Monday, December 21, 2009

അയലേ....ഐ ലവ് യൂ

തലക്കെട്ട്‌ വായിച്ചു 'ഒരു മീനിനെ പോലും വെറുതെ വിടാത്തവന്‍' , എന്ന് വിശേഷിപ്പിക്കാന്‍ വരട്ടെ ട്ടോ...ഇത് സംഭവം വേറെയാ.
അന്ന് ഞാന്‍ ആറാം ക്ലാസ്സില്‍ പഠിക്കുന്നു. സ്കൂളില്‍ പോയി മായ ടീച്ചറിന്റെ പേടിപ്പിക്കലും വീട്ടില്‍ വന്നു ട്യുഷന്‍ എന്ന പേരില്‍ അമ്മയുടെ പീഡിപ്പിക്കലും ഒക്കെയായി ആകെ സഹികെട്ട് ജീവിക്കുന്ന കാലം. അക്കാലത്താണ് എനിക്ക് അല്ബുമിന്റെ അസുഖം പിടിപെട്ടത്‌. ഒരു മാസം സ്കൂളില്‍ വിടെണ്ടാ എന്ന ഡോക്ടറിന്റെ വാക്കുകള്‍ കാതില്‍ അമൃത മഴ പോലെ ആണ് വീണതെങ്കിലും കൂട്ടത്തില്‍ ആ ദ്രോഹി (സോറി ട്ടോ ,,,ദേഷ്യം കൊണ്ട് പറഞ്ഞതാ) ഒന്ന് രണ്ടു പാരകള്‍ കൂടെ വെയ്ക്കാന്‍ മറന്നില്ല.

പാര 1: ഓടുകയോ ചാടുകയോ കളിക്കുകയോ ചെയ്യാന്‍ പാടില്ല..കമ്പ്ലീറ്റ്‌ റസ്റ്റ്‌ വേണം..
പാര 2:രണ്ടു മാസം ഉപ്പു എണ്ണ, മീന്‍, ഇറച്ചി, മുട്ട എന്നിവ കഴിക്കാന്‍ പാടില്ല.
ഠിം...
ഇനി എന്നാത്തിനാ വീട്ടിലിരിക്കുന്നെ.
സ്കൂളിലായിരുന്നെകില്‍ ആരടെ എങ്കിലും പാത്രത്തില്‍ നിന്ന് കൈ ഇട്ടു വാരി എങ്കിലും വായ്ക്ക് രുചിയുള്ള എന്തേലും കഴിക്കാമായിരുന്നു. ഇതിപ്പോ ഒക്കെ പോയില്ലേ. പിന്നെയുള്ള രണ്ടു മാസക്കാലം ശരിക്കും പീഡനങ്ങളുടെതായിരുന്നു .
ഉപ്പില്ലാത്ത കഞ്ഞി, ഉപ്പില്ലാത്ത ചമ്മന്തി, ഉപ്പില്ലാത്ത കാരറ്റ്‌ തോരന്‍, ചുട്ട പപ്പടം ....കൂട്ടിനു....കീഴാര്‍നെല്ലി അരച്ച് കാച്ചിയ പാലും...ഇങ്ങനെ ഒക്കെ ആയി എന്‍റെ ഡെയിലി മെനു.

ബൂസ്റ്റ്‌ കുപ്പിയില്‍ ഇരുന്നു നെല്ലിക്ക അച്ചാറും, മാങ്ങ അച്ചാറും...ഒക്കെ എന്നെ "വാടാ മോനെ കുട്ടാ..." എന്ന് മാടി മാടി വിളിച്ചെങ്കിലും അതിനു മറുപടി കൊടുക്കാന്‍ ബ്ലാക്ക്‌ ക്യാറ്റ്‌ സെക്യൂരിറ്റി പോലെ പിറകെ കൂടിയ ചേച്ചി എന്ന താടക സമ്മതിച്ചില്ല. വൈകാതെ തന്നെ മിക്സ്ച്ചറും , ബിസ്കറ്റും ഒക്കെ ഇട്ടു വെക്കുന്ന പ്ലാസ്റ്റിക്‌ ടിന്നുകള്‍ എന്റെ കയ്യെത്താത്ത തട്ടിന്റെ മുകളിലേക്ക് ചേക്കേറി. അയല പോരിച്ചതിന്ടെം , കോഴി വറുത്തതിന്ടെയും ഒക്കെ മണം അന്നൊക്കെ എനിക്ക് 'ബ്രൂട്ട്' പെര്‍ഫ്യൂമിനേക്കാള്‍ പ്രിയപ്പെട്ടതായിരുന്നു. പക്ഷെ എന്ത് ചെയ്യാന്‍. കൈ അകലത്തില്‍ അവയൊക്കെ തീന്മേശയിലൂടെ ഓടി നടക്കുന്നത് മാത്രം കണ്ടിരിക്കേണ്ടി വരുന്ന ഒരു പതിനൊന്നു വയസ്സുകാരന്റെ വേദന...ശ്ശൊ..പാവം കണ്ണന്‍ :(

വൈകാതെ ക്യാരറ്റ്‌ തോരനും, ഉപ്പ്‌ ലെസ്സ് കഞ്ഞിയും കാണുന്നത് തന്നെ കാള ചോപ്പ് തുണി കാണുന്നത് പോലെയായി. ആഹാരത്തിനോടുള്ള ശുഷ്കാന്തി തീരെ അങ്ങട് കുറഞ്ഞതോടെ ക്ഷീണിച്ചു തലകറങ്ങി വീഴുകയും അതിന്റെ ഫലമായി ആശുപത്രിയിലേക്ക് പ്രൊമോഷന്‍ കിട്ടുകയും വരെ ചെയ്തു അന്നോരീസം. പക്ഷെ ഒന്നല്ല , രണ്ടല്ല.. മൂന്നു കുപ്പി ഗ്ലുകോസ് എന്‍റെ കുഞ്ഞു ഞരമ്പുകളിലൂടെ അന്ന് ഒറ്റ ട്രിപ്പിനു മാലതി സിസ്റ്റര്‍ കയറ്റിയതോടെ....മടിച്ചു മടിച്ചാണെങ്കിലും ഉപ്പില്ലാത്ത കഞ്ഞിയോടു ഞാന്‍ വീണ്ടും സ്നേഹം അഭിനയിച്ചു തുടങ്ങി.

ഒടുവില്‍ കഷ്ട്ടപെട്ടു പണ്ടാരടങ്ങിയ രണ്ടു മാസങ്ങള്‍ക്ക് ശേഷം "എല്ലാം പഴയത് പോലെ കഴിക്കാം, പക്ഷെ ഓവര്‍ ആക്കല്ലെ..", എന്ന വാണിങോടെ വിത്ത്‌ ഹെല്‍ഡ് ആയിരുന്ന എന്‍റെ റേഷന്‍ കാര്‍ഡ് ഡോക്ടര്‍ തിരികെ തന്നു. ജീവിതത്തില്‍ ഏറ്റവും സന്തോഷവും , ആവേശവും തോന്നിയ നിമിഷങ്ങളില്‍ ഒന്ന്. വീട്ടിലെത്തിയതും അടുക്കളയിലേക്കു നൂറേ നൂറ്റിപത്തില്‍ വിട്ട ഓട്ടം അവസാനിച്ചത്‌ രണ്ടു മാസമായി കൈ കൊണ്ട് തൊടാന്‍ അനുവാദം കിട്ടാതിരുന്ന കണ്ണി മാങ്ങ കുപ്പിയെ കെട്ടിപിടിച്ചു 'മിസ്സ്‌ യു ഡാ' എന്ന് പറഞ്ഞു അതിലുണ്ടായിരുന്നതില്‍ ഏറ്റവും വലിയ മാങ്ങ തന്നെ എടുത്തു വായിലിട്ടു കൊണ്ടായിരുന്നു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു . നിമിഷങ്ങള്‍ക്കകം തെരുവ് നായ്ക്കള്‍ കൂട്ടമായി ആക്രമിച്ച മുനിസിപ്പാലിറ്റി വേസ്റ്റ് ബോക്സ്‌ പോലെ ആയി അടുക്കള.

ആക്രാന്തം അല്‍പ്പം ഒന്നടങ്ങിയപ്പോഴാണ് കിഴക്ക് നിന്നും അടുത്ത് വരുന്ന മീന്കാരന്റെ സൈക്കിള്‍ ബെല്‍ കേട്ടത്. അതോടെ അല്‍പ്പം ഒന്നടങ്ങിയ ആവേശം വീണ്ടും ഫോര്‍ത്ത് ഗിയറിലായി.
എവിടെ നിന്നോ തപ്പി എടുത്ത പത്ത് രൂപയുമായി റോഡിലേക്ക് ഓടുമ്പോള്‍ സ്ലോ മോഷനില്‍ മീന്‍ കൊട്ട വെച്ച സൈക്കിളും ചവിട്ടി വരുന്ന സാമുവല്‍ അച്ചായന് , എന്‍റെ കണ്ണില്‍ ഷോലെയിലെ അമിതാബ് ബച്ചന്റെ രൂപമായിരുന്നു.
അച്ചായന്‍ അടുത്തെത്തി.
വടിവൊത്ത ശരീരം...
വലിയ കണ്ണുകള്‍..
നീണ്ടു പരന്ന വാല്‍..
ശ്ശൊ... അയലക്കൊക്കെ മുടിഞ്ഞ ഗ്ലാമര്‍ തന്നെ.
പത്ത് രൂപയ്ക്ക് അയലയും വാങ്ങി തിരികെ അടുക്കളയിലേക്കു പാഞ്ഞു .അമ്മയുടെ കൂടെ കുത്തി ഇരുന്നു അയല വെട്ടി കഴുകി അടുപ്പില്‍ കയറ്റി . കറി ചട്ടിക്കു കാവലിരിക്കുന്ന എന്‍റെ ആക്രാന്തം കണ്ടു ഞാന്‍ അടുപ്പിലെങ്ങാനം വീണു പോവുമോ എന്ന് പേടിച്ചിട്ടാവും പാവം അമ്മ എന്‍റെ തോളില്‍ നിന്ന് കൈ എടുത്തത്തെ ഇല്ല.
രണ്ടു കൊല്ലം കൂടി സൌദിയില്‍ നിന്നും ഗള്‍ഫ് എയര്‍ വിമാനത്തില്‍ വന്നിറങ്ങുന്ന ദാസേട്ടനെ കാത്തു അറൈവല്‍ ഗേറ്റില്‍ നില്‍ക്കുന്ന മീന ചെചിയൊക്കെ എന്‍റെ കാത്തിരിപ്പിന് മുന്നില്‍ എത്ര ഭേദം.
അങ്ങനെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ചൂടാറാത്ത അയലക്കറി കപ്പയോടൊപ്പം ഡൈനിങ്ങ്‌ ടേബിളില്‍ രാജകീയമായി സ്ഥാനം പിടിച്ചു. പക്ഷെ അഞ്ചു മിനിട്ട് തികച്ചു ആ ഇരുപ്പിരിക്കാന്‍ പാവത്തിന് യോഗമുണ്ടായിരുന്നില്ല. അതിനു മുന്‍പ് തന്നെ അയലപാത്രം കൊയ്ത്തു കഴിഞ്ഞ മുന്ടക പാടം പോലെ ആയിരുന്നു.

കാര്യം എന്തൊക്കെ ആയാലും അന്ന് കഴിച്ച അയലക്കറി. .സത്യായിട്ടും ജീവിതത്തില്‍ അത്രേം സ്വാദ് അതിനു മുന്‍പോ പിന്‍പോ ഒന്നിനും തോന്നിയിട്ടില്യ. പക്ഷെ ഒറ്റ ഇരുപ്പിന് രണ്ടു അയല തീര്‍ത്ത എന്‍റെ കഴിപ്പിന്റെ ഭംഗി കൊണ്ടാവാം...ആ വീട്ടിലെ ആരും, എന്തിനു ടോമ്മി (വീട്ടിലെ പട്ടി) പോലും പിന്നെ കുറെ നാളത്തെക്ക് അയല കണ്ടാല്‍ തിരിഞ്ഞു നോക്കില്യായിരുന്നു .

Tuesday, December 1, 2009

അക്കുവാണ് താരം


                     രാമനാശാരീടെ മോന്‍ ആര്യൻ കുമാര്‍ എന്ന അക്കു നാട്ടില്‍ പ്രസിദ്ധനായത്‌ തന്‍റെ കൂടെപിറപ്പായ സൈക്കിളില്‍ കാഴ്ചവച്ചിരുന്ന ഒടുക്കത്തെ പ്രകടനങ്ങളുടെ പേരിലായിരുന്നു. സ്വതവേ ശാന്തശീലനും, എള്ളോളം  അലസനും സര്‍വ്വോപരി  പരോപകാരിയുമായിരുന്ന അക്കുവിന്റെ ട്രേഡ്മാര്‍ക്ക്  ആയിരുന്നു  പാരമ്പര്യമായി കിട്ടിയ തുരുമ്പു പിടിച്ച  ആ ഹെര്‍ക്കുലീസ്‌ സൈക്കിള്‍. പൊതുവേ  മര്യാദയ്ക്ക് സൈക്കിള്‍ ചവിട്ടിയിരുന്ന അക്കു വയലന്റ് ആവുന്നത് തന്റെ വിഷ് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന  ശോഭന, വിജയ, സൌമ്യ, സന്ധ്യ തുടങ്ങിയ പരിസരത്തെ ജൂനിയര്‍ ഐശ്വര്യ റായിമാരെ  കാണുമ്പോഴാണ്. 


              തന്റെ ടെക്നിക്കൽ ആൻഡ് സോഫ്റ്റ് സ്‌കിൽസ് കാട്ടി കൊടുത്തു ക്ടാങ്ങളെ കൊണ്ട് ....വൗ ...എന്ന് പറയിപ്പിക്കുവാനായി അവനെന്തും ചെയ്യുമായിരുന്നു. രണ്ടു കയ്യും വിട്ടു ചവിട്ടുക, ഹാന്റിലില്‍  കാലെടുത്തു വെച്ച് ഓടിക്കുക, ഓടുന്ന സൈക്കിളിന്റെ  കാരിയറില്‍ കയറി നിന്ന് ടാറ്റ കാണിക്കുക  തുടങ്ങി പലവിധ റെയർ ആൻഡ് ഹൊറർ ഐറ്റംസ്  ഈ കിളിക്കുഞ്ഞുങ്ങൾക്കായി   അക്കു കാലാകാലങ്ങളില്‍  കാഴ്ചവച്ചിരുന്നു.

 ഒരിക്കല്‍ ട്യുഷന് പോവാന്‍ റോഡിലൂടെ നടന്നു പോയ സന്ധ്യയെ കണ്ടു തിരിഞ്ഞിരുന്നു സൈക്കിള്‍  ചവിട്ടി കൈതക്കാട്ടില്‍ ചെന്ന് കയറിയതും, കൈതമുള്ള്  കൊണ്ട് ബോഡി പയിന്റില്‍ സ്ക്രാച്ച് വീണതും ഒന്നും  അക്കുവിന്റെ പ്രതിഭയെ കൂടുതല്‍ ശക്തനാക്കിയതല്ലാതെ തളര്‍ത്തിയില്ല. 

എന്തിനേറെ പറയുന്നു.. 'അക്കുവിനെ പോലെ സൈക്കിള്‍  ചവിട്ടാന്‍ അറിയാമെങ്കിൽ  പരിഗണിക്കാം '... എന്ന് പെണ്‍കുട്ടികള്‍ തങ്ങളെ ശല്യപ്പെടുത്തുന്ന പൂവാലന്മാരെ ഒതുക്കാനായി പറയുക വരെ ചെയ്തിരുന്നു അന്നൊക്കെ.


അങ്ങനെയിരിക്കെയാണ് രാമപുരം ക്ഷേത്രത്തില്‍ മീനഭരണി ഉത്സവം വന്നെത്തിയത്. വടക്കേകരയുടെ കെട്ടുകാഴ്ചയും കാവടിയും ഒക്കെ എല്ലാ കൊല്ലവും പുറപ്പെടാന്‍ തുടങ്ങുന്നത് എന്റെ തറവാടിനു മുന്നിലുള്ള കലുങ്ക് ജംക്ഷനിൽ  നിന്നാണ് . ഉച്ചയ്ക്ക് തന്നെ  അമ്മൻകുടവും , പൂക്കാവടിയും, കെട്ടു കുതിരയും ഒക്കെ റോഡില്‍ പുറപ്പെടാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി തുടങ്ങി. അത്   കാണുവാനായി റോഡിനിരുവശം ആബാലവൃദ്ധം ജനങ്ങളും നിരന്നത്തോടെ  ആകെ കൂടെ റോഡില്‍ ഒരു ഉത്സവത്തിന്റെ പ്രതീതി. മഞ്ജുവും പിഞ്ചുവും എന്ന് വേണ്ട അക്കുവിന്റെ ലിസ്റ്റിലെ എല്ലാ പെരുകാരും അവിടെ ഹാജരുണ്ട്. 
അപ്പോഴാണ്‌ തെക്ക് നിന്നും   ജങ്ക്ഷനില്‍  വന്നു ചേരുന്ന ഗ്രാവലിട്ട കൈവഴിയിലൂടെ നീട്ടി ബെല്ലടിച്ചു കൊണ്ട് നമ്മുടെ കഥാനായകന്റെ രംഗപ്രവേശം. 
ദൂരെ നിന്നുള്ള  സ്കാന്നിങ്ങില്‍ തന്നെ സന്ധ്യയും സൌമ്യയും ഉള്‍പ്പടെ കിളികളുടെ ഒരു ചാകര തന്നെ കണ്ണില്‍ പെട്ടതോടെ അക്കുവിലെ സൈക്കിള്‍ അഭ്യാസി ഉണര്‍ന്നു. തന്റെ കിടിലന്‍  പ്രകടനം കണ്ടു കോരി തരിച്ചു തന്നെ സ്വപ്നം കാണുന്ന കുമാരിമാരെ മനക്കണ്ണില്‍ കണ്ടതോടെ അക്കുവൊരു അക്ഷയ്‌ കുമാറായി മാറി. ഇടവഴി  പ്രധാന റോഡിലേക്ക് വന്നു ചേരുന്നത് സാമാന്യം നല്ല ഒരു കയറ്റമാണ്. ഇടതു ഭാഗത്ത് കൂടെ കൈത്തോടും ഉണ്ട്. തുരു തുരെ ബെല്ലടിച്ചു സദസ്സിന്റെ ശ്രദ്ധ ആകര്‍ഷിച്ചു കൊണ്ട് അക്കു സൈക്കിളിനു  വേഗത കൂട്ടി. കണ്ണിമയ്ക്കാതെ നോക്കി നില്‍ക്കുന്ന കാണികളെ കണ്ട ആവേശത്തില്‍ എഴുനേറ്റു  നിന്ന് രണ്ടു കയ്യും വിട്ടു അക്കു ജന്ക്ഷനിലെ കയറ്റം പാഞ്ഞു കയറി. 

 ഠിം....!  ക്ലിം.....ടപ്പേ..!

പിന്നെ എല്ലാം പെട്ടെന്നായിരുന്നു. 

റോഡിനു സൈഡില്‍ കാലത്ത് ടെലിഫോണ്‍ കേബിള്‍ ഇടാന്‍ വേണ്ടി നീളത്തില്‍ കുഴിയെടുത്തു പോയത്  പാവം അക്കു അറിഞ്ഞിരുന്നില്ല. പാഞ്ഞു വന്നു കുഴിയില്‍ ചാടിയ സൈക്കിളിന്റെ മുന്‍ ചക്രം തൊണ്ണൂറു  ഡിഗ്രി  വെട്ടി തിരിഞ്ഞു  കുഴിയില്‍ വീഴുകയും പിന്‍ചക്രം തൊണ്ണൂറു ഡിഗ്രി മുകളിലേക്കുയരുകയും ചെയ്തതിന്റെ ഫലമായി നൊടിയിടയില്‍... മായാവിയെപ്പോലെ പറന്നു വന്നു അക്കു റോഡിനു നടുവില്‍ ലാന്‍ഡ്‌ ചെയ്തു.

 അടിപൊളി...

സൂപ്പര്‍ ലാന്ടിംഗ്!

 ..പക്ഷെ ഒരു വ്യത്യാസം  മാത്രം.

 ബാലരമയിലെ മായാവിക്ക് തന്റെ സ്ഥിരം യൂണിഫോം ആയി ഒരു സെക്കന്റ്‌ പേപ്പര്‍ സ്ഥിരമായി  ഉണ്ടായിരുന്നെങ്കില്‍ ....ചാട്ടത്തിനിടയിൽ  മുണ്ട് സൈക്കിളില്‍ കുരുങ്ങി അഴിഞ്ഞു പോയ അക്കുവിനു അതില്ലായിരുന്നു !


ഒരു നിമിഷം കൈ വിട്ടു പോയ ബോധം തിരികെ കിട്ടിയ അക്കു കണ്ടത് തന്റെ  'പ്രകടനം' കണ്ടു കുന്തം വിഴുങ്ങിയത് പോലെ നില്‍ക്കുന്ന നാട്ടുകാരെയാണ്. അക്കു പെണ്‍കുട്ടികളുടെ ഇടയിലേക്ക് ദയനീയമായി പാളി നോക്കി....അതാ..സൌമ്യയും സന്ധ്യയും...ബയോളജി ക്ലാസ്സില്‍ പിന്‍ കുത്തി  കുരിശില്‍ തറച്ച തവളയെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന കൌതുകത്തോടെ തന്നെ ആകെ മൊത്തം നിരീക്ഷിക്കുന്നു. 


    നാണം മറയ്ക്കുവാനായി അക്കു നേരെ കൈത്തോട്ടിലേക്ക് എടുത്തു ചാടി. പക്ഷെ വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ. കെട്ടു കുതിര പോവുമ്പോള്‍ മുകളില്‍ തട്ടാതെ ഇരിക്കുവാനായി   മാവിന്റെ താഴ്ന്ന ചില്ലകള്‍ മുറിച്ചു തോട്ടിലേക്ക് തള്ളിയിട്ടു പണിക്കരേട്ടന്‍ അങ്ങോട്ട്‌ മാറിയിട്ട്  ഉണ്ടായിരുന്നുള്ളൂ. സേഫ്ടി ഫിറ്റിങ്സ്   ഒന്നും തന്നെ ഇല്ലാതെ തോട്ടില്‍ കിടന്ന  മാവിന്റെ കൊമ്പില്‍ ആയത്തില്‍  വന്നു അക്കുവിന്റെ അടിപൊളി ലാന്ടിംഗ്.

 ...ശരിക്കും കുന്തത്തിന്റെ മുകളില്‍ ഇരിക്കുന്ന ലുട്ടാപ്പി തന്നെ!

പക്ഷെ ഒരു വിത്യാസം മാത്രം..!

ലുട്ടാപ്പിക്കും ഒരു സെക്കന്റ്‌ പേപ്പര്‍ സ്ഥിരമായി ഉണ്ടായിരുന്നു!

ഇന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ഹരിപ്പാട് തന്നെ ഉള്ള ഒരു   ക്ഷേത്രത്തിലെ ജീവനക്കാരനായ അക്കുവിന്റെ കറുത്ത ഹീറോ ഹോണ്ട സ്‌പ്ലെൻഡർ  വഴിയില്‍ കണ്ടാല്‍ ഇത്തിരിയില്ലാത്ത  പീക്കിരികള്‍ വരെ വിളിച്ചു കൂവും.. 

ആക്കൂ ..മച്ചാ....കൈ വിട്ടു ഓടിക്കെടാ...!

തെങ്ങും വിളയിൽ മത്തായി

രാമപുരത്തിന്റെ വടക്കേ അതിരിൽ പുഞ്ചപ്പാടങ്ങളും , തെങ്ങിൻ തോപ്പുകളും അഴക് ചാർത്തുന്ന ഏവൂർ എന്ന കൊച്ചു ഗ്രാമം. അവിടെ സാമാന്യം തെറ്റില്ലാത്ത പി...