Monday, August 30, 2010

പാറുക്കുട്ടി

തൊടിയിലെ ചുവന്ന പൂവിട്ട ചെമ്പകം കിഴക്കോട്ടു ചാഞ്ഞു നിന്നത് കിഴക്കേ വീട്ടിലെ പാറുക്കുട്ടിക്ക് പൂ വേണോ എന്ന് ചോദിക്കാനായിരുന്നു. പൊതുവേ വരണ്ടു പെയ്യാതെ മടിച്ചു നിന്നിരുന്ന വൃശ്ചിക മേഘങ്ങള്‍ ഇന്നലെ പതിവില്ലാതെ പെയ്തിറങ്ങിയത്‌ ഈറനണിഞ്ഞു നിന്നാല്‍ പാറുവിന്റെ  സൌന്ദര്യം പതിന്മടങ്ങാവും എന്ന് കാട്ടി തരാന്‍ വേണ്ടിയായിരുന്നു.

അങ്ങനെ പോക്കുവെയിലിനും, പുലരിമഞ്ഞിനും, കാറ്റിനും, കമുകിനും കാണുന്നതിനൊക്കെയും  അവളെ ചേര്‍ത്ത് അർഥങ്ങൾ  കണ്ടു തുടങ്ങിയതോടെ ഒന്ന് മനസ്സിലായി... എനിക്ക് പാറുക്കുട്ടിയെ ഒത്തിരി ഇഷ്ടമാണെന്ന്.കറ്റ കൊയ്തു കൂട്ടിയിട്ടിരിക്കുന്ന കിഴക്കെക്കാരുടെ പറമ്പിലൂടെ പാറുക്കുട്ടി ഓടി നടക്കുന്നത് വേലിക്ക് ഇപ്പുറത്ത് നിന്ന് എത്രയോ തവണ നോക്കി നിന്നിട്ടുണ്ട്. പോയി ഇങ്ങു  കൂട്ടി കൊണ്ട് വന്നാലോ എന്ന് കരുതും. പക്ഷെ അതിനൊള്ള ധൈര്യം മാത്രം ഇതുവരെ ഉണ്ടായിട്ടില്ല. മന്ദാരത്തിന്റെ ചില്ലയില്‍ കൂട് കൂട്ടിയ മൂളക്കുരുവിയുടെ കൂട് നോക്കുന്നത് പോലെ, ചെമ്പോട്ടിയുടെ വേരില്‍ പിടിച്ചു വളരാന്‍ തുടങ്ങുന്ന പുതിയ ചിതല്‍ പുറ്റ് പൊടിയാതെ നോക്കുന്നത് പോലെ പാറുക്കുട്ടിയോടുള്ള  ഇഷ്ടത്തെയും ഞാന്‍ കാത്തു കാത്തു വെച്ചു. ഇടയ്ക്കൊന്നു എടുത്തു നോക്കി തേച്ചു മിനുക്കി നിറം മങ്ങാതെ ആ ഇഷ്ടത്തെ വളര്‍ത്തി എടുത്തു.ഒടുവിൽ ഒരു ദിവസം  പാറുവിനേം അമ്മയെയും  വിളിച്ചു കൊണ്ട്  പോവാന്‍ പത്തിയൂര് നിന്നും  ആരോ വണ്ടീംവണ്ടിയും ഒക്കെയായി എത്തിയിട്ടുണ്ട്  എന്നറിഞ്ഞപ്പോ ചങ്ക് പൊട്ടി പോവുന്ന പോലെ തോന്നി. പാറൂനെ കൊണ്ട് പോവാൻ  സമ്മതിക്കല്ലേ എന്ന് അച്ചച്ചനോട് പറയുമ്പോ കണ്ണ് നിറഞ്ഞിരുന്നു. പക്ഷെ അച്ഛച്ചൻ  ചിരിച്ചു, എന്‍റെ നെറ്റിയില്‍ തലോടി, ചേര്‍ത്ത് പിടിച്ചു, പിന്നെ എന്നെയും  കൊണ്ട് കിഴക്കേ വീട്ടിലേക്കു നടന്നു.


ചെന്നപ്പോൾ തന്നെ  കണ്ടു വീടിന്  മുന്നില്‍ വണ്ടി നിര്‍ത്തിയിട്ടിരിക്കുന്നു . റോഡിലും ഒന്ന് രണ്ടു പേര് നിൽക്കുന്നു . ആരുടേയും  മുഖത്തേക്ക് നോക്കാതെ തലകുനിച്ചു വാതില്‍ക്കലേക്ക് നടന്നു.


എന്താ ദേവേട്ടാ ..പതിവില്ലാതെ,

ആഹാ കണ്ണനും ഉണ്ടല്ലോ കൂടെ... മോനിന്നു സ്കൂളില്ലാരുന്നോടാ ...


കിഴക്കേലെ ശാരദേടത്തി ഞങ്ങളെ കണ്ടു ചിരിച്ചു കൊണ്ട്  മുറ്റത്തേക്കിറങ്ങി വന്നു...ലക്ഷ്മീം പാറൂം ഇന്ന് പോവാണ്  അല്ലെ ?

ഉവ്വ്... അവരെ കൊണ്ട് പോവാനാ  ദെ വണ്ടി.... പത്തിയൂര്‍ക്കാ...!അച്ചാച്ചന്റെ ചോദ്യത്തിന് ശാരദേടത്തിയുടെ  അലസമായ മറുപടി കേട്ടപ്പോ എനിക്കവരോട് വല്ലാതെ  ദേഷ്യം തോന്നി.

നല്ല മിടു മിടുക്കി കുട്ടിയാ  ... ഇവന്  അവള് പോവുന്ന കാര്യം അറിഞ്ഞപ്പോ വല്യ വിഷമം. അവനെ ഒന്ന് കൂടെ  കാണിക്കാം എന്ന്  കരുതി കൊണ്ട് വന്നതാ ... അച്ചച്ചന്‍ ചിരിച്ചു.


അതിനെന്താ .. കാണാലോ...വാ മോനെ...


എത്ര കിട്ടീ..?? അച്ചച്ചന്‍ റോഡില്‍ കിടന്ന വണ്ടിയിലേക്ക് നോക്കി ഏടത്തിയോടായി ചോദിച്ചു...

പന്ത്രണ്ടു അഞ്ഞൂറ് ..!


ശാരദേടത്തി  എന്‍റെ കയ്യില്‍ പിടിച്ചു കൊണ്ട് വടക്കേപുറത്തുള്ള തൊഴുത്തിലേക്ക്‌ നടന്നു.

Monday, August 16, 2010

മിനിക്കുട്ടീടെ പട്ടം, നൂല് പൊട്ടിയ സ്വപ്നം

ശ്രീധരേട്ടന്റെയും വീണേച്ചിയുടെയും ഒറ്റ മോളായിരുന്നു ഗോപികാ ശ്രീധര്‍ എന്ന മിനിക്കുട്ടി. എല്ലാവരോടും സ്നേഹോം ബഹുമാനോം ഒക്കെ കാട്ടി പെരുമാറുന്ന എല്ലാവരുടെയും ഒമാനയായിരുന്ന മിടുക്കി കുട്ടി. പി ഡബ്ലിയു ഡി എന്‍ജിനീയറായ ശ്രീധരേട്ടനും സാമാന്യം തിരക്കുള്ള ഒരു സര്‍ജന്‍ ആയ വീണേച്ചിയും ജോലിയുടെ ഭാഗമായി എറണാകുളത്താണ് താമസിക്കുന്നത്. മിനിക്കുട്ടിക്കു വെനലവധിക്കാലമായാല്‍ ഒന്ന് രണ്ടാഴ്ച നഗരത്തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞു ശ്രീധരേട്ടന്‍ കുടുംബസമേതം തറവാട്ടിലെത്തും. പിന്നെ മടങ്ങിപ്പോവും വരെ തറവാട്ടിലെന്നും ഉത്സവം തന്നെയാണ്. പാടത്തെ പണിക്കാരോടൊപ്പം കിളയ്ക്കാന്‍ കൂടുന്നത് മുതല്‍ ,പയ്യിനു പുല്ലരിയാനും, അപ്പുമോനോടൊപ്പം ഓലപന്തു കളിക്കാനും വരെ ശ്രീധരേട്ടന്‍ മുന്നിലുണ്ടാവും. നാട്ടിന്‍പുറത്തെ തണുത്ത ജീവിതവും, വെള്ളക്കെട്ടും , ചെളി മണവും ഒന്നുമത്ര ഇഷ്ടമല്ലെങ്കിലും ശ്രീധരേട്ടന്റെ ജനിച്ച മണ്ണിനോടുള്ള തീരാത്ത ഇഷ്ടം മനസ്സിലാക്കി ഒന്ന് രണ്ടാഴ്ച സ്വയം നിയന്ത്രിച്ചു ഗ്രാമത്തിന്റെ പരിമിതികളിലേക്ക്‌ വീണേച്ചിയും അങ്ങ് ഒതുങ്ങും.

മിനിക്കുട്ടിയും തറവാട്ടില്‍ എത്തിയാല്‍ പിന്നെ തനി നാട്ടിന്‍പുറത്ത്കാരി കുട്ടിയാ. അച്ചമ്മയോടൊപ്പം നാലര നാഴികയ്ക്ക് ഉണര്‍ന്നു കുളിച്ചു അമ്പലത്തില്‍ തിരി വയ്ക്കാന്‍ പോവും, വാസുവേട്ടന്‍ പയ്യിനെ പിഴിയുമ്പോ സംശയോം ചോദിച്ചു കൂടെ നില്‍ക്കും, കവിതയപ്പേടെ ഒപ്പം പാവാടയ്ക്കു തുന്നല് വയ്ക്കാന്‍ കൂടും. തുമ്പിയോടും തുമ്പയോടുമൊക്കെ കിന്നാരവും പറഞ്ഞു പറമ്പില്‍ കളിക്കാന്‍ വരുന്ന പിള്ളേരോടൊപ്പം രാവന്തി വരെ പറമ്പില്‍ തന്നെയാവും. മിക്കവാറും എല്ലാ ദിവസവും രാത്രി വീണേച്ചിടെ കയ്യിനു കണക്കിന് കിട്ടാറും ഉണ്ട് ഈ കുത്തിമറിയലിനു ഒക്കെ . എങ്കിലും ശ്രീധരേട്ടന്‍ എല്ലാത്തിനും മിനിക്കുട്ടിക്കു കൂട്ടായിരുന്നു. തന്‍റെ മകളും തന്നെപ്പോലെ നാടിന്റെ നന്മ കണ്ടറിഞ്ഞു വളരണം എന്ന് അച്ഛമ്മയോട്‌ ശ്രീധരേട്ടന്‍ ഇടയ്ക്ക് പറയാറുണ്ട്‌. തിരികെ നഗരത്തിലെത്തിയാല്‍ ഫ്ലാറ്റിലെ തന്റെ മുറിയില്‍ ഏതെങ്കിലും പുസ്തകമോ കളിപ്പാട്ടമോ വെച്ച് ഒതുങ്ങിക്കൂടുന്ന മിനിക്കുട്ടിയുടെ നാട്ടിലെത്തിയാല്‍ ഉള്ള മാറ്റം ശ്രീധരേട്ടന് ഒരു അത്ഭുതമായിരുന്നു. മോള്‍ക്ക്‌ ഒരു പതിനഞ്ചു വയസ്സാവുമ്പോഴേക്കു എല്ലാം നിര്‍ത്തി തറവാട്ടിന്റെ അടുത്ത് വന്നു ഒരു വീട് വയ്ക്കണം എന്ന് ശ്രീധരേട്ടന്‍ എപ്പോഴും പറയും. പക്ഷെ വീണേച്ചിയെ ശരിക്കറിയാവുന്നത് കൊണ്ട് അതൊന്നും ഒരിക്കലും നടക്കാന്‍ പോവുന്നില്ലെന്ന് തറവാട്ടില്‍ എല്ലാവര്‍ക്കും അറിയാം.

മിനിക്കുട്ടി തറവാട്ടില്‍ എത്തി എന്നറിഞ്ഞാല്‍ പിന്നെ അയലോക്കത്തുള്ള കുഞ്ഞു പിള്ളേരൊക്കെ തറവാട്ടു പറമ്പിനു ചുറ്റും അടുത്ത് കൂടും. വിശാലമായി കിടക്കുന്ന പറമ്പില്‍ കളിയ്ക്കാന്‍ അച്ഛമ്മ അവര്‍ക്ക് താല്‍ക്കാലിക അനുമതി നല്‍കുന്നത് തന്നെ മിനിക്കുട്ടി വരുമ്പോ മാത്രമായിരുന്നു. അമ്പലത്തിനു കിഴക്ക് വശത്തുള്ള പതിനാറു പറ പാടത്തിനക്കരെ താമസിക്കുന്ന കൂലിപ്പണിക്കാരന്‍ ചന്ദ്രന്‍റെ മോന്‍ വിഷ്ണുവും അവരില്‍ ഒരാളായിരുന്നു. അഞ്ചാം ക്ലാസ്സിലാണ് പഠിക്കുന്നതെങ്കിലും പ്രായത്തില്‍ കവിഞ്ഞ പക്വതയുള്ള കുട്ടി. അവന്‍ തന്നെയാണ് പരിസരത്തെ കുട്ടി പട്ടാളത്തിന്റെ നേതാവും.മിനിക്കുട്ടിയേം കളിക്കിടയില്‍ അപകടത്തിലൊന്നും ചാടാതെ അവന്‍ പ്രത്യേകം ശ്രദ്ധിക്കും. അത് കൊണ്ട് തന്നെ ശ്രീധരേട്ടനും അച്ഛമ്മയ്ക്കും ഒക്കെ അവനെ വല്യ കാര്യായിരുന്നു. പക്ഷെ ഒരീസം കളിക്കിടയില്‍ എങ്ങിനെയോ മറിഞ്ഞു വീണു കൈമുട്ട് പൊട്ടിയ മിനിക്കുട്ടിയെ താങ്ങിയെടുത്തു കൊണ്ട് വീട്ടുമുറ്റത്തെത്തിയ വിഷ്ണുവിനെ വീണേച്ചി കണക്കിന് തല്ലി. കൊച്ചിനെ എടുത്തതിനും, മറിച്ചിട്ടതിനും ഒക്കെ എണ്ണം പറഞ്ഞു തല്ലിയ വീണേച്ചിയെ ശ്രീധരേട്ടനാണ് ഓടി വന്നു പിടിച്ചു മാറ്റിയത്. വിങ്ങി കരഞ്ഞു കൊണ്ട് നിന്ന വിഷ്ണുവിനെ പിടിച്ചു നിര്‍ത്തി ആശ്വസിപ്പിക്കാന്‍ ശ്രീധരേട്ടന്‍ ശ്രമിച്ചെങ്കിലും അവന്‍ കരഞ്ഞു കൊണ്ട് ഓടിപ്പോയി. അതില്‍ പിന്നെ കുറെ ദിവസം വിഷ്ണു തറവാട്ടിലേക്ക് വന്നതേയില്ല. ഒടുവില്‍ ടൌണില്‍ നിന്നു വാങ്ങിയ പുതിയ ഉടുപ്പും ട്രൌസറും ഒക്കെയായി ശ്രീധരേട്ടന്‍ തന്നെ അവന്‍റെ വീട്ടില്‍ പോയി അവനെ സമാധാനിപ്പിച്ചു.കുട്ടികള് വിഷമം ഒക്കെ പെട്ടെന്ന് തന്നെ മറക്കുമല്ലോ. വിഷ്ണു വീണ്ടും തറവാട്ടില്‍ കളിയ്ക്കാന്‍ വരാന്‍ തുടങ്ങി. മിനിക്കുട്ടിയെ അവന്‍ കവുങ്ങിന്റെ പാളയില്‍ വെച്ച് പറമ്പ് മുഴുവന്‍ വലിച്ചോണ്ട് നടക്കും. കിഴക്കേ തൊടിയിലെ വല്യ ചെമ്പകത്തില്‍ നിന്ന് പൂ പറിച്ചു കൊടുക്കും. പറമ്പിനു അതിരിട്ടു നില്‍ക്കുന്ന കസ്തൂരി മാവില്‍ നിന്നു പൊഴിഞ്ഞു വീഴുന്ന പഴുത്ത മാമ്പഴം എടുത്തു വെച്ച് ആരും കാണാതെ കൊണ്ട് കൊടുക്കും..

വേനല് തുടങ്ങി കഴിഞ്ഞാല്‍ പിന്നെ പിള്ളേര്‍ക്കൊക്കെ ഹരം പട്ടം പറത്തലിലാണ്. വൈകുന്നേരമായാല്‍ മീനച്ചൂടില്‍ വരണ്ടുണങ്ങി കിടക്കുന്ന പതിനാറു പറ പാടത്ത് പിള്ളേരെല്ലാം പട്ടം പറത്താനിറങ്ങും. പക്ഷെ തറവാട്ടു വളപ്പിനു പുറത്തേക്കു പോവാന്‍ വീണേച്ചി അനുവദിക്കാത്തത് കൊണ്ട് വയലിലൂടെ പട്ടവുമായി പാറി നടക്കുന്ന കുട്ടികളെ, വേലിക്കല്‍ ചെന്ന് നിന്ന് കൊതിയോടെ നോക്കി നില്‍ക്കാനേ പാവം മിനിക്കുട്ടിക്ക് കഴിയാറുള്ളു. അത് കണ്ടു വിഷമം തോന്നിയിട്ടാവും ഒരു ദിവസം വിഷ്ണു വന്നത് കയ്യിലൊരു പട്ടവും കൊണ്ടായിരുന്നു. നീല നിറവും, ചോപ്പ് ഇരട്ട വാലുമുള്ള നല്ലൊരു പട്ടം. അത് കയ്യില്‍ കിട്ടിയ മിനിക്കുട്ടിക്കു സന്തോഷം അടക്കാനായില്ല. അമ്മയുടെ വിലക്കൊക്കെ മറന്നു അവളും പാടത്തേക്കോടി. അന്തി മയങ്ങിയ നേരത്ത്
പട്ടവുമായി വയലില്‍ നില്‍ക്കുന്ന മിനിക്കുട്ടിയെ കണ്ടു കൊണ്ടാണ് പുറത്തു പോയിരുന്ന വീണേച്ചിയും ശ്രീധരേട്ടനും മടങ്ങി വന്നത്. പുളിമരത്തിന്റെ കമ്പ് കൊണ്ട് വീണേച്ചിയുടെ കയ്യില്‍ നിന്നു മിനിക്കുട്ടിക്കു അന്ന് കണക്കിന് കിട്ടി. ശ്രീധരേട്ടന്‍ നിസ്സഹായനായി നോക്കി നിന്നു. അന്ന് മുതല്‍ പാവം മിനിക്കുട്ടിക്കു പറമ്പില്‍ കളിക്കാനുള്ള അനുവാദം കൂടി നഷ്ടപ്പെട്ടു. വീണേച്ചിയെ പേടിച്ചു കുട്ടികളാരും തന്നെ തറവാട്ടിലേക്ക് വരാതായി. എങ്കിലും അവധി കഴിഞ്ഞു തിരികെപ്പോവുന്ന അന്ന് വീണേച്ചി കാണാതെ മിനിക്കുട്ടിയെ കാണാന്‍ വിഷ്ണു വന്നിരുന്നു. അന്ന് കാലത്ത് വീണ നാലഞ്ചു കസ്തൂരി മാങ്ങയും അവന്‍റെ കയ്യിലുണ്ടായിരുന്നു. അടുത്ത വേനലവധിയാവുംപോഴേക്കും മിനിക്കുട്ടി വല്യ കുട്ടിയാവുമെന്നും, അപ്പൊ പട്ടം പറത്താന്‍ കൊണ്ട് പോവാമെന്നും അവന്‍ മിനിക്കുട്ടിക്കു വാക്ക് കൊടുത്തു.
പറന്നു നടക്കുന്ന പട്ടങ്ങളും, പഴുത്തു തുടുത്തു പൊഴിഞ്ഞു വീഴുന്ന കസ്തൂരി മാങ്ങകളും, കൂവളവും നന്ദ്യാര്‍വട്ടവും കണിയൊരുക്കുന്ന തറവാട്ടു തൊടിയുമൊക്കെയായി അടുത്ത വേനലവധിക്കാലം വേഗം മടങ്ങിയെത്തുമെന്ന പ്രതീക്ഷയോടെ മിനിക്കുട്ടി പഠനത്തിന്റെയും തിരക്കിന്റെയും ലോകത്തിലേക്ക്‌ മടങ്ങിപ്പോയി.

ഇടവപ്പാതിയും , ഓണക്കൊയ്തും, തുലാവര്‍ഷവും, മകരക്കുളിരും ഒക്കെ കടന്നു മറ്റൊരു വേനലവധി വീണ്ടും വന്നെത്തി. പ്രതീക്ഷയുടെയും സ്വപ്നങ്ങളുടെയും ചിറകിലേറി പതിവ് പോലെ മിനിക്കുട്ടിയും വീണ്ടും തറവാട്ടിലെത്തി. വീണേച്ചിക്ക് ഒരുപാട് ജോലിത്തിരക്ക് ആയതു കാരണം ഇത്തവണ കൂട്ടിനു ശ്രീധരേട്ടന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തറവാട്ടില്‍ എത്തിയ അന്ന് തന്നെ പറമ്പിനു ചുറ്റും കറങ്ങി നടന്നു മിനിക്കുട്ടി താന്‍ വന്ന വിവരം കൂട്ടുകാരെയൊക്കെ അറിയിക്കാന്‍ ശ്രമിച്ചെങ്കിലും അയലോക്കത്തെ കുട്ടികളെ ആരെയും എവിടെയും കണ്ടില്ല. രണ്ടു മൂന്നു ദിവസം കഴിഞ്ഞിട്ടും ആരെയും കാണാതെ വന്നത് കൊണ്ട് വൈകിട്ട് തൊടിയിലെ വേലിക്കരികിലെത്തി മിനിക്കുട്ടി പാടത്തേക്കു നോക്കി. അവിടെ നാലഞ്ചു കുട്ടികള്‍ പട്ടം പറത്തി കളിക്കുനുണ്ട്. എങ്കിലും പരിചയമുള്ള ആരെയും കണ്ടില്ല. നിരാശയോടെ തല കുമ്പിട്ടു വടക്കേ വരാന്തയില്‍ വന്നിരിക്കുന്ന മിനികുട്ടിയെ കണ്ടു കൊണ്ടാണ് ശ്രീധരേട്ടന്‍ കയറി വന്നത്. അടുത്ത് ചെന്ന് കാര്യം തിരക്കിയപ്പോഴാണ്‌ എന്നത്തേയും പോലെ കുട്ടികള്‍ ആരും വരുന്നില്ല എന്ന കാര്യം ശ്രീധരേട്ടനും ശ്രദ്ധിച്ചത്. മിനിക്കുട്ടിയുടെ കയ്യില്‍ പിടിച്ചു കൊണ്ട് ശ്രീധരേട്ടന്‍ പതിനാറു പറ പാടത്തേക്കു നടന്നു.

പാടത്തിനക്കരെയുള്ള വിഷ്ണുവിന്റെ വീട്ടില്‍ ആരും ഉണ്ടെന്നു തോന്നിയില്ല. പക്ഷെ അടുത്ത് ചെന്നപ്പോള്‍ കോലായില്‍ ഒരു തൂണില്‍ ചാരി ചന്ദ്രന്‍ ഇരിക്കുന്നത് കണ്ടു. ശ്രീധരേട്ടനും മിനിക്കുട്ടിയുമൊന്നും വരുന്നത് അയാള്‍ കണ്ടെന്നു തോന്നിയില്ല. അടുത്തെത്തി പേര് വിളിച്ചപ്പോള്‍ അയാള്‍ ഞെട്ടി പിടഞ്ഞെഴുനേറ്റു മിനിക്കുട്ടിയേം ശ്രീധരെട്ടനെയും മാറി മാറി നോക്കി. അടുത്ത നിമിഷം ഒരു കുട്ടിയെ പോലെ എങ്ങി എങ്ങി കരഞ്ഞു കൊണ്ട് തന്‍റെ കയ്യില്‍ പിടിക്കുന്ന ചന്ദ്രനെ കണ്ടു ശ്രീധരേട്ടന്‍ എന്ത് ചെയ്യണം എന്നറിയാതെ നിന്നു. പറമ്പിലെ ആഞ്ഞിലി മരത്തിനു ചോട്ടിലേക്ക് വിരല്‍ ചൂണ്ടി അയാള്‍ എന്തൊക്കെയോ പറയാന്‍ ശ്രമിച്ചെങ്കിലും കരച്ചിലില്‍ കുതിര്‍ന്ന വാക്കുകളൊന്നും വ്യക്തമായില്ല. എങ്കിലും 'ന്റെ മോന്‍ പോയി ശ്രീധരേട്ടാ...' എന്ന് മാത്രം വാക്കുകള്‍ക്കിടയില്‍ നിന്നു മിനിക്കുട്ടി വേര്‍തിരിച്ചെടുത്തു. അവള്‍ ആഞ്ഞിലിചോട്ടിലേക്ക് നടന്നു. അവിടെ പുല്ലും പടര്‍പ്പും പിടിക്കാതെ വൃത്തിയാക്കി ഇട്ടിരിക്കുന്ന കുറെ സ്ഥലത്ത് ഒരു വാഴക്കുട്ടിയും തൈത്തെങ്ങും വളര്‍ന്നു നില്‍ക്കുന്നുണ്ടായിരുന്നു.

കഴിഞ്ഞ തുലാവര്‍ഷക്കാലത്ത് പാടത്ത് പൊട്ടി വീണ കറന്റ് കമ്പിയില്‍ നിന്നു ഷോക്കടിച്ചു നാട്ടില്‍ ഒരു കുട്ടി മരിച്ച കാര്യം ആരോ പറഞ്ഞോ പത്രത്തില്‍ വായിച്ചോ അറിഞ്ഞ കാര്യം ശ്രീധരേട്ടന്റെ ഓര്‍മ്മയിലേക്ക് മടങ്ങി വന്നു. പക്ഷെ അത് തന്‍റെ മകളുടെ കളിക്കൂട്ടുകാരനായിരുന്നു എന്ന തിരിച്ചറിവിന്‍റെ നീറ്റലില്‍, വിങ്ങി കരയുന്ന ചന്ദ്രനെ ആശ്വസിപ്പിക്കാനാവാതെ, മിനിക്കുട്ടിയെ തന്നെ നോക്കി ശ്രീധരേട്ടന്‍ നിന്നു. ആഞ്ഞിലി മരത്തിന്റെ വേരിനിടയില്‍ നിറം പോയി കറുത്ത് തേഞ്ഞ ഒരു റബ്ബര്‍ പന്ത് കിടന്നത് മിനിക്കുട്ടി കണ്ടു. അവളതെടുത്തു, ഒരു നിമിഷം നോക്കി നിന്നു. പിന്നെ അത് കയ്യില്‍ ഇറുകെ പിടിച്ചു, ഒന്നും മിണ്ടാതെ ചന്ദ്രനേയും ശ്രീധരെട്ടനെയും കടന്നു വരമ്പത്തെയ്ക്കിറങ്ങി തിരികെ തറവാട്ടിലേക്ക് നടന്നു.

നീലയും ചോപ്പും പട്ടങ്ങളുമായി അപ്പോഴും കുറെ കുട്ടികള്‍ പാടത്ത് കളിക്കുന്നുണ്ടായിരുന്നു. അവരില്‍ ആരൊക്കെയോ മിനിക്കുട്ടിയെ വിളിക്കുനുണ്ടായിരുന്നു. പക്ഷെ പെയ്തു തുടങ്ങിയ കണ്ണീര്‍ മേഘങ്ങള്‍ കാഴ്ച മറച്ചിരുന്നത് കൊണ്ടാവാം മിനിക്കുട്ടി അതൊന്നും കാണുന്നുണ്ടായിരുന്നില്ല. സ്വപ്നങ്ങളുടെ നൂല് പൊട്ടിയ ആ മനസ്സ് ഒന്നും കേള്‍ക്കുന്നും അറിയുന്നും ഉണ്ടായിരുന്നില്ല.

തെങ്ങും വിളയിൽ മത്തായി

രാമപുരത്തിന്റെ വടക്കേ അതിരിൽ പുഞ്ചപ്പാടങ്ങളും , തെങ്ങിൻ തോപ്പുകളും അഴക് ചാർത്തുന്ന ഏവൂർ എന്ന കൊച്ചു ഗ്രാമം. അവിടെ സാമാന്യം തെറ്റില്ലാത്ത പി...