്ടാഴ്ച സ്വയം നിയന്ത്രിച്ചു ഗ്രാമത്തിന്റെ പരിമിതികളിലേക്ക്‌ വീണേച്ചിയും അങ്ങ് ഒതുങ്ങും.

മിനിക്കുട്ടിയും തറവാട്ടില്‍ എത്തിയാല്‍ പിന്നെ തനി നാട്ടിന്‍പുറത്ത്കാരി കുട്ടിയാ. അച്ചമ്മയോടൊപ്പം നാലര നാഴികയ്ക്ക് ഉണര്‍ന്നു കുളിച്ചു അമ്പലത്തില്‍ തിരി വയ്ക്കാന്‍ പോവും, വാസുവേട്ടന്‍ പയ്യിനെ പിഴിയുമ്പോ സംശയോം ചോദിച്ചു കൂടെ നില്‍ക്കും, കവിതയപ്പേടെ ഒപ്പം പാവാടയ്ക്കു തുന്നല് വയ്ക്കാന്‍ കൂടും. തുമ്പിയോടും തുമ്പയോടുമൊക്കെ കിന്നാരവും പറഞ്ഞു പറമ്പില്‍ കളിക്കാന്‍ വരുന്ന പിള്ളേരോടൊപ്പം രാവന്തി വരെ പറമ്പില്‍ തന്നെയാവും. മിക്കവാറും എല്ലാ ദിവസവും രാത്രി വീണേച്ചിടെ കയ്യിനു കണക്കിന് കിട്ടാറും ഉണ്ട് ഈ കുത്തിമറിയലിനു ഒക്കെ . എങ്കിലും ശ്രീധരേട്ടന്‍ എല്ലാത്തിനും മിനിക്കുട്ടിക്കു കൂട്ടായിരുന്നു. തന്‍റെ മകളും തന്നെപ്പോലെ നാടിന്റെ നന്മ കണ്ടറിഞ്ഞു വളരണം എന്ന് അച്ഛമ്മയോട്‌ ശ്രീധരേട്ടന്‍ ഇടയ്ക്ക് പറയാറുണ്ട്‌. തിരികെ നഗരത്തിലെത്തിയാല്‍ ഫ്ലാറ്റിലെ തന്റെ മുറിയില്‍ ഏതെങ്കിലും പുസ്തകമോ കളിപ്പാട്ടമോ വെച്ച് ഒതുങ്ങിക്കൂടുന്ന മിനിക്കുട്ടിയുടെ നാട്ടിലെത്തിയാല്‍ ഉള്ള മാറ്റം ശ്രീധരേട്ടന് ഒരു അത്ഭുതമായിരുന്നു. മോള്‍ക്ക്‌ ഒരു പതിനഞ്ചു വയസ്സാവുമ്പോഴേക്കു എല്ലാം നിര്‍ത്തി തറവാട്ടിന്റെ അടുത്ത് വന്നു ഒരു വീട് വയ്ക്കണം എന്ന് ശ്രീധരേട്ടന്‍ എപ്പോഴും പറയും. പക്ഷെ വീണേച്ചിയെ ശരിക്കറിയാവുന്നത് കൊണ്ട് അതൊന്നും ഒരിക്കലും നടക്കാന്‍ പോവുന്നില്ലെന്ന് തറവാട്ടില്‍ എല്ലാവര്‍ക്കും അറിയാം.

മിനിക്കുട്ടി തറവാട്ടില്‍ എത്തി എന്നറിഞ്ഞാല്‍ പിന്നെ അയലോക്കത്തുള്ള കുഞ്ഞു പിള്ളേരൊക്കെ തറവാട്ടു പറമ്പിനു ചുറ്റും അടുത്ത് കൂടും. വിശാലമായി കിടക്കുന്ന പറമ്പില്‍ കളിയ്ക്കാന്‍ അച്ഛമ്മ അവര്‍ക്ക് താല്‍ക്കാലിക അനുമതി നല്‍കുന്നത് തന്നെ മിനിക്കുട്ടി വരുമ്പോ മാത്രമായിരുന്നു. അമ്പലത്തിനു കിഴക്ക് വശത്തുള്ള പതിനാറു പറ പാടത്തിനക്കരെ താമസിക്കുന്ന കൂലിപ്പണിക്കാരന്‍ ചന്ദ്രന്‍റെ മോന്‍ വിഷ്ണുവും അവരില്‍ ഒരാളായിരുന്നു. അഞ്ചാം ക്ലാസ്സിലാണ് പഠിക്കുന്നതെങ്കിലും പ്രായത്തില്‍ കവിഞ്ഞ പക്വതയുള്ള കുട്ടി. അവന്‍ തന്നെയാണ് പരിസരത്തെ കുട്ടി പട്ടാളത്തിന്റെ നേതാവും.മിനിക്കുട്ടിയേം കളിക്കിടയില്‍ അപകടത്തിലൊന്നും ചാടാതെ അവന്‍ പ്രത്യേകം ശ്രദ്ധിക്കും. അത് കൊണ്ട് തന്നെ ശ്രീധരേട്ടനും അച്ഛമ്മയ്ക്കും ഒക്കെ അവനെ വല്യ കാര്യായിരുന്നു. പക്ഷെ ഒരീസം കളിക്കിടയില്‍ എങ്ങിനെയോ മറിഞ്ഞു വീണു കൈമുട്ട് പൊട്ടിയ മിനിക്കുട്ടിയെ താങ്ങിയെടുത്തു കൊണ്ട് വീട്ടുമുറ്റത്തെത്തിയ വിഷ്ണുവിനെ വീണേച്ചി കണക്കിന് തല്ലി. കൊച്ചിനെ എടുത്തതിനും, മറിച്ചിട്ടതിനും ഒക്കെ എണ്ണം പറഞ്ഞു തല്ലിയ വീണേച്ചിയെ ശ്രീധരേട്ടനാണ് ഓടി വന്നു പിടിച്ചു മാറ്റിയത്. വിങ്ങി കരഞ്ഞു കൊണ്ട് നിന്ന വിഷ്ണുവിനെ പിടിച്ചു നിര്‍ത്തി ആശ്വസിപ്പിക്കാന്‍ ശ്രീധരേട്ടന്‍ ശ്രമിച്ചെങ്കിലും അവന്‍ കരഞ്ഞു കൊണ്ട് ഓടിപ്പോയി. അതില്‍ പിന്നെ കുറെ ദിവസം വിഷ്ണു തറവാട്ടിലേക്ക് വന്നതേയില്ല. ഒടുവില്‍ ടൌണില്‍ നിന്നു വാങ്ങിയ പുതിയ ഉടുപ്പും ട്രൌസറും ഒക്കെയായി ശ്രീധരേട്ടന്‍ തന്നെ അവന്‍റെ വീട്ടില്‍ പോയി അവനെ സമാധാനിപ്പിച്ചു.കുട്ടികള് വിഷമം ഒക്കെ പെട്ടെന്ന് തന്നെ മറക്കുമല്ലോ. വിഷ്ണു വീണ്ടും തറവാട്ടില്‍ കളിയ്ക്കാന്‍ വരാന്‍ തുടങ്ങി. മിനിക്കുട്ടിയെ അവന്‍ കവുങ്ങിന്റെ പാളയില്‍ വെച്ച് പറമ്പ് മുഴുവന്‍ വലിച്ചോണ്ട് നടക്കും. കിഴക്കേ തൊടിയിലെ വല്യ ചെമ്പകത്തില്‍ നിന്ന് പൂ പറിച്ചു കൊടുക്കും. പറമ്പിനു അതിരിട്ടു നില്‍ക്കുന്ന കസ്തൂരി മാവില്‍ നിന്നു പൊഴിഞ്ഞു വീഴുന്ന പഴുത്ത മാമ്പഴം എടുത്തു വെച്ച് ആരും കാണാതെ കൊണ്ട് കൊടുക്കും..

വേനല് തുടങ്ങി കഴിഞ്ഞാല്‍ പിന്നെ പിള്ളേര്‍ക്കൊക്കെ ഹരം പട്ടം പറത്തലിലാണ്. വൈകുന്നേരമായാല്‍ മീനച്ചൂടില്‍ വരണ്ടുണങ്ങി കിടക്കുന്ന പതിനാറു പറ പാടത്ത് പിള്ളേരെല്ലാം പട്ടം പറത്താനിറങ്ങും. പക്ഷെ തറവാട്ടു വളപ്പിനു പുറത്തേക്കു പോവാന്‍ വീണേച്ചി അനുവദിക്കാത്തത് കൊണ്ട് വയലിലൂടെ പട്ടവുമായി പാറി നടക്കുന്ന കുട്ടികളെ, വേലിക്കല്‍ ചെന്ന് നിന്ന് കൊതിയോടെ നോക്കി നില്‍ക്കാനേ പാവം മിനിക്കുട്ടിക്ക് കഴിയാറുള്ളു. അത് കണ്ടു വിഷമം തോന്നിയിട്ടാവും ഒരു ദിവസം വിഷ്ണു വന്നത് കയ്യിലൊരു പട്ടവും കൊണ്ടായിരുന്നു. നീല നിറവും, ചോപ്പ് ഇരട്ട വാലുമുള്ള നല്ലൊരു പട്ടം. അത് കയ്യില്‍ കിട്ടിയ മിനിക്കുട്ടിക്കു സന്തോഷം അടക്കാനായില്ല. അമ്മയുടെ വിലക്കൊക്കെ മറന്നു അവളും പാടത്തേക്കോടി. അന്തി മയങ്ങിയ നേരത്ത്
പട്ടവുമായി വയലില്‍ നില്‍ക്കുന്ന മിനിക്കുട്ടിയെ കണ്ടു കൊണ്ടാണ് പുറത്തു പോയിരുന്ന വീണേച്ചിയും ശ്രീധരേട്ടനും മടങ്ങി വന്നത്. പുളിമരത്തിന്റെ കമ്പ് കൊണ്ട് വീണേച്ചിയുടെ കയ്യില്‍ നിന്നു മിനിക്കുട്ടിക്കു അന്ന് കണക്കിന് കിട്ടി. ശ്രീധരേട്ടന്‍ നിസ്സഹായനായി നോക്കി നിന്നു. അന്ന് മുതല്‍ പാവം മിനിക്കുട്ടിക്കു പറമ്പില്‍ കളിക്കാനുള്ള അനുവാദം കൂടി നഷ്ടപ്പെട്ടു. വീണേച്ചിയെ പേടിച്ചു കുട്ടികളാരും തന്നെ തറവാട്ടിലേക്ക് വരാതായി. എങ്കിലും അവധി കഴിഞ്ഞു തിരികെപ്പോവുന്ന അന്ന് വീണേച്ചി കാണാതെ മിനിക്കുട്ടിയെ കാണാന്‍ വിഷ്ണു വന്നിരുന്നു. അന്ന് കാലത്ത് വീണ നാലഞ്ചു കസ്തൂരി മാങ്ങയും അവന്‍റെ കയ്യിലുണ്ടായിരുന്നു. അടുത്ത വേനലവധിയാവുംപോഴേക്കും മിനിക്കുട്ടി വല്യ കുട്ടിയാവുമെന്നും, അപ്പൊ പട്ടം പറത്താന്‍ കൊണ്ട് പോവാമെന്നും അവന്‍ മിനിക്കുട്ടിക്കു വാക്ക് കൊടുത്തു.
പറന്നു നടക്കുന്ന പട്ടങ്ങളും, പഴുത്തു തുടുത്തു പൊഴിഞ്ഞു വീഴുന്ന കസ്തൂരി മാങ്ങകളും, കൂവളവും നന്ദ്യാര്‍വട്ടവും കണിയൊരുക്കുന്ന തറവാട്ടു തൊടിയുമൊക്കെയായി അടുത്ത വേനലവധിക്കാലം വേഗം മടങ്ങിയെത്തുമെന്ന പ്രതീക്ഷയോടെ മിനിക്കുട്ടി പഠനത്തിന്റെയും തിരക്കിന്റെയും ലോകത്തിലേക്ക്‌ മടങ്ങിപ്പോയി.

ഇടവപ്പാതിയും , ഓണക്കൊയ്തും, തുലാവര്‍ഷവും, മകരക്കുളിരും ഒക്കെ കടന്നു മറ്റൊരു വേനലവധി വീണ്ടും വന്നെത്തി. പ്രതീക്ഷയുടെയും സ്വപ്നങ്ങളുടെയും ചിറകിലേറി പതിവ് പോലെ മിനിക്കുട്ടിയും വീണ്ടും തറവാട്ടിലെത്തി. വീണേച്ചിക്ക് ഒരുപാട് ജോലിത്തിരക്ക് ആയതു കാരണം ഇത്തവണ കൂട്ടിനു ശ്രീധരേട്ടന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തറവാട്ടില്‍ എത്തിയ അന്ന് തന്നെ പറമ്പിനു ചുറ്റും കറങ്ങി നടന്നു മിനിക്കുട്ടി താന്‍ വന്ന വിവരം കൂട്ടുകാരെയൊക്കെ അറിയിക്കാന്‍ ശ്രമിച്ചെങ്കിലും അയലോക്കത്തെ കുട്ടികളെ ആരെയും എവിടെയും കണ്ടില്ല. രണ്ടു മൂന്നു ദിവസം കഴിഞ്ഞിട്ടും ആരെയും കാണാതെ വന്നത് കൊണ്ട് വൈകിട്ട് തൊടിയിലെ വേലിക്കരികിലെത്തി മിനിക്കുട്ടി പാടത്തേക്കു നോക്കി. അവിടെ നാലഞ്ചു കുട്ടികള്‍ പട്ടം പറത്തി കളിക്കുനുണ്ട്. എങ്കിലും പരിചയമുള്ള ആരെയും കണ്ടില്ല. നിരാശയോടെ തല കുമ്പിട്ടു വടക്കേ വരാന്തയില്‍ വന്നിരിക്കുന്ന മിനികുട്ടിയെ കണ്ടു കൊണ്ടാണ് ശ്രീധരേട്ടന്‍ കയറി വന്നത്. അടുത്ത് ചെന്ന് കാര്യം തിരക്കിയപ്പോഴാണ്‌ എന്നത്തേയും പോലെ കുട്ടികള്‍ ആരും വരുന്നില്ല എന്ന കാര്യം ശ്രീധരേട്ടനും ശ്രദ്ധിച്ചത്. മിനിക്കുട്ടിയുടെ കയ്യില്‍ പിടിച്ചു കൊണ്ട് ശ്രീധരേട്ടന്‍ പതിനാറു പറ പാടത്തേക്കു നടന്നു.

പാടത്തിനക്കരെയുള്ള വിഷ്ണുവിന്റെ വീട്ടില്‍ ആരും ഉണ്ടെന്നു തോന്നിയില്ല. പക്ഷെ അടുത്ത് ചെന്നപ്പോള്‍ കോലായില്‍ ഒരു തൂണില്‍ ചാരി ചന്ദ്രന്‍ ഇരിക്കുന്നത് കണ്ടു. ശ്രീധരേട്ടനും മിനിക്കുട്ടിയുമൊന്നും വരുന്നത് അയാള്‍ കണ്ടെന്നു തോന്നിയില്ല. അടുത്തെത്തി പേര് വിളിച്ചപ്പോള്‍ അയാള്‍ ഞെട്ടി പിടഞ്ഞെഴുനേറ്റു മിനിക്കുട്ടിയേം ശ്രീധരെട്ടനെയും മാറി മാറി നോക്കി. അടുത്ത നിമിഷം ഒരു കുട്ടിയെ പോലെ എങ്ങി എങ്ങി കരഞ്ഞു കൊണ്ട് തന്‍റെ കയ്യില്‍ പിടിക്കുന്ന ചന്ദ്രനെ കണ്ടു ശ്രീധരേട്ടന്‍ എന്ത് ചെയ്യണം എന്നറിയാതെ നിന്നു. പറമ്പിലെ ആഞ്ഞിലി മരത്തിനു ചോട്ടിലേക്ക് വിരല്‍ ചൂണ്ടി അയാള്‍ എന്തൊക്കെയോ പറയാന്‍ ശ്രമിച്ചെങ്കിലും കരച്ചിലില്‍ കുതിര്‍ന്ന വാക്കുകളൊന്നും വ്യക്തമായില്ല. എങ്കിലും 'ന്റെ മോന്‍ പോയി ശ്രീധരേട്ടാ...' എന്ന് മാത്രം വാക്കുകള്‍ക്കിടയില്‍ നിന്നു മിനിക്കുട്ടി വേര്‍തിരിച്ചെടുത്തു. അവള്‍ ആഞ്ഞിലിചോട്ടിലേക്ക് നടന്നു. അവിടെ പുല്ലും പടര്‍പ്പും പിടിക്കാതെ വൃത്തിയാക്കി ഇട്ടിരിക്കുന്ന കുറെ സ്ഥലത്ത് ഒരു വാഴക്കുട്ടിയും തൈത്തെങ്ങും വളര്‍ന്നു നില്‍ക്കുന്നുണ്ടായിരുന്നു.

കഴിഞ്ഞ തുലാവര്‍ഷക്കാലത്ത് പാടത്ത് പൊട്ടി വീണ കറന്റ് കമ്പിയില്‍ നിന്നു ഷോക്കടിച്ചു നാട്ടില്‍ ഒരു കുട്ടി മരിച്ച കാര്യം ആരോ പറഞ്ഞോ പത്രത്തില്‍ വായിച്ചോ അറിഞ്ഞ കാര്യം ശ്രീധരേട്ടന്റെ ഓര്‍മ്മയിലേക്ക് മടങ്ങി വന്നു. പക്ഷെ അത് തന്‍റെ മകളുടെ കളിക്കൂട്ടുകാരനായിരുന്നു എന്ന തിരിച്ചറിവിന്‍റെ നീറ്റലില്‍, വിങ്ങി കരയുന്ന ചന്ദ്രനെ ആശ്വസിപ്പിക്കാനാവാതെ, മിനിക്കുട്ടിയെ തന്നെ നോക്കി ശ്രീധരേട്ടന്‍ നിന്നു. ആഞ്ഞിലി മരത്തിന്റെ വേരിനിടയില്‍ നിറം പോയി കറുത്ത് തേഞ്ഞ ഒരു റബ്ബര്‍ പന്ത് കിടന്നത് മിനിക്കുട്ടി കണ്ടു. അവളതെടുത്തു, ഒരു നിമിഷം നോക്കി നിന്നു. പിന്നെ അത് കയ്യില്‍ ഇറുകെ പിടിച്ചു, ഒന്നും മിണ്ടാതെ ചന്ദ്രനേയും ശ്രീധരെട്ടനെയും കടന്നു വരമ്പത്തെയ്ക്കിറങ്ങി തിരികെ തറവാട്ടിലേക്ക് നടന്നു.

നീലയും ചോപ്പും പട്ടങ്ങളുമായി അപ്പോഴും കുറെ കുട്ടികള്‍ പാടത്ത് കളിക്കുന്നുണ്ടായിരുന്നു. അവരില്‍ ആരൊക്കെയോ മിനിക്കുട്ടിയെ വിളിക്കുനുണ്ടായിരുന്നു. പക്ഷെ പെയ്തു തുടങ്ങിയ കണ്ണീര്‍ മേഘങ്ങള്‍ കാഴ്ച മറച്ചിരുന്നത് കൊണ്ടാവാം മിനിക്കുട്ടി അതൊന്നും കാണുന്നുണ്ടായിരുന്നില്ല. സ്വപ്നങ്ങളുടെ നൂല് പൊട്ടിയ ആ മനസ്സ് ഒന്നും കേള്‍ക്കുന്നും അറിയുന്നും ഉണ്ടായിരുന്നില്ല.

Tuesday, July 27, 2010

നാല് തലയുള്ള പാമ്പ്

തയ്യിൽ തെക്കതിലെ  സുധേച്ചീടെ  മോള്‍ ശ്രീജ അണലി കടിച്ചു മരിക്കുമ്പോ എനിക്ക് പ്രായം അഞ്ചോ ആറോ ആയിരുന്നു. അണലിയും മൂര്‍ഖനും മഞ്ഞച്ചേരയും  തമ്മിലുള്ള വ്യത്യാസം  ഒന്നും അറിയാന്‍ മേലെങ്കിലും നീണ്ട്  ഉരുണ്ടു ഇഴഞ്ഞു നടക്കുന്നതെല്ലാം പാമ്പാണെന്നും , അത് കടിച്ചാല്‍ വിതിന്‍ ട്വെന്റി ഫോര്‍ അവേഴ്സ് പരലോകത്തേക്കുള്ള  ഓൺ അറൈവൽ വിസയും,  എന്‍ ഓ സിയും  കിട്ടുമെന്നും അന്ന് തന്നെ എങ്ങനെയോ മനസ്സില്‍ കുറിച്ച് വെച്ചിരുന്നു. അത് കൊണ്ട് തന്നെ പാമ്പിനെ കാണുന്ന ഏരിയ പോയിട്ട്  ചുറ്റു മതിലിൽ പാമ്പിന്റെ പ്രതിമ വച്ചിട്ടുള്ള  മണ്ണാറശാല അമ്പലത്തിലേക്ക് പോലും പോവാന്‍ തല്ലി കൊന്നാലും എന്നെ  കിട്ടില്ലായിരുന്നു അന്നൊന്നും .


പക്ഷെ നിറയെ ഇടത്തോടുകളും വയലുകളും ഒക്കെയുള്ള രാമപുരത്തു ഗവണ്മെന്റ് യു പി സ്കൂളിലെ പച്ചയും വെള്ളയും ഉടുപ്പിട്ട പിള്ളേരെ പോലെ എവിടെ തിരിഞ്ഞു നോക്കിയാലും നീര്‍ക്കോലി, ചേര തുടങ്ങിയ ടീംസിനെ കണ്ടു മുട്ടാതെ നടക്കാന്‍ കഴിയുമായിരുന്നില്ല അന്നൊന്നും. ഒരു കരുതലിന് വേണ്ടി ഇവരുടെ സ്ഥിരം റോമിംഗ് ഏരിയ ആയ കിഴക്കേ ചാല്‍ , വടക്കേ പറമ്പിലെ കുളം, അമ്പലത്തിനു തൊട്ടുള്ള പതിനഞ്ചു പറ പാടം തുടങ്ങിയ സ്ഥലങ്ങള്‍ എന്റെ ഡെയിലി റൂട്ട് മാപ്പില്‍ നിന്ന് അന്ന് ഫുള്‍ ആയി ഒഴിവാക്കിയിരുന്നു. വെറുതെ ഉജാലയിട്ടു കഴുകിയ വെള്ള ഷര്‍ട്ട്‌ പോലെ ദേഹം മുഴുവന്‍ നീലിച്ചു തലയില്‍ കെട്ടും കെട്ടി കിടക്കാനുള്ള മടിക്ക്.


ചെറിയ തോതില്‍ ഒരു പേടിയെ ആദ്യം ഉണ്ടായിരുന്നുള്ളൂ എങ്കിലും അതിനെ വല്ലാണ്ടെ അങ്ങട് പ്രൊമോട്ട് ചെയ്തു വലുതാക്കി എടുത്തത്‌ എന്‍റെ അച്ചമ്മയായിരുന്നു. 
ഭക്തി ഒരു അഡിക്ഷനും നാമം ചൊല്ലല്‍ ഹോബ്ബിയുമാക്കിയിരുന്ന അച്ഛമ്മയുടെ കാഴ്ചപ്പാടില്‍ ചുറ്റുമുള്ള വാലുള്ളതും വാലില്ലാത്തതുമായ  എല്ലാ ജീവികളും ഓരോരോ അവതാരങ്ങളായിരുന്നു. എന്തിനേറെ പറയണം , പത്തായത്തില്‍ അനധികൃതമായി കേറി നെല്ല് കട്ട് തിന്നുന്ന പെരുച്ചാഴിയെ വരെ ഗണപതിയുടെ പ്രൈവറ്റ് വെഹിക്കിള്‍ എന്ന കൺസഷൻ  കൊടുത്തു വെറുതെ വിട്ടിരുന്ന അച്ഛമ്മയെ സംബന്ധിച്ച് പാമ്പിന്റെ സ്ഥാനം വളരെ ഉയരെ ആയിരിക്കുമല്ലോ.


സ്വന്തമായി മിനിമം അഞ്ചു ഷോ റൂമുള്ള ഒരു ജ്വല്ലറി തുടങ്ങാനുള്ള ആസ്തി ഉണ്ടായിട്ടും ശ്രീ പരമശിവന്‍ സച്ചിന്‍ ചെയിന് പകരം കഴുത്തിൽ ഇട്ടിരിക്കുന്നത്‌  24 കാരറ്റ് പാമ്പിനെ ആണത്രേ.  സുനിദ്രേടെ അടിപൊളി ഫോം ബെഡ് സ്ത്രീധനം ആയി കിട്ടിയിട്ടും സാക്ഷാല്‍ മഹാവിഷ്ണു റബ്കോയില്‍ നിന്ന് ഓണ പർച്ചേസിൽ  വാങ്ങി മെത്ത ആക്കിയതും പാമ്പിനെ ആണല്ലോ. അത് കൊണ്ട് തന്നെ പാമ്പ് വല്യ സംഭവമാണെന്നും , തൊട്ടാല്‍ വിവരം അറിയുമെന്നും എന്നെ പറഞ്ഞു പഠിപ്പിച്ചത് അമ്മൂമ്മയായിരുന്നു. ഞങ്ങടെ പറമ്പില്‍ ഇടക്ക് കറങ്ങി നടക്കാറുള്ള പാമ്പുകളൊക്കെ മണ്ണാറശ്ശാലയിൽ നിന്ന്  പറഞ്ഞു വിട്ടിരിക്കുന്നതാണത്രേ. പറമ്പിലെവിടെയെങ്കിലും വെച്ച് ഒരു പാമ്പ് കുറുകെ വന്നാല്‍ അപ്പൊ തന്നെ മണ്ണാറശാല വരെ  പോയി മഞ്ഞളും കര്‍പ്പൂരവും കൊടുത്തു ഹെഡ് ഓഫീസിലുള്ളവരെ ഹാപ്പി ആക്കുന്നതില്‍ അച്ഛമ്മ വളരെ കെയർഫുൾ ആയിരുന്നു എന്നും.


സംഗതി ഇത്ര ഒക്കെ പാമ്പിനെ താന്‍ ബഹുമാനിക്കുന്നെകിലും പുതിയ തലമുറയ്ക്ക് അവറ്റകളോട് പേടിയും ബഹുമാനവും അത്രയ്ക്കങ്ങ് ഇല്ലെന്നു തോന്നിയിട്ടോ എന്തോ, ഇടി വെട്ടി മഴ പെയ്യുന്ന ഒരു തുലാവര്‍ഷ കാലത്ത് ഒരു ഇടിവെട്ട് സത്യം അച്ഛമ്മ ഫാമിലിക്ക്‌ മുന്നില്‍ വെളിപ്പെടുത്തി. 
ഞങ്ങടെ പടിഞ്ഞാറേ പറമ്പില്‍ തുണി അലക്കുന്ന കല്ലിന്റെ അടുത്തുള്ള ഇല്ലിക്കൂട്ടം മുതല്‍ കുടുംബ ക്ഷേത്രത്തിനു പിന്നിലുള്ള കാവ് വരെ ഏതാണ്ട് നൂറു മീറ്റര്‍ ദൂരം കാണും. അത്രയും  നീളത്തില്‍ നാല് തലയുള്ള ഒരു പാമ്പ് മണ്ണിനടിയില്‍ ആ ലൊക്കേഷനില്‍ കിടക്കുനുണ്ടുത്രേ . അതിന്റെ തല കാവിലും വാല് ഇല്ലികൂട്ടതിനു അടിയിലും ആണ് പോലും. പൊതുവേ സൂര്യ പ്രകാശം അധികം ഇഷ്ടമല്ലാത്തത്‌ കൊണ്ടോ എന്തോ പുറത്തേക്കൊന്നും  കാണാത്ത ഇദ്ദേഹം  ചില പ്രത്യേക ദിവസങ്ങളില്‍ കാവ് വഴി ഇറങ്ങി അമ്പലത്തില്‍ വന്നു ഒന്ന് വലതു വെച്ച് സേവപന്തലില്‍ വന്നു നമസ്കരിച്ചിട്ട്‌ തിരികെ പോവും പോലും. സംഭവത്തിന്‌ വിശ്വാസ്യത വരുത്താനോ എന്തോ, കഴിഞ്ഞ മുപ്പതു വര്‍ഷത്തിനുള്ളില്‍ രണ്ടോ മൂന്നോ തവണ താന്‍ നേരിട്ട് തന്നെ ആ സീന്‍ കണ്ടിട്ടുണ്ടെന്നും കൂടെ അച്ഛമ്മ പറഞ്ഞതോടെ ഞാനെന്തായാലും കേറിയങ്ങ് വിശ്വസിച്ചു പോയി.

പിന്നെയുള്ള ദിവസങ്ങളില്‍ ചേച്ചിയും മനോജേട്ടനും ഒക്കെ അച്ചമ്മേടെ ഒറിജിനൽ  സ്റ്റോറിയില്‍ തങ്ങളുടെ വക മസാല കൂടെ ചേര്‍ത്ത്, സംഭവം കൂടുതല്‍ ഭീകരമാക്കി അവതരിപ്പിച്ചതോട് കൂടി, ഇല്ലികാട് ടൂ ഇലഞ്ഞികാവ് ഏരിയ എനിക്ക് നിരോധിത മേഘല ആയി മാറി. നാല് തലയുള്ള നൂറു മീറ്റര്‍ നീളമുള്ള പാമ്പ് പല രാത്രികളും എന്‍റെ സ്വപ്നങ്ങളില്‍ ഇഴഞ്ഞു കേറാന്‍ തുടങ്ങി.

അങ്ങനെ പാമ്പിനോടുള്ള അടങ്ങാത്ത പേടിയുമായി  കുറെ വര്‍ഷങ്ങള്‍ മുന്നോട്ടു പോയി.


അഞ്ചിലോ ആറിലോ ആയി കാണും. അന്നൊരു ശനിയാഴ്ച ആയിരുന്നു. ശരീഫിക്കയുടെ കടയില്‍ നിന്ന് ഒരു കിലോ ചുവന്നുള്ളിയും അര കിലോ തക്കാളിയും വാങ്ങി തിരികെ വന്നു വീട്ടിലേക്കു കയറുമ്പോള്‍ ആയിരുന്നു അത് കണ്ടത്. സിറ്റ്ഔട്ടിലേക്ക് കയറുന്ന മൊസൈക് ഇട്ട പടിയുടെ സൈഡില്‍ ഉള്ള വിടവിലൂടെ അനങ്ങുന്ന ഒരു വാല്‍. 
ഇടക്കൊന്നു അനങ്ങും, പിന്നെ നിക്കും..
അങ്ങനെ അവാര്‍ഡ് പടം പോലെ നില്‍ക്കുന്ന വാലിനെ നോക്കി കുറെ നേരം നിന്നു.
മനസ്സില്‍ പണ്ടേയുള്ള പേടി പതിയെ തലപൊക്കി. രണ്ടടി പിന്നോട്ട് മാറി, വലതു കാല്‍ മുന്നോട്ടു വെച്ച് ഒരു നിമിഷം നിന്നു. അടുത്ത നിമിഷം ഉള്ളിയും  വലിച്ചെറിഞ്ഞു കാറി കൂവിയുള്ള ഓട്ടം അവസാനിച്ചത്‌ അടുക്കളയില്‍ തേങ്ങാ ചിരകി കൊണ്ടിരുന്ന അച്ചമ്മേടെ മുന്നിലായിരുന്നു.


ഇല്ലികൂട്ടത്തില്‍ താമസിക്കുന്ന പാമ്പ് റൂട്ട് മാറ്റി സിറ്റ്ഔട്ടിനു കീഴിലൂടെ പുതിയ വഴി വെട്ടി എന്ന എന്‍റെ സാക്ഷി മൊഴി അച്ഛമ്മയ്ക്ക് അത്രയ്ക്ക് അങ്ങട് വിശ്വാസം വന്നില്ല. 
ഹവ്വെവര്‍ വിതിന്‍ തെര്‍ത്ടി സെക്കന്റ് , സിറ്റ്ഔട്ടിനു മുന്‍വശം കാഴ്ചക്കാരെ കൊണ്ട് നിറഞ്ഞു. ഒരുമാതിരി പെട്ട പാമ്പൊക്കെ ഈസി ആയി ഇറങ്ങി പോരാവുന്ന ആ ഗ്യാപ്പിലൂടെ ഇറങ്ങാന്‍ പറ്റുന്നില്ലെങ്കില്‍ ഇത് സംഭവം നാല് തലയുള്ള മെഗാ പാമ്പ് തന്നെ എന്ന് അച്ഛമ്മയും ഉറപ്പിച്ചു. പാമ്പിനു നല്ല ബുദ്ധി കൊടുത്തു പഴയ റൂട്ടില്‍ തന്നെ പറഞ്ഞു വിടാന്‍ മണ്ണാറശാലയിലേക്ക് നൂറും പാലും കര്‍പ്പൂരവും അച്ഛമ്മ അപ്പോള്‍ തന്നെ നെര്‍ന്നെങ്കിലും വല്യ ചേഞ്ച്  ഒന്നും അത് കൊണ്ട് ഉണ്ടായില്ല. ഒന്ന് രണ്ടു നാഴിക കഴിഞ്ഞിട്ടും വാല് അവിടെ തന്നെ നിന്നു തുള്ളി കളിച്ചു കൊണ്ടിരുന്നു .

ചെറിയൊരു ആള്‍ക്കൂട്ടവും ബഹളവും കണ്ടിട്ടാവും, വഴിയെ പോയ പണിക്കരേട്ടന്‍ സന്തത സഹചാരിയായ സൈക്കിളുമായി അപ്പോഴാണ്‌ സ്ഥലത്തെത്തിയത്. അനങ്ങുന്ന വാലും, ഓടാന്‍ തയ്യാറായി നില്‍ക്കുന്ന കാലുകളും കണ്ടതോടെ ആള്‍ക്ക്  സംഭവത്തിന്റെ ഗൌരവം പിടികിട്ടി. കുറെ നേരം വട്ടത്തിലും നീളത്തിലും നടന്നു ചാഞ്ഞും ചരിഞ്ഞും വാലിനെ നോക്കി ഒടുവില്‍ പണിക്കരേട്ടന്‍ ഒരു വഴി കണ്ടെത്തി. മനോജേട്ടന്‍ കച്ചിപ്പുരയില്‍ ഇരുന്ന കൂന്താലി എടുത്തു കൊണ്ട് കൊടുത്തു. പിള്ളേരെ ഒക്കെ ദൂരെ മാറ്റി നിര്‍ത്തി പണിക്കരേട്ടന്‍ പണി തുടങ്ങി. വാലിന്റെ അടുത്തുള്ള മണ്ണ് കൂടുതല്‍ മാറ്റി വിടവ് അല്‍പ്പം കൂടി വലുതാക്കി .
ചുറ്റും വെളുത്തുള്ളി വിതറി. മണ്ണെണ്ണ കുടഞ്ഞു കത്തിച്ച ഒരു ചൂട്ടും അവിടെ കൊണ്ട് ഇട്ടു. പുകയടിച്ചതോടെ വാലിന്റെ അനക്കം അവാര്‍ഡ് പടം വിട്ടു രജനീകാന്ത് പടം പോലെ വേഗത്തിലായി. 
ഏതാനം നിമിഷങ്ങള്‍. പുകയടിച്ച വെപ്രാളത്തില്‍ സര്‍വ്വശക്തിയും സംഭരിച്ചു കഥാനായകന്‍ പുറത്തേക്കു ചാടി.


ഠിം...നാല് തലയും നൂറു മീറ്റര്‍ നീളവും പ്രതീക്ഷിച്ചു നിന്ന ഞങ്ങളുടെ മുന്നില്‍ കഷ്ടിച്ച് മൂന്നടി നീളമുള്ള ഒരു മഞ്ഞച്ചേര. പക്ഷെ കഴുത്തിന്‌ താഴെ ഫുട് ബോള്‍ പോലെ വീര്‍ത്തിരിക്കുന്നു. 
മോസൈക്കിന്റെ വിടവില്‍ ഒരു പെരുച്ചാഴി ആന്‍ഡ്‌ ഫാമിലി താമസിച്ചിരുന്ന കാര്യം ഞങ്ങള് അറിഞ്ഞിരുന്നില്ല. പക്ഷെ ഇത് കണ്ടെത്തിയ ചേര സമയോം രാഹു കാലോം നോക്കി ഡ്യൂട്ടി കഴിഞ്ഞു ക്ഷീണിച്ചു വന്ന പെരുച്ചാഴിയുടെ പിറകെ കയറി ആളെ വായിലാക്കി. വായില്‍ പെരുച്ചാഴി കയറിയതോടെ തല അകത്തു സ്റ്റക്ക് ആയി പോയി. അങ്ങനെ കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ, എന്ത് ചെയ്യണം എന്ന കണ്ഫ്യുഷനില്‍ ആലോചിച്ചു നിന്നപ്പോഴാണ് ഞാന്‍ സംഭവം സ്പോട്ട് ചെയ്തതും എല്ലാം സ്പോയില്‍ ചെയ്തതും.


എന്തായാലും കനപ്പിച്ചു ഞങ്ങളെ ഒക്കെ ഒന്ന് നോക്കി, നിന്നെ പിന്നെ കാണാട്ടോ എന്ന് എന്നെ നോക്കി മനസ്സില്‍ പറഞ്ഞു മഞ്ഞചേര ഏന്തി വലിഞ്ഞു, വടക്കേ കൈതകാട്ടിലേക്ക് പോയി. തന്റെ തൊപ്പിയില്‍ ഒരു പൊന്‍ തൂവല്‍ കൂടി കിട്ടിയ സന്തോഷത്തില്‍ സംഭവം ആഘോഷിക്കാന്‍ പണിക്കരേട്ടന്‍ ചായക്കടയിലേക്ക് വെച്ച് പിടിച്ചു. തൊട്ടടുത്ത്‌ കുറെ നേരം ഒരു പാമ്പിനെ കണ്ടത് കൊണ്ട് എന്‍റെ പേടി കുറെ ഒക്കെ കുറഞ്ഞു കിട്ടി. മോസൈക്കിന്റെ വിടവ് അന്ന് രാത്രി തന്നെ രവി കൊച്ചച്ചന്‍ സിമന്റ് വെച്ച് അടച്ചു.


അച്ഛമ്മ പക്ഷെ എന്നിട്ടും മൊത്തത്തിൽ കൺവിൻസ്ഡ് ആയില്ല . തന്‍റെ ഓഫറിന്റെ ശക്തി കൊണ്ട് പാമ്പ് ഗ്രേഡ് കുറഞ്ഞു ചേര ആയതാണെന്നു ഈയിടെയും ഒരിക്കല്‍ രവി  കൊച്ചച്ചന്റെ മോന്‍ മൂന്നു വയസ്സുകാരന്‍ വിക്കൂസിനു  പറഞ്ഞു കൊടുക്കുന്നത് കേട്ടു. അവന്‍റെ പേടിച്ചരണ്ട മുഖം കണ്ടു കഷ്ടം തോന്നിയെങ്കിലും തിരുത്താന്‍ ഒന്നും പോയില്ല. കുറ്റികാടും, നിറഞ്ഞ കുളവും ഒക്കെ കിടക്കുമ്പോ കുഞ്ഞിപ്പിള്ളേർക്ക് ഒരിത്തിരി പേടി നല്ലതാണല്ലോ. 

Tuesday, June 15, 2010

അച്ഛനും മകനും പിന്നെ പ്രകാശേട്ടനും

എന്‍റെ അമ്മ വീട് നില്‍ക്കുന്ന എരുവ ഗ്രാമത്തിലെ കിഴക്കേ മുറി നാലാം വാര്‍ഡില്‍ കോട്ടപ്പടി കുമാരന്‍ മകന്‍ പ്രകാശന്‍ എന്ന കെ. കെ. പ്രകാശേട്ടന്‍ പക്ഷെ നാട്ടില്‍ 'താമര പ്രകാശന്‍' എന്നറിയപ്പെടാന്‍ കാരണം രണ്ടായിരുന്നു. ബി ജെ പി എന്ന് കേട്ടാല്‍ വെയിലത്ത്‌ വെച്ച് കത്തിച്ച ഓലപ്പടക്കം പോലെ പൊട്ടി തെറിച്ചിരുന്ന പ്രകാശേട്ടന് യു പി സ്കൂള്‍ കാലം തൊട്ടേ 'താമര' ഒരു വീക്നെസ് ആയിരുന്നു. പക്ഷെ ഇതിനെക്കാള്‍ ഉപരി, സൂര്യനുദിച്ചാല്‍ പുള്ളി വര്‍ക്ക്‌ കഴിഞ്ഞു പോയി നൈറ്റ്‌ ഡ്യൂട്ടിക്ക് സഖാവ് ചന്ദ്രന്‍ ചാര്‍ജെടുക്കുന്നത് വരെ ഒളിഞ്ഞും തെളിഞ്ഞും തണ്ണി അടിച്ചു ആടിയും ഇഴഞ്ഞും നാട്ടു വഴികളില്‍ എവിടെയും കണ്ടിരുന്ന പ്രകാശേട്ടന് ചേരുന്ന പേര് 'താമര' എന്നല്ലെങ്കില്‍ പിന്നെ 'കരിമൂര്‍ഖന്‍' എന്നെ ഉണ്ടാവൂ. ഇത്തിരി കിക്കില്ലാതെ പ്രകാശേട്ടനെ നേരില്‍ കണ്ടിട്ടുള്ളവര്‍ ഭാര്യയടക്കം വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. എങ്കിലും  നിരുപദ്രവകാരിയും നാട്ടിലെ പ്രധാന ന്യൂസ് പെട്ടിയും ആയിരുന്ന പ്രകശേട്ടനെ നാട്ടുകാര്‍ വളരെയധികം സ്നേഹിച്ചിരുന്നു.


എരുവയില്‍ എത്തുന്ന ആര്‍ക്കും വിവരണങ്ങളില്‍ നിന്ന് തന്നെ പ്രകശേട്ടനെ ഒറ്റ നോട്ടത്തില്‍ മനസ്സിലാവും. മണ്ട പോയ കൊന്നതെങ്ങു പോലെ മെലിഞ്ഞു ആറടിക്ക് മേല്‍ നീളം. കൈലിയും, 'മേഡ് ഇന്‍ ഇന്ത്യ' എന്നും മറ്റും വലുതാക്കി എഴുതിയ ഇടി വെട്ടു നിറങ്ങളിലുള്ള കയ്യില്ലാത്ത ബനിയനും സ്ഥിരം വേഷം. ഡോക്ടര്‍ക്ക്‌ സ്റ്റെതസ്ക്കൊപ്പു പോലെ , പോലീസുകാര്‍ക്ക് ലാത്തി പോലെ , പാപ്പാന് തോട്ടി പോലെ പലതരം കത്തികളും, പലകയും കുടവും പ്രൊഫഷണല്‍ സിംബലായി പ്രകശേട്ടന്റെ അരയില്‍ എപ്പൊഴും ഉണ്ടാവും.

അതെ, പ്രകശേട്ടന്‍ നാട്ടിലെ വൺ ആന്‍ഡ്‌ ഒണ്‍ലി വൺ  കള്ള് ചെത്തുകാരനായിരുന്നു.

നാട്ടിലെ മണ്ട പോവാത്തതും, മണ്ടരി പിടിക്കാത്തതുമായ  ലക്ഷണം തികഞ്ഞ തെങ്ങുകളൊക്കെ ആഴ്ചയില്‍ ഒന്നും രണ്ടും തവണ പ്രകശേട്ടന്റെ പാദസ്പര്‍ശത്തില്‍ സായൂജ്യമടയുകയും ഇന്‍ റിട്ടേണ്‍ നല്ല അസ്സല്‍ തെങ്ങിന്‍ കള്ള് ഗിഫ്റ്റ് ആയി കൊടുക്കുകയും ചെയ്തിരുന്നു.

തെങ്ങിന്‍ മുകളില്‍ ഇരുന്നു താന്‍ കണ്ടിട്ടുള്ള (അതോ കാണണം എന്ന് ആഗ്രഹിച്ചതോ? ) ഭീകര ദൃശ്യങ്ങൾ  കാ‍ന്താരി മുളകിന്റെ എരിവോടെ വിസ്തരിച്ചു പറഞ്ഞു കൊടുത്തിരുന്ന  പ്രകാശേട്ടനെ നാട്ടിലെ ചെത്ത് പയ്യന്മാർ  ഒരു താരമായി കണ്ടു പോന്നു. ഈ കഥകളില്‍ നിന്നുള്ള പ്രചോദനം കൊണ്ടോ എന്തോ അന്നൊക്കെ പല പയ്യന്മാരുടെയും ആദ്യന്തിക ലക്‌ഷ്യം പത്തു കഴിഞ്ഞാല്‍ പ്രകാശേട്ടനെ  പോലെ പേരെടുത്ത ഒരു കള്ള് ചെത്തുകാരനായി തീരണം എന്ന് മാത്രമായിരുന്നു. അങ്ങനെ പത്തില്‍ എട്ടു വീടുകളിലും ഓല മറച്ച കുളിപ്പുരകള്‍ മാത്രം ഉണ്ടായിരുന്ന അക്കാലത്ത്  പലരും (എസ്പെഷലി ഗേള്‍സ്‌ ) കുളിക്കുന്നതിനു മുന്‍പ് മുകളിലേക്ക് ഒരു നിമിഷം നോക്കിയിരുന്നത് പ്രാർത്ഥിക്കാൻ  മാത്രമായിരുന്നില്ല സമീപത്തു ഏതെങ്കിലും തെങ്ങിന്  മുകളില്‍ ഇരിക്കുന്ന  'അവൻ' ഒന്നും കാണുന്നില്ല എന്ന് ഉറപ്പിക്കുവാൻ കൂടി ആയിരുന്നു. 


പത്താം ക്ലാസ്സില്‍ കിട്ടിയ ഇരുനൂറ്റി സംതിംഗ് മാര്‍ക്കും കൊണ്ട് 'നവ് വാട്ട് ടു ഡൂ' എന്ന് പറഞ്ഞു തെക്ക് വടക്ക് നടന്നിരുന്ന പയ്യന്മാരെയും, അപ്പന്‍ പശുവിനെ വിറ്റ് കൊടുത്ത കാശ് വിസ ഏജന്റിനു കൊടുത്തു ഗള്‍ഫ്‌ സ്വപ്‌നങ്ങള്‍ നെയ്തു നടന്നിരുന്ന യുവ ജനങ്ങളെയും കൊണ്ട് സമൃദ്ധമായിരുന്നു എരുവ ഗ്രാമം അക്കാലത്ത്. അത് കൊണ്ട് തന്നെ ലോക്കല്‍ ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബ്ബുകളുടെ ഒരു നിര തന്നെ ഉണ്ടായിരുന്നു നാട്ടില്‍. മീനമാസം തുടങ്ങിയാല്‍ പിന്നെ ഓരോ ക്ലബ്ബുകളും തങ്ങളുടെ വാര്‍ഷികാഘോഷം തുടങ്ങുകയായി. പരിപാടിയില്‍ മാത്രമല്ല പിരിവിലും ക്ലബ്ബുകള്‍ തമ്മില്‍ വാശിയേറിയ മത്സരം നടന്നിരുന്നതിനാല്‍ തരക്കേടില്ലാത്ത ഒരു തുക നാട്ടുകാര്‍ക്ക് വര്‍ഷാ വര്‍ഷം ഇതിലെക്കായുള്ള പിരിവിനത്തില്‍ നഷ്ടം വന്നിരുന്നു.


എങ്കിലും ചെറുപ്പത്തിന്റെ കഴിവുകളെ മാക്സിമം പ്രോത്സാഹിപ്പിക്കുകയും തങ്ങളുടെ വീടിന്റെ ഓടിനു രാത്രിയില്‍ കല്ലേറ് വരരുത് എന്ന് ആഗ്രഹിക്കുകയും ചെയ്തിരുന്ന നല്ലവരായ നാട്ടുകാര്‍ ക്ലബ്ബുകള്‍ക്ക് വര്‍ക്കിംഗ്‌ ക്യാപ്പിറ്റല്‍ നല്‍കി അവയുടെ വംശനാശം വരാതെ സംരക്ഷിച്ചു പോന്നു. ക്ലബ്ബുകളില്‍ ഏറ്റവും പേര് കേട്ടത് 'അജന്ത' ക്ലബ്ബായിരുന്നു. പ്ലാസ്റ്റിക് പൂ പാത്രവും സര്‍ട്ടിഫിക്കറ്റും സമ്മാനമായി കൊടുത്തിരുന്ന മത്സരങ്ങള്‍ കൂടാതെ കായംകുളത്തോ മാവേലിക്കരയിലോ ഉള്ള ഏതെങ്കിലും ഡൂക്കിലി ട്രൂപ്പിന്റെ ഓരോ നാടകവും അവരുടെ വകയായി എല്ലാ വര്‍ഷവും ഉണ്ടായിരുന്നു.


അങ്ങനെ അജന്തയുടെ  പതിവ് വാര്‍ഷികാഘോഷ സമയമായ ഒരു വേനല്‍ക്കാലത്താണ് എരുവയില്‍ ചെറിയ തോതില്‍ റിസിഷന്‍ വരുന്നതും പിരിവു തുകയില്‍ സാരമായ ഇടിവ് സംഭവിക്കുന്നതും. മത്സരങ്ങള്‍ക്ക് പുറമേ നാടകം കൂടി നടത്താന്‍ പിരിവു തുക തികയില്ലെന്ന് മനസ്സിലാക്കിയ സംഘാടകര്‍ ഇത്തവണ പുതുമയായി സ്വന്തം മെമ്പര്‍മാരില്‍ തന്നെ ഉള്ള കലാകാരന്മാര്‍ അവതരിപ്പിക്കുന്ന ഒരു ബാലെ മതിയെന്ന് തീരുമാനമെടുത്തു. 
അങ്ങനെ ഏതാനം ദിവസങ്ങള്‍ കൊണ്ട് തന്നെ സാക്ഷാല്‍ ഗണപതിയെ കേന്ദ്ര കഥാപാത്രമാക്കിയുള്ള ഒരു പുണ്യ പുരാണ ബാലെയുടെ  സ്ക്രിപ്റ്റ് തയ്യാറായി. 
ഒരാഴ്ചയോളം നീണ്ട പരിശീലനത്തിനും നോട്ടീസ് അടിച്ചുള്ള പബ്ലിസിറ്റിക്കും ശേഷം ബാലെ അരങ്ങേറേണ്ട ദിവസമായി. ലോക്കല്‍ പിള്ളേരുടെ പരിപാടിയായത് കൊണ്ടോ, വിഷയം പുരാണമായത് കൊണ്ടോ എന്തോ, സ്ഥിരമായി ഉണ്ടാവാറുള്ള ജോബ്‌ ലെസ്സ് യൂത്തിനെ കൂടാതെ മുതിര്‍ന്നവരും സ്ത്രീകളും എല്ലാം ബാലെ കാണാന്‍ എത്തിച്ചേര്‍ന്നിരുന്നു.


ഒടുവില്‍ ബാലേയ്ക്ക് സമയമായി. തിരശ്ശീല എന്ന് വിളിച്ചിരുന്ന ഡബിള്‍ മുണ്ട് കൂട്ടി തയ്ച്ച തുണി മെല്ലെ ഉയര്‍ന്നു. ഓല കൊണ്ട് മറച്ച സ്റ്റേജില്‍ പെട്രോള്‍ മാക്സ് ലൈറ്റുകള്‍ തെളിഞ്ഞു.
 വന്ദന ഗാനവും, കഥാപാത്രങ്ങളുടെ ഇന്ട്രോടക്ഷനും കഴിഞ്ഞു. സ്റ്റേജ് കെട്ടിയിരുന്ന പറമ്പിനു പുറത്തു റോഡില്‍ പരിപാടി എങ്ങനെ പൊളിക്കാം എന്ന് റിസര്‍ച്ച് ചെയ്തു കൊണ്ട് ബദ്ധ ശത്രുക്കളായ കൈരളി ക്ലബ്ബുകാര്‍ കൂടി നില്‍ക്കുന്നു. സ്റ്റേജില്‍ ഗണപതിയും പരമശിവനുമായുള്ള എന്കൌന്ടര്‍ രംഗം ആവാറായി. പാര്‍വതി കുളിക്കുവാന്‍ കയറുമ്പോള്‍ സെക്യൂരിറ്റി ഇന്‍ ചാര്‍ജ് ആയി ഗണപതിയെ നിര്‍ത്തുന്നതും , ആ ടൈമില്‍ തന്നെ ശിവന്‍ വൈഫിനെ  അന്വേഷിച്ചു വരുന്നതും, ഗേറ്റില്‍ എത്തുമ്പോള്‍ ഗണപതി ഗ്രീന്‍ പാസ് ചോദിക്കുന്നതുമാണ് രംഗം. റേഷന്‍ കാര്‍ഡും ഐഡന്റിറ്റി കാര്‍ഡും കാണിച്ചിട്ട് പോലും 'നഹി.. നഹി... പ്ലീസ് വെയിറ്റ് ഫോര്‍ സം ടൈം ' എന്ന് പറഞ്ഞു തലയാട്ടി നില്‍ക്കുന്ന ഗണപതിയെ കണ്ടു ശിവേട്ടൻ കലിപ്പാവുന്നു. ത്രിശൂലമെടുത്തു യുദ്ധം തുടങ്ങുന്നു. ഗണപതിയും വിട്ടു കൊടുക്കുന്നില്ല. കയ്യിലിരിക്കുന്ന കറി കത്തി വെച്ച് അണ്ണാന്‍ കുഞ്ഞും തന്നാലായത് എന്ന പോലെ തിരികെ ഫൈറ്റ്‌ ചെയ്യുന്നു. സ്റ്റേജില്‍ ആകെ ബഹളം. കാണികള്‍ ശ്വാസമടക്കി ഇരിക്കുന്നു.

ഈ സമയത്താണ് പറമ്പിനു മുന്‍പിലുള്ള റോഡിലൂടെ പതിവ് ക്വോട്ട കഴിഞ്ഞു ഫുള്‍ ഫോമില്‍ പ്രകാശേട്ടന്‍ ആടി ആടി നടന്നു വരുന്നതും ബഹളം കേട്ട് സംഭവം എന്താണെന്ന് വഴിയില്‍ നിന്ന 'കൈരളി'ക്കാരോട് തിരക്കുന്നതും. അങ്ങനെയാണ് അവിടെ ഏതോ അച്ഛനും മകനും തമ്മില്‍ പൊരിഞ്ഞ അടി നടക്കുകയാണെന്നും അച്ഛന്‍ മോനെ കൊല്ലാന്‍ നോക്കുന്നെന്നും മകന്‍ അച്ഛനെ കുത്താന്‍ നോക്കുന്നെന്നും പ്രകാശേട്ടന്‍ മനസ്സിലാക്കുന്നത്. 
കള്ള് മൂത്ത് തണുത്തിരുന്ന പ്രകശേട്ടന്റെ ചോര നൂറ്റൊന്നു ഡിഗ്രിയില്‍ വെട്ടി തിളച്ചു. തന്‍റെ നാട്ടില്‍ ഒരു അച്ഛനും മോനും തമ്മില്‍ തല്ലി ചാകാനോ.. ഇമ്പോസ്സിബിള്‍! .. സമ്മതിക്കില്ല!

ഒരു നിമിഷം!...പാമ്പായിരുന്ന പ്രകാശേട്ടനൊരു പുലിയെ പോലെ സ്റ്റെജിലേക്ക് കുതിച്ചു . 

'ഏതവനാടാ ഇത്തിരിയില്ലാത്ത ചെക്കനെ കമ്പി പാര കൊണ്ട് കൊല്ലാന്‍ നോക്കുന്നെ...പിള്ളേരെ തല്ലുന്നെ ഒക്കെ അങ്ങ് വീട്ടില്.. കമ്പിപാര താഴെയിടെടാ ..!!!'

മൈക്കിലൂടെ .സ്ക്രിപ്റ്റിലില്ലാത്ത ഡൈലോഗ് കേട്ട് സംവിധായകന്‍ കുഞ്ഞുമോനും, പരമശിവനും , ഗണപതിയും കാണികളും എല്ലാം ഞെട്ടി തരിച്ചു നോക്കി. കള്ള് ചെത്തുന്ന കത്തിയും ചുവന്ന കണ്ണുമായി സ്റ്റേജില്‍ പ്രകാശേട്ടന്‍ . മുഖത്ത് എന്തിനും തയ്യാറായ ഭാവം.

'ഇടെടാ...%&&*%$$ പാര താഴെ' പ്രകശേട്ടന്‍ വീണ്ടും അലറി.

പേടിച്ചു വിറച്ച ശിവന്റെ കയ്യില്‍ നിന്ന് ശൂലം  താനേ താഴെ വീണു.

പ്രകശേട്ടന്‍ ഗണപതിയുടെ നേരെ തിരിഞ്ഞു.

'അച്ഛന്‍റെ നെഞ്ചത്ത് തന്നെ കേറി പഞ്ചാരി കൊട്ടാന്‍ ഏതു പള്ളിക്കൂടതിലാടാ നിന്നെ പഠിപ്പിച്ചേ....!!'

ഗണപതിയായി വേഷമിട്ട ചായക്കടക്കാരന്‍ ശ്രീനിയെട്ടന്റെ മോന്‍ ഷിബു കറിക്കത്തി താഴെയിട്ടു സ്റ്റേജിന്റെ  മൂലയ്ക്ക് ചുരുണ്ട് കൂടി നിന്ന് വിറച്ചു.

ചെക്കനേം വിളിച്ചോണ്ട് വീട്ടില്‍ പോയിനെടാ .....പോടാ...!

അര നിമിഷം ..... ഗണപതിയും പരമശിവനും നിന്ന സ്ഥലം കാലി.

അരയില്‍ കള്ള് കുടവും കയ്യില്‍ കത്തിയുമായി കൈലിയും ബനിയനുമിട്ട് വേദിയില്‍ നിന്ന് ഡൈലോഗ് വിടുന്ന കഥാപാത്രം ഏതു പുരാണത്തിലെ എന്ന ചിന്തയില്‍ സദസിലിരുന്ന എല്ടര്‍ സിറ്റിസണ്‍സ് തല ചൊറിഞ്ഞു.

ക്ളൈമാക്സിലെ അപ്രതീക്ഷിത ട്വിസ്റ്റ് കണ്ട് കാണികൾ ആദ്യം ഒന്ന് പകച്ചെങ്കിലും  ഏതാനും   നിമിഷത്തെ നിശബ്ദത  അവസാനിച്ചത്‌ സദസ്സില്‍ നിന്നു മിനിട്ടുകളോളം നീണ്ടു നിന്ന കൂട്ട കയ്യടിയിലായിരുന്നു. താന്‍ ഒരു വന്‍ ദുരന്തം ഒഴിവാക്കിയതിനു നാട്ടുകാര്‍ കയ്യടിക്കുന്നതില്‍ അഭിമാനിച്ചു പ്രകാശേട്ടന്‍ സ്റ്റേജിൽ  ഇത്തിരി കൂടെ നടുവിലേക്ക് നീങ്ങി നെഞ്ചും വിരിച്ചു നിന്നു. കര്‍ട്ടന്‍ ഡബിള്‍ മുണ്ട് ആരോ വലിച്ചു താഴ്ത്തിയിടുന്നതു വരെ.


കള്ള് ചെത്തുന്ന കത്തി കാട്ടി പുരാണം തിരുത്തി എഴുതിയ പ്രകാശേട്ടന്റെ വീര ചരിത്രം പുതിയതായി കടയില്‍ വരുന്നവരോട് പഴംപൊരിക്ക് സൈഡ് ആയി ചായക്കട ശ്രീനിയേട്ടന്‍ ഇപ്പോഴും മസാല ചേര്‍ത്ത് പറഞ്ഞു കൊണ്ടേ ഇരിക്കുന്നു .

Monday, May 17, 2010

ആനന്ദവല്ലിയുടെ ആദ്യപ്രണയം




ചിറക്കല്‍ തെക്കതിലെ ചന്ദ്രന്‍ പിള്ള ആന്‍ഡ്‌ ഭാരതിയമ്മ കമ്പനിയുടെ ഫാക്ടറി യൂണിറ്റിലെ മൂന്നാമത്തെയും അവസാനത്തെയും പ്രൊഡക്ഷന്‍ ആയിരുന്നു വല്ലി എന്ന് വിളിപ്പേരുള്ള ആനന്ദവല്ലി. ഇനിയൊരു പ്രോഡക്റ്റ് കൂടി ഈ പൈപ്പ് ലൈനില്‍ നിന്ന് ഉണ്ടാവില്ല എന്നറിയാവുന്നതു കൊണ്ടോ , മൂത്തത് രണ്ടും ആണായി പോയത് കൊണ്ടോ എന്തോ ഒരു എക്സ്ട്രാ കെയര്‍ ആന്‍ഡ്‌ ഷെയര്‍ ആനന്ദവല്ലിക്ക് എന്നും വീട്ടില്‍ നിന്ന് കിട്ടിയിരുന്നു. പക്ഷെ നാട്ടില്‍ തല്ലും പിടിയും ശീലമാക്കിയതിനു പിതാശ്രീ പട്ടാളത്തിലേക്ക് കെട്ടുകെട്ടിച്ച രണ്ടു ഏട്ടന്മാരെക്കാള്‍ ഏറെ ആനന്ദവല്ലി നാട്ടില്‍ ഫേമസ് ആയെങ്കില്‍ അതിനു കാരണം അഞ്ചടി മൂന്നിഞ്ച് ഉയരം, ഇരുനിറം , ഉണ്ട കണ്ണുകള്‍, മീഡിയം ലെന്ഗ്ത് കേശഭാരം എന്നിങ്ങനെയുള്ള അവളുടെ വൈറ്റല്‍ സ്റ്റാറ്റിസ്റ്റിക്സ്‌ ആയിരുന്നില്ല. മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് പോലെ ഒന്നിന് പിറകെ ഒന്നായി നീണ്ട അവളുടെ പ്രേമങ്ങള്‍ ആയിരുന്നു അതിന്‍റെ റീസണ്‍. ഏട്ടന്മാരുടെയും അച്ഛന്റെയും പിന്തിരിപ്പന്‍ നയങ്ങള്‍ കാരണം ഇടയ്ക്കിടക്ക് ഓരോ ലൈന്‍ പോളിയുമ്പോഴും വാശിയോടെ അവള്‍ അടുത്ത ലൈന്‍ കെട്ടി കൊണ്ടിരുന്നു. ജനിച്ചത്‌ നായര്‍ തറവാട്ടിലാനെങ്കിലും മുട്ടുവിന്‍ തുറക്കപ്പെടും എന്ന നസ്രാണികളുടെ ദൈവ വചനത്തില്‍ ഉള്ള വിശ്വാസം കൊണ്ടാവാം കണ്ടിന്യൂസ് ആയി മുട്ടി കൊണ്ടിരുന്ന ആനന്ദ വല്ലിയുടെ ശ്രമങ്ങള്‍ ഒടുവില്‍ സക്സസ് ആയതു മൂന്നാമത്തെ ചാൻസിലാണ്.

 
യു പി സ്കൂളിലേക്ക് കേറിയ നാള് തൊട്ടേ പഞ്ചാരയില്‍ അസാമാന്യ പാടവം കാട്ടിയിരുന്ന വല്ലിയുടെ പുറത്തറിഞ്ഞ ആദ്യ പ്രേമം ഉടലെടുക്കുന്നത് പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്. തനിക്കു ഒരു കൊല്ലം മുന്‍പ് തന്നെ പത്തിലെത്തി പിന്‍ ബെഞ്ചില്‍ സ്ഥാനം പിടിച്ചിരുന്ന സ്വര്‍ണപ്പണിക്കാരന്‍ വിജയേട്ടന്റെ മോന്‍ ശിവ കുമാര്‍ നല്‍കിയ ആപ്ലിക്കേഷന്‍ തള്ളിക്കളയാനും മാത്രം കരുത്തൊന്നും പാവം വല്ലിയുടെ ലോല മനസ്സിന് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഒരു കൊല്ലം രാമപുരം ഹൈ സ്കൂളില്‍ ചന്ദ്രികയും രമണനുമായി നടന്ന ഇരുവരുടെയും ഇടയില്‍ വില്ലനായെത്തിയത് എസ് എസ് എല്‍ സി പരീക്ഷയായിരുന്നു. ഇരുനൂറ്റി പത്ത് എന്ന മാന്ത്രിക സംഖ്യയുടെ അടുത്തെങ്ങും എത്താതെ ഇരുവരും ഫിനിഷിംഗ് പൊയന്റില്‍ കാലിടറി വീണതോടെ സംഗതി കേറി അങ്ങ് സീരിയസ് ആയി. ഡോക്ടര്‍ പ്രതീക്ഷയില്‍ വെള്ളമൊഴിച്ച് വളമിട്ടു വളര്‍ത്തി കൊണ്ട് വന്ന വല്ലി എന്ന വല്ലരിയുടെ പെട്ടെന്നുള്ള മണ്ട വാട്ടത്തിന് കാരണം തേടിയിറങ്ങിയ സഖാവ് ചന്ദ്രേട്ടന്‍ പ്രേമം കയ്യോടെ പിടികൂടി. അന്ന് തന്നെ വിജയേട്ടന്റെ കല്ലുമൂട്ടിലുള്ള സ്വര്‍ണ്ണ കടയില്‍ കേറി പെട്ടിയും ത്രാസ്സും ഒക്കെ തട്ടി മറിച്ചിടുകയും മകനെ പെട്ടിയിലാക്കും എന്ന് ഭീഷണി പെടുത്തുകയും കൂടി ചെയ്തതോടെ വിജയേട്ടന്‍ ആകെ വിരണ്ടു. അന്ന് തന്നെ ജൂനിയര്‍ റോമിയോയെ ചാരുംമൂട്ടിലുള്ള അനിയന്റെ അടുത്ത് സ്വര്‍ണ്ണ പണി പഠിക്കാന്‍ എന്ന പേരില്‍ നാട് കടത്തിയതോടെ ആനന്ദ വല്ലിയുടെ കടിഞ്ഞൂല്‍ പ്രേമം കരച്ചിലില്‍ പര്യവസാനിച്ചു.

പക്ഷെ കരിഞ്ഞു പോയ ഒന്നാം പ്രേമത്തിന്റെ ഒന്നാം വാര്‍ഷികം എത്തുന്നതിനു മുന്‍പ് തന്നെ, പാരലെല്‍ കോളേജില്‍ തന്നെ ചരിത്രം പഠിപ്പിച്ചിരുന്ന സജീവ്‌ മാഷിനു ലവ് ലെറ്റര്‍ കൊടുത്തു വല്ലി ചരിത്രം തിരുത്തി കുറിച്ചു. മകളുടെ പത്തിലെ മൂക്കും കുത്തിയുള്ള ആദ്യ വീഴ്ചയില്‍ മനസ്സ് തകര്‍ന്നു പോയെങ്കിലും പാരലെല്‍ കോളേജില്‍ പോവാന്‍ കാട്ടുന്ന ശുഷ്കാന്തി കണ്ടതോടെ ചന്ദ്രേട്ടന്റെ ഡോക്ടര്‍ പ്രതീക്ഷകള്‍ക്ക് വീണ്ടും ചിറകു മുളച്ചു. എന്നാല്‍ നാലഞ്ചു മാസങ്ങള്‍ക്കുള്ളില്‍ തന്നെ പുതിയ പ്രേമം നാട്ടില്‍ പാട്ടാവുകയും, അങ്ങനെ നാടന്‍ പാട്ടില്‍ നിന്ന് ഓണത്തിന് ലീവിനെത്തിയ ആങ്ങളമാര്‍ വിവരമറിയുകയും കൂടി ചെയ്തതോടെ വീണ്ടും ഒരു സീരിയസ് രംഗത്തിനു കൂടി കളമൊരുങ്ങി. വൈകിട്ട് കോളേജ് വിട്ടു ബസ് സ്റ്റോപ്പിലേക്ക് നടന്നു പോയ സജീവ്‌ മാഷിനെ വല്ലിയുടെ ഏട്ടന്മാര്‍ തൂക്കിയെടുത്തു കനാലിന്‍റെ പിറകില്‍ കുനിച്ചു നിര്‍ത്തി കുമ്മിയടിക്കുകയും തത്ഫലമായി രാജികത്ത് പോലും നല്‍കാതെ മാഷ്‌ പണി ഉപേക്ഷിച്ചു രാമപുരം വിടുകയും ചെയ്തതോടെ വല്ലിയുടെ രണ്ടാമങ്കവും പാതി വഴിയില്‍ കൊടിയിറങ്ങി.

രണ്ടു തവണ താന്‍ കഷ്ട പെട്ട് കെട്ടിയ ലൈന്‍ പൊട്ടിച്ച അച്ഛനെയും ഏട്ടന്മാരെയും ഒരു പാഠം പഠിപ്പിക്കണം എന്ന ചിന്ത കൊണ്ടാണോ എന്തോ, വല്ലി അടുത്ത അപ്ലി കൊടുത്തത് തന്റേടിയും അത്യാവശ്യം തല്ലു കൊള്ളിയും, ഒരു ലോക്കല്‍ ഗുണ്ടയുമൊക്കെയായി രാമപുരത്തു വിലസിയിരുന്ന ഗോവിന്ദന്‍ കുട്ടിക്കായിരുന്നു. ഗാന്ധിജിയുടെ സമ്പൂര്‍ണ്ണ സ്വയം പര്യാപ്ത ഗ്രാമം എന്ന സ്വപ്നം ജീവിത ലക്‌ഷ്യം ആക്കിയവനായിരുന്നു ഗോവിന്ദന്‍ കുട്ടി. ദാഹം തോന്നിയാല്‍ സ്വന്തമായി തന്നെ നെല്ല് വാറ്റി കുടിക്കുകയും , വിശപ്പ്‌ തോന്നിയാല്‍ സ്വയം തന്നെ അടുത്തുള്ള പറമ്പില്‍ കയറി കപ്പ പറിച്ചു പുഴുങ്ങുകയും ചെയ്തിരുന്ന ഗോവിന്ദന്‍ കുട്ടിക്ക് മാത്രമേ തനിക്കൊരു കുട്ടിയെ തരാന്‍ കഴിയൂ എന്ന് വല്ലി ചിന്തിച്ചു പോയതില്‍ നോ വണ്ടര്‍.

ഹവ്വെവര്‍ കയ്യിലിരിപ്പ് കന്നത്തരമാണെങ്കിലും നാട്ടിലെ പേര് കേട്ട തറവാടിലെ ഇളയ സന്താനവും രണ്ടു ബാക്ക് എഞ്ചിന്‍ ബജാജ് ഓട്ടോ റിക്ഷകള്‍ക്ക് ഉടമയുമായിരുന്നു ഗോവിന്ദന്‍ കുട്ടി. നേരിട്ട് ഗോവിന്ദന്‍ കുട്ടിയോട് മുട്ടിയാല്‍ കൊടുക്കുന്നതിനേക്കാള്‍ കൂടുതല്‍ കിട്ടും എന്ന് ഉറപ്പുള്ളത് കൊണ്ട് ഒരു ഫേസ് ടൂ ഫേസ് എന്കൌന്ടറിനു ചന്ദ്രേട്ടന്‍ ആണ്ട് സണ്‍സ് തയ്യാറായിരുന്നില്ല. പക്ഷെ ഓട്ടോ മുതലാളിയാണെങ്കിലും ഒരു തെമ്മാടിക്കു മകളെ കെട്ടിച്ചു കൊടുത്തു അവളുടെ ജീവിതം സ്ലം ഡോഗ് നക്കിയ വാഴയിലയാക്കാന്‍ അവര്‍ ഒരുക്കമായിരുന്നില്ല.

ഗോവിന്ദന്‍ കുട്ടി വല്ലിക്ക് കത്ത് കൊടുക്കാന്‍ അതി രാവിലെ എരുത്തിലിനു തെക്ക് വശത്തുള്ള കുളിമുറിയുടെ പിന്നില്‍ സ്ഥിരമായി പാത്തും പതുങ്ങിയും കാത്തിരിക്കാറുണ്ട് എന്ന കണ്ടെത്തല്‍ നടത്തിയത് ചന്ദ്രേട്ടന്റെ മൂത്ത മോനും പട്ടാളത്തില്‍ കമാണ്ടോയും ആയ സന്തോഷാണ് . കാശ്മീരില്‍ നുഴഞ്ഞു കയറ്റകാരെ പിടിക്കാന്‍ കെണി വെക്കുന്നത് കണ്ടു (കണ്ടു മാത്രം) ശീലമുള്ള കമാണ്ടോയുടെ പട്ടാള ബുദ്ധി ഉണര്‍ന്നു. നീളന്‍ തടി പലകയില്‍ നിറയെ വരാല് ചൂണ്ട തറച്ചു വെച്ച് കുളി മുറിയുടെ പിറകിലെ ജനലിനു താഴെ അത് കൊണ്ട് പ്രതിഷ്ടിച്ചു അവന്‍ കെണിയൊരുക്കി. രണ്ടിന്‍റെ അന്ന് തന്നെ ഗോവിന്ദന്‍ കുട്ടി കൃത്യമായി കെണിയില്‍ വന്നു ചാടി. കുത്തി കയറിയ ചൂണ്ട കൊളുത്തുകള്‍ കൊണ്ട് അടി മുടി കീറി ,കാറ്റ് പിടിച്ച ബലൂണ്‍ പോലെ, നീര് കൊണ്ട് വീര്‍ത്ത കാലുമായി ഒരു മാസത്തോളം ബെഡ്ഡില്‍ കിടന്നു റെസ്റ്റ് എടുക്കാനായിരുന്നു പാവത്തിന് യോഗം. പക്ഷെ ഈ കൊടും ക്രൂരതയ്ക്ക് ഗോവിന്ദന്‍ കുട്ടി പകരം വീട്ടിയത് രണ്ടു കാലും നിലത്തു കുത്തി നില്‍ക്കാറായതിന്റെ അഞ്ചാം ദിവസം തന്നെ ആനന്ദ വല്ലിയെ അടിച്ചോണ്ട് പോയി രജിസ്റ്റര്‍ മാര്യേജ് ചെയ്ത് കൊണ്ടായിരുന്നു.

സംഗതി തലയില്‍ വെച്ചാല്‍ എലി പിടിച്ചാലോ താഴെ വെച്ചാല്‍ പുലി പിടിച്ചാലോ എന്നൊക്കെ കരുതിയാണ് വളര്‍ത്തി കൊണ്ട് വന്നതെങ്കിലും, നട്ട പാതിരായ്ക്ക് എട്ടിന്റെ പണി കൊടുത്തു വീട്ടില്‍ നിന്ന് ചാടി പോയ മോളെ തിരിച്ചു വിളിക്കാനുള്ള മനസ്സൊന്നും ചന്ദ്രേട്ടനില്ലായിരുന്നു. കുങ്കുമപ്പൂവിട്ട പശൂം പാല് പോലെ തങ്കപ്പെട്ട സ്വഭാവമായത് കൊണ്ടാവാം, കെട്ടി വര്‍ഷം ഒന്ന് തികയുന്നതിനകം ഗോവിന്ദന്‍ കുട്ടിയുടെ തറവാട്ടില്‍ നിന്നും കൂടി എക്സിറ്റ് വിസ അടിച്ചതോടെ വല്ലിയും ഗോവിന്ദന്‍ കുട്ടിയും ഇപ്പൊ താമസം കല്ലുംമൂടിലുള്ള ഒരു കൊച്ചു വാടക വീട്ടില്‍.
ജാതകത്തില്‍, കലിപ്പ് കേറി തിരിഞ്ഞു നില്‍ക്കുന്ന കേതുവിന്റെ അപഹാരം കൊണ്ടാവാം, രാമപുരം സ്റ്റാന്റ്റില്‍ കിടന്നു ഓടിക്കൊണ്ടിരുന്ന ബജാജിന്‍റെ രണ്ടു സോളിഡ് അസ്സെറ്റ്സ് ഉണ്ടായിരുന്ന ഗോവിന്ദന്‍ കുട്ടിയുടെ ഇപ്പോഴത്തെ ആകെയുള്ള സമ്പാദ്യം ആനന്ദ വല്ലിയുടെ ഒക്കത്തിരിക്കുന്ന രണ്ടു ഫ്ലോട്ടിംഗ് അസ്സെറ്റ്സ് മാത്രം.... അച്ചുവും, അപ്പുവും. .
വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ!

ചിത്രം വരച്ചത്: കുക്കു

Sunday, April 25, 2010

അമ്പല മണി

ധൈര്യം എന്നൊക്കെ പറയുന്നത് പാരംബര്യായി കിട്ടണേ കാര്യാട്ടോ. കണക്കെടുത്ത് നോക്കി കഴിഞ്ഞാ എന്റെ തറവാട്ടില്‍ കമ്പ്ലീറ്റ്‌ ധൈര്യശാലികലായിരുന്നു. കള്ളിയങ്കാട്ടു സരസ്വതിയെ പുഷ്പം പോലെ പൊളിച്ചടുക്കിയ മോഹനന്‍ കൊച്ചച്ചനായിരുന്നു ഏറ്റോം പേര് കേട്ട പുലി. അര്‍ദ്ധരാത്രി വിജനമായ പടിഞ്ഞാറെ പറമ്പില്‍ ഒറ്റയ്ക്ക് പോയി കപ്പേടെ മൂട് മാന്തിയ തൊരപ്പനെ കെണി വെച്ച് പിടിച്ച വകയില്‍ ഒരു ധൈര്യ ശാലി പട്ടം ഉണ്ണി കൊച്ചച്ചനും കിട്ടീട്ടൊണ്ട്‌. എന്റെ അച്ഛനാണേ കുട്ടികാലത്ത് ഹരിപ്പാട്‌ പോയി സിനിമ കണ്ടു രാത്രി ഒറ്റയ്ക്ക് കാഞ്ഞൂര് പാടം ഒക്കെ മുറിച്ചു കടന്നു വീട്ടിലെത്തിയ ചരിത്രം ഉണ്ട്. പകല് പോലും ഒറ്റയ്ക്ക് കാഞ്ഞൂര്‍ പാടത്ത് ഇറങ്ങി നടക്കാന്‍ ആരും റിസ്ക്‌ എടുക്കാറില്യ . അപ്പൊ മനസിലായില്യെ തറവാട്ടിലുള്ള പുലികള്‍ടെ ഒക്കെ ധൈര്യം.പക്ഷെ പറഞ്ഞു വരുമ്പോ ഇവരെക്കാള്‍ ഒക്കെ പുലി കണ്ണനാ. സംശയോണ്ടേ ...ദെ നോക്കിയേ

തറവാട്ടു പറമ്പിന്റെ തെക്കേ കോണിലാണ് ഞങ്ങടെ കുടുംബ ക്ഷേത്രം. മൂന്നു
ചുറ്റും പാടം ആയതോണ്ട് ആള്‍പെരുമാറ്റം തീരെ കുറവ്. വിളക്ക് കത്തിച്ചു സന്ധ്യാനാമം ചൊല്ലാന്‍ ചെല്ലുന്ന അച്ചമ്മേടെ ശല്യം ഇഗ്നോര്‍ ചെയ്‌താല്‍ ബാക്കിയൊക്കെ സ്വസ്ഥം. അത് കൊണ്ട് ഭദ്രകാളിയും, ഗണപതിയും മറ്റു ജൂനിയര്‍ ചാത്തന്‍സും ഒക്കെ അവിടെ മതില്കെട്ടിനകത്തു 'മുക്കാലാ' പാട്ടും പാടി അടിച്ചു പൊളിച്ചു ജീവിച്ചു പോന്നു. ഇലഞ്ഞി, പാല, മരുത് ,അശോകം തുടങ്ങി യക്ഷിയും ചാത്തനും ഒക്കെ ഫ്ലാറ്റും വില്ലയും പണിയാന്‍ ഉപയോഗിക്കുന്ന ഒരുമാതിരിപെട്ട എല്ലാ മരങ്ങളും മതില്കെട്ടിനകത്തു ഉണ്ടായിരുന്നു. പോരാത്തേന് മതിലിന്റെ തൊട്ടു പടിഞ്ഞാറ് മാറി നാഗക്കാവും കുളവും കുളത്തിന് ചുറ്റും വേലി പോലെ കൈതക്കാടും. വെര്‍തെ മനുഷ്യനെ പേടിപ്പിക്കാനായി അമ്മൂമ്മമാര് ഓരോ കഥകളും കൂടെ പറഞ്ഞു നടന്നത് കൊണ്ട് സമീപത്തെങ്ങും ഒള്ള ഒറ്റ കുഞ്ഞും മണി ആറ് കഴിഞ്ഞാല്‍ ആ പരിസരത്തോട്ട്‌ അടുത്തിരുന്നില്ല.

മാസപ്പൂജ ഒള്ള മകയിരത്തിന് , പായസവും അവിലും മലരും കിട്ടും എന്ന ഒറ്റ കാരണം കൊണ്ട് , ആ ദിവസം അമ്പലത്തില്‍ പോവുന്നതൊഴിച്ചാല്‍ എന്‍റെ ഭക്തി അന്നൊക്കെ വളരെ ലിമിറ്റഡ് ആയിരുന്നു. കൂടാതെ അമ്മൂമ്മാര് ആവശ്യത്തിലേറെ കിട്ടുന്ന ഫ്രീ ടൈമില്‍ പടച്ചു വിടുന്ന ഓരോ
കള്ള കഥകളും കൂടി
ഓര്‍മ്മയില്‍ അങ്ങനെ തങ്ങി നിന്നിരുന്നത് കൊണ്ട് വെറുതെ റിസ്ക്‌ എടുക്കണ്ടാന്നു കരുതി തെക്കേ പറമ്പിലെ കളി തന്നെ വല്യവര് ആരേലും ചുറ്റുവെട്ടത് ഒള്ളപ്പോ മാത്രമായിരുന്നു. അങ്ങനെയിരിക്കെയാണ് എന്‍റെ ധൈര്യത്തിന് നേര്‍ക്ക്‌ ഗുരുതരമായ ഒരു വെല്ലുവിളി ഉയര്‍ന്നത്. ഉന്നം തെറ്റാതെ മാവിലെറിഞ്ഞും, കുട്ടിയും കോലും കളിയില്‍ സ്കോര്‍ ചെയ്തും ഒക്കെ അയലോക്കത് നിന്ന് കുറെ ഫാന്‍സിനെ അന്ന് ഞാന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കി എടുത്തിരുന്നു. ഇതൊക്കെ കണ്ടു അസൂയ തോന്നിയ (തോന്നിയാരുന്നോ.. ?ചെലപ്പോ തോന്നി കാണും.. ല്ലേ.. ?...ആ )
മനോജാണ് കള്ളനും പോലീസും കളിക്കിടയില്‍ ആരോപണവുമായി രംഗതെത്തിയത്.
സംഭവം നടക്കുമ്പോള്‍ കാഴ്ചക്കാരായി തയ്യിലെ
രാജേട്ടന്റെ മക്കള്‍ പാറുകുട്ടിയും, ആതിരയും ഉണ്ടായിരുന്നു. അവരൊക്കെ എന്‍റെ ഫാന്‍സ്‌ ലിസ്റ്റില്‍ ഉള്ളവരായത് കൊണ്ട് ധൈര്യം തെളിയിക്കേണ്ടത് എന്‍റെ പ്രസ്ടിജിന്റെ പ്രശ്നമായി തീര്‍ന്നു. അത് കൊണ്ട് തന്നെ എന്ത് പരീക്ഷണവും നേരിടാന്‍ തയ്യാറാണെന്ന് അവിടെ വെച്ച് തന്നെ വിത്തൌട്ട് എനി ഡൌട്ട് ,
മറുപടി നല്‍കി. പരീക്ഷണമായി രാത്രി ഒറ്റയ്ക്ക് പോയി അമ്പലത്തിലെ സേവപന്തലില്‍ കെട്ടിയിരിക്കുന്ന മണി അടിക്കണം എന്ന് ആ ദ്രോഹി പറയും എന്ന് ഞാന്‍ തീരെയും കരുതിയില്ല. സംഭവം കേട്ടതോടെ പകുതി ജീവന്‍ പോയെങ്കിലും പാറുകുട്ടിയും ആതിരയും ഒക്കെ പ്രതീക്ഷയോടെ നോക്കുന്നത് കണ്ടതോടെ എവിടെന്നോ ഒപ്പിച്ചെടുത്ത ധൈര്യത്തില്‍ വെല്ലുവിളി ഏറ്റെടുത്തു.

ലോക്കല്‍ ഗോസ്റ്റുകള്‍ ചന്തയില്‍ മീന്‍ വാങ്ങാന്‍ പോവുന്ന ഭീകര ദിവസമായ വെള്ളിയാഴ്ച തന്നെ പരീക്ഷണ ദിനമായി തിരഞ്ഞെടുത്തു. ഞാന്‍ മണിയടിക്കുന്നുന്ടെന്നു ഉറപ്പു വരുത്താനായി മനോജും, രാജേഷും, ശംഭുവും ചേര്‍ന്ന ഒരു ജഡ്ജിംഗ് പാനല്‍ മതിലിന്റെ പുറത്തു അല്‍പ്പം ദൂരെ വന്നു നിരീക്ഷിക്കും എന്നും തീരുമാനമായി. എന്നെ പോലെ തന്നെ ജഡ്ജിംഗ്പാനലിനും ഇത്തിരി ധൈര്യം കൂടുതല്‍ ഉള്ളത് കൊണ്ട് പരീക്ഷാ സമയം അര്‍ദ്ധ രാത്രി എന്നത് സന്ധ്യക്ക്‌ ഏഴു മണി എന്നാക്കി.

അങ്ങനെ ഒരിക്കലും വരരുതേ എന്ന് ഞാനും എത്രയും വേഗം ആവണേ എന്ന് മനോജും പ്രാര്‍ഥിച്ച വെള്ളിയാഴ്ച ഒടുവില്‍ എത്തി ചേര്‍ന്നു. സന്ധ്യക്ക്‌ നാമം ചൊല്ലല്‍ കഴിഞ്ഞു അച്ഛമ്മ പോയതോടെ എന്‍റെ പരീക്ഷയ്ക്കുള്ള സമയമായി. ജഡ്ജിംഗ് പാനല്‍ അമ്പലത്തിനു കിഴക്കുള്ള മാവിന്‍ചോട്ടില്‍ സ്ഥാനം പിടിച്ചു.
ഞാന്‍ വിറയ്ക്കുന്ന ഫുട് വര്‍ക്കോടെ , മിടിച്ചു പണ്ടാരടങ്ങുന്ന ഹൃദയത്തോടെ അമ്പലത്തിനു നേര്‍ക്ക്‌ നടന്നു.
അപ്പോഴത്തെ നെഞ്ചിടിപ്പിന്റെ താളം പാണ്ടിയാണോ പഞ്ചാരിയാണോ എന്ന് ചിന്തിച്ചു പേടി മറക്കാന്‍ ശ്രമിച്ചു. പക്ഷെ ഇത് രണ്ടും എനിക്ക് വല്യ പിടിയൊന്നും ഇല്ലാത്തത് കൊണ്ടാവാം ചിന്ത വീണ്ടും കറങ്ങി തിരിഞ്ഞു പനമുകളിലെ യക്ഷിയുടെയും , കല്ലെറിയുന്ന ചാത്തന്റെയും ഒക്കെ ഓര്‍മ്മയില്‍ ഫോക്കസ് ചെയ്തു നിന്നു. ചെറിയ നിലാവും പിന്നെ അച്ഛമ്മ കത്തിച്ചു വെച്ചിട്ട് പോയ
വിളക്കിന്റെ മങ്ങിയ വെട്ടവും മാത്രമേ ഉണ്ടായിരുന്നുള്ളൂ അവിടെ.

ഗേറ്റ് തുറന്നപ്പോ ഉള്ള കിര് കിര് ശബ്ദം അന്നോളം ഞാന്‍ കേട്ട ഏറ്റവും ഭീകര ശബ്ദമായിരുന്നു. ഹാര്‍ട്ട്‌ ബീറ്റ് അഞ്ചും ആറും ഒക്കെ കഴിഞ്ഞു അറിയാന്‍ പാടില്ലാത്ത കാലത്തിലേക്ക് കടന്നു.
സേവപന്തലില്‍ അതാ കിടക്കുന്നു എന്‍റെ ടാര്‍ഗെറ്റ് 'മണി'. ഇത്തിരി പൊക്കത്തിലാണ് അത് തൂക്കിയിരിക്കുന്നത്. ചാടിയാലെ കൈ എത്തൂ. അച്ചച്ചന്‍ പണ്ട് ഹരിദ്വാറില്‍ പോയപ്പോ കൊണ്ട് വന്നതാ.
ചാടി മണി
ഒന്ന്
അടിക്കുക. ഒറ്റ ഓട്ടത്തിന് ഗേറ്റ് കടക്കുക. അത്രയും ചെയ്‌താല്‍ ഞാന്‍ ഹീറോ. ഫാന്‍സിന്റെ എണ്ണം കൂട്ടാം. വെല്ലുവിളികളുമായി ഒരു മനോജും ഇനി വരില്ല. അത്രയുമൊക്കെ ഓര്‍ത്തപ്പോ ഇത്തിരി ധൈര്യം ഒക്കെ കിട്ടി. ചെട്ടികുളങ്ങര അമ്മയെയും , ഏവൂര്‍ കൃഷ്ണനെയും, ധൈര്യ ശാലികലായ കൊച്ചച്ചന്മാരെയും ഒക്കെ മനസ്സില്‍ ധ്യാനിച്ച്‌ ഒരുവിധം മണിയുടെ ചുവട്ടിലെത്തി.
സ്വാമിയേ....ശര..!!
....ണിം......
കൈ ഉയര്‍ത്തി ചാടാന്‍ തുടങ്ങിയതും ...മണി അടിച്ചു ശബ്ധമുണ്ടാക്കികൊണ്ട് എന്തോ ചാടി വന്നു എന്‍റെ കയ്യിലിടിച്ചതും ഒന്നിച്ചായിരുന്നു.
അലറിക്കൊണ്ട്‌ അവിടെ തന്നെ വീണത്‌ മാത്രമേ ഓര്‍മ്മയുള്ളൂ. പിന്നെ അച്ഛമ്മയും അപ്പച്ചിമാരും ഒക്കെ കൂടെ വെള്ളം തളിച്ച് ഉണര്‍ത്തുന്നത് വരെ അന്ന് വൈകിട്ട് കണ്ട കിഴക്കന്‍ പത്രോസ് സിനിമയുടെ ഏതൊക്കെയോ സീനുകളായിരുന്നു മനസിലെന്നു തോനുന്നു. അമ്മ ഒരു വശത്തിരുന്ന് കരയുന്നു. എല്ലാവരും പേടിച്ചിട്ടുണ്ട്. എന്താ സംഭവിച്ചത് എന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ഭദ്രകാളി കൊപിച്ചതാണെന്നും എന്നെ വന്നിടിച്ചു പേടിപ്പിച്ചത്‌ ആളുടെ കൊട്ടേഷന്‍ സംഘത്തില്‍ പെട്ട ഏതോ അറുകൊലയാണെന്നും ഒക്കെയുള്ള നിഗമനത്തില്‍ അച്ഛമ്മ എത്തിച്ചേര്‍ന്നു. കവടി നിരത്താന്‍ ജോത്സ്യന്റെ അപ്പോയിന്മെന്റ് വാങ്ങാനുള്ള അസ്സൈന്മെന്റും കൊടുത്തു അപ്പൊ തന്നെ അച്ചച്ചനെ പറഞ്ഞു വിടുകേം ചെയ്തു. പക്ഷെ ഉണ്ണി കൊച്ചച്ചന്റെ നേതൃത്വത്തില്‍ ഉള്ള അന്വേഷണ സംഘം പിറ്റേന്ന് സത്യം കണ്ടെത്തി.

സേവപന്തലിലെ മണിയില്‍ ഒരു വവ്വാല്‍ റെന്റ് കൊടുക്കാതെ താമസിക്കുനുണ്ടായിരുന്നു. അമ്മാമ്മേടെ സന്ധ്യാ നാമം കഴിഞ്ഞു പോയതിന്റെ പിറകെ ആശാന്‍ തന്‍റെ വാസസ്ഥലത്ത് കയറി തൂങ്ങി
ഉറക്കം പിടിച്ചു വന്നപ്പോഴാണ് ഞാന്‍ ചെന്ന് ചാടിയത്. റെന്റ് ചോദിച്ചു ഹൌസ് ഓണര്‍ വന്നതാണോ അതോ തന്നെ പിടിക്കാന്‍ ഏതോ കുട്ടിച്ചാത്തന്‍ വന്നതാണോ എന്നൊക്കെ ഉള്ള കന്ഫ്യുഷനില്‍ ആള് സ്കൂട്ട് ആവാന്‍ നടത്തിയ പരാക്രമത്തിലാണ് എന്‍റെ കയ്യില്‍ വന്നിടിച്ചത്.
പക്ഷെ സംഭവം മനസ്സിലായപ്പോഴേക്കും നൂറ്റിയഞ്ചു ഡിഗ്രീ പനിയും
മുതുകത്തു രണ്ടു ഇന്ജെക്ഷനും ഞാന്‍ വാങ്ങി കൂട്ടിയിരുന്നു.

സംഭവത്തിനൊക്കെ കാരണക്കാരനായ മനോജിനു അവന്‍റെ അച്ഛന്റെ കയ്യില്‍ നിന്നു കണക്കിന് തല്ലു കിട്ടി. അന്വേഷണ കമ്മിഷന്റെ മുന്നില്‍ എന്‍റെ ഭാഗം ന്യായികരിച്ചു കൊണ്ട് പാറുകുട്ടി മൊഴി കൊടുത്തുത്രെ . എന്തായാലും ഇതൊക്കെ കേട്ടതോടെ വിഷമമൊക്കെ മാറി. പേടിച്ചു ബോധം കേട്ട് വീണെങ്കിലും ഒറ്റയ്ക്ക് രാത്രി അവിടെ വരെ പോവാന്‍ കാട്ടിയ ധൈര്യത്തിന് കൂട്ടുകാര്‍ അഭിനന്ദിച്ചു. ഫാന്‍സിന്റെ എണ്ണം കൂടുകേം ചെയ്തു.
ഇപ്പോഴും തറവാട്ടില്‍ അമ്പലത്തില്‍ വല്ലപ്പോഴും പോവുമ്പോ വെര്‍തെ നോക്കി നില്‍ക്കും...ആ മണിയെ. പൊടിക്കുപ്പികള്‍ക്ക് ധൈര്യം തെളിയിക്കാന്‍ വേണ്ടി അതിപ്പോഴും അവിടെ തന്നെ കിടക്കുന്നു.

പക്ഷെ അച്ഛമ്മ മാത്രം ഈ കാലം വരെ സത്യം അന്ഗീകരിച്ചിട്ടില്ല ട്ടോ..ഇപ്പോഴും ആള്‍ടെ വാദം അച്ചാച്ചന്‍ ഉത്സവം നടത്താതെ ഇരുന്നെന് കാളി ആളെ വിട്ടു വെരട്ടീന്നാ..എന്താ ചെയ്യാ.. പാവം അച്ചച്ചന്‍.. ല്ലേ ?

----
ഒരു ഓഫ്‌ ടോപ്പിക്ക് കൂടി :
സമയം ക്കെ പോണേ ഒരു പോക്കെ...ഇപ്പൊ ദെ ഞാന്‍ ബൂലോകത്ത് വന്നു ചാടീട്ടു ഒരു വര്‍ഷം ആവുന്നു. കുറെ നല്ല ബ്ലോഗ്ഗുകള്‍ ക്കെ വായിച്ചിട്ട് ..ന്നാ പിന്നെ എനിക്കെന്താ ഒരു കയ്യ് നോക്ക്യാല്‍ ന്നു കരുതി ഒരു ആവേശത്തില്‍ അങ്ങട് തോടെങ്ങിതാ. പക്ഷെ ഒരു വര്‍ഷം കൊണ്ട് ഒരുപാട് പുതിയ കാര്യങ്ങള്‍ മനസ്സിലാക്കി . ഒരുപാട് നല്ല സുഹൃത്തുക്കളെ കിട്ടി. വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ വളരെ കുറവാ.... എഴുതുന്നത്‌ പൊട്ടത്തരം ആണേലും ഒരുപാട് പ്രോത്സാഹനം കിട്ടി. ചുരുക്കം വിമര്‍ശനങ്ങളും.

അതൊക്കെ കൊണ്ട് തന്നെ ഈ ഒരു കൊല്ലത്തിനു ശേഷം പറയാല്ലോ.. എനിക്കിഷ്ടവാ ഈ ബൂലോകം.
(ഒടനെ എങ്ങും ഇവിടുന്നു വിട്ടു പോവാന്‍ പ്ലാന്‍ ഇല്ല എന്ന് ചുരുക്കം )
നന്ദി പറയാന്‍ ആണേല്‍ ഒരുപാട് പേരുണ്ട് .. അത് കൊണ്ട് ഒന്നോ രണ്ടോ പേര് എടുത്തു പറയാന്‍ നില്‍ക്കണില്ല . എല്ലാര്‍ക്കും അറിയാല്ലോ ല്ലേ? . ഇനിയും ഇത് പോലെ കൂടെ ഉണ്ടാവണേ ട്ടോ.. നല്ലത് എഴുതിയാല്‍ നന്നായി ന്നു പറയുവാന്‍ മാത്രവല്ല, തെറ്റു കണ്ടാല്‍ ചൂണ്ടി കാട്ടുവാനും ...
ഒരു വര്‍ഷം കൊണ്ട് ഈ ബൂലോകത്ത് പരിചയപെട്ട, സ്നേഹിച്ച, സ്വാധീനിച്ച , വിമര്‍ശിച്ച എല്ലാ കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.

Monday, March 15, 2010

പാതയോരത്തെ വിദ്യാലയം

ഴുക്കാണ് ഈ നഗരത്തിന്റെ മുഖമുദ്ര. എന്തിനോ വേണ്ടി എവിടേക്കോ ഒക്കെ അതി വേഗത്തില്‍ ഒഴുകുന്ന സമൂഹം. മുഖവും ഔചിത്യവും ഇല്ലാത്ത ജന സമുദ്രം. പാതകളില്‍ നിറഞ്ഞു കവിയുന്ന വാഹനങ്ങളിലും കാല്‍നട യാത്രക്കാരിലും, വഴിവക്കിലെ കച്ചവടക്കാരിലും യാചകരുടെ മുഖങ്ങളിലും വരെ
അക്ഷമയുടെയും ധൃതിയുടെയും നിരാശയുടെയും ഒക്കെ മാറി മാറി വരുന്ന ഭാവങ്ങള്‍ മാത്രം.
ജീവിച്ചു എന്നതിലുപരി ജീവിക്കുന്നു എന്ന് വരുത്തി തീര്‍ക്കാനുള്ള വ്യഗ്രത. ദിനരാത്രങ്ങള്‍ മാത്രകള്‍ പോലെ വിടര്‍ന്നു കൊഴിയുമ്പോള്‍ അരനാഴിക നേരം അധികം ലാഭിക്കാനുള്ള നെട്ടോട്ടം. ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നു പോകുന്നത് കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ ആണെന്ന് തോന്നും. എന്‍റെ നാട്ടിലെയും ഈ നഗരത്തിലെയും ഘടികാരങ്ങള്‍ക്ക് വേഗം വ്യത്യസ്തം ആണെന്ന് പലപ്പോഴും തോന്നാറുണ്ട് . മൂന്നു നാല് ദിവസങ്ങള്‍ മാത്രം നീളുന്ന നാട്ടിലെ ഹ്രസ്വമായ അവധി ദിനങ്ങള്‍ സമ്മാനിക്കുനത് നനുത്ത ഒരുപാട് ഓര്‍മ്മകള്‍ ആണെങ്കില്‍ ബന്ഗ്ലുരിലെ രണ്ടു ഞായര്‍ ദിനങ്ങളുടെ ഇടയില്‍ ജീവിച്ചു എന്ന് തോനുന്ന നിമിഷങ്ങള്‍ പലപ്പോഴും വിരലില്‍ എണ്ണാവുന്നതു മാത്രം .
മനം മടുപ്പിക്കുന്ന ഈ ഗതി വേഗം കൊണ്ടോ നഗരത്തിന്റെ പ്രൌഡി ക്കും കൃത്രിമ സൌന്ദര്യത്തിനും ഉപരിയായി നാടിന്‍റെ ശാലീനതയെ സ്നേഹിക്കുന്നത് കൊണ്ടോ എന്തോ ഈ നഗര ദ്രിശ്യങ്ങളും മുഖങ്ങളും ഒരിക്കലും മനസ്സില്‍ തങ്ങി നില്‍ക്കാറില്ല. പക്ഷെ ഇതില്‍ നിന്നൊക്കെ വേറിട്ട്‌ നില്‍ക്കുന്ന ഒരു അനുഭവവും ഈ നഗരം എനിക്കായി കരുതി വെച്ചിരുന്നു. ആഴത്തില്‍ സ്പര്‍ശിക്കുകയും ഒരുപാട് ചിന്തിപ്പിക്കുകയും ഒക്കെ ചെയ്ത വിലപ്പെട്ട ഒരു 'പാഠം ' .
ഓഫീസില്‍ നിന്നും വീട്ടിലേക്കു മടങ്ങും വഴി അലസമായ ഡ്രൈവിങ്ങിനിടയില്‍ എപ്പോഴോ വഴിയരികിലേക്ക് പാളി നോക്കിയപ്പോഴാണ് ഞാന്‍ ആ മനുഷ്യനെ ആദ്യമായി കണ്ടത്. പ്രോമിനേട് റോഡിനു അരികിലുള്ള 'കോള്സ് പാര്‍ക്കിന്‍റെ ' ഗേറ്റിനു മുന്‍പില്‍ വൃദ്ധനായ ഒരാള്‍. യാചകന്‍ എന്ന് വേഷവും
അടയാളങ്ങളും തോന്നിപ്പിക്കും എങ്കിലും അങ്ങനെ വിളിക്കുവാന്‍ എനിക്ക് കഴിയില്ല. ഒരിക്കലും ഒരാളുടെ മുന്നിലും അയാള്‍ കൈ നീട്ടുന്നത് ഞാന്‍ കണ്ടിട്ടില്ല. അക്ഷമയോ, നിരാശയോ ,ദീനതയോ ഒന്നും അയാളുടെ
മുഖത്തുണ്ടായിരുന്നില്ല. സംതൃപ്തമായ ജീവിതം നല്‍കുന്ന ശാന്ത ഭാവം പോലെ തോന്നി . ജനത്തിരക്കുള്ള ആ പാത വക്കില്‍ ചുറ്റുമുള്ള തിരക്കുകളില്‍ നിന്നും എല്ലാം അകന്നു ശാന്തനായി ഇരിക്കുന്ന ആ മനുഷ്യന്‍ അന്നെന്നില്‍ അല്പം കൌതുകം ഉണര്‍ത്തി. തുടര്‍ന്നുള്ള ദിവസങ്ങളിലും അയാള്‍ അവിടെ തന്നെ ഉണ്ടായിരുന്നു. ആദ്യം മുഖത്ത് കണ്ട ആ ശാന്തത അയാളുടെ സ്ഥായിയായ ഭാവം ആണ് എന്നെനിക്കു മനസിലായി.അതോടെ കേവലം കൌതുകം ആകാംക്ഷയായി മാറി. അയാളെ അല്പം കൂടെ അടുത്ത് നിരീക്ഷിക്കണം എന്ന ആഗ്രഹം ശക്തമായി.
തിരക്കുകള്‍ ഒഴിഞ്ഞ ഒരു വെള്ളിയാഴ്ച അല്പം നേരത്തെ ഓഫീസ് വിട്ടു ഇറങ്ങിയപ്പോള്‍ ഉറപ്പിച്ചിരുന്നു അയാളെ ഇന്ന് അടുത്ത് കാണണം എന്ന്. അല്‍പ്പം അകലെയായി വാഹനം പാര്‍ക്കു ചെയ്തു ഇറങ്ങി നടപ്പാതയിലൂടെ മെല്ലെ നടക്കുമ്പോഴും ശ്രദ്ധ പാതയുടെ അങ്ങേയറ്റത്ത്‌ ചുറ്റുമുള്ള ഒന്നിനെയും ശ്രദ്ധിക്കാതെ ഒരു ചിത്രവും കൈയില്‍ പിടിച്ചു തന്‍റെ തന്നെ ലോകത്തില്‍ മുഴുകി ഇരിക്കുന്ന ആ മനുഷ്യനിലായിരുന്നു. അടുത്തെത്തിയപ്പോള്‍ കണ്ടു , അയാളുടെ കയ്യില്‍ അരികുകള്‍ പൊട്ടി തുടങ്ങിയ ഒരു പഴയ ഫ്രെയിമില്‍ സായി ബാബയുടെ ഒരു ചില്ലിട്ട ചിത്രം.അടുത്തിരിക്കുന്ന കീറിയ സഞ്ചിയില്‍ രണ്ടു മൂന്നു നരച്ച വസ്ത്രങ്ങള്‍, അയാളുടെ ആകെ സമ്പാദ്യം. തൊട്ടടുത്ത്‌ നിന്ന് ശ്രദ്ധിച്ചു നോക്കുന്ന എന്നെ അയാള്‍ കണ്ടതായി തോന്നിയില്ല. കീശയില്‍ നിന്നും ഒരു നൂറു രൂപ നോട്ടെടുത്ത് നീട്ടുമ്പോള്‍ എനിക്ക് സംശയമുണ്ടായിരുന്നു അയാളത് വാങ്ങുമോ എന്ന്. എങ്കിലും അത്രേയുമെങ്കിലും ചെയ്യാതെ അവിടം വിടാന്‍ എനിക്ക് കഴിയുമായിരുന്നില്ല. മുഖം ഉയര്‍ത്തി എന്നെയും എന്റെ കയ്യിലുള്ള നോട്ടിനെയും മാറി മാറി നോക്കിയ ശേഷം ചെറു ചിരിയോടെ അയാള്‍ കൈ നീട്ടി അത് വാങ്ങി സഞ്ചിയുടെ ഒരു അരികില്‍ ഉള്ള ചെറിയ കീശയിലേക്ക്‌ വെച്ചു . വീണ്ടും മുഖം ഉയര്‍ത്തി തൊഴുതു, ചിരികുന്നുണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയാനാവാത്ത ഒരു ഭാവം മുഖത്തുണ്ടായിരുന്നു.

തിരിഞ്ഞു നടക്കുമ്പോള്‍ മനസ്സില്‍ സന്തോഷമോ സംതൃപ്തിയോ ഉത്തരം തേടുന്ന പുതിയ കുറെ ചോദ്യങ്ങളോ എന്തെല്ലാമോ ഉണ്ടായിരുന്നു. പലപ്പോഴും ട്രാഫിക്‌ സിഗ്നലില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തിന്റെ ചില്ലില്‍ തട്ടി ഭിക്ഷ ചോദിക്കുന്ന യാചകരെ അവഗണിച്ച് മുഖം തിരിക്കാറുണ്ടായിരുന്ന എനിക്ക് എന്‍റെ തന്നെ പ്രവര്‍ത്തിയില്‍ അത്ഭുതം തോന്നി.
തിരികെ വന്നു യാത്ര തുടരുമ്പോഴും ഞാന്‍ ആ നിമിഷം അയാളുടെ മുഖത്തു മിന്നി മറഞ്ഞ ഭാവങ്ങളുടെ അര്‍ഥം തേടുകയായിരുന്നു. തീര്‍ച്ചയായും അത് യാചകര്‍ നാണയ തുട്ടുകള്‍ നീട്ടുന്ന യാത്രികര്‍ക്ക് പകരം നല്‍കുന്ന കൃത്രിമമായ ഒരു നന്ദി ആയിരുന്നില്ല. വളരെ ഏറെ സന്തോഷമോ , അതിശയമോ ഒന്നും ആ മുഖത്തു ഉണ്ടായിരുന്നില്ല. ഈ ലോകത്ത് ഒരു നിമിഷമെങ്കിലും തന്നോടു സ്നേഹത്തോടെ പെരുമാറിയ ഒരു സഹജീവിക്ക് നന്ദിയോടെ തിരികെ നല്‍കുന്ന ഒരു പുഞ്ചിരി, അത്രമാത്രം. പണമോ മറ്റെന്തെങ്കിലും വസ്തുക്കളോ ആ മനുഷ്യന്‍ ആഗ്രഹിക്കുന്നതായി എനിക്ക് തോന്നിയില്ല. ജീവിതത്തില്‍ ഒന്നിനോടും പരാതിയില്ലാതെ , ലോകത്തോട്‌ നന്ദി മാത്രം ഉള്ളത് പോലെ. സ്വന്തമായി ഒന്നും ഇല്ലെങ്കിലും അതീവ ശ്രദ്ധയോടെ അയാള്‍ കാത്തു സൂക്ഷിക്കുന്ന ആ സായി ബാബ ചിത്രത്തിന് എന്‍റെ മനസ്സിലുള്ള അയ്യപ്പ സ്വാമിയുടെ ചിത്രത്തേക്കാള്‍ തിളക്കമുണ്ടെന്ന് തോന്നി. സംതൃപ്തമായ ഒരു ജീവിതം ലഭിക്കാനുള്ള മാര്‍ഗമാണ് ഭക്തി എങ്കില്‍ തീര്‍ച്ചയായും എന്നെക്കാള്‍ ഒരുപാട് അധികമായി അയാള്‍ക്ക്‌ അത് ലഭിക്കുന്നുണ്ട്. അങ്ങനെ എങ്കില്‍ ആ സായി ബാബ ചിത്രത്തില്‍ അത്രേ ഏറെ ഈശ്വര ചൈതന്യം ഉണ്ടാവില്ലേ? ലോകത്തെ നോക്കി ഇത്ര മനോഹരമായി പുഞ്ചിരിക്കാന്‍ കഴിയുന്ന ആ മനുഷ്യന്റെതാണോ ഏറ്റവും മഹത്വമുള്ള സമ്പാദ്യം ?
വാക മരങ്ങള്‍ തണല്‍ വിരിക്കുന്ന ആ പാതവക്കില്‍ ഇപ്പോഴും ആ മനുഷ്യനെ കാണാറുണ്ട്, ഈ നഗരത്തിന്റെ മായകാഴ്ചകള്‍ക്ക് ഇടയില്‍ വ്യത്യസ്തമായ എന്തിന്‍റെ ഒക്കെയോ ഒരു നേര്‍കാഴ്ച പോലെ...

ചിത്രങ്ങള്‍ വരച്ചത്: കുക്കു

Tuesday, March 2, 2010

ചാത്തനാരാ മോന്‍



രു കിലോമീറ്ററില്‍ മിനിമം നാല് അമ്പലങ്ങള്‍, പത്തു കാവുകള്‍, പത്തിരുപതു നൊട്ടോറിയസ് പനകള്‍, പാലകള്‍ പിന്നെ കൌണ്ട് ലെസ്സ് കുറ്റികാടുകള്‍ ഒക്കെ ചേര്‍ന്നതായിരുന്നു എന്‍റെ ഗ്രാമം. സാക്ഷാല്‍ രാമപുരം. അത് കൊണ്ട് തന്നെ യക്ഷിയും, ചാത്തനും, മറുതയും ഒക്കെ അന്നാട്ടിലെ പ്രധാന കഥാപാത്രങ്ങള്‍ ആയിരുന്നു.


പോരാത്തതിന് ഗ്രാമത്തിലെ ആസ്ഥാന ഭഗവതിയായ ഭദ്രകാളിയുടെ പേരില്‍ അടിച്ചിറക്കപെട്ട ഭീകര കഥകള്‍ വേറെയും. നേരിട്ട് ഇത് വരെ ടി. ടീമുകളെ ഒന്നും കണ്ടിട്ടില്ലെങ്കിലും കുപ്പി പാല് കുടിക്കുന്ന പ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് ചാത്തന്റെയും , മറുതയുടെയും കഥകള്‍ മസാല ചേര്‍ത്ത് പറഞ്ഞു കൊടുത്തു പാരമ്പര്യമായി കിട്ടിയ പേടി അടുത്ത തലമുറയ്ക്ക് കൂടി പകര്‍ന്നു നല്‍കുന്നതില്‍ രാമപുരത്തെ അമ്മമാര്‍ എന്നും ശ്രദ്ധിച്ചിരുന്നു.

എന്തിനേറെ പറയുന്നു, ഭിത്തിയിലെ പെയിന്റ് ഇളകിയ പാട് കാട്ടി അതൊരു ഗജ പോക്കിരി കുട്ടിച്ചാത്തനാണ് എന്ന് പറഞ്ഞു  പേടിപ്പിച്ചായിരുന്നു  എന്‍റെ അമ്മ പോലും കുഞ്ഞിലെ എന്നെ ഉറക്കിയിരുന്നത്. അങ്ങനെ അങ്ങനെ കള്ള കഥകളിലൂടെ പകര്‍ന്നു കിട്ടിയ പേടി ഓരോ രാമപുരത്തുകാരന്‍റെയും/ കാരിയുടെയും ഒരു സ്വകാര്യ സ്വത്തായിരുന്നു. പകല്‍ നേരത്ത് എത്ര വീര വാദം പ്രസംഗിച്ചാലും രാത്രി പത്തു മണി കഴിഞ്ഞാല്‍ അന്നാട്ടില്‍ വീടിനു പുറത്തു ഒരു മനുഷ്യ ജീവിയെ കാണണമെങ്കില്‍.. നോ..രക്ഷ.
ശാസ്താ നടയുടെ അയല്‍ പറമ്പുകളില്‍ രാത്രി തേങ്ങാ മോഷണം നടത്തിയിരുന്ന ബോംബെ മധുച്ചേട്ടൻ, പാതി രാത്രിയില്‍ നാട്ടില്‍ അങ്ങോളമിങ്ങോളം നടന്നു കോഴിയെ മോഷ്ടിച്ച് കായംകുളത്ത് കൊണ്ട് പോയി വിറ്റ് പുട്ടടിച്ചിരുന്ന പിടക്കോഴി രാമന്‍കുട്ടി തുടങ്ങിയവര്‍ രാമപുരത്തുകാരുടെ ഈ പേടിയെ മുതലെടുത്ത്‌ കഞ്ഞികുടിയും കള്ള് കുടിയും നടത്തി കാലം കഴിച്ചിരുന്നവരായിരുന്നു. അപ്പൊ ഇനി കഥയിലേക്ക്‌ കടക്കാം. ഇതും നടക്കുന്നത് പത്തു പതിനഞ്ചു വര്‍ഷം മുന്‍പാണ്.

മാസ്റ്റർ ഡിഗ്രിയും കമ്പ്യൂട്ടര്‍ ഡിപ്ലോമയും എടുത്ത ശേഷം ഇന്റര്‍വ്യൂ എന്ന പേരില്‍ മാസത്തില്‍ പത്തു ദിവസം ഊര് തെണ്ടുകയും ബാക്കിയുള്ള സമയം സിനിമ, ഉത്സവം, കമ്പനി അടിച്ചു കറക്കം തുടങ്ങിയ നാടന്‍ കലകളില്‍ ശ്രദ്ധയൂന്നുകയും  ചെയ്തിരുന്ന തൊണ്ണൂറുകളിലെ കേരള യുവത്വത്തിന്റെ പ്രതിനിധി ആയിരുന്നു അച്ഛന്റെ ഇളയ അനിയന്‍ രവി കൊച്ചച്ചന്‍.
വീട്ടിലെ അരയേക്കര്‍ കപ്പ കൃഷിക്ക് വെള്ളം കോരുന്ന വകയില്‍ അച്ഛമ്മയോട്‌ ദിവസവും കണക്കു പറഞ്ഞു വാങ്ങുന്ന പത്തു രൂപ, മീന്‍ മേടിക്കാന്‍ കൊടുത്തു വിടുന്നതില്‍ നിന്നും കമ്മിഷന്‍ ഇനത്തില്‍ തരപ്പെടുത്തുന്ന ചില്ലറ, പിന്നെ പഴയ പത്രവും, പറമ്പിലെ കശുവണ്ടിയും വിറ്റ് കിട്ടുന്ന കാശ് ഒക്കെ കൂടെ ചേര്‍ത്ത് വെച്ച് തന്‍റെ തൊഴില്‍ രഹിത ജീവിതം അദ്ദേഹം ഒരുവിധം ഭംഗിയായി ആസ്വദിച്ചു പോന്നു.

ജീവിതം അങ്ങനെ ടോട്ടലി ഹാപ്പി ആയി പോവുമ്പോഴാണ് കിഴക്കേലെ മുരളിച്ചേട്ടന്റെ  മിലിട്ടറിയില്‍ ഉള്ള അളിയന്‍ രമേശന്‍ അവധിക്കു നാട്ടില്‍ ലാന്ഡ് ചെയ്യുന്നത്. മിലിട്ടറി റമ്മും തേങ്ങാ വറുത്തരച്ച താറാവ് കറിയും ഒരുക്കി അദ്ദേഹം നടത്തിയ പ്രലോഭനത്തില്‍ രവി കൊച്ചച്ചനും അടി തെറ്റി വീണു.


മിലിട്ടറി മദ്യത്തിന്റെ വീര്യത്തിൽ തളർന്നു വാൾപ്പയറ്റും നടത്തി ആടി  ആടി  വീട്ടിലെത്തി കട്ടിലിലേക്ക് വീണ പാവം രവി കൊച്ചച്ചനെ  കൃത്യമായി അച്ചച്ചനു കാട്ടി കൊടുത്തു ആഭാസനും , സാമൂഹ്യ വിരുദ്ധനും ആക്കി ചിത്രീകരിച്ചത് എന്‍റെ ഇളയ രണ്ടു അപ്പച്ചിമാരായിരുന്നു.

അതിനെ ഫലമായി പെരുമരത്തിന്റെ കമ്പ് കൊണ്ട് സാമാന്യം തരക്കേടില്ലാത്ത രീതിയില്‍ അടി വാങ്ങുകയും ഒരു രാത്രി വീടിനു പുറത്തു കിടന്നു മകരത്തിലെ മഞ്ഞു കൊള്ളേണ്ടി വരികയും ചെയ്ത കൊച്ചച്ചന്‍ പ്രതികാര ദാഹിയായി മാറിയത് തികച്ചും സ്വാഭാവികം മാത്രം.

അങ്ങനെയിരിക്കെയാണ് അച്ഛമ്മയുടെ അനിയത്തി പാറുക്കുട്ടി അമ്മൂമ്മയ്ക്ക് അസുഖം കൂടുതലാണെന്ന് അറിയിപ്പ് കിട്ടിയതിനെ തുടര്‍ന്ന് എമര്‍ജന്‍സി ആയി അച്ചാച്ചനും , അച്ഛമ്മയ്ക്കും ശാസ്താം കോട്ടയ്ക്കു പോവേണ്ടി വന്നത്. വീടിന്റെയും, സ്ത്രീ ജനങ്ങളുടെയും ടോട്ടല്‍ സെക്യൂരിറ്റി ചാർജ്  രണ്ടു ദിവസത്തേയ്ക്ക് രവി കൊച്ചച്ചന് കൈമാറി രണ്ടാളും അന്ന് തന്നെ ശാസ്താംകോട്ടയ്ക്കു യാത്രയായി. ഓര്‍ക്കാപ്പുറത്ത് കിട്ടിയ ലോട്ടറി രാമപുരം സുനിതയില്‍ രണ്ടാം വാരം ഓടുന്ന ഗോഡ് ഫാദര്‍, സെക്കന്റ്‌ ഷോ കണ്ടു ആഘോഷിക്കുവനായി കൊച്ചച്ചന്‍ മുങ്ങിയതോടെ വീട്ടില്‍ ആണായി ആകെയുള്ളത് പത്തു വയസുള്ള ഞാന്‍ മാത്രം.

അപ്പച്ചിമാർക്കും ചേച്ചിക്കും അമ്മയ്ക്കും ധൈര്യം പകരാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും, ഇരുട്ടുള്ള മുറിയില്‍ എത്തിനോക്കാന്‍ പോലും അമ്മയുടെ  സാരി തുമ്പില്‍ പിടിച്ചിരുന്ന എന്‍റെ ധൈര്യം അവര്‍ക്ക് നന്നായി അറിയാവുന്നത് കൊണ്ട് ആരും അത് കാര്യമായി എടുത്തില്ല. എങ്കിലും പേടി പുറത്തു കാട്ടാതെ എല്ലാവരും തെക്ക് വശത്തെ മുറിയില്‍ മനോരമയില്‍ വന്ന സുധാകര്‍ മംഗളോദയത്തിന്റെ പുതിയ പൈങ്കിളി നോവല്‍ ചര്‍ച്ച ചെയ്തു മണിക്കൂറുകള്‍ തള്ളി നീക്കി.

സമയം പതിനൊന്നായി കാണും. പെട്ടെന്ന് കറന്റ്‌ പോയി. എങ്ങനെയൊക്കെയോ ധൈര്യം സംഭരിച്ചു അമ്മ പോയി മെഴുകുതിരി കത്തിച്ചു കൊണ്ട് വന്നു. അകത്തു സൂചി വീണാല്‍ കേൾക്കാവുന്ന  നിശബ്ദത. രംഗത്തിന്റെ ഭീകരത കൂട്ടാനായി വടക്കേലെ വാസുവേട്ടന്റെ ടിപ്പു പട്ടി തന്റെ  പതിനായിരം വാട്ട് ആംപ്ലിഫയറിൽ  ഓലി  ഇട്ടതോടെ എല്ലാവരുടെയും നെഞ്ചിടിപ്പ് നാലാം കാലത്തിലായി.

ഠിം..ഠിം..

പുറത്തു ജനലിനരികില്‍ എന്തൊക്കെയോ വന്നു വീഴുന്ന ശബ്ദം.

ചാത്തനേറ്‌  ആണോ..? രമയപ്പച്ചിയുടെ കരയുന്ന പോലെ ഉള്ള ചോദ്യം കേട്ടെങ്കിലും...ആരും ഉത്തരം പറഞ്ഞില്ല.

അതാ നിലാവത്ത് ജനാലയ്ക്കരികില്‍ ഒരു രൂപം.

ചാത്തന്‍ തന്നെ..!

ന്റെ...ഭഗവതീ...ഒന്നല്ല രണ്ടു രൂപം.

ഭാര്യയും ഉണ്ട്..!!

അതോടെ എവിടെ നിന്നോ വീണ്ടെടുത്ത മുറി ധൈര്യത്തില്‍...ചേച്ചി വലിയ വായിൽ  അലറി കൂവി...

അകമ്പടിയായി...അപ്പച്ചിമാരും..കൂടിയതോടെ അയലത്തെ പട്ടികള്‍ ഓലിയിടൽ  നിര്‍ത്തി എവിടെ നിന്നാണ് തങ്ങൾക്ക് കോമ്പറ്റീഷൻ വരുന്നത്  എന്നറിയാന്‍ കാതുകള്‍ കൂര്‍പ്പിച്ചു.

ചുറ്റുമുള്ള വീടുകളില്‍ ഒക്കെ ലൈറ്റുകള്‍ തെളിഞ്ഞു..ആരൊക്കെയോ ഓടി കൂടി..


ആരോ..ഓഫ്‌ ആയി കിടന്ന മെയിന്‍ സ്വിച്ച് ഓണാക്കി.

അതാ സിറ്റൌട്ടില്‍ വിയര്‍ത്തു കുളിച്ചു രവി  കൊച്ചച്ചന്‍..കൂട്ടിനു മുരളി ചേട്ടനും.

ചാത്തന്മാര്‍.....!

മിലിട്ടറി വാൾപയറ്റിന്റെ  വിവരങ്ങള്‍ ചോര്‍ത്തി കൊടുത്തു ചതിച്ച അപ്പചിമാര്‍ക്കിട്ടു കൊടുത്ത പണി പക്ഷെ സംഘം ചേര്‍ന്ന് ശത്രുക്കള്‍ അലറി കൂവിയതോടെ കൈ വിട്ട് പോയി എന്ന് മനസ്സിലാക്കി എന്ത് ചെയ്യണം എന്നറിയാതെ കുന്തം വിഴുങ്ങിയ പോലെ നില്‍പ്പാണ് രണ്ടും.

പക്ഷെ അയലത്തെ ചന്ദ്രൻ  മാഷിന്  എന്ത് ചെയ്യണം എന്ന് നല്ല നിശ്ചയമുണ്ടായിരുന്നു.

കൊടുങ്ങല്ലൂര്‍ ഭരണിക്കും , ചേര്‍ത്തല പടയണിക്കും പോയ എക്സ്പീരിയന്‍സ് വച്ചും പിന്നെ നാട്ടില്‍ തന്നെ കേട്ട് പഠിച്ച അല്ലറ ചില്ലറയില്‍ നിന്നും ഏറ്റവും മനോഹരമായവ ചേര്‍ത്ത് രണ്ടാളെയും അഭിസംബോധന ചെയ്തു തന്റെ  കലിപ്പ് തീര്‍ത്തു മാഷ്‌ പോയി. കൂടുതലൊന്നും അതിൽ ചേർക്കാൻ ബാക്കിയില്ലാത്തതു കൊണ്ട് മറ്റുള്ള അയൽക്കാരും പിറു പിറുത്തു കൊണ്ട്  പിരിഞ്ഞു.

പിറ്റേ ദിവസം തിരികെ എത്തിയ അച്ചാച്ചന്റെ കയ്യില്‍ നിന്ന് പെരുമരത്തിന്റെ കമ്പ് കൊണ്ട് നല്ല പെടയും 'ഒരു കാലത്തും നീ ഗുണം പിടിക്കില്ലെടാ ***** മോനെ' എന്ന് അച്ഛമ്മയുടെ പ്രാക്കും കൂടി കേട്ടതോടെ സഹി കെട്ട രവി  കൊച്ചച്ചന്‍ നാട് വിടല്‍ ഭീഷണി മുഴക്കിയതോടെയാണ് ശിക്ഷാ നടപടികള്‍ പിന്‍വലിക്കപ്പെട്ടത്.


എന്തായാലും അതിനെ തുടര്‍ന്ന് രാമപുരത്തെ അമ്മമാര്‍ക്ക് തലമുറകള്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ പുതിയൊരു കഥ കൂടെ ആയി. മെയിന്‍ സ്വിച് ഓഫ്‌ ആക്കി, വെള്ളയ്ക്ക എടുത്തു ജനലിനെറിഞ്ഞ ചാത്തന്റെ കഥ. പക്ഷെ നായകന്‍ രവി  കൊച്ചച്ചന് പകരം ശരിക്കുള്ള കുട്ടിച്ചാത്തനും പ്രതികാര ഉദ്ദേശം  അച്ചാച്ചന്‍ നേര്‍ച്ച പറഞ്ഞ 'ചിക്കെന്‍ ഫ്രൈ വിത്ത്‌ ടോഡി' മുടക്കിയത് കൊണ്ട് എന്നും കഥയ്ക്ക്‌ മാറ്റം വന്നിരുന്നു എന്ന് മാത്രം.

ചിത്രങ്ങള്‍ വരച്ചത്: കുക്കു

തെങ്ങും വിളയിൽ മത്തായി

രാമപുരത്തിന്റെ വടക്കേ അതിരിൽ പുഞ്ചപ്പാടങ്ങളും , തെങ്ങിൻ തോപ്പുകളും അഴക് ചാർത്തുന്ന ഏവൂർ എന്ന കൊച്ചു ഗ്രാമം. അവിടെ സാമാന്യം തെറ്റില്ലാത്ത പി...