Tuesday, January 19, 2010

കടുവയെ പിടിച്ച കിടുവാ


കാത്തിരിപ്പിനൊടുവിൽ മഞ്ഞിൽ കുളിച്ചു വീണ്ടും ഒരു മകരമാസം വന്നെത്തി. ഇത് ഉത്സവങ്ങളുടെയും പറ എഴുന്നിള്ളിപ്പുകളുടെയും കാലമാണ് . നാട്ടിലെ എല്ലാ അമ്പലങ്ങളിലും പറയ്ക്ക് എഴുന്നള്ളിപ്പ് തുടങ്ങും. ഏവൂർ , രാമപുരം , പാണ്ഡവര്‍ കാവ് , ഈരയിൽ, ചെറിയ പത്തിയൂർ , കുറുമ്പകര  അങ്ങനെ നാടിന്റെ നാല് അതിരുകളിലെയും  അമ്പലങ്ങളിലെ എഴുന്നള്ളിപ്പുകള്‍ നാട്ടു വഴികളിലെ നിത്യ കാഴ്ചയാകും. എഴുന്നള്ളിപ്പിന്റെ വരവറിയിക്കുന്ന ചെണ്ടമേളം എവിടെയും മുഴങ്ങും. ചിട്ടയും താളവുമുള്ള ഈ ചെണ്ട താളത്തിന്റെ ഫാൻ അല്ലാത്ത ആരും നാട്ടിൽ ഇല്ല  . കൂട്ടത്തില്‍ ഏറ്റവും ഗംഭീരം  രാമപുരത്തെ പറയെടുപ്പിന്റെ ചെണ്ട കൊട്ട് തന്നെ. ഭദ്രകാളിയും , ഭുവനേശ്വരിയും  ഇരട്ട പ്രതിഷ്ഠയുളള  രാമപുരം ക്ഷേത്രത്തിലെ ചെണ്ട കൊട്ടില്‍ എല്ലാ വാദ്യങ്ങളും ഇരട്ടയാണ്. രണ്ടു ശംഖ് , രണ്ടു കുഴല്‍, രണ്ടു ഇലത്താളം, രണ്ടു സെറ്റ് ചെണ്ട അങ്ങനെ. അത് കൊണ്ട്  തന്നെ കൊഴുപ്പ് കൂടും. വിശദമായി ഇതൊക്കെ വർണ്ണിക്കുമ്പോഴും ചെണ്ട കൊട്ടിനെ പേടിച്ചു ഉറക്കം നഷ്ടപെട്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു എനിക്കും. ആ ഫ്ലാഷ് ബാക്കിലേക്കു വരാം.


കൃത്യമായി പറഞ്ഞു വന്നാല്‍ ചെണ്ട കൊട്ടിനെ അല്ലായിരുന്നു പേടി. ഓണക്കാലത്ത്  കൊട്ടിനൊപ്പം വരുന്ന കടുവയെ ആയിരുന്നു. റബ്ബര്‍ തലയും, ചുവന്ന നാവും , മുഖത്ത്  റൂഡ് ലുക്കുള്ള  രണ്ട്  ഉണ്ട കണ്ണും, തുണി കൊണ്ടുള്ള വാലും ഒക്കെ ഫിറ്റ്‌ ചെയ്തു വരുന്ന നാടന്‍ കടുവ തന്നെ. രണ്ടോ മൂന്നോ വയസ്സുള്ളപ്പോ ഒരിക്കല്‍ ഓണത്തിന് കടുവ വേഷം കെട്ടി വന്ന എക്സ് മിലിട്ടറി ശങ്കരേട്ടന്‍ മുഖം മൂടി വെച്ച്, കടിക്കാന്‍ വരുന്നത്  പോലെ ഓടിച്ചപ്പോ മനസ്സില്‍ കേറി കൂടിയ  പേടി. പിന്നെ ഒരഞ്ചാറു കൊല്ലം എന്നോടൊപ്പം ആ പേടിയും വളര്‍ന്നു വന്നു. അങ്ങനെ കടുവയുടെ എന്‍ട്രി സൂചിപ്പിക്കുന്ന ചെണ്ട കൊട്ടിനെയും പേടിയായി തുടങ്ങി. അത് വളര്‍ന്നു വളര്‍ന്നു ഒടുവില്‍ അങ്ങ് ദൂരെ കാഞ്ഞൂര് അമ്പലത്തില്‍ ചെണ്ട കൊട്ട് കേട്ടാല്‍ വീട്ടിലിരിക്കുന്ന  എന്റെ  ചങ്ക് ഇരട്ടി ടെമ്പോയില്‍ അതിനു സപ്പോര്‍ട്ട് കൊടുക്കുന്ന രീതിയിലായി കാര്യങ്ങള്‍.


ഓണപ്പരീക്ഷ കഴിഞ്ഞാല്‍ നാട്ടിലെ കുട്ടികളുടെ ഒക്കെ ഒരു മെയിന്‍ വിനോദം കടുവാ കളിക്ക് അകമ്പടി പോവുക എന്നതായിരുന്നു. ഓരോ വീട്ടിലും കേറി കടുവയോടൊപ്പം കളിച്ചു തിമിര്‍ത്തു അങ്ങനെ നടക്കാം. എന്നാല്‍ കടുവ എന്ന് വേണ്ട 'ക' എന്ന് കേട്ടാല്‍ തന്നെ പേടിച്ചോടുന്ന എനിക്ക് അങ്ങനെ ഒരു നേരമ്പോക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയുമായിരുന്നില്ല. എന്റെ ഈ കടുവ പേടി കൂട്ടുകാര്‍ക്ക് ചിരിക്കുള്ള ഒരു പ്രധാന വഴി ആയിരുന്നു അന്നൊക്കെ. തരം കിട്ടുമ്പോ ഒക്കെ ഇത് പറഞ്ഞു എന്നെ കളിയാക്കാറുള്ള അയലത്തെ വിനീഷിന്റെ  സൈക്കിളിന്റെ കാറ്റ് ആരും കാണാതെ ഊരി വിട്ടും , കീചെയിൽ എടുത്തു കിഴക്കേ തോട്ടിൽ എറിഞ്ഞും   കാലാ കാലങ്ങളില്‍ ഞാനെന്റെ പ്രതികാരം തീര്‍ത്തിരുന്നു.


കടുവാക്കൊട്ടിന്റെ ശബ്ദം വഴീലെവിടെങ്കിലും കേട്ടാൽ  തന്നെ മുട്ടിടിക്കുന്ന എനിക്ക് അപ്പൊ വീട്ടില്‍ കടുവ കളി വന്നാല്‍ ഉള്ള അവസ്ഥ ഊഹിക്കാവുന്നതല്ലേ ഉള്ളു. കരഞ്ഞു വിളിച്ചു ചെവിയും പൊത്തി അടുപ്പിലെ പാദകത്തിന്റെ അടിയില്‍ കേറി ഇരിക്കും. വീട്ടുകാരൊക്കെ കടുവാ കളി കാണാന്‍ മുറ്റത്ത്‌ നിക്കുമ്പോ വിറച്ചു വിറച്ചു അടുപ്പിന്റെ അടിയില്‍ ഇരുന്നു അര്‍ജുന പത്തു ചൊല്ലുക എന്നതായി എന്റെ റൂട്ടീൻ. കളി കഴിഞ്ഞു കടുവ പോയി എന്ന് ഉറപ്പു വരുത്തി പാദകത്തിന്റെ അടിയില്‍ നിന്ന് പുറത്തിറങ്ങി ആശ്വാസത്തോടെ വിയര്‍ത്തു നിൽക്കുന്ന  എന്നെ നോക്കി  ചേച്ചിക്ക് ഒരു ചിരിയുണ്ട്. ആ നേരം കയ്യില്‍ ഒരു ചുറ്റിക കിട്ടിയാല്‍ ഒറ്റയടിക്ക് അവള്‍ടെ പല്ല് മുഴുവന്‍ തറയില്‍ നിരത്തണമെന്ന് തോന്നുമെങ്കിലും, വിറയല് മാറാത്തത് കൊണ്ട് കയ്യുടെ ഉന്നം തെറ്റ് മെന്നു കരുതി മാത്രം ആ ചിന്ത  ഉപേക്ഷിക്കും.അങ്ങനെ കളിയാക്കലുകളോട് കോമ്പ്രമൈസ് ചെയ്തും കടുവ കളിയോട് മാക്സിമം ഡിസ്റ്റന്‍സ് കീപ്പ് ചെയ്തും അഞ്ചാം ക്ലാസ് വരെ എത്തി . അഞ്ചിലെ ഓണ പരീക്ഷയുടെ അവധി സമയം. മിലിട്ടറിയില്‍ ഹവില്‍ദാര്‍ ആയ രാഘവൻ  ചിറ്റപ്പന്‍ അവധിക്കു നാട്ടില്‍ ഉണ്ട്. ആ ചുറ്റുവട്ടത്തൊക്കെ  ധൈര്യത്തിന്റെ അവസാന വാക്കാണ്‌ ചിറ്റപ്പന്‍. മൊത്തത്തില്‍ ചിറ്റപ്പനോടു എനിക്ക് ഇഷ്ടം ഒക്കെ ആണെങ്കിലും പുള്ളിക്കാരന്‍ തികഞ്ഞൊരു കടുവാ കളി ഫാന്‍ ആണെന്നത് ആളുടെ ഒരു കുറവായി എനിക്ക് തോന്നിയിരുന്നു. എന്തെന്നാല്‍ ദൂരെ എവിടെ കൂടെ എങ്കിലും ഒരു കടുവാ കളി സംഘം പോയാല്‍ ആള് അവരെ വിളിച്ചു വീട്ടില്‍ കൊണ്ട് വരും. പിന്നെ ഒരു പത്തിരുപതു മിനിട്ടെങ്കിലും മുറ്റത്ത്‌ നിര്‍ത്തി കളിപ്പിച്ചു കൈ നിറയെ ടിപ്സും കൊടുത്തേ  വിടൂ. അത്രയും  നേരം ഒക്കെ അടുപ്പിന്റെ അടിയില്‍ വിറച്ചു വിയര്‍ത്തു ഇരിക്കുന്നതിന്റെ  കഷ്ടപ്പാട്.കടുവാകളി വീട്ടിലെത്തുന്ന സമയം ഞാന്‍ കൂട്ടത്തില്‍ നിന്ന് സ്കൂട്ട് ആവുന്നതും, പാദകത്തിന്റെ അടിയില്‍ കൃത്യമായി പൊങ്ങുന്നതും എങ്ങനെയോ ചിറ്റപ്പന്റെ ശ്രദ്ധയില്‍ പെട്ടു. സ്ഥലത്തെ പ്രധാന ധൈര്യ ശാലിയായ തന്റെ പാരമ്പര്യം കാക്കേണ്ട കൊച്ചുമോന്‍ വെറുമൊരു റബ്ബര്‍ കടുവയെ പേടിക്കുന്നത് മൂപ്പര്‍ക്ക് താങ്ങാവുന്നതിലും  അപ്പുറമായിരുന്നു. എന്റെ പേടി മാറ്റിയിട്ടു തന്നെ കാര്യം എന്ന് ചിറ്റപ്പന്‍ രഹസ്യമായി ഉറപ്പിച്ചു. ഉത്രാടത്തിന്റെ അന്ന് രാത്രി   ഒരു കടുവാ കളി സംഘം വീട്ടിലെത്തി. പതിവ് പോലെ ഞാന്‍ പാദകത്തിന്റെ അടിയിലെ ബാല്‍ക്കണിയില്‍ നേരത്തെ തന്നെ കേറി  കണ്ണടച്ച് ചെവി പൊത്തി ഇരുപ്പ്  ഉറപ്പിച്ചു.

ചിറ്റപ്പന്‍ വന്നു വിളിച്ചു...നോ രക്ഷ...ഞാന്‍ അനങ്ങിയില്ല.

പുളി വടി എടുത്തു കൊണ്ട് വന്നു കാണിച്ചു പേടിപ്പിക്കാന്‍ ശ്രമിച്ചു

പിന്നേ... പുലി വരുമ്പോഴാ പുളി വടി..എന്റെ ഡോഗ് വരും പുറത്തോട്ട്.വേണേ രണ്ടു തല്ലിക്കോ..

ഞാന്‍ ഒന്ന് കൂടി അകത്തേക്ക് ചുരുണ്ട് ഇരുന്നു.

അതോടെ ചിറ്റപ്പന്‍ അറ്റ കൈ പുറത്തെടുത്തു. മുറ്റത്ത്‌ നിന്ന കടുവയെ കൊണ്ട് വന്നു അടുക്കളയില്‍ പാദകത്തിന്റെ മുന്നില്‍ നിര്‍ത്തി.

അതോടെ എന്റെ കരച്ചില്‍ ഫുള്‍ വോളിയത്തിലായി. കണ്ണ് രണ്ടും ഇറുക്കി അടച്ചു പിടിച്ചു.

കുറെ നേരം അലറി കരഞ്ഞപ്പോ ചിറ്റപ്പന്‍ ശ്രമം ഉപേക്ഷിച്ച്ചിട്ടുണ്ടാവും എന്ന ധൈര്യത്തില്‍ ഒരു കണ്ണ് തുറന്നു നോക്കി.

അതാ മനുഷ്യന്റെ തലയും കടുവയുടെ തോലുടുപ്പും വാലും ഫിറ്റ്‌ ചെയ്തു തയ്യിലെ മാധവേട്ടന്റെ മോന്‍ കിച്ചു എന്ന കൃഷ്ണകുമാറ് നിന്ന് ചിരിക്കുന്നു.

അവന്റെ കടുവാ തല ചിറ്റപ്പന്റെ കയ്യിലുണ്ട്. ആള് അതെന്റെ നേരെ നീട്ടുന്നു.

പേടിയോടെ ആണെങ്കിലും കടുവാ തല കയ്യില്‍ വാങ്ങി. അതിന്റെ ചോപ്പ് റബ്ബര്‍ നാക്കില്‍ പിടിച്ചു വലിച്ചു നോക്കി. കടുവയ്ക്ക്  അനക്കമില്ല.

കണ്ണില്‍ കുത്തി നോക്കി. നോ റെസ്പോൺസ് . അതോടെ ഇത്തിരി ധൈര്യമൊക്കെ എവിടെ നിന്നോ  വന്നു ചേര്‍ന്നു. മെല്ലെ പാദകത്തിന്റെ പുറത്തിറങ്ങി. ചിറ്റപ്പന്‍ ആ കടുവാത്തല എന്റെ തലയില്‍ വെച്ച് തന്നു.

നിക്കറും ഉടുപ്പും ഇട്ടു നിക്കുന്ന വാലില്ലാത്ത കുട്ടി കടുവയെ കണ്ടു ചുറ്റും നിന്ന എല്ലാവരും പൊട്ടി ചിരിച്ചു.

കടുവാ തലയ്ക്കു സ്തുതി. എന്റെ ചമ്മിയ മുഖം ആരും കണ്ടില്ല.


വര്‍ഷങ്ങളായുള്ള അകാരണമായ കടുവാപ്പേടി മെല്ലെ പടിയിറങ്ങുകയായിരുന്നു. പിന്നീട് എല്ലാവരെയും പോലെ കടുവാ കളികാണാന്‍ മുന്‍പില്‍ തന്നെ ഇറങ്ങി തുടങ്ങി. മറ്റു കൂട്ടുകാരോടൊപ്പം കടുവാ കളിക്ക് അകമ്പടി പോയി. പറ എഴുന്നെള്ളിപ്പ് വരുമ്പോള്‍ മുന്‍പില്‍ നിന്ന് നെല്ല് അളന്നിട്ടു കൊടുത്തു. അങ്ങനെ അങ്ങനെ ഞാനും ഒരു കുഞ്ഞു ധൈര്യ ശാലി ആയി മാറി.


പതിനാറു വര്‍ഷങ്ങള്‍ക്കിപ്പുറം , കടുവാ കളി കണ്ടു പേടിച്ചു കരഞ്ഞു ബെഡ് റൂമിന്റെ വാതിലിനു പിന്നില്‍ ഒളിച്ചു നിന്ന ഇളയ ചിറ്റപ്പന്റെ രണ്ടു വയസ്സുള്ള മോന്‍ ദീപുവിന്  ഞാനും കൊണ്ട് കൊടുത്തു ഒരു കടുവാത്തല. ഇത്തിരി പേടിയോടെ ആണെങ്കിലും അവനതു തലയില്‍ വെച്ച് ചുറ്റും ഓടി നടക്കുന്നത് നോക്കി നില്‍ക്കുമ്പോ എന്റെ മനസ്സില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു പത്ത് വയസ്സുകാരന്‍റെ പേടിച്ചരണ്ട മുഖമായിരുന്നു.

Tuesday, January 5, 2010

ഒരു കൃഷിക്കാരന്റെ അന്ത്യം

മാര്‍ച്ചിലെ പരീക്ഷ കഴിഞ്ഞാല്‍ ഞാന്‍ പിന്നെ ഒരു മാസം എരുവയില്‍ അമ്മേടെ തറവാട്ടിൽ നിൽക്കാൻ പോവാറുണ്ട്. അമ്മാമ്മക്ക് ഞാനെന്നു വച്ചാൽ അന്നൊക്കെ  ജീവനായിരുന്നു. മൂത്ത മകളുടെ  കുട്ടി എന്ന പരിഗണന. അത് കൊണ്ട് തന്നെ വാശി പിടിച്ചാല്‍ എന്റെ  എന്ത് നിര്‍ബന്ധവും ടൈം ആൻഡ് എഗൈൻ സാധിച്ചു കിട്ടിയിരുന്നു. അമ്മമ്മയുടെ ആരോറൂട്ട്  ബിസ്ക്കറ്റ് പാത്രത്തിലുള്ള അന്‍ലിമിറ്റഡ് ആക്സസും, മുഴുവൻ  പഴുക്കുന്നതിനു മുന്‍പ് ചാമ്പക്ക പറിക്കാനുള്ള സ്പെഷ്യല്‍ പ്രിവിലേജും ഒക്കെ ഞാന്‍ അങ്ങനെ സംഘടിപ്പിച്ചതായിരുന്നു. അങ്ങനെ അഞ്ചിലെ പരീക്ഷയ്ക്ക് ശേഷം ആറിലേക്ക് കാലു നീട്ടിയിരിക്കുന്ന ഒരവധിക്കാലം.


അമ്മേടെ തറവാട്ടില്‍ അന്ന് നല്ല ഒരു അടുക്കള തോട്ടം തന്നെ ഉണ്ടായിരുന്നു. പറമ്പില്‍ അരയേക്കറോളം  സ്ഥലം കന്നാലി  കേറാതിരിക്കാൻ  കുഞ്ഞു വേലി കെട്ടി തിരിച്ചു അതില്‍ വീട്ടിലെ ഓരോ അംഗങ്ങളും പ്രത്യേകം പ്രത്യേകമായി ആണ് കൃഷി. അമ്മമ്മയുടെ ചീരയാണോ, ഇളയ മാമന്റെ പടവലവും വഴുതനവും ആണോ അതോ കുഞ്ഞമ്മയുടെ കാന്താരിയാണോ തോട്ടത്തിലെ ഏറ്റവും ഗ്ലാമര്‍ താരം എന്നത് അന്നവിടെ ഒരു സ്ഥിരം തര്‍ക്ക വിഷയമായിരുന്നു. ഇടയ്ക്കു വീട്ടിലെത്തുന്ന അയൽക്കാർക്കും അതിഥികൾക്കും മുന്നിൽ ഓരോരുത്തരും തങ്ങളുടെ പ്രോഡക്ട്സിന് മാക്സിമം പബ്ലിസിറ്റി കൊടുത്തു അഭിമാനിച്ചിരുന്നു. ഇളയ മാമന്റെ അമര പയറിന്റെ  ഇല കൊണ്ടുള്ള ചൂടലിൽ  കുഞ്ഞമ്മയുടെ കാന്താരി വെയിൽ കിട്ടാതെ വിഷമിക്കുന്ന കാര്യം കണ്ടു പിടിച്ചു ഗോസിപ്പുണ്ടാക്കി അന്നവിടെ ഒരു ചെറിയ ശീതയുദ്ധത്തിനു തിരി കൊളുത്താൻ  വരെ ഞാൻ അവസരം കണ്ടെത്തി.

വഴക്കിനൊന്നും നില്‍ക്കില്ലെങ്കിലും, മൂത്ത മാമന്‍ ആയിരുന്നു വീട്ടിലെ ഏറ്റവും നല്ല കൃഷിക്കാരന്‍. തക്കാളിയും, പടവലവും വെള്ളരിയും ഒക്കെ ആളുടെ പരിചരണത്തില്‍ തകർത്തു  വളര്‍ന്നു വന്നു. തോട്ടത്തില്‍ നിന്ന് അടുത്ത് നില്‍ക്കുന്ന കച്ചിതുറുവിലേക്ക് പടര്‍ന്നു പന്തലിച്ചു വളര്‍ന്നു നില്‍ക്കുന്ന സോയാബീന്‍ അന്ന് മാമന്റെ ഒരു സ്വകാര്യ അഹങ്കാരമായിരുന്നു. ബന്ധുക്കളോ സുഹൃത്തുക്കളോ വീട്ടില്‍ എത്തിയാല്‍ പോവുന്നതിനു മുന്‍പ് അവരെ ആ സോയാബീന്‍ കാട്ടി രണ്ടു വാക്ക് സ്വയം പുകഴ്ത്തി പറഞ്ഞല്ലാതെ  മാമൻ വിടാറില്ല .


പച്ചക്കറി തോട്ടത്തില്‍ എല്ലാ അംഗങ്ങള്‍ക്കും പ്രത്യേകം ഏരിയ ഉണ്ടായിരുന്നെങ്കിലും വീട്ടിലെ സെക്കണ്ടറി അംഗങ്ങളായ ടിപ്പു പട്ടി, മാളു പശു, അഞ്ച്  കോഴികള്‍, നാല്  താറാവുകള്‍ എന്നിവര്‍ക്ക് തോട്ടത്തിലെ പ്രവേശനം നിഷിദ്ധമായിരുന്നു. ഇടയ്ക്ക് നിയമം ലംഘിച്ചു അകത്തു കടക്കുന്ന  ടിപ്പുവിനെ  പുളി മരത്തില്‍ കെട്ടിയിട്ടു  പൊതിരെ തല്ലു കൊടുക്കുകയും ഫ്യുരിഡാൻ കാട്ടി വധ ഭീഷണി മുഴക്കുകയും ചെയ്യുന്ന  ചുമതല ഇളയ മാമന്‍ സന്തോഷത്തോടെ നിര്‍വഹിച്ചു പോന്നു.

അവധിക്കു തറവാട്ടില്‍ എത്തിയ എനിക്കും ആദ്യ രണ്ടു ദിവസം ടിപ്പുവിനെയും മാളുവിനെയും പോലെ നോ എന്‍ട്രി ലൈസെന്‍സ് ആണ് കിട്ടിയത്. വൈകിട്ട് എല്ലാവരും ചെടി നനയ്ക്കാന്‍ ഇറങ്ങുമ്പോള്‍ എന്നെ വേലിക്ക് പുറത്തു നിര്‍ത്തും. ആദ്യ ദിവസം പ്രത്യേകിച്ച് വിഷമം ഒന്നും തോനിയില്ലെങ്കിലും താമസിയാതെ എന്റെ ക്യാരക്ടറിനും പഴ്സനാലിറ്റിക്കും ഉള്ള ഒരു ഇൻസൽട് ആയി തോന്നിത്തുടങ്ങി. ഒരു ഗസ്റ്റിനു കിട്ടേണ്ട മിനിമം പ്രീവിലേജ്  കിട്ടാതിരുന്നാൽ ശരിയാവില്ലല്ലോ.

 മാത്രമല്ല എന്നില്‍ ഒരു നല്ല കൃഷിക്കാരന്‍ ഒളിഞ്ഞിരിപ്പുണ്ടെന്നും ഇതിനിടെ  ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. അന്ന് ഉറക്കത്തില്‍ പടവലത്തിനു കുമ്പിള്  കുത്തുന്ന എന്നെ അമ്മമ്മ ചെവിക്കു തൂക്കി പിടിച്ചു, വേലിക്ക് പുറത്ത് എറിയുന്ന സ്വപ്നം കണ്ടു ഞെട്ടി ഉണര്‍ന്നതോടെ ഒരു കാര്യം തീരുമാനിച്ചു.

എനിക്കും കൃഷി ചെയ്യണം!
ജയ് ജവാൻ , ജയ് കിസാൻ...!

നാട്ടുകാരും വീട്ടുകാരും ആർത്തു കുളിച്ചു നിൽക്കുന്ന എന്റെ  ചീരയും, തുമ്പിക്കൈ  വണ്ണമുള്ള വെള്ളരിയും കണ്ടു അസൂയപ്പെടണം. ഇരുവയിലെ ഭക്ഷ്യ ക്ഷാമം തീർത്ത എനിക്ക് അജന്ത ക്ലബ്ബുകാർ ഇത്തവണ പൊന്നാട അണിയിക്കണം.
രണ്ടരയടി നീളമുള്ള പടവലങ്ങയും കയ്യില്‍ പിടിച്ചു തലയില്‍ തോര്‍ത്ത്‌ മുണ്ടും കെട്ടി കര്‍ഷക ശ്രീ മാസികയുടെ കവര്‍ പേജില്‍ നില്‍ക്കുന്ന എന്റെ  തന്നെ മുഖം സ്വപ്നം കണ്ടു അന്ന് ഞാന്‍ ഉറങ്ങി.

പിറ്റേന്ന് രാവിലെ തന്നെ സമരം തുടങ്ങി. ആരും കാണാതെ അടുക്കളയില്‍ നിന്ന് ഒരു ചപ്പാത്തി കട്ട് തിന്ന് ബാക്കപ്പ് ഒപ്പിച്ച ശേഷം ബ്രേക്ക് ഫാസ്റ്റ് നിരസിച്ചു കൊണ്ട് അതി ഭീകരമായി നിരാഹാരം ആരംഭിച്ചു. 
എല്ലാവരുടെയും ഊണ് കഴിഞ്ഞിട്ടും എന്റെ നിരാഹാരം തുടരുന്നത് കണ്ടു സംഭവത്തിന്റെ ഗൌരവം മനസ്സിലാക്കിയ എൽഡർ മെംബേർസ് കൂടിയാലോച്ചനകള്‍ക്ക് ശേഷം വേലിക്ക് അകത്തേയ്ക്ക് എന്‍ട്രി പാസും , തോട്ടത്തിന്റെ തെക്കേ മൂലയ്ക്ക് കൃഷി ചെയ്യാന്‍ ഒരു സെന്റ്‌ സ്ഥലവും അനുവദിച്ചു കൊണ്ട് ഉത്തരവിറക്കി.

വിജയകരമായ എന്റെ ആദ്യത്തെ നിരാഹാര സത്യാഗ്രഹം....ഗാന്ധിജി...കീ ജയ്..

പാവലിന്റെയും, പാടവളത്തിന്റെയും  അരികള്‍ ശ്രീദേവി കുഞ്ഞമ്മ തന്നു. മണ്ണ് ഇളക്കി അത് കുഴിച്ചിടാന്‍ ഇളയ മാമന്‍ സഹായിച്ചു. വെള്ളം കോരാൻ ഉണ്ണി കുഞ്ഞമ്മ കൂടെ വന്നു. അങ്ങനെ ഞാനും ഔദ്യോഗികമായി കൃഷിക്കാരനായി. പിന്നെ രണ്ടു ദിവസം വിശ്രമം എന്തെന്ന് അറിയാതെ ഊണും ഉറക്കവും ഉപേക്ഷിച്ചു ഒരു ഭ്രാന്തനെ പോലെ കൃഷി ചെയ്തു.
 എന്റെ ഒരു സെന്റിന് ചുറ്റും ഈര്‍ക്കിലി കുത്തി വേലി കെട്ടി . മൂന്നു നേരം 'അരികള്‍ക്ക്' വെള്ളം ഒഴിച്ചു. എല്ല് മുറിയെ പണിയെടുക്കുന്ന എന്നെ ചൂണ്ടിക്കാട്ടി  അമ്മമ്മ വീട്ടില്‍ വന്നവരോടൊക്കെ അഭിമാനത്തോടെ പറയുമായിരുന്നു.

"എന്റെ മോള്‍ടെ മോനാ....നല്ല അധ്വാനിയാ.."


അങ്ങനെ കുറെ ദിവസങ്ങള്‍ക്കു ശേഷം എന്റെ ഒരു സെന്ററില്‍ നിറയെ കുഞ്ഞു തക്കാളി തൈകള്‍ , പടവലം ഒക്കെ കിളിര്‍ത്തു വന്നതോടെ ഞാന്‍ നിലത്തെങ്ങും 
 അല്ലാത്ത സ്ഥിതിയായി.
കൃഷിയുടെ ആദ്യ ഘട്ടം വന്‍ വിജയം. ഇനി ഉടനെ തന്നെ അത് കൂടുതല്‍ വ്യാപകമാക്കണം. അദ്ധ്വാനം കണ്ടിട്ടോ സമരത്തെ നേരിടാനുള്ള മടി കൊണ്ടോ ഒരു സെന്റ്‌ കൂടെ അഡിഷണൽ ആയി വേണം എന്ന എന്റെ നിവേദനം സ്പോട്ടിൽ തന്നെ അമ്മമ്മ അംഗീകരിച്ചു. 

ഒഴിവുള്ള സ്ഥലം എടുത്തോളാൻ പെർമിറ്റും തന്നു. 
കേട്ട പാതി ഞാൻ തോട്ടത്തിലേക്ക് ഓടി. ഒഴിഞ്ഞ സ്ഥലം കണ്ടെത്തി സ്ഥലം വൃത്തിയാക്കി. നന്നായി കിളച്ചു മറിച്ചു.

പുതിയ ഒരു സെന്ററില്‍ നിന്ന പുല്ലുകളും പാഴ്ചെടികളും വേരുകളും ഒക്കെ വെട്ടി മാറ്റി. കുറെ ചീര അരികള്‍ കൂടി അവിടെ പാകി. 
ഒന്ന് രണ്ടു ദിവസം അങ്ങനെ പോയി.
നിറയെ ചീരയും , തക്കാളിയും, കാന്താരിയും ഒക്കെ മത്സരിച്ചു വളരുന്ന എന്റെ രണ്ട്  സെന്റിനെ സ്വപ്നം കണ്ടു ഞാന്‍ ഉറങ്ങി.

അടുത്ത പകല്‍ ഉറക്കമുണര്‍ന്നു ബ്രഷും എടുത്തു മുറ്റത്തേയ്ക്ക് ഇറങ്ങുമ്പോള്‍ അമ്മമ്മയും മാമനും അവിടെ ഹാജരുണ്ട്. കച്ചി തുറുവിന് മേലെ നോക്കി മാമന്‍ വിഷമിച്ചു നില്‍ക്കുന്നു. മാമന്റെ സോയാബീന്‍ ചെടിക്ക് രണ്ടു ദിവസമായി അല്‍പ്പം വാട്ടം ഉണ്ടത്രേ. ഇലയൊക്കെ ചെറുതായി വാടുന്നു.

പാവം...ചെടി നന്നായി നോക്കാന്‍ അറിയില്ല..എന്നെ കണ്ടു പഠിച്ചു കൂടെ.. പുവർ ഫെല്ലോ .... എന്ന് മനസ്സിലോര്‍ത്തു.

"ഡാ..വല്ല അസുഖവും ആവും. നീ അതിന്റെ ഇലയ്ക്കൊക്കെ ഇത്തിരി ഡി ഡി ടി അടിച്ചു , ചോട്ടില്‍ ഇത്തിരി ചാരം ഇട്ടു കൊടുക്ക്‌. "


അമ്മമ്മയുടെ ഉപദേശം.
സമയം കളയാതെ ചാരവുമെടുത്തു തോട്ടത്തിലേക്ക് പോയ മാമന്‍ ഉടന്‍ തന്നെ തിരിച്ചു വന്നു. മുഖം കടന്നല് കുത്തിയ പോലെ.


"എന്ത് പറ്റിയെടാ" അമ്മമ്മയുടെ  അന്വേഷണം..
"ഇനി ചാരം വാരീട്ടു കാര്യം ഇല്ല . സോയബീന്റെ കടയ്ക്കല്‍ വെച്ച് ആരോ വെട്ടി ദൂരെ കളഞ്ഞിരിക്കുന്നമ്മേ .. " മാമന്റെ മുഖത്ത് ദേഷ്യം, നിരാശ..

ഞാനൊന്ന് ഞെട്ടി. രണ്ടു ദിവസം മുന്‍പ് എന്റെ പുതിയ ഒരു സെന്റു സ്ഥലം വൃത്തിയാക്കിയത്....അപ്പോൾ..

ഗുരുവായൂരപ്പാ.....അപ്പൊ നീണ്ടു കിടന്ന ആ വേര്...അത്...!


മുറ്റത്ത്‌ നിന്ന് ആരുമറിയാതെ സ്കൂട്ട് ആയ ഞാന്‍ പിന്നെ പൊങ്ങിയത് ചെമ്പോട്ടിയുടെ കിഴക്ക് വശത്ത് വിറകു വയ്ക്കാന്‍ കെട്ടിയ കുഞ്ഞു ഷെഡിൽ. ഒന്ന് രണ്ടു മണിക്കൂര്‍ നീര് കടി കൊണ്ടെങ്കിലും സൈലന്റ് മോഡിൽ അവിടെ കഴിച്ചു കൂട്ടി.
 മാമന്റെ വിജയ് സൂപ്പർ പുറത്തേക്കു പോവുന്ന ശബ്ദം കേട്ടതോടെ  പതിയെ  ഒന്നുമറിയാത്തത്‌ പോലെ അടുക്കള വാതില്‍ വഴി അകത്തു ചെന്ന എന്നെ കണ്ടു കുഞ്ഞമ്മമാര്‍ ചിരി അടക്കാന്‍ പാട് പെട്ടു.
സോയാബീന്‍ ചെടിയുടെ ഘാതകനെ തിരിച്ചറിഞ്ഞ മാമന്‍ മടലും എടുത്തു എന്നെ തിരക്കി അവിടെ ഒക്കെ നടന്നത്രേ. തക്കസമയം ഒളിവിലേക്ക് മാറാന്‍ തോന്നിയത് കൊണ്ട് മടലിനൊരു പണി ആയില്ല. 

പിറ്റേ ദിവസം കച്ചി തുറുവിന് മുകളില്‍ വാടി ഉണങ്ങി തുടങ്ങിയ സോയാബീന്‍ കണ്ടു കാര്യം തിരക്കിയ ചിറക്കലെ ലളിത ചേച്ചിയോട് അമ്മമ്മ പറയുന്നത് ഞാന്‍ പാത്തു നിന്ന് കേട്ടു .

"എന്‍റെ മോള്‍ടെ മോന്‍ ചെയ്ത പണിയാ...മഹാ അഹങ്കാരിയാ.."

അതിനു ശേഷം ഒരു മാസം കഴിഞ്ഞു തിരികെ പോരുന്നത് വരെ പച്ചക്കറി തോട്ടത്തില്‍ എന്നല്ല തെക്കേ തൊടിയിലേക്ക്‌ തന്നെ ഞാന്‍ കാലു കുത്തിയില്ല.

"അവനിനി ഈ വേലിക്കകത്ത് കാലു കുത്തുന്നത് ഒന്ന് കാണട്ടെ.. രണ്ടു കുഞ്ഞിക്കാലും തല്ലി ഓടിക്കും..." എന്ന മാമന്റെ ഭീഷണിയെ പേടിച്ചു ഒന്നും അല്ല .. നമ്മളെ പോലെ നല്ല കൃഷിക്കാര്‍ക്ക് പറ്റിയ സ്ഥലം അല്ലന്നേ അത്.. ചുമ്മാ.. തട്ടി കൂട്ടാ.. വെറുതെ എന്തിനാ സമയം കളയുന്നത് ..

തെങ്ങും വിളയിൽ മത്തായി

രാമപുരത്തിന്റെ വടക്കേ അതിരിൽ പുഞ്ചപ്പാടങ്ങളും , തെങ്ങിൻ തോപ്പുകളും അഴക് ചാർത്തുന്ന ഏവൂർ എന്ന കൊച്ചു ഗ്രാമം. അവിടെ സാമാന്യം തെറ്റില്ലാത്ത പി...