Sunday, November 20, 2011

കള്ളിയങ്കാട്ടു സരസ്വതി

                            തറവാട്ടിന്റെ തെക്കേ പറമ്പില്‍ അല്പം അകലെ മാറിയാണ് കുടുംബക്ഷേത്രം..ഭദ്രകാളി ആണ് പ്രതിഷ്ഠ. അതിന്റെ തൊട്ടു തെക്കായിട്ടു കാവും കുളവും ഉണ്ട്..പനയും പാലയും ഉണ്ട്.. പറമ്പും ചിറയും ഒക്കെ കൂടെ രണ്ടു രണ്ടര ഏക്കര്‍ വരും. അതത്രെയും ആള്‍പ്പെരുമാറ്റം കുറവുള്ള സ്ഥലം ആണ്. തെങ്ങും തേക്കും ഒക്കെ ഇടതൂര്‍ന്നു നില്‍ക്കുന്നു. നമ്മുടെ ടെലിവിഷന്‍ സീരിയലിലെ ഒക്കെ ഒരു ട്രെന്‍ഡ് വെച്ച് നോക്കിയാല്‍ ഒരു ആവറേജ് യക്ഷിക്ക് അഴിഞ്ഞാടാന്‍ പറ്റിയ സെറ്റപ്പ്‌. രാവിലെ ചിറയ്ക്കല് പാല് കൊടുക്കാന്‍ പോയ അപ്പുവേട്ടനാണ് സംഗതി ആദ്യം കണ്ടത് ..തറവാടിന്റെ തെക്കേ തൊടിയിലെ കാവിന്റെ അടുത്ത് നിൽക്കുന്നു ഒരു കക്ഷി.. ...സാക്ഷാൽ യക്ഷി!. ആദ്യം ആരും വിശ്വസിച്ചില്ല.. പിന്നെ പിന്നെ പലരും അതെ ടൈമില്‍ ആ പരിസരത്തൊക്കെ തന്നെ പുള്ളിക്കാരിയെ കാണാന്‍ തുടങ്ങിയതോടെ സംഭവം കേറി അങ്ങ് സീരിയസ് ആയി. പോരെങ്കില്‍ നമ്മുടെ നാട്ടുകാരല്ലേ....കറുത്ത ചോറ് തിന്നാല്‍ കാക്കയെ തിന്നു എന്ന് പറഞ്ഞു പരത്തും. അങ്ങനെ കഥകള് ഒരുപാട് ഉണ്ടായി. അമ്പലത്തിലെ കാളിയുടെ പി എ ആണത്രേ...ടി കക്ഷി..കാളിക്ക് ചെയ്തു തീര്‍ക്കാന്‍ ടൈം കിട്ടാത്ത മൈനര്‍ ആന്‍ഡ്‌ സില്ലി വര്‍ക്സ് ഒക്കെ ഔട്ട്‌ സോഴ്സ് ചെയ്യുന്നത് ഈ പുള്ളിക്കാരിക്ക് ആണത്രേ. സാലറി കുറവായോണ്ട് യക്ഷി പാര്‍ട്ട് ടൈം ആയി അതിലെ പോകുന്നവരെ ഒക്കെ പേടിപ്പിച്ചും പോക്കറ്റടിച്ചും ആണത്രേ മാസം ഒന്ന് വട്ടം എത്തിക്കുന്നത്. അതോടെ പറമ്പിന്റെ തെക്കേ അതിരിലൂടെ ഉള്ള നാട്ടുവഴിയില്‍ ആള്‍പ്പെരുമാറ്റം സൂര്യന്‍ നേരെ ചൊവ്വേ മുകളില്‍ ഉള്ളപ്പോ മാത്രമായി ചുരുങ്ങി. നാട്ടിലെ പ്രധാന ധൈര്യശാലിയായ പണിക്കരേട്ടന്‍ പോലും സ്ഥിരമായി ബീഡി വാങ്ങാന്‍ പോവുന്ന റൂട്ട് മാറ്റി നേരം ഇരുട്ടിയാല്‍ ബീഡി വേണ്ട മുറുക്കാന്‍ മതി എന്ന തീരുമാനത്തില്‍ എത്തി ചേര്‍ന്നു. അപ്പുവേട്ടന്‍ യക്ഷിയുമായുള്ള ഫേസ് ടൂ ഫേസ് കഴിഞ്ഞതിന്റെ ഷോക്കില്‍ പനിച്ചു കിടപ്പാണ് എന്നറിഞ്ഞത് മുതല്‍ ഞാന്‍ തെക്കേ പറമ്പില്‍ എന്നല്ല വീടിന്റെ തെക്കേ മുറിയിലോട്ട് തന്നെ ഒറ്റയ്ക്ക് പോവുന്നത് നിര്‍ത്തി. കുഞ്ഞു പിള്ളേരുടെ ഇളം ചോരയൊക്കെ ഷാര്‍ജാ ഷേക്ക്‌ പോലെ ആവും യക്ഷിക്ക്. അങ്ങനെ ഇപ്പൊ ഒരു കള്ള യക്ഷിയും എന്റെ ഇറച്ചി കൊണ്ട് ഓസിനു കട്‌ലെറ്റ്‌ കഴിക്കണ്ട എന്നൊരു വാശി. മോങ്ങാന്‍ ഇരുന്ന നായുടെ തലയില്‍ മാങ്ങാ വീണെന്ന് പറയുന്ന പോലെ ആയി അച്ഛമ്മയുടെ കാര്യം..പണ്ട് മുതലേ പ്രശ്നം വെപ്പ്, പൂജ, കവടി നിരത്തല്‍, വഴിപാടു തുടങ്ങിയ നാടന്‍ കലകളോട് ഒക്കെ വല്ലാത്തൊരു അറ്റാച്മെന്റ് ഉള്ള ആളാണ്. ഇത് കൂടെ ആയപ്പോ ഹാപ്പി ആയി. അതോടെ പുതിയതായി റിലീസ് ആയ യക്ഷിയുടെ സോഴ്സ് ആന്‍ഡ്‌ ടാര്‍ജറ്റ്‌ എന്താണെന്ന് അറിയാന്‍ വേണ്ടി ഡെയിലി ജ്യോത്സ്യന്മാരുടെ വീട് തേടി പോവുക എന്നതായി പാവം അച്ചാച്ചന്റെ ന്യൂ അസ്സയിന്മെന്ട്. വീട്ടിലുള്ള അച്ചമ്മയെക്കള്‍ തെക്കേ പറമ്പില്‍ കറങ്ങി നടക്കുന്ന യക്ഷി അല്ലെ ബെറ്റര്‍ ചോയ്സ് എന്ന് വരെ അച്ചാച്ചന്‍ ചിന്തിച്ചു തുടങ്ങിയ സമയം.. ആ സമയത്താണ് പട്ടാളത്തില്‍ ഹവില്‍ദാര്‍ ആയ ചിറ്റപ്പന്‍ ലീവില്‍ നാട്ടില്‍ വരുന്നത്. ആറടി പൊക്കവും, അതിനൊത്ത തടിയും , തടിക്കു ചേര്‍ന്ന ധൈര്യവും ഒക്കെ ഉള്ള ചിറ്റപ്പന്‍ നാട്ടിലെ ഒരു ലോക്കല്‍ ഹീറോ തന്നെ ആയിരുന്നു. വന്ന അന്ന് തന്നെ പാലപ്പൂവിന്റെ മണവും ചോരയുടെ നിറവുമുള്ള യക്ഷിക്കഥകള്‍ ചിറ്റപ്പന്റെ ചെവിയിലും ചൂടായി പകര്‍ന്നു കൊടുത്തു അച്ഛമ്മ. കൂട്ടത്തില്‍ ഒരു ഉപദേശവും... "രാഘവാ ...നിന്‍റെ കുട്ടിക്കളിയൊന്നും യക്ഷിയമ്മയോട് വേണ്ട....അതേ കാളീടെ സ്വന്തം ആളാ..." മായാവിയും ലുട്ടാപ്പിയും ഒക്കെ ഒരുപാട് വായിച്ചു ശീലമുള്ളത് കൊണ്ടോ അതിർത്തിയിൽ യുദ്ധം ചെയ്ത് പേടി മാറിയത് കൊണ്ടോ എന്തോ ചിറ്റപ്പന് യക്ഷിയോട് അത്ര പേടിയൊന്നും തോന്നിയില്ല. മാത്രമല്ല കഥകളില്‍ മാത്രം വായിച്ചിട്ടുള്ള ഈ ടീമിനെ ഒന്ന് നേരില്‍ കാണണം എന്ന ആഗ്രഹവും മൂപ്പര്‍ക്കുണ്ടായി. അങ്ങനെ 'ഓപറേഷന്‍ തെക്കെപ്പറമ്പ് ഗോസ്റ്റ്‌ ' എന്ന പദ്ധതി പട്ടാളക്കാരന്റെ നേതൃത്വത്തില്‍ തയ്യാറായി . ഒപ്പറേഷന്റ്റെ ആദ്യ ദിനം ചിറ്റപ്പന്‍, വടക്കേതിലെ രമേശേട്ടന്‍, മുരളിച്ചേട്ടൻ എന്നിവരടങ്ങുന്ന ത്രീ മെന്‍ ആര്‍മി ഉറക്കം വെടിഞ്ഞു തെക്കേ പറമ്പില്‍ കാത്തിരുന്നെങ്കിലും യക്ഷി അന്ന് സിക്ക് ലീവ് ആയതു കൊണ്ടോ എന്തോ ദര്‍ശന ഭാഗ്യം ഉണ്ടായില്ല. പക്ഷെ രണ്ടാം ദിനം അങ്ങനെ ആയിരുന്നില്ല. നേരം വെളുപ്പിന് നാലരയോട് അടുത്ത സമയം. അമ്പലത്തിന്റെ കിഴക്കേ വഴിയില്‍ അതാ ഒരു രൂപം മെല്ലെ നീങ്ങുന്നു. നേരിയ മഞ്ഞുള്ളതിനാല്‍ ഒന്നും വ്യക്തമാവുന്നില്ല. ഫ്രീസറില്‍ കയറ്റി രണ്ടു മണിക്കൂര്‍ വെച്ചിട്ട് എടുത്ത കവറ് പാല് പോലെ തണുത്തു ഐസായി കിടുകിടാ വിറയ്ക്കുന്ന മുരളിച്ചേട്ടനെയും രമേശേട്ടനെയും, രണ്ടു കയ്യിലായി പിടിച്ചു വലിച്ചു കൊണ്ട് ചിറ്റപ്പന്‍ മുന്‍പോട്ടു നീങ്ങി. അല്പം അടുത്തെത്തിയതോടെ കാഴ്ച കൂടുതല്‍ വ്യക്തമായി. കിഴക്കോട്ടുള്ള വഴിയിലൂടെ മുന്‍പോട്ടു നീങ്ങുന്ന സ്ത്രീ രൂപം. തലയില്‍ കാര്യമായി എന്തോ ചുമന്നു കൊണ്ട് പോവുന്നുണ്ട്... കള്ളിമുണ്ടും ബ്ലൌസുമാണ് വേഷം !!! യക്ഷിമാരുടെ യുണിഫോം മാറിയോ അപ്പൊ ? കഥകളില്‍ വായിച്ചറിഞ്ഞ കള്ളിയങ്കാട്ടു നീലി ഉള്‍പ്പടെയുള്ള യക്ഷികളുടെ അടിപൊളി ഫിഗറും നിറവും ഒന്നുമായിരുന്നില്ല നമ്മുടെ കഥാനായികയ്ക്ക്. പുഞ്ചപ്പാടത്ത് തെങ്ങും മടലില്‍ കീറ ഷര്‍ട്ട്‌ ഇട്ടു മുകളില്‍ ചട്ടി കമിഴ്ത്തി ഉണ്ടാക്കുന്ന കണ്ണേറ് കോലം പോലൊരു രൂപം. എരുത്തിലില്‍ കാടി തിളപ്പിക്കുന്ന കരി കലത്തിന്റെ നിറം. എല്ലും തോലുമായ യക്ഷിയെ ശരിക്ക് കണ്ടതോടെ പേടി മാറി പല്ലും നഖവും വീണ്ടെടുത്തു മുരളിച്ചേട്ടൻ മുന്നോട്ടു കുതിച്ചു. രമണിച്ചേച്ചീ ..!!!!...ഒന്നവിടെ നിന്നെ.. ഞെട്ടിത്തരിച്ചു നിന്ന പാവം യക്ഷിയുടെ കയ്യില്‍ നിന്ന് തലയിലിരുന്ന ഓലമടലും കൊതുമ്പും താഴെ വീണു. ചായക്കടയമ്മ എന്ന ഓമനപ്പേരില്‍ നാട്ടില്‍ അറിയപ്പെടുന്ന രമണിച്ചേച്ചി. ചായക്കടക്കാരന്‍ സഹദേവേട്ടന്റെ ഭാര്യ. നാട്ടുകാരെ കിടുകിടെ വിറപ്പിച്ച യക്ഷി !! സ്വന്തം പറമ്പില്‍ അടുപ്പില്‍ വെക്കാന്‍ ചൂട്ടു കിട്ടാത്തത് കൊണ്ട് തറവാട്ടിലെ പറമ്പില്‍ ആര്‍ക്കും വേണ്ടാതെ കിടക്കുന്ന കൊതുമ്പു പെറുക്കാന്‍ അതിരാവിലെ പുള്ളിക്കാരിക്കൊരു കറക്കം തുടങ്ങിയിട്ട് കൊറച്ചു നാളായിരുന്നു. പിന്നെ യക്ഷിയെ പേടിച്ചു അത് വഴി ആള് കുറഞ്ഞതോടെ സുഖം...അടിപൊളി കളക്ഷന്‍ ..നോ ടെന്‍ഷന്‍. എന്തായാലും ചിറ്റപ്പനും, മുരളിച്ചേട്ടനും, രമേശേട്ടനും നാട്ടില്‍ വീണ്ടും ഇൻസ്റ്റന്റ് ഹീറോകളായി മാറി. അച്ചാച്ചന്റെ ജ്യോത്സ്യനെ തേടിയുള്ള ഓട്ടത്തിനും ഒരു ബ്രേക്ക്‌ ആയി. ഞാനൊക്കെ പിന്നെ ഫുള്‍ ടൈം തെക്കേ പറമ്പിലായി കളി. തെക്കേ വഴിയില്‍ ജനസന്ചാരം വീണ്ടും പഴയപടി തിരക്കേറിയതായി. പണിക്കരേട്ടന്‍ പുതിയതായി തുടങ്ങിയ മുറുക്കിനോടൊപ്പം പഴയ ബീഡി വലി പുനരാരംഭിച്ചു. അങ്ങനെ അന്നു മുതല്‍ നാട്ടില്‍ ഒരു വാമൊഴി ഉണ്ടായി.. 'കള്ളിയങ്കാട്ട് നീലിക്ക് കടമറ്റത്തച്ഛനാണേല്‍, ചായക്കട രമണിക്ക് ത്രിമെന്‍ ആര്‍മി'

തെങ്ങും വിളയിൽ മത്തായി

രാമപുരത്തിന്റെ വടക്കേ അതിരിൽ പുഞ്ചപ്പാടങ്ങളും , തെങ്ങിൻ തോപ്പുകളും അഴക് ചാർത്തുന്ന ഏവൂർ എന്ന കൊച്ചു ഗ്രാമം. അവിടെ സാമാന്യം തെറ്റില്ലാത്ത പി...