കഴിഞ്ഞ ഒരു ദശകത്തില്‍ വൈദ്യ ശാസ്ത്രം നടത്തിയ കുതിച്ചു ചാട്ടത്തിലെ ഏറ്റവും പ്രധാനപെട്ട നാഴികക്കല്ല് എന്ന് ഒരുപക്ഷെ വിശേഷിപ്പിക്കാവുന്നതാണ് 'സ്റ്റെം സെല്‍ ചികിത്സ'. വര്‍ഷങ്ങളായി വിവിധ തരം പരീക്ഷണ നിരീക്ഷണങ്ങളിലൂടെയും അവയുടെ വിജയങ്ങളിലൂടെയും ശൈശവ ദിശ പിന്നിട്ട ഈ ചികിത്സാ രീതി ഇപ്പോള്‍ ഇന്ത്യയില്‍ പരീക്ഷണ ഘട്ടം പിന്നിട്ടു വാണിജ്യ അടിസ്ഥാനതിലേക്ക് കടക്കുന്നു. കടുത്ത ഹൃദ്രോഗം , ക്യാന്‍സര്‍, കരള്‍ രോഗങ്ങള്‍, ബ്രെയിന്‍ ട്യൂമര്‍, നേത്ര സംബന്ധമായ രോഗങ്ങള്‍, നാഡീ സംബന്ധമായ തകരാറുകള്‍ തുടങ്ങി ഒരുപാട് ചെറുതും , വലുതുമായ രോഗങ്ങള്‍ സ്റ്റെം സെല്‍ ചികിത്സയിലൂടെ മാറ്റിയെടുക്കാം എന്ന് കണ്ടെത്തിയിട്ടുണ്ട്. പക്ഷെ സമൂഹത്തിലെ വലിയൊരു ശതമാനം ജനങ്ങളും ഈ അത്ഭുത ചികിത്സാ രീതിയെ പറ്റി ഇനിയും അറിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. ഈ അവസരത്തില്‍ ഈ രീതിയെ പറ്റിയുള്ള ഒരു ചെറിയ പരിചയപ്പെടുത്തല്‍ അവസരോചിതമാവും എന്ന് പ്രതീക്ഷിക്കുന്നു.
സ്റ്റെം സെല്‍ , അഥവാ ' മൂല കോശം ' എന്നത് നമ്മുടെ ശരീരത്തിലെ എല്ലാ അവയവങ്ങളുടെയും അടിസ്ഥാനമാണ്.സ്റ്റെം സെല്ലുകളുടെ പ്രവര്‍ത്തന ഫലമായാണ് വിത്യസ്ത കോശങ്ങളും, കലകളും, അതില്‍ നിന്ന് പിന്നീട് അവയവങ്ങളും ഒക്കെ രൂപപ്പെടുന്നത് പൂര്‍ണ്ണ വളര്‍ച്ച എത്തി കഴിഞ്ഞ ഒരു മനുഷ്യ ശരീരത്തില്‍,സ്റ്റെം സെല്ലുകള്‍ മജ്ജയിലും,കണ്ണിലും, ചര്മ്മതിനടിയിലും, മറ്റു പല ഭാഗങ്ങളിലുമായി നിദ്രാവസ്ഥയില്‍ കിടക്കുന്നു. ശരീരത്തില്‍ എവിടെ എങ്കിലും കേടു പാടുകള്‍ സംഭവിക്കുമ്പോള്‍ നിദ്ര വിട്ടു ഉണരുന്ന ഈ സ്റ്റെം സെല്ലുകളുടെ പ്രവര്‍ത്തന ഫലമായാണ് പുതിയ കലകള്‍ ഉണ്ടാകുന്നതും കേടായ ഭാഗം വീണ്ടും ശരിയായി രൂപാന്തരം പ്രാപിക്കുന്നതും. ഒരര്‍ത്ഥത്തില്‍ ശരീരത്തിലെ ഒരു മെക്കാനിക് എന്ന് പറയാം. കാലങ്ങളോളം വിഭജനം നടക്കാതെ മയങ്ങി കിടക്കുവാനും, പിന്നീട് ആവശ്യമായ സന്ദേശങ്ങള്‍ ലഭിക്കുമ്പോള്‍ അതിവേഗം വിഭജിച്ചു കൂടിച്ചേര്‍ന്നു, കേടായ ഭാഗം നന്നാക്കുവാനും ഉള്ള സ്റ്റെം സെല്ലുകളുടെ ഈ കഴിവിനെ ആധാരമാക്കി ആണ് സ്റ്റെം സെല്‍ ചികിത്സാ രീതി.
ഇനി എന്താണ് സ്റ്റെം സെല്‍ ചികിത്സ എന്ന് നോക്കാം. ഉദാഹരണമായി ഹൃദ്രോഗം തന്നെ എടുക്കാം. കടുത്ത ഒരു അറ്റാക്ക് ഉണ്ടാകുമ്പോള്‍ വളരെയധികം കോശങ്ങളും കലകളും നശിക്കുന്നു. ഇത് ഹൃദയത്തിന്റെയും മറ്റു അവയവങ്ങളുടെയും പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചേക്കാം. ഈ അവസരത്തില്‍ ചെറിയ ഒരളവില്‍ സ്റ്റെം സെല്ലുകള്‍ കേടു വന്ന ഭാഗത്തേക്ക് ഇന്‍ജെക്റ്റ് ചെയ്യുന്നു. തുടര്‍ന്ന് ശരീരം അവയെ തിരസ്കരിക്കാതെ അവയ്ക്ക് കാര്യക്ഷമമായി പ്രവര്‍ത്തിക്കുവാനുള്ള സാഹചര്യങ്ങളും ഒരുക്കി കൊടുക്കുന്നു. ഏതാനം ആഴ്ചകള്‍ക്കുള്ളില്‍ ഈ സ്റ്റെം സെല്ലുകള്‍ വിഭജിച്ചു കേടു വന്ന ഭാഗത്തെ പൂര്‍ണ്ണമായും പുതുക്കി പ്രവര്‍ത്തന ക്ഷമമാക്കുന്നു . ചികിത്സയ്ക്ക് ആവശ്യമായ സ്റ്റെം സെല്ലുകള്‍ ശേഖരിക്കുന്നത് മജ്ജയില്‍ നിന്നോ, കണ്ണില്‍ നിന്നോ, പ്രസവ വേളയില്‍ എടുക്കുന്ന പൊക്കിള്‍ കോടി കോശങ്ങളില്‍ നിന്നോ ആവാം. വളരെ സങ്കീര്‍ണ്ണമായ പ്രക്രിയ ആണ് ഇത് എങ്കിലും വിജയകരമായി ഇതു പരീക്ഷിക്കുന്നതില്‍ വൈദ്യ ശാസ്ത്രം ഇന്ന് വളരെയേറെ മുന്‍പോട്ടു പോയിട്ടുണ്ട്.
സ്റ്റെം സെല്‍ ചികിത്സയ്ക്ക് ആധാരമായ മൂല കോശങ്ങള്‍ എവിടെ നിന്ന് ശേഖരിക്കുന്നു എന്ന് നോക്കാം. സ്റ്റെം സെല്‍ ചികിത്സയില്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് എമ്ബ്രിയോനിക് സ്റ്റെം സെല്ലുകള്‍ അഥവാ 'ഭ്രൂണ മൂല കോശങ്ങള്‍'. കൃത്രിമ ബീജ സങ്കലനത്തിലൂടെ ഉണ്ടാവുന്ന ഭ്രൂണത്തില്‍ നിന്നാണ് ഇവ ശേഖരിക്കപെടുന്നത്. എന്നാല്‍ 'ഒരു ജീവനെ നഷ്ടപെടുത്തി മറ്റൊന്ന് രക്ഷിക്കുന്നതിലെ ധാര്‍മ്മികതയെ ചോദ്യം ചെയ്തു' മത സംഘടനകളും മറ്റും രംഗത്ത് വന്നതോടെ അമേരിക്കയില്‍ ബുഷ് ഭരണകൂടം എമ്ബ്രിയോനിക് സ്റ്റെം സെല്ലുകള്‍ ഉപയോഗിക്കുന്നതിനു വിലക്കെര്‍പ്പെടുതിയിരുന്നു. പക്ഷെ തുടര്‍ന്ന് വന്ന ഒബാമ ഭരണകൂടം ഈ വാദങ്ങള്‍ തള്ളി കളയുകയും എമ്രിയോനിക് സ്റ്റെം സെല്ലുകളുടെ ഉപയോഗത്തിന് പിന്തുണ നല്കാന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ എന്തായാലും അങ്ങനെ ഒരു വിലക്ക് ഉണ്ടായിട്ടില്ല. പ്രസവ സമയത്ത് പൊക്കിള്‍ കോടിയില്‍ നിന്നും മൂല കോശങ്ങള്‍ ശേഖരിക്കാം. ഇങ്ങനെ എടുക്കുന്ന മൂല കോശങ്ങള്‍ ഭാവിയിലെ ചികിത്സയ്ക്ക് ഉപയോഗ പെടും വിധം സൂക്ഷിച്ചു വെക്കാനായി 'സ്റ്റെം സെല്‍ ബാങ്കുകള്‍' തന്നെ ഇന്ത്യയുള്‍പ്പടെ പല രാജ്യങ്ങളിലും ആരംഭിച്ചു കഴിഞ്ഞു. ഇത് രണ്ടും കൂടാതെ മജ്ജയില്‍ നിന്നും, കണ്ണിലെ ലിമ്ബസില്‍ നിന്നും മറ്റുംചികിത്സയ്ക്ക് വേണ്ട മൂല കോശങ്ങള്‍ ശേഖരിക്കാറുണ്ട്.
ഇന്ത്യയില്‍, 'ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്' ആണ് സ്റ്റെം സെല്‍ ചികിത്സാ രംഗത്ത് ആദ്യമായി വിജയകരമായ പരീക്ഷണങ്ങള്‍ നടത്തിയത്. തുടര്‍ന്ന് റിലയന്‍സ് ഗ്രൂപ്പിന്റെ കീഴിലുള്ള 'റിലയന്‍സ് ലൈഫ് സയന്‍സ്', 'ഹൈദരാബാദ് ആസ്ഥാനമായുള്ള എല്‍ വി പ്രസാദ് ഇന്‍സ്റ്റിറ്റ്യൂട്ട്' , മദ്രാസ് മെഡിക്കല്‍ മിഷന്‍ തുടങ്ങി ഒട്ടനവധി പ്രമുഖ സ്ഥാപനങ്ങള്‍ ഈ മേഖലയിലെ പരീക്ഷണങ്ങളില്‍ ശ്രധയൂന്നുകയും വിജയകരമായ ഫലങ്ങള്‍ ഉണ്ടാക്കുകയും, കൂടുതല്‍ സാധ്യതകള്‍ തേടിയുള്ള പഠനങ്ങളുമായി മുന്‍പോട്ടു പോവുകയും ചെയ്യുന്നു. സ്റ്റെം സെല്‍ ചികിത്സയിലൂടെ നേത്ര സംബന്ധമായ തകരാറുകള്‍ പരിഹരിക്കുന്നതിനായി വാണിജ്യ അടിസ്ഥാനത്തിലുള്ളചികിത്സ ആരംഭിച്ചു കൊണ്ട് "റിലയന്‍സ് ലൈഫ് സയന്‍സ്' അടുത്ത ഘട്ടത്തിലേക്ക് കടന്നത് വരെ എത്തി നില്‍ക്കുന്നു ഇന്ത്യയിലെ ഈ രംഗത്തുള്ള നേട്ടങ്ങള്‍. ഈ മേഘലയില്‍ ഇന്ത്യന്‍ മെഡിക്കല്‍ രംഗം വളരെ അധികം മുന്‍പോട്ടു പോയിരിക്കുന്നു. മാറി മാറി വന്ന സര്‍ക്കാരുകള്‍ വേണ്ട സഹായങ്ങള്‍ നല്‍കി എന്നത് വളര്‍ച്ചയുടെ ആക്കം കൂട്ടി. വിദേശ രാജ്യങ്ങളില്‍ ഉള്ള പോലെ, ഇതിന്‍റെ പരീക്ഷണങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഇന്ത്യയില്‍ ഇല്ല എന്നതും ഒരു അനുകൂല ഘടകമാണ്.
ഫലത്തിന്റെ കാര്യത്തില്‍ മറ്റു ചികിത്സാ രീതികളെ അപേക്ഷിച്ച് മുന്‍പില്‍ നില്‍ക്കുമ്പോഴും , സ്റ്റെം സെല്‍ ചികിത്സയുടെ ചെലവ് വളരെ തുച്ചമായിരിക്കും എന്നാണ് അറിയുവാന്‍ കഴിഞ്ഞത് . പൂര്‍ണ്ണമായും കാഴ്ച നശിച്ച ആള്‍ക്ക് കാഴ്ച തിരികെ നേടിക്കൊടുത്തു കൊണ്ടും, കരള്‍ മാറ്റി വെക്കല്‍ മാത്രമാണ് വഴി എന്ന് കരുതിയ ആള്‍ക്ക് കേടായ സ്വന്തം കരള്‍ തന്നെ വീണ്ടെടുത്ത് കൊടുത്തു കൊണ്ടും ഒക്കെ ഇതിനകം ഈ ചികിത്സാ രീതി ഇന്ത്യയില്‍ അടക്കം അത്ഭുതങ്ങള്‍ സൃഷ്ടിച്ചു കഴിഞ്ഞു. വിത്യസ്തരായ രോഗികളിലും, സാഹചര്യങ്ങളും അനുസരിച്ച് അടിസ്ഥാന ചികിത്സയില്‍ വരുത്തേണ്ട മാറ്റങ്ങളെയും മറ്റും കുറിച്ച് വൈദ്യ ശാസ്ത്രം കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തി കൊണ്ടേ ഇരിക്കുന്നു. ഒന്നോ രണ്ടോ വര്‍ഷത്തിനകം പൊതു സമൂഹത്തില്‍ ഈ ചികിത്സാ രീതി വളരെ ശക്തമായി അതിന്റെ സാന്നിധ്യം അറിയിക്കും എന്ന് കരുതപ്പെടുന്നു. ഇതിനകം പ്രചാരതിലുള്ളതും ലഭ്യമായതുമായ ചികിത്സകള്‍ കൊണ്ട് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ കഴിയാതെ നിരാശരാകുന്ന രോഗികള്‍ക്ക് തീര്‍ച്ചയായും പ്രതീക്ഷ ഉണര്തുന്നതാണ് സ്റ്റെം സെല്‍ ചികിത്സ.
ഇതിനെ പറ്റി ഉള്ള എന്‍റെ അറിവുകള്‍ ഇപ്പോഴും വളരെ പരിമിതമാണ്. കൂടുതല്‍ വിശദമായി അറിയണം എന്ന് താല്പര്യം ഉള്ളവര്‍ക്ക് താഴെ ഉള്ള ലിങ്കുകളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. ഈ ലിങ്കുകളില്‍ നിന്നുള്ള അറിവുകള്‍ ഈ ലേഖനത്തിന് അടിസ്ഥാനമായി എന്നതിനാല്‍ അതിനുള്ള കടപ്പാട് ഇവിടെ രേഖപെടുത്തുന്നു.കൂടാതെ ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്ന് എടുത്തിട്ടുള്ളവയാണ്.
ആശ നഷ്ടപെട്ട ഒരു ജീവനെങ്കിലും ഈ അറിവുകള്‍ സഹായകമാവും എന്ന പ്രതീക്ഷയോടെ, പ്രാര്‍ഥനയോടെ,
സസ്നേഹം,
കണ്ണനുണ്ണി.