ശരണ മന്ത്രങ്ങള്‍ മനസ്സിലുണര്‍ത്തി വീണ്ടും ഒരു വൃശ്ചികം കൂടി പടിവാതില്ക്കല് എത്തി നില്ക്കുന്നു. ഇത് സ്വാമി അയ്യപ്പന്റെ മണ്ഡലക്കാലം. മാലയിട്ടു വൃതമെടുത്തു പമ്പയില്‍ മുങ്ങി , മല ചവിട്ടി ഭക്തര്‍ സ്വാമി അയ്യപ്പന്റെ ദിവ്യ ദര്‍ശനത്തിനായി ശബരി ഗിരിയിലെയ്ക്ക് ഒഴുകാന്‍ തുടങ്ങുന്ന പുണ്യ മാസം.
പാലിലും നെയ്യിലും അഭിഷിക്തനായ സ്വാമിയെ കാണുന്നത് കോടി പുണ്യം. ഹരിവരാസനം പാടി നിറഞ്ഞ മനസ്സോടെ മലയിറങ്ങുമ്പോള്‍ അനുഭവിക്കുന്നത് പറഞ്ഞറിയിക്കാനാവാത്ത സമാധാനവും ശാന്തിയും. ഓരോ തവണ മലയിറങ്ങി പമ്പയിലെത്തി മുങ്ങി നിവരുമ്പോഴും ഇനി അടുത്ത മടങ്ങി വരവ് എത്ര വേഗം ആയിരുന്നെങ്കില്‍ എന്ന് മനസ്സ് പറയുന്നത് ഇവിടെ മാത്രം ഉണ്ടാവുന്ന അനുഭവം.
മാലയിടുന്ന നാള് മുതല്‍ ചര്യകളിലും ചിന്തകളിലും ചിട്ട വരുത്തി ശരണം വിളികളുമായി കഴിയുന്ന ദിനങ്ങള്‍ സമ്മാനിച്ചു കൊണ്ട് ഈ മാസം വീണ്ടും കടന്നു വരുന്നത് എനിക്ക് ഇത് പത്താം തവണ. പതിനാറു വയസ്സില്‍ കന്നി മല ചവിട്ടിയ ശേഷം ഒരു മണ്ഡലക്കാലവും സ്വാമിയെ കാണാതെ കടന്നു പോയിട്ടില്ല.
ഇത്തവണയും കായംകുളം പുതിയിടം ക്ഷേത്രത്തില്‍ പോയി മാല പൂജിച്ചു വാങ്ങി ധരിച്ചു വൃതം തുടങ്ങണം. മനസ്സും ശരീരവും ശുദ്ധി വരുത്തി , രണ്ടു നേരവും ശരണം വിളിയും, ക്ഷേത്ര ദര്‍ശനവുമായി വൃതത്തിന്റെ നാളുകള്‍ കഴിയണം. അടയാളമെന്ന പോലെ കറുപ്പ് തോര്‍ത്ത് മുണ്ട് കഴുത്തില്‍ ചുറ്റി, ചെരുപ്പ് ധരിക്കാതെ എവിടെയും സഞ്ചാരം. വൃതത്തിലാണെന്ന് മറ്റുള്ളവര്‍ക്ക് മനസിലാക്കുവാനും, അത് വഴി അശുദ്ധി ഒഴിവാക്കുവാനും അത് സഹായകമാവും.
യാത്രയുടെ അന്ന് വൈകിട്ട് വരെ നിരാഹാരം. പിന്നെ അമ്മ ഉണ്ടാക്കുന്ന കഞ്ഞി കുടിച്ചു ദീപാരാധന തൊഴാന്‍ രാമപുരം ക്ഷേത്രത്തിലേക്ക്. അവിടുന്ന് തന്നെ കെട്ട് നിറച്ചു ഇരുമുടിയും തലയിലേറ്റി എല്ലാവരുടെയും പ്രാര്‍ഥനകള്‍ ഏറ്റുവാങ്ങി ശബരി മലയിലേക്ക് അഞ്ചു മണിക്കൂറോളം നീളുന്ന യാത്ര.
പമ്പയില്‍ എത്തുമ്പോഴേക്കും പന്ത്രണ്ടു മണി കഴിഞ്ഞിട്ടുണ്ടാവും. തണുത്ത വെള്ളത്തില്‍ മുങ്ങി കുളിച്ചു, കര്‍പ്പൂരം കത്തിച്ചു, പമ്പാ ഗണപതിക്ക് തേങ്ങയടിച്ചു, ശ്രീരാമനെയും ആന്ജനെയനെയും തൊഴുതു മണികണ്ഠനെ കാണുവാനായി മുകളിലേക്ക്. പണ്ടൊക്കെ എവിടെയും ഇരിക്കാതെ ഒറ്റ നടപ്പില്‍ തന്നെ മുകളിലെത്തുവാന്‍ ആവേശമായിരുന്നു. ഇപ്പൊ കുത്തനെ ഉള്ള ആദ്യ പകുതി കഴിഞ്ഞാല്‍ ഒന്ന് ഇരുന്നു കിതപ്പടക്കാതെ തുടരുവാന്‍ കഴിയാറില്ല.
മുകളിലെത്തുമ്പൊഴേക്കും നടതുറന്നിട്ടുന്ടാവില്ല. നടപ്പന്തലില്‍ അല്‍പ്പ നേരം വിശ്രമം. നട തുറക്കുന്നതിനു വേണ്ടിയുള്ള കാത്തിരിപ്പ്. ഒടുവില്‍ കാത്തിരിപ്പിന് അന്ത്യം കുറിച്ച് കൊണ്ടുള്ള മണി നാദം. അകമ്പടിയായി യേശുദാസിന്റെ ഭാവ സാന്ദ്രമായ ശബ്ദത്തില്‍ മൈക്കിലൂടെ ഒഴുകിയെത്തുന്ന അയ്യപ്പ സ്തുതി. എവിടെയും മുഴങ്ങുന്ന ശരണം വിളികള്‍ തീര്‍ക്കുന്ന ഭക്തി നിര്‍ഭരമായ അന്തരീക്ഷം. പിന്നെ കൊച്ചു കടുത്ത സ്വാമിക്ക് തേങ്ങയടിച്ചു ഓരോ പടിയും തൊട്ടു തൊഴുതു പതിനെട്ടാം പടി കയറ്റം. കാത്തു നിന്ന് ഒടുവില്‍ സാക്ഷാല്‍ അയ്യപ്പ സ്വാമിയുടെ സന്നിധിയില്‍. ഇരുമുടിയുമേന്തി അയ്യപ്പനെ തൊഴുതു നില്ക്കുമ്പോള് മനസ്സില്‍ നിറയുന്നത് പറഞ്ഞറിയിക്കാന്‍ ആവാത്ത ശാന്തിയും സമാധാനവും മാത്രം.
എത്ര നേരം അങ്ങനെ നിന്നാലും മതി വരില്ല എങ്കിലും തിരക്ക് അതിനൊരു തടസ്സമാവുമ്പോള്‍, മനസ്സില്ലാ മനസ്സോടെ വീണ്ടും മുന്നോട്ട്. ഭസ്മക്കുളത്തില്‍ മുങ്ങി വന്നു മണികണ്ഠന് ചുറ്റും ശയനപ്രദക്ഷിണം രണ്ടു തവണ ചെയ്തിട്ടുണ്ട് , കഠിനമായ സമസ്യകള്‍ ജീവിതത്തില്‍ കടന്നു വന്ന സമയങ്ങളില്‍. അപ്പോഴൊക്കെ കലിയുഗവരദന് കനിഞ്ഞിട്ടുമുണ്ട്. എന്തായാലും ഇത്തവണ ശയനപ്രദക്ഷിണം ഇല്ല. .
നെയ്ത്തേങ്ങ ഉടച്ചു നെയ്യ് പാത്രത്തിലേക്ക് പകര്‍ന്ന് അഭിഷേകത്തിനായി കൊടുക്കും.കെട്ടിലെ അവിലും മലരും കല്‍ക്കണ്ടവും അന്നദാനതിലേക്കായി വെച്ചിരിക്കുന്ന പാത്രത്തില്‍ നിക്ഷേപിക്കും. പിന്നെ മേല്‍പ്പാലം വഴി മാളികപ്പുറത്തേക്ക്. മാളികപ്പുറത്തു തെങ്ങയുരുട്ടി പനിനീര് തളിച്ച് , കറുപ്പയ്യ സ്വാമിക്ക് വെറ്റില പാക്ക് വെച്ച്, നവഗ്രഹങ്ങളെ വലം വെച്ച് തൊഴുതു അവിടെ നിന്നും വാവര് സ്വാമിയുടെ നടയിലേക്ക് . കെട്ടിലുള്ള കുരുമുളക് അവിടെ കൊടുത്തു തൊഴുതു ആഴിയില്‍ ചെന്ന് കയ്യിലുള്ള തേങ്ങാ കഷ്ണങ്ങള്‍ അവിടെ എറിയും. അവിടെ നിന്നും പകുതി കത്തിയ ഒന്നോ രണ്ടോ തെങ്ങാമുറികള്‍ തിരികെ എടുക്കും.അത് പ്രസാദത്തോടൊപ്പം ചേര്‍ക്കാനുള്ളതാണ്.
എല്ലാം കഴിഞ്ഞു ക്യൂ നിന്ന് അരവണയും ഉണ്ണിയപ്പവും വാങ്ങി, താഴെ നിന്ന് കാനന വാസനെ ഒരിക്കല്‍ കൂടി തൊഴുതു തിരികെ പമ്പയിലേക്ക്. സ്വാമിയെ കാണുവാനുള്ള അതിയായ ആഗ്രഹം കൊണ്ടാവാം കയറ്റം കഠിനമായി തോന്നിയിട്ടില്ല ഒരിക്കലും. പക്ഷെ ഇറക്കം ശരിക്കും ക്ഷീണിപ്പിക്കുന്നത് തന്നെ. കല്ലും കമ്പും കൊണ്ട് കാലു നോവുന്നതും ഇറക്കത്തില്‍ വെച്ച്. ഒടുവില്‍ നടന്നു തളര്‍ന്നു തിരികെ പമ്പാ തീരത്ത് എത്തി വേദനയെടുത്ത് വിങ്ങുന്ന കാല്‍പ്പാദം തണുത്ത വെള്ളത്തില്‍ വയ്ക്കുമ്പോള്‍, എന്ത് സുഖം.
പിന്നെ ഏറെ സമയം എടുത്തു പമ്പയില്‍ ഒരു നീരാട്ട്. ക്ഷീണമൊക്കെ മാറി അവിടെ സ്ഥിരമായി എല്ലാ വര്‍ഷവും ചായക്കട നടത്തുന്ന ഹരിപ്പാട്ടുകാരന് പ്രഭകരെട്ടന്റെ കടയില്‍ നിന്ന് കപ്പയും കഞ്ഞിയും സ്വാദോടെ കഴിക്കാം. പന്ത്രണ്ടൊക്കെ ആവുമ്പോള്‍ തിരികെ പോവാന്‍ എല്ലാവരും തയ്യാറായിട്ടുന്ടാവും. മെല്ലെ മെല്ലെ തിരക്കുകളില്‍ നിന്ന് അകന്നു വാഹനം നീങ്ങുമ്പോള്‍, പൂങ്കാവനം കണ്ണില്‍ നിന്ന് മറഞ്ഞു തുടങ്ങുമ്പോള്‍ എന്തോ നഷ്ടപെട്ട പോലെ വിഷമം തോന്നുമെങ്കിലും അടുത്ത വരവിന് ഇനിയും ഉടനെ തിരികെയെത്തും എന്ന് സ്വയം ആശ്വസിക്കും. ഒടുവില്‍ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തില്‍ എത്തി മാല ഊരി വൃതം അവസാനിപ്പിച്ചു സാധാരണ ജീവിതത്തിലേക്ക് മടക്കം.
ഇനിയും എത്ര കൊല്ലം ഈ പതിവുകള്‍ ആവര്‍ത്തിച്ചാലും ഓരോ തവണയും യാത്ര തുടങ്ങുമ്പോള്‍ ആദ്യമായി പോവുന്ന അതെ ആവേശം തന്നെ മനസ്സില്‍ തോന്നും. ആത്മ നിയന്ത്രണത്തിന്റെ പാഠങ്ങള്‍ ആവര്‍ത്തിച്ചു തരുന്നതിനോപ്പം ചെറുപ്പത്തില്‍ പഠിച്ച, ഇപ്പോള്‍ കൈമോശം വന്നു തുടങ്ങുന്ന ശീലങ്ങളിലേക്കുള്ള ഒരു മടക്കം കൂടിയാണ് എല്ലാ കൊല്ലവും മുടങ്ങാതെ ഉള്ള ഈ യാത്ര എനിക്ക്. അത് കൊണ്ട് തന്നെ ഓരോ തവണ വൃശ്ചികമാസം വിരുന്നെത്തുമ്പോഴും ഇത്തവണയും ഈ യാത്രയ്ക്ക് മുടക്കം വരുത്തരുതേ എന്ന് സ്വാമിയോട് പ്രാര്‍ത്ഥന മാത്രം.
ഹരിവരാസനം വിശ്വമോഹനം
ഹരിതദീശ്വരം ആരാധ്യപാദുകം
അരിവി മര്‍ദനം നിത്യ നര്‍ത്തനം
ഹരിഹരാത്മജം ദേവമാശ്രയേ..
സ്വാമിയേ ശരണമയ്യപ്പാ..!
52 comments:
ബൂലോകത്തെ എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും വൃത ശുദ്ധിയുടെ ഈ മണ്ഡലക്കാലത്ത് ശാന്തിയും സമാധാനവും നിറഞ്ഞ ജീവിതം ആശംസിക്കുന്നു.
സ്വാമിയേ ശരണമയ്യപ്പ..
ഈ പോസ്റ്റിന് ആദ്യത്തെ കമന്റടിക്കുമ്പോ എന്തെന്നില്ലാത്ത സന്തോഷവും സമാധാനവും കൊണ്ടെന്റെ ഉള്ളം നിറയുന്നു. ഇത്തവണയും ഞാന്‍ കലമുടച്ചു.
നല്ല പോസ്റ്റ്. ഒരു ശബരിമല ദര്‍ശനം നടത്തിയത് പോലെ തന്നെ.
മംഗളാശംസകള്‍.!
ഭക്തിസാന്ദ്രമായ പോസ്റ്റ്!
സ്വാമിയേ... ശരണമയ്യപ്പാ...
മണ്ണിലും വിണ്ണിലും തൂണിലും തുരുംബിലും
ദൈവമിരിക്കുന്നൂ...
എല്ലാ അയ്യപ്പഭക്തര്‍ക്കും ആശംസകള്‍!
നന്നായി കണ്ണാ..നല്ല പോസ്റ്റ്
അരുണിന്റെ 'കലിയുഗ വരദനിലൂടെ'യാണ് ഇവിടെ വരുന്നത്...
ആശംസകള്‍..
കണ്ണനുണ്ണി....gud post..
ആശംസകള്‍!
കണ്ണനുണ്ണി,
വരികളിലൂടെ ഉള്ള ഈ ശബരിമലയാത്ര ഒരുപാട് ഓര്‍മ്മകള്‍ ഉണര്‍ത്തുന്നു.പുതിയിടം കൃഷ്ണസ്വാമിയും, ഓച്ചിറ പരബ്രഹ്മവും, രാമപുരത്ത് വാഴുന്ന ദേവിയും, ശബരിമല ശാസ്താവുമെല്ലാം എന്റെ പ്രിയ ആരാധനാമൂര്ത്തികളായതാവാം പ്രധാന കാരണം.
ഇത് വരെ മൂന്ന് പ്രാവശ്യം മല കയറാനുള്ള ഭാഗ്യമേ എനിക്ക് ലഭിച്ചിട്ടുള്ളു.ഇക്കുറി പോകണമെന്നുണ്ട്.എല്ലാം ഭഗവാന്റെ കൈയ്യില്‍.ഈ മണ്ഡലമാസക്കാലത്തേക്കായി ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടതിനു നന്ദി:)
അയ്യപ്പസ്വാമി അനുഗ്രഹിക്കട്ടെ..
സ്വാമിശരണം
സ്വാമി ശരണം .. അയ്യപ്പ സ്വാമി അനുഗ്രഹിക്കട്ടെ !
സ്വാമിയേ ശരണമയ്യപ്പാ
സ്വാമി ശരണം.
വളരെ നന്നായി കണ്ണനുണ്ണീ, ഈ പോസ്റ്റ്. പ്രതീക്ഷിക്കാതെ ആ പാട്ടു് ..ഹരിവരാസനം.. കൂടി കേട്ടപ്പോള്‍ സന്തോഷമായി. ദാസേട്ടന്റെ ശബ്ദത്തില്‍ അതു കേള്‍ക്കുമ്പോള്‍ എന്നും ഒരു പ്രത്യേക വികാരമാണ് മനസ്സില്‍, എത്ര പ്രാവശ്യം കേട്ടാലും. ഞങ്ങള്‍ക്കുവേണ്ടി കൂടിയൊക്കെ പ്രാര്‍ത്ഥിച്ചോളൂട്ടോ.
പറയാന്‍ മറന്നു, വൃതം അല്ലല്ലോ, വ്രതം അല്ലേ?
ഇരുമുടിയുമേന്തി അയ്യപ്പനെ തൊഴുതു നില്ക്കുമ്പോള് മനസ്സില്‍ നിറയുന്നത് പറഞ്ഞറിയിക്കാന്‍ ആവാത്ത ശാന്തിയും സമാധാനവും മാത്രം.
വ്രതശുദ്ധിയുടെ മറ്റൊരു മണ്ഡലകാലം തുടങ്ങുകയായി. ഇന്ന് രാവിലെ തന്നെ ആര് കെ പുറം അയ്യപ്പ ക്ഷേത്രത്തില്‍ തൊഴുതു നിറഞ്ഞ മനസോടെ ഓഫീസിലെത്തിയപ്പോള്‍ ആണ് കണ്ണന്റെ പുതിയ പോസ്റ്റ് കണ്ടത്. വായിച്ചു കഴിഞ്ഞപ്പോള്‍ ശബരിമലയില്‍ പോയി ശബരീശനെ ദര്‍ശിച്ച പ്രതിതി. ഓഡിയോ മനോഹരം. മനസ് ശാന്തമായി. കണ്ണപ്പന് നന്ദി
"ഓം ശ്രീം ഹരിഹരസുത ആനന്ദ ചിത്തനയ്യനയ്യപ്പ സ്വാമിയേ ശരണമയ്യപ്പാ "
സ്വാമിയേ... ശരണമയ്യപ്പാ...
സ്വാമിയേ ശരണമയ്യപ്പാ..ഭക്തിസാന്ദ്രമായ പോസ്റ്റ് കണ്ണനുണ്ണീ..
കുഞ്ഞുനാളില്‍ കറുത്തയുടുപ്പൊക്കെയിട്ടു മലയ്ക്കു പോയ ഓര്‍മ്മ വന്നു ഇതു വായിച്ചപ്പോള്‍..
കല്ലും മുള്ളും മെത്തയാക്കി വിഘ്നങ്ങളൊന്നുമില്ലാതെ കാനനവാസനെ ദര്‍ശിച്ചു മടങ്ങി വരാന്‍ ആശംസകള്‍..
ഹരിവരാസനം കേള്പ്പിച്ചതിലൊരുപാട് സന്തോഷം ട്ടോ..
ഭഗവാന്റെ ദര്‍ശനവും അനുഗ്രഹങ്ങളും ലഭിക്കട്ടെ.
palakkattettan
mmm nannayi
തത്വമസി...!
swamy ayyappan kaathu rakshikkatte. sharanam ayyappa ....
ഹരിവരാസനം കേള്‍ക്കുമ്പോള്‍ എന്ത് സമാധാനമാണ് അനുഭവപ്പെടുന്നത്, പറഞ്ഞറിയിക്കാന്‍ വയ്യ. കണ്ണനുണ്ണി, നന്ദി.
സ്വാമി ശരണം!
ഞാനും ഈ മണ്ഢലക്കാലത്ത് മല ചവിട്ടുന്നു. വ്രിശ്ചികം 9 നു കെട്ടുനിറച്ചു പുറപ്പെടും.
കണ്ണനുണ്ണി ,
സ്വാമിയേ ശരണമയ്യപ്പാ
ഭക്തി സാന്ദ്രമായ പോസ്റ്റ് !
സ്വാമി ശരണം .. അയ്യപ്പ സ്വാമി അനുഗ്രഹിക്കട്ടെ
സ്വാമി ശരണം
ഒരു timely post
നല്ല BGM
നന്നായി ഇഷ്ടപ്പെട്ടു
18 നെയ്ത്തേങ്ങ തന്നെ ആവാം......
പോസ്റ്റ് നന്നായി.
ഇപ്രാവശ്യം ഞാനും പോകുന്നുണ്ട് ട്ടോ മലക്ക്.
സ്വാമിയേ ശരണമയ്യപ്പ...
കണ്ണനുണ്ണീ ,
അരുണിന്റെ കലിയുഗവരദന് വഴി വന്നതാണ് .. നന്നായിരിക്കുന്നു .. സ്മരണകള്‍ ഉണര്‍ത്തുന്ന പോസ്റ്റ്
പമ്പയില്‍ കുളിച്ചിട്ടു കാലമേറെ ആയി. വെള്ളം കുറവായിരിക്കും , ചിലപ്പോള്‍ അഴുക്കു നിറഞ്ഞത് പോലെ .. അതുപോലെ തന്നെ ഭസ്മക്കുളത്തിലും..
ചിലപ്പോള്‍ എന്റെ ദൌര്‍ബല്യമോ ഭക്തിക്കുറവോ ആകാം തിരക്കില്‍പ്പെട്ടു കഷ്ടപ്പെടുമ്പോള്‍ , മണിക്കൂറുകളോളം ക്യൂവില്‍ നിന്ന് അവശതയാകുമ്പോള്, അഭിഷേകതിനായി ഉറക്കമുപെക്ഷിച്ചു മണിക്കൂറുകള്‍ നില്ക്കുമ്പോള് ചിലപ്പോഴൊക്കെ ഇനി വരികയെ ഇല്ല എന്ന് തീരുമാനിക്കും. പക്ഷെ വൃശ്ചിക മാസമാകുമ്പോള്‍ അറിയാതെ വീണ്ടും യാത്രയാകും .
ഒരു തവണ ഏതാണ്ട് പത്തു മണിക്കൂറോളം ദര്‍ശനത്തിനും , പിന്നെ വീണ്ടും ആറു മണിക്കൂര്‍ നെയ്യഭിഷേകത്തിനും ക്യൂവില്‍ നില്‍ക്കേണ്ടി വന്നു. മറ്റൊരിക്കല്‍ തിരക്കില്‍ കുഞ്ഞുങ്ങള്‍ ശ്വാസം കിട്ടാതെ പേടിച്ചു കരഞ്ഞു , അമ്മമാര്‍ തല കറങ്ങി വീണു , ഒരാള്‍ക്ക് നെഞ്ച് വേദന വന്നിട്ട്- പോലീസുകാര്‍ക്ക് തിരക്കിനിടക്ക് മണിക്കൂറുകള്‍ വേണ്ടി വന്നു ആളിന്റെ അടുത്തെത്താന്‍... ഇങ്ങനെ ഭീകരമായ അവസ്ഥകളും ഉണ്ടായിട്ടുണ്ട് . എല്ലാം സ്വാമിയുടെ ഇശ്ച എന്ന് ഇപ്പോള്‍ കണക്കാക്കാന്‍ കഴിയുന്നു . അന്ന് സാധിച്ചിരുന്നില്ല .
സ്വാമി ശരണം ..ഇത്തവണയും പോകുന്നുണ്ട് ..
ചെരിപ്പിടാതെയും, നഖം വെട്ടാതെയും , തലയിലെ പേനിനെ കൊല്ലാതെയും ഒക്കെ നടക്കുന്നത് ശുദ്ധിയല്ല മറിച്ചു ആശുദ്ധിയാണെന്നാണ് എന്റെ അഭിപ്രായം. ലൌകീക ജീവിതത്തിലെ സുഖ ഭോഗങ്ങളില്‍ നിന്നും ഒഴിഞ്ഞു നിന്ന് ആത്മീയത വളര്‍ത്തുക എന്നതാണ് വ്രതത്തിന്റെ ഉദ്യേശം എന്നാണു എനിക്ക് തോന്നിയിട്ടുള്ളത് .
@ ശാരദനിലാവ്
ചെരുപ്പിടാതെ നടക്കുന്നത് കല്ലും മുള്ളും നിറഞ്ഞ കാനനപാതകളിലേക്ക് ഭക്തരെ തയ്യാറാക്കാന്‍ വേണ്ടി ആണ്.. ഇപ്പോള്‍ കോണ്‍ക്രീറ്റ് പാത ആയിട്ടുണ്ടെങ്കിലും കാല്‍നട യാത്രയുടെ വിഷമം ഒരു പരിധി വരെ കുറക്കാന്‍ വ്രതകാലത്ത് ചെരിപ്പിടാതെ നടക്കുന്നതു സഹായിക്കും..
ശുദ്ധി എന്നത് കൊണ്ടു ശരീരശുദ്ധിയേക്കാള്‍ മനഃശുദ്ധി ആണു പ്രധാനം..
പലതവണ സ്വാമിയെ കാണുവന്‍ പോയി. ഒരു തവണ അവിടത്തെ അയ്യപ്പ സേവാസംഘത്തിന്റെ ആശുപത്രിയില്‍ സേവനത്തിനായി ഒരാഴ്ച കഴിയാന്‍ അവസരം കിട്ടിയപ്പോള്‍ ഉണ്ടായ സന്തോഷത്തിനും അതിരില്ലായിരുന്നു.
എന്നാല്‍ അവിടത്തെ ചുക്കുവെള്ളപ്പുരയുടെ അടുത്തുള്ള കുഴിയുടെ മറയില്‍ നിന്നും കള്ളുകുടിച്ചു വെളിയില്‍ വരുന്ന ഒരു കാക്കി വേഷധാരിയെ കയ്യോടെ പിടികൂടുന്നതും, അതിനെ തുടര്ന്നുണ്ടാകുന്നകോലാഹലവും, അതില്‍ പ്രതിയായി പിടികൂടപ്പെട്ട അവിടെ കള്ളു വില്കാന് നിന്ന ഒരു അംഗവിഹീനനേയും - പിന്നാമ്പുറത്തുള്ള വലിയവര്‍ കുറ്റക്കാരല്ലല്ലൊ അല്ലേ?)
എന്നു വേണ്ട മറ്റു പലതും കണ്ടു കണ്ട് മനസ്സു മടൂത്തു.
മേലില്‍ അയ്യപ്പനെ കാണണമെങ്കില്‍ വ്രതമേടുത്തു പോകുക അല്ലാതെ സേവനത്തിനായും മറ്റും അതിനടുത്തെങ്ങും നില്കരുത് എന്നൊരു പാഠവും പഠിച്ചു.
സ്വാമിയേ ശരണമയ്യപ്പാ
ശാരദ നിലാവ്,
ചെരുപ്പ് ഒഴിവാക്കുന്നത് കിഷോര്‍ പറഞ്ഞത് പോലെ കാലുകളെ യാത്രയ്ക്ക് സജ്ജമാക്കാന്‍ ആണെന്നാണ് കേട്ടിരിക്കുന്നത്. മനസ്സിന്റെ ശുദ്ധി തന്നെ ആണ് പ്രധാനം.
പിന്നെ സ്വാമിയില്‍ മാത്രം വിശ്വാസമര്‍പ്പിച്ച്, വ്രതം നോറ്റ് പോയാല്‍, വഴിയിലെ തിരക്കാവട്ടെ, മറ്റു അസൌകര്യങ്ങളാവട്ടെ, ഒക്കെയും കൂടുതല്‍ നേരം അയ്യപ്പനെ മനസ്സില്‍ ഓര്ത്ത്തിരിക്കുവാനുള്ള നിമിത്തങ്ങള്‍ മാത്രമല്ലേ എന്ന് തോന്നുന്നു.
ഇത്തവണയും മുടക്കം വരാതെ മല ചവിട്ടാന്‍ അയ്യപ്പ സ്വാമി അനുഗ്രഹിക്കട്ടെ.
സ്വാമിയേ ശരണമയ്യപ്പാ..!
വാക്കുകളില്‍ ഭക്തിയുടെ ധാരാളിത്തം ശെരിക്കും മനസ്സില്‍ നിന്നു വരുന്നത് അല്ലേ .പോയി വന്നിട്ട് ഒന്നുകൂടി എഴുതണം കേട്ടോ മൊത്തം യാത്രയെ പറ്റി
സ്വാമിയേ ശരണമയ്യപ്പാ ...
മണ്ഡലകാലത്തു മനസ്സറിയാതെ ശമ്പരിമലയിലെത്തും നാട്ടിലുള്ള കാലത്തോക്കെ മുടങ്ങാതെ പോയിട്ടുണ്ട്.. നന്മകൾ നേരുന്നു
nalla post .."swaamiye sharanamayyappaa"...
“വ്രതം” തെറ്റിയല്ലൊ...
സ്വാമി ശരണം!
സ്വാമി ശരണം!
കരിമലയും, നീലിമലയും, ശബരിമലയും പെട്ടെന്ന് തോന്നിയ ഒരു ധൈര്യത്തില്‍ നടന്നു കയറിയ ഓര്‍മ്മ വരുന്നു .... 1996 ഇല് ആയിരുന്നു അത്!
(പിന്നെ കണ്ണനുണ്ണിയുടെ നമ്പര്‍ ഒന്ന് മെയില്‍ ചെയ്തു തരുമോ. ... പല തവണ ഇക്കൊല്ലം ഞാന്‍ ബാംഗ്ലൂര്‍ വന്നിരുന്നു. ഇന്നലെയും മിനിഞ്ഞാന്നും അവിടെ ഉണ്ടായിരുന്നു (നവംബര്‍ ഇരുപതും ഇരുപത്തൊന്നും!)
dr.jayan.d@gmail.com
വളരെ നന്നായിട്ടുണ്ട് ഉണ്ണീ
swami sharanam..
Please check my blog
www.neehaarabindhukkal.blogspot.com
Post is good.
Oru suggestion.
Please change the font color you use to write "ezhuthunnathu", "blog archive", etc. It isn't that visible.
Except that the blog design is beautiful.
സ്വാമിയേ ശരണമയ്യപ്പാ...!
കണ്ണു നിറഞ്ഞുപോയി കണ്ണനുണ്ണി...
മനസ്സും!
ആറാം തിയ്യതി കെട്ടുനിറച്ച് ഞാനും അയ്യപ്പനെക്കാണാൻ...
സ്വാമി ശരണം!!
ആബേലിന്റെ സന്തോഷം അറിയിക്കുന്നൂ
പോസ്റ്റ് വായനയും ...പിന്നെ പിന്നണിയില്‍ ഹരിവരാസനം കൂടി ആയപ്പോള്‍ ശരിക്കും സന്നിധാനത്തില്‍ ചെന്നെത്തിയപോലെ സ്വാമിയേ ...ശരണമയ്യപ്പ ....കണ്ണനുണ്ണി ..സൌദിയില്‍ നില്ക്കുന്ന എന്നെ സന്നിധാനത്തില്‍ എത്തിച്ചതിനു ....
സ്വാമിയേ ശരണമയ്യപ്പാ..!
Manoharam, Ashamsakal...!!!
ശബരിമലയില്‍ പോക്ക് മുടങ്ങിയതിന്റെ സങ്കടം തീര്‍ക്കാന്‍ ഞാന്‍ പണ്ട് ഒരു പോസ്റ്റ് ഇട്ടിരുന്നു. മണ്ഡലക്കാലത്ത് സബരിമല ശാസ്താവിനെ കണ്‍കുളിര്‍ക്കെ കാണുമ്പോള്‍ മനസ്സിന് കിട്ടുന്ന ശാന്തി ഒന്ന് വേറെ തന്നെ. സ്വാമി ശരണം.
സ്വാമിശരണം.
സ്വാമിയേ... ശരണമയ്യപ്പാ...
നന്നായിരിക്കുന്നു , ഒരു പാട് പ്രാവശ്യം ഒന്നും ശബരിമലയില്‍ പോയിട്ടില്ല എങ്കിലും കണ്ണനുണ്ണി പറഞ്ഞപോലെ ഒരു പ്രാവശ്യം പോയാല്‍ പിന്നെ ആരും അത് മറക്കും എന്ന് തോന്നില്ല .
വ്രതമെടുക്കുന്ന സമയത്ത് ചെരിപ്പിടാതെ നടക്കണമെന്നു പറയുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. ഇന്നത്തെ കാലത്ത് ചെരിപ്പിടാതെ നടന്നാലാണ് അശുദ്ധിയാവുക. പിന്നെ നമ്മള് സാധാരണയായി ഉപയോഗിക്കുന്ന ചപ്പലിന്റെ ശരിയായ പേര് ബാത്ത്റൂം ചപ്പല്‍ എന്നാണ്. അതും ഒരു കാരണം ആകാം. ഇന്നത്തെ കാലത്ത് 24 മണിക്കൂറും ചെരിപ്പിട്ടുകൊണ്ട് നടക്കുന്നവര്‍ക്ക് മല കയറുമ്പോള്‍ ഉണ്ടാകുന്ന വേദന മാറാന്‍ ഒരു പരിധിവരെ ചെരുപ്പ് ഒഴിവാക്കുന്നതുകൊണ്ട് സാധിച്ചേക്കാം. എവിടെയോ വായിച്ചറിഞ്ഞ ഒരു കാര്യം നമ്മുടെ നാട്ടിലെ ഈര്‍പ്പമുള്ള മണ്ണില്‍ കൂടി നഗ്നപാദനായി അരമണിക്കൂറെങ്കിലും നടന്നാല്‍ നമ്മുടെ ശരീരം അതുവരെയുള്ള ക്ഷീണം മാറി ഊര്‍ജ്വസ്വലം ആകും എന്നു കേട്ടിട്ടുണ്ട്.
നാട്ടിലായിരിക്കുമ്പോള്‍ സീസണില്‍ ഒരു തവണയും ബാക്കി എല്ലാമാസവും ശബരിമലക്കു പോകുന്ന പതിവുണ്ടായിരുന്നു. അതായത് വര്‍ഷത്തില്‍ ഏകദേശം 10 തവണ.
ആശംസകള്‍
സ്വാമിശരണം
swami saranam.
സ്വാമി ശരണം ..
നല്ല വാക്കുകള്‍ കണ്ണാ ഉള്ളം കുളിര്‍ത്തു :)
Post a Comment