Monday, July 21, 2014

നിളയുടെ ആത്മാവ് തേടി ഒരു യാത്ര


                                ലക്ഷ്മീപദ കോലങ്ങൾ സ്വാഗതം ചൊല്ലുന്ന പാലക്കാടൻ  തമിഴ്  ഗ്രാമങ്ങളെയും   വേദിക പൈതൃകത്തിന്റെയും  സനാതനധർമ്മതിന്റെയും രഥ ചക്രങ്ങൾ   ഉരുണ്ട  കല്പാത്തിയെയും  സൂഫി കഥകളുടെ മുദ്രകൾ പേറുന്ന  പൊന്നാനിയെയും   ഒരുപോലെ നിത്യം തൊട്ടു തലോടി കടന്നു പോവുന്നവൾ.  എം ടിക്കും , ഓ വി വിജയനും , വി കെ എന്നിന്നും തൂലികയ്ക്കു മഷിചാലിച്ചവൾ.  നാടിൻറെ കലാസാംസ്കാരിക നവോഥാനത്തിനും കുടിപ്പകയുടെ  ചോര മണക്കുന്ന മാമാങ്കകഥകൾക്കും ഒരുപോലെ  സാക്ഷിയായ നിള.  മലയാളക്കരയുടെ ജീവനും തേജസ്സും ആത്മാവുമായ ഭാരതപ്പുഴ. ഒരേ സമയം കണ്ണീർ പുഴയെന്നും ശോകനാശിനി എന്നും വിളിക്കപ്പെടുന്ന മഹാനദി.


ആനമലയിൽ നിന്നും ഉത്ഭവിച്ചു  വഴിയിൽ  ഗായത്രിപ്പുഴയും  തൂതപ്പുഴയും പോലെ ഒട്ടനവധി  ജലപാതങ്ങളുടെ ചൈതന്യം ഏറ്റു വാങ്ങി  പൊന്നാനി അഴിമുഖത്ത്  ലക്ഷദ്വീപ് കടലിനോടു സംഗമിക്കുന്ന  നിളയെ അടുത്തറിയാൻ നദി ഒഴുകുന്ന വഴി പിന്തുടർന്ന് ഒരു യാത്ര ഒരുപാട് നാളത്തെ മോഹമായിരുന്നു. അതിന്  ഒടുവിൽ വഴി തെളിഞ്ഞത് കഴിഞ്ഞ മാസമായിരുന്നു.  ഇടവപ്പാതിയുടെ നനഞ്ഞ ഭാവം വിട്ടു തെളിഞ്ഞ മാനമുള്ള ഒരു ഞായറാഴ്ച സഹപ്രവർത്തകരായ ജോസിനും മഹേഷിനും ഒപ്പം  യാത്ര തിരിച്ചു.  കൊച്ചിയിൽ നിന്നും പുറപ്പെട്ട് തൃശൂർ വഴി ചെറുതുരുത്തിയിൽ എത്തി ഷൊർണൂരും പട്ടാംബിയും  ത്രിത്താലയും തിരുനാവായയുംചമ്രവട്ടവും  പിന്നിട്ട്  പൊന്നാനി വരെ നദിയെ അനുഗമിച്ച് രാത്രി തിരികെ കൊച്ചിയിൽ എത്താനായിരുന്നു പദ്ധതി. ആകെ ദൂരം 208 കിലോമീറ്റർ.

കേട്ടും വായിച്ചും അറിഞ്ഞ കഥകളിലൂടെ വൈകാരികമായ ഒരു അടുപ്പം  നിളയോട് എന്നും മനസ്സിൽ തോന്നിയിരുന്നു . പിന്നീട് ബാന്ഗ്ലൂരിലെക്കുള്ള  ട്രെയിൻ യാത്രകളിൽ കണ്ട, ഒറ്റപ്പാലത്തെ തല ഉയർത്തി നില്ക്കുന്ന പനകളുടെ നിഴലിൽ, മണല്പ്പരപ്പിലൂടെ ജല രേഖ പോലെ നേർത്ത് ഒഴുകുന്ന നിള ഒരു വേദനയായി മനസ്സില് കടന്നുകൂടി. ആരൊക്കെയോ ചേർന്ന് പിച്ചി ചീന്തി വഴിയിൽ ഉപേക്ഷിച്ച ഒരു രാജകുമാരിയുടെ ദയനീയ ചിത്രം പോലെ അത് മനസ്സിൽ പതിഞ്ഞ് കിടന്നു.


നാടിൻറെ  ആത്മാവ്‌ തേടിയുള്ള യാത്രയിൽ  ചിന്തയിലും വേഷത്തിലും പെരുമാറ്റത്തിലും വരെ  ലാളിത്യം വേണം എന്ന ബോധപൂർവമായ ചിന്തയിൽ  നഗര ജീവിതം നല്കിയ ശീലങ്ങളെ പരമാവധി  ഞങ്ങൾ ഈ യാത്രയിൽ അകറ്റി നിർത്തിയിരുന്നു.കൊച്ചിയിൽ നിന്ന് പുറപ്പെട്ട് തൃശൂരും കടന്ന് ചെറുതുരുത്തി എത്തിയപ്പോൾ നേരം ഒന്പത് മണി. ഞായറാഴ്ച സന്ദർശകരെ അനുവദിക്കില്ല എന്ന  കാരണത്താൽ കലാമണ്ഡലം നടന്നു കാണണം എന്ന മോഹം ഇനിയൊരിക്കൽ എന്ന് കരുതി മനസ്സില് തന്നെ മാറ്റി വച്ചു. കലയുടെ വരദാനമായ ഒട്ടനവധി മഹാ പ്രതിഭകൾ അരങ്ങേറ്റം നടത്തിയ ആ സരസ്വതീ ക്ഷേത്രം  യാഥാർത്യമാക്കിയ  മഹാകവിയെ ഒരു നിമിഷം  നന്ദിയോടെ സ്മരിക്കാതിരിക്കാൻ കഴിഞ്ഞില്ല .

ചെറുതുരുത്തി പാലത്തിനു താഴെയുള്ള കടവിൽ കാർ  നിർത്തി  ഞങ്ങൾ  നദിയിൽ ഇറങ്ങി. വീതി കുറവെങ്കിലും കണ്ണീരു പോലെ തെളിഞ്ഞ് ഒഴുകുന്ന പുഴ. ചുറ്റും കുറ്റികാടുകൾ പിടിച്ച  മണൽ തിട്ട തീർത്ത  ചെരുതുരുത്തുകൾ. അവയ്ക്കിടയിൽ വീശു വലയുമായി  തൻറെ ഭാഗ്യം പരീക്ഷിക്കുന്ന ഒരു നാട്ടുകാരൻ. വഴിയിൽ നിന്ന് വാങ്ങിയ ഉപ്പിലിട്ട മാങ്ങയുടെയും കാന്താരിയുടെയും സ്വാദും വെള്ളത്തിന്റെ  ഒഴുക്കും തണുപ്പും ആസ്വദിച്ചു മീനുകളുടെ തോലോടലും ആസ്വദിച്ച് കുറെ ഏറെ  നേരം അവിടെ ചിലവഴിച്ചു.  കാലങ്ങളോളം ഉള്ള  പ്രവാഹത്തിൽ നദി തേച്ചു മിനുക്കി ഒരുക്കിയെടുത്ത മൂന്നു നാല് ഉരുളൻ കല്ലുകൾ ഓർമ്മയുടെപൊതിയിലേക്ക്  എടുത്തു വച്ചു കൊണ്ട് ഞങ്ങൾ മനസ്സില്ലാ മനസ്സോടെ അവിടെ നിന്നും മെല്ലെ നീങ്ങി.


ഒട്ടനവധി ചലച്ചിത്രങ്ങൾക്ക്‌ പാരമ്പര്യത്തിന്റെയും പ്രൌഡിയുടെയും  പശ്ചാത്തലം ഒരുക്കിയ വരിക്കാശ്ശേരി മനയായിരുന്നു അടുത്ത ലക്‌ഷ്യം. ചെറുതുരുത്തിയിൽ  നിന്നും പതിനഞ്ചു കിലോമീറ്റർ ദൂരെ പാലക്കാട് ജില്ലയുടെ ഭാഗമായ മനിശ്ശേരി ഗ്രാമത്തിലായിരുന്നു മന. വിശാലമായ പറമ്പിനു നടുവിൽ ലക്ഷണമൊത്ത നാലുകെട്ട്. അടുത്ത്  തന്നെ പത്തായപ്പുരയും തറവാട് ക്ഷേത്രവും വിശാലമായ കുളവും. സൂക്ഷിപ്പുകാരന് ചെറിയൊരു കൈനീട്ടം നൽകിയപ്പോൾ അകത്ത് ചുറ്റി നടന്നു കാണാൻ സൗകര്യം ഒരുക്കി തന്നു.
 മംഗലശ്ശേരി നീലകണ്ഠനും, ജഗന്നാഥനും  ഒക്കെയായി മോഹൻലാൽ പകർന്നാട്ടം  നടത്തി അനശ്വരമാക്കിയ ഒരുപിടി കഥാപാത്രങ്ങൾക്ക്   ഈ വീടും, ഇരുളും വെളിച്ചവും ഇഴനെയ്ത ഇതിന്റെ അകത്തളവും  ഈറ്റില്ലമായിരുന്നു. ഇനിയും ഒരുപാടു  കഥാപാത്രങ്ങൾ ഇവിടെ ഉണ്ടായേക്കാം. അരമണിക്കൂർ അവിടെ ചിലവിട്ട് ഞങ്ങൾ തിരികെ പട്ടാംബിയിലെക്കു  യാത്ര തിരിച്ചു.പട്ടാംബി പിന്നിട്ട്  ഉച്ചക്ക് മുൻപ് തൃത്താല എത്തുകയായിരുന്നു ലക്‌ഷ്യം.വിശാലമായ വാകമരങ്ങൾ തണൽ വിരിച്ച ടാർ റോഡ്‌. വടക്ക്  വശം റോഡിനു സമാന്തരമായി ഒഴുകുന്ന നദി . ഇപ്പുറം പാടശേഖരങ്ങളും പാറക്കെട്ടുകളുടെ നിമ്നോന്നതങ്ങളും  അതിരിടുന്ന വള്ളുവനാടിന്റെ ഗ്രാമഭംഗി. മനിശ്ശേരി യിൽ നിന്നും കുടിച്ച കാ‍ന്താരി ചേർത്ത  സംഭാരത്തിന്റെ അസ്സൽ എരിവിലും പട്ടാംബിയിൽ  നിന്ന് വാങ്ങിയ കുമ്മട്ടിക്കായുടെ അതി മധുരത്തിലും വിശപ്പിനെ ഞങ്ങൾ മറന്നിരുന്നു.പറയി പെറ്റ പന്തിരുകുലത്തിന്റെ ഐതിഹ്യങ്ങളിൽ പ്രസിദ്ധമാണ് തൃത്താല. മേഴത്തോൾ അഗ്നിഹോത്രിയുടെ വെമാഞ്ചേരി ഇല്ലവും, പാക്കനാർ സ്മാരകവും ഒക്കെ ഇവിടെയാണ്. അഗ്നിഹോത്രി കുളിക്കടവിൽ താളി കുഴച്ച്   താലത്തിൽ  വച്ച് ഉണ്ടാക്കിയ ശിവലിംഗം നദിക്കരയിൽ തന്നെ പ്രതിഷ്ഠിച്ചു 
എന്നും പിന്നീട്  അത് തൃത്താലയപ്പൻ  ( തിരു +താലം  ) എന്ന  പേരിൽ പ്രശസ്തമായ ശിവക്ഷേത്രമായി  എന്നും ഐതിഹ്യം. ക്ഷേത്രത്തിനു വേണ്ടി നദി അതിൻറെ ഗതി അൽപ്പം മാറി ഒഴുകി എന്നും വിശ്വാസം ഉണ്ട്. അത് എന്ത് തന്നെ ആയാലും ഭാരതപ്പുഴക്ക് ഇവിടെ ഒരു നല്ല  വളവുണ്ട്. ഒരിക്കൽ നിറഞ്ഞു ഒഴുകിയിരുന്ന വിശാലമായ നദീതടം ഇന്ന് മിക്കവാറും കരയായിരിക്കുന്നു. തീരത്ത് താമസിക്കുന്നവർ ഈ നദീ തടത്തിൽ  ചേമ്പും , ചേനയും ഒക്കെ കൃഷി ചെയ്യാനും തുടങ്ങിയിരിക്കുന്നു.പാക്കനാരുടെ കഥകളോട് ബന്ധപെട്ട് കിടക്കുന്ന ആൽത്തറക്ക് സമീപം കാർ നിർത്തി ഞങ്ങൾ ഇറങ്ങി. പറമ്പിക്കുളം  ആളിയാർ പദ്ധതി , മലമ്പുഴ ഡാം തുടങ്ങി വൻകിട പദ്ധതികളിലൂടെ സര്ക്കാരും , മണൽവാരൽ, അനധികൃത കൈയേറ്റം, നദീതടത്തിലെ കൃഷി തുടങ്ങിയവയിലൂടെ ജനങ്ങളും മരണാസന്നയാക്കിയ മഹാനദിയെ നെടുവീർപ്പോടെ അൽപ്പനേരം നോക്കി നിന്നു. 


അവിടെ നിന്ന് നോക്കിയാൽ  വെള്ളിയാങ്കല്ലിൽ  പണിതുയർത്തിയ പുതിയ റെഗുലേറ്റർ ബ്രിഡ്ജ് കാണാം. കുറച്ചു ഭാഗത്തെങ്കിലും നദിക്ക് അതിൻറെ യഥാർത്ഥ മുഖം വീണ്ടെടുത്ത്‌ നല്കാൻ ഈ ചെറുകിട ജലസേചന പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ട്. ഷട്ടറുകൾ അല്പമായി തുറന്നിട്ട സമയമാണ് ഞങ്ങൾ എത്തിയത്. ഒഴുക്കിനൊപ്പം തുള്ളിക്കുതിച്ചു എത്തുന്ന ആറ്റുമീൻ പിടിക്കുവാനായി നാട്ടുകാർ ചെറു സംഘങ്ങളായി കോര് വലയുമായി  പാലത്തിന്റെ ഒരു  വശത്ത് താഴെ സ്ഥാനം   പിടിച്ചിരിക്കുന്നു. ഷട്ടർ തുറക്കുന്ന  ദിവസങ്ങളിൽ ഇവിടെ ഉത്സവ പ്രതീതിയാണ്.ഒരാൾ  പൊക്കമുള്ള വാളമീൻ വരെ ഇവിടെ നിന്ന് പിടികൂടിയിട്ടുണ്ട് എന്ന് പാലത്തിനു അരികിലുള്ള ചെറിയ പാർക്കിനു സമീപം ഐസ്ക്രീം വില്ക്കുന്ന ബൈജുവേട്ടൻ സാക്ഷ്യം.

തൃത്താല നിന്നും കുമ്പിടി വഴി കുറ്റിപ്പുറം ലക്ഷ്യമാക്കി ഞങ്ങൾ യാത്ര തുടർന്നു. വഴി അല്പ്പം മോശമാണെങ്കിലും മൊത്തം ദൂരത്തിൽ ഏകദേശം 5 - 6 കിലോമീറ്റർ കുറവുണ്ട് ഈ വഴി പോയാൽ. വഴിയരികിലെ പാടത്ത് ഒരു പറ്റം ദേശാടന കൊക്കുകൾ പൊടിമീനിനായി ഒറ്റക്കാലിൽ തപസ്സിരിക്കുന്നത് കണ്ടു ഞങ്ങൾ വണ്ടി നിർത്തി. അവയെ ക്യാമറയിൽ പകർത്താൻ ഉള്ള  എന്റെ തിടുക്കം  അത്ര ഇഷ്ടപെടാഞ്ഞിട്ടോ എന്തോ എല്ലാം ഒന്നിച്ചു 
അടുത്തുള്ള മരങ്ങളുടെ സുരക്ഷിതത്വത്തിലേക്ക് പറന്നു പോയി. കുറ്റിപ്പുറത്ത്‌ വച്ച്  ഞങ്ങൾ ഈ യാത്രയിലെ നാലാമത്തെ ജില്ലയായ മലപ്പുറത്ത്‌ എത്തിച്ചേര്ന്നു . എറണാകുളം തൃശ്ശൂർ പാലക്കാട് എന്നിവയായിരുന്നു മറ്റു മൂന്നു ജില്ലകൾ. കുറ്റിപ്പുറം പാലത്തിനു മുന്പുള്ള വളവും ഭൂപ്രകൃതിയും  ഒക്കെയായി നിള അതി സുന്ദരിയാണ് ഇവിടെ എന്നു എവിടെയോ ഒക്കെ വായിച്ചത് ഓർമ്മ വന്നു. പക്ഷേ വിശാലമെങ്കിലും അവിടെ ഇവിടെയായി ഉള്ള ചെറിയ വെള്ളകെട്ടുകളും ചാലു പോലെ നേർത്ത ഒഴുക്കുമേ അവിടെ കാണാൻ കഴിഞ്ഞുള്ളൂ.
കുറ്റിപ്പുറത്ത്‌  നിന്നും തിരുനാവായയ്ക്ക് ഉള്ള വഴിയിൽ ഒന്ന് രണ്ടു കിലോമീറ്റർ അകലെയാണ് നിള പാർക്ക്. കുടുംബമായി വന്ന്  വൈകിട്ട്അൽപ്പ സമയം ചിലവഴിക്കാൻ പറ്റിയ ഒരിടം. പാർക്കിൽ കയറാൻ നില്ക്കാതെ ഞങ്ങൾ യാത്ര തുടർന്നു. തിരുനാവായ അടുക്കുന്തോറും നദിയിൽ വെള്ളത്തിന്റെ അളവ് കൂടി വന്നു.  ചാമ്രവട്ടം റെഗുലേറ്റർ ബ്രിട്ജാണ് ഈ മാറ്റത്തിന് കാരണം. നല്ല  വീതിയും ആഴവും ഒക്കെയായി  കഥകളിൽ കേട്ട് പരിചയിച്ച  സുന്ദരിയാണ് ഇവിടെ നിള.
വളരെ പ്രസിദ്ധമാണ് തിരുനാവായയിലെ നിളാ തീരത്തുള്ളനാവാ മുകുന്ദ ക്ഷേത്രം. നൂറ്റാണ്ടുകളുടെ പഴക്കം നിർമ്മിതിയിലും വിശ്വാസങ്ങളിലും ചരിത്രത്തിലും ഈ ക്ഷേത്രവുമായി കെട്ടു പിണഞ്ഞു കിടക്കുന്നു.  നദിക്ക് അക്കരെ ബ്രഹ്മ ക്ഷേത്രവും  ശിവക്ഷേത്രവുമുണ്ട്. ഈ ത്രിമൂർത്തി  സംഗമം നദിയ്ക്ക്  ഇവിടെ  ദൈവീക ഭാവം നല്കുന്നു. 

ജനിമൃതികൾക്ക് അതീതമായ മോക്ഷകവാടമായി നിളയുടെ ഈ ഭാഗത്ത് നടത്തുന്ന തർപ്പണം കരുതപ്പെടുന്നു. 
 ക്ഷേത്രത്തിനു സമീപം ഉള്ള കൽപ്പടവിൽ നിന്നും ബലി തർപ്പണം  നടത്തി  ആത്മാക്കൾക്ക് മോക്ഷം  നല്കാൻ അനേകായിരങ്ങൾ എല്ലാ കറുത്തവാവ്ദിവസവും ഇവിടെ എത്താറുണ്ട്. എള്ളിനും പൂവിനും ഒപ്പം ഒരു  ഉരുള  ചോറും ദർഭയും  വാഴയിലയിൽ വച്ച്നദിയിൽ സമർപ്പിച്ചു പിതൃക്കൾക്ക് മോക്ഷത്തിന് ആവതു ചെയ്തു  എന്ന് സംതൃപ്തരായി അവർ മടങ്ങുന്നു.യാത്രകളിൽ ഏറ്റവും അനുഗ്രഹമാവുക ചെല്ലുന്ന ദേശത്തെ അടുത്ത് അറിയുന്ന നല്ല ഒരു നാട്ടുകാരന്റെ സഹായമാവും. ഈ യാത്രയിൽ തിരുനാവായയിൽ ഞങ്ങള്ക്ക് ലഭിച്ച അനുഗ്രഹമായിരുന്നു ജോസിന്റെ സുഹൃത്തും നാട്ടുകാരനുമായ ജംഷീർ. ഞങ്ങൾക്ക് ഒപ്പം വന്ന് ഓരോ സ്ഥലവും കാട്ടി തന്ന നല്ലവനായ ഈ സുഹൃത്തിന് ഒരായിരം നന്ദി. 


ഭക്തിയുടെ പ്രഭവം മാത്രമല്ല ചോരയുടെ ചുവപ്പ് നിറം കൂടിയുണ്ട് തിരുനാവായയുടെ ചരിത്രത്തിൽ. പന്ത്രണ്ടു കൊല്ലത്തിൽ ഒരിക്കൽ നടക്കുന്ന മാമാങ്ക മഹോത്സവവും അതിന്റെ രക്ഷാപുരുഷനായ സാമൂതിരിയെ കൊല്ലാനായി  വരുന്ന ചാവേർ പടയാളികളും, വ്യർത്ഥമായ അവരുടെ  പരിശ്രമത്തിനൊടുവിൽ മരിച്ചു വീഴുമ്പോൾ അവരുടെ ശരീരം മറവു ചെയ്തിരുന്ന മണികിണറും എല്ലാം വള്ളുവനാടിന്റെ പാടി പതിഞ്ഞ ചരിത്രങ്ങളാണ്. മാമാങ്ക കാലത്തിന്റെ ശേഷിപ്പുകളായ നിലപാട് തറയും , മണിക്കിണറും, പഴുക്കാ മണ്ഡപവും , ചങ്ങമ്പിള്ളി കളരിയും ഒക്കെ ജംഷീർ ഞങ്ങള്ക്ക്  കാട്ടി തന്നു.പുഴയിൽ ഒരു തോണി യാത്രയ്ക്ക് സൗകര്യം  ചെയ്തു തന്നത് ജംഷീറിന്റെ  സുഹൃത്ത്‌ അൻസാർ ആയിരുന്നു. ഇക്കരെ കടവിൽ നിന്ന് കുറ്റിക്കാട് പിടിച്ചു കിടക്കുന്ന  തുരുത്തുകൾക്കും ആറ്റുവഞ്ചി പൂക്കൾക്കും ഇടയിലൂടെ അക്കരെ ഉള്ള വിശാലമായ മണല്തിട്ടയിലേക്ക് ഒരു ഹ്രസ്വ തോണി  യാത്ര. ജോലി ഒഴിവുള്ള വൈകുന്നേരങ്ങളിൽ അവർ അവിടെ വോളിബോൾ കളിക്കാറുണ്ട്ത്രേ. 

ഒരിക്കൽ നദിയുടെ അടിയിലായിരുന്ന പ്രദേശങ്ങൾ ആയിരുന്നു ഇതൊക്കെ എന്ന് ഒരു നിമിഷം ഞാൻ ഓർത്തു. തിരികെ കടവിൽ തോണി അടുത്തപ്പോൾ ജംഷീർ ഞങ്ങളെ അവൻ പഠിച്ചിരുന്ന സ്കൂളിലേക്ക്  കൂട്ടി കൊണ്ട് പോയി. അവിടെ പുതുതായി  പണിതീർത്ത വാട്ടർ ടാങ്കിന്റെ മുകളിൽ  നിന്നും ഉള്ള നദിയുടെ ദൃശ്യം കാട്ടിതരികയായിരുന്നു  ലക്‌ഷ്യം. ഒരേ സമയം വിസ്മയവും,സന്തോഷവും,വേദനയും നിറഞ്ഞതായിരുന്നു ആ കാഴ്ച. മനോഹരമായ പ്രകൃതി ദ്രിശ്യമായിരുന്നു അതെങ്കിലും.പതിയെ എങ്കിലും നഷ്ടപെട്ടുകൊണ്ടിരിക്കുന്ന നിള എന്ന മഹാനദിയെ  ഓർമ്മപ്പെടുത്തി ആ കാഴ്ചയിൽ ജലമധ്യത്തിൽ എവിടെയും തെളിഞ്ഞു  നിന്ന മണൽത്തിട്ടകൾ.


ഇരുട്ട് വീഴും മുൻപ് നദിയുടെ അവസാന പാദമായ പൊന്നാനി എത്താനുള്ള തിടുക്കത്തിലായിരുന്നു ഞങ്ങൾ. ജംഷീർ വീട്ടില് ഒരുക്കിയ നോമ്പ്തുറയുടെ പലഹാരങ്ങളും നാരങ്ങാവെള്ളവും ധൃതിയിൽ തീർത്ത് ആ
വീട്ടിലുള്ളവർക്ക്   മനസ്സാ നന്ദി പറഞ്ഞ് ഞങ്ങൾ പൊന്നാനിയിലേക്ക്  പുറപ്പെട്ടു.

 മലയാള ഭാഷാ പിതാവിന്റെ നാടായ തിരൂരും  തുഞ്ഞൻ പറമ്പും കൂടി കാണണം എന്ന് ഉണ്ടായിരുന്നെങ്കിലും അസ്തമയത്തിനു  അര നാഴിക പോലും ബാക്കിയില്ല എന്നത് കൊണ്ട് ആ ആഗ്രഹം പിന്നീടു ഒരിക്കലേക്കായി മാറ്റി വച്ചു. പരമാവധി വേഗത്തിൽ കാറോടിച്ച് പത്തു മിനിറ്റിൽ ഞങ്ങൾ ചാമ്രവട്ടം പാലത്തിൽ എത്തി. അവിടെ നിന്നും ഏതാനം ഫോട്ടോകൾ എടുത്തു വീണ്ടും പൊന്നാനി ലക്ഷ്യമാക്കി നീങ്ങി.പൊന്നാനിയിൽ ഗതകാല സ്മരണകൾ ഉണർത്തുന്ന പഴയ അങ്ങാടി പിന്നിട്ട്  ഹാർബറിൽ എത്തിയപ്പോഴേക്കും അസ്തമയത്തിനു മിനിട്ടുകൾ മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളു. വിജനമായ അഴിമുഖത്ത് കെട്ടിയിട്ടിരിക്കുന്ന ഒട്ടനവധി ബോട്ടുകൾ. അങ്ങിങ്ങായി വിരലിൽ എണ്ണാവുന്ന അത്ര തൊഴിലാളികൾ ഞായറാഴ്ചയുടെ ആലസ്യത്തിൽ അലസമായി ജോലി ചെയ്യുന്നു. കുഞ്ഞാലി മരയ്ക്കാറുടെ പടയോട്ടങ്ങൾക്കും. വെട്ടത്ത് നാടിന്റെയും സാമൂതിരിയുടെയും ഒക്കെ പല  പട പുറപ്പാടുകൾക്കും മൂകസാക്ഷിയായ വിളക്ക് മരം കടലിനെ നോക്കി മിഴി തുറന്നു നില്ക്കുന്നു. 

താഴെ ശാന്തയായി തന്റെ പ്രയാണം അവസാനിപ്പിക്കുവാൻ തുടങുന്ന  നിള. തന്റെ ജീവനെടുക്കാൻ വെംബുന്ന  ആരോടും ഒന്നിനോടും പരാതിയില്ലാതെ ശാന്തമായി തന്റെ പരിഭവങ്ങൾ കടലിനോട്  പറയുവാനുള്ള യാത്ര.  

അസ്തമയ സൂര്യന്റെ അവസാന കിരണങ്ങൾ ചുവപ്പ് ചാലിച്ച മാനത്തിന്പൊന്നാനി പിന്നിട്ട്  
തിരികെ മടങ്ങുമ്പോൾ ക്ഷീണിതരെങ്കിലും ഞങ്ങൾ സംതൃപ്തരായിരുന്നു. നിള എന്ന മഹാനദിയെ അല്പമെങ്കിലും അടുത്തറിഞ്ഞതിന്റെയും  ഓർമ്മയിലേക്ക് ചേർക്കുവാൻ അർത്ഥവത്തായ ഒരു ദിവസം കൂടി ലഭിച്ചതിന്റെയും ചാരിതാർത്ഥ്യം ആയിരുന്നു  മനസ്സിൽ. 
ഒപ്പം ഈ സംസ്കാരത്തിന്റെ ചൈതന്യമായി ജീവജലമായ് ഇവളെന്നും  മണ്ണിലൂടെ ഒഴുകണം എന്ന പ്രാർഥനയും.
12 comments:

കണ്ണനുണ്ണി said...

ഒന്ന് രണ്ടു വർഷങ്ങൾക്കു ശേഷം വീണ്ടും എഴുതി തുടങ്ങിയത് ഈ യാത്രക്കുറിപ്പ് ആയതിന്റെ സന്തോഷം. ലക്കിടിയും കുത്താംപുള്ളിയും കല്പാത്തിയും തിരുവില്വാമലയും ഒക്കെയുള്ള നിളയുടെ കിഴക്ക് ഭാഗം തേടി എത്രയും വേഗം അടുത്ത യാത്രയ്ക്കുള്ള ഒരുക്കം തുടങ്ങുന്നു.

Manikandan said...

ഈ ബ്ലോഗ് കണ്ടപ്പോൾ ആദ്യം അത്ഭുതപ്പെട്ടു, ഇത്രയൊക്കെ എഴുതാൻ കണ്ണൻ സമയം കണ്ടെത്തിയോ എന്ന് :). വർഷഗീതത്തിൽ വീണ്ടും ഒരു പോസ്റ്റുകാണുന്നതിൽ സന്തോഷം. ബൂലോകത്തിലെ സുഹൃത്തുക്കളിൽ ആരെങ്കിലും അവരുടെ പഴയ ബ്ലോഗുകൾ പൊടിതട്ടി വീണ്ടൂം സജീവമാകുന്നു എന്ന് കണ്ടാൽ വലിയ സന്തോഷമാണ്. തുടർന്നും എഴുതുക. മറ്റ് പല സോഷ്യൽ മീഡിയകൾക്കും ഇല്ലാത്ത ചില ഗുണങ്ങൾ ബ്ലോഗിനുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.

ഇനി ഈ ബ്ലൊഗിനെകുറിച്ചുള്ള എന്റെ അഭിപ്രായം. ഒരു വലിയ പുസ്തകം തന്നെ രചിക്കാനുള്ള വിഷയമുണ്ട് നിളയേയും അതിനെ ചുറ്റിപ്പറ്റിയുള്ള കേരള ചരിത്രത്തേയും കുറിച്ച്. വിശദമായി എഴുതിയാൽ എത്ര വേണമെങ്കിലും വിവരിക്കാം. എന്നാൽ ആ വിഷയം ഇത്രയും ചെറിയ ഒരു കുറിപ്പിൽ ഉൾക്കൊള്ളിക്കാനുള്ള ശ്രമം തികഞ്ഞ സാഹസം തന്നെ. എന്നാലും പോയസ്ഥലങ്ങളുടെ പ്രാധാന്യത്തെകുറിച്ചുള്ള ഒരു ഔട്ട് ലൈൻ നൽകാൻ സാധിച്ചിട്ടുണ്ട്. പലപ്പോഴും കോഴിക്കോടും പട്ടാമ്പിയിലും ഒക്കെ പോകുമ്പോൾ നിളയുടെ ദയനീയമായ അവസ്ഥ സങ്കടപ്പെടുത്താറുണ്ട്. കണ്ണൻ എഴുതിയ പോലെ പലയിടത്തും ശുഷ്കിച്ച നീർച്ചാലുകൾ മാത്രമാണ് നിള. ഞാനും നിളയുടെ ജലസമൃദ്ധികണ്ടത് തിരുനാവായിൽ മാത്രമാണ്.

കൂടുതൽ ചിത്രങ്ങൾ ആകാമായിരുന്നു എന്നൊരു അഭിപ്രായം കൂടിയുണ്ട്. യാത്രകൾ തുടരൂ, സമയം പോലെ അത് ഞങ്ങളുമായി പങ്കുവെയ്ക്കൂ. ആശംസകൾ.

അരുണ്‍ കായംകുളം said...

വര്‍ഷഗീതത്തില്‍ ഒരു പോസ്റ്റ് എന്ന് കണ്ടപ്പോള്‍ ഓടി വന്നതാ.പഴയ കാലങ്ങളുടെ ഒരു ഓര്‍മ്മ.എഴുത്തിന്‍റെ ശൈലി തന്നെ മാറിയിട്ടുണ്ട് കേട്ടോ, ഒരു പക്ഷേ ജീവിതത്തിലെ ചെറിയ നര്‍മ്മങ്ങള്‍ അല്ലാതെ കാര്യമായി എഴുതിയ കൊണ്ടാകാം.ഇതൊക്കെ കാണുമ്പോള്‍ വീണ്ടും എഴുതണമെന്ന മോഹം തോന്നുന്നു.നന്ദി, ഈ പോസ്റ്റിനും, മനസ്സില്‍ വീണ്ടും എഴുതണമെന്ന മോഹം നിറച്ചതിനും.

jayanEvoor said...

തിരിച്ചുവരവ് അസ്സലായി!

അഭിനന്ദനങ്ങൾ!

അപ്പോ,
ഇനി ഇടയ്ക്കിടെ പോരട്ടെ!

പട്ടേപ്പാടം റാംജി said...

കാര്യഗൌരവമായ ഒരു യാത്രാവിവരണത്തോടെയുള്ള തിരിച്ചു വരവ് സന്തോഷം നല്‍കുന്നു. നര്‍മ്മത്തെ ഒഴിച്ചു നിര്‍ത്തി ഒരു പുതിയ വരവ് പോലെ വായിച്ചപ്പോള്‍ തോന്നി. എല്ലാം നശിച്ചു കൊണ്ടിരിക്കുന്നു, എന്നാലും അല്ലെ. ഇനി ഇടക്കൊക്കെ ഇവിടെ കാണും എന്ന് പ്രതീക്ഷിക്കാം അല്ലെ കണ്ണാ.

നിരക്ഷരൻ said...
This comment has been removed by the author.
നിരക്ഷരൻ said...

2009ൽ ഈ വഴികളിലൂടെ 7 ദിവസം നീണ്ടുനിന്ന ഒരു യാത്ര ഞാനും പോയിട്ടുണ്ട്. ഇത് വായിച്ചപ്പോൾ ആ ഓർമ്മകളിലൂടെ കടന്നുപോയി. അതിന് നന്ദി.

മണികണ്ഠൻ പറഞ്ഞത് പോലെ ഒരു വലിയ പുസ്തകം രചിക്കാനുള്ള വകുപ്പുണ്ട് ആ വഴികളിൽ. എന്റെ യാത്രയുടെ ലക്ഷ്യവും മറ്റൊന്നായിരുന്നില്ല. പക്ഷെ പുസ്തകമെന്ന ലക്ഷ്യത്തിൽ ഇതുവരെ എത്തിയിട്ടില്ല. നിള കൂടുതൽ വറ്റിവരളുന്നതിന് മുൻപ് എന്നെങ്കിലും നടക്കുമായിരിക്കും.

ശ്രീ said...

വെല്‍കം ബാക്, കണ്ണനുണ്ണീ.

കുറേക്കാലത്തിനു ശേഷമുള്ള വരവാണല്ലോ. നന്നായി. പഴയ എഴുത്തുകാരെല്ലാം ഉഷാറാകട്ടെ.

ഇനിയുമെഴുതുക, ആശംസകള്‍!

ആൾരൂപൻ said...

നന്നായിട്ടുണ്ട്.......

ജോ l JOE said...

നന്നായി .... വെൽകം ബാക് എന്ന് പറയാൻ എനിക്ക് പറ്റില്ല .കാരണം ഞാനിപ്പോഴും ബ്ലോഗിലേക്ക് തിരിച്ചെത്തിയിട്ടില്ല ... എഴുത്ത് തുടരുക

Ashly said...

nice...loved it!! wish i too was thr for this trip!

വിനുവേട്ടന്‍ said...

അല്ല... ഇതാര്... ഉണ്ണീ... കണ്ണനുണ്ണിയല്ലേ ഇത്...?

അടുക്കളത്തോട്ടത്തിലെ പച്ചക്കറിവള്ളി കട ചേര്‍ത്ത് വെട്ടിക്കളഞ്ഞിട്ട് അന്ന് മുങ്ങിയിട്ട് ഇപ്പോഴാണ് പൊങ്ങുന്നതല്ലേ? :) വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കണ്ടതില്‍ സന്തോഷം കണ്ണനുണ്ണീ...

ബാല്യത്തില്‍ കുറേ വര്‍ഷങ്ങള്‍ ചെലവഴിച്ച തിരുനാവായയിലൂടെയുള്ള കണ്ണനുണ്ണിയുടെ യാത്ര ഞാനും ശരിക്കാസ്വദിച്ചു...

എഴുത്ത് തുടരുക... കാത്തിരിക്കുന്നു...

തെങ്ങും വിളയിൽ മത്തായി

രാമപുരത്തിന്റെ വടക്കേ അതിരിൽ പുഞ്ചപ്പാടങ്ങളും , തെങ്ങിൻ തോപ്പുകളും അഴക് ചാർത്തുന്ന ഏവൂർ എന്ന കൊച്ചു ഗ്രാമം. അവിടെ സാമാന്യം തെറ്റില്ലാത്ത പി...