Monday, January 24, 2011

പുല്ലുകുളങ്ങര ഗണേശന്‍


കായംകുളത്തിന് പടിഞ്ഞാറുള്ള പുല്ലുകുളങ്ങര ക്ഷേത്രത്തിലെ പേര് കേട്ട ഗജവീരനായിരുന്നു ഗണേശന്‍. തലയെടുപ്പുള്ള കൊമ്പന്‍. അടുത്തുള്ള മിക്ക ക്ഷേത്രങ്ങളിലും തിടമ്പേറ്റുന്നവന്‍. കായംകുളത്തിന് ചുറ്റുമുള്ള ഒട്ടനവധി ഗ്രാമങ്ങളിലെ പല കഥകളിലെയും ഹീറോ. എട്ടോ പത്തോ വയസ്സുള്ളപ്പോഴാണ് ഗണേശനെയും അവന്റെ ഡ്രൈവര്‍ ശങ്കരന്‍ പാപ്പാനെയും നേരിട്ട് കാണാനുള്ള ഭാഗ്യം എനിക്കുണ്ടായത്. അമ്മവീട് നില്‍ക്കുന്ന എരുവയിലെ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനായിരുന്നു അത്. ഒറ്റ നോട്ടത്തില്‍ ആനകളിലെ ഒരു അക്ഷയ് കുമാര്‍. ആനക്ക് മാച്ച് ചെയ്യുന്ന കളറും ഫിഗറും വയറും കൊണ്ട് ശങ്കരന്‍ പാപ്പാനും ഒരു കാഴ്ച തന്നെയായിരുന്നു.

ഉത്സവ സീസണ്‍ കഴിഞ്ഞാല്‍ തടി പിടിത്തതിനും നാട്ടിലെ അത്യാവശ്യം പൊതു മരാമത്ത് പണിക്കുമൊക്കെ ഗണേശന്‍ പങ്കെടുക്കാറുണ്ട്. ഒരിക്കല്‍ ഞങ്ങടെ പറമ്പില്‍ വളര്‍ച്ച മുരടിച്ചു നിന്ന തെങ്ങിനെ ഒറ്റ കിക്കും ഒരേയൊരു സൈഡ് പഞ്ചും കൊണ്ട് രണ്ടു പീസാക്കി മറിച്ചിട്ടതോടെ മി. ഗണേശന്റെ ശക്തിയെക്കുറിച്ച് അപാരമായ ഒരു ബോധം എനിക്കുണ്ടാവുകയും തന്‍ നിമിത്തം പിന്നീടെപ്പോഴും കുറഞ്ഞത്‌ അഞ്ചു മീറ്റര്‍ ദൂരം പാലിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുമായിരുന്നു. പണ്ടെപ്പോഴോ ഒന്ന് ഇടയുകയും ആരെയോ കുത്താന്‍ ഓടിക്കുകയും ചെയ്തു എന്ന ഒരു ഗോസിപ്പൊഴിച്ചാല്‍ ഗണേശന്റെ സര്‍വീസ് റെക്കോര്‍ഡ്‌ പൊതുവേ ക്ലീന്‍ ആയിരുന്നു. അത് കൊണ്ട് തന്നെ 'നമ്മ സ്വന്തം ആന' എന്ന മട്ടില്‍ കുട്ടികളും എരുവയിലെ പട്ടികളും വരെ ഗണേശനെ തൊട്ടുരുമ്മി കൂടെ നടക്കാറുണ്ടെങ്കിലും അവന്‍ ആരെയും ഇത് വരെ ഉപദ്രവിച്ചിട്ടില്ല.

നാട്ടിലെ പ്രധാന തൊഴില്‍രഹിതനും പേരുകേട്ട ആനപ്രേമിയും കുപ്രസിദ്ധ വായിനോക്കിയും ആയിരുന്നു റേഷന്‍ കട നടത്തുന്ന ചെമ്പില്‍ കരുണെട്ടന്റെ ഒറ്റ മോന്‍ സി. കെ. കുട്ടപ്പന്‍ എന്ന ആനക്കുട്ടപ്പന്‍. സ്കൂളിലെ പഠിത്തം ബുദ്ധി കൂടുതലുള്ളത് കൊണ്ട് അഞ്ചാം ക്ലാസ്സില്‍ തന്നെ നിര്‍ത്തേണ്ടി വന്നതിന്റെയും , ജോലിക്ക് നിന്ന സ്ഥലങ്ങളില്‍ നിന്നെല്ലാം സ്വഭാവ ഗുണം കൊണ്ട് മാസം രണ്ടു തികയും മുന്‍പ് ഇറക്കി വിട്ടതിന്റെയും എല്ലാം ഇന്ഫീരിയോറിട്ടി കോമ്പ്ലെക്സ് കുട്ടപ്പന്‍ തീര്‍ത്തത് ആനകളോടുള്ള ചങ്ങാത്തത്തിലൂടെയായിരുന്നു . പഠിത്തത്തിലും തൊഴിലിലും തോറ്റെങ്കിലും കരയിലെ ഏറ്റവും വലിയ ജീവിയുടെ ക്ലോസ് ഫ്രണ്ട് എന്ന നിലയ്ക്ക് താനും ആ 'കരയിലെ' ഒരു വല്യ സംഭവം തന്നെയാണെന്ന് നാട്ടുകാരെ ബോധ്യപെടുത്തുന്നതില്‍ കുട്ടപ്പന്‍ ഹാപ്പിനെസ്സ് കണ്ടെത്തി. എരുവയില്‍ ഏതെങ്കിലും ആന കാലു കുത്തിയാല്‍ തിരികെ അതിന്റെ നാല് കാലും, വാലുണ്ടെങ്കില്‍ അതും പുത്തന്‍ റോഡ്‌ കടന്നു നാഷണല്‍ ഹൈവേയില്‍ എത്തുന്നത്‌ വരെ സൂപ്പര്‍ വൈസിംഗ് ചാര്‍ജ് കുട്ടപ്പന്‍ സ്വയം ഏറ്റെടുക്കും. കയ്യിലൊരു പെരുമരത്തിന്റെ കമ്പുമായി നെഞ്ചും വിരിച്ചു ആനയുടെ മുന്നില്‍ നടക്കുന്ന കുട്ടപ്പനെ കണ്ടാല്‍ , വെറുമൊരു ചുള്ളികമ്പ് കൊണ്ട് ഈ ജന്തുവിനെ ഒതുക്കി നിര്‍ത്തുന്ന യെവനൊരു പുലി തന്നെ എന്ന് ആരും പറഞ്ഞു പോവും... നോ ഡൌട്ട്. ഹവ്വെവര്‍ ആനകളും കുട്ടപ്പനുമായുള്ള ഹാര്‍മണി വല്യ കുഴപ്പമില്ലാത്തത് കൊണ്ടും അത്യാവശ്യം ഒരു ബീഡിക്കോ ഒരു തൊടം കള്ളിനോ ഉപകാരപ്പെടും എന്നത് കൊണ്ടും പയ്യന്റെ ആഗ്രഹം നടക്കട്ടെയെന്നു കരുതി പാപ്പാന്മാരും കണ്ണടച്ച് പോന്നിരുന്നു .

ദേശത്തിന്റെ സമൃദ്ധിയും അഭിവൃദ്ധിയും നേരിട്ട് കാണാന്‍ ശ്രീകൃഷ്ണ സ്വാമി പറയ്ക്ക് എഴുന്നെള്ളുന്ന എരുവയിലെ ഒരു മകരമാസം. ഗണേശന്റെ പുറത്താണ് ആ കൊല്ലം തിടമ്പ്. ചാണകം മെഴുകിയ മുറ്റത്ത്‌ പറയും , നെല്ലും, തെങ്ങിന്‍ പൂക്കുലയും,നിലവിളക്കും,കരിമ്പും ഒരുക്കി വെച്ച് എല്ലാവരും കാത്തിരിക്കുന്നു. തിടമ്പുമായി വരുന്ന ഗണേശന് ഉള്ളതാണ് കരിമ്പ്‌ . കരയിലെ ഒട്ടു മിക്ക വീടുകളിലും ശര്‍ക്കരയോ കരിമ്പോ അങ്ങനെ കരുതി വെച്ചിരിക്കും. നെറ്റിപ്പട്ടം കെട്ടിയ ഗണേശനും പഞ്ചാരി മേളവും ഒക്കെയായി എഴുന്നെള്ളിപ്പ് വീട്ടിലെത്തി. പതിവുപോലെ ആനയെ തൊട്ടും പിടിച്ചും കുട്ടപ്പനും സംഘത്തിലുണ്ട്. അരി അളന്നു ചാക്കിലേക്കിടുന്ന കൂട്ടത്തില്‍ ഗണേശന്റെ കരിമ്പ്‌ ആരോ കുട്ടപ്പന്റെ കയ്യിലെക്കെടുത്തു പിടിപ്പിച്ചു. അതില്‍ നിന്ന് ഒരു തുണ്ട് ഓടിച്ചു ചവച്ചു കൊണ്ട് കുട്ടപ്പന്‍ ബാക്കി ഗണേശന്റെ വായിലേക്ക് വെച്ചു. 'നോക്ക് കൂലി'യൊന്നും അത്ര പ്രചാരത്തില്‍ ഇല്ലാതിരുന്ന അക്കാലത്ത് തനിക്കു വെച്ചതില്‍ നിന്ന് ഒരു തുണ്ട് കമ്മിഷനെടുത്ത കുട്ടപ്പന്റെ പ്രവര്‍ത്തി ഗണേശന് അത്രയ്ക്ക് ഇഷ്ടപെട്ടില്ലെന്നു വ്യക്തം.നെല്ല് അളന്നെടുത്തു, കളത്തില്‍ പൂവ് വാരി എറിഞ്ഞു ശാന്തിയും ചെണ്ടക്കാരും മറ്റും തിരിഞ്ഞു നടക്കാന്‍ തുടങ്ങി. കുട്ടപ്പന്‍ വീട്ടിലുള്ളവരെ നോക്കി ചിരിച്ചും ആവശ്യക്കാര്‍ക്ക് അനുഗ്രഹം കൊടുത്തും കൊണ്ട് നില്‍ക്കുന്നു.

എഴുന്നെള്ളിപ്പ് കണ്ടു നിന്നവരില്‍ നിന്ന് പൊട്ടിച്ചിരിയും അലര്‍ച്ചയും ഒറ്റപെട്ട കൂവലുകളും ഉയര്‍ന്നത് പെട്ടെന്നായിരുന്നു. തലയില്‍ കൈ വെച്ച് ചിരിക്കുന്ന അമ്മൂമ്മമാരെയും, എന്തോ കണ്ടു പേടിച്ച മുഖത്തോടെ നില്‍ക്കുന്ന സ്ത്രീജനങ്ങളെയും, മുട്ട് കുത്തി നിന്ന് ചിരിക്കുന്ന കുട്ടികളെയും കണ്ട കുട്ടപ്പന് കാര്യം അത്ര പന്തിയായി തോന്നിയില്ല. മുണ്ട് മടക്കി കുത്താനായി താഴേക്ക്‌ പോയ കൈ എവിടെയും എത്താത്തതില്‍ സംശയം തോന്നിയ കുട്ടപ്പന്‍ ഞെട്ടലോടെ താഴേക്ക്‌ നോക്കി ആ ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കി. എന്നും കൂടെയുണ്ടാവും എന്ന് കരുതി അരയില്‍ ചുറ്റിയിരുന്ന ഒരേയൊരു കാവിമുണ്ട്‌ താഴെയൊരു ശൂന്യത മാത്രം അവശേഷിപ്പിച്ചു കൊണ്ട് അപ്രത്യക്ഷമായിരിക്കുന്നു. . കാവിലമ്മേ ചതിച്ചോ എന്ന് വിളിച്ചു തലയില്‍ കൈ വെച്ച് തിരിഞ്ഞ കുട്ടപ്പന്‍ ആ കാഴ്ച കണ്ടു തളര്‍ന്നു പോയി . വേലക്കാരി സരോജിനിയെടത്തി കുറ്റി ചൂല് കൊണ്ട് മുറ്റമടിക്കുന്നത് പോലെ തന്റെ കാവി മുണ്ട് തുമ്പിക്കയ്യില്‍ ചുറ്റി നിലം തുടച്ച് , നടന്നു നീങ്ങുന്ന ഗണേശന്‍. അവന്റെ വായില്‍ തന്നെ കാണിക്കാന്‍ എന്ന വണ്ണം പാതി ചവച്ചു തീര്‍ന്ന കരിമ്പ്‌.

ഒന്നോ രണ്ടോ ആയി തുടങ്ങി കൂട്ടപ്പൊരിച്ചിലില്‍ അവസാനിക്കുന്ന തിരുവമ്പാടിയുടെ വെടിക്കെട്ട്‌ പോലെ കുട്ടികളില്‍ തുടങ്ങി മുതിര്‍ന്നവര്‍ കൂടി ചേര്‍ന്ന് ചിരിയുടെ പൂരം പോലിപ്പിക്കവേ, ഗാന്ധിജിയുടെ ആദര്‍ശങ്ങളില്‍ വിശ്വസിച്ചു മിതത്വം ശീലിച്ചിരുന്ന കുട്ടപ്പന് അന്നാദ്യമായി മുണ്ടിനു താഴെ മറ്റൊരു വസ്ത്രം ബാക്കപ്പ് ആയി, അതും പൊതു വേദികളില്‍, ധരിക്കെണ്ടതിന്റെ ആവശ്യം മനസ്സിലായി. ഗണേശന്റെ കയ്യില്‍ നിന്ന് കാവി മുണ്ട് തിരികെ വാങ്ങുക ഇമ്പോസ്സിബിള്‍ ആണെന്നും, അഥവാ വാങ്ങിയാല്‍ തന്നെ ഇതിനകം ഫിഷിംഗ് നെറ്റ് പോലെ ആയ മുണ്ട് കൊണ്ട് ഒന്നും മറയ്ക്കാന്‍ ആവില്ല എന്നും കുട്ടപ്പന്‍ മനസ്സിലാക്കി. താമസിക്കുന്ന ഓരോ നിമിഷവും , ബയോളജി ലാബില്‍ തൂക്കിയിട്ടിരിക്കുന്ന അസ്ഥികൂടത്തിന്റെ അവസ്ഥയാവും തനിക്ക് എന്ന് തിരിച്ചറിഞ്ഞ കുട്ടപ്പന്‍ കണ്ണുകള്‍ ഇറുക്കെ അടച്ചു, ഓടി അടുക്കളയ്ക്ക് പിറകില്‍ തെക്കേ തൊടിയിലെ കുളിമുറിയില്‍ കയറി അഭയം പ്രാപിച്ചു.

എഴുന്നെള്ളിപ്പുകള്‍ എരുവയില്‍ പിന്നെയും ഒരുപാട് കാലം ഉണ്ടായി. ഗണേശന്‍ വീണ്ടും ഒരുപാട് തവണ എരുവയുടെ മണ്ണിലൂടെ ചങ്ങലയും കിലുക്കി നടന്നു പോയി. പക്ഷെ അവന്റെ മുന്നില്‍ പെരു മരത്തിന്റെ കമ്പും പിടിച്ചു നെഞ്ചും വിരിച്ചു നടക്കുന്ന കുട്ടപ്പനെ മാത്രം നാട്ടുകാര്‍ക്ക് പിന്നീട് ഒരിക്കലും കാണാന്‍ കഴിഞ്ഞിട്ടില്ല. ഗണേശനായി മാറ്റിവെച്ച കരിമ്പ്‌ രുചിച്ചു നോക്കാന്‍ പിന്നീട് ഒരിക്കലും കരയിലെ മുണ്ടുടുത്ത ഒരാണ്കുട്ടിയും ധൈര്യം കാട്ടിയിട്ടും ഇല്ല.

തെങ്ങും വിളയിൽ മത്തായി

രാമപുരത്തിന്റെ വടക്കേ അതിരിൽ പുഞ്ചപ്പാടങ്ങളും , തെങ്ങിൻ തോപ്പുകളും അഴക് ചാർത്തുന്ന ഏവൂർ എന്ന കൊച്ചു ഗ്രാമം. അവിടെ സാമാന്യം തെറ്റില്ലാത്ത പി...