Monday, November 16, 2009

ശരണ വഴിയിലൂടെ, ശരണം വിളികളോടെ


രണ മന്ത്രങ്ങള്‍ മനസ്സിലുണര്‍ത്തി വീണ്ടും ഒരു വൃശ്ചികം കൂടി പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്നു. ഇത് സ്വാമി അയ്യപ്പന്റെ മണ്ഡലക്കാലം. മാലയിട്ടു വൃതമെടുത്തു പമ്പയില്‍ മുങ്ങി , മല ചവിട്ടി ഭക്തര്‍ സ്വാമി അയ്യപ്പന്റെ ദിവ്യ ദര്‍ശനത്തിനായി ശബരി ഗിരിയിലെയ്ക്ക് ഒഴുകാന്‍ തുടങ്ങുന്ന പുണ്യ മാസം.

പാലിലും നെയ്യിലും അഭിഷിക്തനായ സ്വാമിയെ കാണുന്നത് കോടി പുണ്യം. ഹരിവരാസനം പാടി നിറഞ്ഞ മനസ്സോടെ മലയിറങ്ങുമ്പോള്‍ അനുഭവിക്കുന്നത് പറഞ്ഞറിയിക്കാനാവാത്ത സമാധാനവും ശാന്തിയും. ഓരോ തവണ മലയിറങ്ങി പമ്പയിലെത്തി മുങ്ങി നിവരുമ്പോഴും ഇനി അടുത്ത മടങ്ങി വരവ് എത്ര വേഗം ആയിരുന്നെങ്കില്‍ എന്ന് മനസ്സ് പറയുന്നത് ഇവിടെ മാത്രം ഉണ്ടാവുന്ന അനുഭവം.

മാലയിടുന്ന നാള്‍ മുതല്‍ ചര്യകളിലും ചിന്തകളിലും ചിട്ട വരുത്തി ശരണം വിളികളുമായി കഴിയുന്ന ദിനങ്ങള്‍ സമ്മാനിച്ചു കൊണ്ട് ഈ മാസം വീണ്ടും കടന്നു വരുന്നത് എനിക്ക് ഇത് പത്താം തവണ. പതിനാറു വയസ്സില്‍ കന്നി മല ചവിട്ടിയ ശേഷം ഒരു മണ്ഡലക്കാലവും സ്വാമിയെ കാണാതെ കടന്നു പോയിട്ടില്ല.

ഇത്തവണയും കായംകുളം പുതിയിടം ക്ഷേത്രത്തില്‍ പോയി മാല പൂജിച്ചു വാങ്ങി ധരിച്ചു വൃതം തുടങ്ങണം. മനസ്സും ശരീരവും ശുദ്ധി വരുത്തി , രണ്ടു നേരവും ശരണം വിളിയും, ക്ഷേത്ര ദര്‍ശനവുമായി വൃതത്തിന്റെ നാളുകള്‍ കഴിയണം. അടയാളമെന്ന പോലെ കറുപ്പ് തോര്‍ത്ത്‌ മുണ്ട് കഴുത്തില്‍ ചുറ്റി, ചെരുപ്പ് ധരിക്കാതെ എവിടെയും സഞ്ചാരം. വൃതത്തിലാണെന്ന് മറ്റുള്ളവര്‍ക്ക് മനസിലാക്കുവാനും, അത് വഴി അശുദ്ധി ഒഴിവാക്കുവാനും അത് സഹായകമാവും.

യാത്രയുടെ അന്ന് വൈകിട്ട് വരെ നിരാഹാരം. പിന്നെ അമ്മ ഉണ്ടാക്കുന്ന കഞ്ഞി കുടിച്ചു ദീപാരാധന തൊഴാന്‍ രാമപുരം ക്ഷേത്രത്തിലേക്ക്. അവിടുന്ന് തന്നെ കെട്ട് നിറച്ചു ഇരുമുടിയും തലയിലേറ്റി എല്ലാവരുടെയും പ്രാര്‍ഥനകള്‍ ഏറ്റുവാങ്ങി ശബരി മലയിലേക്ക് അഞ്ചു മണിക്കൂറോളം നീളുന്ന യാത്ര.

പമ്പയില്‍ എത്തുമ്പോഴേക്കും പന്ത്രണ്ടു മണി കഴിഞ്ഞിട്ടുണ്ടാവും. തണുത്ത വെള്ളത്തില്‍ മുങ്ങി കുളിച്ചു, കര്‍പ്പൂരം കത്തിച്ചു, പമ്പാ ഗണപതിക്ക്‌ തേങ്ങയടിച്ചു, ശ്രീരാമനെയും ആന്ജനെയനെയും തൊഴുതു മണികണ്ഠനെ കാണുവാനായി മുകളിലേക്ക്. പണ്ടൊക്കെ എവിടെയും ഇരിക്കാതെ ഒറ്റ നടപ്പില്‍ തന്നെ മുകളിലെത്തുവാന്‍ ആവേശമായിരുന്നു. ഇപ്പൊ കുത്തനെ ഉള്ള ആദ്യ പകുതി കഴിഞ്ഞാല്‍ ഒന്ന് ഇരുന്നു കിതപ്പടക്കാതെ തുടരുവാന്‍ കഴിയാറില്ല.

മുകളിലെത്തുമ്പൊഴേക്കും നടതുറന്നിട്ടുന്ടാവില്ല. നടപ്പന്തലില്‍ അല്‍പ്പ നേരം വിശ്രമം. നട തുറക്കുന്നതിനു വേണ്ടിയുള്ള കാത്തിരിപ്പ്. ഒടുവില്‍ കാത്തിരിപ്പിന് അന്ത്യം കുറിച്ച് കൊണ്ടുള്ള മണി നാദം. അകമ്പടിയായി യേശുദാസിന്റെ ഭാവ സാന്ദ്രമായ ശബ്ദത്തില്‍ മൈക്കിലൂടെ ഒഴുകിയെത്തുന്ന അയ്യപ്പ സ്തുതി. എവിടെയും മുഴങ്ങുന്ന ശരണം വിളികള്‍ തീര്‍ക്കുന്ന ഭക്തി നിര്‍ഭരമായ അന്തരീക്ഷം. പിന്നെ കൊച്ചു കടുത്ത സ്വാമിക്ക് തേങ്ങയടിച്ചു ഓരോ പടിയും തൊട്ടു തൊഴുതു പതിനെട്ടാം പടി കയറ്റം. കാത്തു നിന്ന് ഒടുവില്‍ സാക്ഷാല്‍ അയ്യപ്പ സ്വാമിയുടെ സന്നിധിയില്‍. ഇരുമുടിയുമേന്തി അയ്യപ്പനെ തൊഴുതു നില്‍ക്കുമ്പോള്‍ മനസ്സില്‍ നിറയുന്നത് പറഞ്ഞറിയിക്കാന്‍ ആവാത്ത ശാന്തിയും സമാധാനവും മാത്രം.

എത്ര നേരം അങ്ങനെ നിന്നാലും മതി വരില്ല എങ്കിലും തിരക്ക് അതിനൊരു തടസ്സമാവുമ്പോള്‍, മനസ്സില്ലാ മനസ്സോടെ വീണ്ടും മുന്നോട്ട്. ഭസ്മക്കുളത്തില്‍ മുങ്ങി വന്നു മണികണ്ഠന് ചുറ്റും ശയനപ്രദക്ഷിണം രണ്ടു തവണ ചെയ്തിട്ടുണ്ട് , കഠിനമായ സമസ്യകള്‍ ജീവിതത്തില്‍ കടന്നു വന്ന സമയങ്ങളില്‍. അപ്പോഴൊക്കെ കലിയുഗവരദന്‍ കനിഞ്ഞിട്ടുമുണ്ട്. എന്തായാലും ഇത്തവണ ശയനപ്രദക്ഷിണം ഇല്ല. .

നെയ്ത്തേങ്ങ ഉടച്ചു നെയ്യ്‌ പാത്രത്തിലേക്ക് പകര്‍ന്ന് അഭിഷേകത്തിനായി കൊടുക്കും.കെട്ടിലെ അവിലും മലരും കല്‍ക്കണ്ടവും അന്നദാനതിലേക്കായി വെച്ചിരിക്കുന്ന പാത്രത്തില്‍ നിക്ഷേപിക്കും. പിന്നെ മേല്‍പ്പാലം വഴി മാളികപ്പുറത്തേക്ക്. മാളികപ്പുറത്തു തെങ്ങയുരുട്ടി പനിനീര് തളിച്ച് , കറുപ്പയ്യ സ്വാമിക്ക് വെറ്റില പാക്ക് വെച്ച്, നവഗ്രഹങ്ങളെ വലം വെച്ച് തൊഴുതു അവിടെ നിന്നും വാവര് സ്വാമിയുടെ നടയിലേക്ക് . കെട്ടിലുള്ള കുരുമുളക് അവിടെ കൊടുത്തു തൊഴുതു ആഴിയില്‍ ചെന്ന് കയ്യിലുള്ള തേങ്ങാ കഷ്ണങ്ങള്‍ അവിടെ എറിയും. അവിടെ നിന്നും പകുതി കത്തിയ ഒന്നോ രണ്ടോ തെങ്ങാമുറികള്‍ തിരികെ എടുക്കും.അത് പ്രസാദത്തോടൊപ്പം ചേര്‍ക്കാനുള്ളതാണ്.

എല്ലാം കഴിഞ്ഞു ക്യൂ നിന്ന് അരവണയും ഉണ്ണിയപ്പവും വാങ്ങി, താഴെ നിന്ന് കാനന വാസനെ ഒരിക്കല്‍ കൂടി തൊഴുതു തിരികെ പമ്പയിലേക്ക്. സ്വാമിയെ കാണുവാനുള്ള അതിയായ ആഗ്രഹം കൊണ്ടാവാം കയറ്റം കഠിനമായി തോന്നിയിട്ടില്ല ഒരിക്കലും. പക്ഷെ ഇറക്കം ശരിക്കും ക്ഷീണിപ്പിക്കുന്നത് തന്നെ. കല്ലും കമ്പും കൊണ്ട് കാലു നോവുന്നതും ഇറക്കത്തില്‍ വെച്ച്. ഒടുവില്‍ നടന്നു തളര്‍ന്നു തിരികെ പമ്പാ തീരത്ത് എത്തി വേദനയെടുത്ത് വിങ്ങുന്ന കാല്‍പ്പാദം തണുത്ത വെള്ളത്തില്‍ വയ്ക്കുമ്പോള്‍, എന്ത് സുഖം.

പിന്നെ ഏറെ സമയം എടുത്തു പമ്പയില്‍ ഒരു നീരാട്ട്. ക്ഷീണമൊക്കെ മാറി അവിടെ സ്ഥിരമായി എല്ലാ വര്‍ഷവും ചായക്കട നടത്തുന്ന ഹരിപ്പാട്ടുകാരന്‍ പ്രഭകരെട്ടന്റെ കടയില്‍ നിന്ന് കപ്പയും കഞ്ഞിയും സ്വാദോടെ കഴിക്കാം. പന്ത്രണ്ടൊക്കെ ആവുമ്പോള്‍ തിരികെ പോവാന്‍ എല്ലാവരും തയ്യാറായിട്ടുന്ടാവും. മെല്ലെ മെല്ലെ തിരക്കുകളില്‍ നിന്ന് അകന്നു വാഹനം നീങ്ങുമ്പോള്‍, പൂങ്കാവനം കണ്ണില്‍ നിന്ന് മറഞ്ഞു തുടങ്ങുമ്പോള്‍ എന്തോ നഷ്ടപെട്ട പോലെ വിഷമം തോന്നുമെങ്കിലും അടുത്ത വരവിന് ഇനിയും ഉടനെ തിരികെയെത്തും എന്ന് സ്വയം ആശ്വസിക്കും. ഒടുവില്‍ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തില്‍ എത്തി മാല ഊരി വൃതം അവസാനിപ്പിച്ചു സാധാരണ ജീവിതത്തിലേക്ക് മടക്കം.
ഇനിയും എത്ര കൊല്ലം ഈ പതിവുകള്‍ ആവര്‍ത്തിച്ചാലും ഓരോ തവണയും യാത്ര തുടങ്ങുമ്പോള്‍ ആദ്യമായി പോവുന്ന അതെ ആവേശം തന്നെ മനസ്സില്‍ തോന്നും. ആത്മ നിയന്ത്രണത്തിന്റെ പാഠങ്ങള്‍ ആവര്‍ത്തിച്ചു തരുന്നതിനോപ്പം ചെറുപ്പത്തില്‍ പഠിച്ച, ഇപ്പോള്‍ കൈമോശം വന്നു തുടങ്ങുന്ന ശീലങ്ങളിലേക്കുള്ള ഒരു മടക്കം കൂടിയാണ് എല്ലാ കൊല്ലവും മുടങ്ങാതെ ഉള്ള ഈ യാത്ര എനിക്ക്. അത് കൊണ്ട് തന്നെ ഓരോ തവണ വൃശ്ചികമാസം വിരുന്നെത്തുമ്പോഴും ഇത്തവണയും ഈ യാത്രയ്ക്ക് മുടക്കം വരുത്തരുതേ എന്ന് സ്വാമിയോട് പ്രാര്‍ത്ഥന മാത്രം.

ഹരിവരാസനം വിശ്വമോഹനം
ഹരിതദീശ്വരം ആരാധ്യപാദുകം
അരിവി മര്‍ദനം നിത്യ നര്‍ത്തനം
ഹരിഹരാത്മജം ദേവമാശ്രയേ..

സ്വാമിയേ ശരണമയ്യപ്പാ..!

Tuesday, November 3, 2009

എന്‍റെ കടിഞ്ഞൂല്‍ സിഗരറ്റ്

രോരുത്തരും പറയാറുണ്ട്‌... ഞാന്‍ പത്താം ക്ലാസ്സില്‍ സിഗരറ്റ് വലി തുടങ്ങി.. ഞാന്‍ എട്ടില്‍ പഠിക്കുമ്പോ ബീഡി കട്ട് വലിച്ചു എന്നൊക്കെ... പക്ഷെ ഇതൊക്കെ കേക്കുമ്പോ ചിരിയാ വരണേ...സത്യം..
എങ്ങനെ ചിരിക്കാതിരിക്കും... കാരണം ഞാന്‍ ആദ്യത്തെ സിഗരറ്റ് വലിക്കുംപോ പ്രായം മൂന്നു വയസ്സ്...ഹിഹി

ഓര്‍മ്മവെച്ച നാള് മുതല്‍ കണ്ടു തുടങ്ങിയതാണ്‌ സിഗരറ്റുകള്‍. മിലിട്ടറിക്കാരന്‍ ചിറ്റപ്പന്‍ വലിക്കുന്ന ചാര്‍മിനാറും , പണിക്കരേട്ടന്‍ വലിക്കുന്ന പനാമയും, പറമ്പ് കിളയ്ക്കാന്‍ വരുന്ന കുട്ടപ്പന്‍ ചേട്ടന്‍ കന്ഗാരുവിനെ പോലെ കൈലി മുണ്ടില്‍ തിരുകി വെച്ചിരുന്ന കാജ ബീഡിയും ഒക്കെ തീരെ ചെറുപ്പം മുതലേ എന്‍റെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
പകുതി എരിഞ്ഞ ബീഡിക്കുറ്റി നീട്ടി വലിച്ചു തീവണ്ടി പോലെ പുക വിട്ടു തൂമ്പയും പിടിച്ചു നെഞ്ചും വിരിച്ചു നില്ക്കാറുണ്ടായിരുന്ന കുട്ടപ്പന്‍ ചേട്ടന്‍, ആ ഒറ്റ ആക്ഷന്‍ കൊണ്ട് തന്നെ എനിക്കന്നു ഒരു ഹീറോ ആയിരുന്നു. എന്‍റെ അപ്പൂപ്പനും, വടക്കേലെ ബാലന്‍ മാഷും ഒഴികെ അന്ന് ഞാന്‍ കണ്ടിട്ടുള്ള തലമുതിര്‍നവരെല്ലാം പുകവലി ശീലമുള്ളവരായിരുന്നു. അത് കൊണ്ട് തന്നെ ആണ്‍കുട്ടി ആവണമെങ്കില്‍ പുകവലിക്കണം എന്ന സിദ്ധാന്തം ഞാന്‍ പണ്ടേ മനസ്സില്‍ കുറിച്ചിട്ടു.

ഒടുവില്‍ ആഗ്രഹം കണ്ട്രോള്‍ വിട്ടപ്പോള്‍ ഒരീസം മടിച്ചു മടിച്ചു നാണം കുണുങ്ങി നിന്ന് അമ്മയോട് ആഗ്രഹം അറിയിച്ചു.
സിഗരറ്റ് വലിക്കണം!
ഇത്തിരി ഇല്ലാത്ത ചെക്കന്റെ ഒത്തിരി വല്യ ആഗ്രഹം കേട്ട് അമ്മേടെ മുഖം ചുവന്നു. വടിയെടുക്കാന്‍ പുളിന്ചോട്ടിലേക്ക് നടക്കണം എന്ന് അമ്മ മനസ്സില്‍ ചിന്തിച്ച നിമിഷം തന്നെ കണ്ണന്‍ അവിടുന്ന് സ്കൂട്ടായി. പിന്നെ പൊങ്ങിയത് അമ്മൂമ്മയുടെ മുന്നില്‍. പരമാവധി ദയനീയ ഭാവം മുഖത്ത് വരുത്തി അവിടെ അടുത്ത നിവേദനം കൊടുത്തു.
'മോനെ വല്യ ആളുകളെ സിഗരട്ട് വലിക്കാന്‍ പാടുള്ളു.. നീ ചെറിയ കുട്ട്യല്ലേ..തലമുതിര്‍ന്നു വരുമ്പോ വലിക്കാം ട്ടോ..' അമ്മൂമ്മയുടെ സ്നേഹത്തോടെ ഉള്ള ഉപദേശം.

ഓ പിന്നെ ഇത്തിരി ഇല്ലാത്ത ഞാന്‍ ഇനി എന്ന് തലമുതിര്‍ന്നു വരാനാ.. ഒരു പൊടി മീശ എങ്കിലും കിളിര്‍ക്കാന്‍ ഇനിയും കൊല്ലം എത്ര കഴിയണം. എന്‍റെ ആഗ്രഹത്തെ തന്ത്രപരമായി ഒതുക്കാനുള്ള അമ്മൂമ്മയുടെ അടവാണതെന്ന് മനസ്സിലായപ്പോള്‍ എന്തെന്നില്ലാത്ത നീരസവും ദേഷ്യവും തോന്നി.
ഇനി സമാധാനത്തിന്റെ പാത മതിയാവില്ല എന്ന് മനസിലായതോടെ വജ്രായുധം പുറത്തെടുത്തു. രാവിലെ കഴിച്ച ഒന്നര ദോശ പകര്‍ന്നു തന്ന മുഴുവന്‍ ആരോഗ്യവും എടുത്തു വലിയ വായിലെ കാറി കൂവി. പത്ത് മിനിറ്റിലേറെ നീണ്ട ഒപ്പറേഷന്‍ എന്തായാലും വിജയം കണ്ടു. അന്ന് വൈകിട്ട് തന്നെ സിഗരട്ട് ശരിയാക്കാം എന്നും... പകരം ആ ഒറ്റ തവണ കൊണ്ട് ആഗ്രഹം തീര്‍ത്തോളാം എന്നും പരസ്പര ഉടമ്പടി ഒപ്പ് വെച്ച് വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചു ഞാന്‍ അടുക്കളയിലേക്കും, അമ്മൂമ്മ പറമ്പിലേക്കും പോയി.

പിന്നീടുള്ള കുറെ മണിക്കൂറുകള്‍ ശരിക്കും ഇഴഞ്ഞാണ് നീങ്ങിയതെന്കിലും ഞാന്‍ കാത്തിരുന്ന ആ മുഹൂര്‍ത്തം ഒടുവില്‍ വന്നെത്തി. പറമ്പിലെ പണിക്കാരിയെ വിട്ടു വാങ്ങിപ്പിച്ച പനാമാ സിഗരറ്റുമായി അമ്മൂമ്മ സിറ്റൌട്ടില്‍ ഹാജര്‍. വെള്ള പനാമ കണ്ടു ചാടി വീഴാനുള്ള ആക്രാന്തം തോന്നിയെങ്കിലും ജാഡ കുറയ്ക്കാതെ ഞാന്‍ ചുറ്റുവെട്ടത്തു വന്നു കറങ്ങി നിന്നു. വീട്ടിലുള്ളവരും പറമ്പിലെ പണിക്കാരും വഴിയെ പോയവരും ഒക്കെ കാഴ്ചക്കാരായി ചുറ്റുമുണ്ട്. ചിറ്റപ്പന്‍ ഒരു ക്യാമറയും റെഡി ആക്കി വന്നു നോക്കി ഇരിക്കുന്നു.

എന്‍റെ ഹീറോ ആയ കുട്ടപ്പന്‍ ചേട്ടന്‍ തന്നെ സിഗരട്ട് കത്തിച്ചു കയ്യില്‍ തന്നു. തലയില്‍ കൈവെച്ചു അനുഗ്രഹം മേടിച്ചു രണ്ടു കയ്യും നീട്ടി വാങ്ങണം എന്ന് തോന്നിയെങ്കിലും ജാഡ കളയാന്‍ പാടില്ലല്ലോ. അത് കൊണ്ട് ഇടതു കയ്യുടെ രണ്ടു വിരലുകല്‍ക്കിടയിലായി തിരുകികൊണ്ട് കൌബോയ് സ്റ്റൈലില്‍ സിഗരട്ട് വാങ്ങി.

നെന്ജൊക്കെ പരമാവധി വിരിച്ചു നിന്നു ഒരു കയ്യ്‌ പിറകില്‍ കുത്തി മറ്റേ കയ്യില്‍ സിഗരറ്റും മുഖത്ത് ' ഞാന്‍ ആരാ മോന്‍' എന്ന ഭാവവും ഒക്കെ ആയി നില്‍ക്കുന്ന കണ്ണനെ കണ്ടപ്പോ എല്ലാവരുടെയും മുഖത്ത് തെളിഞ്ഞു കണ്ടത് ആരാധനയാണോ...അത്ഭുതമാണോ അതോ..ചിരി കഷ്ടപ്പെട്ട് കടിച്ചു പിടിച്ചതാണോ എന്ന് ശരിക്കങ്ങട് മനസ്സിലായില്ല.

'നോക്കി നില്‍ക്കാതെ വലിക്കെടാ...' ഒറ്റക്കണ്ണടച്ചു ക്യാമറയും പിടിച്ചു നിന്ന ചിറ്റപ്പന് ക്ഷമ നശിച്ചു.
എന്നാ പിന്നെ താമസിക്കണ്ട...റെഡി വണ്‍ ടൂ ത്രീ സ്റ്റാര്‍ട്ട്...
സിഗരട്ട് ചുണ്ടില്‍ ചേര്‍ത്ത്.. സര്‍വ്വ ശക്തിയും പിടിച്ചു അകത്തേക്ക് ഒറ്റ വലി.
ന്റമ്മേ...!
കുറെ പുകയില പൊടിയും പുകയും ഒക്കെ ചേര്‍ന്ന് അകത്തോട്ടു കേറി പോയി...
കണ്ണൊക്കെ ചുവന്നു നിറഞ്ഞു വരുന്നു. തിരികെ പുക വിടുന്നതിനു മുന്‍പ് തന്നെ ചുമച്ചതോടെ പകുതിയിലധികം പുകയും അകത്തു തന്നെ സെറ്റില്‍ ആയി... എല്ലാവരുടെയും ചിരി കണ്ടിട്ട് വാശിക്ക് വീണ്ടും ഒന്ന് കൂടെ വലിചെന്കിലും അത് വേണ്ടായിരുന്നു എന്ന് ഉടനെ തന്നെ തോന്നി.
കയ്പ്പും...ചവര്‍പ്പും ചുമയും ആകെ കൂടി ശ്വാസം മുട്ടുന്ന പോലെ തോന്നിയതോടെ സിഗരട്ട് ദൂരെ കളഞ്ഞു തിണ്ണയില്‍ പോയി ഇരുന്നു. അയ്യേ.. ഇത്ര വൃത്തികെട്ട സാധനവാണോ ഇവരൊക്കെ ഇത്രേം ജാഡ കാണിച്ചു വലിക്കുന്നെ. ഇതിലും ഭേദം പേപ്പറ് ചുരുട്ടി വലിക്കുന്നെ ആയിരുന്നു. തലയ്ക്കു എന്തോ പോലെ...എവിടെയെങ്കിലും ഒന്ന് ചാരി ഇരുന്നാലോ എന്നൊരു തോന്നല്‍

എങ്ങനെ ഒണ്ടു മോനെ സിഗരട്ട്..? കുട്ടപ്പന്‍ ചേട്ടന്റെ മുഖത്ത് എസ് എസ് എല്‍ സി പരീക്ഷ മൂന്നാം തവണയും എഴുതി റിസല്‍റ്റ്‌ അറിയാന്‍ നില്‍ക്കുന്ന കിഴക്കേലെ ബിനി ചേച്ചിയുടെ മുഖത്ത് കാണുന്ന ആകാംക്ഷ.

പിന്നേ.. ഡെയിലി രണ്ടു കെട്ടു കാജാ ബീഡി വലിച്ചു തള്ളുന്ന ഇങ്ങേരു ഇനിയിപ്പോ ആകെ രണ്ടു പുകയെടുത്ത ഞാന്‍ പറഞ്ഞിട്ട് വേണോ എങ്ങനെ ഒണ്ടെന്നു മനസിലാക്കാന്‍.
നീ പോടാ..പട്ടീ..!
പെട്ടെന്നുള്ള എന്‍റെ സ്നേഹം നിറഞ്ഞ കുഞ്ഞു മറുപടിയില്‍ അന്തം വിട്ടു നിന്നു പോയ പാവം എന്‍റെ എക്സ്- ഹീറോയുടെ മുഖം കണ്ടതോടെ ബാക്കി ഉള്ളവര്‍ പിന്നെ കൂടുതല്‍ ഒന്നും ചോദിയ്ക്കാന്‍ നിന്നില്ല.

അങ്ങനെ മൂന്നാം വയസ്സില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും...രണ്ടു പുകയെടുത്തു ചിലങ്ക അഴിച്ചു വെച്ച ഞാന്‍ വീണ്ടും ഒരിക്കല്‍ കൂടെ അതെ അരങ്ങില്‍ ഒന്ന് കയറാന്‍ ധൈര്യം കാട്ടിയത് കോളേജില്‍ പഠിക്കുമ്പോഴായിരുന്നു. എങ്കിലും നിക്കറും കുട്ടി ബനിയനും ഇട്ട് , ഉണ്ട കണ്ണും തുറന്നു പിടിച്ചു സര്‍വ്വ ശക്തിയും എടുത്തു സിഗരറ്റ് വലിക്കുന്ന മൂന്നു വയസ്സുകാരന്‍റെ ചിത്രം കുഞ്ഞനിയന്മാരൊക്കെ ഇപ്പോഴും അസൂയയോടെ നോക്കാറുണ്ട്. ചേട്ടന്‍ പണ്ടേ ആള് പുലിയായിരുന്നു...ല്ലേ..എന്നൊരു ഭാവത്തില്‍...

തെങ്ങും വിളയിൽ മത്തായി

രാമപുരത്തിന്റെ വടക്കേ അതിരിൽ പുഞ്ചപ്പാടങ്ങളും , തെങ്ങിൻ തോപ്പുകളും അഴക് ചാർത്തുന്ന ഏവൂർ എന്ന കൊച്ചു ഗ്രാമം. അവിടെ സാമാന്യം തെറ്റില്ലാത്ത പി...