Tuesday, March 22, 2011

ഒരു കൊട്ടേഷന്‍ വീരഗാഥ

രാമപുരം ജംക്ഷന്‍ എന്ന് പറഞ്ഞാല്‍ വഴിയെ പോവുന്നവര്‍ക്കും മറു നാട്ടുകാര്‍ക്കും പാമ്പന്‍ പാലം പോലെ കിടക്കുന്ന നാഷണല്‍ ഹൈവേടെ ഓരത്ത്, ചേമ്പിന്‍ താള് പോലെ കിടക്കുന്ന ഒരു ബസ്‌ സ്റ്റോപ്പ്‌ മാത്രമാണെങ്കിലും അന്നാട്ടുകാര്‍ക്ക്‌ അതങ്ങനെ ആയിരുന്നില്ല. അതിവേഗം ബഹുദൂരം വികസിച്ചു കൊണ്ടിരുന്ന എന്‍. ആര്‍. ഐ കേരളത്തില്‍ തീരേം വികസനമില്ലാതെ ഇഴഞ്ഞു കൊണ്ടിരുന്ന ഗ്രാമത്തിന്റെ ഹൃദയവും, രോമാഞ്ചവും, അഭിമാനവും ഒക്കെയായിരുന്നു ബസ് സ്റ്റോപ്പും പത്ത് മുറി ക്കടയും , ഓട്ടോ സ്റ്റാന്റും ചേര്‍ന്ന ആ ജംക്ഷന്‍. പ്രൈമറി ഹെല്‍ത്ത്‌ സെന്ററില്‍ പേരിനു പോലും ഡോക്ടറില്ല. പഞ്ചായത്ത് എല്‍ പി സ്കൂളില്‍ 'തറ' 'പറ' പറഞ്ഞു പഠിക്കാന്‍ കുട്ടികളില്ല . പിള്ളേര് കണ്ടമാനം ഉള്ള രാമപുരം ഹൈ സ്കൂളില്‍ ആവശ്യത്തിനു മാഷുമ്മാരും ഇല്ല. അങ്ങനെ ഗ്രാമത്തിന്റെ ഒത്ത നടുക്കൂടെ ഒരു ഹൈവേ പോവുന്നതൊഴിച്ചാല്‍ ഒരു ടിപ്പിക്കല്‍ കേരള വില്ലേജിനു വേണ്ട എല്ലാ കുറവുകളും ഉണ്ടായിരുന്നു അന്നത്തെ രാമപുരത്തിന്.

ഇകൊണോമിക്കല്‍ ഗ്രോത്തില്‍ ഇത്തിരി പിന്നിലാണെങ്കിലും പാരീസിനു ഈഫല്‍ ഗോപുരം പോലെ, ചൈനക്ക് വന്മതില്‍ പോലെ, കൊച്ചിക്ക്‌ കൊതുക് പോലെ രാമപുരത്തിനും മുഖമുദ്ര എന്ന് പറഞ്ഞു അഭിമാനിക്കാവുന്ന ഒന്നുണ്ടായിരുന്നു. ലതാണ് ബീഡി അനില്‍ എന്ന കോയിക്കല്‍ അനില്‍ കുമാര്‍. അഞ്ചടി ആറിഞ്ചില്‍ വല്യ പണിക്കുറവില്ലാതെ ഗുരുവായൂര്‍ കേശവന്റെ കളര്‍ ഫിനിഷില്‍ എഴുപതുകളുടെ അവസാനം ദൈവം പണിതിറക്കിയ മൊതല്‍. പാല് കുടി നിര്‍ത്തിയ പ്രായത്തില്‍ തുടങ്ങിയ ബീഡി വലിയോടുള്ള ബഹുമാനം കൊണ്ട് നാട്ടുകാര്‍ പേരിനൊപ്പം തുന്നി ചേര്‍ത്തതാണ് ബീഡി എന്ന വിശേഷണം. കാലത്ത് ഒന്‍പതു മണിയായാല്‍ ബഥനിയിലേക്കും, എം എസ് എമ്മിലെക്കും ഉള്ള ഓര്‍ഡിനറി ബസ്സില്‍ രാമപുരത്തിന്റെ സ്വന്തം കുഞ്ഞരിപ്രാവുകളെ എണ്ണം തെറ്റാതെ കയറ്റി വിടാനുള്ള ശ്രദ്ധ കണ്ടാല്‍ വീട്ടു പേര് കോയിക്കല്‍ എന്നാണോ കോഴിക്കല്‍ എന്നാണോ എന്ന് ആര്‍ക്കെങ്കിലും സംശയം തോന്നിയാല്‍ തികച്ചും സ്വാഭാവികം മാത്രം.

അച്ഛന്‍ മനോഹരെട്ടന് ജങ്ക്ഷനില്‍ ഒരു മുറുക്കാന്‍ കടയുണ്ട് എന്നതാണ് അനിലിനെ കവലയില്‍ തന്നെ കുറ്റിയടിക്കാന്‍ പ്രേരിപ്പിച്ച ഘടകം. മുറുക്കാന്‍ കട കൊണ്ട് മാത്രം വണ്ടി ഓടില്ല എന്നറിയാവുന്നതു കൊണ്ട് സൈഡ് ആയി മരക്കച്ചവടം കൂടെ നടത്തുന്ന മനോഹരേട്ടന്‍ ഇടപാടുകള്‍ക്കായി പോവുമ്പോള്‍ കടയുടെ ഇന്‍ ചാര്‍ജ് ആയി അനിലിനെ ഇരുത്താറുണ്ട് . അങ്ങനെ കിട്ടുന്ന അവസരങ്ങളില്‍ അടുത്തുള്ള കൈരളി ട്യൂഷന്‍ സെന്റെറില്‍ വരുന്ന പെണ്‍ കുട്ടികള്‍ക്ക്കാഴ്ച്ചയുടെ ഗ്രേഡ് അനുസരിച്ച് അമ്പതു മുതല്‍ നൂറു ശതമാനം വരെ വിലക്കുറവില്‍ മിഠായിയും, നോട്ട് ബുക്കും, മനോരമയും വിറ്റു 'കച്ചവടം' വലുതാക്കുന്നതില്‍ അനില്‍ ശ്രദ്ധിച്ചിരുന്നു.മകന്റെ കച്ചവടത്തിലുള്ള മിടുക്ക് തന്നെ കൊണ്ട് കുത്തുപാളയെടുപ്പിക്കും എന്ന് മനസ്സിലാക്കിയ മനോഹരേട്ടന്‍, കടയില്‍ നിന്ന് ഗെറ്റ് ഔട്ട്‌ അടിച്ചെങ്കിലും ജന്ക്ഷനെ വിട്ട് പിരിയാന്‍ കഴിയാത്തതിനാല്‍ ഓട്ടോ സ്ടാണ്ടിനു പിറകിലെ 93 /5 മൈല്‍ കുറ്റി ആസ്ഥാനമാക്കി അനില്‍ തന്റെ പൊതുജന സേവനം തുടര്‍ന്ന് വന്നു.

വലുതാവുമ്പോള്‍ എന്തെങ്കിലുമൊക്കെ ആയിത്തീരും എന്ന പ്രതീക്ഷയില്‍ മനോഹരേട്ടന്‍ കുട്ടിക്കാലത്ത് കൊടുത്തിരുന്ന നാടന്‍ നെന്ത്രക്കായുടെയും പശുവിന്‍ പാലിന്റെയും ഗുണം കൊണ്ട് കിട്ടിയ തരക്കേടില്ലാത്ത തടി അനിലിനു വട്ടച്ചിലവിനും, തന്റെ ഇമേജ് വര്‍ധിപ്പികാനും ഉള്ള അസെറ്റ് ആയിരുന്നു. ജങ്ക്ഷനില്‍ തിരക്കുള്ള സമയങ്ങളില്‍ നടക്കാന്‍ പാട് പെടുന്ന എല്ടര്‍ സിറ്റിസണ്‍സിനെ പൊക്കിയെടുത്തു ഹൈവേ കടത്തി വിടുക, കേടാവുന്ന ടാക്സി, ഓട്ടോ എന്നിവ ഒറ്റയ്ക്ക് തള്ളി സ്റ്റാര്‍ട്ട്‌ ആക്കുക തുടങ്ങിയ അഭ്യാസങ്ങള്‍ കൂടാതെ കള്ളും കപ്പയും ഓഫര്‍ ചെയ്യുന്നവര്‍ക്ക് വേണ്ടി ചെറുകിട കൊട്ടേഷന്‍ വര്‍ക്കുകള്‍ വരെ അനിലിന്റെ പ്രകടന പത്രികയില്‍ ഉണ്ടായിരുന്നു. എങ്കിലും ഏതൊരു ശരാശരി മലയാളി ജോബ്‌ ലെസ്സ് യൂത്തിനെയും പോലെ ഒരു കുഞ്ഞ്നിരാശ അനിലിനെയും അലട്ടിയിരുന്നു. എം എസ് എം കോളേജ് ഇല്‍ ഫസ്റ്റ് ഇയര്‍ ഫിസിക്സിന് പഠിച്ചിരുന്ന ലക്ഷ്മിനായര്‍ എന്ന ലക്ഷ്മിക്കുട്ടിയായിരുന്നു അനിലിന്റെ നിരാശയുടെ പ്രധാന റീസണ്‍. രാമപുരത്തെ ഒരേയൊരു മൃഗ ഡോക്ടറിന്റെ മകളായതിന്റെ അഹങ്കാരം കൊണ്ടോ, അനിലിന്റെ ഗ്യാരന്റി കളറില്‍ ഇന്റെറെസ്റ്റ് തോന്നാത്തത് കൊണ്ടോ എന്തോ, ഒരുപാട് അഭ്യാസങ്ങള്‍ കാട്ടിയിട്ടും,ഒരു വാക്കോ, ഒരു ചിരിയോ, എന്തിനു, ഇത്തിരി ഹോപ്പ് കൊടുക്കുന്ന ഒരു നോട്ടമോ പോലും ലക്ഷ്മി കുട്ടിയുടെ കയ്യില്‍ നിന്ന് അനിലിനു ഒരിക്കല്‍ പോലും കിട്ടിയിരുന്നില്ല.

അന്നൊരു വെള്ളിയാഴ്ച ദിവസം. പതിവ് പോലെ ഒന്‍പതു ഇരുപതിന്റെ കായംകുളം ലിമിറ്റഡ് സ്റ്റോപ്പ്‌കാത്തു നല്ലോരാള്‍ക്കൂട്ടം ബസ്‌ സ്റ്റോപ്പിലും അവരുടെ സുരക്ഷാ ക്രമീകരണങ്ങള്‍ 'വീക്ഷിച്ചു' കൊണ്ട് അനിലും സംഘവും ജന്ക്ഷനിലും നില്‍ക്കുന്നു. അപ്പോഴാണ്‌ രാമപുരത്തിന്റെ മറ്റൊരു ഐക്കണ്‍ പ്ലേയറും തലയിലെ ഒന്നോ രണ്ടോ സ്ക്രൂ മിസ്സിംഗ്‌ ഉള്ളതിന്റെ പേരില്‍ പ്രശസ്തനും ആയ 'അരപ്പിരി' കുമാരന്‍ അവിടെ എത്തിയത്. തലയ്ക്കു ഒരല്‍പം അസുഖം ഉണ്ടെങ്കിലും, രണ്ടു വര്‍ഷത്തോളം ഭ്രാന്താശുപത്രിയില്‍ കിടന്നിട്ടുണ്ടെങ്കിലും , അല്ലറ ചില്ലറ അഭ്യാസങ്ങള്‍ കാട്ടുമെന്നല്ലാതെ കുമാരന്‍ അന്ന് വരെ ആരെയും ഉപദ്രവിച്ചതായി രാമപുരത്തിന്റെ ഹിസ്റ്ററി ബുക്കില്‍ രേഖപ്പെടുത്തിയിട്ടില്ല. സാധാരണ രീതിയില്‍ അടുത്തുള്ള സാമുവലിന്റെ കടയുടെ സൈഡില്‍ കുത്തിയിരിക്കാറാണ് പതിവെങ്കിലും അന്ന് പക്ഷെ പതിവില്ലാതെ കുമാരന്‍ നീങ്ങിയത് ബസ്സ് കാത്തു നിന്ന് കലപില കൂട്ടുന്ന പെണ്‍കുട്ടികളുടെ ഇടയിലേക്കാണ്.
ഡി ടി എസ് എഫെക്ടില്‍ രണ്ടു പൊട്ടിച്ചിരിയും , രണ്ടു കുട്ടിക്കരണം മറിച്ചിലും, അല്ലറ ചില്ലറ നമ്പരുകളും കാട്ടി കുമാരനവിടെയൊരു സീനുണ്ടാക്കി.

ആദ്യം കല്ലി വല്ലി എന്ന് പറഞ്ഞു മൈന്‍ഡ് ചെയ്യാതെ നിന്ന അനില്‍ പക്ഷെ കുമാരന്റെ വിക്രിയകള്‍ കണ്ടു കൂട്ടത്തില്‍ പേടിച്ചു വിറച്ചു നില്‍ക്കുന്ന ലക്ഷ്മിക്കുട്ടിയെ കണ്ടത് അപ്പോഴാണ്‌. ഒരു നിമിഷം കൊണ്ട് അനിലിലെ ഹീറോ സട കുടഞ്ഞെഴുനേറ്റു. പാര്‍ട്ടി ഓഫീസിനു മുന്നില്‍ ജെ സി ബി കണ്ട സി പി ഐയെ പോലെ തന്റെ പ്രൈവറ്റ് പ്രോപ്പര്‍ട്ടിയില്‍ നടക്കുന്ന ഒരു അനധികൃത കടന്നു കേറ്റവും അവനു സഹിക്കാന്‍ കഴിയുമായിരുന്നില്ല. മലയാളം സിനിമകളിലെ സ്ഥിരം ക്ലീഷേ പോലെ, നായികയെ ഭ്രാന്തന്റെ ശല്യത്തില്‍ നിന്ന് രക്ഷിക്കുന്ന നായകനും, അവനോടു ഇന്‍സ്റ്റന്റ് ആയി പ്രേമം തോന്നി, കണ്ടിന്യുവസ് ഷൂട്ട്‌ മോഡിലുള്ള ഡി. എസ്. എല്‍. ആര്‍ ക്യാമറ പോലെ, കണ്ണുകള്‍ അടച്ചു തുറക്കുന്ന നായികയും അനിലിന്റെ മനസ്സിലേക്ക് ഓടിയെത്തി.

പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. സ്ലോ മോഷനില്‍ ഓടി വന്നു ബിഗ്‌ ബി സ്റ്റൈലില്‍ കുമാരന്റെ വയറ്റില്‍ മുട്ടുകാല്‍ കേറ്റി. ഷര്‍ട്ടില്‍ കുത്തിപ്പിടിച്ചു റോഡ്‌ സൈഡില്‍ ഉണ്ടായിരുന്ന ചെങ്കല്‍ കൂനയിലേക്ക് മറിച്ചിട്ടു. അടിയും ഇടിയും അലര്‍ച്ചകളുമായി നിമിഷങ്ങള്‍ കടന്നു പോകവേ മണ്ണാറശാല ആയില്യത്തിനോ ചെട്ടികുളങ്ങര ഭരണിക്കോ ഇല്ലാത്ത ആള്‍ക്കൂട്ടം ജന്ക്ഷനില്‍ തടിച്ചു കൂടി. പക്ഷെ തുടക്കത്തില്‍ കുമാരന്റെ നെന്ജത്തിരുന്നു അറ്റാക്ക് ചെയ്തു കൊണ്ടിരുന്ന അനില്‍ അധികം താമസിയാതെ തന്നെ മനോഹരെട്ടന്റെ നേന്ത്ര പഴങ്ങള്‍ക്കും പുഴുങ്ങിയ കാട മുട്ടകള്‍ക്കും കൂടെ അപമാനം വരുത്തി വെച്ച് കൊണ്ട് നിലത്തേക്ക് തെറിച്ചു വീഴുകയും, 'കൊടുക്കല്‍' നിര്‍ത്തി മൊത്തമായി 'മേടിക്കല്‍' തുടങ്ങുകയും, അലര്‍ച്ച നിര്‍ത്തി കരച്ചില്‍ തുടങ്ങുകയും ചെയ്തതോടെ സംഗതി സീരിയസ് ആയി. ഉണക്കാനിട്ട കൈലി മുണ്ട് കടിച്ചു കീറിയ കുറ്റത്തിന് ചക്കുളത്ത് വളപ്പിലെ കോഴി ദിനേശന്‍ തന്റെ ടിപ്പു പട്ടിയെ പോസ്റ്റില്‍ കെട്ടിയിട്ടു തല്ലിയതില്‍ പിന്നെ അത്രയും വലിയ ഒരു തല്ലുകൊള്ളലും മോങ്ങലും രാമപുരത്തുകാര്‍ കാണുന്നതും കേള്‍ക്കുന്നതും അന്ന് ആദ്യമായിരുന്നു. ഒടുവില്‍ ഇഞ്ചുറി ടൈമില്‍ നാട്ടുകാര്‍ പിടിച്ചു മാറ്റുന്നതിനിടയില്‍ അവസാനമായി പള്ളയ്ക്കു ഒരു ചവിട്ടു കൂടെ കൊടുത്തു കൊണ്ട് കുമാരന്‍ തന്റെ അങ്കം അവസാനിപ്പിച്ചു നല്ല കുട്ടിയായി ആരോ കൊണ്ട് വന്ന ഓട്ടോയില്‍ കയറി പോയി.

അഞ്ചു ദിവസത്തെ ആശുപത്രി വാസത്തിനൊടുവില്‍ പഞ്ചറായ 'എക്സ്''-മസിലുകളെയും, നഞ്ച് കലക്കിയ പുന്ജപ്പാടം പോലെ കലങ്ങിയ വലുതും ചെറുതുമായ അസാരം മര്‍മ്മങ്ങളെയും, വെറും അഞ്ചു മിനിട്ട് കൊണ്ട് പബ്ലിക് റോഡില്‍ വച്ച് പൊളിഞ്ഞു പോയ തന്റെ വണ്‍വേ പ്രണയത്തെയും സാക്ഷി നിര്‍ത്തി അനില്‍ അന്നാദ്യമായി ഒരു ഉറച്ച തീരുമാനം എടുത്തു. ഇനി മേലില്‍ ഭ്രാന്തനായാലും പിച്ചക്കാരനായാലും അവന്റെ അനാട്ടമി മാത്രമല്ല ഹിസ്റ്ററി കൂടി നോക്കിയ ശേഷം മാത്രമേ കൊട്ടേഷന്‍ എടുക്കൂ . ആര്‍മിയില്‍ കമാന്‍ഡോ ആയി വി. ആര്‍. എസ്‌ എടുത്ത ആളായിരുന്നു അരപ്പിരി കുമാരന്‍ എന്നത് പുതു തലമുറയിലെ മറ്റു പല വാലുകളെയും പോലെ അനിലിനും അറിയില്ലായിരുന്നല്ലോ. എന്തായാലും അന്നത്തെ അടിയോടെ ജന്ക്ഷനോടും 93 /5 മൈല്‍ കുറ്റിയോടുമുള്ള ബന്ധം താല്‍ക്കാലികമായെങ്കിലും ഉപേക്ഷിച്ച് അനില്‍ ബോംബയിലുള്ള മൂത്ത അമ്മാവന്റെ അടുത്തേക്ക് പോവുകയും കാലക്രമത്തില്‍ രാമപുരത്തിന്റെ കീര്‍ത്തി നാല് ദിക്കിലേക്കും പരത്തി കൊണ്ട് ഒരു ഫോര്‍മാനായി തീരുകയും ചെയ്തു എന്നത് ചരിത്രം.

തെങ്ങും വിളയിൽ മത്തായി

രാമപുരത്തിന്റെ വടക്കേ അതിരിൽ പുഞ്ചപ്പാടങ്ങളും , തെങ്ങിൻ തോപ്പുകളും അഴക് ചാർത്തുന്ന ഏവൂർ എന്ന കൊച്ചു ഗ്രാമം. അവിടെ സാമാന്യം തെറ്റില്ലാത്ത പി...