ഈ ധൈര്യം എന്നൊക്കെ പറയുന്നത് പാരംബര്യായി കിട്ടണേ കാര്യാട്ടോ. കണക്കെടുത്ത് നോക്കി കഴിഞ്ഞാ എന്റെ തറവാട്ടില്‍ കമ്പ്ലീറ്റ് ധൈര്യശാലികലായിരുന്നു. കള്ളിയങ്കാട്ടു സരസ്വതിയെ പുഷ്പം പോലെ പൊളിച്ചടുക്കിയ മോഹനന്‍ കൊച്ചച്ചനായിരുന്നു ഏറ്റോം പേര് കേട്ട പുലി. അര്‍ദ്ധരാത്രി വിജനമായ പടിഞ്ഞാറെ പറമ്പില്‍ ഒറ്റയ്ക്ക് പോയി കപ്പേടെ മൂട് മാന്തിയ തൊരപ്പനെ കെണി വെച്ച് പിടിച്ച വകയില്‍ ഒരു ധൈര്യ ശാലി പട്ടം ഉണ്ണി കൊച്ചച്ചനും കിട്ടീട്ടൊണ്ട്. എന്റെ അച്ഛനാണേ കുട്ടികാലത്ത് ഹരിപ്പാട് പോയി സിനിമ കണ്ടു രാത്രി ഒറ്റയ്ക്ക് കാഞ്ഞൂര് പാടം ഒക്കെ മുറിച്ചു കടന്നു വീട്ടിലെത്തിയ ചരിത്രം ഉണ്ട്. പകല് പോലും ഒറ്റയ്ക്ക് കാഞ്ഞൂര്‍ പാടത്ത് ഇറങ്ങി നടക്കാന്‍ ആരും റിസ്ക് എടുക്കാറില്യ . അപ്പൊ മനസിലായില്യെ തറവാട്ടിലുള്ള പുലികള്‍ടെ ഒക്കെ ധൈര്യം.പക്ഷെ പറഞ്ഞു വരുമ്പോ ഇവരെക്കാള്‍ ഒക്കെ പുലി കണ്ണനാ. സംശയോണ്ടേ ...ദെ നോക്കിയേ
തറവാട്ടു പറമ്പിന്റെ തെക്കേ കോണിലാണ് ഞങ്ങടെ കുടുംബ ക്ഷേത്രം. മൂന്നു
ചുറ്റും പാടം ആയതോണ്ട് ആള്‍പെരുമാറ്റം തീരെ കുറവ്. വിളക്ക് കത്തിച്ചു സന്ധ്യാനാമം ചൊല്ലാന്‍ ചെല്ലുന്ന അച്ചമ്മേടെ ശല്യം ഇഗ്നോര്‍ ചെയ്‌താല്‍ ബാക്കിയൊക്കെ സ്വസ്ഥം. അത് കൊണ്ട് ഭദ്രകാളിയും, ഗണപതിയും മറ്റു ജൂനിയര്‍ ചാത്തന്‍സും ഒക്കെ അവിടെ മതില്കെട്ടിനകത്തു 'മുക്കാലാ' പാട്ടും പാടി അടിച്ചു പൊളിച്ചു ജീവിച്ചു പോന്നു. ഇലഞ്ഞി, പാല, മരുത് ,അശോകം തുടങ്ങി യക്ഷിയും ചാത്തനും ഒക്കെ ഫ്ലാറ്റും വില്ലയും പണിയാന്‍ ഉപയോഗിക്കുന്ന ഒരുമാതിരിപെട്ട എല്ലാ മരങ്ങളും മതില്കെട്ടിനകത്തു ഉണ്ടായിരുന്നു. പോരാത്തേന് മതിലിന്റെ തൊട്ടു പടിഞ്ഞാറ് മാറി നാഗക്കാവും കുളവും കുളത്തിന് ചുറ്റും വേലി പോലെ കൈതക്കാടും. വെര്‍തെ മനുഷ്യനെ പേടിപ്പിക്കാനായി അമ്മൂമ്മമാര് ഓരോ കഥകളും കൂടെ പറഞ്ഞു നടന്നത് കൊണ്ട് സമീപത്തെങ്ങും ഒള്ള ഒറ്റ കുഞ്ഞും മണി ആറ് കഴിഞ്ഞാല്‍ ആ പരിസരത്തോട്ട് അടുത്തിരുന്നില്ല.
മാസപ്പൂജ ഒള്ള മകയിരത്തിന് , പായസവും അവിലും മലരും കിട്ടും എന്ന ഒറ്റ കാരണം കൊണ്ട് , ആ ദിവസം അമ്പലത്തില്‍ പോവുന്നതൊഴിച്ചാല്‍ എന്‍റെ ഭക്തി അന്നൊക്കെ വളരെ ലിമിറ്റഡ് ആയിരുന്നു. കൂടാതെ അമ്മൂമ്മാര് ആവശ്യത്തിലേറെ കിട്ടുന്ന ഫ്രീ ടൈമില്‍ പടച്ചു വിടുന്ന ഓരോ
കള്ള കഥകളും കൂടി
ഓര്‍മ്മയില്‍ അങ്ങനെ തങ്ങി നിന്നിരുന്നത് കൊണ്ട് വെറുതെ റിസ്ക് എടുക്കണ്ടാന്നു കരുതി തെക്കേ പറമ്പിലെ കളി തന്നെ വല്യവര് ആരേലും ചുറ്റുവെട്ടത് ഒള്ളപ്പോ മാത്രമായിരുന്നു. അങ്ങനെയിരിക്കെയാണ് എന്‍റെ ധൈര്യത്തിന് നേര്‍ക്ക് ഗുരുതരമായ ഒരു വെല്ലുവിളി ഉയര്‍ന്നത്. ഉന്നം തെറ്റാതെ മാവിലെറിഞ്ഞും, കുട്ടിയും കോലും കളിയില്‍ സ്കോര്‍ ചെയ്തും ഒക്കെ അയലോക്കത് നിന്ന് കുറെ ഫാന്‍സിനെ അന്ന് ഞാന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കി എടുത്തിരുന്നു. ഇതൊക്കെ കണ്ടു അസൂയ തോന്നിയ (തോന്നിയാരുന്നോ.. ?ചെലപ്പോ തോന്നി കാണും.. ല്ലേ.. ?...ആ )
മനോജാണ് കള്ളനും പോലീസും കളിക്കിടയില്‍ ആരോപണവുമായി രംഗതെത്തിയത്.
സംഭവം നടക്കുമ്പോള്‍ കാഴ്ചക്കാരായി തയ്യിലെ
രാജേട്ടന്റെ മക്കള്‍ പാറുകുട്ടിയും, ആതിരയും ഉണ്ടായിരുന്നു. അവരൊക്കെ എന്‍റെ ഫാന്‍സ് ലിസ്റ്റില്‍ ഉള്ളവരായത് കൊണ്ട് ധൈര്യം തെളിയിക്കേണ്ടത് എന്‍റെ പ്രസ്ടിജിന്റെ പ്രശ്നമായി തീര്‍ന്നു. അത് കൊണ്ട് തന്നെ എന്ത് പരീക്ഷണവും നേരിടാന്‍ തയ്യാറാണെന്ന് അവിടെ വെച്ച് തന്നെ വിത്തൌട്ട് എനി ഡൌട്ട് ,
മറുപടി നല്‍കി. പരീക്ഷണമായി രാത്രി ഒറ്റയ്ക്ക് പോയി അമ്പലത്തിലെ സേവപന്തലില്‍ കെട്ടിയിരിക്കുന്ന മണി അടിക്കണം എന്ന് ആ ദ്രോഹി പറയും എന്ന് ഞാന്‍ തീരെയും കരുതിയില്ല. സംഭവം കേട്ടതോടെ പകുതി ജീവന്‍ പോയെങ്കിലും പാറുകുട്ടിയും ആതിരയും ഒക്കെ പ്രതീക്ഷയോടെ നോക്കുന്നത് കണ്ടതോടെ എവിടെന്നോ ഒപ്പിച്ചെടുത്ത ധൈര്യത്തില്‍ വെല്ലുവിളി ഏറ്റെടുത്തു.
ലോക്കല്‍ ഗോസ്റ്റുകള്‍ ചന്തയില്‍ മീന്‍ വാങ്ങാന്‍ പോവുന്ന ഭീകര ദിവസമായ വെള്ളിയാഴ്ച തന്നെ പരീക്ഷണ ദിനമായി തിരഞ്ഞെടുത്തു. ഞാന്‍ മണിയടിക്കുന്നുന്ടെന്നു ഉറപ്പു വരുത്താനായി മനോജും, രാജേഷും, ശംഭുവും ചേര്‍ന്ന ഒരു ജഡ്ജിംഗ് പാനല്‍ മതിലിന്റെ പുറത്തു അല്‍പ്പം ദൂരെ വന്നു നിരീക്ഷിക്കും എന്നും തീരുമാനമായി. എന്നെ പോലെ തന്നെ ജഡ്ജിംഗ്പാനലിനും ഇത്തിരി ധൈര്യം കൂടുതല്‍ ഉള്ളത് കൊണ്ട് പരീക്ഷാ സമയം അര്‍ദ്ധ രാത്രി എന്നത് സന്ധ്യക്ക് ഏഴു മണി എന്നാക്കി.
അങ്ങനെ ഒരിക്കലും വരരുതേ എന്ന് ഞാനും എത്രയും വേഗം ആവണേ എന്ന് മനോജും പ്രാര്‍ഥിച്ച വെള്ളിയാഴ്ച ഒടുവില്‍ എത്തി ചേര്‍ന്നു. സന്ധ്യക്ക് നാമം ചൊല്ലല്‍ കഴിഞ്ഞു അച്ഛമ്മ പോയതോടെ എന്‍റെ പരീക്ഷയ്ക്കുള്ള സമയമായി. ജഡ്ജിംഗ് പാനല്‍ അമ്പലത്തിനു കിഴക്കുള്ള മാവിന്‍ചോട്ടില്‍ സ്ഥാനം പിടിച്ചു.
ഞാന്‍ വിറയ്ക്കുന്ന ഫുട് വര്‍ക്കോടെ , മിടിച്ചു പണ്ടാരടങ്ങുന്ന ഹൃദയത്തോടെ അമ്പലത്തിനു നേര്‍ക്ക് നടന്നു.
അപ്പോഴത്തെ നെഞ്ചിടിപ്പിന്റെ താളം പാണ്ടിയാണോ പഞ്ചാരിയാണോ എന്ന് ചിന്തിച്ചു പേടി മറക്കാന്‍ ശ്രമിച്ചു. പക്ഷെ ഇത് രണ്ടും എനിക്ക് വല്യ പിടിയൊന്നും ഇല്ലാത്തത് കൊണ്ടാവാം ചിന്ത വീണ്ടും കറങ്ങി തിരിഞ്ഞു പനമുകളിലെ യക്ഷിയുടെയും , കല്ലെറിയുന്ന ചാത്തന്റെയും ഒക്കെ ഓര്‍മ്മയില്‍ ഫോക്കസ് ചെയ്തു നിന്നു. ചെറിയ നിലാവും പിന്നെ അച്ഛമ്മ കത്തിച്ചു വെച്ചിട്ട് പോയ
വിളക്കിന്റെ മങ്ങിയ വെട്ടവും മാത്രമേ ഉണ്ടായിരുന്നുള്ളൂ അവിടെ.
ഗേറ്റ് തുറന്നപ്പോ ഉള്ള കിര് കിര് ശബ്ദം അന്നോളം ഞാന്‍ കേട്ട ഏറ്റവും ഭീകര ശബ്ദമായിരുന്നു. ഹാര്‍ട്ട് ബീറ്റ് അഞ്ചും ആറും ഒക്കെ കഴിഞ്ഞു അറിയാന്‍ പാടില്ലാത്ത കാലത്തിലേക്ക് കടന്നു.
സേവപന്തലില്‍ അതാ കിടക്കുന്നു എന്‍റെ ടാര്‍ഗെറ്റ് 'മണി'. ഇത്തിരി പൊക്കത്തിലാണ് അത് തൂക്കിയിരിക്കുന്നത്. ചാടിയാലെ കൈ എത്തൂ. അച്ചച്ചന്‍ പണ്ട് ഹരിദ്വാറില്‍ പോയപ്പോ കൊണ്ട് വന്നതാ.
ചാടി മണി
ഒന്ന്
അടിക്കുക. ഒറ്റ ഓട്ടത്തിന് ഗേറ്റ് കടക്കുക. അത്രയും ചെയ്‌താല്‍ ഞാന്‍ ഹീറോ. ഫാന്‍സിന്റെ എണ്ണം കൂട്ടാം. വെല്ലുവിളികളുമായി ഒരു മനോജും ഇനി വരില്ല. അത്രയുമൊക്കെ ഓര്‍ത്തപ്പോ ഇത്തിരി ധൈര്യം ഒക്കെ കിട്ടി. ചെട്ടികുളങ്ങര അമ്മയെയും , ഏവൂര്‍ കൃഷ്ണനെയും, ധൈര്യ ശാലികലായ കൊച്ചച്ചന്മാരെയും ഒക്കെ മനസ്സില്‍ ധ്യാനിച്ച് ഒരുവിധം മണിയുടെ ചുവട്ടിലെത്തി.
സ്വാമിയേ....ശര..!!
....ണിം......
കൈ ഉയര്‍ത്തി ചാടാന്‍ തുടങ്ങിയതും ...മണി അടിച്ചു ശബ്ധമുണ്ടാക്കികൊണ്ട് എന്തോ ചാടി വന്നു എന്‍റെ കയ്യിലിടിച്ചതും ഒന്നിച്ചായിരുന്നു.
അലറിക്കൊണ്ട് അവിടെ തന്നെ വീണത് മാത്രമേ ഓര്‍മ്മയുള്ളൂ. പിന്നെ അച്ഛമ്മയും അപ്പച്ചിമാരും ഒക്കെ കൂടെ വെള്ളം തളിച്ച് ഉണര്‍ത്തുന്നത് വരെ അന്ന് വൈകിട്ട് കണ്ട കിഴക്കന്‍ പത്രോസ് സിനിമയുടെ ഏതൊക്കെയോ സീനുകളായിരുന്നു മനസിലെന്നു തോനുന്നു. അമ്മ ഒരു വശത്തിരുന്ന് കരയുന്നു. എല്ലാവരും പേടിച്ചിട്ടുണ്ട്. എന്താ സംഭവിച്ചത് എന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ഭദ്രകാളി കൊപിച്ചതാണെന്നും എന്നെ വന്നിടിച്ചു പേടിപ്പിച്ചത് ആളുടെ കൊട്ടേഷന്‍ സംഘത്തില്‍ പെട്ട ഏതോ അറുകൊലയാണെന്നും ഒക്കെയുള്ള നിഗമനത്തില്‍ അച്ഛമ്മ എത്തിച്ചേര്‍ന്നു. കവടി നിരത്താന്‍ ജോത്സ്യന്റെ അപ്പോയിന്മെന്റ് വാങ്ങാനുള്ള അസ്സൈന്മെന്റും കൊടുത്തു അപ്പൊ തന്നെ അച്ചച്ചനെ പറഞ്ഞു വിടുകേം ചെയ്തു. പക്ഷെ ഉണ്ണി കൊച്ചച്ചന്റെ നേതൃത്വത്തില്‍ ഉള്ള അന്വേഷണ സംഘം പിറ്റേന്ന് സത്യം കണ്ടെത്തി.
സേവപന്തലിലെ മണിയില്‍ ഒരു വവ്വാല്‍ റെന്റ് കൊടുക്കാതെ താമസിക്കുനുണ്ടായിരുന്നു. അമ്മാമ്മേടെ സന്ധ്യാ നാമം കഴിഞ്ഞു പോയതിന്റെ പിറകെ ആശാന്‍ തന്‍റെ വാസസ്ഥലത്ത് കയറി തൂങ്ങി
ഉറക്കം പിടിച്ചു വന്നപ്പോഴാണ് ഞാന്‍ ചെന്ന് ചാടിയത്. റെന്റ് ചോദിച്ചു ഹൌസ് ഓണര്‍ വന്നതാണോ അതോ തന്നെ പിടിക്കാന്‍ ഏതോ കുട്ടിച്ചാത്തന്‍ വന്നതാണോ എന്നൊക്കെ ഉള്ള കന്ഫ്യുഷനില്‍ ആള് സ്കൂട്ട് ആവാന്‍ നടത്തിയ പരാക്രമത്തിലാണ് എന്‍റെ കയ്യില്‍ വന്നിടിച്ചത്.
പക്ഷെ സംഭവം മനസ്സിലായപ്പോഴേക്കും നൂറ്റിയഞ്ചു ഡിഗ്രീ പനിയും
മുതുകത്തു രണ്ടു ഇന്ജെക്ഷനും ഞാന്‍ വാങ്ങി കൂട്ടിയിരുന്നു.
സംഭവത്തിനൊക്കെ കാരണക്കാരനായ മനോജിനു അവന്‍റെ അച്ഛന്റെ കയ്യില്‍ നിന്നു കണക്കിന് തല്ലു കിട്ടി. അന്വേഷണ കമ്മിഷന്റെ മുന്നില്‍ എന്‍റെ ഭാഗം ന്യായികരിച്ചു കൊണ്ട് പാറുകുട്ടി മൊഴി കൊടുത്തുത്രെ . എന്തായാലും ഇതൊക്കെ കേട്ടതോടെ വിഷമമൊക്കെ മാറി. പേടിച്ചു ബോധം കേട്ട് വീണെങ്കിലും ഒറ്റയ്ക്ക് രാത്രി അവിടെ വരെ പോവാന്‍ കാട്ടിയ ധൈര്യത്തിന് കൂട്ടുകാര്‍ അഭിനന്ദിച്ചു. ഫാന്‍സിന്റെ എണ്ണം കൂടുകേം ചെയ്തു.
ഇപ്പോഴും തറവാട്ടില്‍ അമ്പലത്തില്‍ വല്ലപ്പോഴും പോവുമ്പോ വെര്‍തെ നോക്കി നില്‍ക്കും...ആ മണിയെ. പൊടിക്കുപ്പികള്‍ക്ക് ധൈര്യം തെളിയിക്കാന്‍ വേണ്ടി അതിപ്പോഴും അവിടെ തന്നെ കിടക്കുന്നു.
പക്ഷെ അച്ഛമ്മ മാത്രം ഈ കാലം വരെ സത്യം അന്ഗീകരിച്ചിട്ടില്ല ട്ടോ..ഇപ്പോഴും ആള്‍ടെ വാദം അച്ചാച്ചന്‍ ഉത്സവം നടത്താതെ ഇരുന്നെന് കാളി ആളെ വിട്ടു വെരട്ടീന്നാ..എന്താ ചെയ്യാ.. പാവം അച്ചച്ചന്‍.. ല്ലേ ?
----
ഒരു ഓഫ് ടോപ്പിക്ക് കൂടി :
സമയം ക്കെ പോണേ ഒരു പോക്കെ...ഇപ്പൊ ദെ ഞാന്‍ ബൂലോകത്ത് വന്നു ചാടീട്ടു ഒരു വര്‍ഷം ആവുന്നു. കുറെ നല്ല ബ്ലോഗ്ഗുകള്‍ ക്കെ വായിച്ചിട്ട് ..ന്നാ പിന്നെ എനിക്കെന്താ ഒരു കയ്യ് നോക്ക്യാല്‍ ന്നു കരുതി ഒരു ആവേശത്തില്‍ അങ്ങട് തോടെങ്ങിതാ. പക്ഷെ ഒരു വര്‍ഷം കൊണ്ട് ഒരുപാട് പുതിയ കാര്യങ്ങള്‍ മനസ്സിലാക്കി . ഒരുപാട് നല്ല സുഹൃത്തുക്കളെ കിട്ടി. വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ വളരെ കുറവാ.... എഴുതുന്നത് പൊട്ടത്തരം ആണേലും ഒരുപാട് പ്രോത്സാഹനം കിട്ടി. ചുരുക്കം വിമര്‍ശനങ്ങളും.
അതൊക്കെ കൊണ്ട് തന്നെ ഈ ഒരു കൊല്ലത്തിനു ശേഷം പറയാല്ലോ.. എനിക്കിഷ്ടവാ ഈ ബൂലോകം.
(ഒടനെ എങ്ങും ഇവിടുന്നു വിട്ടു പോവാന്‍ പ്ലാന്‍ ഇല്ല എന്ന് ചുരുക്കം )
നന്ദി പറയാന്‍ ആണേല്‍ ഒരുപാട് പേരുണ്ട് .. അത് കൊണ്ട് ഒന്നോ രണ്ടോ പേര് എടുത്തു പറയാന്‍ നില്‍ക്കണില്ല . എല്ലാര്‍ക്കും അറിയാല്ലോ ല്ലേ? . ഇനിയും ഇത് പോലെ കൂടെ ഉണ്ടാവണേ ട്ടോ.. നല്ലത് എഴുതിയാല്‍ നന്നായി ന്നു പറയുവാന്‍ മാത്രവല്ല, തെറ്റു കണ്ടാല്‍ ചൂണ്ടി കാട്ടുവാനും ...
ഒരു വര്‍ഷം കൊണ്ട് ഈ ബൂലോകത്ത് പരിചയപെട്ട, സ്നേഹിച്ച, സ്വാധീനിച്ച , വിമര്‍ശിച്ച എല്ലാ കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.