Monday, February 15, 2010

സ്റ്റെം സെല്‍ ചികിത്സ എന്ന ജീവദായിനി

ഴിഞ്ഞ ഒരു ദശകത്തില്‍ വൈദ്യ ശാസ്ത്രം നടത്തിയ കുതിച്ചു ചാട്ടത്തിലെ ഏറ്റവും പ്രധാനപെട്ട നാഴികക്കല്ല് എന്ന് ഒരുപക്ഷെ വിശേഷിപ്പിക്കാവുന്നതാണ് 'സ്റ്റെം സെല്‍ ചികിത്സ'. വര്‍ഷങ്ങളായി വിവിധ തരം പരീക്ഷണ നിരീക്ഷണങ്ങളിലൂടെയും അവയുടെ വിജയങ്ങളിലൂടെയും ശൈശവ ദിശ പിന്നിട്ട ഈ ചികിത്സാ രീതി ഇപ്പോള്‍ ഇന്ത്യയില്‍ പരീക്ഷണ ഘട്ടം പിന്നിട്ടു വാണിജ്യ അടിസ്ഥാനതിലേക്ക് കടക്കുന്നു. കടുത്ത ഹൃദ്രോഗം , ക്യാന്‍സര്‍, കരള്‍ രോഗങ്ങള്‍, ബ്രെയിന്‍ ട്യൂമര്‍, നേത്ര സംബന്ധമായ രോഗങ്ങള്‍, നാഡീ സംബന്ധമായ തകരാറുകള്‍ തുടങ്ങി ഒരുപാട് ചെറുതും , വലുതുമായ രോഗങ്ങള്‍ സ്റ്റെം സെല്‍ ചികിത്സയിലൂടെ മാറ്റിയെടുക്കാം എന്ന് കണ്ടെത്തിയിട്ടുണ്ട്. പക്ഷെ സമൂഹത്തിലെ വലിയൊരു ശതമാനം ജനങ്ങളും ഈ അത്ഭുത ചികിത്സാ രീതിയെ പറ്റി ഇനിയും അറിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. ഈ അവസരത്തില്‍ ഈ രീതിയെ പറ്റിയുള്ള ഒരു ചെറിയ പരിചയപ്പെടുത്തല്‍ അവസരോചിതമാവും എന്ന് പ്രതീക്ഷിക്കുന്നു.


സ്റ്റെം സെല്‍ , അഥവാ ' മൂല കോശം ' എന്നത് നമ്മുടെ ശരീരത്തിലെ എല്ലാ അവയവങ്ങളുടെയും അടിസ്ഥാനമാണ്.സ്റ്റെം സെല്ലുകളുടെ പ്രവര്‍ത്തന ഫലമായാണ്‌ വിത്യസ്ത കോശങ്ങളും, കലകളും, അതില്‍ നിന്ന് പിന്നീട് അവയവങ്ങളും ഒക്കെ രൂപപ്പെടുന്നത് പൂര്‍ണ്ണ വളര്‍ച്ച എത്തി കഴിഞ്ഞ ഒരു മനുഷ്യ ശരീരത്തില്‍,സ്റ്റെം സെല്ലുകള്‍ മജ്ജയിലും,കണ്ണിലും, ചര്മ്മതിനടിയിലും, മറ്റു പല ഭാഗങ്ങളിലുമായി നിദ്രാവസ്ഥയില്‍ കിടക്കുന്നു. ശരീരത്തില്‍ എവിടെ എങ്കിലും കേടു പാടുകള്‍ സംഭവിക്കുമ്പോള്‍ നിദ്ര വിട്ടു ഉണരുന്ന ഈ സ്റ്റെം സെല്ലുകളുടെ പ്രവര്‍ത്തന ഫലമായാണ്‌ പുതിയ കലകള്‍ ഉണ്ടാകുന്നതും കേടായ ഭാഗം വീണ്ടും ശരിയായി രൂപാന്തരം പ്രാപിക്കുന്നതും. ഒരര്‍ത്ഥത്തില്‍ ശരീരത്തിലെ ഒരു മെക്കാനിക് എന്ന് പറയാം. കാലങ്ങളോളം വിഭജനം നടക്കാതെ മയങ്ങി കിടക്കുവാനും, പിന്നീട് ആവശ്യമായ സന്ദേശങ്ങള്‍ ലഭിക്കുമ്പോള്‍ അതിവേഗം വിഭജിച്ചു കൂടിച്ചേര്‍ന്നു, കേടായ ഭാഗം നന്നാക്കുവാനും ഉള്ള സ്റ്റെം സെല്ലുകളുടെ ഈ കഴിവിനെ ആധാരമാക്കി ആണ് സ്റ്റെം സെല്‍ ചികിത്സാ രീതി.


ഇനി എന്താണ് സ്റ്റെം സെല്‍ ചികിത്സ എന്ന് നോക്കാം. ഉദാഹരണമായി ഹൃദ്രോഗം തന്നെ എടുക്കാം. കടുത്ത ഒരു അറ്റാക്ക്‌ ഉണ്ടാകുമ്പോള്‍ വളരെയധികം കോശങ്ങളും കലകളും നശിക്കുന്നു. ഇത് ഹൃദയത്തിന്റെയും മറ്റു അവയവങ്ങളുടെയും പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചേക്കാം. ഈ അവസരത്തില്‍ ചെറിയ ഒരളവില്‍ സ്റ്റെം സെല്ലുകള്‍ കേടു വന്ന ഭാഗത്തേക്ക് ഇന്‍ജെക്റ്റ് ചെയ്യുന്നു. തുടര്‍ന്ന് ശരീരം അവയെ തിരസ്കരിക്കാതെ അവയ്ക്ക് കാര്യക്ഷമമായി പ്രവര്‍ത്തിക്കുവാനുള്ള സാഹചര്യങ്ങളും ഒരുക്കി കൊടുക്കുന്നു. ഏതാനം ആഴ്ചകള്‍ക്കുള്ളില്‍ ഈ സ്റ്റെം സെല്ലുകള്‍ വിഭജിച്ചു കേടു വന്ന ഭാഗത്തെ പൂര്‍ണ്ണമായും പുതുക്കി പ്രവര്‍ത്തന ക്ഷമമാക്കുന്നു . ചികിത്സയ്ക്ക് ആവശ്യമായ സ്റ്റെം സെല്ലുകള്‍ ശേഖരിക്കുന്നത് മജ്ജയില്‍ നിന്നോ, കണ്ണില്‍ നിന്നോ, പ്രസവ വേളയില്‍ എടുക്കുന്ന പൊക്കിള്‍ കോടി കോശങ്ങളില്‍ നിന്നോ ആവാം. വളരെ സങ്കീര്‍ണ്ണമായ പ്രക്രിയ ആണ് ഇത് എങ്കിലും വിജയകരമായി ഇതു പരീക്ഷിക്കുന്നതില്‍ വൈദ്യ ശാസ്ത്രം ഇന്ന് വളരെയേറെ മുന്‍പോട്ടു പോയിട്ടുണ്ട്.സ്റ്റെം സെല്‍ ചികിത്സയ്ക്ക് ആധാരമായ മൂല കോശങ്ങള്‍ എവിടെ നിന്ന് ശേഖരിക്കുന്നു എന്ന് നോക്കാം. സ്റ്റെം സെല്‍ ചികിത്സയില്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് എമ്ബ്രിയോനിക് സ്റ്റെം സെല്ലുകള്‍ അഥവാ 'ഭ്രൂണ മൂല കോശങ്ങള്‍'. കൃത്രിമ ബീജ സങ്കലനത്തിലൂടെ ഉണ്ടാവുന്ന ഭ്രൂണത്തില്‍ നിന്നാണ് ഇവ ശേഖരിക്കപെടുന്നത്. എന്നാല്‍ 'ഒരു ജീവനെ നഷ്ടപെടുത്തി മറ്റൊന്ന് രക്ഷിക്കുന്നതിലെ ധാര്‍മ്മികതയെ ചോദ്യം ചെയ്തു' മത സംഘടനകളും മറ്റും രംഗത്ത് വന്നതോടെ അമേരിക്കയില്‍ ബുഷ്‌ ഭരണകൂടം എമ്ബ്രിയോനിക് സ്റ്റെം സെല്ലുകള്‍ ഉപയോഗിക്കുന്നതിനു വിലക്കെര്‍പ്പെടുതിയിരുന്നു. പക്ഷെ തുടര്‍ന്ന് വന്ന ഒബാമ ഭരണകൂടം ഈ വാദങ്ങള്‍ തള്ളി കളയുകയും എമ്രിയോനിക് സ്റ്റെം സെല്ലുകളുടെ ഉപയോഗത്തിന് പിന്തുണ നല്കാന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ എന്തായാലും അങ്ങനെ ഒരു വിലക്ക് ഉണ്ടായിട്ടില്ല. പ്രസവ സമയത്ത് പൊക്കിള്‍ കോടിയില്‍ നിന്നും മൂല കോശങ്ങള്‍ ശേഖരിക്കാം. ഇങ്ങനെ എടുക്കുന്ന മൂല കോശങ്ങള്‍ ഭാവിയിലെ ചികിത്സയ്ക്ക് ഉപയോഗ പെടും വിധം സൂക്ഷിച്ചു വെക്കാനായി 'സ്റ്റെം സെല്‍ ബാങ്കുകള്‍' തന്നെ ഇന്ത്യയുള്‍പ്പടെ പല രാജ്യങ്ങളിലും ആരംഭിച്ചു കഴിഞ്ഞു. ഇത് രണ്ടും കൂടാതെ മജ്ജയില്‍ നിന്നും, കണ്ണിലെ ലിമ്ബസില്‍ നിന്നും മറ്റുംചികിത്സയ്ക്ക് വേണ്ട മൂല കോശങ്ങള്‍ ശേഖരിക്കാറുണ്ട്.


ഇന്ത്യയില്‍, 'ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്' ആണ് സ്റ്റെം സെല്‍ ചികിത്സാ രംഗത്ത് ആദ്യമായി വിജയകരമായ പരീക്ഷണങ്ങള്‍ നടത്തിയത്. തുടര്‍ന്ന് റിലയന്‍സ് ഗ്രൂപ്പിന്റെ കീഴിലുള്ള 'റിലയന്‍സ് ലൈഫ് സയന്‍സ്', 'ഹൈദരാബാദ് ആസ്ഥാനമായുള്ള എല്‍ വി പ്രസാദ് ഇന്‍സ്റ്റിറ്റ്യൂട്ട്' , മദ്രാസ് മെഡിക്കല്‍ മിഷന്‍ തുടങ്ങി ഒട്ടനവധി പ്രമുഖ സ്ഥാപനങ്ങള്‍ ഈ മേഖലയിലെ പരീക്ഷണങ്ങളില്‍ ശ്രധയൂന്നുകയും വിജയകരമായ ഫലങ്ങള്‍ ഉണ്ടാക്കുകയും, കൂടുതല്‍ സാധ്യതകള്‍ തേടിയുള്ള പഠനങ്ങളുമായി മുന്‍പോട്ടു പോവുകയും ചെയ്യുന്നു. സ്റ്റെം സെല്‍ ചികിത്സയിലൂടെ നേത്ര സംബന്ധമായ തകരാറുകള്‍ പരിഹരിക്കുന്നതിനായി വാണിജ്യ അടിസ്ഥാനത്തിലുള്ളചികിത്സ ആരംഭിച്ചു കൊണ്ട് "റിലയന്‍സ് ലൈഫ് സയന്‍സ്' അടുത്ത ഘട്ടത്തിലേക്ക് കടന്നത്‌ വരെ എത്തി നില്‍ക്കുന്നു ഇന്ത്യയിലെ ഈ രംഗത്തുള്ള നേട്ടങ്ങള്‍. ഈ മേഘലയില്‍ ഇന്ത്യന്‍ മെഡിക്കല്‍ രംഗം വളരെ അധികം മുന്‍പോട്ടു പോയിരിക്കുന്നു. മാറി മാറി വന്ന സര്‍ക്കാരുകള്‍ വേണ്ട സഹായങ്ങള്‍ നല്‍കി എന്നത് വളര്‍ച്ചയുടെ ആക്കം കൂട്ടി. വിദേശ രാജ്യങ്ങളില്‍ ഉള്ള പോലെ, ഇതിന്‍റെ പരീക്ഷണങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഇന്ത്യയില്‍ ഇല്ല എന്നതും ഒരു അനുകൂല ഘടകമാണ്.

ഫലത്തിന്റെ കാര്യത്തില്‍ മറ്റു ചികിത്സാ രീതികളെ അപേക്ഷിച്ച് മുന്‍പില്‍ നില്‍ക്കുമ്പോഴും , സ്റ്റെം സെല്‍ ചികിത്സയുടെ ചെലവ് വളരെ തുച്ചമായിരിക്കും എന്നാണ് അറിയുവാന്‍ കഴിഞ്ഞത് . പൂര്‍ണ്ണമായും കാഴ്ച നശിച്ച ആള്‍ക്ക് കാഴ്ച തിരികെ നേടിക്കൊടുത്തു കൊണ്ടും, കരള്‍ മാറ്റി വെക്കല്‍ മാത്രമാണ് വഴി എന്ന് കരുതിയ ആള്‍ക്ക് കേടായ സ്വന്തം കരള്‍ തന്നെ വീണ്ടെടുത്ത്‌ കൊടുത്തു കൊണ്ടും ഒക്കെ ഇതിനകം ഈ ചികിത്സാ രീതി ഇന്ത്യയില്‍ അടക്കം അത്ഭുതങ്ങള്‍ സൃഷ്ടിച്ചു കഴിഞ്ഞു. വിത്യസ്തരായ രോഗികളിലും, സാഹചര്യങ്ങളും അനുസരിച്ച് അടിസ്ഥാന ചികിത്സയില്‍ വരുത്തേണ്ട മാറ്റങ്ങളെയും മറ്റും കുറിച്ച് വൈദ്യ ശാസ്ത്രം കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തി കൊണ്ടേ ഇരിക്കുന്നു. ഒന്നോ രണ്ടോ വര്‍ഷത്തിനകം പൊതു സമൂഹത്തില്‍ ഈ ചികിത്സാ രീതി വളരെ ശക്തമായി അതിന്റെ സാന്നിധ്യം അറിയിക്കും എന്ന് കരുതപ്പെടുന്നു. ഇതിനകം പ്രചാരതിലുള്ളതും ലഭ്യമായതുമായ ചികിത്സകള്‍ കൊണ്ട് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ കഴിയാതെ നിരാശരാകുന്ന രോഗികള്‍ക്ക് തീര്‍ച്ചയായും പ്രതീക്ഷ ഉണര്തുന്നതാണ് സ്റ്റെം സെല്‍ ചികിത്സ.

ഇതിനെ പറ്റി ഉള്ള എന്‍റെ അറിവുകള്‍ ഇപ്പോഴും വളരെ പരിമിതമാണ്. കൂടുതല്‍ വിശദമായി അറിയണം എന്ന് താല്പര്യം ഉള്ളവര്‍ക്ക് താഴെ ഉള്ള ലിങ്കുകളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. ഈ ലിങ്കുകളില്‍ നിന്നുള്ള അറിവുകള്‍ ഈ ലേഖനത്തിന് അടിസ്ഥാനമായി എന്നതിനാല്‍ അതിനുള്ള കടപ്പാട് ഇവിടെ രേഖപെടുത്തുന്നു.കൂടാതെ ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്ന് എടുത്തിട്ടുള്ളവയാണ്.


ആശ നഷ്ടപെട്ട ഒരു ജീവനെങ്കിലും ഈ അറിവുകള്‍ സഹായകമാവും എന്ന പ്രതീക്ഷയോടെ, പ്രാര്‍ഥനയോടെ,
സസ്നേഹം,
കണ്ണനുണ്ണി.

Tuesday, February 9, 2010

ഒരു തല്ലു നാടകത്തിന്‍റെ ബാക്കി


രണ്ടു പേര്‍ തമ്മില്‍ വഴക്കിടുകയോ, തല്ലുണ്ടാകുകയോ ചെയ്യുമ്പോൾ പിടിച്ചു മാറ്റുന്നത്‌ ക്രിമിനല്‍ കുറ്റമാണെന്ന് ഞാന്‍ മനസ്സിലാക്കിയത് രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്. കായംകുളത്തിന്റെ ഹൃദയ ഭാഗത്ത്‌ അഞ്ച് ഏക്കറില്‍ പരന്നു കിടന്ന എന്റെ സ്കൂളില്‍ പേടിയുടെ കരി നിഴല്‍ പരത്തി കറങ്ങി നടന്ന ഒരാളുണ്ടായിരുന്നു. ഞങ്ങളുടെ മാനേജര്‍ , ശ്രീ. ദിവാകരൻ സാര്‍. സ്വന്തമായി കുട്ടികള്‍ ഇല്ലാതിരുന്ന ദുഃഖം, മാഷ്‌ മാറ്റിയിരുന്നത് ആ സ്കൂളില്‍ വരുന്നതൊക്കെയും തന്റെ കുട്ടികള്‍ എന്ന വിശ്വാസത്തിലായിരുന്നു. സ്വതവേ വാത്സല്യ നിധിയായ അദേഹത്തിന്റെ പറമ്പിലെ ജാതിക്കയുടെയും ചാംബക്കയുടെയും രുചി അറിയാത്തവര്‍ സ്കൂളില്‍ ചുരുക്കം. പക്ഷെ ദേഷ്യം വന്നാല്‍ അംജത് ഖാനും അമരീഷ് പുരിയും പോലും മാറി നില്‍ക്കുന്നത്ര കടും കൈകള്‍ ചെയ്യാനും മാഷിനു ഒട്ടും മടിയുണ്ടായിരുന്നില്ല. അന്നൊരിക്കല്‍ തന്റെ സ്കെച്ച് പെന്‍സില്‍ കട്ടെടുത്ത മനു.സി. നായരെ ഭിത്തിയില്‍ ചേര്‍ത്ത് നിര്‍ത്തി മുട്ടുകാലു കേറ്റിയ 2.B യിലെ കിരണ്‍ വര്‍ഗീസിനെ രണ്ടു കയ്യും ചേര്‍ത്ത് പിടിച്ചു സ്കൂള്‍ ഗ്രൗണ്ടില്‍ പൊരി വെയിലത്ത്‌ നിര്‍ത്തി പൊതിരെ തല്ലുന്ന മാഷിനെ അന്നവിടെ പഠിച്ചിരുന്ന ഒറ്റയാളും മറന്നിട്ടുണ്ടാവില്ല. അങ്ങനെ തല്ലുകയും തല്ലിന്റെ പാപം ചാമ്പക്കയും ജാതിക്കയും കൊടുത്തു തീര്‍ക്കുകയും ചെയ്ത് മൂന്നരയടി നീളമുള്ള ചൂരലിന്റെ ബലത്തില്‍ ദിവാകരൻ സാര്‍ അജയ്യനായി കറങ്ങി നടക്കുന്ന കാലം. സ്കൂള്‍ വിട്ടാല്‍ വൈകിട്ട് വീട്ടില്‍ പോവാന്‍ സ്കൂള്‍ ബസ്‌ സെക്കന്റ്‌ ട്രിപ്പ്‌ വരണം. നാല് മണിക്ക് ഫസ്റ്റ് ട്രിപ്പ്‌ പോവുന്ന ബസ്‌ കായംകുളത്തിന്റെ പരിസര പ്രദേശങ്ങളില്‍ ഒക്കെ കറങ്ങി തിരിച്ചെത്തുമ്പോൾ അഞ്ച് കഴിയും. അത് വരെ സ്കൂള്‍ മുറ്റത്തെ ബദാം മരത്തില്‍ കല്ലെറിഞ്ഞും, ആൺകുട്ടികളുടെ ടോയിലെറ്റിന്റെ പരിസര പ്രദേശങ്ങളില്‍ കള്ളനും പോലീസും കളിച്ചും, കൂട്ടം കൂടിയിരിക്കുന്ന കുഞ്ഞു സുന്ദരികളുടെ തലയിലെ ഹെയര്‍ ബാന്ഡ് എടുത്തു കൊണ്ട് ഓടി അവരെ വഴക്കിടീച്ചും ഒക്കെ സമയം കളയണം. എന്നാല്‍ ഇത്തരം ചെറുകിട തരികിട പരിപാടികളില്‍ ഒന്നും ഒരു ഫൺ കണ്ടെത്താത്ത വിരുതന്മാര്‍ സമയം കളഞ്ഞിരുന്നത് തല്ലു കൂടിയിട്ടായിരുന്നു. WWFഉം, ആക്ഷന്‍ ചാനലുകളും ഒന്നും അത്ര പോപ്പുലര്‍ അല്ലായിരുന്ന ആ കാലത്ത് അവരുടെ ഒക്കെ പ്രചോദനം മിഥുന്‍ ചക്രബര്‍തിയും, ഋഷി കപൂറും, മമ്മൂട്ടിയുടെ ഇന്‍സ്പെക്ടര്‍ ബൽറാമും ഒക്കെ ആയിരുന്നു. തല്ലിന്റെ ആദ്യ പടിയായ കാരണം ഉണ്ടാക്കല്‍ താരതമ്യേന ഈസി ആണ്. പെന്‍സിലിന്റെ മുനയൊടിച്ചു, വാട്ടര്‍ ബോട്ടിലിന്റെ അടപ്പെടുത്ത് എറിഞ്ഞു, സ്കൂള്‍ ബാഗിന്റെ മുകളില്‍ മണ്ണ് വാരി ഇട്ടു തുടങ്ങിയ ഐ.പി.സി. ഒരുമാതിരി എല്ലാ വകുപ്പുകളിലും പെട്ട ക്രൂര കൃത്യങ്ങള്‍ ആരോപിച്ചു കോടതി വിചാരണയ്ക്ക് പോലും വിടാതെ നേരിട്ട് കൊട്ടേഷന്‍ കൊടുക്കും. കയ്യും കാലും പല്ലും ചിലപ്പോള്‍ കല്ലും വരെ ആയുധമാക്കിയുള്ള തല്ല് അവസാനിക്കുന്നത്, ഏതെങ്കിലും ഒരു പക്ഷത്തിന്റെ ഷര്‍ട്ട്‌ കീറുമ്പോഴോ , മൂക്കില്‍ നിന്ന് ചോര വരുമ്പോഴോ ഒക്കെ ആവും. എന്നാല്‍ ദിവാകരൻ സാര്‍ ഉണ്ടെങ്കില്‍ കാര്യങ്ങള്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച കണ്ണൂർ പോലെ ശാന്തമാണ്. സ്ഥിരം തല്ല് വേദികള്‍ ആയ ബോയ്സ് ടോയിലെറ്റും ലൈബ്രറി നില്‍ക്കുന്ന രണ്ടു നില കെട്ടിടത്തിന്റെ പിറകു വശവും ഒക്കെ ഇത്തിക്കര പക്കിയെ പോലെ പാത്തും പതുങ്ങിയും റോന്തു ചുറ്റുന്ന മാഷ്‌ തല്ലിന്റെ ഇടയിലേക്ക് ചാടി വീഴുന്നതും ക്ലൈമാക്സ് രംഗം കയ്യടക്കുന്നതും പെട്ടെന്നായിരിക്കും. ഒടുവില്‍ വാദിയും പ്രതിയും കാലിലെ ചുവന്നു തിണിര്‍ത്ത പാടും തടവി ഒരേ ശിക്ഷ ഏറ്റു വാങ്ങി ഏതെങ്കിലും തൂണില്‍ ചാരി നിന്ന് വിതുമ്പുന്ന സീനോടെ ആ തല്ല് നാടകം ബെല്ലടിച്ചു അവസാനിപ്പിക്കും. പൊതുവേ ഇത്തരം തല്ലുകളില്‍ ഒന്നും എനിക്ക് അന്ന് തീരെ താല്‍പര്യമുണ്ടായിരുന്നില്ല. എങ്കിലും പെൻസിലിന്റെയും റബ്ബറിന്റെയും അവകാശ തര്‍ക്കത്തില്‍ തല്ലി ചാകാന്‍ നില്‍ക്കുന്ന കൂട്ടുകാരെ ഇടയില്‍ വീണു പിടിച്ചു മാറ്റുന്നതും ,അത്തരം സമാധാന ശ്രമങ്ങള്‍ക്കിടയില്‍ പാളി പോവുന്ന ഒന്നോ രണ്ടോ ഇടി വാങ്ങി കൂട്ടുന്നതും ഇടയ്ക്ക് പതിവായിരുന്നു. ഇത്തരം ഒരു സമാധാന ശ്രമത്തിന്റെ സമ്മാനം മുഖത്ത് ചുവന്നു കിടന്നത് കണ്ടു അമ്മ പുളിവടി എടുത്തു ഒരിക്കല്‍ ശരിക്കൊന്നു പെരുമാറിയതിന് ശേഷം കുറെ നാള്‍ എല്ലാം നിര്‍ത്തി വെച്ചെങ്കിലും ജാതകത്തില്‍ കേതു കൊടി കുത്തി നിന്ന ഒരു ജൂണ്‍ മാസത്തില്‍ വീണ്ടും ഒരു ഒത്തു തീര്‍പ്പിലേക്ക് ഞാന്‍ എടുത്തു ചാടി. ഇടവപ്പാതി തകര്‍ത്തു പെയ്ത ഒരു വൈകുന്നേരത്തിലെ സ്‌കൂൾ നഴ്സറി കെട്ടിടത്തിന്റെ വരാന്തയായിരുന്നു രംഗം. സ്കൂള്‍ തുറന്നപ്പോ തനിക്കു പുതിയതായി വാങ്ങി തന്ന മള്‍ട്ടി കളര്‍ കുട അജീഷ് എടുത്തു മഴ വെള്ളത്തില്‍ ഇട്ടു എന്നാരോപിച്ച് കൊണ്ട് സന്ദീപാണ് അടിക്കു തുടക്കമിട്ടത്. തല്ലാനും അതിലേറെ തല്ലു കൊള്ളാനും മിടുക്കനായ അജീഷ് ആ വെല്‍ക്കം കാള്‍ രണ്ടു കയ്യും സന്ദീപിന്റെ കഴുത്തിന്‌ കുത്തി പിടിച്ചു സ്വീകരിച്ചതോടെ പൊരിഞ്ഞ തല്ലായി. എല്‍ കെ ജിയിലെ കുറെ കുഞ്ഞു കുട്ടികള്‍ അല്ലാതെ രംഗത്തിനു സാക്ഷിയായി ആകെ ഉള്ളത് ഞാനും രജത്തും മാത്രം. അടി ഉണ്ടാക്കുന്ന രണ്ടു പേരും എന്റെ ഉറ്റ ചങ്ങാതിമാരായത് കൊണ്ടും അടിയുടെ സ്കെയില്‍ ഇങ്ങനെ പോയാല്‍ രണ്ടിലൊരാളെ മിസ്സ്‌ ആവും എന്ന് തോന്നിയത് കൊണ്ടും ഇടപെടാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു. ചാടി നടുവില്‍ വീണു രണ്ടാളെയും പിടിച്ചു മാറ്റാനുള്ള ശ്രമത്തിനിടയില്‍ ഒന്ന് രണ്ടു ഇടിയും ചവിട്ടും കാര്യമായി കിട്ടിയതോടെ രജത് മെല്ലെ പിന്മാറിയെങ്കിലും ഞാന്‍ ശ്രമം തുടര്‍ന്നു. കണ്ടകശ്ശനി കൊണ്ടല്ലേ പോവൂ ! ഒടുവില്‍ സര്‍വ്വശക്തിയും എടുത്തു രണ്ടാളെയും തള്ളി അകറ്റി ...ദേ കിടക്കുന്നു സന്ദീപ്‌ പുറത്തെ ചെളി വെള്ളത്തില്‍. എന്റെ സമയ ദോഷം കൊണ്ടോ, ലവന്റെ നല്ല സമയം കൊണ്ടോ എന്തോ ദിവാകരൻ സാറിന്റെ എന്‍ട്രി കൃത്യം ആ ടൈമില്‍ തന്നെ ആയിരുന്നു. നൊടിയിടയില്‍, അടി തുടങ്ങിയ സന്ദീപ്‌ നിസ്സഹായനും, നിരപരാധിയുമായി! അടി തടയാന്‍ ചെന്ന ഞാന്‍ അജീഷിനോപ്പം ചേര്‍ന്ന് ചങ്ങാതിയെ ചെളി വെള്ളത്തില്‍ തള്ളിയിട്ട ക്രൂരനായ വില്ലനായി ഉയർത്തപ്പെട്ടു. അല്ലെങ്കിലും വില്ലന്‍ പറയുന്ന റീസണ്‍ വിശ്വസിക്കുന്ന പതിവ് പണ്ടേ നമ്മുടെ നാട്ടുകാർക്കില്ലല്ലോ ഇല്ലല്ലോ. ...പ്രെജുഡിസ്ഡ് ഫെല്ലോസ് ! ചുറ്റും നിറയെ ആള്‍ക്കൂട്ടം. കൊലപാതകം ചെയ്ത വില്ലനെ പോലെ എല്ലാവരും എന്നെ നോക്കുന്നു. നിരപരാധിത്വം കരഞ്ഞു പറഞ്ഞിട്ടും വിശ്വസിക്കാന്‍ മാഷ്‌ കൂട്ടാക്കിയില്ല. എല്ലാവരെയും സാക്ഷിയാക്കി ദിവാകരൻ സാറിന്റെ മൂന്നരയിഞ്ചു ചൂരല്‍ വടി മൂന്നു വട്ടം ഉയര്‍ന്നു താഴ്ന്നു. ഇടത്തെ തുടയില്‍ മൂന്നു പാടും അതിന്റെ നീറ്റലും ബാക്കിയായി. സന്ദീപിനെ പിടിച്ചെഴുനേൽപ്പിച്ചു ഷര്‍ട്ട്‌ ഊരി പിഴിയുന്ന സരസ്വതി ചേച്ചിയെയും അവനെ ആശ്വസിപ്പിക്കുന്ന മാഷിനെയും എല്ലാത്തിനും മൂകസാക്ഷിയായ മഴയെയും ഒക്കെ ഒന്ന് കൂടെ നോക്കിയപ്പോഴേക്കും കണ്ണില്‍ നനവ്‌ പടര്‍ന്നു കാഴ്ച മറച്ചിരുന്നു. തുടയിലെ നീറ്റലിനേക്കാള്‍ വേദനിച്ചത്‌ ചെയ്യാത്ത തെറ്റിനുള്ള ശിക്ഷയായിരുന്നു. പിന്നീട് വളര്‍ന്ന ശേഷവും പലപ്പോഴും വഴക്ക് നടക്കുന്നത് വെറുതെ നോക്കി നിന്നിട്ടുണ്ട്. അപ്പോഴൊക്കെ ഓര്‍മ്മയില്‍ വന്നത് മഴ തകര്‍ത്തു പെയ്ത ഒരു ജൂണിലെ ആ നഴ്സറി വരാന്തയായിരുന്നു. ഗുണപാഠം: രണ്ടു പേര്‍ തമ്മില്‍ വഴക്കിടുമ്പോള്‍ നമ്മള്‍ എന്ത് ചെയ്യണം ? - കൈയും കെട്ടി നോക്കി നില്‍ക്കണം.  

തെങ്ങും വിളയിൽ മത്തായി

രാമപുരത്തിന്റെ വടക്കേ അതിരിൽ പുഞ്ചപ്പാടങ്ങളും , തെങ്ങിൻ തോപ്പുകളും അഴക് ചാർത്തുന്ന ഏവൂർ എന്ന കൊച്ചു ഗ്രാമം. അവിടെ സാമാന്യം തെറ്റില്ലാത്ത പി...