Wednesday, March 25, 2020

തെങ്ങും വിളയിൽ മത്തായി

രാമപുരത്തിന്റെ വടക്കേ അതിരിൽ പുഞ്ചപ്പാടങ്ങളും , തെങ്ങിൻ തോപ്പുകളും അഴക് ചാർത്തുന്ന ഏവൂർ എന്ന കൊച്ചു ഗ്രാമം. അവിടെ സാമാന്യം തെറ്റില്ലാത്ത പിശുക്കനും, നാട്ടു പ്രമാണിയും, നാട്ടിലെ ചെറുപ്പക്കാരുടെയൊക്കെ പേടി സ്വപ്നവുമായ നമ്മുടെ കഥാനായകൻ, തെങ്ങും വിളയിൽ മത്തായി എന്ന മത്തായി മാപ്പിള.
ഏവൂർ ശ്രീ കൃഷ്ണ സ്വാമി കഴിഞ്ഞാൽ നാട്ടിൽ ഏറ്റവും ചർച്ച ചെയ്യപ്പെടാറുള്ള  ലോക്കൽ സെലിബ്രിറ്റി. നാലാള് കൂടി നിന്ന് നാട്ടുകഥ പറഞ്ഞാൽ അതിൽ ഒരു ചെറിയ ബൈറ്റ് എങ്കിലും മത്തായിയുടെ വീരഗാഥയിൽ നിന്നും ഉണ്ടാവും എന്ന് മൂന്നരത്തരം.
തെറി വിളിയിൽ ചേർത്തല പടയണിയിൽ നിന്ന് ബിരുദവും കൊടുങ്ങല്ലൂർ ഭരണിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ എട്ടാം ക്ലാസ്സുകാരൻ, എക്സ് മിലിട്ടറി. റോഡരുകിൽ നിന്ന് മുള്ളിയ പടിപ്പുരയിൽ രാജുവിന്റെ  മൂന്നു വയസ്സുകാരൻ മകൻ ചന്തു  മുതൽ പാടത്തു താൻ കള പറിച്ചു കൊണ്ട് നിന്നപ്പോൾ അരികിലൂടെ കൂവിക്കൊണ്ടു പാഞ്ഞു പോയ എറണാകുളം പുഷ് പുള്ള് ട്രെയിൻ വരെ മത്തായിയുടെ കസ്റ്റമൈസ്ഡ് മലയാള ഭാഷയുടെ ശേല് അറിഞ്ഞിട്ടുണ്ട്.

അതിർത്തിയിൽ വര്ഷങ്ങളോളം പാകിസ്ഥാന്റെ പ്രധാന ശത്രുവും പേടി സ്വപ്നവുമായിരുന്ന മത്തായിക്ക് നാട്ടിലും ഉണ്ടായിരുന്നു ഒരു ശത്രു ശല്യം. ഏവൂരിന്റെ  ഭാവി വാഗ്‌ദാനങ്ങളും ഗ്രാമത്തിന്റെ ഇന്ത്യൻ ക്രിക്കറ്റിനുള്ള ഡൊണേഷൻസും ആയിരുന്ന വടക്കേ വിളയിൽ രമേഷും കുറ്റിയിൽ കണ്ടതിൽ ബിജുവും അവരുടെ  ഫ്രണ്ട്സും ചേർന്ന ഏവൂർ സിക്സേര്സ്. കുട്ടി ക്രിക്കറ്റുകാർ തങ്ങളുടെ ഹോം ഗ്രൗണ്ട് ആയി മത്തായിയുടെ രണ്ടേക്കർ  തെങ്ങിൻ പറമ്പ് കയ്യേറുകയും  അടിക്കടി കൈത കൊണ്ടുള്ള പറമ്പിന്റെ ലൈൻ ഓഫ് കൺട്രോളിൽ നുഴഞ്ഞു കയറി കളിക്കുകയും  ചെയ്യുന്നതായിരുന്നു ഈ കുടിപ്പകയുടെ മൂല കാരണം.


മത്തായി ഏവൂർ വിട്ട് പോവുകയും പറമ്പു ഫ്രീ ആവുകയും ചെയ്യുന്ന  ശനി ഞായർ ദിവസങ്ങൾ കൃത്യമായി മണത്തറിഞ്ഞു ( കട: ബിജുവിന്റെ ലൈൻ ഷൈനി, മത്തായിയുടെ കൊച്ചു മകൾ )  അയൽ  രാജ്യങ്ങളായ ചേപ്പാടും മുതുകുളവും രാമപുരവും ഉള്ള ടീമുകളുമായി പ്രസ്തുത പറമ്പിൽ ഹോം മാച്ചുകൾ വയ്ക്കാറുണ്ട് പയ്യൻസ് ടീം. തിരിച്ചെത്തുന്ന മത്തായി കലി തുള്ളി ജംക്ഷനിലെ നാലും കൂടിയ കലുങ്കിൽ നിന്ന് പിള്ളേരുടെ ഫാമിലി ട്രീ വാഴ്ത്തി പാടുന്നതും ഏവൂരിന്റെ തനി നാടൻ കാഴ്ചകളിൽ ഒന്ന് മാത്രം. ഹവ്വെവർ പിള്ളേര് അവരുടെ മാച്ചും മത്തായിയുടെ  അതിനു ശേഷമുള്ള പാട്ടും ഇപ്പോഴും മുടക്കമില്ലാതെ തുടർന്ന് പോരുന്നു.

അങ്ങനെയിരിക്കെ വീണ്ടും ഒരു ഓണക്കാലം  വന്നെത്തി. ചിങ്ങമാസം ഇള വെയിലിൽ വയലേലകളെ പൊന്നുടുപ്പിച്ച ഒരു ശനിയാഴ്ച ദിവസം. നാട്ടുകാർ ഓണമുണ്ണാൻ വേണ്ട സാധനങ്ങൾ വാങ്ങാൻചന്തയിൽ തിരക്ക്കൂട്ടുന്നു .  നാട്ടുകാർക്ക്  ഊണിനു മുന്നേ ഉള്ള  ദീപാരാധനയ്ക്കായി സാധനം  തരപ്പെടുത്താൻ തന്റെ മിലിട്ടറി   കോട്ടാ വാങ്ങാൻ എറണാകുളത്തിന് പോയിരിക്കുന്നു മത്തായി മാപ്പിള.
ആസ് യൂഷ്വൽ, മത്തായിയുടെ അബ്സെൻസിൽ പറമ്പിന്റെ പവർ ഓഫ് അറ്റോർണി ഏറ്റെടുത്തു സിക്സറടിച്ചു തകർക്കുന്നു ബിജുവും കൂട്ടരും.
നേരം  നട്ടുച്ച. ആകാശത്തു സൂര്യൻ തലയ്ക്കു മുകളിൽ ഫുൾ വോൾട്ടേജിൽ കത്തി നിൽക്കുന്നു.ചിറക്കലെ ചന്ദ്രൻ  തന്റെ പറമ്പിൽ അതിക്രമിച്ചു കയറിയ പുള്ളി പശുവിനു തുഞ്ചാണി കൊണ്ട് നാല് പെട കൊടുത്തു അതിന്റെ ചാരിതാർഥ്യത്തിൽ റോഡിനു എതിരേയുള്ള കലുങ്കിൽ ഇരുന്നു ബീഡി വലിക്കുന്നു. ആർക്കോ തല്ലു വാങ്ങി കൊടുക്കാനുള്ള ഉറച്ച തീരുമാനവുമായി തെക്കേ തൊടിയിൽ സോളോ പാടി നടക്കുന്നു ഒരു ഒറ്റ മൈന. പിള്ളേരുടെ ക്രിക്കറ് മാച്ച് ഡെത്ത് ഓവറുകളിലേയ്ക്കു കടക്കുന്നു.

അപ്പോഴാണ് വാഹനം  കേടായതിനാൽ യാത്ര മുടങ്ങി ഡെസ്പ് അടിച്ചു ട്വിസ്റ്റ് പോലെ മത്തായി മടങ്ങിയെത്തിയത്. പറമ്പിന്റെ തെക്കേ വശത്തെ റോഡിനിരു വശവും കമ്മ്യൂണിസ്റ് പച്ച ആൾപൊക്കത്തിൽ വളർന്നു നിന്നതിനാലും, കളിയുടെ ആവേശത്തിനാലും സർവോപരി കഷ്ടകാലത്തിനാലും മത്തായിയുടെ മാസ്സ്  എൻട്രി കളിക്കാർ ആരും ശ്രദ്ധിച്ചില്ല. പറമ്പിലെ ആരവം കണ്ട മത്തായിക്ക് കാര്യം പിടികിട്ടി.

ശത്രുക്കൾ വീണ്ടും നുഴഞ്ഞു കയറിയിരിക്കുന്നു...!!

 മത്തായിയിലെ കൊടും ഭീകരൻ ഉണർന്നു.  വൈബ്രേറ്റർ മോഡിൽ റിങ് ചെയ്യുന്ന പഴയ നോക്കിയാ മൊബൈല് പോലെ മത്തായി അടി മുടി വിറച്ചു.
ഇന്ന് തീർക്കണം ഇവറ്റകളുടെ ശല്യം. ഒരു സർജിക്കൽ സ്ട്രൈക്ക് കൊണ്ടേ കാര്യമുള്ളൂ.
ഒരു ഗ്രനേഡോ, പീരങ്കിയോ കുറഞ്ഞത് ഒരു എ കെ 47 എങ്കിലും  കിട്ടുമോന്നറിയാൻ ചുറ്റും നോക്കിയ മത്തായിയുടെ കണ്ണിൽ പെട്ടത് റോഡരികിൽ കിടന്ന ഉണങ്ങിയ ഓല മടല് മാത്രം.
മടലെങ്കിൽ  മടല്. ശത്രുക്കളിൽ ഒരെണ്ണത്തിനെ വീഴ്ത്തിയാൽ തന്നെ ബാക്കി ഉള്ളവർക്ക് അതൊരു വാണിംഗ് ആയിക്കോളും.
മത്തായി മുണ്ടു മടക്കിയുടുത്തു, മടലെടുത്തു രണ്ടായി ഒടിച്ചു.
വരാൻ പോവുന്ന അപകടം അറിയാതെ രമേശൻ ബാറ്റു കൊണ്ട് നിലത്തു ഇസഡ്ഡ് വരച്ചു രണ്ടു കുത്തു കുത്തി, ബോളറായ ശരത്തിനെ നോക്കി വാ മോനെ ദിനേശാ എന്ന് ആഗ്യം കാണിച്ചു തയ്യാറായി.
മത്തായി വലതു കാൽ മുന്നോട്ടു വച്ചു മടല് തലയ്ക്കു പിറകിൽ പിടിച്ചു ലോങ്ങ് ഓണിൽ ഫീൽഡ് ചെയ്യുന്ന ജോമോന്റെ തല ഉന്നം പിടിച്ചു.
ശരത് ടെന്നീസ് ബോള് ചുഴറ്റി അടുത്ത പന്തെറിയാൻ മുന്നിലേക്ക് കുതിച്ചു...
മത്തായി ഒരു കണ്ണടച്ച് പിടിച്ചു മനസ്സിൽ പതുക്കെ എണ്ണി ..ഏക് ..ദോ ..തീൻ !!!
...ട്ടേ ....!!
ഒരു നിമിഷം ...ശത്രു വീണോ എന്നറിയാൻ രണ്ടു കണ്ണും തുറന്ന മത്തായി കണ്ടത് മൂന്നു നക്ഷത്രങ്ങളും  കുത്തും കോമയും ഒന്ന് രണ്ടു കുഞ്ഞു കിളികളും തന്റെ ചുറ്റും വട്ടമിട്ടു പറക്കുന്നു....
..ധും...!!
വെട്ടിയിട്ട വാഴ പോലെ റോഡരികിലെ തെങ്ങിൻ ചോട്ടിലേയ്ക്ക് ക്രഷ് ലാൻഡിങ്.
സിക്സർ ...!!
 അമ്പയർ അജയൻ നീട്ടി വിളിച്ചു.
പന്ത് പിടിക്കാൻ ആകാശത്തേക്ക് നോക്കി ഓടിയ ജോമോൻ പന്തിനു പകരം തെന്റെ ഇടതു  വശത്തു വന്നു വീണ  ഓല മടല് എവിടുന്ന് എന്നറിയാതെ   തല ചൊറിഞ്ഞു .
പക്ഷെ ഒരടിയ്ക്ക് മൂന്നു ശബ്ദം കേട്ടതോടെ എന്തോ പന്തികേടുണ്ട് എന്ന് ‌ ബോധ്യം വന്ന കളിക്കാർ ബോള് വീണ സ്ഥലത്തേയ്ക്ക് ഓടിക്കൂടി.
അതാ...തെങ്ങിൻ തടത്തിൽ മുണ്ടും മടക്കി ഉടുത്തുകൊണ്ടു മാനത്തു നോക്കി പുഞ്ചിരിച്ചു കിടക്കുന്നു മത്തായി മാപ്പിള.നെറ്റിയിൽ നെല്ലിക്ക വലുപ്പത്തിൽ പുതുതായി റിലീസ് ആയ ഒരു മുഴ... ഞാനൊന്നും അറിഞ്ഞില്ലേ എന്ന മട്ടിൽ മെല്ലെ റോഡിലൂടെ ഉരുണ്ട് എതിർ സൈഡിലേക്ക് സ്കൂട്ടാവാൻ  തുടങ്ങുന്ന  ക്രിക്കറ്റ് ബോൾ.

പിള്ളേരുടെ നെഞ്ചിൽ ഇടിത്തീ വെട്ടി. സിക്സറടിച്ചു ക്രിസ് ഗെയിലിന്റെ ജാടയിൽ ബബിൾഗം ചവച്ചു നിന്ന ശരത്തിന്റെ വായിൽ ഉമിനീർ വറ്റി. കൂട്ടുകാർ തന്നെ ഒരു സീരിയൽ കില്ലറെ നോക്കുന്നത് പോലെ നോക്കുന്നത് അവൻ തിരിച്ചറിഞ്ഞു.
ബിജു ഓടി വന്നു തന്റെ ഗ്രാൻഡ്‌ഫാതെർ ഇൻ ലോ ആയേക്കാൻ ചാൻസ് ഉള്ള മത്തായിയെ താങ്ങി ഉയർത്തി.  എല്ലാവരും കൂടി ജാഥയായി റോഡരികിലുള്ള കലുങ്കിലേക്കു മത്തായിയെ പൊക്കി എടുത്തു കിടത്തി. വഴിയിൽ കിടന്ന വക്ക് പൊട്ടിയ മഗ്ഗിൽ തോട്ടിലെ ചെളി വെള്ളം കോരി മുഖത്തേക്കൊഴിച്ചു .
ങേയ്.... ഞരക്കത്തോടെ മത്തായി മെല്ലെ  കണ്ണ് തുറന്നു.മുഖത്തെ പുഞ്ചിരി മാഞ്ഞു.. പകരം തലയ്ക്കു കിട്ടിയ ഏറിന്റെ വേദന നിറഞ്ഞു. മത്തായി ചുറ്റും നിൽക്കുന്ന മുഖങ്ങളിലേക്ക് മാറി മാറി നോക്കി. ദയനീയത...നിസ്സഹായത...പേടി...ചിരി പലവിധ ഭാവങ്ങൾ.
അടുത്ത നിമിഷം തുടങ്ങാൻ പോവുന്ന ഭരണി പാട്ടിന്റെയും വെടിക്കെട്ടിന്റെയും കാര്യമോർത്തു എല്ലാവരും രണ്ടു ചുവടു പിറകിലേക്ക് മാറി.
സൊ..സോറി  അങ്കിൾ.... രമേശ് വിക്കി വിറച്ചു  മുന്നോട്ടു നീങ്ങി നിന്നു  ...
ന്റെ....... മോനെ....!
മത്തായി കിതച്ചു കൊണ്ട് മെല്ലെ വിളിച്ചു...
ഒന്ന് അമ്പരന്നെങ്കിലും ഇടയ്ക്കുള്ള ഏതോ ഒരു  വാക്കു മിസ് ആയതാവാം എന്ന ഉറപ്പിൽ രമേശ് ബാക്കി വരാൻ പോവുന്ന സുനാമിക്കായി കാത്തു കൂർപ്പിച്ചു ..
നിങ്ങളെ കർത്താവ് കാക്കും...
..മനസ്സിലായില്ല.!!!.. (പിള്ളേർസ് ആത്മഗതം)

ഒരാൾക്കൊരു അപകടം വരുമ്പോൾ ഓടി വരാനും   സഹായിക്കാനും നിങ്ങള് കാണിച്ച മനസ്സ് എനിക്കങ്ങിഷ്ടപെട്ടു!
വട്ടായോ....അതോ...തലക്കടിയേറ്റ ഷോക്കിൽ ബോധം പോയോ ( പിള്ളേർസ് ആത്മ: )
നിങ്ങളെ ഓടിക്കാൻ മടലുമായി വന്ന എന്റെ തലയിൽ തന്നെ കർത്താവ് വെള്ളയ്ക്ക വീഴ്ത്തി ... ഒടുക്കം പിടിച്ചെണീപ്പിക്കാനും നിങ്ങൾ തന്നെ വേണ്ടി വന്നു.
വെള്ളയ്ക്കക്ക് പകരം തേങ്ങയായിരുന്നെങ്കിൽ ..ശ്ശൊ !! മത്തായി തല തടവി കൊണ്ട് മെല്ലെ പറഞ്ഞു.

രമേശന്റെ  കണ്ണിൽ ഒരു നിമിഷം നഷ്ട ബോധം മിന്നി മറഞ്ഞോ എന്ന് സംശയം.

മത്തായി തെങ്ങിൻ ചുവട്ടിൽ രണ്ടു ദിവസം മുൻപ് വീണ ഉണങ്ങിയ വെള്ളയ്ക്കയെയും തെങ്ങിനെയും മാറി മാറി നോക്കി നെടുവീർപ്പിട്ടു..
കുതിച്ചു പാഞ്ഞു വന്ന കൊടുങ്ങല്ലൂർ സൂപ്പർ ഫാസ്റ്റ് ശബരി മലയ്ക്കുള്ള സ്പെഷ്യൽ ബസ്സായതോർത്തു ബിജു  നെടുവീർപ്പിട്ടു...
തന്റെ അച്ഛൻ ചെല്ലപ്പനാശാരിയും മുത്തച്ഛൻ തങ്കപ്പനാശാരിയും  തുമ്മി തുമ്മി മരിക്കുന്നതിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ടതോർത്തു രമേശും നെടുവീർപ്പിട്ടു ....

 എന്റെ ജീവൻ രക്ഷിച്ചതല്ലേ ....ആ ...ഇനി നിങ്ങൾ ഇടയ്ക്കൊക്കെ ഇവിടെ കളിച്ചോ ...പക്ഷേ തലയിൽ വെള്ളയ്ക്ക വീഴാതെ സൂക്ഷിക്കണം..!
ഏന്തി വലിഞ്ഞു തലയും തടവി നടന്നു പോവുന്ന മത്തായിയെ കണ്ട പിള്ളേർ ചിരിക്കണോ കരയണോ എന്നറിയാതെ മണ്ഡരി പിടിച്ച തെങ്ങിന്റെ മുകളിലേക്ക് നോക്കി തരിച്ചു നിന്നു .

ഇതിലൊന്നും എനിക്കൊരു പങ്കുമില്ലേ എന്ന മട്ടിൽ ..നമ്മുടെ കഥാനായകൻ ടെന്നീസ് ബോൾ റോഡിനപ്പുറം തൊട്ടാവാടിക്കിടയിൽ മറഞ്ഞു കിടന്നു ഒളിഞ്ഞു നോക്കുന്നുണ്ടായിരുന്നു.

- - 

Saturday, July 26, 2014

കടമ്പനാട്ടെ ജാനുവമ്മൂമ്മ

                     അച്ചമ്മേടെ കസിന്‍ സിസ്റ്റര്‍ ആയിട്ട് വരും കടമ്പനാട്ടെ സുധാകരന്‍ ചിറ്റപ്പന്റെ അമ്മ ജാനുവമ്മൂമ്മ. പണ്ട് ഒന്നിച്ച് ഇന്‍ പിന്‍ സെറ്റിപ്പിന്‍ കളിച്ചു വളർന്നവരാണ് രണ്ടാളും. അത് കൊണ്ട് തന്നെ കൊല്ലത്തില്‍ ഒന്ന് രണ്ടു വട്ടമെങ്കിലും അച്ഛമ്മയെ കാണാന്‍ ജാനുവമ്മൂമ്മ തറവാട്ടില്‍ വരും. വൈകിട്ട് ആറരയ്ക്ക് തുടങ്ങി  ഏഴിന് അവസാനിക്കുന്ന  അച്ഛമ്മയുടെ ട്വെന്റി ട്വെന്റി നാമജപം ജാനുവമ്മൂമ്മ വീട്ടിലെത്തിയാല്‍ പിന്നെ  ടെസ്റ്റ്‌ മാച്ച് പോലെ നീളും. പണ്ടത്തെ രണ്ടു കച്ചേരി ഭാഗവതര്‍മാര്‍ വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടു മുട്ടിയാല്‍ നടത്തുന്ന റിലേ കച്ചേരി പോലെ വിഷ്ണു സ്തോത്രങ്ങളും, ദുര്‍ഗാ സൂക്തങ്ങളും പിന്നിട്ടു ഹരിഹര സ്തുതിയില്‍ മംഗളം പാടി കൊടിയിറങ്ങുമ്പോള്‍ അത്താഴം കഴിഞ്ഞു മറ്റുളളവര്‍ കിടന്നിട്ടുണ്ടാവും.

ഭക്തിയിലും അന്ധവിശ്വാസത്തിലും അച്ഛമ്മയെ പലപ്പോഴും കടത്തി വെട്ടുമെങ്കിലും ജാനുവമ്മൂമ്മ കുറച്ചൊക്കെ മോഡേണ്‍ ആയിരുന്നു. ശനി ദേവന്റെയും രാഹു കേതുക്കളുടെയും കഥ പറയുന്നതിനൊപ്പം മോഹന്‍ലാലിന്റെയും, അമലയുടെയും പിന്നെ ഫെയര്‍ ആന്‍ഡ് ലൌലിയുടെയും ഒക്കെ കടുത്ത ഒരു ഫോളോവര്‍ കൂടിയായിരുന്ന അത്ഭുത പ്രതിഭാസം.  ജാനുവമ്മൂമ്മ വീട്ടിലെത്തിയാല്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് പിന്നെ സുഖമാണ്. ഞങ്ങളെ ആരെങ്കിലും വഴക്ക് പറഞ്ഞാല്‍ റിപ്ലേ കമന്റ്റ്  ഇട്ടോളും  എന്ന് മാത്രമല്ല വീട്ടിൽ പൊതുവേ നിരോധിക്കപെട്ടിട്ട് ഉള്ള എല്ലാ തരികിടകൾക്കും അണ്‍ കണ്ടീഷണൽ സപ്പോർട്ടും അടുക്കളയിൽ നിന്നും കട്ടെടുക്കുന്ന കട്ട ശർക്കരയുടെ ഷെയറും  തന്ന് ഞങ്ങളെ ഹാപ്പി ആക്കി നിർത്തുന്നതിൽ അമ്മൂമ്മ എന്നും അത് കൊണ്ട് തന്നെ  കുട്ടി പട്ടാളത്തിന്റെ ലൈക്കും കമ്മ്യൂണിറ്റി സപ്പോര്‍ട്ടും ജാനുവമ്മൂമ്മയ്ക്ക് എന്നും വേണ്ടുവോളം ഉണ്ടായിരുന്നു.

അങ്ങനെ ടോട്ടലി  ആളൊരു അടിപൊളി ക്യാരക്ടര്‍ ആണെങ്കിലും മേടമാസമായാല്‍ ചെറിയൊരു ഭാവപകര്‍ച്ച  ഉണ്ടാവുക പതിവാണ്. തലയിലെ ഒന്നോ രണ്ടോ സ്ക്രൂ ചൂട് തട്ടി ചെറുതായി ഒന്ന് ലൂസ് ആവുന്നത് ആണെന്ന് ഉണ്ണി കൊച്ചച്ചന്‍ കളി പറയാറുണ്ട്‌. ഏറിയാല്‍ ഒരു പത്തു ദിവസം, അത്രയെ ഉള്ളു, ആളൊരു പത്തു നാല്‍പ്പതു കൊല്ലം പിന്നിലേക്കങ്ങു പോവും. ആ സമയത്ത് ഏറ്റവും സ്നേഹവും അനുസരണയും അച്ഛമ്മയോട്‌ ആയതിനാല്‍ മേടം തുടങ്ങിയാല്‍ ജാനുവമ്മൂമ്മയെ സുധാകരന്‍  ചിറ്റപ്പൻ കുറച്ച് ദിവസത്തേയ്ക്ക്  ഞങ്ങളുടെ തറവാട്ടിലേക്ക് 'സുഖവാസ'ത്തിന്‌ അയക്കുക പതിവായിരുന്നു 

'ഫോമില്‍' ആയി കഴിഞ്ഞാല്‍ പിന്നെ ഒരു ജാതി സീരിയസ് ആറ്റിറ്റ്യൂഡ് ആവും ആയമ്മക്ക്‌. എപ്പോഴും പിറ് പിറുത്തു കൊണ്ട് വീട്ടിനകത്ത് നടന്നു കൊണ്ടേ ഇരിക്കും. ഇടയ്ക്ക് വാതില്‍ക്കല്‍ പോയി സൂക്ഷിച്ചു നോക്കി നില്‍ക്കും. വെട്ടുകത്തി, കോടാലി, കമ്പിപ്പാര തുടങ്ങിയ സാധനങ്ങള്‍ക്ക് ആ ദിവസങ്ങില്‍ വീട്ടില്‍ നിരോധനമാണ് . നാല്‍പ്പതു കൊല്ലം  മുന്‍പ് അഷ്ടമുടിക്കായലിന് തീരത്ത് ഏക്കറു കണക്കിന് പരന്നു കിടന്നിരുന്നതായി  പറയുന്ന തറവാട്ടു സ്വത്തിന്റെ ഭരണക്കാരിയായാണ് പിന്നെ കുറെ ദിവസം അമ്മൂമ്മയുടെ നടപ്പ്. ആരെയും വിശ്വാസമില്ല. പറമ്പില്‍ പണിക്കു വന്നിരുന്ന  ശങ്കരന്‍ മൂപ്പരെ കള്ളനെന്നു പറഞ്ഞു കല്ലെടുത്ത്‌ എറിഞ്ഞു ഓടിച്ചു. പുല്ലരിയാന്‍ വന്ന ചെല്ലമ്മയെ ഒരിക്കല്‍ പിറകില്‍ നിന്ന് മടല് കൊണ്ട് തലക്കടിച്ചു. അങ്ങനെ തന്റെ പുരയിടത്തിന്റെ നാലതിരിന്റെയും സുരക്ഷിതത്വത്തെ കുറിച്ച് ജാഗരൂകയായി ചുറ്റി കറങ്ങുന്ന ജാനുവമ്മൂമ്മയുടെ അടുത്തേക്ക് ആ ടൈമില്‍ എന്നെ അമ്മ വിടുന്നത് പതിവില്ല. ( തെണ്ടി ചെക്കനെന്നു പറഞ്ഞു എടുത്തു കിണറ്റില്‍ ഇട്ടാലോ എന്നൊരു ഭയം.. ആകെ ഒന്നല്ലേ ഉള്ളു ).

അങ്ങനെ ഇൻ-ഫോമിൽ നില്‍ക്കുന്ന സൂര്യന്‍ സിക്സും ഫോറും അടിച്ചു  തകര്‍ത്തു ബാറ്റ് ചെയ്യുന്ന ഒരു മേടമാസം. പതിവ് പോലെ തറവാടിന്റെ സെക്യൂരിറ്റി ഇന്‍ ചാര്‍ജ് ആയി ജാനുവമ്മൂമ്മ രണ്ടു ദിവസം മുന്‍പ് വന്നു ചാര്‍ജ് എടുത്തിട്ടുണ്ട് . പക്ഷെ ഇത്തവണ ആളിത്തിരി സൈലന്റ് ആണെന്ന സമാധാനത്തില്‍ ആണ് എല്ലാവരും. സ്ഥിരം  തെക്ക് വടക്ക് റോമിങ്ങില്ല . ആഹാരം കൊടുത്താല്‍ മിണ്ടാതെ ഇരുന്ന്  കഴിക്കും. സമയത്തിന് കുളിയും ഉറക്കവും ഉണ്ട്. അത് കൊണ്ട് അച്ഛമ്മയും മൊത്തത്തില്‍ ഹാപ്പി. പക്ഷെ വരാനിരിക്കുന്ന സുനാമിക്ക് വേണ്ടി കടല് ഇത്തിരി പിറകോട്ടു മാറിയ  സൈലൻസ് ആയിരുന്നു അതെന്ന് ആരും തിരിച്ചറിഞ്ഞില്ല.

ഡെയിലി ആക്ടിവിറ്റിസിനു വേണ്ടി എല്ലാവരും റെഡി ആവുന്ന പിറ്റേ ദിവസം പ്രഭാതം. ഞാന്‍ പതിവ് പോലെ മനസ്സില്ലാമനസ്സോടെ പല്ല് തേക്കുന്നു. രമ്യ ചേച്ചി എനിക്കന്നു തല്ലു മേടിച്ചു തരാനുള്ള വകുപ്പലോചിക്കുന്നു. അമ്മയും  അപ്പച്ചിമാരും അടുക്കളയില്‍ സാംബാർ ചട്ടിയോടും അരിക്കലത്തിനോടും മത്സരിക്കുന്നു. ശരപഞ്ചരത്തിലെ ജയനെ പോലെ ടോപ്‌ ലെസ്സ് ആയി നിന്ന് തന്റെ ബജാജ് സ്കൂട്ടര്‍കഴുകുന്ന  ഉണ്ണി കൊച്ചച്ചന്‍.
അച്ഛമ്മ വായില്‍ വെച്ച് കൊടുക്കുന്ന ഇഡ്ഡലി ആര്‍ക്കോ വേണ്ടി എന്ന പോലെ ചവച്ചരച്ചു കൊണ്ട് അടുക്കളപ്പടിയില്‍ എല്ലാം നോക്കി കണ്ട് എന്നാൽ 'ഇതൊക്കെ എന്ത്' എന്ന  ഭാവത്തിൽ ഇരിക്കുന്നു ജാനുവമ്മൂമ്മ.
അച്ചാച്ചന്‍ തന്റെ പതിവ് ജനസേവനത്തിനുള്ള പുറപ്പാടിന്റെ ആദ്യ പടിയായ വിശാലമായ കുളി കഴിഞ്ഞു തലതുവർത്തി കൊണ്ട്  അടുക്കള മുറ്റത്തേക്കിറങ്ങി. ഇഞ്ചി തിന്ന കുരങ്ങിനെ പോലെ ഇരുന്നു ഇഡ്ഡലി കഴിക്കുന്ന ജാനുവമ്മൂമ്മയെ കണ്ടു അച്ചാച്ചന്‍ ഒന്ന് ചിരിച്ചോ എന്ന് സംശയം.

എന്തായാലും സൈക്കൊസിസില്‍ നിന്ന് ന്യൂറോസിസിലേക്ക് കടന്നു ഇനിയെന്ത് ചെയ്യണം   എന്നറിയാതെ , മണ്ണെണ്ണയില്‍ വീണ പടക്കം പോലെ ഇരുന്ന ജാനുവമ്മൂമ്മയ്ക്ക് എറിഞ്ഞു കൊടുത്ത തീപ്പൊരി ആയിപോയി ആ ചിരി എന്ന് പറയാം .

തോം തോം തോം..

ഒരു നിമിഷം...
ഇഡ്ഡലി പാത്രത്തെയും അത് പിടിച്ചിരുന്ന അച്ചമ്മയേം തട്ടി എറിഞ്ഞു , അടുക്കള വാതിലില്‍ ചാരി വെച്ചിരുന്ന ഉലക്കയും കയ്യിലേന്തി ഡാ.. എന്ന് അലറിക്കൊണ്ട്‌ അച്ചച്ചന്റെ മുന്നിലേക്ക്‌ ജാനുവമ്മൂമ്മ ചാടി വീണത്‌ പെട്ടെന്നായിരുന്നു. ആട്ടിന്‍ കുട്ടിയെ കണ്ട ഇറച്ചി വെട്ടുകാരന്റെ ഭാവം കണ്ണില്‍.

"... വിടമാട്ടെ ....."

ഫോര്‍ എ സെക്കന്റ്‌, സ്റ്റില്‍ അടിച്ചു നിന്നെങ്കിലും തന്റെ ജീവന്‍ ഒരു ഉലക്കമേല്‍ തീരാന്‍ പോവുന്നു എന്ന ഭീകര സത്യം അച്ചച്ചനെ ധീരനാക്കി. തല തുവർത്തിയ തോര്‍ത്തും വലിച്ചെറിഞ്ഞു കുളിമുറിയിലേക്ക് ഓടിക്കയറിയ അച്ചച്ചന്റെ ചുവടൊന്നു പിഴച്ചത് പക്ഷെ പെട്ടെന്നായിരുന്നു. റണ്‍ ഔട്ട്‌ ഒഴിവാക്കാന്‍ ക്രീസിലേക്ക് നീട്ടി ഡൈവ് ചെയ്യുന്ന ബാറ്റ്സ്മാനെ പോലെ കുളിമുറിപ്പടിയില്‍ നിന്ന് അച്ചാച്ചന്‍ തൊഴുത്തിന് മുന്നിലേക്ക്‌ തെന്നി വീണു.

"....ജാനൂ....." 
തന്റെ മുഴുവൻ സ്നേഹവും എടുത്ത് ദയനീയമായി അച്ഛമ്മ ജാനുവമ്മൂമ്മയെ തിരികെ വിളിച്ചു. ഒരു നിമിഷം പകച്ചു നിന്നെങ്കിലും, പതിയെ, വളരെ പതിയെ അക്രമ വാസന ഉപേക്ഷിച്ചു സെഞ്ച്വറി അടിച്ച സച്ചിനെ പോലെ ഉലക്കയും ഉയര്‍ത്തി പിടിച്ചു  മുകളിലേക്ക് ഒന്ന് നോക്കി, കണ്ടു നിക്കുന്നവരെ മൈന്‍ഡ് ചെയ്യാതെ, ജാനുവമ്മൂമ്മ പിറ് പിറുത്തു കൊണ്ട് തിരികെ അടുക്കളയിലേക്കു കയറിപ്പോയി.


കത്തിക്കും  കമ്പി പാരയ്ക്കും  ഒപ്പം ഉലക്കക്കും അന്ന് തന്നെ തട്ടിന്‍ പുറത്തേക്കു പ്രൊമോഷന്‍ ലഭിച്ചു. പണിക്കര് ചേട്ടന്‍ ഏര്‍പ്പാടാക്കിയ ഗോവിന്ദന്‍ വൈദ്യന്‍ പതിനഞ്ചു ദിവസം ഉഴിഞ്ഞതിന്റെ ഗുണം കൊണ്ട് അച്ചാച്ചന്‍ നിലത്തു വീണ്ടും മെല്ലെ കാലു കുത്തി പിച്ച വെച്ച് നടക്കാന്‍ തുടങ്ങി. കസിൻസിസ്റ്റർ  അല്ല  അച്ചച്ചന്റെ കാലാണ്  പ്രധാനം എന്ന്  അച്ഛമ്മ തിരിച്ചറിഞ്ഞത് കൊണ്ടാവാം, വര്‍ഷാ വർഷം നടത്തപ്പെട്ടിരുന്ന ജാനുവമ്മൂമ്മയുടെ വെക്കേഷൻ  പരിപാടി അതോടെ അവസാനിച്ചു. ജാനുവമ്മൂമ്മ പിന്നെ തറവാട്ടിലോട്ട് വന്നത് പത്തു വര്‍ഷത്തോളം കഴിഞ്ഞ്  ആണെന്നാണ് എന്റെ ഓര്‍മ്മ. പക്ഷെ അത് മേടത്തിൽ ആയിരുന്നില്ല, മഴ തകര്‍ത്തു പെയ്യുന്ന ഒരു 'ഇടവപ്പാതിക്കായിരുന്നു' എന്ന് മാത്രം.

Monday, July 21, 2014

നിളയുടെ ആത്മാവ് തേടി ഒരു യാത്ര


                                ലക്ഷ്മീപദ കോലങ്ങൾ സ്വാഗതം ചൊല്ലുന്ന പാലക്കാടൻ  തമിഴ്  ഗ്രാമങ്ങളെയും   വേദിക പൈതൃകത്തിന്റെയും  സനാതനധർമ്മതിന്റെയും രഥ ചക്രങ്ങൾ   ഉരുണ്ട  കല്പാത്തിയെയും  സൂഫി കഥകളുടെ മുദ്രകൾ പേറുന്ന  പൊന്നാനിയെയും   ഒരുപോലെ നിത്യം തൊട്ടു തലോടി കടന്നു പോവുന്നവൾ.  എം ടിക്കും , ഓ വി വിജയനും , വി കെ എന്നിന്നും തൂലികയ്ക്കു മഷിചാലിച്ചവൾ.  നാടിൻറെ കലാസാംസ്കാരിക നവോഥാനത്തിനും കുടിപ്പകയുടെ  ചോര മണക്കുന്ന മാമാങ്കകഥകൾക്കും ഒരുപോലെ  സാക്ഷിയായ നിള.  മലയാളക്കരയുടെ ജീവനും തേജസ്സും ആത്മാവുമായ ഭാരതപ്പുഴ. ഒരേ സമയം കണ്ണീർ പുഴയെന്നും ശോകനാശിനി എന്നും വിളിക്കപ്പെടുന്ന മഹാനദി.


ആനമലയിൽ നിന്നും ഉത്ഭവിച്ചു  വഴിയിൽ  ഗായത്രിപ്പുഴയും  തൂതപ്പുഴയും പോലെ ഒട്ടനവധി  ജലപാതങ്ങളുടെ ചൈതന്യം ഏറ്റു വാങ്ങി  പൊന്നാനി അഴിമുഖത്ത്  ലക്ഷദ്വീപ് കടലിനോടു സംഗമിക്കുന്ന  നിളയെ അടുത്തറിയാൻ നദി ഒഴുകുന്ന വഴി പിന്തുടർന്ന് ഒരു യാത്ര ഒരുപാട് നാളത്തെ മോഹമായിരുന്നു. അതിന്  ഒടുവിൽ വഴി തെളിഞ്ഞത് കഴിഞ്ഞ മാസമായിരുന്നു.  ഇടവപ്പാതിയുടെ നനഞ്ഞ ഭാവം വിട്ടു തെളിഞ്ഞ മാനമുള്ള ഒരു ഞായറാഴ്ച സഹപ്രവർത്തകരായ ജോസിനും മഹേഷിനും ഒപ്പം  യാത്ര തിരിച്ചു.  കൊച്ചിയിൽ നിന്നും പുറപ്പെട്ട് തൃശൂർ വഴി ചെറുതുരുത്തിയിൽ എത്തി ഷൊർണൂരും പട്ടാംബിയും  ത്രിത്താലയും തിരുനാവായയുംചമ്രവട്ടവും  പിന്നിട്ട്  പൊന്നാനി വരെ നദിയെ അനുഗമിച്ച് രാത്രി തിരികെ കൊച്ചിയിൽ എത്താനായിരുന്നു പദ്ധതി. ആകെ ദൂരം 208 കിലോമീറ്റർ.

കേട്ടും വായിച്ചും അറിഞ്ഞ കഥകളിലൂടെ വൈകാരികമായ ഒരു അടുപ്പം  നിളയോട് എന്നും മനസ്സിൽ തോന്നിയിരുന്നു . പിന്നീട് ബാന്ഗ്ലൂരിലെക്കുള്ള  ട്രെയിൻ യാത്രകളിൽ കണ്ട, ഒറ്റപ്പാലത്തെ തല ഉയർത്തി നില്ക്കുന്ന പനകളുടെ നിഴലിൽ, മണല്പ്പരപ്പിലൂടെ ജല രേഖ പോലെ നേർത്ത് ഒഴുകുന്ന നിള ഒരു വേദനയായി മനസ്സില് കടന്നുകൂടി. ആരൊക്കെയോ ചേർന്ന് പിച്ചി ചീന്തി വഴിയിൽ ഉപേക്ഷിച്ച ഒരു രാജകുമാരിയുടെ ദയനീയ ചിത്രം പോലെ അത് മനസ്സിൽ പതിഞ്ഞ് കിടന്നു.


നാടിൻറെ  ആത്മാവ്‌ തേടിയുള്ള യാത്രയിൽ  ചിന്തയിലും വേഷത്തിലും പെരുമാറ്റത്തിലും വരെ  ലാളിത്യം വേണം എന്ന ബോധപൂർവമായ ചിന്തയിൽ  നഗര ജീവിതം നല്കിയ ശീലങ്ങളെ പരമാവധി  ഞങ്ങൾ ഈ യാത്രയിൽ അകറ്റി നിർത്തിയിരുന്നു.കൊച്ചിയിൽ നിന്ന് പുറപ്പെട്ട് തൃശൂരും കടന്ന് ചെറുതുരുത്തി എത്തിയപ്പോൾ നേരം ഒന്പത് മണി. ഞായറാഴ്ച സന്ദർശകരെ അനുവദിക്കില്ല എന്ന  കാരണത്താൽ കലാമണ്ഡലം നടന്നു കാണണം എന്ന മോഹം ഇനിയൊരിക്കൽ എന്ന് കരുതി മനസ്സില് തന്നെ മാറ്റി വച്ചു. കലയുടെ വരദാനമായ ഒട്ടനവധി മഹാ പ്രതിഭകൾ അരങ്ങേറ്റം നടത്തിയ ആ സരസ്വതീ ക്ഷേത്രം  യാഥാർത്യമാക്കിയ  മഹാകവിയെ ഒരു നിമിഷം  നന്ദിയോടെ സ്മരിക്കാതിരിക്കാൻ കഴിഞ്ഞില്ല .

ചെറുതുരുത്തി പാലത്തിനു താഴെയുള്ള കടവിൽ കാർ  നിർത്തി  ഞങ്ങൾ  നദിയിൽ ഇറങ്ങി. വീതി കുറവെങ്കിലും കണ്ണീരു പോലെ തെളിഞ്ഞ് ഒഴുകുന്ന പുഴ. ചുറ്റും കുറ്റികാടുകൾ പിടിച്ച  മണൽ തിട്ട തീർത്ത  ചെരുതുരുത്തുകൾ. അവയ്ക്കിടയിൽ വീശു വലയുമായി  തൻറെ ഭാഗ്യം പരീക്ഷിക്കുന്ന ഒരു നാട്ടുകാരൻ. വഴിയിൽ നിന്ന് വാങ്ങിയ ഉപ്പിലിട്ട മാങ്ങയുടെയും കാന്താരിയുടെയും സ്വാദും വെള്ളത്തിന്റെ  ഒഴുക്കും തണുപ്പും ആസ്വദിച്ചു മീനുകളുടെ തോലോടലും ആസ്വദിച്ച് കുറെ ഏറെ  നേരം അവിടെ ചിലവഴിച്ചു.  കാലങ്ങളോളം ഉള്ള  പ്രവാഹത്തിൽ നദി തേച്ചു മിനുക്കി ഒരുക്കിയെടുത്ത മൂന്നു നാല് ഉരുളൻ കല്ലുകൾ ഓർമ്മയുടെപൊതിയിലേക്ക്  എടുത്തു വച്ചു കൊണ്ട് ഞങ്ങൾ മനസ്സില്ലാ മനസ്സോടെ അവിടെ നിന്നും മെല്ലെ നീങ്ങി.


ഒട്ടനവധി ചലച്ചിത്രങ്ങൾക്ക്‌ പാരമ്പര്യത്തിന്റെയും പ്രൌഡിയുടെയും  പശ്ചാത്തലം ഒരുക്കിയ വരിക്കാശ്ശേരി മനയായിരുന്നു അടുത്ത ലക്‌ഷ്യം. ചെറുതുരുത്തിയിൽ  നിന്നും പതിനഞ്ചു കിലോമീറ്റർ ദൂരെ പാലക്കാട് ജില്ലയുടെ ഭാഗമായ മനിശ്ശേരി ഗ്രാമത്തിലായിരുന്നു മന. വിശാലമായ പറമ്പിനു നടുവിൽ ലക്ഷണമൊത്ത നാലുകെട്ട്. അടുത്ത്  തന്നെ പത്തായപ്പുരയും തറവാട് ക്ഷേത്രവും വിശാലമായ കുളവും. സൂക്ഷിപ്പുകാരന് ചെറിയൊരു കൈനീട്ടം നൽകിയപ്പോൾ അകത്ത് ചുറ്റി നടന്നു കാണാൻ സൗകര്യം ഒരുക്കി തന്നു.
 മംഗലശ്ശേരി നീലകണ്ഠനും, ജഗന്നാഥനും  ഒക്കെയായി മോഹൻലാൽ പകർന്നാട്ടം  നടത്തി അനശ്വരമാക്കിയ ഒരുപിടി കഥാപാത്രങ്ങൾക്ക്   ഈ വീടും, ഇരുളും വെളിച്ചവും ഇഴനെയ്ത ഇതിന്റെ അകത്തളവും  ഈറ്റില്ലമായിരുന്നു. ഇനിയും ഒരുപാടു  കഥാപാത്രങ്ങൾ ഇവിടെ ഉണ്ടായേക്കാം. അരമണിക്കൂർ അവിടെ ചിലവിട്ട് ഞങ്ങൾ തിരികെ പട്ടാംബിയിലെക്കു  യാത്ര തിരിച്ചു.പട്ടാംബി പിന്നിട്ട്  ഉച്ചക്ക് മുൻപ് തൃത്താല എത്തുകയായിരുന്നു ലക്‌ഷ്യം.വിശാലമായ വാകമരങ്ങൾ തണൽ വിരിച്ച ടാർ റോഡ്‌. വടക്ക്  വശം റോഡിനു സമാന്തരമായി ഒഴുകുന്ന നദി . ഇപ്പുറം പാടശേഖരങ്ങളും പാറക്കെട്ടുകളുടെ നിമ്നോന്നതങ്ങളും  അതിരിടുന്ന വള്ളുവനാടിന്റെ ഗ്രാമഭംഗി. മനിശ്ശേരി യിൽ നിന്നും കുടിച്ച കാ‍ന്താരി ചേർത്ത  സംഭാരത്തിന്റെ അസ്സൽ എരിവിലും പട്ടാംബിയിൽ  നിന്ന് വാങ്ങിയ കുമ്മട്ടിക്കായുടെ അതി മധുരത്തിലും വിശപ്പിനെ ഞങ്ങൾ മറന്നിരുന്നു.പറയി പെറ്റ പന്തിരുകുലത്തിന്റെ ഐതിഹ്യങ്ങളിൽ പ്രസിദ്ധമാണ് തൃത്താല. മേഴത്തോൾ അഗ്നിഹോത്രിയുടെ വെമാഞ്ചേരി ഇല്ലവും, പാക്കനാർ സ്മാരകവും ഒക്കെ ഇവിടെയാണ്. അഗ്നിഹോത്രി കുളിക്കടവിൽ താളി കുഴച്ച്   താലത്തിൽ  വച്ച് ഉണ്ടാക്കിയ ശിവലിംഗം നദിക്കരയിൽ തന്നെ പ്രതിഷ്ഠിച്ചു 
എന്നും പിന്നീട്  അത് തൃത്താലയപ്പൻ  ( തിരു +താലം  ) എന്ന  പേരിൽ പ്രശസ്തമായ ശിവക്ഷേത്രമായി  എന്നും ഐതിഹ്യം. ക്ഷേത്രത്തിനു വേണ്ടി നദി അതിൻറെ ഗതി അൽപ്പം മാറി ഒഴുകി എന്നും വിശ്വാസം ഉണ്ട്. അത് എന്ത് തന്നെ ആയാലും ഭാരതപ്പുഴക്ക് ഇവിടെ ഒരു നല്ല  വളവുണ്ട്. ഒരിക്കൽ നിറഞ്ഞു ഒഴുകിയിരുന്ന വിശാലമായ നദീതടം ഇന്ന് മിക്കവാറും കരയായിരിക്കുന്നു. തീരത്ത് താമസിക്കുന്നവർ ഈ നദീ തടത്തിൽ  ചേമ്പും , ചേനയും ഒക്കെ കൃഷി ചെയ്യാനും തുടങ്ങിയിരിക്കുന്നു.പാക്കനാരുടെ കഥകളോട് ബന്ധപെട്ട് കിടക്കുന്ന ആൽത്തറക്ക് സമീപം കാർ നിർത്തി ഞങ്ങൾ ഇറങ്ങി. പറമ്പിക്കുളം  ആളിയാർ പദ്ധതി , മലമ്പുഴ ഡാം തുടങ്ങി വൻകിട പദ്ധതികളിലൂടെ സര്ക്കാരും , മണൽവാരൽ, അനധികൃത കൈയേറ്റം, നദീതടത്തിലെ കൃഷി തുടങ്ങിയവയിലൂടെ ജനങ്ങളും മരണാസന്നയാക്കിയ മഹാനദിയെ നെടുവീർപ്പോടെ അൽപ്പനേരം നോക്കി നിന്നു. 


അവിടെ നിന്ന് നോക്കിയാൽ  വെള്ളിയാങ്കല്ലിൽ  പണിതുയർത്തിയ പുതിയ റെഗുലേറ്റർ ബ്രിഡ്ജ് കാണാം. കുറച്ചു ഭാഗത്തെങ്കിലും നദിക്ക് അതിൻറെ യഥാർത്ഥ മുഖം വീണ്ടെടുത്ത്‌ നല്കാൻ ഈ ചെറുകിട ജലസേചന പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ട്. ഷട്ടറുകൾ അല്പമായി തുറന്നിട്ട സമയമാണ് ഞങ്ങൾ എത്തിയത്. ഒഴുക്കിനൊപ്പം തുള്ളിക്കുതിച്ചു എത്തുന്ന ആറ്റുമീൻ പിടിക്കുവാനായി നാട്ടുകാർ ചെറു സംഘങ്ങളായി കോര് വലയുമായി  പാലത്തിന്റെ ഒരു  വശത്ത് താഴെ സ്ഥാനം   പിടിച്ചിരിക്കുന്നു. ഷട്ടർ തുറക്കുന്ന  ദിവസങ്ങളിൽ ഇവിടെ ഉത്സവ പ്രതീതിയാണ്.ഒരാൾ  പൊക്കമുള്ള വാളമീൻ വരെ ഇവിടെ നിന്ന് പിടികൂടിയിട്ടുണ്ട് എന്ന് പാലത്തിനു അരികിലുള്ള ചെറിയ പാർക്കിനു സമീപം ഐസ്ക്രീം വില്ക്കുന്ന ബൈജുവേട്ടൻ സാക്ഷ്യം.

തൃത്താല നിന്നും കുമ്പിടി വഴി കുറ്റിപ്പുറം ലക്ഷ്യമാക്കി ഞങ്ങൾ യാത്ര തുടർന്നു. വഴി അല്പ്പം മോശമാണെങ്കിലും മൊത്തം ദൂരത്തിൽ ഏകദേശം 5 - 6 കിലോമീറ്റർ കുറവുണ്ട് ഈ വഴി പോയാൽ. വഴിയരികിലെ പാടത്ത് ഒരു പറ്റം ദേശാടന കൊക്കുകൾ പൊടിമീനിനായി ഒറ്റക്കാലിൽ തപസ്സിരിക്കുന്നത് കണ്ടു ഞങ്ങൾ വണ്ടി നിർത്തി. അവയെ ക്യാമറയിൽ പകർത്താൻ ഉള്ള  എന്റെ തിടുക്കം  അത്ര ഇഷ്ടപെടാഞ്ഞിട്ടോ എന്തോ എല്ലാം ഒന്നിച്ചു 
അടുത്തുള്ള മരങ്ങളുടെ സുരക്ഷിതത്വത്തിലേക്ക് പറന്നു പോയി. കുറ്റിപ്പുറത്ത്‌ വച്ച്  ഞങ്ങൾ ഈ യാത്രയിലെ നാലാമത്തെ ജില്ലയായ മലപ്പുറത്ത്‌ എത്തിച്ചേര്ന്നു . എറണാകുളം തൃശ്ശൂർ പാലക്കാട് എന്നിവയായിരുന്നു മറ്റു മൂന്നു ജില്ലകൾ. കുറ്റിപ്പുറം പാലത്തിനു മുന്പുള്ള വളവും ഭൂപ്രകൃതിയും  ഒക്കെയായി നിള അതി സുന്ദരിയാണ് ഇവിടെ എന്നു എവിടെയോ ഒക്കെ വായിച്ചത് ഓർമ്മ വന്നു. പക്ഷേ വിശാലമെങ്കിലും അവിടെ ഇവിടെയായി ഉള്ള ചെറിയ വെള്ളകെട്ടുകളും ചാലു പോലെ നേർത്ത ഒഴുക്കുമേ അവിടെ കാണാൻ കഴിഞ്ഞുള്ളൂ.
കുറ്റിപ്പുറത്ത്‌  നിന്നും തിരുനാവായയ്ക്ക് ഉള്ള വഴിയിൽ ഒന്ന് രണ്ടു കിലോമീറ്റർ അകലെയാണ് നിള പാർക്ക്. കുടുംബമായി വന്ന്  വൈകിട്ട്അൽപ്പ സമയം ചിലവഴിക്കാൻ പറ്റിയ ഒരിടം. പാർക്കിൽ കയറാൻ നില്ക്കാതെ ഞങ്ങൾ യാത്ര തുടർന്നു. തിരുനാവായ അടുക്കുന്തോറും നദിയിൽ വെള്ളത്തിന്റെ അളവ് കൂടി വന്നു.  ചാമ്രവട്ടം റെഗുലേറ്റർ ബ്രിട്ജാണ് ഈ മാറ്റത്തിന് കാരണം. നല്ല  വീതിയും ആഴവും ഒക്കെയായി  കഥകളിൽ കേട്ട് പരിചയിച്ച  സുന്ദരിയാണ് ഇവിടെ നിള.
വളരെ പ്രസിദ്ധമാണ് തിരുനാവായയിലെ നിളാ തീരത്തുള്ളനാവാ മുകുന്ദ ക്ഷേത്രം. നൂറ്റാണ്ടുകളുടെ പഴക്കം നിർമ്മിതിയിലും വിശ്വാസങ്ങളിലും ചരിത്രത്തിലും ഈ ക്ഷേത്രവുമായി കെട്ടു പിണഞ്ഞു കിടക്കുന്നു.  നദിക്ക് അക്കരെ ബ്രഹ്മ ക്ഷേത്രവും  ശിവക്ഷേത്രവുമുണ്ട്. ഈ ത്രിമൂർത്തി  സംഗമം നദിയ്ക്ക്  ഇവിടെ  ദൈവീക ഭാവം നല്കുന്നു. 

ജനിമൃതികൾക്ക് അതീതമായ മോക്ഷകവാടമായി നിളയുടെ ഈ ഭാഗത്ത് നടത്തുന്ന തർപ്പണം കരുതപ്പെടുന്നു. 
 ക്ഷേത്രത്തിനു സമീപം ഉള്ള കൽപ്പടവിൽ നിന്നും ബലി തർപ്പണം  നടത്തി  ആത്മാക്കൾക്ക് മോക്ഷം  നല്കാൻ അനേകായിരങ്ങൾ എല്ലാ കറുത്തവാവ്ദിവസവും ഇവിടെ എത്താറുണ്ട്. എള്ളിനും പൂവിനും ഒപ്പം ഒരു  ഉരുള  ചോറും ദർഭയും  വാഴയിലയിൽ വച്ച്നദിയിൽ സമർപ്പിച്ചു പിതൃക്കൾക്ക് മോക്ഷത്തിന് ആവതു ചെയ്തു  എന്ന് സംതൃപ്തരായി അവർ മടങ്ങുന്നു.യാത്രകളിൽ ഏറ്റവും അനുഗ്രഹമാവുക ചെല്ലുന്ന ദേശത്തെ അടുത്ത് അറിയുന്ന നല്ല ഒരു നാട്ടുകാരന്റെ സഹായമാവും. ഈ യാത്രയിൽ തിരുനാവായയിൽ ഞങ്ങള്ക്ക് ലഭിച്ച അനുഗ്രഹമായിരുന്നു ജോസിന്റെ സുഹൃത്തും നാട്ടുകാരനുമായ ജംഷീർ. ഞങ്ങൾക്ക് ഒപ്പം വന്ന് ഓരോ സ്ഥലവും കാട്ടി തന്ന നല്ലവനായ ഈ സുഹൃത്തിന് ഒരായിരം നന്ദി. 


ഭക്തിയുടെ പ്രഭവം മാത്രമല്ല ചോരയുടെ ചുവപ്പ് നിറം കൂടിയുണ്ട് തിരുനാവായയുടെ ചരിത്രത്തിൽ. പന്ത്രണ്ടു കൊല്ലത്തിൽ ഒരിക്കൽ നടക്കുന്ന മാമാങ്ക മഹോത്സവവും അതിന്റെ രക്ഷാപുരുഷനായ സാമൂതിരിയെ കൊല്ലാനായി  വരുന്ന ചാവേർ പടയാളികളും, വ്യർത്ഥമായ അവരുടെ  പരിശ്രമത്തിനൊടുവിൽ മരിച്ചു വീഴുമ്പോൾ അവരുടെ ശരീരം മറവു ചെയ്തിരുന്ന മണികിണറും എല്ലാം വള്ളുവനാടിന്റെ പാടി പതിഞ്ഞ ചരിത്രങ്ങളാണ്. മാമാങ്ക കാലത്തിന്റെ ശേഷിപ്പുകളായ നിലപാട് തറയും , മണിക്കിണറും, പഴുക്കാ മണ്ഡപവും , ചങ്ങമ്പിള്ളി കളരിയും ഒക്കെ ജംഷീർ ഞങ്ങള്ക്ക്  കാട്ടി തന്നു.പുഴയിൽ ഒരു തോണി യാത്രയ്ക്ക് സൗകര്യം  ചെയ്തു തന്നത് ജംഷീറിന്റെ  സുഹൃത്ത്‌ അൻസാർ ആയിരുന്നു. ഇക്കരെ കടവിൽ നിന്ന് കുറ്റിക്കാട് പിടിച്ചു കിടക്കുന്ന  തുരുത്തുകൾക്കും ആറ്റുവഞ്ചി പൂക്കൾക്കും ഇടയിലൂടെ അക്കരെ ഉള്ള വിശാലമായ മണല്തിട്ടയിലേക്ക് ഒരു ഹ്രസ്വ തോണി  യാത്ര. ജോലി ഒഴിവുള്ള വൈകുന്നേരങ്ങളിൽ അവർ അവിടെ വോളിബോൾ കളിക്കാറുണ്ട്ത്രേ. 

ഒരിക്കൽ നദിയുടെ അടിയിലായിരുന്ന പ്രദേശങ്ങൾ ആയിരുന്നു ഇതൊക്കെ എന്ന് ഒരു നിമിഷം ഞാൻ ഓർത്തു. തിരികെ കടവിൽ തോണി അടുത്തപ്പോൾ ജംഷീർ ഞങ്ങളെ അവൻ പഠിച്ചിരുന്ന സ്കൂളിലേക്ക്  കൂട്ടി കൊണ്ട് പോയി. അവിടെ പുതുതായി  പണിതീർത്ത വാട്ടർ ടാങ്കിന്റെ മുകളിൽ  നിന്നും ഉള്ള നദിയുടെ ദൃശ്യം കാട്ടിതരികയായിരുന്നു  ലക്‌ഷ്യം. ഒരേ സമയം വിസ്മയവും,സന്തോഷവും,വേദനയും നിറഞ്ഞതായിരുന്നു ആ കാഴ്ച. മനോഹരമായ പ്രകൃതി ദ്രിശ്യമായിരുന്നു അതെങ്കിലും.പതിയെ എങ്കിലും നഷ്ടപെട്ടുകൊണ്ടിരിക്കുന്ന നിള എന്ന മഹാനദിയെ  ഓർമ്മപ്പെടുത്തി ആ കാഴ്ചയിൽ ജലമധ്യത്തിൽ എവിടെയും തെളിഞ്ഞു  നിന്ന മണൽത്തിട്ടകൾ.


ഇരുട്ട് വീഴും മുൻപ് നദിയുടെ അവസാന പാദമായ പൊന്നാനി എത്താനുള്ള തിടുക്കത്തിലായിരുന്നു ഞങ്ങൾ. ജംഷീർ വീട്ടില് ഒരുക്കിയ നോമ്പ്തുറയുടെ പലഹാരങ്ങളും നാരങ്ങാവെള്ളവും ധൃതിയിൽ തീർത്ത് ആ
വീട്ടിലുള്ളവർക്ക്   മനസ്സാ നന്ദി പറഞ്ഞ് ഞങ്ങൾ പൊന്നാനിയിലേക്ക്  പുറപ്പെട്ടു.

 മലയാള ഭാഷാ പിതാവിന്റെ നാടായ തിരൂരും  തുഞ്ഞൻ പറമ്പും കൂടി കാണണം എന്ന് ഉണ്ടായിരുന്നെങ്കിലും അസ്തമയത്തിനു  അര നാഴിക പോലും ബാക്കിയില്ല എന്നത് കൊണ്ട് ആ ആഗ്രഹം പിന്നീടു ഒരിക്കലേക്കായി മാറ്റി വച്ചു. പരമാവധി വേഗത്തിൽ കാറോടിച്ച് പത്തു മിനിറ്റിൽ ഞങ്ങൾ ചാമ്രവട്ടം പാലത്തിൽ എത്തി. അവിടെ നിന്നും ഏതാനം ഫോട്ടോകൾ എടുത്തു വീണ്ടും പൊന്നാനി ലക്ഷ്യമാക്കി നീങ്ങി.പൊന്നാനിയിൽ ഗതകാല സ്മരണകൾ ഉണർത്തുന്ന പഴയ അങ്ങാടി പിന്നിട്ട്  ഹാർബറിൽ എത്തിയപ്പോഴേക്കും അസ്തമയത്തിനു മിനിട്ടുകൾ മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളു. വിജനമായ അഴിമുഖത്ത് കെട്ടിയിട്ടിരിക്കുന്ന ഒട്ടനവധി ബോട്ടുകൾ. അങ്ങിങ്ങായി വിരലിൽ എണ്ണാവുന്ന അത്ര തൊഴിലാളികൾ ഞായറാഴ്ചയുടെ ആലസ്യത്തിൽ അലസമായി ജോലി ചെയ്യുന്നു. കുഞ്ഞാലി മരയ്ക്കാറുടെ പടയോട്ടങ്ങൾക്കും. വെട്ടത്ത് നാടിന്റെയും സാമൂതിരിയുടെയും ഒക്കെ പല  പട പുറപ്പാടുകൾക്കും മൂകസാക്ഷിയായ വിളക്ക് മരം കടലിനെ നോക്കി മിഴി തുറന്നു നില്ക്കുന്നു. 

താഴെ ശാന്തയായി തന്റെ പ്രയാണം അവസാനിപ്പിക്കുവാൻ തുടങുന്ന  നിള. തന്റെ ജീവനെടുക്കാൻ വെംബുന്ന  ആരോടും ഒന്നിനോടും പരാതിയില്ലാതെ ശാന്തമായി തന്റെ പരിഭവങ്ങൾ കടലിനോട്  പറയുവാനുള്ള യാത്ര.  

അസ്തമയ സൂര്യന്റെ അവസാന കിരണങ്ങൾ ചുവപ്പ് ചാലിച്ച മാനത്തിന്പൊന്നാനി പിന്നിട്ട്  
തിരികെ മടങ്ങുമ്പോൾ ക്ഷീണിതരെങ്കിലും ഞങ്ങൾ സംതൃപ്തരായിരുന്നു. നിള എന്ന മഹാനദിയെ അല്പമെങ്കിലും അടുത്തറിഞ്ഞതിന്റെയും  ഓർമ്മയിലേക്ക് ചേർക്കുവാൻ അർത്ഥവത്തായ ഒരു ദിവസം കൂടി ലഭിച്ചതിന്റെയും ചാരിതാർത്ഥ്യം ആയിരുന്നു  മനസ്സിൽ. 
ഒപ്പം ഈ സംസ്കാരത്തിന്റെ ചൈതന്യമായി ജീവജലമായ് ഇവളെന്നും  മണ്ണിലൂടെ ഒഴുകണം എന്ന പ്രാർഥനയും.
Friday, December 23, 2011

രാമേട്ടന്‍റെ രാത്രിയാത്രകള്‍


നിച്ചു വളര്‍ന്ന നാട്ടിലെ ഓരോ മണല്തരിക്കും സുപരിചിതനാവുക എന്ന അസുലഭ ഭാഗ്യം ലഭിച്ച അപൂര്‍വ്വം ചിലരില്‍ ഒരാളായിരുന്നു തയ്യില്‍ കിഴക്കതില്‍ രാമേട്ടന്‍. മുതുകുളത്ത് രാമേട്ടനെ അടുത്തറിയാന്‍ കഴിഞ്ഞിട്ടില്ലാത്ത ഹതഭാഗ്യവാന്മാര്‍ കുറെ ഒക്കെ ഉണ്ടെങ്കിലും രാമേട്ടന്റെ ഒരു ഫ്രഞ്ച് കിസ്സ്‌ എങ്കിലും കിട്ടാത്ത പൊതുവഴികളും ഒരു ഹഗ് എങ്കിലും കിട്ടാത്ത മൈല്‍ കുറ്റികളും മുതുകുളത്ത് ചുരുക്കം. എന്നും അന്തിക്ക് തണ്ണിയടിച്ചു പാമ്പായി കോണ്‍ തെറ്റി വരുന്ന രാമേട്ടന് കളി പറയാനും, ചിരിക്കാനും, തല്ലു കൂടാനും ഒടുവില്‍ ഉറങ്ങുമ്പോള്‍ കൂട്ട് കിടക്കാനും വരെ ഭാര്യ മാധവി ചെച്ച്ചിയെക്കാള്‍ കൂട്ടായിരുന്നത്‌ മുതുകുളത്തെ ടെലിഫോണ്‍ പോസ്റ്റുകളും , കലുങ്കുകളും പഞ്ചായത്ത് പൈപ്പുകളും ആയിരുന്നു.
രാമേട്ടന്‍ കോണോടു കോണ്‍ നടന്നു വീതി അളന്നിട്ടില്ലാത്ത ഇടവഴികളും അന്തിയുറങ്ങിയിട്ടില്ലാത്ത കലുങ്കുകളും മുതുകുളം പഞ്ചായത്തില്‍ വളരെ ചുരുക്കം. സൂര്യ ഭാഗവാനുമായുള്ള രഹസ്യ എഗ്രിമെന്റ് കൊണ്ടോ എന്തോ പുള്ളി ഡ്യൂട്ടി കഴിഞ്ഞു പോയാല്‍ മാത്രമേ രാമേട്ടന്‍ കുടിക്കൂ. പകല്‍ സമയം സൌമ്യനും പരോപകാരിയും നല്ലൊരു പാട്ടുകാരനും കൂടി ആയിരുന്നു എങ്കിലും സന്ധ്യ കഴിഞ്ഞാല്‍ ആളുടെ ഭാവം മാറും.
'ഫുള്‍ ഉടാ കര്‍ പിയോ ' എന്ന ആശയത്തില്‍ വിശ്വസിക്കുന്നതിനാല്‍, തല ഉയര്‍ത്തി പിടിച്ചു നിന്ന നില്‍പ്പില്‍ ഒരു കുപ്പി കള്ള് കേറ്റി ഷാപ്പിലെ ഈവനിംഗ് പ്രോഗ്രാമ്മിനു മുടങ്ങാതെ തേങ്ങയടിക്കുന്ന രാമേട്ടനെ 'കുടിയന്മാരുടെ അമീര്‍ഖാന്‍' എന്ന് അസൂയക്കാര് വിളിക്കാറുണ്ട്. അങ്ങനെ മുതുകുളം പഞ്ചായത്തിന്റെ കണ്ണിലുണ്ണിയും ആസ്ഥാന കുടിയനുമൊക്കെ ആയിരുന്നു രാമേട്ടന്‍.


ജന്മം കൊണ്ട് കുടിയനാണെങ്കിലും കര്‍മ്മം കൊണ്ട് രമേട്ടനൊരു തയ്യല്‍ക്കാരനായിരുന്നു. കുറഞ്ഞ ചിലവില്‍ കയ്യ് വെട്ടുക കാലു വെട്ടുക, ഷര്‍ട്ടിനു ബട്ടന്‍സ് പിടിപ്പിക്കുക തുടങ്ങിയ കൊട്ടേഷന്‍ വര്‍ക്കുകള്‍ ഭംഗിയായി പറഞ്ഞ സമയത്ത് തീര്‍ക്കുന്നതില്‍ രാമേട്ടനെ കഴിഞ്ഞേ പഞ്ചായത്തില്‍ വേറെ തയ്യല്‍കാര്‍ ഉണ്ടായിരുന്നുള്ളൂ. പക്ഷെ ഒറ്റ കുഴപ്പമേ ഉള്ളു. പണി തീര്‍ന്നു ടെലിവറിക്ക് കൊണ്ട് പോവുന്ന ഷര്‍ട്ടും പാന്റുമൊക്കെ പിറ്റേ ദിവസം വഴിയരികിലെ ഏതെങ്കിലും കലുങ്കിലോ , ചിലപ്പോ പണയ ഉരുപ്പടിയായി ഷാപ്പിലോ ഒക്കെയാവും കണ്ടെത്തുക. ആ വകയില്‍ ഭരണി പാട്ടും, ചിലപ്പോഴൊക്കെ കുനിച്ചു നിര്‍ത്തി നടുവിന് നല്ല കുത്തിയോട്ടവും വഴിപാടായി നടത്തിയിട്ടുണ്ട് നാട്ടുകാര്‍ പലരും പലവട്ടം. എങ്കിലും രാമേട്ടനും നാട്ടുകാരും ഈ കലാപരിപാടികള്‍ ഇന്നും ആവര്‍ത്തിച്ചു കൊണ്ടേ ഇരിക്കുന്നു എന്നല്ലാതെ പ്രത്യേകിച്ചൊരു മാറ്റവും ഉണ്ടായിട്ടില്ല.

പണ്ടൊക്കെ പാമ്പായി കഴിഞ്ഞാല്‍ വഴിയെ പോവുന്ന പാവങ്ങളുടെ മേല്‍ കുതിര കയറുന്ന സ്വഭാവം രമേട്ടനുണ്ടായിരുന്നു. അങ്ങനെ ഒരിക്കല്‍ ഫുള്‍ ഫോമില്‍ നില്‍ക്കെ, വഴിയെ പോയ പട്ടാളം സുധാകരെട്ടനോട്, അദേഹത്തിന്റെ പിതാവ് ആരാണെന്നു സംശയം ചോദിക്കുകയും പട്ടാളത്തിന്റെ ശക്തവും വ്യക്തവുമായ മറുപടി താങ്ങാനാവാതെ മൂന്നു ദിവസം അത്യാവശ്യ കാര്യങ്ങള്‍ക്കായി ട്യുബ് ഇടേണ്ടി വരികയും ചെയ്തു. അതിനു ശേഷം പാമ്പായി വഴിയെ പോവുമ്പോള്‍ കുഞ്ഞു പിള്ളേര്‍ റോഡിലൂടെ പോയാല്‍ വരെ മുണ്ടിന്റെ മടക്കഴിച്ചിട്ട് വിനയത്തോടെ തൊഴുന്നത് രമേട്ടനൊരു ശീലമായി. അല്ലെങ്കിലും അനുഭവങ്ങളില്‍ നിന്നും പാഠം പഠിക്കുന്നവരാണല്ലോ മഹാന്മാര്‍. പക്ഷെ മനുഷ്യരോടുള്ള ഈ ബഹുമാനം മറ്റൊന്നിനോടും പുള്ളി കാട്ടിയിരുന്നില്ല. കല്ലുമൂട്ടില്‍ കിഴക്കുള്ള വലിയ തത്ത ചുണ്ടന്‍ മാവും , അയലത്തെ കാര്‍ത്യായനി ചേച്ചിടെ സിന്ധി പശുവുമൊക്കെ രാമേട്ടന്റെ കയ്യില്‍ നിന്ന് തന്തക്കു വിളി കേട്ടതിനു കയ്യും കണക്കുമില്ല. എങ്കിലും രമേട്ടനോടുള്ള പേടി കൊണ്ടോ എന്തോ അവയൊന്നും തിരികെ ഒരക്ഷരം പറയാന്‍ ഇത് വരെ ധൈര്യം കാട്ടിയിട്ടില്ല. അങ്ങനെ പണി എടുത്തും , പാമ്പായി വാള് വെച്ച് ഷാപ്പിലെ ദിവാകരേട്ടന് ഡെയിലി പണി കൊടുത്തും രാമേട്ടന്‍ മുതുകുളത് അടിച്ചു പൊളിച്ചു കഴിഞ്ഞു കൂടുന്ന കാലം.


അന്ന് പാണ്ഡവര്‍ കാവിലെ കൂട്ടം കൊട്ടായിരുന്നു.
കാലം തെറ്റി വന്ന മഴയില്‍ കുതിര്‍ന്നു ഉത്സവത്തിന്റെ പകിട്ട് കുറഞ്ഞെങ്കിലും രണ്ടു കുപ്പി അന്തി കൂടുതല്‍ കുടിക്കാന്‍ കാരണം നോക്കി നടക്കുന്ന രാമേട്ടന് മഴയൊന്നും ഒരു വിഷയമേ ആയിരുന്നില്ല. പോരാത്തതിന് ഉത്സവതോടന്ബന്ധിച്ചു ഷാപ്പില്‍ അന്ന് കപ്പയ്ക്ക് കൂട്ടായി സ്പെഷ്യല്‍ നീറു മീന്‍ കറിയും ഉണ്ടായിരുന്നു. ഷാപ്പ് അടക്കേണ്ട സമയമായിട്ടും ഒരു കയ്യില്‍ കുപ്പിയും മറ്റേ കയ്യില്‍ കപ്പയും പിടിച്ചു ഫുള്‍ ഫോമില്‍ ഓട്ടന്‍ തുള്ളല്‍ നടത്തി കൊണ്ടിരുന്ന രാമേട്ടനെ ദിവാകരെട്ടനും ഭാര്യ രമണിയും കൂടി ഒടുവില്‍ കത്തി കാട്ടി കൊന്നു കളയും എന്ന് പേടിപ്പിച്ചാണ് അന്ന് വീട്ടിലേക്കു പറഞ്ഞു വിട്ടത്.

ഷാപ്പില്‍ നിന്ന് ടാറിട്ട റോഡിലേക്ക് പാടത്തിനു നടുക്ക് കൂടെ അര കിലോമീറ്റര്‍ വരുന്ന ഒരു ഒറ്റയടി പാതയുണ്ട്. അവിടെ നിന്ന് ഒന്ന് കൂവിയാല്‍ പോലും ഒരു കുഞ്ഞും കേള്‍ക്കില്ല. ഏഴെട്ടു വര്ഷം മുന്‍പ് ഒരു രാഷ്ട്രീയ സംഘട്ടനത്തില്‍ രണ്ടു പാര്‍ട്ടി പ്രവര്‍ത്തകരെ അവിടെ വെച്ച് വെട്ടി കൊന്നിട്ടുണ്ട്. അതൊക്കെ കൊണ്ട് തന്നെ രാത്രിയായാല്‍ ഒറ്റയ്ക്ക് ആരും അതിലെ പോവുക പതിവില്ല. പക്ഷെ വീട്ടുകാരേക്കാള്‍ ഏറെ പൊതുവഴികളെയും , പോസ്റ്റുകളെയും സ്നേഹിച്ചിരുന്ന രാമേട്ടന് അതൊന്നും ഒരു പ്രശ്നമേ ആയിരുന്നില്ല.ഭരണി പാട്ടും പാടി രാമേട്ടന്‍ പാതി വഴി എത്തി കാണും. കനത്ത മഴയില്‍ വഴിയില്‍ പത്തടിയോളം വീതിയില്‍ മട വീണിരിക്കുന്നു. വെള്ളം ശക്തമായി ഒഴുകുന്നുണ്ട്. സാധാരണ രീതിയില്‍ അഞ്ചു വയസ്സുള്ള കുട്ടിക്ക് വരെ നടന്നു പോകാവുന്നത്ര ഒഴുക്കെ ഉള്ളുവെങ്കിലും സിനീമാറ്റിക് ഡാന്സിനു സ്റ്റെപ്പ് ഇടുന്ന പോലെ ആടി കൊണ്ടിരുന്ന തന്റെ കാലുകളെ രാമേട്ടന് അത്ര വിശ്വാസം പോരായിരുന്നു. വെള്ളം മുറിച്ചു കടക്കാന്‍ തുടങ്ങിയാല്‍ ഒരുപക്ഷെ അക്കരെ എത്തുന്നതിനു പകരം ഒഴുകി അറബി കടലില്‍ എത്തിയാലോ എന്ന ചിന്തയില്‍ മുന്നോട്ടു പോവുന്നത് ഒരു വന്‍ റിസ്ക്‌ ആയി രാമേട്ടന് തോന്നി. പക്ഷെ തിരികെ ഷാപ്പിലേക്ക് പോയാല്‍ ദിവാകരേട്ടന്റെ ഇറച്ചി വെട്ടുന്ന കത്തിക്ക് അതൊരു പണിയാവുമല്ലോ എന്ന ചിന്ത കൂടി ആയതോടെ ആകെ കണ്ഫ്യുഷനിലായി. അവിടെ തന്നെ കിടക്കാം എന്ന് വെച്ചാല്‍ പാര്‍ട്ടികാരുടെ പ്രേതം ചിലപ്പോ പിരിവിനു ഇറങ്ങിയാലോ. കൂട്ടിനാണെങ്കില്‍ ഒരു ടെലിഫോണ്‍ പോസ്റ്റ്‌ പോലുമില്ല താനും. ഒടുവില്‍ രണ്ടും കല്‍പ്പിച്ചു റിസ്ക്‌ എടുക്കാന്‍ തന്നെ രാമേട്ടന്‍ തീരുമാനിച്ചു. എന്ത് വന്നാലും മുന്നോട്ടു തന്നെ.


മുണ്ട് മടക്കി കുത്തി, തോര്‍ത്ത്‌ തലയില്‍ കെട്ടി, ചെരുപ്പൂരി കയ്യില്‍ പിടിച്ചു രാമപുരത്തമ്മയെ മനസ്സില്‍ ധ്യാനിച്ച്‌ രാമേട്ടന്‍ വെള്ളത്തിലേക്കിറങ്ങി. അകത്തെ വെള്ളത്തിന്റെ ശക്തിയും പുറത്തെ വെള്ളത്തിന്റെ ഒഴുക്കും കൂടിയായപ്പോള്‍ ഐസ് മലയില്‍ ഇടിച്ച ടൈറ്റാനിക് പോലെ രാമേട്ടന്‍ ആടി ഉലഞ്ഞു. മുക്കാല്‍ ദൂരം എത്തി കാണും. പെട്ടെന്ന് എന്തോ കാലില്‍ ചുറ്റി പിടിച്ചു. കടിക്കുവാണോ എന്തോ...നോവുന്നുണ്ട്. ഒഴുക്കിനൊപ്പം പിടിച്ചു വലിക്കുന്നത് പോലെ ഒരു തോന്നല്‍.

ഒരു നിമിഷം കൊണ്ട് കള്ളിന്റെ കിക്കിറങ്ങി. പഞ്ചായത്തിലെ കഥകളില്‍ കറങ്ങി നടക്കുന്ന ലോക്കല്‍ പ്രേതങ്ങളും പ്രതേകിച്ചു ആ പാടത്ത് തന്നെ സ്ഥിര താമസമാക്കിയ പാര്‍ട്ടി പ്രേതങ്ങളുമൊക്കെ ഒരു നിമിഷം രാമേട്ടന്റെ ഓര്‍മ്മയില്‍ നിന്ന് ചിരിച്ചു കാട്ടി. കാലില്‍ പിടിച്ചു വലിക്കുന്ന സ്ഥിതിക്ക് പാര്‍ട്ടി പ്രേതങ്ങള്‍ തന്നെ ആവും. പോരാത്തേന് രമേട്ടനാണേ മറ്റേ പാര്‍ട്ടിയും.

ന്റമ്മേ!!!..........എന്നെ കൊല്ലാന്‍ പോണേ..... എന്ന് പാടം കിടുങ്ങിയ ഒരലര്‍ച്ച..
രാമേട്ടന്‍...ഡിം..!
വാഴ വെട്ടിയിട്ട പോലെ പാട വരമ്പത്ത്... ക്രാഷ് ലാന്ടിംഗ്...തീര്‍ന്നു .

നേരം വെളുത്തിട്ടും രാമേട്ടന്‍ വീട്ടില്‍ എത്താതതിനാല്‍ പരിഭ്രമിച്ചിരിക്കുന്ന മാധവിചെച്ചിയോടു രാമേട്ടന്‍ മരിച്ചു എന്ന് പറഞ്ഞത് തയ്യിലെ രാജേഷാണ്. കേട്ട പാതി കുട്ട്യോളെയും പിടിച്ചു വലിച്ചു അലറി കൂവിക്കൊണ്ട് പാടത്തെക്കൊടിയ മാധവിചെചിയും , കൂടെ ഓടിയ അയല്കാരും കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു.
പാട വരമ്പത്ത് ബോധം കെട്ടുറങ്ങുന്ന രാമേട്ടന്‍. രാത്രിയില്‍ പരാക്രമത്തിനിടയില്‍ പകുതി അഴിഞ്ഞു പോയ കൈലി മുണ്ട്. വഴക്കിട്ടു പിണങ്ങി കിടക്കുന്ന കെട്ട്യോളെ പോലെ രണ്ടടി ദൂരെ മാറി കിടക്കുന്ന അഞ്ചു ബാറ്റെറിയുടെ ടോര്‍ച്ച്. തലയ്ക്കല്‍ കത്തിച്ചു വെച്ച് ഉരുകി തീരാറായ മെഴുകുതിരി. കാലില്‍ കുരുങ്ങി കിടക്കുന്ന ഉണങ്ങിയ കൈതച്ചെടി. തലേന്നത്തെ ഒഴുക്കില്‍ എവിടെ നിന്നോ ഒഴുകി വന്നു രാമേട്ടന്റെ കാലില്‍ ചുറ്റി പിടിച്ചത് .

ആസ് യൂഷ്വല്‍, സംഭവം വെറും ബോധം കെടലാണെന്നു മനസ്സിലായതോടെ അടുപ്പില്‍ പുഴുങ്ങാന്‍ ഇട്ട കപ്പയുടെ ഓര്‍മ്മ മാധവിചെയിയുടെ മനസ്സില്‍ ഓടിയെത്തി. തന്റെ കരച്ചില്‍ വേസ്റ്റ് ആയെന്നറിഞ്ഞത്തിന്റെ ഫ്രസ്ട്രെഷനില്‍ പിറുപിറുത്തു കൊണ്ട് വന്നതിനേക്കാള്‍ സ്പീഡില്‍ പുള്ളിക്കാരി വീട്ടിലേക്കു മടങ്ങി. രാവിലെ വഴിയെ പോയെ തല തെറിച്ച പിള്ളേര്‍ ആരോ ഒപ്പിച്ച പണി . തലയ്ക്കല്‍ കത്തി ഇരുന്ന മെഴുകുതിരി കണ്ടു തെറ്റി ധരിച്ചു പോയതാണെങ്കിലും രാജേഷിനെ തെറി വിളിച്ചു അപ്പോള്‍ തന്നെ കണക്കു തീര്‍ക്കുന്നതില്‍ പക്ഷെ മാധവിചെയി തെല്ലും മടി കാട്ടിയില്ല. (അവനതു വേണം, പാവത്തിനെ വെറുതെ ആശിപ്പിച്ചു കളഞ്ഞതല്ലേ. )

മെഴുകു തിരി കത്തിച്ച മഹാന്‍ ആരാണെന്നു ഇന്നും അറിയില്ലെങ്കിലും അന്തിയടിച്ചു പാമ്പായി കഴിഞ്ഞുള്ള ഡെയിലി ഭരണി പാട്ടിലും തന്തക്കു വിളിയിലും ആ അനോണിയെ കൂടെ ഉള്‍പ്പെടുത്താന്‍ പിന്നീട് ഇന്ന് വരെ ഒരു ദിവസവും രാമേട്ടന്‍ മറന്നിട്ടില്ല. എന്തായാലും അതിനു ശേഷം രമേട്ടനൊരു പുതിയ പേര് കൂടി നാട്ടുകാര്‍ സമ്മാനിച്ചു.
പരേതന്‍ രാമേട്ടന്‍ !


ചിത്രം വരച്ചത്: കുക്കു

തെങ്ങും വിളയിൽ മത്തായി

രാമപുരത്തിന്റെ വടക്കേ അതിരിൽ പുഞ്ചപ്പാടങ്ങളും , തെങ്ങിൻ തോപ്പുകളും അഴക് ചാർത്തുന്ന ഏവൂർ എന്ന കൊച്ചു ഗ്രാമം. അവിടെ സാമാന്യം തെറ്റില്ലാത്ത പി...