Friday, May 22, 2009

പബ്ലിസിറ്റി ബാലാജി

പേര്: ബാലാജി
വയസ്സ്: 27 ( സംഭവ ബഹുലമായ 27 വര്‍ഷങ്ങള്‍..)
സ്വദേശം: ഇന്ത്യയിലെ ഒരേയൊരു കോസ്മോപോളിറ്റന്‍ നഗരമായ തന്ജാവൂര്‍.

ഫീസിലെ ഞങ്ങളുടെ ഒക്കെ സുഹൃത്തും, കണ്ണിലുണ്ണിയും ... പല കാര്യങ്ങളിലും എല്ലാവരുടെയും ഗുരുവും വഴികാട്ടിയും ഒക്കെ ആണ് . പബ്ലിസിറ്റിക്ക് വേണ്ടി എന്ത് കഷ്ടപാടും സഹിക്കും എന്നത്കൊണ്ട് കഴിഞ്ഞ പിറന്നാളിന് ഞങ്ങള്‍ സുഹൃത്തുക്കള്‍ സന്തോഷത്തോടെ അദേഹത്തിന് നല്‍കിയ സമ്മാനമാണ് 'പബ്ലിസിറ്റി ബാലാജി' എന്ന ഓമന പേര്. പക്ഷെ സമ്മാനം ലഭിച്ച സാക്ഷാല്‍ ശ്രീമാന്‍ ബാലജിയ്ക്ക് അത് അത്രയ്ക്ക് അങ്ങട് സന്തോഷം ഉണ്ടാക്കിയതായി തോന്നുന്നില്ല, കാരണം ആരെങ്കിലും അങ്ങനെ സംബോധന ചെയ്താല്‍ അദേഹത്തിന്റെ മുഖം പട്ടി റൊട്ടി കടിച്ച പോലെ ആവുന്നത് പലപ്പോഴും ഞാന്‍ കണ്ടിട്ടുണ്ട്. ഇദേഹത്തെ പരിചയപെട്ടിരുന്നില്ല എങ്കില്‍ ജന്മം തന്നെ പാഴായി പോയേനെ എന്ന് പലപ്പോഴും ഞങ്ങള്‍ക്കൊക്കെ തോന്നിയിട്ടുണ്ട്. ഗുരുവായൂരപ്പന്‍ നേരിട്ട് പ്രത്യക്ഷപെട്ടു ... മോനെ കുട്ടാ... നിനക്ക്.. ഒബാമേടെ കൂടെ ടെന്നീസ് കളിക്കണോ.. അതോ....ബാലജിടെ കൂടെ ഒരു കാപ്പി കുടിക്കണോ എന്ന് ചോദിച്ചാല്‍ ഞാന്‍ കണ്ണടച്ച് പറയും..." കമ്പ്യൂട്ടര്‍ ട്രിഗ്ഗര്‍ ഓപ്ഷന്‍ ബി.. കോഫി വിത്ത്‌ ബാലാജി ...." അതാണ്‌ ബാലാജി .... ഒറ്റ വാക്യത്തില്‍ പറഞ്ഞാല്‍... ഒരു സംഭവം, ... ഒരു പ്രസ്ഥാനം..

സൂര്യന് താഴെയും മുകളിലും വലതു വശത്തും (കാര്‍ള്‍ മാര്‍ക്സ് ഇനോടുള്ള അഭിപ്രായ വ്യത്യാസം കൊണ്ട് ഇടത്തോട്ടു അധികം ചായില്ല ) ഉള്ള എന്തിനെ കുറിച്ച് ചോദിച്ചാലും രണ്ടു മാര്‍ക്കിന്റെ കാപ്സ്യുല്‍ ഉത്തരമോ പന്ത്രണ്ടു മാര്‍ക്കിന്റെ മഹാകാവ്യമോ റെഡി. ജീവനുള്ള ഒരു വിക്കിപീഡിയ എന്ന് അദേഹം സ്വയം വിശേഷിപ്പിക്കുന്നതില്‍ തെറ്റു പറയാന്‍ ഇല്യട്ടോ.. ചോള രാജവംശത്തിന്റെ ആസ്ഥനമെന്നും കര്‍ണാടക സംഗീതത്തിന്റെ തൊട്ടിലെന്നും ഒക്കെ തന്ജാവൂരിനെ കുറിച്ച് സാമൂഹ്യ പാഠത്തില്‍ പഠിച്ചിട്ടുണ്ടെങ്കിലും ഒരു പുസ്തകത്തിലും കാണാത്ത ഒരുപാട് പുതിയ അറിവുകള്‍ തന്‍റെ നാടിനെ പറ്റി ബാലാജി പകര്‍ന്നു തന്നിടുണ്ട് . കടുത്ത വേനല്‍ കാലത്ത് പോലും തന്ജാവൂരില്‍ മൈനസ് 7 ഡിഗ്രി വരെ ഒക്കെ താപനില വരാറുണ്ട് ത്രെ,,,, (ശ്ശൊ എന്താ കഥ ല്ലേ.. ) .തന്ജാവൂരില്‍ വീടിനും കടകള്‍ക്കും ഒന്നും വാതിലും പൂട്ടും താക്കോലും ഒന്നും ഉണ്ടാവാറില്ല .. തന്ജാവൂര്‍ അതിര്‍ത്തിയിലെ മുള്ള് വേലി കടന്നാല്‍ ഏതു കൊടി കെട്ടിയ കള്ളനും പാവം കുഞ്ഞാടായി മാറും . (ഇന്ത്യയില്‍ തന്നെ ആണോ ആവൊ ഈ സ്ഥലം ).. അവിടൊക്കെ നെല്ല് കുത്തിയാല്‍ അരി കളഞ്ഞു തവിടാണോ കഞ്ഞി വെക്കുന്നത് എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു.. പക്ഷെ ഗുരു നിന്ദ ആവില്യെ...ചോദിചില്യ.

താനൊരു തികഞ്ഞ ബ്രഹ്മചാരി ആണെന്ന് ദിവസത്തില്‍ മൂന്നു നേരം ബാലാജി ആവര്‍ത്തിക്കാറുണ്ട്‌. പക്ഷെ മിസ്റ്റര്‍ ബ്രഹ്മചാരി സമയം കിട്ടിയാല്‍ ഫ്ലാറ്റിനു എതിര്‍ വശത്തുള്ള വര്‍ക്കിംഗ്‌ വിമെന്‍സ്‌ ഹോസ്റ്റെലിലേക്ക് കുറുക്കന്‍ കോഴിക്കൂട്ടിലേക്ക് നോക്കുന്നത് പോലെ അസാധ്യ ശ്രദ്ധയോടെ നോക്കി നില്‍ക്കുന്നത് എന്തിനാവും എന്ന് സംശയം തോന്നുക സ്വാഭാവികം അല്ലെ? ഒരിക്കല്‍ ഈ സംശയം തുറന്നു ചോദിച്ച എന്നോട് ആകാശത്തെ ചിത്തിര നക്ഷത്രവും കാര്‍ത്തിക നക്ഷത്രവും തമ്മിലുള്ള ദൂരം അളക്കുകയാണു എന്ന മറുപടി തന്നു അദേഹം അളവെടുപ്പ് തുടര്‍ന്നു.. ഇങ്ങനെ അളവെടുത്താല്‍ ശരിക്കും നക്ഷത്രം എണ്ണും എന്ന് പറയാന്‍ തോന്നിയെങ്കിലും ഗുരു നിന്ദ ആവില്യെ ... പറഞ്ഞില്ല..

എണ്ണിയാലൊടുങ്ങാത്ത കഥകളിലെ നായകനാണെങ്കിലും താനൊരു സൂപ്പര്‍ സ്റ്റാര്‍ ആണെന്ന ഭാവം ഒന്നും ബാലാജി മുഖത്ത് വരുത്താറില്ല. കണ്ടും കേട്ടും അറിഞ്ഞ കഥകളില്‍ ചിലതെങ്കിലും ബ്ലോഗില്‍ ചേര്‍ത്തോട്ടെ എന്ന് ചോദിച്ചു നഖം കടിച്ചു നിന്ന എന്നോട്, .. " ശ്ശൊ ഈ പിള്ളേരെ കൊണ്ട് കഷ്ടം ആയിലോ.. നിര്‍ബന്ധം ആണെങ്കില്‍ ആയിക്കോട്ടെ .." എന്ന് പറഞ്ഞെങ്കിലും, അയല കഷ്ണം കിട്ടിയ പൂച്ചയെ പോലെ, പബ്ലിസിറ്റി ക്ക് പുതിയൊരു വഴി തുറന്നു കിട്ടിയതിന്‍റെ സന്തോഷം ആ മുഖത്ത് മിന്നുനുണ്ടായിരുന്നു .
എന്തായാലും അദേഹത്തെ വളരെ സ്പര്‍ശിച്ച ഞങ്ങളുടെ ഒക്കെ കണ്ണ് നനയിച്ച ഒരു കഥ ഇതാ ഇവിടെ.. * * * * * *
സംഭവത്തിന്‍റെ ആദ്യ പാദം നടക്കുന്നത് ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്.. അന്ന് നമ്മുടെ കഥാനായകന് പ്രായം ഏഴ്. തുമ്പിയെ പിടിച്ചും തുമ്പപ്പൂ പറിച്ചും നടക്കുന്ന കാലം.. ഗ്രാമത്തിലെ പഞ്ചസാര ഫാക്ടറിയില്‍ ജോലി ചെയ്യുന്ന അച്ഛന്‍ ഒരു വെടിക്കു രണ്ടു പക്ഷി എന്ന പോലെ , മകന് കളിക്കൂട്ടിനും ഒപ്പം എലികളുടെ ശല്യത്തിന് ഒരു പോംവഴി എന്ന നിലയ്ക്കും വീട്ടിലേക്കു കൊണ്ട് വന്നതാണ് ഒരു പൂച്ചകുട്ടിയെ. ബാലാജി സന്തോഷം കൊണ്ട് തുള്ളി ചാടി .ഏറ്റവും അടുത്ത ശുഭ മുഹൂര്‍ത്തത്തില്‍ ഇരുപത്തെട്ടു കെട്ടി പൂച്ചകുട്ടിക്ക് പേരും ഇട്ടു ' പുരുഷോത്തമന്‍' . അന്ന് മുതല്‍ ബാലാജി യുടെ ബെസ്റ്റ് ഫ്രണ്ട് ആയി പുരുഷോത്തമന്‍. ഉണ്ണുന്നതും ഉറങ്ങുന്നതും മറ്റു പലതും എല്ലാം ഒരുമിച്ചായി. മുന്‍പ് ഒന്നിനെ സഹിച്ചാല്‍ മതിയായിരുന്ന പാവം പിതാശ്രീയ്ക്ക് ഇപ്പൊ തലവേദന രണ്ടായി . താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ എന്നല്ലേ.., പാവം.
കാലം നടന്നും ഓടിയും തളര്‍ന്നപ്പോള്‍ ഓട്ടോ പിടിച്ചും നീങ്ങികൊണ്ടിരുന്നു . ബാലാജി വളര്‍ന്നു , പുരുഷോത്തമന്‍ വളര്‍ന്നു , ബാലാജിക്ക് ഒരു വണ്‍വേ ലൈന്‍ ആയി. പുരുഷോത്തമനും ആയി ഗേള്‍ ഫ്രണ്ട് ഇഷ്ടം പോലെ (ലൈന്‍ അടിക്കുന്ന കാര്യത്തില്‍ പുരുഷു ന്റെ ഗുരു സാക്ഷാല്‍ ഭഗവന്‍ ശ്രീ കൃഷ്ണന്‍ ആണെന്നാണ് ബാലാജി എന്നോട് പറഞ്ഞിട്ടുള്ളത് ). അങ്ങനെ ഇരിക്കെ ബാലാജിയുടെ അച്ഛന് ട്രാന്‍സ്ഫര്‍ ആയി. ആ ഗ്രാമം വിട്ടു ദൂരേയ്ക്ക് പോവേണ്ടതായി വന്നു. വിങ്ങുന്ന മനസ്സുംമായി ചങ്ങാതിയേയും കയ്യിലെടുത്തു വീടിനോട് ടാറ്റാ പറഞ്ഞു ബാലാജി ജീപ്പില്‍ കയറി. ജീപ്പ് ഗ്രാമത്തിന്റെ കവാടത്തില്‍ എത്തിയപ്പോള്‍ പുരുഷോത്തമന്റെ ഭാവം മാറി. തന്നെ മടിയില്‍ എടുത്തു വെച്ചിരുന്ന ബെസ്റ്റ് ഫ്രണ്ട് ബാലാജിയുടെ കയ്യ്‌ മാന്തി കീറി, രജനി കാന്ത് സ്റ്റൈലില്‍ ജീപ്പില്‍ നിന്നും ഡൈവ് ചെയ്തു ഒറ്റ ഓട്ടം തിരികെ വീട്ടിലേക്കു. തന്നെക്കാളേറെ തന്റെ സുഹൃതിനിഷ്ടം വീട്ടിലെ എലികളെയും തൊട്ടടുത്ത വീട്ടിലുള്ള ഗേള്‍ ഫ്രണ്ട് അമ്മിണി പൂച്ചയെയും ഒക്കെ ആയിരുന്നു എന്ന സത്യം ഞെട്ടലോടെ ബാലാജി മനസിലാക്കി. പുരുഷോത്തമന്‍ ബൈ പറഞ്ഞ വിഷമം സഹിക്കാന്‍ കഴിയാതെ കണ്ണീരൊലിപ്പിചു നിന്ന പയ്യന്‍സിനെ അച്ഛന്‍ സമാധാനിപ്പിച്ചു ജീപ്പില്‍ കയറ്റി.
ഇരുപതു വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ആ നാട്ടില്‍ പഴയ ഓര്‍മ്മകള്‍ പൊടി തട്ടിയെടുക്കുവാന്‍ ബാലാജി വീണ്ടും എത്തിച്ചേര്‍ന്നു. തന്‍റെ ബാല്യകാല സുഹൃത്തിനെ പറ്റി അന്വേഷിച്ച ബാലാജിക്ക് അറിയുവാന്‍ കഴിഞ്ഞത് അദേഹം 2005 വരെ അതെ വീട്ടില്‍ തന്നെ ഉണ്ടായിരുന്നു എന്നും, വാര്‍ധക്യ സഹചമായ അസുഖങ്ങളാല്‍ ഇഹലോകവാസം വെടിഞ്ഞു എന്നുമായിരുന്നു.

"ഹീ ഡിച്ഡ് മീ മാന്‍..." വികാരാധീനനായി ബാലാജി പറഞ്ഞു നിര്‍ത്തി. ഞങ്ങളോട് ഈ കഥ പറയുമ്പോഴും അന്ന് കേവലം ഏതാനും എലികള്‍ക്കും ഒരു ഗേള്‍ ഫ്രണ്ട് ഇനും വേണ്ടി തന്നെ തള്ളി പറഞ്ഞ പ്രിയ സുഹൃത്തിന്റെ ചതി ഓര്‍ത്തു ആയിരുന്നു പാവം ബാലാജിയുടെ ദുഖം.

വാല്‍കഷ്ണം : പൂച്ചകളോടുള്ള കമ്പനി അന്ന് അവസാനിപ്പിച്ച ബാലാജിയുടെ ഇപ്പോഴത്തെ അടുത്ത സ്നേഹിതന്‍ ഒരു നായ ആണ് . പേര്; ജാനകി രാമന്‍. 'ജാന ' എന്ന് ചെല്ല പേര്. ശുദ്ധ സസ്യ ഭുക്കാണ്‌ . മൂന്നു നേരം തൈര് സാദം മാത്രം ( ...പാവം...) . പക്ഷെ നായ ആണേലും ആള് പുലിയാണുട്ടൊ.. എങ്ങനെ ആവാതിരിക്കും.. ബാലാജിയുടെ അല്ലെ ഫ്രണ്ട് ...

( ബാലാജിയെ എല്ലാവര്‍ക്കും ഇഷ്ടായോ? ഇടയ്ക്ക് വല്ലപ്പോഴും അദ്ധേഹത്തിന്റെ വീരസാഹസിക കഥകള്‍ പോസ്റ്റ്‌ ചെയ്യണം എന്ന് കരുതുന്നു. )

Tuesday, May 12, 2009

വീണ്ടും ചില ഓഫീസ് കാര്യങ്ങള്‍

തൊരു സാങ്കല്പിക കഥ അല്ലാട്ടോ... ബന്ഗ്ലൂരിന്റെ ഹൃദയത്തില്‍ ( അങ്ങനെ ഒന്നു ഉണ്ടെങ്കില്‍ ) സ്ഥിതി ചെയ്യുന്ന എന്‍റെ ഓഫീസില്‍ നടന്ന (നടന്നു കൊണ്ടിരിക്കുന്ന) ഹൃദയ ഭേദകമായ സംഭവങ്ങളെ സേഫ്ടി പിന്‍ കുത്തി, ചേര്‍ത്ത് വെച്ചിരിക്കുന്നതാണ്. ഇതിലെ കഥാപാത്രങ്ങള്‍ക്ക് ആരോടെങ്കിലും സാദൃശ്യം തോന്നിയാല്‍ അത് യാദൃശ്ചികം അല്ല.. തികച്ചും മനപ്പൂര്‍വം തന്നെ ആണ്. ഇതിലെ നായകനായ ആ പാവം മലയാളി മറ്റാരും അല്ലാട്ടോ , നാട്ടുകാരും വീട്ടുകാരും കണ്ണന്‍ എന്ന് സ്നേഹത്തോടെയും ദേഷ്യത്തോടെയും ഒക്കെ വിളിക്കുന്ന ഈ ഞാന്‍ തന്നെ.
ഓഫീസില്‍ എന്‍റെ ഡിവിഷനില്‍ ഉള്ള ഏക മലയാളി ഞാനാണ്. തമ്ഴ്നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നും ഒക്കെയുള്ള ഒരുപാട് എഞ്ചിനീയര്‍ മാര്‍ക്ക് ഇടയില്‍ നമ്മുടെ നാടിന്‍റെ പതാക വഹിക്കാനും, മുന്നില്‍ നിന്ന് മുദ്രവാക്യം വിളിക്കാനും പിന്നില്‍ വന്നു നിന്ന് അത് ഏറ്റു വിളിക്കാനും ഒക്കെ ആകെ ഞാന്‍ മാത്രം.. 'കാന്താരി എന്തിനാ ഒത്തിരി' എന്ന് പറഞ്ഞു സ്വയം സമാധാനിക്കാന്‍ ശ്രമിക്കാറുണ്ട്‌. എങ്കിലും, കേരളം എന്ന് കേള്‍ക്കുമ്പോള്‍ തിളച്ചു വരുന്ന എന്‍റെ ചോര സംഘം ചേര്‍ന്ന് എന്‍റെ തമിഴ്‌ സുഹൃത്തുക്കള്‍ 'ഐസ് വെള്ളം' കോരി ഒഴിച്ച് തണുപ്പിക്കുമ്പോള്‍, ഐകമത്യം മഹാബലം എന്ന് പണ്ട് പറഞ്ഞു കേട്ടിട്ടുള്ളത് എത്ര ശരിയാണെന്ന് തോന്നും.
കേരളത്തെ പറ്റി രണ്ടു വാക്ക് പറയുവാന്‍ അരെങ്കിലും അബദ്ധത്തില്‍ എങ്ങാനും പറഞ്ഞു പോയാല്‍ .. ഹരിത കമ്പളം വിരിച്ച സസ്യ ശ്യാമള... എന്ന് തുടങ്ങി ...ദൈവത്തിനു എവിടെ എങ്കിലും സ്വന്തമായി ഒരു ഏക്കര്‍ ഭൂമി ഉണ്ടെങ്കില്‍ അത് ഇതാണ് .. ഇത് തന്നെയാണ് ...ഇത് മാത്രമാണ്.. എന്ന് പറഞ്ഞു തീര്‍ത്തു .. ' 'കേരനിരകളാടും..ഒരു ഹരിത ചാരു തീരം.. ' എന്ന് പാട്ടും പാടി മാത്രമേ മൈക് തിരികെ കൊടുക്കു. എന്‍റെ നാടിനോടുള്ള ഈ സ്നേഹം തന്നെ ആണ് അവര്‍ക്ക് തരം കിട്ടുമ്പോഴൊക്കെ എന്നെ ആക്രമിക്കുവാനുള്ള പ്രചോദനം ആയതെന്നു തോന്നുന്നു. ഒരിക്കല്‍ 'ഈഫല്‍ ടവര്‍' കാട്ടി എന്നോട് ആരോ ഇതെന്താണെന്നു ചോദിച്ചെന്നും ആലപ്പുഴയില്‍ ഉള്ള 'എയര്‍ടെല്‍ ' ഇന്‍റെ മൊബൈല്‍ ടവര്‍ ആണ് അത് എന്ന് ഞാന്‍ ഉറപ്പിച്ചു പറഞ്ഞു എന്നും ഒരു കഥ ഓഫീസില്‍ അങ്ങോളം ഇങ്ങോളം പ്രചരിക്കുന്നുണ്ട്. ടീവിയില്‍ എവിടെയെങ്കിലും തെങ്ങും പുഴയും ഒരുമിച്ചു കണ്ടാല്‍ അത് കുട്ടനാടാണ് എന്നും , ഒന്ന് രണ്ടു പനകള്‍ വരിയായി നില്കുന്നത് കണ്ടാല്‍ പാലക്കാടാണ് എന്നും ഒക്കെ ഇടയ്ക്ക് പറയുമെങ്കിലും.. ഈഫല്‍ ടവറിനെ കേരളത്തിലേക്ക് കൊണ്ട് വരുവാനുള്ള മണ്ടത്തരം ഉറക്കത്തില്‍ പോലും ഞാന്‍ കാണിക്കില്ല, സത്യം. ഓഫീസില്‍ മലയാളി ആയിപ്പോയി എന്ന ഒറ്റക്കാരണം കൊണ്ട് ഞാന്‍ സഹിക്കേണ്ടി വരുന്ന ക്രൂരമായ ആക്രമണത്തിന്റെ ഒരു ചെറിയ ചിത്രം നിങ്ങള്‍ക്കു ഇപ്പോള്‍ തന്നെ മനസ്സിലായി കാണും എന്ന് പ്രതീക്ഷിക്കുന്നു.
എന്‍റെ സുഹൃത്തുക്കള്‍ക്ക് ആകെ അറിയുന്ന രണ്ടു മലയാളികള്‍ ഒന്ന് ഞാനും പിന്നെ ഒന്ന് ഇന്ത്യന്‍ ക്രിക്കറ്റില്‍ കേരളത്തിന്‍റെ ആകെ പ്രതിനിധിയായ ശ്രീശാന്തും ആണ്. ഹ്രസ്വമായ തന്‍റെ അരങ്ങേറ്റ കാലത്ത് തന്നെ 'ശ്രീ' കാട്ടി കൂട്ടിയിട്ടുള്ള തകര്‍പ്പന്‍ 'പ്രകടനങ്ങള്‍' കാരണം അദ്ദേഹം ടീമില്‍ ഉണ്ടെങ്കില്‍ എന്‍റെ തമിഴ്‌ സുഹൃത്തുക്കള്‍ക്കൊപ്പം ക്രിക്കറ്റ്‌ മത്സരം കാണുവാന്‍ ഞാന്‍ ഇന്നും ധൈര്യപെടാറില്ല.വെറുതെ എന്തിനാ അടിക്കാനുള്ള വടി സ്വയം കൊണ്ട് കൊടുക്കുന്നത് . ദേഷ്യം വന്നാല്‍ ചെറിയ കാര്യത്തിന് പോലും ചൂടാവുന്ന എന്‍റെ ചെറിയ ദുശ്ശീലം കൂടെ അറിയാവുന്നതു കൊണ്ട്. . "മല്ലുസ് അപ്പൊ എല്ലാരും ഇങ്ങനെ തന്നെ ആണ് അല്ലെ.." എന്ന് തരം കിട്ടുമ്പോഴൊക്കെ പറയാറുള്ള പ്രിയ സുഹൃത്ത്‌ അജയ് ക്ക് , അവന്‍ എന്നെങ്കിലും ശബരി മലയില്‍ പോകുവാന്‍ വാളയാര്‍ ചെക്ക്‌ പോസ്റ്റ്‌ കടന്നു കാലെടുത്ത്‌ വച്ചാല്‍ കൊച്ചിയിലെ ലോക്കല്‍ ഗുണ്ടകളെ കൊണ്ട് ഒരു കൊട്ടേഷന്‍ കൊടുപ്പിക്കണം എന്ന് ഞാന്‍ തീരുമാനിച്ചു വെച്ചിട്ടുണ്ട്. ( കൊട്ടേഷന്‍ സ്പോണ്‍സര്‍ ചെയ്യാന്‍ താല്പര്യം ഉള്ളവര്‍ പറയണേട്ടോ... ).

T20 ക്രിക്കറ്റില്‍ പ്രത്യേകിച്ച് ഒരു ടീമിനോടും ഇഷ്ടമോ ഇഷ്ടക്കെടോ ഇല്ലാതിരുന്ന ഞാന്‍ ഇന്ന് 'ചെന്നൈ സൂപ്പര്‍ കിങ്ങ്സ്‌ ' തോല്‍ക്കുവാനായി ഗണപതിക്ക്‌ തെങ്ങയടിക്കുന്നുന്ടെന്കില്‍ അതിനു ഒരേയൊരു കാരണം എന്‍റെ പ്രിയപ്പെട്ട ഈ തമിഴ്‌ സുഹൃത്തുക്കളാണ്. സ്വന്തമായി ഒരു T20 ടീം ഇല്ലാത്ത സംസ്ഥാനത്ത് ജനിച്ചു പോയ എന്നെ സഹതാപത്തോടെ നോക്കുന്നതു കാണുമ്പൊള്‍ തറവാട് വിറ്റും ഒരു കുഞ്ഞു ടീം കേരളത്തിന്‌ ഉണ്ടാക്കണം എന്ന് പോലും തോന്നാറുണ്ട്. പിന്നെ തറവാട് വിറ്റാലും ടീം ജേഴ്സി വാങ്ങാന്‍ പോലും തികയില്ല എന്നറിയാവുന്നതു കൊണ്ട് അങ്ങനെ ഒരു സാഹസത്തിനു മുതിര്‍ന്നില്ല. കേരളത്തിന്‌ ഒരു T20 ടീം ഉണ്ടായിരുന്നെങ്കില്‍ അതിനു 'travancore thunders ' എന്ന് പേരിടുമായിരുന്നു എന്നും ശ്രീശാന്ത്‌ ക്യാപ്റ്റന്‍ ആകുമായിരുന്നു എന്നും ഉള്ള അജയ് ഉടെ റോക്കറ്റിനു ബൂസ്റ്റര്‍ ആയി .. അങ്ങനെ സംഭവിച്ചാല്‍ ഷാരൂഖ്‌ ഖാന്‍റെ കൊല്‍ക്കത്ത പോലെ ആ കേരള ടീമിനെ ഷക്കീല വാങ്ങിയേനെ എന്ന് ബാലാജിയുടെ ചാട്ടുളി കമന്റ്‌. കേരളത്തില്‍ ആണെങ്കില്‍ ഒരു ടീം അല്ലെ വാങ്ങു.. ഷക്കീല തമിഴ്‌ നാട്ടില്‍ ആയിരുന്നെങ്കില്‍ അവര്‍ അവിടെ മുഖ്യമന്ത്രി ആയേനെ എന്ന ടോര്‍പിടോ പറയാന്‍ മനസ്സില്‍ തോന്നിപ്പിച്ച ഗുരുവായൂരപ്പാ നന്ദി.. ആവേശത്തില്‍ എഴുനേറ്റു നിന്ന് എന്നെ ആക്രമിച്ചു കൊണ്ടിരുന്ന അജയും, ബാലാജിയും, ബാല്ക്കിയും ഒക്കെ ഒന്നും സംഭവിചിട്ടില്ലാത്തത് പോലെ മെല്ലെ കസേരയിലേക്ക് ഇരിക്കുന്നത് കണ്ടപ്പോള്‍.. രണ്ടു ദിവസം അവധി എടുത്തു ആ സന്തോഷം ആഘോഷിക്കാനാണ് തോന്നിയത്.

നമ്മുടെ ദേശീയ മൃഗമായ 'ടൈഗര്‍' മലയാളത്തില്‍ കടുവ എന്ന ഓമനപ്പേരില്‍ ആണ് അറിയപ്പെടുന്നത് എന്ന് പറഞ്ഞ എന്നെ ദേശീയ മൃഗത്തെ അപമാനിച്ചതിന് രാജ്യദ്രോഹിയായി പ്രഖ്യാപിക്കണം എന്ന് പ്രക്ഷോഭം വരെ ഉണ്ടാക്കി എന്‍റെ സുഹൃത്തുക്കള്‍ ഒരിക്കല്‍. തമിഴ്നാട്ടില്‍ കടുവയും പുലിയും ഒക്കെ പല തരം പുലികള്‍ മാത്രമായത് എന്‍റെ കുറ്റമാണോ? 'tamil tigers ' എന്ന് വെച്ചാല്‍ 'തമിഴ്പുലി' ആയതു കൊണ്ട് ടൈഗര്‍ ഇനെ ലോകത്തില്‍ എല്ലായിടത്തും പുലി എന്ന് മാത്രമേ വിളിക്കുവാന്‍ പാടുള്ളൂ എന്നുണ്ടോ ? സാക്ഷാല്‍ അയ്യപ്പ സ്വാമി ചെയ്തത് പോലെ കാട്ടില്‍ പോയി ഒരു 'മല്ലു കടുവ'യെ പിടിച്ചു കൊണ്ട് വന്നു അതിനെ കൊണ്ട് ഇവരുടെ മുന്നില്‍ "മൈ നേം ഈസ്‌ കടുവ......ജെയിംസ്‌ കടുവാ..." എന്ന് പറയിപ്പിക്കണം എന്ന് ആഗ്രഹിച്ചു പോയി. പക്ഷെ ആഗ്രഹം മാത്രം പോരല്ലോ അതിനു ധൈര്യം കൂടെ വേണ്ടേ.. എന്തായാലും 'വികിപീഡിയ' യുടെ സഹായത്തോടെ ടൈഗര്‍ ഇന് കടുവ എന്നൊരു മലയാളം പേരുണ്ടെന്ന് സ്ഥാപിച്ചെടുത്തു ഞാന്‍ എന്റെയും നാടിന്‍റെയും അഭിമാനം രക്ഷിച്ചു അന്ന്.
എല്ലാ വൃശ്ചികത്തിലും വ്രതം എടുത്തു മല കയറി ചെന്ന് അയ്യപ്പ സ്വാമിയോടും , ക്യൂ ഇല്‍ നിന്ന് ഒടുവില്‍ മുന്നിലെത്തുമ്പോള്‍ ഗുരുവായൂരപ്പനോടും അര നിമിഷത്ത്തിനിടയില്‍ പറയുന്ന ഒരുപാട് കാര്യങ്ങള്‍ക്കിടയില്‍ ആവശ്യപെടാറുള്ള ഒരു കാര്യം കൂടെ ഉണ്ട് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി .. ' എന്‍റെ അയ്യപ്പാ / ഗുരുവായൂരപ്പാ... പേരിനെങ്കിലും.... കേരളം എന്ന് കേള്‍ക്കുമ്പോ ചോര തിളയ്ക്കുന്ന ..ഒരു മലയാളിയെ കൂടെ എന്‍റെ ഓഫീസിലോട്ട് ഒന്നു പറഞ്ഞു വിടണേ...'. എന്തോ ഇത് വരെ അത് സംഭവിച്ചില്ല.,ഒരുപക്ഷെ ഇത് പോലെ എന്‍റെ തമിഴ്‌ സുഹൃത്തുക്കളും പ്രാര്ത്ഥിക്കുന്നു ഉണ്ടാവും ... 'ദൈവമേ...ഇത് പോലെ ഒന്നിനെ കൂടെ ഇങ്ങട് പറഞ്ഞു വിടരുതേ എന്ന്'...
.. 'പ്രാര്‍്ത്ഥിക്കുവാന്‍ എല്ലാവര്‍ക്കും ഓരോ കാരണം ഉണ്ടല്ലോ....

Saturday, May 2, 2009

നഷ്ടപ്പെട്ട വിഷു

ടുത്ത ആഴ്ച വിഷുവാണ്. നാട്ടില്‍ പോവാന്‍ ലീവും ടിക്കറ്റും എല്ലാം ശരിയായി. 5 ദിവസം കൂടി കഴിഞ്ഞാല്‍ നാട്ടിലേക്ക് തിരിക്കാം എന്ന ചിന്ത തന്നെ മനസ്സിന് കുളിര് പകരുന്നു . മ്മയും അച്ചനും നാട്ടിലേക്ക് ഇവിടെ നിന്നും മടങ്ങിയതിന് ശേഷം കുറച്ചു ദിവസമായി അനുഭവപ്പെടുന്ന ഒറ്റപെടലില്‍ നിന്നും മോചനമാവും നാട്ടിലേക്കൊരു യാത്ര. തും ഞാനേറെ ഇഷ്ടപെടുന്ന വിഷുവിനു ആവുമ്പോള്‍ മാധുര്യമേറും. നാട്ടിലെ തൊടികളില്‍ ഇപ്പൊ മാമ്പൂവിന്ടെ ഗന്ധമുണ്ടാവും. കിളിച്ചുണ്ടന്‍ മാവിലും മൂവാണ്ടന്‍ മാവിലും ഒക്കെ നിറയെ മാങ്ങകള്‍. കാറ്റില്‍ ഉതിര്‍ന്നു വീഴുന്ന കസ്തൂരി മാങ്ങ പെറുക്കാന്‍ പണ്ട് തറവാട്ടില്‍ ചേച്ചിയുമായി മത്സരമായിരുന്നു. രു കുഞ്ഞു കാറ്റ് ആ വഴി വന്നാല്‍ ഒറ്റ ഓട്ടം ആണ് മാന്ചോട്ടിലേക്ക്. ച്ചമാങ്ങ ഉപ്പും ചേര്‍ത്ത് കഴിക്കുന്നത്‌ ഓര്‍ക്കുമ്പോള്‍ നാവില്‍ വെള്ളം നിറയുന്നു.

വിഷുവിനു അതി രാവിലെ കുളിച്ചു ദിലീപും ഒത്തു ഏവൂര്‍ ക്ഷേത്രത്തില്‍ പോകണം . ടങ്ങി വന്നു ദിലീപിന്‍റെ അമ്മയ്ക്ക് കൈനീട്ടം കൊടുക്കണം. പിന്നെ ആ അമ്മ വിളമ്പി തരുന്ന സ്നേഹം ചേര്‍ത്തരച്ച ഇടലിയും ചട്നിയും. തിരികെ വീട്ടിലെത്തി അമ്മയ്ക്കും അച്ഛനും കൈനീട്ടം. മാമ്പഴ പുളിശ്ശേരിയും പച്ചടിയും ഇഞ്ചി കറിയും 2 കൂട്ടം പായസവും ഒക്കെ ചേര്‍ത്ത് സദ്യ. പിന്നെ സന്തോഷ്‌ ടാക്കീസില്‍ ദിലീപും ഒത്തു ഒരു സിനിമ. വൈകിട്ട് അമ്പലത്തില്‍... ഒരുപാട് നീളം ഉള്ള ഒരു വിഷു ദിനം മഴവില്‍ നിറങ്ങളില്‍ മനസ്സില്‍ നിറഞ്ഞു വന്നു .

കുട്ടിക്കാലം മുതല്‍ക്കെ വിഷു എനിക്കേറെ പ്രിയപെട്ടതാണ്. 2 മാസം നീളുന്ന വേനലവധിയുടെ ഇടയിലായി വരുന്നത് കൊണ്ട് വിഷുവിനു ഞങ്ങള്‍ കുട്ടികളുടെ വലിയ ഒരു സംഘം തന്നെ ഉണ്ടാവും തറവാട്ടില്‍ . മുതിര്‍ന്നവര്‍ തരുന്ന വിഷു കൈനീട്ടം എല്ലാം കൂട്ടി വെച്ച് പടക്കവും, ക്രിക്കറ്റ്‌ ബാളും.. ഐസ് ക്രീമും ഒക്കെ വാങ്ങി അടുത്ത ദിവസം ആവുമ്പോഴേക്കും കീശ വീണ്ടും കാലിയാക്കുന്നതായിരുന്നു എന്‍റെ ശീലം. പക്ഷെ കിട്ടുന്ന കാശൊക്കെ സൂക്ഷിച്ചു കൂട്ടി വെക്കുമായിരുന്നു രമ്യ ചേച്ചി. വിഷുവിനു രണ്ടു ദിവസം കഴിഞ്ഞു നാരങ്ങ മിട്ടായി വാങ്ങാന്‍ പോലും കാശില്ലാതെ നില്‍ക്കുന്ന എന്നെ നാണയത്തുട്ടുകള്‍ കാട്ടി കൊതിപ്പിക്കുന്ന ശത്രു. ഒടുവില്‍ ദേഷ്യം സഹിക്കാന്‍ വയ്യാതെ ഒന്ന് കൊടുക്കുമ്പോള്‍ കരഞ്ഞു കൊണ്ട് പോയി പരാതി പറഞ്ഞു അമ്മയുടെ കയ്യില്‍ നിന്നും തല്ലും വാങ്ങി തരും.ദൈവം ഇവളെ സൃഷ്ടിച്ചത് എന്‍റെ സന്തോഷം കളയാന്‍ മാത്രമാണൊ എന്ന് തോന്നിപോകും അപ്പോള്‍. പക്ഷെ 2 ദിവസം ചേച്ചി വീട്ടില്‍ ഇല്ലെങ്കില്‍ വിഷമം ആവും.ശത്രു ആണെങ്കിലും എന്നെയും വല്യ ഇഷ്ടംതന്നെ ആയിരുന്നു ചേച്ചിക്കും.

കുട്ടിക്കാലത്തെ വിഷു ഓര്‍മകളില്‍ മുങ്ങി ദൈര്‍ഖ്യം ഏറിയ ദിവസങ്ങള്‍ തള്ളി നീക്കുമ്പോഴാണ് ഇടിത്തീ പോലെ 'കോമറ്റ് ഡെമോ' കയറി വന്നത്.ലീവ് എടുക്കാന്‍ കഴിയാത്ത അവസ്ഥ. അതോടെ വിഷുവിനു ലീവ് എടുക്കാനുള്ള പദ്ധതികള്‍ തകിടം മറിഞ്ഞു. ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുമ്പോള്‍ ആരോടൊക്കെയോ ഉള്ള ദേഷ്യം മനസ്സില്‍ തിളച്ചു മറിഞ്ഞു. ആരെ എങ്കിലും ഒന്ന് തല്ലിയിരുന്നെങ്കില്‍ അല്പം ദേഷ്യം കുറഞ്ഞേനെ എന്ന് തോന്നി.വിഷുവിനു തലേന്ന് ശൂന്യമായ മനസോടെ ഉറങ്ങുവാന്‍ കിടക്കുമ്പോള്‍ കണ്ണടച്ച് നാട്ടിലെ ഇടവഴികളെ പൊന്നണിയിക്കുന്ന കണികൊന്നകളും ഒരിക്കലും കണ്ടിട്ടില്ലാത്ത വിഷുപക്ഷിയുടെ ഇത് വരെ കേട്ടിട്ടില്ലാത്ത മനോഹര ഗാനവും ഒക്കെ വെറുതെ ഓര്‍ത്തു. പുലര്‍ച്ചെ അടുത്തുള്ള അയ്യപ്പ ക്ഷേത്രത്തില്‍ എന്തായാലും പോയി തൊഴണം എന്ന് മനസ്സില്‍ ഉറപ്പിച്ചു. ഗൃഹാതുരത്വം മുറിവേല്‍പ്പിച്ച മനസ്സുമായി എപ്പോഴോ ഉറക്കത്തിലേക്കു വഴുതി വീണു.
"കണി കാണും നേരം കമല നെത്രന്ടെ.. "
സെല്‍ ഫോണ്‍ നിര്‍ത്താതെ ചിലയ്ക്കുന്നത് കേട്ട് ഞെട്ടി ഉണര്‍ന്നു നോക്കുമ്പോള്‍ സമയം എട്ടര. ധ്രിതിയില്‍ തയ്യാറായി ഓഫീസിലേക്ക് കുതിക്കുന്ന തിരക്കില്‍ വിഷുവിനായി ആകെ മാറ്റി വെച്ച ക്ഷേത്ര ദര്‍ശനവും മുടങ്ങിയത് വേദനയോടെ ഓര്‍ത്തു. അല്ലെങ്കില്‍ തന്നെ ഇനി എന്ത് വിഷു. കണികൊന്നയും, കണി വെള്ളരിയും കൈനീട്ടവും ഒന്നും ഇല്ലാതെ എന്ത് വിഷു എന്ന് സ്വയം സമാധാനിക്കാന്‍ ശ്രമിച്ചു ഞാന്‍. വളരെ തിരക്ക് പിടിച്ച ഒരു ഓഫീസ് ദിനമായിരുന്ന്നു അന്ന് കാത്തിരുന്നത്. ചെന്ന പാടെ നൂറു കൂട്ടം തിരക്കുകള്‍. മധ്യാഹ്നത്തിലെ 6 മണികൂറോളം നീണ്ട മടുപ്പിക്കുന്ന മീറ്റിങ്ങിനും ശേഷം രാത്രി ഒന്‍പതിന് ഓഫീസ് വിടുമ്പോള്‍ മനസ്സും ശരീരവും തളര്‍ന്നിരുന്നു. തളര്‍ന്നു കിടക്കയില്‍ വന്നു വീഴുമ്പോള്‍ മനസ്സില്‍ ഒരുപാടാഗ്രഹിച്ച ഒരു വസന്തം നഷ്ട്ടപെട്ട വേദനയായിരുന്നു. അപ്പ്രതീക്ഷിതമായി കിട്ടിയ വിലപെട്ട ഒരു കുഞ്ഞു വിഷു കൈനീട്ടം (അതെന്താണെന്ന് പിന്നീട് എപ്പോഴെങ്കിലും പറയാം ) നല്‍കിയ ഇത്തിരി സാന്ത്വനം മറക്കുവാന്‍ ആവില്ല.. എങ്കിലും നഷ്ടപെട്ട വിഷു ദിനം ഒരു വിങ്ങലായി മനസ്സില്‍ നിറഞ്ഞു നിന്നു.

മാമ്പൂവിന്റെ ഗന്ധവുമായി മാമലകള്‍ക്ക് അപ്പുറത്ത് നിന്നും നിന്നും മാടി വിളിക്കുന്ന മലയാള നാടിന്‍റെ ഓര്‍മയില്‍ മനസ്സില്‍ ഒരു വിഷുപക്ഷി തേങ്ങുന്നുണ്ടായിരുന്നു. എന്നെ പോലെ തന്നെ സ്വന്തം നാട്ടില്‍ നിന്ന് അകന്നു മറുനാട്ടില്‍ ചേക്കേറിയ അനേകായിരം മലയാളികള്‍ കേള്‍ക്കുന്നുണ്ടാവും അല്ലെ? വിഷുപക്ഷിയുടെ ഈ തേങ്ങല്‍...

തെങ്ങും വിളയിൽ മത്തായി

രാമപുരത്തിന്റെ വടക്കേ അതിരിൽ പുഞ്ചപ്പാടങ്ങളും , തെങ്ങിൻ തോപ്പുകളും അഴക് ചാർത്തുന്ന ഏവൂർ എന്ന കൊച്ചു ഗ്രാമം. അവിടെ സാമാന്യം തെറ്റില്ലാത്ത പി...