Tuesday, October 20, 2009

കൈ വിട്ട കൊന്നപ്പത്തല്‍

ടക്കേലെ സുമതിയമ്മയും എന്‍റെ അമ്മാമ്മയും തമ്മില്‍ എന്തൊരു സ്നേഹാരുന്നു. വെള്ളിയാഴ്ച അമ്പലത്തില്‍ പോവുമ്പോഴും, ഞായറാഴ്ച ദൂരദര്‍ശനില്‍ സിനിമ കാണാന്‍ ഇരിക്കുമ്പോഴും ഒക്കെ ഉള്ള രണ്ടാളടേം സ്നേഹം കണ്ടാല്‍, ചേട്ടത്തിയും അനിയത്തിയും ആണെന്നെ ആരും പറയു. എന്‍റെ അപ്പൂപ്പനും സുമതിയമ്മേടെ ഭര്‍ത്താവു തങ്കപ്പേട്ടനും തോളില്‍ കയ്യിട്ടു ഷോലയിലെ ധര്‍മ്മേന്ദ്രയും അമിതാബ് ബച്ചനും പോലെ, നടന്നിരുന്നത് ഇന്നലെ കഴിഞ്ഞ പോലെ ഓര്‍ക്കുന്നു . പക്ഷെ ഇപ്പൊ കുറെ ഏറെ വര്‍ഷങ്ങളായി ഇവരൊക്കെ തമ്മില്‍ കണ്ടാല്‍ കീരിയും പാമ്പുമാ.. ഇതിനൊക്കെ കാരണം ഒരു കുഞ്ഞു സംഭവം ആണെന്നെ.. അത്ര കാര്യായി ഒന്നും ഇല്യ..

ചുറ്റുവട്ടത്തുള്ള ഉള്ള മറ്റു വീടുകളില്‍ നിന്ന് ഞങ്ങളുടെ തറവാടിനെ വിത്യസ്തമാക്കിയിരുന്ന ഒരു കാര്യം തൊടിയില്‍ നിറയെ ഉണ്ടായിരുന്ന മാവുകള്‍ ആയിരുന്നു . എല്ലാവരും പറമ്പില്‍ തെങ്ങും, വാഴയും , കപ്പയും ഒക്കെ നട്ടു വളര്‍ത്തിയപ്പോള്‍ എന്‍റെ അമ്മാമ്മേടെ ഹോബി മാവ് വളര്‍ത്തല്‍ ആയിരുന്നു. അങ്ങനെ മൂവാണ്ടനും, വെള്ളരിയും, കിളിച്ചുന്ടനും , കസ്തൂരിയും ഒക്കെ പല നാട്ടില്‍ നിന്നായി ഞങ്ങളുടെ തൊടിയില്‍ ചേക്കേറി മത്സരിച്ചു വളര്‍ന്നു. എവിടെ തിരിഞ്ഞാലും നിറയെ മാവുകള്‍ ഉള്ളത് കൊണ്ടാവും, മാവേല്‍ എറിയാനുള്ള വാസന എനിക്കും ചേട്ടനും കുട്ടിക്കാലം മുതലേ ഉണ്ടായത്.


മാമ്പഴക്കാലം ആയാല്‍ എല്ലാ മാവിലും നിറയെ മാങ്ങയുണ്ടാവും...അപ്പൊ മാന്ചോട്ടില്‍ ചെന്ന് കൊഴി എടുത്തു കണ്ണും പൂട്ടി മേലേക്ക് ചുമ്മാ ഒന്ന് എറിഞ്ഞാല്‍ മതി ഒരു മാങ്ങയെന്കിലും വീഴും. തനി നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ 'പൊട്ടക്കണ്ണന്ടെ മാവിലേറ്'.
പക്ഷെ അങ്ങനെ പോലും ഒരു മാങ്ങ എറിഞ്ഞു വീഴ്ത്താന്‍ കഴിവില്ലാത്ത ഒരുപാട് പേര്‍ ഉണ്ടായിരുന്നത് കൊണ്ട് ഞാനും ഏട്ടനും മാവില്‍ ഏറിന്റെ കാര്യത്തില്‍ ആ ചുറ്റ്‌ വെട്ടത്തെ രണ്ടു കുഞ്ഞു സൂപ്പര്‍ സ്റ്റാറുകള്‍ ആയിരുന്നുട്ടോ . ഇവന്മാരെ രണ്ടിനേം പഠിക്കാന്‍ വിട്ടു സമയം കളയാതെ ക്രിക്കറ്റ്‌ കളിയ്ക്കാന്‍ വിട്ടാല്‍ 'ചിലപ്പോ' രക്ഷപെട്ടേനെ എന്ന് അപ്പൂപ്പന്‍ ഇടയ്ക്കിടെ പറയാറുണ്ട്‌ . പക്ഷെ കുനുകുനെ മാങ്ങയുള്ള നാട്ടുമാവില്‍ എറിയുന്നത് പോലെ എളുപ്പമല്ല ആകെ ഉള്ള മൂന്നു സ്റ്റമ്പ് ഉന്നം വച്ച് പന്തെറിയുന്നത് എന്ന് പാവത്തിന് അറിയില്ലല്ലോ..മണ്ടന്‍ അപ്പൂപ്പന്‍.

അങ്ങനെ ഇരിക്കെയാണ് അടൂരുള്ള ചെറിയമ്മയും അവരുടെ മൂത്ത മോന്‍ ആരോമലും രണ്ടു ദിവസത്തേക്ക് തറവാട്ടില്‍ എത്തിയത്. എന്നെക്കാള്‍ രണ്ടു വയസിനു ഇളയ ആരോമലിനെ ഞങ്ങള്‍ അന്ന് തന്നെ കുട്ടിപട്ടാളത്തില്‍ വിംഗ് കമാന്‍ഡര്‍ ആയി ചേര്‍ത്തു മുഖ്യ കായിക ഇനമായ മിഷന്‍ മാവിലേറിനായി നിയോഗിച്ചു . അടൂരില്‍ കൂടുതലും ഉള്ളത് റബ്ബര്‍ മരങ്ങള്‍ ആയതിനാലും റബ്ബറിന്റെ മണ്ടയ്ക്ക് എറിഞ്ഞു വീഴ്ത്താന്‍ പാകത്തിന് ഒന്നും ഇല്ലാത്തതിനാലും ഈ കലാപരിപാടി അത്ര വശമില്ലാത്തതിനാല്‍ ... തുരു തുരാ മാങ്ങ എറിഞ്ഞു വീഴ്ത്തുന്ന എന്നെയും ഏട്ടനേയും കണ്ടു ആരോമലിനു അത്ഭുതവും പിന്നെ അത് വളര്‍ന്നു ആരാധനയും ആയി മാറി. ഒടുവില്‍ മടിച്ചു മടിച്ചു അവന്‍ തന്റെ ആവശ്യം ഉന്നയിച്ചു ...
"മാങ്ങ എറിയാന്‍ പഠിപ്പിക്കണം".
ആദ്യം കുറെ ജാഡ ഒക്കെ കാണിച്ചെങ്കിലും ഒടുക്കം നാല് സൂപ്പര്‍മാന്‍ നയിം സ്ലിപ്പും, ഒരു പാക്കറ്റ് ബൂമര്‍ ബബിള്‍ ഗവും ദക്ഷിണയായി സ്വീകരിച്ചു ഞാന്‍ അവനെ എന്‍റെ ശിഷ്യനാക്കി.

ഇനി പഠനം തുടങ്ങാന്‍ പറ്റിയ മാവ് കണ്ടെത്തണം. തൊടിയില്‍ നിറയെ മാവ് ഉണ്ടെങ്കിലും, ഉയരം കുറഞ്ഞത് ആയതിനാലും , നിറയെ മാങ്ങ ഉള്ളതിനാലും, സര്‍വോപരി ആ സമയത്ത് എനിക്ക് ശനിയില്‍ കേതു കൊടി കുത്തി നിന്ന സമയം ആയതിനാലും വടക്കേ പറമ്പിലെ വെള്ളരി മാവ് തന്നെ ഒടുവില്‍ തിരഞ്ഞെടുത്തു. വിനാശകാലെ വിപരീത ബുദ്ധി..അല്ലാണ്ടെ എന്താ പറയ്യാ..

അങ്ങനെ കുട്ടിപട്ടാളം വടക്കേ പറമ്പിലെത്തി. മാവില്‍ ഏറിന്ടെ ശാസ്ത്രീയ വശങ്ങളെ പറ്റിയും, എറിയാന്‍ ഉപയോഗിക്കുന്ന ശീമകൊന്ന പത്തലെന്ന ആയുധം ഉപയോഗിക്കുന്ന രീതികളെ പറ്റിയും അരമണിക്കൂര്‍ നീണ്ട തിയറി ക്ലാസ്സിനു ശേഷം ഞങ്ങള്‍ പ്രക്ടിക്കലിലേക്ക് കടന്നു.
ആരോമലിന്റെ കയ്യില്‍ ഞാന്‍ ശീമ പത്തല്‍ കൊടുത്തു. കാവിലമ്മയെ മനസ്സില്‍ ധ്യാനിച്ച്, കൊഴി തൊട്ടു തൊഴുതു രണ്ടു കൈകൊണ്ടും അത് വാങ്ങി അവന്‍ മാവില്‍ ഉന്നം പിടിച്ചു നിന്നു.
"അനിയാ ...നീ ഇപ്പൊ എന്തൊക്കെ കാണുന്നുണ്ട്...?"
"ആ മൂന്നു മാങ്ങ നില്‍ക്കുന്ന കുലയുടെ ഞെടുപ്പു മാത്രം.."
ഞാന്‍ ദ്രോണാചാര്യര്‍ കളിക്കുകയാണ് എന്ന് മനസിലാക്കിയിട്ടു എന്നപോലെ അവന്റെ ഉത്തരം...ഞാന്‍ ഹാപ്പി ആയി
"ഗുഡ്, എങ്കില്‍ ഷൂട്ട്‌...."
ആരോമലിന്റെ കയ്യില്‍ നിന്നും കൊഴി ചീറി പാഞ്ഞു.. ( DTSഇല്‍ കൊഴി ചീറി പായുന്ന ശബ്ദം )
എല്ലാവരും കണ്ണ് ചിമ്മി നോക്കി ..
മാവിനോ, മാങ്ങയ്ക്കോ യാതൊരു കുഴപ്പവുമില്ല...
അല്ലെങ്കിലും നൂറു മീറ്റര്‍ അകലെ കൂടെ ഒരു കമ്പ്‌ പോയാല്‍ എന്ത് കുഴപ്പം ഉണ്ടാവാന്‍ ..
ഇറ്റ്സ്‌ ഒക്കെ..ബെറ്റര്‍ ലക്ക് നെക്സ്റ്റ് ടൈം..
നിരാശയോടെ നില്‍ക്കുന്ന ആരോമലിനെ ഞാന്‍ തോളില്‍ തട്ടി ആശ്വസിപ്പിക്കുംപോഴാണ് വേലിക്കപ്പുറത്ത്‌ നിന്ന് സുമതിയമ്മയുടെ വലിയ വായിലെ ഉള്ള നിലവിളി...
ഒരു നിമിഷം പകച്ചു നിന്നെങ്കിലും, സംഭവം ഏതാണ്ടൊക്കെ മനസിലാക്കിയതോടെ ഞങ്ങള്‍ നാല് പാടും ഓടി. അഞ്ചു മിനിറ്റ് കഴിഞ്ഞില്ല...ചോരയൊലിപ്പിക്കുന്ന തലയില്‍ തോര്‍ത്തും പൊത്തിപിടിച്ച്‌ സുമതിയമ്മയും , അവരെ കൈ പിടിച്ചു നടത്തിക്കൊണ്ട് തങ്കപ്പേട്ടനും മുറ്റത്ത്‌ ഹാജര്‍....
അവരെ കുറ്റം പറയാന്‍ ഒക്കില്ല..ആകയുള്ള ഇത്തിരി മുറ്റത്ത്‌ ഇട്ടല്ലെന്കില്‍ പിന്നെ എവിടെ ഇട്ടാ മുളക് ഉണക്കുക..
പക്ഷെ കൊഴി പാഞ്ഞു വന്നപ്പോ തല മാറ്റി പിടിക്കാത്തത് ആരുടെ കുറ്റം. കുറഞ്ഞത് മുറ്റത്ത്‌ മുളക് ചിക്കാന്‍ ഇറങ്ങുമ്പോള്‍ ഒരു ഹെല്‍മെറ്റ്‌ എങ്കിലും വെക്കാത്തത് അശ്രദ്ധ അല്ലെ ?
എന്തായാലും പിന്നവിടെ നടന്നത് പുറത്തു പറയാന്‍ കൊള്ളില്ല. അന്ന് വരെ കേള്‍ക്കാത്ത പല വാക്കുകളും തങ്കപ്പേട്ടനില്‍ നിന്ന് അന്ന് ഞാന്‍ പഠിച്ചു.
ശ്ശൊ അറിവിന്റെ ഒരു കലവറ തന്നെ തങ്കപ്പേട്ടന്‍...
പക്ഷെ അന്ന് ഇറങ്ങി പോയ ആ കലവറയും ഭാര്യയും പിന്നെ ഇന്നു വരെ തിരികെ ഞങ്ങടെ മുറ്റത്ത്‌ കാലു കുത്തിയിട്ടില്ല.
ഈ സംഭവത്തിന്റെ പേരില്‍ കാര്യമായി വഴക്കോ അടിയോ ഒന്നും കിട്ടിയില്ലെങ്കിലും അതിനു ശേഷം മാവില്‍ ഏറ് എന്ന നാടന്‍ കലാപരിപാടിക്ക് വീട്ടില്‍ നിന്ന് കിട്ടിയിരുന്ന പിന്തുണ അപ്പൂപന്‍ ഏകപക്ഷീയമായി പിന്‍വലിച്ചു.
അറിവുകള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കണം എന്ന വല്യ ആശയം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചത് ഒരു കുറ്റമാണോ? അതങ്ങനാ..അല്ലേലും ഒരു നല്ല കാര്യം ചെയ്താ ..അവസാനം ഇങ്ങനെ ഒക്കയെ വരൂ.. നമ്മളെന്തു തെറ്റു ചെയ്തിട്ടാ അല്ലെ ?

Thursday, October 8, 2009

കര്‍ത്താവിന്റെ പേരില്‍ ഒരു കുരിശ്

ല്ലാവരും ഒരുപാട് കണ്ടു പരിചയിച്ച ഒരു തരം മെയില്‍ ഉണ്ട്. തലക്കെട്ട്‌ ഇങ്ങനെ ആവും..
ഒടുക്കത്തെ അത്ഭുതം - ഒന്ന് കണ്ടു നോക്കൂ !!
ആകാംക്ഷ അടക്കാനാവാതെ അത് തുറന്നു നോക്കിയാല്‍...ദെ കിട്ടി നല്ല ഒന്നാംതരം പാര . ആദ്യമേ തന്നെ ഗണേശ ഭാഗവാന്ടെയൊ , ശ്രീരാമ ചന്ദ്രന്റെയോ , വിശുദ്ധ കന്യാമറിയത്തിന്ടെയൊ ഒക്കെ വാള്‍പേപ്പര്‍ സൈസ് ഒരു ചിത്രം. താഴെ ഒരു വമ്പന്‍ അടിക്കുറുപ്പും.

' നിങ്ങളിപ്പോ കണ്ടത് ഒരു സാധാരണ പടം അല്ല. ഇത് കണ്ടപ്പോ പാപ്പനം കോട്ടെ പത്രോസ് ചേട്ടന്‍ പത്തു പേര്‍ക്ക് അയച്ചു കൊടുത്തു. പുള്ളിടെ പശു പിറ്റേ ദിവസം പത്തു പെറ്റു. പാലക്കാട്ടെ പോന്നമ്മിണി പടം കണ്ടപ്പോ പൊട്ടിച്ചിരിച്ചു. പതിനൊന്നിന്ടെ അന്ന് പാവത്തിനെ പാമ്പ് കടിച്ചു. അത് കൊണ്ട് വേഗം ഇത് പറ്റുന്നത്രയും പേര്‍ക്ക് അയച്ചു കൊടുക്കുക . പത്തു പേര്‍ക്ക് അയച്ചു കൊടുത്താല്‍ പത്ത് കിലോ അനുഗ്രഹം പാര്‍സലായി കിട്ടും. അയച്ചു കൊടുക്കാതെ ഡിലീറ്റ് ചെയ്‌താല്‍ പണി കിട്ടും..പണ്ടാരടങ്ങും....പത്തു തരം'

ഇങ്ങനെ ഒക്കെ ആവും ഉള്ളടക്കം. അത് കാണുന്നതോടെ മെയില്‍ തുറന്ന ആളുടെ മുഖത്തെ പുഞ്ചിരി ഇഞ്ചി തിന്ന കുരങ്ങിന്റെ പോലെ ആവും. ഈ പറഞ്ഞതൊക്കെ സത്യമാണോ എന്ന് വിളിച്ചു ചോദിയ്ക്കാന്‍ പത്രോസ് ചെട്ടന്ടെയൊ പൊന്നമ്മിണിയുടെയൊ ഫോണ്‍ നമ്പറും ഇമെയില്‍ ഐഡിയും ഒന്നും ഫോര്‍വേഡ് മെയിലില്‍ ഉണ്ടാവില്ലല്ലോ. എന്തായാലും റിസ്ക്‌ എടുക്കണ്ട എന്ന് കരുതി ഗ്രൂപ്പ്‌ മെയില്‍ ഓപ്ഷന്‍ വഴി തന്‍റെ എല്ലാ കൂട്ടുകാര്‍ക്കും ഈ പാര അങ്ങ് ഫോര്‍വേഡ് ചെയ്യും. ചിലരൊക്കെ അടുത്ത ദിവസം അനുഗ്രഹം കൊറിയറില്‍ വരുന്നത് കാത്തു ഇരിക്കാറും ഉണ്ടത്രേ.

ലക്ഷക്കണക്കിന്‌ മെയിലുകള്‍ ഇങ്ങനെ കറങ്ങി നടക്കുന്നുണ്ട് നമ്മുടെ ഒക്കെ മെയില്‍ ബോക്സുകളിലൂടെ. നിങ്ങളില്‍ മിക്കവര്‍ക്കും ഇതു കിട്ടിയിട്ടുണ്ടാവും.കുറെ പേരെങ്കിലും ഇത് ഫോര്‍വേഡ് ചെയ്തു കൊടുത്തിട്ടും ഉണ്ടാവും.
എനിക്കറിയാന്‍ പാടില്ലാഞ്ഞിട്ടു ചോദിക്കുവാ..
ഇത് ഫോര്‍വേഡ് ചെയ്യാന്‍ മെനക്കെടുന്നവര്‍ക്ക് ഒക്കെ എന്തിന്‍റെ കേടാ?
ഇത് ഫോര്‍വേഡ് ചെയ്തു കൂട്ടുകാരന് അയക്കുമ്പോള്‍ അവന്‍ ഇത് തുറന്നു നോക്കി സന്തോഷിക്കും എന്ന് കരുതുന്നുണ്ടോ ?
'ശ്ശൊ, ലവന്‍ പണി തന്നല്ലോ...' എന്ന് തന്നെ ആവും മിക്കവരും ചിന്തിച്ചിട്ടുണ്ടാവുക. പിന്നെ പാമ്പ് കടിക്കും, ലോറി ഇടിക്കും എന്നൊക്കെ പേടിച്ചു തനിക്കു വന്ന പാര ബാക്കി ഉള്ളവര്‍ക്ക് കൂടെ പാസ്സ്‌ ചെയ്യും.

ശരിക്കും ഇങ്ങനെ ആളുകളെ പേടിപ്പിച്ചും ടെന്‍ഷന്‍ അടിപ്പിച്ചും സ്വന്തം പ്രശസ്തി വര്‍ധിപ്പിക്കേണ്ട ഗതികേട് ഉണ്ണിയേശുവിനും കൊട്ടാരക്കര ഗണപതിക്കും ഒക്കെ ഉണ്ടോ ?

ദിവസവും ഇത്തരം നാലഞ്ചു മെയില്‍ എങ്കിലും കിട്ടാറുണ്ട്‌. ആദ്യമൊക്കെ ഇത്തരം മെയില്‍ അയക്കുന്നവര്‍ക്ക് ' കൂട്ടുകാരാ എനിക്കിത്തിരി അനുഗ്രഹം കുറച്ചു മതി, താന്‍ ആദ്യം നന്നാവൂ..' എന്നൊക്കെ പറഞ്ഞു മറുപടി അയക്കുമായിരുന്നു. പിന്നെ മനസ്സിലായി അത് കടലില്‍ കായം കലക്കുന്നത് പോലെ ആണെന്ന് , അതോടെ മറുപടി അയയ്ക്കുന്ന പരിപാടി നിര്‍ത്തി . ഇത്തരം മെയില്‍ സ്ഥിരമായി ഫോര്‍വേഡ് ചെയ്യുന്ന ഒരു ഇന്റര്‍നെറ്റ്‌ സുഹൃത്ത്‌ എനിക്കുന്ടായിരുന്നു. നാലഞ്ചു മെയില്‍ എങ്കിലും സ്ഥിരം ഫോര്‍വേഡ് ചെയ്യും. ഇതില്‍ നിന്ന് കിട്ടുന്ന അനുഗ്രഹം കഞ്ഞിയുടെ കൂടെ കറി വച്ച് കഴിച്ചാണോ അവന്‍ ജീവിക്കുന്നത് എന്ന് വരെ തോന്നിയിട്ടുണ്ട്. അവസാനം അവനെ സ്പാം ഫില്‍റ്ററില്‍ ഇട്ടതോടെ സമാധാനം. പക്ഷെ എത്ര പേരെ ഇങ്ങനെ സ്പാം ഫില്‍റ്ററില്‍ ഇടാന്‍ പറ്റും?

പ്രിയപ്പെട്ട കൂട്ടുകാരെ, നിങ്ങള്‍ ഇങ്ങനെ വരുന്ന വ്യാജ മെയിലുകള്‍ ഫോര്‍വേഡ് ചെയ്യുന്ന കൂട്ടത്തില്‍ ആണെങ്കില്‍, 'എന്റെ അഭിപ്രായത്തില്‍' നിങ്ങള്‍ കാണിക്കുന്നത്, ശുദ്ധ മണ്ടത്തരം തന്നെ ആണ്. നിങ്ങളുടെ ഈശ്വര വിശ്വാസത്തെയും, ഭയത്തെയും, ആകാംക്ഷയെയും ഒക്കെ മുതലെടുക്കുക മാത്രമാണ് ഇത്തരം മെയിലുകള്‍ പടച്ചു വിടുന്നവരുടെ ഉദേശം.

മെയില്‍ ഫോര്‍വേഡ് ചെയ്യാത്തതിന്റെ പേരില്‍ പിണങ്ങാനും മാത്രം സില്ലി ആണ് അയ്യപ്പനും, കന്യാമറിയവും എന്നൊക്കെ വിശ്വസിക്കുന്നത് തന്നെ അവരോടൊക്കെ ഉള്ള അനാദരവ് അല്ലെ? .

വിശ്വാസം തീര്‍ച്ചയായും മനുഷ്യനെ നേര്‍വഴി നടക്കുവാന്‍ സഹായിക്കും. ഞാനും ഗുരുവായൂരപ്പന്റെയും , അയ്യപ്പ സ്വാമിയുടെയും ഒക്കെ ഒരു സിന്‍സിയര്‍ ഫാന്‍ ആണ്. പക്ഷെ ദയവു ചെയ്തു ഇത്തരം വ്യാജ മെയിലുകള്‍ പടര്‍ത്തുന്ന അന്ധ വിശ്വാസത്തെ പ്രോത്സാഹിപ്പിക്കാതെ ഇരിക്കു. കഴിയുമെങ്കില്‍ അതിനെതിരെ പ്രതികരിക്കൂ .
--
ഇനി ഇങ്ങനെ ഒക്കെ എഴുതി എന്ന് കരുതി ആര്‍ക്കെങ്കിലും ദേഷ്യം വന്നു എനിക്കൊരു കൊട്ടേഷന്‍ തരണം എന്ന് തോന്നുന്നു എങ്കില്‍ അതും ആവാം. പക്ഷെ ദയവു ചെയ്തു അനുഗ്രഹം' മാത്രം ഫോര്‍വേഡ് ചെയ്യല്ലേ.. പ്ലീസ്..
സസ്നേഹം,
കണ്ണനുണ്ണി
(ഒപ്പ് )

തെങ്ങും വിളയിൽ മത്തായി

രാമപുരത്തിന്റെ വടക്കേ അതിരിൽ പുഞ്ചപ്പാടങ്ങളും , തെങ്ങിൻ തോപ്പുകളും അഴക് ചാർത്തുന്ന ഏവൂർ എന്ന കൊച്ചു ഗ്രാമം. അവിടെ സാമാന്യം തെറ്റില്ലാത്ത പി...