Wednesday, August 12, 2009

കാരിയും കൊന്ജും പിന്നെ ഞാനും

                                                        ഇടവപ്പാതി തുടങ്ങി കഴിഞ്ഞാല്‍ പിന്നെ രസമാണ്... തോടുകളും കുളങ്ങളും പാടവും ഒക്കെ നിറഞ്ഞു കവിയും. എവിടെ നോക്കിയാലും വെള്ളം നിറഞ്ഞു ഒഴുകുന്ന കാഴ്ച. എന്നെ പോലെ ഉള്ള പിച്ച വച്ച് തുടങ്ങുന്ന ജൂനിയർ  മീന്‍പിടിത്തക്കാര്‍ക്ക് അപ്പൊ ചാകരയാണ്...മറ്റുള്ള മാസങ്ങളിൽ തപസ്സു നിന്നാലും കിട്ടാത്ത കരട്ടിയും വരാലും  കൊന്ജും ഒക്കെ നിഷ്പ്രയാസം പിടിച്ചു അര്‍മാദിക്കാം.  ഈര്‍ക്കിലില്‍ കൊരുത്ത മീനുമായി നാലാള് കാണെ നാട്ടിടവഴിയിലൂടെ  പോവുന്നതൊരു ജാടയാണല്ലോ.                

ഇത് ചാങ്ങയിലെ കുട്ടിയല്ലേ.. ഇവൻ ഇത്രേം മീന്‍ പിടിച്ചോ...തരക്കേടില്ല ..എന്നൊക്കെ ആരേലും പറയുന്നത് കേൾക്കുന്നത് ..സിവില്‍ സര്‍വീസ് പരീക്ഷ ജയിച്ച സന്തോഷം..  


        പക്ഷെ ഈ ചൂണ്ടയിടാനൊക്കെ  നല്ല ക്ഷമ വേണ്ട പണിയാണ് ? ആദ്യം മണ്ണിരയെ പിടിക്കണം, പിന്നതിനെ ചൂണ്ടയില്‍ കൊരുക്കണം, അതും പിടിച്ചു തോട്ടുവക്കത്തെ കൈതക്കാട്ടില്‍ പോയി ഉറുമ്പ് കടിയും കൊണ്ട് നില്‍ക്കണം. ആകെ മെനക്കേട്. അത് കൊണ്ട് തന്നെ എളുപ്പത്തില്‍ കാര്യം നടക്കുന്ന മറ്റൊരു തരം  മീന്‍പിടിത്തം ആയിരുന്നു എന്റെ ഫേവറിറ്റ്‌ .  സാക്ഷാല്‍  ശ്രീമാൻ ' ഒറ്റാല്‍ '!!  


ഒറ്റാല്‍ എന്താണെന്നു അറിയാത്തവര്‍ക്കായി സംഭവം ഒന്ന് ചുരുക്കി പറയാം . മണ്ടവശം വട്ടത്തിൽ വെട്ടി കളഞ്ഞ ഒരു കോണിന്ടെ ഷേപ്പ് ആണ് സംഭവം.ജോമെട്രി ഒക്കെ കറക്ട് ആയിരിക്കണം . ചൂരലോ ഈര്‍ക്കിലോ ഒക്കെ കൊണ്ടാവും  സാദാരണ ഉണ്ടാക്കുക.  ആഴം കുറഞ്ഞ നീര്‍ച്ചാലില്‍ ഒക്കെ പോയി പമ്മി പമ്മി നില്‍ക്കണം. മീനിനെ സ്പോട്ട് ചെയ്തു കഴിഞ്ഞാല്‍ പിന്നെ വണ്‍.. ടൂ... ത്രീ.. ഒറ്റ കമിഴ്ത്ത്..ഠിം..! . പിന്നെ യുറേക്കാ എന്ന് പറഞ്ഞു  മുകളിലൂടെ കയ്യിട്ടു അകത്തു കുടുങ്ങിയ പാവം മീനിനെ പിടിച്ചു കൂടെ കരുതിയിരിക്കുന്ന കലത്തിൽ  ഇടാം .. അങ്ങനെ ഒരു റൌണ്ട് കറങ്ങി വരുമ്പോ തരക്കേടില്ലാത്ത കളക്ഷന്‍ കിട്ടിയിട്ടുണ്ടാവും.      കാവിനു പടിഞ്ഞാറെ വയലില്‍ ഒറ്റാല്‍ വെച്ച് കാലന്‍ കൊഞ്ചിനെ  പിടിക്കുന്നതില്‍  സ്പെഷ്യലിസ്റ്റുകള്‍  ആയിരുന്നു ഞാനും ചേട്ടനും. വയലില്‍ പല സ്ഥലത്തായി കറങ്ങി നടക്കുന്ന കൊഞ്ചുകളെ  ട്യൂൺ ചെയ്ത്  സ്പോട്ടിലേക്ക്‌ ആകര്‍ഷിക്കാനായി ഒരു ചെറിയ വശീകരണ വിദ്യ കൂടെ ഞങ്ങള്‍ പ്രയോഗിക്കാറുണ്ട്. വീട്ടില്‍ പശുവിനു കൊടുക്കാന്‍ വാങ്ങി വെച്ചിരിക്കുന്ന തേങ്ങാ പിണ്ണാക്ക്  അടിച്ചു മാറ്റി പാടത്തിന്റെ ഏതെങ്കിലും കോണില്‍ ഒക്കെ വൈകിട്ട് തന്നെ  വിതറും. പിണ്ണാക്കിന്റ്റെ മണം  കൊഞ്ചുകൾക്ക്   ഒരു വീക്നെസ് ആണ്.  കെ എഫ് സി കണ്ട സിറ്റി പിള്ളേരെ പോലെ ചിണുങ്ങി കൊണ്ട് മണം  പിടിച്ചു പാവം കൊന്ജുകള്‍ അവിടെയൊക്കെ ചുറ്റി തിരിയാന്‍ തുടങ്ങും. പാതി പണി കൊഞ്ചു ചെയ്യുന്നതോടെ ക്യാച്ചിങ്ങ് എന്ന ബാക്കി  പണി എളുപ്പം ആവും.


 അങ്ങനെ വിജയകരമായ ഒരുപാട് കൊന്ജു പിടിത്ത  ഏപ്പിസോഡുകള്‍ പകര്‍ന്നു തന്ന ആത്മ വിശ്വാസവുമായി     അന്നും ഞങ്ങള്‍ പതിവ് പരിപാടിക്ക് ഇറങ്ങി. രാത്രിയില്‍ ടോര്‍ച്ചിന്റെ വെട്ടത്തില്‍ കൊഞ്ചിന്റെ  കണ്ണ് സീറോ വോള്‍ട്ട്  ബള്‍ബ്‌ പോലെ തിളങ്ങും. അത് നോക്കി പോയാല്‍ സംഭവം എളുപ്പമാണ്. നേരത്തെ തേങ്ങാ പിണ്ണാക്ക്  ഇട്ടു സെറ്റപ്പ് ചെയ്ത സ്ഥലങ്ങളിലൂടെ ടോര്‍ച്ചും  മിന്നിച്ചു കൊണ്ട്  ഞങ്ങള്‍  നടന്നു. 

വയലില്‍ കാല്‍ പാദം  നനയുവാനുള്ള ആഴത്തിലെ വെള്ളം ഉള്ളു. മൂന്നു നാല് ചെറിയ മുട്ടി കൊഞ്ചിനെ  പിടിച്ചു അന്നത്തെ ഹരിശ്രീ കുറിച്ച ശേഷം ഞങ്ങൾ   കൂടുതല്‍ ഒഴുക്കുള്ള സ്ഥലത്തേക്ക് നീങ്ങി  

അതാ ഇരിക്കുന്നു ഒരു ജമ്പോ കൊന്ജ് !

ഒറ്റ നോട്ടത്തില്‍ തന്നെ ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും ശരിക്കങ്ങടു ബോധിച്ചു. കണ്ടാലെ അറിയാം ലവന്‍ ജിം ആണ്. നല്ല ബോഡി, വല്യ കാലൊക്കെ. എന്ത് വന്നാലും മിസ്സ്‌ ചെയ്യാന്‍ പാടില്ല. ടോര്‍ച്ച്‌ ഏട്ടന്‍റെ  കയ്യില്‍ കൊടുത്തു ഞാന്‍  ഒറ്റാലുമായി  അടിവെച്ച് അടിവെച്ച് മുന്നോട്ടു നീങ്ങി . 

ഇപ്പ പൊസിഷന്‍  കറക്റ്റ് ആണ്. 

സ്വാമിയെ ശരണമയ്യപ്പാ......!

ഠിം......ഒറ്റാല്‍ താഴ്ത്തി !

ഞാന്‍ ആരാ മോന്‍.... കിട്ടി.... അവന്‍ അകത്തു കുടുങ്ങിയിട്ടുണ്ട്...!
അകത്തു വെള്ളം തെറിപ്പിക്കുന്ന ഒച്ച കേൾക്കാം ..

ഏട്ടനെ ഗമയില്‍ നോക്കി കൊണ്ട് കൈ അകത്തേക്ക് കടത്തി...

ജമ്പോ, കളരിയാണെന്നു തോന്നുന്നു.... നല്ല മെയ്യ്‌ വഴക്കം.. ഒഴിഞ്ഞു മാറിക്കളിക്കുന്നു... 

ഒന്ന് കൂടെ കാര്യായിട്ട് പരതി . ..വാ മോനെ ദിനേശാ...

ഒരു നിമിഷം....!!!  

മിന്നൽ പോലെ എന്തോ ഒന്ന് കണ്ട പോലെ..

കണ്ണില്‍ പൊന്നീച്ച പറക്കുന്നു !

ഒന്നും ഓര്‍മ്മയില്ല...!!  

കയ്യിലൂടെ തല വരെ എത്തുന്ന ഒരു ഷോക്ക്‌....കയ്യില്‍ സൂചി കുത്തി കയറ്റിയ ..വേദന... 

കൈ വലിച്ചെടുത്തപ്പോള്‍ ചോര പൊടിക്കുന്നു...എന്തോ കാര്യമായിട്ട്  കടിച്ചിട്ടുണ്ട്.

മനസ്സില്‍ എട്ടടി മൂര്‍ഖനും,അണലിയും മുതല്‍  പേരറിയാത്ത പല അനോണിമസ്  പാമ്പുകളെയും  ഓര്‍മ്മ വന്നു.
ഡിസ്കവറി ചാനലിലെ ഓരോ പാമ്പു സീനുകളും മനസ്സിൽ റീപ്ലേ ചെയ്തു.

  ഈശ്വരാ ഞാന്‍ ഇപ്പൊ മരിക്കാന്‍ പോകുവാണോ ..എന്തൊക്കെ ആഗ്രഹങ്ങള്‍ ബാക്കി കിടക്കുന്നു.  
ഇപ്പോഴേ എന്നെ തിരിച്ചു വിളിക്കല്ലേ...പ്ലീസ്

 ഡിയര്‍ ഗോഡ് ..ഡോണ്ട് ഡൂ  ദിസ്‌ ടൂ മി !!

 ആകെ ദേഹം തളരുന്നത് പോലെ തോന്നി, വരമ്പത്തേക്കു കയറി കണ്ണടച്ച് കാലന്റെ   പോത്തിന്റെ   കരച്ചിലിന് ചെവിയോര്‍ത്തു കിടന്നു.  

തൊട്ടു വക്കത്തുള്ള പണിക്കത്തിയുടെ വീട്ടിലെ പശു ഡിന്നർ കാടി കിട്ടാൻ താമസിച്ചതിനു പരിഭവിച്ചു ഒന്ന് അമറിയതും അതെ ടൈമിൽ തന്നെ..

എല്ലാം തികഞ്ഞു.. പോത്ത് എത്തിയിട്ടുണ്ട്. ഇനി കയറെടുക്കേണ്ട താമസം മാത്രം...ഞാൻ വെയിറ്റ് ചെയ്തു 

എന്റെ ഭാവമാറ്റവും ചോരയും ഒക്കെ കണ്ടു ആകെ പേടിച്ചെങ്കിലും ബാക്കി ഉള്ള ഇത്തിരി ധൈര്യം സംഭരിച്ച് ഏട്ടന്‍ ഒറ്റാലിനകത്തെയ്ക്കു ടോര്‍ച്ച്‌ അടിച്ചു. 

അതാ  കിടക്കുന്നു... കറുത്ത് തടിച്ച  ഒരുത്തന്‍ ....വില്ലന്‍!....ഒരു മുഴുത്ത  കാരി..!

ദ്രോഹി...! ജമ്പൊയ്ക്കു വെച്ച വലയില്‍ ബോണസ് പോയിന്‍റ്  പോലെ അവന്‍ വന്നു കേറിയത്‌ ജാഡ കാണിച്ചു കൊണ്ട് നിന്ന ഞാന്‍ അറിഞ്ഞിരുന്നില്ല 

 ..അവന്‍റെയും എന്‍റെയും ബെസ്റ്റ് ടൈം... !  


                 എന്തായാലും ചേര കടിച്ചതല്ല കാരി കുത്തിയതാണ് എന്ന് മനസ്സിലായതോടെ കളഞ്ഞു പോയ ധൈര്യം ഒക്കെ തിരികെ വന്നു. മംഗലശ്ശേരി കാര്‍ത്തികേയനെ പോലെ പ്രതികാരം ചെയ്യാന്‍  ബാക്കിയുള്ള രക്തം തിളച്ചു. 
പക്ഷെ, ഇനിയൊരു പരീക്ഷണത്തിന് വയ്യാത്ത വിധം കൈ നീര് വെച്ചത് കൊണ്ട് ചേട്ടനെ കൊണ്ട് വില്ലനെ പിടികൂടി ഇടിച്ചു ഇഞ്ച   പരുവമാക്കി രാത്രിയില്‍  കപ്പയുടെ കൂടെ വിളമ്പിയിട്ടേ  അന്ന് പിന്നെ ഉറങ്ങിയുള്ളൂ.   ഈ സംഭവത്തിനു  ശേഷം കൊന്ജു പിടിത്തത്തില്‍ എന്‍റെ ആവേശം അല്പം കുറഞ്ഞെങ്കിലും...പൂര്‍ണമായും ആ കല ഉപേക്ഷിക്കുവാന്‍ മനസ്സ് വന്നില്ല. ആദ്യത്തെ പ്രതികാരത്തിന്റെ ശക്തി കൊണ്ടാവാം, പിന്നെ ഒരു കാരിക്കുഞ്ഞും ഞാന്‍ കൊഞ്ചിന്  വെച്ച ഒറ്റാലില്‍ വന്നു ചാടിയിട്ടുമില്ല.      

75 comments:

കണ്ണനുണ്ണി said...

എന്നെ പോലെ തന്നെ നാട്ടില്‍ നിന്ന് അകന്നു ജീവിക്കേണ്ടി വരുന്ന എല്ലാവര്‍ക്കുമായി ഈ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു.
ഓണത്തിന് മുന്‍പ് ചിലപ്പോ ഇനി ഒരു പോസ്റ്റ്‌ ഇടാന്‍ കഴിയുമോ എന്നറിയില്ല... അത് കൊണ്ട്, എല്ലാവര്ക്കും കണ്ണന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

കയ്യില്‍ ചൂണ്ടയും ഒറ്റാലും ഒക്കെയായി മഴക്കാലത്തെ വരവേറ്റിരുന്ന ഒരു കാലം..തോടുകളും ചിറകളും കുളങ്ങളും ഒക്കെ മാറി മാറി മീന്‍ പിടിക്കാന്‍ മഴചാറലും കൊണ്ട് കൂട്ടുകാരുമൊത്ത് നടക്കുമായിരുന്നു...നല്ല ഓര്‍മ്മകളിലേക്കു കൊണ്ട് പോയതിനു നന്ദി ...

ശ്രീ said...

കൊഞ്ചിനു വച്ചത് കാരിയ്ക്കു കൊണ്ടു... അല്ലേ?

മീന്‍ പിടിയ്ക്കുന്ന ചില സുഹൃത്തുക്കള്‍ക്ക് എസ്‌കോര്‍ട്ട് പോകാനല്ലാതെ പാടത്തും തോട്ടിലുമൊന്നും ഇറങ്ങാന്‍ വീട്ടില്‍ നിന്ന് സമ്മതം കിട്ടാറില്ലാത്തതു കൊണ്ട് ഇത്തരം സാഹസങ്ങള്‍ക്ക് മുതിര്‍ന്നിട്ടില്ല.

ഓണാശംസകള്‍!

കുക്കു.. said...

കൊള്ളാം...
എന്റെ യും ഓണാശംസകള്‍.
:)

പ്രയാണ്‍ said...

മീന്‍പിടുത്തത്തിന്റെ ത്രില്ലറിയാത്തകൊണ്ട് ഒന്നും പറയുന്നില്ല.എന്തെ ഓണത്തിനുമുമ്പ് പോസ്റ്റിടാന്‍ പറ്റില്ലെന്ന്....? ഇത്ര വേഗം നാട്ടില്‍ പോവ്വായ്യോ?എന്റെയും ഓണാശംസകള്‍

Ashly said...

എന്ടമോ....കൊല്ല് ... nostalgic അടിച്ചിടു ഇരിയ്കാന്‍ വയ്യ !!!!

ചേച്ചിപ്പെണ്ണ്‍ said...

കുഞ്ഞു നാളില്‍ എന്റെ അനിയന്മാരും മീന്‍ പിടിക്കാന്‍ പോവുമാര്‍ന്നു ....
ഓര്‍മ്മകള്‍ ഉണ്ടായിരിക്കട്ടെ ...

Unknown said...

hai nalla rasamundaakum alle
ingane meen pidichu nadakkan...

keraladasanunni said...

പുഴയില്‍ രാത്രി നേരത്ത് പെട്രോമാക്സുമായി മീന്‍ പിടിക്കാന്‍ പോയിരുന്ന കൂട്ടുകാരൂടെ കൂടെ ചെന്നിരുന്ന കൌമാര കാലം ഓര്‍മ്മിച്ചു.
palakkattettan_

രഞ്ജിത് വിശ്വം I ranji said...

കുളിക്കാന്‍ പോകുമ്പോള്‍ തോര്ത്ത്കൊണ്ട് ഞാനും പെങ്ങളും കൂടി നടത്തിയിരുന്ന മീന്‍ പിടുത്തമാണ് ഈ രംഗത്തെ ഏക പരിചയം അതില്‍ നെറ്റിയേല്‍ പൊന്നന്‍ അല്ലാതെ മറ്റൊന്നും കയറിയിരുന്നുമില്ല.

കണ്ണനുണ്ണിക്ക് ഹ്രുദ്യമായ ഓണാശംസകള്‍

Areekkodan | അരീക്കോടന്‍ said...

പുഴയില്‍ നിന്ന് കൊഞ്ചിനെ കൈ കൊണ്ട്‌ തപ്പി പിടിക്കുകയായിരുന്നു ഞങ്ങളുടെ വിനോദം.പുല്ലുകല്‍ക്കിടയിലും കല്ലിനടിയിലും തപ്പുമ്പോള്‍ അതിനകത്ത്‌ നിന്നും വല്ല പാമ്പും കൈക്ക്‌ കടിക്കുമോ എന്ന പേടി ഉണ്ടായിരുന്നു.ആ കാലം ഓര്‍മ്മിപ്പിച്ചു ഈ പോസ്റ്റ്‌. ഓണാശംസകള്‍

അനില്‍@ബ്ലോഗ് // anil said...

കൊള്ളാം കണ്ണനുണ്ണീ,
ചൂണ്ടലിടാനും മീന്‍ പിടിക്കാന്‍ പോകലും ഒക്കെ ഒരു രസമാ.
പുതുമഴ പെയ്യുമ്പോള്‍ പാടത്തുകയറുന്ന മീനിനെ വെട്ടിപ്പിടിക്കാറുമുണ്ട്.

കണ്ണനുണ്ണി said...

പ്രവീണ്‍, ശ്രീ,കുക്കു, ക്യാപ്റ്റന്‍: നന്ദി
പ്രയാന്‍ ജി: നന്ദി, ഓണത്തിന് മുന്‍പ് ഒന്ന് കൂടെ ഇടണം എന്ന് ഉണ്ട്, പക്ഷെ കുറെ തിരക്കിലും പിന്നെ അവധിയിലും ആവും , ചിലപ്പോ അത് കൊണ്ട് പറ്റില്യെ
ചേച്ചിപ്പെണ്ണെ: നന്ദി ഈ വഴി വന്നതിനു, ഇനിയും വരണേ
പിരികുട്ടി: പിന്നില്യെ...അതൊക്കെ എത്ര പറഞ്ഞാലും തീരാത്ത രസവാ
പലക്കട്ടെട്ടാ : സന്തോഷായി , ഓര്‍മ്മകളിലേക്ക് കൊണ്ട് പോവാന്‍ കഴിഞ്ഞു എന്നറിഞ്ഞതില്‍
രഞ്ജിത്ത്, അരീക്കോടന്‍ മാഷെ: നന്ദി
അനില്‍ മാഷെ: ഇതിലെ വന്നതിനു നന്ദി,ശരിയാണ്..ഇപ്പോഴും ഞാനും അച്ഛനും കൂടെ വരാലിനെ പിടിക്കാന്‍ ചൂണ്ടയുമായി പോയി നില്‍ക്കാറുണ്ട്.

dhooma kethu said...

കൊഞ്ച് പുരാണത്തില്‍ അവിസ്മരനീയം ആയ ചില ശാസ്ത്രീയ തത്വങ്ങള്‍ .
ആന്കൊന്ചിനും കിളി കൊണ്ചിനും മീശ ഉണ്ട്
കൊടമ്പുളി , നീളത്തില്‍ അറിഞ്ഞ പച്ച മുളക്, പച്ച ഇഞ്ചി തുടങ്ങിയ രാസ വസ്തുകളുടെ അകമ്പടിയോടെ പാത്രത്തില്‍ മേശ പുറത്തു ഇരിക്കുന്ന കൊഞ്ചിനെ പിടികുന്നത് ആണ് കൂടുതല്‍ സൗകര്യം.
പെണ് കൊഞ്ചിനെ, ആണ്‍ കൊഞ്ചിന്റെ വാരിയേലില് നിന്നും അല്ല സൃഷ്ടിച്ചത് ( കാരണം കൊണ്ചിനു വാരിയെല്ല് ഇല്ല )
അതി മനോഹരം ആയ ഒരു ഇതിഹാസത്തിന്റെ ഉഷസ് പോലെ തോന്നി കണ്ണനുണ്ണി ; ഒരമകള്‍ ചിറകു വിരികുവാന്‍ വെമ്പുന്ന ഒരു പ്രതീതി .
ഇനിയും ഏതൊകെ വിദൂര ചക്രവാളങ്ങള്‍ ആണ് തരണം ചെയ്യുക , എത്ര സ്വപ്നങളില്‍ ആണ് പൂവുകള്‍ വിരിയുക എന്നൊകെ ഓര്‍ത്തപ്പോള്‍ ചെറിയ ഒരു സന്തോഷം

Sukanya said...

കണ്ണനുണ്ണി, ഈ ഒറ്റാല്‍ എന്താണെന്നു ഇപ്പോഴാ മനസ്സിലായത്‌. പിണ്ണാക്കിന്റെ മണം കൊഞ്ചിന്റെ വീക്നെസ് ആണെന്നും.

ആദ്യം കിട്ടിയ കൊഞ്ചിനെ ഗണപതിക്ക്‌, അത് നന്നായി.

ഡിയര്‍ ഗോഡ് ..ഡോണ്ട് ഡൂ ദിസ്‌ ടൂ മി !! പണി കൊഞ്ച് പിടുത്തം ആണെങ്കിലും നാവില്‍ ഇംഗ്ലീഷ്.
ഹഹഹഹ

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

പക്ഷെ ഈ ചൂണ്ടയിടാനൊക്കെ നല്ല ക്ഷമ വേണ്ടേ ? ആദ്യം മണ്ണിരയെ പിടിക്കണം, പിന്നതിനെ ചൂണ്ടയില്‍ കൊരുക്കണം, അതും പിടിച്ചു തോട്ടുവക്കത്തെ കൈതക്കാട്ടില്‍ പോയി ഉറുമ്പ് കടിയും കൊണ്ട് നില്‍ക്കണം. ആകെ മെനക്കേട്.

കണ്ണാ ഇത് കറക്ട്... എനിക്കൊരിക്കലും ചൂണ്ടയിട്ടു രസിക്കാനുള്ള ക്ഷമ ഉണ്ടായിട്ടില്ല .. പിന്നെ പലരും ഈ ഏട്ടന്റെ കൂടെയുള്ള നടപ്പിനെ കുറിചെഴുതുമ്പോള്‍ ഒരു കുശുമ്പ് ... ഒരെട്ടനുണ്ടായിരുന്നെന്കില്‍ എന്ന് ഞാന്‍ ഏറെ ആശിച്ചിട്ടുണ്ട് ..

ബോണ്‍സ് said...

കൊഞ്ചും കാരിയും...കൊതിച്ചു പോയി...

siva // ശിവ said...

കുട്ടിക്കാലം ഓര്‍ത്തുപോയി....

അരുണ്‍ കായംകുളം said...

ഈ കാരി തന്നാണൊ മുഷി?
വീട്ടിലെ കുളത്തില്‍ ഒരു മുഷി ഉണ്ടാരുന്നു.എന്നെ മൂന്ന് പ്രാവശ്യം കുത്തി.ഇന്നത് ജീവനോടില്ല.
ഞാന്‍ കൊന്ന് തിന്നു!!
പോസ്റ്റ് കൊള്ളാട്ടോ

Anonymous said...

ഇതു വായിച്ച് വളരെ നൊസ്റ്റാള്‍ജിക്ക് ആയിപ്പോയി.ഈ “ഊത്തല്‍മീന്‍” (അങനാണു ഞങള്‍ പറയുന്നത്)ചെറുപ്പത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട മീനാരുന്നു.അക്കാലത്തെ മീനിനു പക്ഷെ വലിയ വില കൊടുക്കേണ്ടിവരും..എന്നാലും എല്ലാരും വാങാനൊരു മത്സരമാണ്.തകര്‍ക്കുന്ന വര്‍ഷവും എരിയ്ക്കുന്ന മീനും..അത്ര ഒരു കൊംബൊ എവിടുണ്ട് ?

കാരി എന്താന്നു മനസ്സിലായില്ല.നാട്ടില്‍ ചിലപ്പോ വേറെ പേരാവും..വിവരണം കേട്ടിട്ട് മൂഴി എന്നു വിളിക്കുന്ന മീനാന്നു തോന്നണു.

Nandan said...

നോസ്ടാല്ജിയ ഉണ്ടാക്കുന്ന എഴുത്ത്. കൊന്ഞും കപ്പയും വയലും പാടവും ഒക്കെ ഒരു നിമിഷം ഓര്‍ത്തു പോയി. ശരിക്കും ഇഷ്ടമായി കണ്ണനുണ്ണി
..ആശംസകള്‍

കണ്ണനുണ്ണി said...
This comment has been removed by the author.
കണ്ണനുണ്ണി said...

ധ്രുവം ചേട്ടാ : കറി പാത്രത്തില്‍ നിന്ന്നു മീനിനെ പിടി കൂടാന്‍ ഒറ്റാല് വേണ്ട..ഹി ഹി.. ശരിക്കും ഈ കുറിപ്പ് ഇഷ്ടം ആയി എന്നറിഞ്ഞതില്‍ ഒത്തിരി സന്തോഷം
സുകന്യ: ഹി ഹി അപ്പൊ ഒറ്റാല്‍ എന്താണെന്ന് ഇപ്പൊ പഠിച്ചില്ലേ.. ഇനി മറക്കല്ല് ട്ടോ...
ശാരദ നിലാവ്: ഏട്ടനും അനിയനും ഒക്കെ ഉണ്ടെങ്കില്‍...കുട്ടിക്കാലത്തെ അവരുമായുള്ള ഇത് പോലെ ഉള്ള ഓര്‍മ്മകള്‍ എന്നും മനസ്സില്‍ ഒരു കുളിര്‍മ്മ ആണ്.. എത്ര വളര്‍ന്നാലും
ബോണ്‍സ്, ശിവ: നന്ദി
അരുണേ : അരുണിനെ ആദ്യത്തെ തവണ കുത്തിയ ശേഷം വീണ്ടും രണ്ടു കുത്തിനു കൂടെ ആ മുഷി ജീവിച്ചിരുന്നു എന്നറിഞ്ഞതാണ് അത്ഭുതം :)
ആന്‍: ഇതിലെ വന്നതിനു നന്ദി: കാരി എന്നാല്‍ മുഷി അല്ല. പക്ഷെ മുഷിയെ പോലെ തന്നെ ഇരിക്കും. കുറച്ചു കൂടി ആക്രമണകാരി ആണ്.
നന്ദന്‍: ഇഷ്ടായി എന്നറിഞ്ഞതില്‍ ഒത്തിരി സന്തോഷം

Anand Sivadas said...

ശകുന്തളക്കു ഒരു കമന്റ്‌ ഇടാന്‍ വന്നതാ;
അപ്പൊ ദേ ഒരു കാരി കുടിങ്ങി കിടക്കുന്നു...
ബ്ലോഗ് വായിക്കാന്‍ സമയം കണ്ടെതുന്നെങ്ങിലും കംമെന്റടിക്കാന്‍ ടൈം കിട്ടുന്നില്ല കണ്ണനുണ്ണി!
ശകുന്തളയെ ഒരുപാടിഷ്ടമായി... എനിക്കുമുണ്ടായിരുന്നു ഇതുപോലെ ഒരു കൂട്ടുകാരി. എല്ലാ തല്ലുകൊള്ളിത്തരത്തിനും കൂടെ നിന്നു അടിയുടെ ഒരു പാര്‍ട്ട്‌ equal ആയി ഷെയര്‍ ചെയ്തിരുന്നവള്‍...
ഒടുവില്‍ ഒരു ഒളിച്ച്ചോടലിലൂടെ സര്‍വരെയും (എന്നെ ഒഴികെ :P ) ഞെട്ടിച്ച മൈ ഡിയര്‍ ഫ്രണ്ട്. ഒരു കുഞ്ഞു ജനിച്ചവന് 3 വയസ്സ് കഴിഞ്ഞിട്ടും ഇപ്പോളും ശൈശവ അവസ്ഥയിലുള്ള അവള്‍ടെ പോട്ടതരങ്ങളെ ഓര്‍മിപ്പിച്ചു!

മീന്‍പിടുത്തം പോയിട്ട് വയല്‍ വരമ്പില്‍ പോലും ഞാന്‍ എന്റെ കുട്ടികാലത്ത് പോയിട്ടില്ല...
ഒരു ഫാന്റസി സ്റ്റോറി പോലെ തോന്നി കണ്ണന്റെ ബ്ലോഗ്...
അതുകൊണ്ട് ഈ പോസ്റ്റ് വായിച്ചിട്ട് nostalgia ഒന്നും ഫീല്‍ ചെയ്തില്ല...
but ഒരുപാടിഷ്ടമായി... like the earlier posts!

Happy to find that a techie is finding time out of his life to blog on small nuances in life!
Keep blogging!


ഓണംശംസകള്‍!

സബിതാബാല said...

കിഴക്കുനിന്നു വന്നതും ഇല്ല ഒറ്റാലില്‍ കിടന്നതും പോയി എന്നൊരു ചൊല്ലുണ്ട്...വെട്ടുവേനി കനാലിന്റെ അരുകിലെ പാടത്ത് പിള്ളേരിങ്ങനെ നില്‍ക്കുന്നത് കണ്ടിട്ടുണ്ട്...

കുറുമാന്‍ said...

ഇന്നലെ ഞാന്‍ ഇതില്‍ ഒരു കമന്റ് ഇട്ടിരുന്നു എന്നാണോര്‍മ്മ.....അത് വന്നില്ല. നെറ്റ് പ്രോബ്ലം ആയിരിക്കും ഹേതു.

ഒറ്റാല്, ചൂണ്ട, മീന്‍പിടുത്തം, അയ്യോ നോസ്റ്റാല്‍ജിയ, നോസ്റ്റാല്‍ജിയ... കാരിക്ക് തൃശൂരില്‍ പറയുന്ന പേര് കടു. അനില്‍ ന്റെ ബ്ലോഗില്‍ മീനുകളെ കുറിച്ച് വളരെ അധികം പോസ്റ്റുകള്‍ ഉണ്ട്.

നന്ദി കണ്ണനുണ്ണീ.

ബിനോയ്//HariNav said...

കണ്ണനുണ്ണീ കൊഞ്ച് പുരാണം രസിച്ചങ്ങട് വായിച്ചു.

ഓണാശംസകള്‍ :)

khader patteppadam said...

മേലില്‍ ഒറ്റാലില്‍ കയ്യിടുമ്പോള്‍ സൂക്ഷിക്കുക.

ramanika said...

ഓണാശംസകള്‍.
പോസ്റ്റ്‌ വായിച്ചു ഇഷ്ടമായി

Anil cheleri kumaran said...

കടി കിട്ടിയിട്ടും, ഒറ്റാലീന്നു പിടി വിട്ടില്ലല്ലോ..

കണ്ണനുണ്ണി said...

ആനന്ദ്‌: ഒളിച്ചോടല്‍ കൊണ്ട് പ്രസിദ്ധരായ കൂട്ടുകാര്‍ എനിക്കും ഉണ്ട്. :) പിന്നെ ഇനിയും ഇത്തരം കുഞ്ഞു കുഞ്ഞു ഓര്‍മ്മകള്‍ പങ്കുവയ്ക്കാന്‍ ശ്രമിക്കാം.. നന്ദി
സബിത: പക്ഷെ ഒരു കുത്ത് കൊണ്ടാലും രണ്ടിനെയും പിടിചോണ്ട ഞങ്ങള് മടങ്ങിയെ...
കുറുമാന്‍: ഇതിലെ വന്നതില്‍ സന്തോഷം, ഇഷ്ടായി എന്നറിഞ്ഞതില്‍ അതിലും സന്തോഷം
ബിനോയ്‌: നന്ദി
ഖാദര്‍: :)
രമണിക: നന്ദി
കുമാരന്‍: പിന്നല്ലാതെ...:)

സന്തോഷ്‌ പല്ലശ്ശന said...

എന്തായാലും ചേര കടിച്ചതല്ല കാരി കുത്തിയതാണ് എന്ന് മനസ്സിലായതോടെ കളഞ്ഞു പോയ ധൈര്യം ഒക്കെ തിരികെ വന്നു. മംഗലശ്ശേരി കാര്‍ത്തികേയനെ പോലെ പ്രതികാരം ചെയ്യാന്‍ ബാക്കിയുള്ള രക്തം തിളച്ചു.


ഇനിയുമൊരങ്കത്തിനു ബല്യമുണ്ടൊ......

കണ്ണാ വായിച്ചു രസം പിടിച്ചു.... നല്ല എഴുത്ത്‌. പാതിരക്ക്‌ കൊഞ്ചു പിടിക്കാന്‍ ഞാനും കണ്ണന്‍റെ കൂടെ വന്നതുപോലെ ഒരനുഭവം... കൊഞ്ചുകടിച്ച രംഗമെത്തിപ്പൊ കാലിന്‍റെ അടിതൊട്ട്‌ മുടിവരെ ഒരു ഷോക്ക്‌ പാഞ്ഞതു പോലെ തോന്നി

സന്തോഷ്‌ പല്ലശ്ശന said...
This comment has been removed by the author.
ആര്‍ദ്ര ആസാദ് / Ardra Azad said...

നല്ല പോസ്റ്റ്....
ഓണാശംസകള്‍

മുക്കുവന്‍ said...

Kaari.. is a troublesome guy. some of them very poisnous. bloody swelling never go for a month :) had many incidents.. but that was our daily income, so has to go back :(

good fluent writting!

raadha said...

കണ്ണാ കൊന്ജു പിടിത്തം അസ്സലായി. പണ്ട് ഒരിക്കെ നല്ല മഴക്കാലത്ത് ചേച്ചിയുടെ കൂടെ മുറ്റത്തെ മഴ വെള്ളത്തില്‍ ഒഴുകി വരുന്ന മീനിനെ പിടിക്കുകയായിരുന്നു. അമ്മ കണ്ടാല്‍ തല്ലു കിട്ടും. കഷ്ടകാലത്തിനു അമ്മ വരുമ്പോള്‍ ചെറിയ മഴയും നനഞ്ഞു ഉടുപ്പൊക്കെ നനച്ചു ഞങ്ങള്‍ രണ്ടാളും വെള്ളത്തില്‍. ചേച്ചിക്ക് അപ്പൊ കിട്ടിയ മീന്‍ എന്ത് ചെയ്യണമെന്നു പിടി കിട്ടിയില്ല. ആള്‍ എന്നെക്കളും
സാമര്ത്യക്കാരി!! അമ്മ കാണാതെ ഇരിക്കാന്‍ പുള്ളിക്കാരി ആ പച്ച മീനിനെ അങ്ങനെ തന്നെ വായിലേക്കിട്ടു!! അമ്മ കണ്ടു പിടിച്ചപ്പോ കിട്ടിയ അടിയുടെ പൂരം പിന്നെ പറയണോ? ഇപ്പോഴും ഓര്‍ത്തു ചിരിക്കാറുണ്ട്..കണ്ണന്റെ പോസ്റ്റ്‌ പഴയ കാലത്തിലേക്ക് കൊണ്ട് പോയി...

ആദ്യത്തെ ഓണാശംസ കണ്ണനിരിക്കട്ടെ!

പള്ളിക്കുളം.. said...

താൻ കരട്ടി എന്നു പറഞ്ഞപ്പഴേ മനസ്സിലായി നമ്മടെ ഹരിപ്പാട്ടുകാരനാണെന്ന്. നല്ല വിവരണമായിരുന്നു. ഹരിപ്പാട് വരെ പോയി വന്നപോലെ.

ആത്മ said...

കണ്ണന്റെ കഥകള്‍ വായിക്കാന്‍ നല്ല രസമുണ്ട്!
ഇനിയും എഴുതിക്കൊണ്ടേ ഇരിക്കൂ..
‘ആസംസകള്‍’

Munna-pia said...

നല്ല കഥ!
‘ആശംസകള്‍!’

കണ്ണനുണ്ണി said...

സന്തോഷേട്ടാ: നമുക്കൊരീസം പോയേക്കാം ഒറ്റാലും കൊണ്ട് കൊഞ്ഞു പിടിക്കാന്‍.. ഹ ഹ
ആര്‍ദ്ര: നന്ദി
മുക്കുവന്‍: അതെ അതെ കാരിയും കൂരിയും മുഷിയും ഒക്കെ പ്രശ്നവാ....ആകെ ദേശ descent വരാല് മാത്രവാ
രാധ: എങ്കില്‍ അത് ഒരു പോസ്റ്റ്‌ ആക്കു.. ബാക്കി ഉള്ലോരുടെ ഓര്‍മ്മയില്‍ പങ്കു ചേരട്ടെ. ആദ്യത്തെ ഓണാശംസ എനിക്ക് തന്നെ തന്നതില്‍ ഒത്തിരി സന്തോഷം.
പള്ളികുളം: ആഹ മാഷും ഹരിപാട് കാരന്‍ ആണോ...
ആത്മ: നന്ദി, ഇനിയും വരണേ
മുന്ന: നന്ദി

Typist | എഴുത്തുകാരി said...

അപ്പോ ഓണത്തിനു നാട്ടിലുണ്ടാവും അല്ലേ. പഴയ ഓര്‍മ്മകള്‍ നന്നായി.

ശ്രീദോഷ്... said...

കണ്ണനുണ്ണി ചേട്ടാ വൈകിയതിൽ പരിഭവം അരുത്...
ഒരു പുതുമുഖമാ...കേട്ടോ...
നല്ല പോസ്റ്റ്....

Nandan said...
This comment has been removed by the author.
Nandan said...

വായിക്കുമ്പോള്‍ നാട്ടില്‍ എത്തിയ സന്തോഷം തോന്നുന്നു..
...ഇത് പോലെ ഉള്ള ഓര്‍മ്മകള്‍ ഇനിയും എഴുതുക

shajkumar said...

interesting.

ഹാരിസ് നെന്മേനി said...

ഞങ്ങടെ വയനാട്ടില്‍ അധികം മീനൊന്നും ഇല്ല ..അതോണ്ടും കൂടിയാവും വായിക്കാന്‍ നല്ല രസം ...കൊള്ളാം

Akbar said...

നല്ല നര്‍മ ഭാവന. ഇഷ്ടമായി

കണ്ണനുണ്ണി said...

എഴുത്തുകാരി ചേച്ചി: ഒരാഴ്ച നാട്ടില്‍ അടിച്ചു പൊളിക്കും ഓണം
ശ്രീതോഷ്‌: ലേറ്റ് ആയാലും വന്ന്നല്ലോ...:)
നന്ദന്‍, ഷാജ്: നന്ദി
നെന്മണി: കുറച്ചു കാരി കുഞ്ഞുങ്ങളെ തന്നു വിടട്ടെ എങ്കില്‍
അക്ബര്‍: നന്ദി

Rani Ajay said...

എന്റെ നാട്ടിലും എങ്ങനെ മീന്‍ പിടുത്തം കമ്പം കേറിയ കുറച്ചു കൂട്ടുക്കാര്‍ ഉണ്ട്.. അതില്‍ ഒരുത്തന്‍ ഒറ്റാലില്‍ കൈയെട്ടു പോളവനെ പിടിച്ചിട്ടുണ്ട് ...ഇപ്പോള്‍ പോളവന്‍ എന്നാ പേരിലാണ്‌ അവന്‍ അറിയപെടുന്നത് ..ഇതു വായിച്ചപ്പോള്‍ അതാണ് മനസ്സില്‍ എത്തിയത് ... ഇനിയും ഇങ്ങനെ പോരട്ടെ

പാവത്താൻ said...

ഒറ്റാലിലും തടവലയിലുമൊക്കെ കുടുങ്ങുന്ന നീര്‍ക്കോലികളെ, വാളയാണെന്നു പറഞ്ഞ് പവങ്ങളെക്കൊണ്ടു (പാവത്താന്മാരെക്കൊണ്ടും) പിടിപ്പിക്കുന്നത് ഞങ്ങളുടെ നാട്ടിലെ ഒരു സ്ഥിരം പരിപാടിയായിരുന്നു.

Unknown said...

ചക്കരെ വളരെ നന്നായിട്ടുണ്ട്, ഒറ്റാല്‍‍ എന്ന് പറയുന്ന ഐറ്റം എന്തായാലും കൊള്ളാം

രാജീവ്‌ .എ . കുറുപ്പ് said...

ഓഹ് നാട്ടില്‍ പോയി മീന്‍ പിടിച്ചിട്ടേ ഇനി ബാക്കി കാര്യം ഉള്ളു.

എന്റെ മച്ചൂ പഴയ കല ഓര്‍മകള്‍ വീണ്ടും ഉണര്‍ത്തിയതിന് ഒരു പാട് നന്ദി.
(ഞങ്ങളുടെ നാട്ടില്‍ കാരി കുത്തിയാല്‍ ഉടന്‍ തന്നെ സ്വന്തം മൂത്രം ഒഴിക്കും, പഴമക്കാര് പറയുന്നതാ )

രഘുനാഥന്‍ said...

ഉണ്ണീ ..കൊഞ്ചും കരിമീനും കൂട്ടി കപ്പ തിന്നുന്നത്‌ ഓര്‍ത്തപ്പോള്‍ വായില്‍ കപ്പലോടിക്കാന്‍ പാകത്തില്‍ വെള്ളം നിറഞ്ഞു...

(ജയന്‍ പറയുന്നത് പോലെ പറഞ്ഞാല്‍: "ഒരു കൊഞ്ചിനെ കിട്ടിയിരുന്നെങ്കില്‍..... കുപ്പിയുടെ കഴുത്തു പിരിക്കാമായിരുന്നു"...................)

കണ്ണനുണ്ണി said...

റാണി: അതെയോ...ഞാനും ഒരിക്കല്‍ പിടിച്ചിട്ടുണ്ട് ചൂണ്ടയില്‍... ചോണ്ട വലിച്ചെറിഞ്ഞു ജീവനും കൊണ്ട് ഓടി അന്ന്...
വിഷ്ണു: നന്ദി ട്ടോ
പാവത്താന്‍: ഹി ഹി കാര്യം മനസ്സിലായി.. മാഷിന് ആരാ പണി തന്നെ?
കുറുപ്പേ: ഒരു സംശയം ...
"ഞങ്ങളുടെ നാട്ടില്‍ കാരി കുത്തിയാല്‍ ഉടന്‍ തന്നെ സ്വന്തം മൂത്രം ഒഴിക്കും, പഴമക്കാര് പറയുന്നതാ "....
<< ഇതാരുടെ കാര്യവാ... കാരിയുടെയോ അതോ കുത്ത് കൊള്ളുന്ന ആളുടെയോ...
രഘുമാഷേ: ശ്ശൊ കളഞ്ഞില്ല്യെ.. കൊഞ്ഞിന്റെം കരിമീന്റെം കൂടെ ആരാ മിലിട്ടറി ഒക്കെ അടിക്കണേ... നല്ലേ നാടന്‍ തെങ്ങിന്‍ കള്ളല്ലേ കോമ്പിനേഷന്‍ ...ഹിഹി

വയനാടന്‍ said...

മനസ്സു നിറഞ്ഞൂ കണ്ണാ.
ഒരു പക്ഷേ ഇനിയൊരിക്കലും ഒരു കാരിക്കുഞ്ഞും നിങ്ങളുടെ ഒറ്റാലിൽ വന്നു വീഴില്ല. കാരണമ
കാരിയും കൊഞ്ചും നമ്മുടെ നാട്ടിൽ നിന്നും അപ്രത്യക്ഷമായിത്തുടങ്ങിയിരിക്കുന്നു.
ഓണാശം സകൾ

വരവൂരാൻ said...

ആദ്യത്തെ പ്രതികാരത്തിന്റെ ശക്തി കൊണ്ടാവാം, പിന്നെ ഒരു കാരിക്കുഞ്ഞും ഞാന്‍ കൊന്ജിനു വെച്ച ഒറ്റാലില്‍ വന്നു ചാടിയിട്ടുമില്ല

മീനിനു പ്രതികാരമില്ലാ..അത്‌ എന്നും വലയിൽ വന്നു വിഴാറുണ്ട്‌. രസകരമായ്‌ അവതരിപ്പിച്ചിരിക്കുന്നു..ഓണാശംസകൾ

snehapoorvamveena said...

മറ്റാരോടും പറയാതിരുന്നത് നന്നായി അല്ലെങ്കില്‍ കാരി കുത്തിയ കണ്ണന്‍ എന്ന് വിളി പേര് വന്നേനെ
..ആന കുത്തിയ രാമന്‍ എന്നെരാല്‍ വീടിനടുതുണ്ടേ

Mohanam said...

കണ്ണനുണ്ണീ നല്ല പോസ്റ്റ്‌,

ഞാനും കൂട്ടുകാരോടൊത്ത്‌ പോയിട്ടുണ്ട്‌, ഞങ്ങള്‍ ഒറ്റാല്‍ അല്ല ഉപയോഗിച്ചിരുന്നത്‌, ഞങ്ങള്‍ തന്നെ കണ്ടുപിടിച്ച ഒരു സൂത്രം അതായത്‌ കമ്പി വളച്ച്‌ 'O' ഷേപ്പ്‌ ആക്കും അതില്‍ കൊതുകുവല കെട്ടും എന്നിട്ട്‌ ഒറ്റാല്‍ കമഴ്‌ത്തുന്ന പോലെ ഒരു വേല.
ഒരിക്കല്‍ വരാലിനെ തപ്പിപ്പിടിക്കാന്‍ ഇറങ്ങിയപ്പോള്‍ എനിക്കും കിട്ടി ഒരു കുത്ത്‌. പക്ഷേ അവനെ വിടാതെ കരയിലേക്ക്‌ ഒരേറും കൊടുത്തു, കരയില്‍ വീണ്‌ പിടക്കുന്നത്‌ കണ്ടപ്പോഴാണ്‌ സമാധാനമായത്‌.

മധു മിത said...

കണ്ണനുണ്ണി ഒരു മത്സ്യ കൊതിയന്‍ ആണ് .കാരിയുടെ ആക്രമണം വകവൈക്കാതെ പിന്നീടും മത്സ്യവെട്ട നടത്തി എന്നുവേണം അനുമാനിക്കാന്‍ ,ഒരു നാടന്‍ കുട്ടനാട്ട്‌ കാരനെ
മറനീക്കി കാണിച്ചിരിക്കുന്നു ,

കണ്ണനുണ്ണി said...

വയനാടന്‍: സത്യമാണ് മാഷെ, മുന്‍പ് തോട് വറ്റിച്ചാല്‍ നിറയെ മീന്‍ പിടയ്ക്കുമായിരുന്നു.. ഇപ്പൊ വളരെ വളരെ കുറവാണ് കിട്ടുന്നെ.. എല്ലാം ഓര്‍മ്മ ആയി തുടങ്ങുന്ന്നു
വരവൂരാന്‍: നന്ദി
വീണ: ഹി ഹി അതെ അതെ ചെല്ലപേര് കിട്ടാതെ ഇരുന്നത് നന്നായി
മോഹനം: കൊതുകുവല കൊണ്ട് ഉള്ള കലാപരിപാടിയും ഞങ്ങള്‍ പരീക്ഷിചിടുന്ന്ട് ട്ടോ....ഹിഹി പക്ഷെ ഒറ്റാലിനോളം വരില്യ ഒന്നും...
മധുമിത: ഹിഹി മീന്‍പിടിത്തം ഒരു സ്ഥിരം ഹോബി ആയിരുന്ന്നെന്കിലും മീന്‍ കഴിക്കുന്നതില്‍ ഞാന്‍ പിറകോട്ടു ആയിരുന്നു. പിന്നെ 'നാടന്‍ കുട്ടനാട്ടുകാരന്‍' എന്നാ പ്രയോഗത്തിന് ഒരു ഭംഗി കുറവ് ഇല്യേ..? കുട്ടനാട്ടുകാരന്‍ എന്ന് പറഞ്ഞാല്‍ തന്നെ തനി നാട്ടിന്‍ പുറത്തു കാരന്‍ അല്ലെ...

വിന്‍സ് said...

കണ്ണാ സംഭവം കൊള്ളാം.... പഴയ ഊത്ത കയറുമ്പോളുള്ള ആവേശം ഓര്‍ത്തു പോയി. പിന്നെ എബനേസറില്‍ ആണോ പഠിച്ചതു??? ഹരിപ്പാട്ടുകാരന്‍ അവിടെ പഠിക്കാന്‍ വഴി ഇല്ലല്ലൊ...പിന്നെ??

സ്നേഹതീരം said...

രസകരമായ പോസ്റ്റ്. വായിച്ചു തീർന്നതറിഞ്ഞില്ല :) ഓണാശംസകൾ.

VEERU said...

good ...ഓണാശംസകൾ !!!!

the man to walk with said...

ishtaayi

തൃശൂര്‍കാരന്‍ ..... said...

നന്നായിട്ടുണ്ട്, കാരിമീന്‍ പറ്റിച്ചു ല്ലേ, ഞാന്‍ കൂടി "ജമ്പോ" നെ സംശയിച്ചു...ഏകദേശം ഇതേ കഥയോട് സാമ്യമുള്ള എന്റെ "തവള പിടുത്ത പുരാണം" എന്ന കഥ വായിക്കാന്‍ ഇവിടെ ഞെക്കുക..
http://chirikkoottukal.blogspot.com/2009/08/not-completed.html

പ്രിന്‍സ് മോന്‍ said...

ഒരു കമന്റിന് ഇത്രയും നാള് താമസിച്ചത് ക്ഷമിക്കുക. ഞാന്‍ മലയാളം ബ്ലോഗ്ഗിങ്ങില്‍ പുതിയ ആളാണെന്ന് അറിയാമല്ലോ. തുടര്‍ന്നും സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു. ഓണാശംസകള്‍...

രഞ്ജിത് ആന്റണി said...

ഒറ്റാലു കോണ്ടു േവറെ ഒരു പ്രയോഗമുണ്ട്. കൊയ്ത്തു കഴിഞ്ഞു പാടത്തു വെള്ളം കേറ്റുമ്പോള് ആ വിടവില് ഇവനെ ഫിറ്റ് ചെയ്യുക. പിന്നെ കോളാണ്. അസ്സോറ്ട്ടട് മീന്സ് കൂട്ടി കപ്പയോ ചോറോ തിന്നാം .. അമ്മ വീട് കുട്ടനാടാണ്, അതു കോണ്ടു ഈ പോസ്റ്റ് ശരിക്കും നൊസ്റ്റാള്ജിയ ഉണറ്ത്തി.

വറ്ഷങ്ങള്ക്കു ശേഷം എന്റെ ഒരു മെക്സിക്കന് സുഹൃത്ത് അവന് പണ്ടു മെക്സിക്കോയില് മീന് പിടിച്ചു നടന്ന കഥ വിവരിച്ചപ്പോള് അവരുപയോഗിക്കുന്ന ഒരു സാധനത്തെ ക്കുറിച്ചു വാചാലനായി, പറഞ്ഞു വന്നപ്പോള് എന്താ ഒറ്റാല്

Anonymous said...

ഇതു വഴി വന്നിട്ട്‌ നാളു കുറേ ആയി...

വന്നപോഴuണ്ട്‌ കാരിയെ പറ്റി ഒക്കെ എഴുതിയേക്കണു... സത്യം പറയാമല്ലോ.. കാരി സതീഷിനെ പറ്റി എന്തോ എഴുതിയേക്കുവന്ന ഞാന്‍ കരുതിയെ.. പിന്നെ date ഒക്കെ നോക്കിയപ്പോ...

ഹ.. എനിക്കു അതു പോലെ മിന്‍ പിടിക്കാന്‍ തോടും കുളവും ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും.. ഞാനും പിടിച്ചിട്ടുണ്ട്‌ കുറേ മീനിനെ... drainage ഓടയില്‍ നിന്നു...പെറ്റികോട്ടും ഇട്ടു അങ്ങോട്ട്‌ ഇറങ്ങും... എന്നിട്ട്‌ തോര്‍ത്തിട്ട്‌ മീന്‍ പിടിക്കുന്ന principle നു വെച്ച്‌ പെറ്റികോട്ടില്‍ പിടിക്കും... മാനത്തുകണ്ണി ആയിരുന്നു എപ്പോഴും എന്റെ റ്റാര്‍ഗെറ്റ്‌...പിന്നെ safty pin വളച്ച്‌ chuunT unTaakki , ചേമ്പ്‌ ഇലയില്‍ ഇരിക്കുന്ന കുഞ്ഞ്‌ പച്ച വിട്ടിലിനെ പിടിച്ച്‌ അതില്‍ കോര്‍ത്ത്‌.. ഇപ്പോ എതെങ്കിലും വംബന്‍ മീന്‍ വന്നു കൊത്തുമെന്നും പറഞ്ഞു കാത്തിരുന്നിട്ടുണ്ട്‌....
അഴുക്ക്‌ വെള്ളത്തില്‍ ഇറങ്ങുന്നതിനു കുറേ അടിയും അമ്മയുടെ കൈയ്യില്‍ നിന്ന് വാങ്ങിയിട്ടുണ്ട്‌.. ഇന്നു ആ ഓടയിലെ വെള്ളത്തിനു കറുത്ത നിറമാണു... എന്നാലും കുഞ്ഞു കുഞ്ഞു മീനുകള്‍ പൊങ്ങി വരുമ്പോള്‍ എന്നിലെ പെറ്റികോട്ടുകാരി ഉണരും... പക്ഷേ...

നല്ല പോസ്റ്റ്‌ കണ്ണനുണ്ണി കൊച്ചേ...ഇതു വായിച്ചപോള്‍ ഞാന്‍ പിന്നേയും ആ പെറ്റികോട്ടുകാരിയായി കുറച്ചു നേരം...

Tin2

കണ്ണനുണ്ണി said...

വിന്‍സ്‌: മാഷ്‌ പറയുന്ന്നത് കൂട് വെക്കുന്ന കാര്യല്ലേ.. ഹിഹി അതും കൊറേ പയറ്റിയിട്ടുന്ടു ...
സ്നേഹതീരം, വീരു, the man to walk with : നന്ദി
തൃശ്ശൂര്‍ കാരന്‍: ഹിഹി എവിടെ പറ്റിക്കാന...ആദ്യം എനിക്കിട്ടൊരു പണി തന്നെങ്കിലും , അന്ന് തൊട്ടു അഞ്ചാം നാള്‍ അവന്റെ സഞ്ചയനം നടത്തിയില്ലേ... :)
പ്രിന്‍സ്: നന്ദി
രഞ്ജിത്ത്: ആഹ കുട്ടനാട്ടുകാരനാണോ... കൊട് കൈ...
ടിന്റു കൊച്ചെ: സാക്ഷാല്‍ കരമനയാറ്റില്‍ പോലും ഇപ്പൊ മനുഷ്യന് ഇറങ്ങാന്‍ പറ്റാണ്ടായി.. അപ്പോഴാണോ ഓടയില്‍ ഏറന്ങനെ..അതും തിരോന്തോരാതെ ഓടയില്‍......ആയുസെത്താതെ...സമാധിയാവും ട്ടോ... :)

വിഷ്ണു | Vishnu said...

പണ്ട് ചെറുപ്പകാലത്തു ചൂണ്ടയിട്ടു മീന്‍ പിടിക്കാന്‍ പോയ ഓര്‍മ്മകള്‍ ഉണര്‍ത്തി. എനിക്കും മണ്ണിരയെ പിടിക്കുന്ന പണി ഒട്ടും ഇഷ്ടമല്ലായിരുന്നു....ആരെങ്കിലും പിടിച്ചു കോര്‍ത്ത്‌ തന്നാല്‍ പിന്നെ ചൂണ്ട ഇടുന്ന കാര്യം ഏറ്റു ;-)
പോസ്റ്റിനു നന്ദി. ഓണാശംസകള്‍

കൃഷ്ണഭദ്ര said...

കലക്കി മാഷേ കലക്കി

പക്കാ വെജിറ്റേറിയനാണെങ്കിലും ഒന്നു ചൂണ്ട് ഇട്ടാലോന്നു തോന്നി.

മാണിക്യം said...

വലിയവധിക്ക് സ്ഥിരം പണിയാരുന്നു മീന്‍പിടുത്തം ഞങ്ങള്‍ നേരം കളഞ്ഞു ചൂണ്ടയിടല്‍ ഒന്നുമില്ല
ഓലമെടഞ്ഞു കൂടയാക്കും അതിനുള്ളില്‍ വൈക്കോലില്‍ പിണ്ണാക്കും ചോറും കുഴച്ച് കൂടക്കുള്ളില്‍ വച്ച് വള്ളം കയറ്റിയിടുന്ന തോട്ടില്‍ ഇടും കാലത്തെ ചെന്നാല്‍ കൂട പൊക്കാന്‍ വയ്യാത്ത പോലെ മീന്‍ കാണും.. പിന്നെ അതു വെട്ടി വെടിപ്പാക്കി മുറിക്കുക, ആ കാലത്താണ് മീന്‍ വൃത്തിയാക്കാനും മുറിക്കാനും പഠിക്കുന്നതും പഠിപ്പിക്കുന്നതും കുറെ വെട്ടി മടുക്കുമ്പോള്‍ ജീവനോടെ പിടിച്ചു കുടത്തില്‍ വെള്ളമൊഴിച്ചിട്ടു വയ്ക്കും.ഇന്ന് ആ മീനുകളുടെ ശാപമാവും ഫ്രോസണ്‍ മീന്‍ തിന്നുന്നത് .

ഓര്‍ക്കുമ്പോള്‍ രസമാണ് ചമ്പക്കുളത്തെ അവധിക്കാലം വെള്ളവും വള്ളവും മീനും .:)

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

നന്നായിരിക്കുന്നു.
ആശംസകള്‍ !!

Bindhu Unny said...

ഞാനും ചൂണ്ടയുമായി കുറേ ഇരുന്നിട്ടുണ്ടെങ്കിലും ഒറ്റ വല്യമീന്‍ പോലും കുടുങ്ങീട്ടില്ല. ചേട്ടന്റെ ചൂണ്ടയില്‍ ഒരിക്കല്‍ ഒരു കാരി കുടുങ്ങിയതോര്‍മ്മയുണ്ട്. എനിക്ക് തൊടാന്‍ പേടിയായിരുന്നു. അതിന്റെ കൊമ്പുകൊണ്ടുള്ള കുത്തോര്‍ത്തിട്ടേ!:-)

ശംഖു പുഷ്പം said...

രസകരം..നന്നായി അവതരിപ്പിച്ചിരിക്കുന്നു..ആശംസകള്‍...

തെങ്ങും വിളയിൽ മത്തായി

രാമപുരത്തിന്റെ വടക്കേ അതിരിൽ പുഞ്ചപ്പാടങ്ങളും , തെങ്ങിൻ തോപ്പുകളും അഴക് ചാർത്തുന്ന ഏവൂർ എന്ന കൊച്ചു ഗ്രാമം. അവിടെ സാമാന്യം തെറ്റില്ലാത്ത പി...